Monday, October 6, 2014

കഴുത്തറുപ്പന്മാർ

 ഔഷധങ്ങളുടെ  വിലനിയന്ത്രണം  എടുത്ത്  കളയാൻ സർക്കാർ  നീക്കം  തുടങ്ങി.ക്യാൻസർ  തുടങ്ങിയ  രോഗങ്ങൾക്ക്  ഇപ്പോൽ  കൊടുക്കുന്ന  വിലയേക്കാളും150 ശതമാനം  വരെ വില  വർദ്ധിക്കാൻ  സാദ്ധ്യത ഉണ്ടെന്ന്  ഈ മേഖലയിലെ വിദഗ്ദ്ധർ  അഭിപ്രായപ്പെടുന്നു.  നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി  അമേരിക്കൻ  സന്ദർശനം  കഴിഞ്ഞ്  തിരിച്ചെത്തുന്ന   മുറക്ക്  ഈ കാര്യത്തിൽ  തീരുമാനമായേക്കാം. 
 സായിപ്പിന് വ്യാപാരമാണ് വലുത്.  മരുന്നായാലും  ആയുധമായാലും  എങ്ങിനെയെങ്കിലും അമിത  ലാഭം  കൊയ്യണം. 2017 ആകുമ്പോഴേക്കും  3000  കോടി  ഡോളർ വിലക്കുള്ള  മരുന്ന്  ഇന്ത്യയിൽ വിറ്റഴിക്കപ്പെടുമെന്നാണ്  അമേരിക്ക  കണക്ക്  കൂട്ടിയിരിക്കുന്നത്.  ഇത്രയും  ഭീമമായ തുകക്കു  വ്യാപാരം  നടക്കുന്ന  ഈ  കമ്പോളത്തിൽ  വില  നിയന്ത്രണം  എന്നൊക്കെ  ഉള്ള  കുരുത്തക്കേടുകൾ  നിയമമാക്കിയാൽ  സായിപ്പിന്  അത്  സഹിക്കാൻ  പറ്റുമോ? 108  മരുന്നുകൾ  വില  നിയന്ത്രണ പട്ടികയിൽ  ഉൾപ്പെടുത്തിയപ്പോൾ  തന്നെ സായിപ്പിന്  അരിശം  തുടങ്ങിയതാണ് .  പക്ഷേ  ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്താൽ കഴിഞ്ഞ  സർക്കാർ  നിയന്ത്രണം  എടുത്ത്  മാറ്റിയില്ല.  ഇപ്പോൾ  ഇവിടെ രാഷ്ട്രീയ     സമ്മർദ്ദം  ആര്   കൊണ്ട്  വരാൻ?! തമ്മിൽ  തല്ലാൻ  സമയം  കിട്ടാതിരിക്കുമ്പോഴാണ് സമ്മർദ്ദത്തിന്  നേരം  കണ്ടെത്താൻ പോകുന്നത്.
 .എന്നും  ജനങ്ങളെ കൊള്ളയടിക്കുക  എന്നതാണല്ലോ വ്യാപാരികളുടെ  ലക്ഷ്യം.  അതിന്  അവർ  എല്ലാ തന്ത്രവും  പയറ്റും.  അവരെ സഹായിക്കുന്ന  സർക്കാർ  അധികാരത്തിൽ വരുവാൻ  എത്ര  കോടികൾ  വേണമെങ്കിലും  അവർ  ഇറക്കി  കളിക്കും.കഴിഞ്ഞ   പാർലമന്റ് തെരഞ്ഞെടുപ്പിൽ    കോർപ്പറേറ്റുകളുടെ  അജൻഡക്ക്  അനുസൃതമായാണ്   പ്രചരണം  നടന്നതെന്ന്  തിരിച്ചറിയുക. 
ലോകത്തെ   ഏത്  വ്യാപാരിയും  തന്റെ  ഉൽപ്പന്നം  ചെലവാകാൻ  എന്ത്  തന്ത്രവും പ്രയോഗിക്കാൻ  മടിയില്ലാത്തവനാണ്. വ്യാപാരി  ആദ്യം  വധിക്കുന്നത്  സത്യത്തെയാണ്. അതിന്റെ  ഒന്നാമത്തെ  ഉദാഹരണം  പരസ്യങ്ങളാണ്.  ഒരാഴ്ചയിലേറെ   പഴക്കമുള്ള  തന്റെ കൈവശമുള്ള  മത്തി  എടുത്ത്  നീട്ടി  പച്ച  മത്തി  എന്ന്   കൂവി  വിളിക്കുന്ന   മീൻ കാരൻ  മുതൽ  ജനകോടികളുടെ  വിശ്വാസം  വിളിച്ച് കൂവുന്ന  സ്വർണ കച്ചവടക്കാരൻ  വരെയും  സെന്റീ മീറ്റർ  കണക്കിൽ  കുട്ടികളുടെ  ഉയരം കൂട്ടിതരുന്ന  ടിൻ മിൽക്ക്  പൊടിക്കാരൻ  മുതൽ പനം കുല തലമുടി  വാഗ്ദാനം  ചെയ്യുന്ന  കേശ ലേപന വ്യാപാരി  വരെയും  ആദ്യം  വധിക്കുന്നത്  സത്യത്തെയാണ്. യാതൊരു  ഉളുപ്പുമില്ലാതെ  പച്ചക്കള്ളം  തട്ടി വിടുന്ന  ഇവരുടെ ഉൽപ്പന്നങ്ങൾ  പരസ്യത്തിൽ  പറയും  വിധം  ഉപകരിക്കപ്പെടുമോ എന്ന്  പരിശോധിക്കാൻ  ഒരു  സർക്കാരും  നിയമം  സൃഷ്ടിക്കാറില്ല. അഥവാ അത്രയും  ധൈര്യം  കാണിക്കുന്ന  സർക്കാരിനെ  അവർ  വെച്ച്  വാഴിക്കാറില്ല.
തങ്ങളുടെ  കച്ചവടത്തിൽ   ഇറങ്ങി  കളിക്കുന്ന  സർക്കാർ   അധികാരത്തിൽ  വരാതിരിക്കാൻ അവർ അക്ഷീണ  പരിശ്രമം നടത്തുന്നു.  നമ്മുടെ  കൊച്ച്  കേരളത്തിൽ  കഴിഞ്ഞ  സർക്കാർ  വില  പിടിച്ച്  നിർത്താൻ   ഉൽസവ ദിവസങ്ങളിൽ പൊതുവിതരണ     ചന്തകൾ  സംഘടിപ്പിച്ചപ്പോൾ  തോന്നിയ പടി  വില ചുമത്താൻ  കഴുത്തറുപ്പ്  വ്യാപാരികൾക്ക്  സാദ്ധ്യമല്ലാതായി. പക്ഷേ  ഇപ്പോൾ  നിലവിലുള്ള സർക്കാർ ഈ കാര്യത്തിൽ നിഷ്ക്രിയരായി നിന്നതും കമ്പോളത്തിൽ വില വാണം പോലെ  കുതിച്ചുയർന്നതും  നാം  കണ്ടു  കൊണ്ടിരിക്കുന്നു. കേരം തിങ്ങിയ  കേരള നാട്ടിൽ  ഒരു  നാളികേരത്തിന് ഇവിടെ  കൊല്ലം  മാർക്കറ്റിൽ 25 രൂപയാണ് വില.  സാധാരണക്കാരന്റെ ആഹാരമായ  മരച്ചീനിക്ക് കിലോ 20 രൂപാ. മരച്ചീനി ഉൽപ്പാദനം  ഇപ്പോൾ  3  ഇരട്ടിയാണ്  എന്നിട്ടും  വില  കുറവില്ല. രസകരമായ വസ്തുത  കർഷകന്   കിട്ടുന്ന  ശരാശരി  വില   കിലോ    7 രൂപാ എന്നിടത്താണ്.  കച്ചവടക്കാരൻ  പൊതു ജനത്തെയും  കർഷകനെയും  അറുക്കുന്നു.  നാളികേരത്തിന്റെ അവസ്ഥയും    ഇത്  തന്നെ.  
ഉൽപ്പന്നത്തിന് ദൗലഭ്യം  നേരിടുമ്പോൾ   വിലകൂടുന്നതിനെ  നമുക്ക്  ന്യായീകരിക്കാം.  പക്ഷേ  കൂടിയ  വില  ഒരിക്കലും  കുറക്കില്ലാ എന്നും  ഉൽപ്പന്നം  വർദ്ധിച്ച  തോതിൽ ലഭ്യമായാലും  കൂട്ടിയ  വില  തന്നെ  തുടരുംഎന്നത്  വ്യാപാരികളുടെ  കഴുത്തറപ്പൻ  തിസ്സീസിലൊന്നാണ്.
വ്യാപാരികളിൽ  നിന്നും വൻ തുക  സംഭാവനയായും  മറ്റും  വാങ്ങി  അവരുടെ  താളത്തിന്  തുള്ളുന്ന  സർക്കാരിനേക്കാളും  അവരെ  കടിഞ്ഞാണിൽ  നിയന്ത്രിക്കുന്ന ഭരണക്കാരാണ്  നമുക്ക്  വേണ്ടതെന്ന  ചിന്ത  നമ്മിൽ  ഉണ്ടാകാത്തിടത്തോളം   നമ്മൾ  കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കും.

പിൻ കുറി.                 കൃത്യ  സമയങ്ങളിൽ കേരളത്തിൽ  ഇപ്പോൾ വൈറൽ  ഫീവർ  പടർന്ന്                                         പിടിക്കുന്നത്    കാണുമ്പോൾ  അമേരിക്കക്കാരന്റെ  3000 കോടി   ഡോളർ                                         ഔഷധ വ്യാപാര  ലക്ഷ്യവും  ഈ വൈറൽ  ബാധയുമായി  എന്തെങ്കിലും                                             ബന്ധമുണ്ടോ  എന്നുള്ളത്   വെറും   സംശയം   മാത്രമായി  കരുതാം                                                     അല്ലേ?!



3 comments:

  1. രോഗം വിറ്റാണവര്‍ പണക്കാരാകുന്നത്.
    സമ്മര്‍ദം ചെലുത്താന്‍ ആരുമില്ല, സമ്മര്‍ദിക്കാന്‍ ആര്‍ക്കും ധൈര്യവുമില്ല

    ReplyDelete
  2. >>ഔഷധ വ്യാപാര ലക്ഷ്യവും ഈ വൈറൽ ബാധയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ളത് വെറും സംശയം മാത്രമായി കരുതാം << പിന്നല്ലാതെ.. !

    ReplyDelete
  3. ആദ്യം രോഗമുണ്ടാക്കി ,പിന്നെ അതിനുള്ള ഔഷധം വിറ്റ് ... അങ്ങിനെയൊക്കെയല്ലേ വൻകിട രാഷ്ട്രങ്ങൾ ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ സംരക്ഷകരാകുന്നത്....

    ReplyDelete