Thursday, June 30, 2011

ചെക്ക് ഒപ്പിടുമ്പോള്‍

ബാങ്കില്‍ തന്റെ പേരിലുള്ള അക്കൌണ്ടില്‍ മതിയായ തുകയുണ്ടെന്ന് ധരിപ്പിച്ച് ചെക്ക് ഒപ്പിട്ട് കൊടുക്കുകയും അക്കൌണ്ടില്‍ തുകയില്ലന്ന കാരണത്താലോ മറ്റ് കാരണങ്ങളാലോ ആ ചെക്ക് മാറാതെയും തുക ലഭിക്കാതെയും വന്നാല്‍ ചെക്ക് ഒപ്പിട്ട് നല്‍കിയ കക്ഷിക്കെതിരെ ചെക്ക് കൈ വശം ഉള്ള ആള്‍ക്ക് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ നിയമം അനുവാദം നല്‍കുന്നു.

ചെക്ക് നല്‍കിയ ബാങ്കിന്റെ അധികാര പരിധിയില്‍ വരുന്നതോ ചെക്ക് മടക്കിയ ബാങ്കിന്റെ പരിധിയില്‍ വരുന്നതോ ചെക്ക് കൊടുത്ത ആളിന്റെയോ കൈവശം ഉള്ള ആളിന്റെയോ താമസ സ്ഥല പരിധിയില്‍ വരുന്നതോ ആയ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ചെക്ക് കേസ് ഫയല്‍ ചെയ്യേണ്ടത്.

നെഗോഷ്യബില്‍ ഇന്‍സ്റ്റ്രമന്റ് ആക്റ്റ് സെക്ഷന്‍ 138പ്രകാരമോ ചിലപ്പോള്‍ ക്രിമിനല്‍ നടപടി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമോ യുക്താനുസരണം ചെക്ക് കേസ്ഫയല്‍ ചെയ്യാന്‍ കഴിയും.

കേസ് തെളിയിക്കപ്പെട്ടാല്‍ തടവ് ശിക്ഷയോ, പിഴയോ ചിലപ്പോള്‍ രണ്ടും കൂടിയോ ചെക്ക് ഒപ്പിട്ട ആള്‍ അനുഭവിക്കേണ്ടി വരുന്നു. ചെക്ക് തുകയുടെ ഇരട്ടിവരെ പിഴ ചുമത്താന്‍ കോടതിക്ക് അധികാരമുണ്ട്.

പണമിടപാടിന്റെ ഉറപ്പിലേക്കോ ജാമ്യമായോ ഒപ്പിട്ട ചെക്ക് നല്‍കിയാലും ചെക്കിലെ ഒപ്പിന്റെ ഉത്തരവാദിത്വം ചെക്ക് ഒപ്പിട്ട ആള്‍ക്ക് മാത്രമാണ്.

പണം കടം കൊടുക്കുന്ന ആളിന്റെ നിര്‍ബന്ധം കാരണത്താലും കടം വാങ്ങുന്ന ആളിന്റെ പരാധീനതയും പണത്തിന്റെ അത്യാവശ്യവും കാരണം പലരും തീയതി വെക്കാതെയും തുക എഴുതാതെയും ചെക്ക് ലീഫ് ഒപ്പിട്ട് നല്‍കാറുണ്ട്. ഗതി ഇല്ലാത്ത അവസ്ഥയില്‍ അപ്രകാരം ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ട് നല്‍കുന്നവന്‍ പിന്നീട് വലിയ കുഴപ്പങ്ങള്‍ക്ക് ഇരയാകാറുമുണ്ട്. ചെക്ക് ലഭിച്ച ആള്‍ അയാള്‍ക്ക് ഇഷ്ടമുള്ള തുക ചെക്കിലെഴുതി കേസ് ഫയല്‍ ചെയ്യുമ്പോള്‍ അയാളുടെ ദയാദാക്ഷണ്യങ്ങള്‍ക്കായി ചെക്ക് ഒപ്പിട്ട് നല്‍കിയ ആള്‍ പുറകേ നടക്കേണ്ടി വരുന്നു., ചെക്ക് കൈവശം ഉള്ള ആള്‍ ആവശ്യപ്പെടുന്ന തുക നല്‍കി ഇടപാട് തീര്‍ക്കേണ്ടി വരുന്നു; അല്ലാത്ത പക്ഷം ചെക്ക് ഒപ്പിട്ട ആള്‍ അഴി എണ്ണേണ്ടിയും വരുന്നു. നമ്മുടെ കയ്യക്ഷരത്തിലല്ല തുക എഴുതിയിരിക്കുന്നത് എന്ന വാദം പലപ്പോഴും നിലനില്‍ക്കാറില്ല. ചെക്ക് ഒപ്പിട്ടവന്‍ അതിലെ തുകക്ക് ഉത്തരവാദിയാണെന്ന വിധത്തില്‍ ധാരാളം കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്.

ചെക്ക് ഒപ്പിട്ട് നല്‍കിയതിന് ശെഷം അത് ലഭിച്ച ആള്‍ ക്ലിപ്ത തീയതിയിലോ നിശ്ചിത കാലാവധിക്കുള്ളിലോ ചെക്ക് ബാങ്കില്‍ ഹാജരാക്കുമ്പോള്‍/മറ്റ് ബാങ്ക് വഴി അയക്കുമ്പോള്‍, മതിയായ തുക ഇല്ലാ എന്നകാരണം കാണിച്ച മെമ്മോ സഹിതം ചെക്ക് മടങ്ങിയാല്‍ മെമ്മോ ലഭിച്ച് 30ദിവസത്തിനകം ചെക്ക് കയ്യിലുള്ള ആള്‍ അഭിഭാഷകന്‍ മുഖേനെ ചെക്ക് ഒപ്പിട്ട ആള്‍ക്ക് നോട്ടീസ് നല്‍കേണ്ടതാണ്.ചിലപ്പോള്‍ അയാള്‍ നോട്ടീസ് കൈപ്പറ്റാം, കൈപ്പറ്റാതെ നോട്ടീസ് മടങ്ങിവരുകയും ചെയ്യാം. ആ തീയതി മുതല്‍ (കൈപറ്റിയതോ മടങ്ങിയതോ തീയതി) 15ദിവസത്തിന് ശേഷം ആരംഭിക്കുന്ന 30ദിവസത്തിനുള്ളില്‍ (ആകെ 45 ദിവസത്തിനുള്ളില്‍ )നെഗോഷ്യബില്‍ ഇന്‍സ്ട്രമന്റ് ആക്റ്റ് സെക്ഷന്‍ 138പ്രകാരം ബന്ധപ്പെട്ട കോടതിയില്‍ ചെക്ക് നല്‍കിയ ആള്‍ക്കെതിരെ (അയാള്‍ തുക തരാത്ത പക്ഷം) കേസ് ഫയല്‍ ചെയ്യാന്‍ കഴിയും.

ചെക്ക് ഒപ്പിട്ട് നല്‍കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇപ്രകാരമാണ്:-

ചെക്ക് ഒപ്പിട്ട് നല്‍കുമ്പോള്‍ തുകയും തീയതിയും എഴുതി നല്‍കുക.ചെക്കില്‍ കാണിച്ചിരിക്കുന്ന തീയതീയില്‍ ചെക്ക് തുക ബാങ്കില്‍ നമ്മുടെ അക്കൌണ്ടില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കാതിരിക്കുക.

ചെക്ക് ഇടപാട് തുക ബന്ധപ്പെട്ട കക്ഷിക്ക് നേരില്‍ നല്‍കി അവസാനിപ്പിക്കുമ്പോള്‍ നാം ആ കക്ഷിക്ക് ഒപ്പിട്ട് നല്‍കിയ ചെക്ക് ലീഫ് തിരികെ വാങ്ങാന്‍ ഒരിക്കലും മറക്കാതിരിക്കുക. ചെക്കിലെ തുക നേരില്‍ ലഭിച്ച ശേഷവും തുക തിരികെ വാങ്ങിയ ആള്‍ ( അയാള്‍ എത്ര അടുത്ത പരിചയക്കാരനായാലും ശരി ) ലീഫ് “നാളെ തരാം” “വീട്ടില്‍ എത്തിക്കാം” എന്ന് സൌഹൃദ ഭാവത്തില്‍ പറഞ്ഞാലും വഴങ്ങരുത്, ചെക്ക് ലീഫ് തിരികെ ലഭിച്ചതിന് ശേഷം മാത്രം തുക നല്‍കുക.

ചിട്ടി, വാഹന ഇടപാടുകള്‍ തുടങ്ങിയവക്ക് ഈടിനായി നാം നല്‍കുന്ന ചെക്ക് ലീഫുകള്‍ എത്ര എണ്ണം നാം നല്‍കിയെന്ന് ഓര്‍മിച്ച് വെക്കുകയും ഇടപാട് തീരുമ്പോള്‍ അത്രയും എണ്ണം തിരികെ ലഭിച്ചെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക( അക്കൌണ്ടില്‍ കൂടി മാറിയവ കഴിച്ച് ബാക്കി ഉള്ളവ)

ചെക്ക് ലീഫുകള്‍ ഒപ്പിട്ട് കൈ വശം വെക്കരുത്. മറ്റ് ആരുടെ എങ്കിലും കൈ വശം ആ ലീഫുകള്‍ ലഭിച്ചാല്‍ അത് അപകടമാണ്.ആവശ്യം ഉള്ളപ്പോള്‍ മാത്രം ചെക്കില്‍ ഒപ്പിടുക.

ചെക്ക് ബുക്ക് അലക്ഷ്യമായി സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഏതെങ്കില്‍ കാരണ വശാല്‍ നമ്മുടെ ചെക്ക് ലീഫുകള്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ബാങ്കില്‍ വിവരം അറിയിക്കുക.

ചെക്ക് ഒപ്പിടുമ്പോള്‍ നമ്മുടെ അക്കൌണ്ടില്‍ മതിയായ തുക ഇല്ലെങ്കില്‍ നാം കുഴപ്പങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ് എന്ന് എപ്പോഴും ഓര്‍മ്മിക്കുക.

17 comments:

  1. വളരെ ഉപകാര പ്രദമായ വിവരങ്ങള്‍..ഈ പോസ്റ്റില്‍ നിന്നും കിട്ടി...ആകെ പേടിയുള്ള കാര്യം ചെക്ക് ഒപ്പിടീല്‍ ആണേ...

    ReplyDelete
  2. വളരെ ഉപകാര പ്രദമായ വിവരങ്ങള്‍

    ReplyDelete
  3. ഇത് വളരെ പ്രയോജനകരം തന്നെ
    വളരെ നന്ദി.

    "ചിട്ടി, വാഹന ഇടപാടുകള്‍ തുടങ്ങിയവക്ക് ഈടിനായി നാം നല്‍കുന്ന ചെക്ക് ലീഫുകള്‍ എത്ര എണ്ണം നാം നല്‍കിയെന്ന് ഓര്‍മിച്ച് വെക്കുകയും ഇടപാട് തീരുമ്പോള്‍ അത്രയും എണ്ണം തിരികെ ലഭിച്ചെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക( അക്കൌണ്ടില്‍ കൂടി മാറിയവ കഴിച്ച് ബാക്കി ഉള്ളവ)"

    ഒരു സംശയം; എനിക്ക് നാട്ടില്‍ ഒരു കാര്‍ ലോണ്‍ ഉണ്ട്. എസ് ബി ഐ യില്‍. അറുപത് ചെക്ക് ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. ഓരോ മാസവും എന്റെ അക്കൌണ്ടില്‍ നിന്ന് അവര്‍ പണം ഡ്രോ ചെയ്യുകയാണ്. അറുപത് മാസം കഴിയുമ്പോള്‍ തിരിച്ചുവാങ്ങേണ്ടതിന് ഞാന്‍ ഒപ്പിട്ടുകൊടുത്ത ഈ ചെക്ക് ലീഫില്‍ ഒന്നും ബാക്കി കാണുകയില്ലല്ലോ അല്ലേ? ദയവായി അറിയിക്കുമല്ലോ

    ReplyDelete
  4. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
    വളരെ ഉപകാരപ്രദം. നന്ദി.

    ReplyDelete
  5. വളരെ നല്ലത് ഒരു പാട് പേര്‍ക്ക് ഉപയോഗപെടുന്നത് ഇത് ...

    ReplyDelete
  6. ഉപകാര പ്രദമായ പോസ്റ്റ്‌ നന്ദി

    ReplyDelete
  7. പ്രിയ ഷാനവാസ് സാഹിബ്, റ്റോംസ് തട്ടകം, അജിത്, പൊന്മളക്കാരന്‍ , പ്രദീപ്, കൊമ്പന്‍ , നാമൂസ്, പ്രിയ സ്നേഹിതരേ! നിങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി.
    പ്രിയ അജിത്, താങ്കളുടെ കാര്‍ ലോണിന് താങ്കള്‍ ഒപ്പിട്ട് കൊടുത്ത 60 ചെക്കുകള്‍ മാസം തോറും താങ്കളുടെ അക്കൌണ്ടില്‍ നിന്നും മാസതവണ അടക്കുവാന്‍ ഉപയോഗിക്കുന്നു എന്നാണ് താങ്കളുടെ കുറിപ്പില്‍ നിന്നും മനസിലാകുന്നത്. അപ്രകാരം 60 മാസമായി ഇടപാടുകള്‍ ചെക്ക് വഴി തീരുന്നു എങ്കില്‍ ലോണ്‍ തീരുമ്പോള്‍ ചെക്ക് ലീഫുകള്‍ ബാക്കി തിരികെ വാങ്ങുവാന്‍ അവശേഷിക്കില്ല. എന്നാല്‍ ഈ തവണകളില്‍ ഏതെങ്കിലും താങ്കള്‍ നേരിട്ട് ചെക്ക് വഴി അല്ലാതെ അടക്കുകയോ അഥവാ ബാക്കി തുക ഒരുമിച്ച് അടച്ച് തീര്‍ക്കുക എന്ന ഉദ്ദേശത്താല്‍ ഒറ്റ തവണ ആയി അടക്കുകയോചെയ്താല്‍ മാറി എടുത്തവ കഴിഞ്ഞുള്ള ചെക്ക് ലീഫുകള്‍ കണക്ക് കൂട്ടി തിരികെ വാങ്ങണം.ഇപ്പോള്‍ അടക്കുന്നത് പോലെ പ്രതിമാസ തവണകളായി ചെക്ക് വഴി അടക്കുന്നു എങ്കില്‍ പ്രശ്നമില്ല, 60 ചെക്കുകളും അക്കൌണ്ടില്‍ നിന്നും പണം പിന്‍ വലിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ ഒരു ലീഫും ബാക്കി കാണില്ല.

    ReplyDelete
  8. ജുഡിഷ്യറി ഈ ജനകീയ സദ് വൃത്തി കാണുക

    ReplyDelete
  9. ചെക്ക് ഒപ്പിട്ടു കൊടുക്കുമ്പോൾ നന്നായൊന്നു ചെക്കു ചെയ്യണം എന്നു മനസ്സിലായി, നന്ദി ഷറിഫ്ക്ക.

    ReplyDelete
  10. ചെക്കുകള്‍ നല്‍കുമ്പോള്‍ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. വളരെ പ്രയോജനകരമായ പോസ്റ്റ്.

    ReplyDelete
  11. പ്രിയ, ജെയിംസ് സണ്ണി പാറ്റൂര്‍, ശ്രീനാഥന്‍ , കേരളദാസനുണ്ണീ, പ്രിയരേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ReplyDelete
  12. നന്ദി ഈ പുതുവിവരങ്ങള്‍ക്ക്

    ReplyDelete
  13. വിശദീകരണത്തിനും സംശയനിവൃത്തിയ്ക്കും വളരെ നന്ദി ഷെരിഫ് ഭായ്.

    ReplyDelete
  14. പ്രിയപ്പെട്ട തെച്ചിക്കോടന്‍, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

    ReplyDelete
  15. ഇത് വക്കീൽ പരീക്ഷയ്ക്ക് പഠിക്കുന്ന എന്റെ ഒരു ശിഷ്യൻ പ്രിന്റെടുത്തോണ്ട് പോയി!

    ReplyDelete
  16. ഞാന്‍ കൃതാര്‍ത്ഥനായി. നന്ദി സജീം...

    ReplyDelete