Sunday, June 19, 2011

മരണവും കാത്ത്

കുട്ടികളുടെ ഐ.സിയുവിന്റെ വാതില്‍ക്കല്‍ ആ ചെറുപ്പക്കാരന്‍ വിഷാദമൂകനായി നില്‍ക്കുന്നത് ഞാന്‍ എത്രയോ നേരമായി കണ്ട്കൊണ്ടിരിക്കുന്നു.

അയാളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്ന് എനിക്കറിയില്ല. അഥവാ എന്ത് പറഞ്ഞാലും അയാളുടെ ദു:ഖം മാറ്റുവാന്‍ എനിക്ക് കഴിയില്ല. പലപ്പോഴും സമീപം ചെന്ന് ഞാന്‍ അയാളുടെ തോളില്‍ പതുക്കെ തട്ടും “സമാധാനിക്കൂ..സമാധാനിക്കൂ” എന്ന് മന്ത്രിച്ച്കൊണ്ട്. അപ്പോള്‍ അയാള്‍ ദയനീയമായി എന്നെ നോക്കും.

പത്തനംതിട്ട ജില്ലയില്‍ നിന്നും കായംകുളത്തേക്ക് പോകുന്ന നിരത്തിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയില്‍ അല്‍പ്പദിവസങ്ങളായി ഞാനും ഒരു അന്തേവാസിയായി കഴിയുകയാണ്. എന്റെ മകന്‍ സൈഫുവിന്റെ ഭാര്യ പ്രസവിച്ച ശിശുവിനെ ഇവിടത്തെ ഐ.സി.യു.വില്‍ മറ്റൊരു ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത് അഡ്മിറ്റ് ചെയ്തിരിക്കുന്നതിനാല്‍ ഞാനും ഐ.സി.യു.വിന് മുമ്പില്‍ ദിവസങ്ങളായി നില്‍ക്കുന്നു. പലതും ഞാന്‍ കണ്ടു, പലതും എന്നെ ഭയപ്പെടുത്തി, അല്‍ഭുതപ്പെടുത്തി, വേദനിപ്പിച്ചു. അഡ്മിറ്റ് ചെയ്യുമ്പോള്‍ ആള്‍ക്കാരുടെ മുഖത്ത് കാണുന്ന പരിഭ്രമവും വേദനയും ഉല്‍ക്കണ്ഠയും എന്നിലേക്കു വ്യാപിച്ചു. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന സന്തോഷവും ആശ്വാസവും എന്നെ സന്തോഷവാനുമാക്കി. അങ്ങിനെ എല്ലാവരുമായി പരിചയപ്പെട്ടു വരുമ്പോഴാണ് ആ ചെറുപ്പക്കാരനേയും ഞാന്‍ കണ്ടെത്തിയത്.

അയാള്‍ ആശുപത്രിയില്‍ ഗര്‍ഭിണിയായ തന്റെ ഭാര്യയുമായി എത്തിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ജീവിതത്തില്‍ ഏറെ ദു:ഖവും കഷ്ടപ്പാടും അനുഭവിച്ച ആ പാവത്തിന്റെ അമ്മക്ക് ക്യാന്‍സറായിരുന്നു. ഗള്‍ഫില്‍ മരുഭൂമിയില്‍ ചൂട് സഹിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയതും പിന്നെ കുറേ കടവുമായി ഒന്‍പത് ലക്ഷം രൂപാ അമ്മക്ക് വേണ്ടി അയാള്‍ ചിലവാക്കിയിട്ടും രോഗം മാറിയില്ല, അമ്മ മരിക്കുകയും ചെയ്തു. ഒരു സഹോദരന്‍ രോഗിയാണെങ്കിലും പഠനത്തിലുള്ള താല്പര്യം കണക്കിലെടുത്ത് ബാംഗ്ലൂരില്‍ താമസിപ്പിച്ച് അയാള്‍ പഠിപ്പിക്കുകയാണ്. ചെറിയ മരാമത്ത് പണികള്‍ കോണ്ട്രാക്റ്റ് എടുത്ത് ചെയ്ത് കിട്ടുന്ന തുകയാണ് ഏക വരുമാനം. അങ്ങിനെ ഇരിക്കെ ഭാര്യ ഗര്‍ഭിണി ആയി; പക്ഷേ ഗര്‍ഭകാലം പൂര്‍ണമാകുന്നതിനു മുമ്പ് അത് പോയി. വീണ്ടും ആ സ്ത്രീ ഗര്‍ഭിണി ആയി. ഗര്‍ഭകാലത്ത് നടന്ന പരിശോധനാ ഫലം ഇരട്ടകുട്ടികളാണ് ജന്മം കൊണ്ടതെന്നും ഗര്‍ഭസ്ഥ ശിശുക്കളില്‍ ഒരെണ്ണം ആകൃതി പോലും നഷ്ടപ്പെട്ടതാണെന്നും രണ്ടാമത്തേതിനു ഗുരുതരമായ അംഗവൈകല്യം ഉണ്ടെന്നും അത് ജനിച്ചാല്‍ അധിക നേരം ജീവിക്കില്ലാ എന്നും അതിനാല്‍ തന്നെ ആ ഗര്‍ഭം ഇല്ലാതാക്കുന്നതാണ് ഉത്തമം എന്നും അയാള്‍ക്ക് വിദഗ്ദ ഉപദേശം ലഭിച്ചതിനാല്‍ ആ പ്രവര്‍ത്തിക്ക് വേണ്ടിയാണ് ഈ ആശുപത്രിയെ അയാള്‍ സമീപിച്ചത്. പക്ഷേ ഇവിടെ നിന്നും അയാള്‍ക്ക് കിട്ടിയ വിവരം അയാളെ വളരെ സന്തോഷിപ്പിച്ചു. ഇരട്ടക്കുട്ടികളില്‍ ഒരു കുട്ടിയെ രക്ഷപെടുത്തി തരാമെന്നും എന്നാല്‍ അതിനു മൂന്ന് ലക്ഷം രൂപാ ചെലവാകുമെന്നും ആശുപത്രി അധികൃതര്‍ അയാളെ അറിയിച്ചു. ഒരു കുട്ടിയെ കിട്ടണമെന്ന ആഗ്രഹത്താല്‍ കിടപ്പാടം വരെ അയാള്‍ വില്‍ക്കാന്‍ തയാറായിരുന്നതിനാല്‍ ആശുപത്രിക്കാരുടെ എല്ലാ വ്യവസ്ഥയും അയാള്‍ സമ്മതിച്ചു. അങ്ങിനെ ദിവസങ്ങളും ആഴ്ചകളും പ്രതീക്ഷാനിര്‍ഭരമായി കടന്ന് പോയി. പല ടെസ്റ്റുകളും തുടര്‍ന്നുള്ള കുത്തി വൈപ്പുകളും ആയി ചികിത്സ തുടര്‍ന്നു. ധാരാളം പണം ചെലവുമായി. അങ്ങിനെ അവസാനം ഒരു സിസ്സേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. ഒരെണ്ണം ജീവനില്ലാത്ത അവസ്ഥയിലായിരുന്നു.അവശേഷിച്ച ആണ്‍കുട്ടിയെ ഉടന്‍ തന്നെ ഇന്റന്‍സ്സീവ് കെയര്‍ യൂണിറ്റിലെ വെന്റിലേറ്ററിലാക്കി. (പിറന്ന ഉടനെ മാതാവിന്റെ സാമീപ്യം നല്‍കാതെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കയറ്റുന്ന പ്രവണതയെ കുറിച്ച് മറ്റൊരു പോസ്റ്റ് ഞാന്‍ പിന്നീട് തയാറാക്കുന്നുണ്ട്) ഉടനെ വന്‍ തുക വിലയുള്ള കുത്തിവെപ്പ് ആവശ്യമുണ്ടെന്ന് പറഞ്ഞതിനാല്‍ ആ പാവം എവിടെയോ എല്ലാമോ ഓടി തുക സംഘടിപ്പിച്ച് കൊടുത്തു. കുത്തിവെപ്പ് കഴിഞ്ഞ് പിറ്റേന്ന് സ്കാന്‍ ചെയ്ത് കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ നിരീക്ഷിച്ചപ്പോല്‍ തലയില്‍ രണ്ട് ദ്വാരങ്ങള്‍ കാണപ്പെട്ടു. ആ കുട്ടി ജീവിക്കില്ലാ എന്നും തീര്‍ച്ച ആയി. വിവരം അറിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്‍ തളര്‍ന്ന് പോയി. “പിന്നെ എന്തിനാണ് സാറേ ഇവര്‍ എനിക്ക് ആശ തന്നത്. ഇത്രയും വലിയ തുകയുടെ കുത്തി വെപ്പ് നടത്തിയത്“ അയാള്‍ കേണു.

കുട്ടിയുടെ മരണം ഉറപ്പായതിനാല്‍ വെന്റിലേറ്ററില്‍ നിന്നും അതിനെ പുറത്തെടുത്ത് ഐ.സി.യില്‍ തന്നെ കിടത്തി. അയാളുടെ ബന്ധുക്കള്‍ കുട്ടിയെ വിട്ട് കിട്ടാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു എങ്കിലും മരിക്കാതെ തരില്ലാ എന്ന് ആശുപത്രിക്കാര്‍ നിര്‍ബന്ധം പിടിച്ചു. മരിക്കാതെ കൊണ്ട് പോയിട്ട് എന്ത് ചെയ്യാനാണെന്ന ചിന്തയാല്‍ മരിച്ച് കഴിഞ്ഞ് കൊണ്ട് പോയാല്‍ മതിയെന്ന് പിന്നീട് എല്ലാവരും കൂടി തീരുമാനിച്ചു.പക്ഷേ അന്ന് വൈകുന്നേരം വരെ ആ കുട്ടി മരിച്ചില്ല, ജീവന്റെ നേര്‍ത്ത സ്പന്ദനവുമായി അത് കിടന്നു. കുട്ടിയുടെമരണവും കാത്ത് ആ ചെറുപ്പക്കാരനും. എന്തെല്ലാം ചിന്തകളായിരിക്കും ആ സമയങ്ങളിലെല്ലാം അയാളുടെ തലയില്‍ കൂടി കടന്ന് പോയത് എന്ന് ആര്‍ക്കറിയാം. ദു:ഖത്തിന്റെയും നിരാശയുടെയും ആള്‍ രൂപമായി അയാള്‍ അവിടെ നിന്നു.ബന്ധുക്കള്‍ വരുന്നവര്‍ അയാളോട് എന്തായെന്ന്ചോദിക്കും; അതായത് കുട്ടി മരിച്ചോ എന്ന്. അയാള്‍ കൈ കൊണ്ട് ആംഗ്യം കാണിക്കും; മരിച്ചില്ലാ എന്ന്. മരണവും കാത്ത് നില്‍ക്കേണ്ട ഗതികേടാണ് ആ സമയങ്ങളില്‍ അയാള്‍ അനുഭവിച്ചത്.സന്ധ്യക്ക് ഞാന്‍ കൊട്ടാരക്കര തിരികെ പോകുന്നത് വരെ ഈ നില തുടര്‍ന്നു. പോകുന്നതിനു മുമ്പ് അയാളുടെ മുമ്പില്‍ ഞാന്‍ പോയി നിന്നു ആ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ വേദനയുടെ കടല്‍ അവിടെ ഇരമ്പുന്നതായി എനിക്ക് തോന്നി.

പിറ്റേന്ന് രാവിലെയാണ് ആ കുട്ടി മരിച്ചത്. ഞാന്‍ ആശുപത്രിയില്‍ വരുന്നതിനു മുമ്പ് മൃതദേഹം കൊണ്ട് പോയി കഴിഞ്ഞിരുന്നു. മൃതദേഹം വിട്ടുകൊടുക്കുന്നതിനു മുമ്പ് പതിനയ്യായിരം രൂപ ബില്ല് ബാക്കി ഉണ്ടായിരുന്നത് നിര്‍ബന്ധമായി ആശുപത്രി അധികൃതര്‍ അയാളെ കൊണ്ട് അടപ്പിച്ചിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു.

15 comments:

 1. ഷരീഫ് ഭായ്, ഈ കുറിപ്പിന് ഞാനെന്ത് അഭിപ്രായമെഴുതും? വായിച്ചു, സങ്കടപ്പെട്ടു.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഒന്നും പറയാനില്ല സർ, വല്ലാത്ത വിഷമമായി...

  ReplyDelete
 4. പറയാന്‍ വാക്കുകളില്ല... ഞങ്ങളില്‍ ചിലര്‍ അങ്ങനെയാണ്. ജീവന്‍ പോയാലും കിട്ടിയാലും പണമാണ് മുഖ്യം.

  ReplyDelete
 5. ഒന്നും പറയാന്‍ വയ്യ.........!!

  ReplyDelete
 6. സ്വന്തം കുഞ്ഞിന്റെ മരണത്തിനു വേണ്ടി കാത്തു കെട്ടി ക്കിടെക്കേണ്ടി വരുന്ന നിര്‍ഭാഗ്യവാനായ ഒരച്ചന്‍ ...........

  ReplyDelete
 7. എന്താ ഈ വായനക്ക് ഞാനെഴുതുക..?

  ReplyDelete
 8. എന്തു പറയണമെന്നറിഞ്ഞുകൂടാ മാഷേ.

  ReplyDelete
 9. കൂടുതലായി എന്ത് പറയാന്‍

  ReplyDelete
 10. മരണം എല്ലാവരുടേയും സഹയാത്രികന്‍ 

  ReplyDelete
 11. പ്രിയപ്പെട്ട,അജിത്,പൊന്മളക്കാരന്‍ , ഡോക്റ്റര്‍.ആര്‍.കെ.തിരൂര്‍, വാഴക്കോടന്‍ , മാസ്റ്റര്‍, യൂസുഫ്പാ, ടോംസ്,എംകേരളം , മജീദ്,
  പ്രിയപ്പെട്ടവരേ! സന്ദര്‍ശനത്തിനു നന്ദി.

  ReplyDelete
 12. വെറുതെയല്ല ചിലപ്പോഴൊക്കെ പൊതുജനം 
  ആസ്പത്രി തല്ലി തകര്‍ത്തു എന്ന വാര്‍ത്ത കേള്‍ക്കുന്നത്

  ReplyDelete
 13. ആതുര സേവനമെന്ന പേരില്‍ നടത്തുന്ന ഈ തീവെട്ടിക്കൊള്ളക്കെതിരിലാവണം നമ്മുടെ ശബ്ദമുയരേണ്ടത്.

  ReplyDelete
 14. പ്രിയ കേരളദാസനുണ്ണീ, പ്രിയ നാമൂസ്, അഭിപ്രായങ്ങള്‍ക്ക് നന്ദി.

  ഈ പോസ്റ്റിന് ഒരു അനുബന്ധം കുറിക്കേണ്ടി വന്നിരിക്കുന്നു.
  പിറ്റേന്ന് ഭരണകക്ഷിയുടെ നേതൃത്വത്തില്‍ ആശുപത്രി വാതില്‍ക്കല്‍ സമരവും ധര്‍ണയും ഈ വിഷയ സംബന്ധമായി ഉണ്ടായി. സമരക്കാരുമായുള്ള ഒത്തു തീര്‍പ്പില്‍ ആശുപത്രി അധികൃതര്‍ ആ ചെറുപ്പക്കാരനു ബില്‍ തുക മടക്കി കൊടുത്തു.കണ്‍സല്‍ട്ട് ചെയ്ത ഡോക്റ്ററെ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തു എന്നും അറിയാന്‍ കഴിഞ്ഞു

  ReplyDelete