Friday, June 3, 2011

അറസ്റ്റും നടപടികളും

പത്ര വാര്‍ത്തകളിലൂടെയും സാമൂഹ്യപരമായ ഇടപെടലുകളിലൂടെയും നമുക്ക് സുപരിചിതമായ ഒരു പദമാണ് അറസ്റ്റ്.
അറസ്റ്റിന്റെ നടപടി ക്രമങ്ങളെന്തെല്ലാമാണ്.?
വിദ്യാ സമ്പന്നരായ ആള്‍ക്കാര്‍ പോലും അറസ്റ്റിന്റെ നടപടി ക്രമങ്ങളെ പറ്റി അജ്ഞരായിരിക്കുന്നതിനാല്‍ അതിനെ സംബന്ധിച്ച് ഒരു ചെറു വിവരണം ആവശ്യമാണെന്ന് കരുതുന്നു.
ദി കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീഡര്‍ (ക്രിമിനല്‍ നടപടി നിയമം1973) എന്ന
നിയമ ഗ്രന്ഥത്തിലെ അഞ്ചാം ചാപ്റ്ററില്‍ 41മുതല്‍ 60വരെയുള്ള വകുപ്പുകളിലാണ് അറസ്റ്റിനെ സംബന്ധിച്ച നടപടി ക്രമങ്ങള്‍ വിവരിക്കുന്നത്.
കോടതി നല്‍കിയ വാറണ്ടോട് കൂടിയും അപ്രകാരമുള്ള വാറണ്ടില്ലാതെയും ഒരാളെ പോലീസിന് അറസ്റ്റ് ചെയ്യാം.
കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ ബന്ധപ്പെട്ട ന്യായാധിപന്റെ ഉത്തരവ് അനുസരിച്ച് തയാറാക്കിയ വാറണ്ട് ഉപയോഗിച്ച് വ്യക്തിയെ അറസ്റ്റ് ചെയ്യുന്ന നടപടിയെ വാറണ്ട് പ്രകാരമുള്ള അറസ്റ്റ് എന്ന് പറയാം.
എന്നാല്‍ താഴെ പറയുന്ന കാരണങ്ങളാല്‍ വാറണ്ടില്ലതെയും ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിനു കഴിയും. അത് വിവരിക്കുന്നതിന് മുമ്പ് അറസ്റ്റും വിലങ്ങ് വെയ്പ്പും തമ്മിലുള്ള ബന്ധവും അറിയേണ്ടതുണ്ട്. അറസ്റ്റ് എന്നാൽ വിലങ്ങ് വൈക്കുക എന്നല്ല അര്‍ഥമെന്ന് അറിയുക.ചില പ്രത്യേക സാഹചര്യത്തിലും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി രക്ഷപെട്ട് പോകും എന്ന ഉത്തമ ബോദ്ധ്യം ഉണ്ടെങ്കിലും മാത്രമേ പ്രതിയെ വിലങ്ങ് വെയ്ക്കാന്‍ അനുവാദമുള്ളൂ.
പോലീസ് ഉദ്യോഗസ്തന്‍ ഒരാളോട് നേരിലോ ശരീരത്തില്‍ സ്പര്‍ശിച്ചോ “നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞാല്‍ ആ വ്യക്തി അറസ്റ്റിലായി എന്ന് കണക്ക് കൂട്ടണം.

വാറണ്ടില്ലാതെ താഴെ പറയുന്ന കാരണങ്ങളാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥനു വ്യക്തിയെ അറസ്റ്റ് ചെയ്യാമെന്ന് മേല്പറഞ്ഞ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 41ലും അതിന്റെ ഉപ വകുപ്പുകളിലും പറയുന്നു.


കേസ് ഫയല്‍ ചെയ്യാവുന്ന വിധമുള്ള ഗുരുതരമായ കുറ്റം ചെയ്ത ഒരാളെയോ അപ്രകാരം കുറ്റം ചെയ്തിരിക്കാന്‍ ഇടയുണ്ടെന്ന് സംശയിക്കുന്ന ഒരാളെയോ വാറണ്ടില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാം.

ഒരാളുടെ കൈ വശം ഭവന ഭേദനത്തിന് സഹായകരമാകുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയാല്‍ അയാളെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാം

കുറ്റകൃത്യം തൊഴിലായി കൊണ്ട് നടക്കുന്ന അതായത് സ്ഥിരം കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് വാറണ്ട് ആവശ്യമില്ല.

.കളവ് മുതല്‍ കൈവശം സൂക്ഷിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാനും വാറണ്ട് ആവശ്യമില്ല.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനെ തടസ്സപ്പെടുത്തുകയോ അയാളുടെ നിയമപരമായ ഉത്തരവിനെ ധിക്കരിക്കുകയോ ചെയ്താലും ആ വ്യക്തിയെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാം .

സൈന്യത്തില്‍ നിന്നും ചാടി പോന്ന സൈനികനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് ആവശ്യമില്ല.

കുറ്റവാളിയെന്ന് പ്രഖ്യാപിക്കപ്പെട്ട, വസ്തുനിഷ്ഠമായ പരാതികളിലൂടെ പ്രതിയാണെന്ന് യുക്തിഭദ്രമായി സംശയിക്കപ്പെട്ട ആളെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം.

വിടുതല്‍ ചെയ്യപ്പെട്ട കുറ്റവാളികളില്‍ ക്രിമിനല്‍ നടപടി നിയമം 356ലെ 5ഉപവകുപ്പിൻ പ്രകാരമുള്ള നിബന്ധനകൾ ലംഘിച്ചവരെയും അറസ്റ്റ് ചെയ്യുന്നതിനു വാറണ്ട് ആവശ്യമില്ല.

ഒരു പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിലിരിക്കവേ ഒരു വ്യക്തിയോട് പേരും മേവിലാസവും ആവശ്യപ്പെടുകയും അയാൾ അത് നൽകാതിരിക്കുകയോ കളവായി നൽകി എന്ന് പോലീസ് ഉദ്യോഗസ്ഥനു ബോദ്ധ്യപ്പെട്ടാലോ ആ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ വാറണ്ട് ആവശ്യമില്ല എന്ന് ക്രിമിനൽ നടപടി നിയമം വകുപ്പ് 42പറയുന്നു.

മേൽ പറഞ്ഞതും ബന്ധപ്പെട്ടതായ മറ്റ് വകുപ്പുകളും പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ടതായ നടപടികൾ ടി.കെ.ബസു---പശ്ചിമ ബംഗാൾ സംസ്ഥാനം കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി നിർദ്ദേശിക്കുകയുണ്ടായി. അവ ചുരുക്കത്തിൽ താഴെ വിവരിക്കുന്നു.

അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥൻ തന്റെ ഐഡിന്റിറ്റി പ്രദർശിപ്പിക്കുന്ന അടയാളം(ടാഗ്) ധരിച്ചിരിക്കണം.അറസ്റ്റ് ചെയ്യുന്ന പോലീസ് സംഘത്തിന്റെ വിവരങ്ങൾ ബന്ധപ്പെട്ട രജിസ്റ്ററിൽ ചേർത്തിരിക്കണം.അറസ്റ്റ് ചെയ്യുമ്പോൾ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്തൻ ടി അറസ്റ്റിനെ തുടർന്ന് ഒരു മെമ്മോ തത്സംബന്ധമായി തയാറക്കേണ്ടതും അതിൽ അറസ്റ്റ് ചെയപ്പെട്ട ആളിന്റെ അടുത്ത ബന്ധക്കാരനോ പരിസരത്തെ മാന്യനായ ഒരു വ്യക്തിയോ സാക്ഷ്യപ്പെടുത്തിയിരിക്കുകയും വേണം.അറസ്റ്റ് ചെയ്യുന്ന വ്യക്തിയോട് അയാളുടെ അവകാശങ്ങളെ പറ്റി ബോധവത്കരണം നടത്തണം. ചോദ്യം ചെയ്യുമ്പോൾ ആവശ്യമെങ്കിൽ അയാളുടെ അഭിഭാഷകന്റെ സാന്നിദ്ധ്യം അനുവദിക്കുകയും ചെയ്യണം.അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ തടങ്കലിൽ വൈക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട രജിസ്റ്ററിൽ അറസ്റ്റിനെ പറ്റിയുള്ള വിശദ വിവരങ്ങൾ രേഖപ്പെടുത്തണം. അറസ്റ്റ് ചെയ്ത് 24മണിക്കൂറിനകം അറസ്റ്റ് ചെയ്യപ്പെട്ട ആളെ ബന്ധപ്പെട്ട മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കിയിരിക്കണം. അറസ്റ്റ് ചെയ്യപ്പെടുന്ന ആളുടെ ശരീരത്തിൽ അറസ്റ്റ്ചെയ്യപ്പെടുന്ന സമയം കാണപ്പെടുന്ന എല്ലാ ക്ഷതങ്ങളും മുറിവുകളും പരിശോധിക്കുകയും രേഖപ്പെടുത്തുകയും വേണം.ഇപ്രകാരം രേഖപ്പെടുത്തുന്ന മെമോയിൽ അറസ്റ്റിലായ ആളും പരിശോധനാ ഉദ്യോഗസ്ഥനും ഒപ്പ് വെച്ചിരിക്കണം.ആവശ്യപ്പെടുന്ന പക്ഷം കസ്റ്റഡിയിലുള്ള ആൾക്ക് അതിന്റെ പകർപ്പ് നൽകുകയും വേണം.അറസ്റ്റ് മെമോയും രേഖകളും ബന്ധപ്പെട്ട മജിസ്ട്രേറ്റിനു അയച്ചു കൊടുക്കുകയും വേണം.

അറസ്റ്റിനോട് ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതാണു. ഒരാളെ നിയമ വിധേയമായി അറസ്റ്റ് ചെയ്യുന്നതിനു അയാൾ ഉണ്ടെന്ന് സശയിക്കപ്പെടുന്ന സ്ഥലത്ത് നിന്നും ടിയാനെ തിരഞ്ഞു പിടിക്കാൻ എല്ലാ സൌകര്യങ്ങളും ചെയ്ത് കൊടുക്കുവാൻ പൌരന്മാർ ബാദ്ധ്യസ്ഥരാണു എന്ന് ക്രിമിനൽ നടപടി നിയമം വകുപ്പ് 47ഉപവകുപ്പ്1 അനുശാസിക്കുന്നു.അറസ്റ്റ് ചെയ്യപ്പെടേണ്ട ആളെ കസ്റ്റഡിയിൽ എടുക്കാൻ അയാൾ ഉണ്ടെന്ന് സംശയിക്കുന്ന വീടിന്റെ വാതിലോ ജനലോ ബലം പ്രയോഗിച്ച് തുറന്ന് ഉള്ളിൽ പ്രവേശിക്കാൻ പോലീസ് ഉദ്യോഗസ്ഥനു മേല്പറഞ്ഞ വകുപ്പ്47ഉപവകുപ്പ്2 അധികാരം നൽകുന്നു.എന്നാൽ അറസ്റ്റ് ചെയ്യപ്പെടേണ്ട വ്യക്തി ഉണ്ടെന്ന് സംശയിക്കുന്ന ഇടത്തിൽ അയാളെ കൂടാതെ മതാചാര പ്രകാരമോ മറ്റോ അന്യരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ സാധിക്കാത്ത ഏതെങ്കിലും സ്ത്രീ താമസിക്കുകയോ ആ ഇടം ടി സ്ത്രീയുടെ കൈവശത്തിലിരിക്കുകയോ ചെയ്യുന്നു എന്ന് അറിവുണ്ടെങ്കിൽ അവിടെ പ്രവേശിക്കുന്നതിനു മുമ്പ് ആ സ്ത്രീ അവിടെ നിന്ന് മാറി പോകാൻ ആവശ്യപ്പെടുകയും മതിയായ സമയം ആയതിനു നൽകുകയും ചെയ്യാൻ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് ഉദ്യോഗസ്ഥൻ ബാദ്ധ്യസ്ഥനാണെന്ന് ബന്ധപ്പെട്ട നിയമം അനുശാസിക്കുന്നു.
അറസ്റ്റിലായ ഏതൊരു സ്ത്രീയെയും ശരീര പരിശോധന നടത്തേണ്ടത് ഒരു വനിതാ ഉദ്യോഗസ്ഥ ആയിരിക്കണം. ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിനു നിവർത്തി ഉള്ളിടത്തോളം ഒരു വനിതാ പോലീസിനെ ഉപയോഗിക്കുകയും വേണം.

അറസ്റ്റ് സംബന്ധമായി ഇനിയും പല നിയമങ്ങളും ഉണ്ടെങ്കിലും ഒരു സാധാരണക്കാരൻ ഇത്രയുമെങ്കിലും അറിഞ്ഞിരിക്കേണ്ടതാണു.

20 comments:

 1. തികച്ചും ഉപാകാരപ്രദം ഈ പോസ്റ്റ്.അധികം പേർക്കും അറിയാഠതാണ്‌ ഈ കാര്യങ്ങളൊക്കെ.നന്ദി ശരീഫ്ക്കാ..

  ReplyDelete
 2. ഇംഗ്ലീഷ് സിനിമകളൊക്കെ കാണുമ്പോള്‍ അവിടെ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ ആളോട് പറയുന്ന കാര്യങ്ങള്‍ നമ്മുടെ നിയമാവലിയിലുമുണ്ടോ? അവിടെ പറയുമല്ലോ-“ നിങ്ങള്‍ക്ക് മൌനം പാലിക്കാന്‍ അവകാശമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരെയുള്ള വാദഗതികളായി ഉപയോഗിക്കപ്പെടും” എന്നൊക്കെ. (നമ്മുടെ നാട്ടില്‍ നിയമങ്ങളില്ലാത്തതല്ല നിയമബോധമുള്ള ഒരു സമൂഹമല്ല നാം എന്നാണ് പലപ്പോഴും തോന്നുന്നത്) ഈ നിയമങ്ങളൊക്കെ പലപ്പോഴും ഏട്ടിലെ പശു ആയി തീരുകയല്ലേ?

  ReplyDelete
 3. ഷെരീഫ് സാറേ,ഇതൊക്കെ അക്ഷരം പ്രതി പാലിച്ചത് വർക്കലയിൽ ഡീ.എച്.എം.അർ.ഭ്കരർക്കെതിരെയായിരുന്നു.സഹായത്തിന് ശിവസേനക്കാർ ഉണ്ടായിരുന്നു വെന്നുമാ‍ത്രം.

  ReplyDelete
 4. വളരെ ഉപകാരപ്രദം.
  എട്ടിലെ പശു പുല്ലു തിന്നില്ലെന്നു മാത്രം .
  :)

  ReplyDelete
 5. നന്നായി. പക്ഷെ ഇതൊക്കെ പഠിച്ചത് ഉപയോഗിക്കാന്‍ ഈയുള്ളവന് അവസരം വരാതിരിക്കട്ടെ...

  ReplyDelete
 6. ഉപകാരപ്രദം… ഉപകാരപ്രദം….ഉപകാരപ്രദം….
  അറിയാത്ത കാര്യങ്ങൾ അറിയാനായി.

  ReplyDelete
 7. ആ, എഴുത്തൊക്കെ നന്നായി. എങ്കിലും, വിലങ്ങിന്റെ വഴികൾ കാണിച്ചു തന്നതിന് നന്ദി പറയണോ വേണ്ടയോ എന്ന ശങ്കയിലാണല്ലോ ഞാൻ.

  ReplyDelete
 8. വളരെ ഉപകാരപ്രദം ആയ പോസ്റ്റ്‌. അറെസ്റ്റ്‌ ചെയ്യുമ്പോള്‍ പോലീസുകാര്‍ ഉപയോഗിക്കുന്ന ഭാഷയുടെ നാറ്റം ഏഴു കുളത്തില്‍ കുളിച്ചാലും പോവില്ല. പിന്നെ അവരുടെ "കയ്യൊപ്പ്" ബോണസ്സായും കിട്ടും. അപ്പോള്‍ മനുഷ്യാവകാശം എട്ടിലെ പശു തന്നെ ആയി മാറും. പക്ഷെ പോകെറ്റിനു കാണാം ഉണ്ടെങ്കില്‍ ഇവരേക്കാള്‍ മാന്ന്യന്മാര്‍ വേറെ ഉണ്ടാവുകയില്ല.

  ReplyDelete
 9. നിയമം ഇല്ലാഞ്ഞിട്ടല്ലോ സർ, അതു നടപ്പാക്കുന്നതിലല്ലേ കാര്യം ......
  ഏറെ കാലത്തെ പരിചയം വച്ച് സാറിനു തോന്നുന്നുണ്ടൊ നാട്ടിലെ പോലീസ് ഇതെല്ലാം പാലിക്കാൻ തയ്യാറാകും എന്നു്..?

  ReplyDelete
 10. വളരെ നല്ല പോസ്റ്റ്‌ ...
  ഉപാകാരപ്രദം..

  ReplyDelete
 11. പ്രിയപ്പെട്ട യൂസുഫ്പാ, അജിത്, സീഡിയന്‍ , അനില്‍@ബ്ലോഗ്, ഡോക്റ്റര്‍ ആര്‍.കെ.തിരൂര്‍, എസ്.എം.സാദിഖ്, ശ്രീനാഥന്‍ , ഷാനവാസ്,പൊന്മളക്കാരന്‍ , നൌഷു,
  സ്നേഹിതരേ! നിങ്ങളുടെ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

  ഈ ലേഖനം പോസ്റ്റ് ചെയ്യുമ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് ഇങ്ങിനെ ചില നടപടിക്രമങ്ങള്‍ ഇവിടെ ഉണ്ട് എന്ന് അറിയിക്കുക എന്നതായിരുന്നു. ഈ നിയമങ്ങള്‍ ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് മാത്രമായിരുന്നു സീഡിയന്റെ കമന്റില്‍ കാണിച്ച വര്‍ക്കലയില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരായ കുറച്ച് പേര്‍ക്കെങ്കിലും പ്രതിഷേധം സംഘടിപ്പിക്കാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും സാധിച്ചത്. ഇങ്ങിനെ ചില നിയമങ്ങള്‍ ഇവിടെ ഇല്ലാതിരുന്നാല്‍ നിയമ ലംഘനത്തിനെതിരെ ഒരു ചെറു വിരല്‍ അനക്കാന്‍ സാധിക്കുമായിരുന്നോ? മറ്റു പല കേസുകളിലും - ലോക്കപ്പ് മര്‍ദ്ദനം ഉള്‍പ്പടെ- നിയമ പരമായ നടപടികള്‍ക്കായി മുറവിളി കൂട്ടാന്‍ കഴിഞ്ഞതും ഏട്ടിലായാല്‍ പോലും ഈ നിയമം ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണ്. നിയമം നടപ്പില്‍ വരുത്താന്‍ സമ്മര്‍ദ്ദം ഏറുന്നത് ഇങ്ങിനെ ചില നിയമങ്ങള്‍ ഇവിടെ ഉണ്ടെന്നും അത് ലംഘിക്കുന്നത് തൊപ്പി തെറിക്കാന്‍ കാരണമാകും എന്ന ഭീതി ഉള്ളില്‍ പലര്‍ക്കും ഉള്ളത് കൊണ്ടാണെന്നും മനസിലാക്കുക.എവിടെയും നിയമലംഘകര്‍ ധാരാളം കാണും എന്ന് കരുതി ഇതേപോലുള്ള നിയമങ്ങളുടെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടില്ല.കസ്റ്റഡിയില്‍ ഇരിക്കെ കൊല്ലപ്പെട്ട കേസുകളില്‍ ഏമാന്മാരുടെ തൊപ്പികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഉരുളുകയും ഏമാന്മാര്‍ അഴി എണ്ണുകയും ചെയ്യുന്നത് ഇന്നല്ലെങ്കില്‍ നാളെ നിയമം പ്രാവര്‍ത്തികമാക്കപ്പെടുന്നത് കൊണ്ടാണ്. നിയമം പലപ്പോഴും നോക്ക് കുത്തിയാകുന്നതിന്റെ കാരണം പ്രിയ സ്നേഹിതന്‍ അജിത്ത് പറഞ്ഞതാണ്.

  >>>(നമ്മുടെ നാട്ടില്‍ നിയമങ്ങളില്ലാത്തതല്ല നിയമബോധമുള്ള ഒരു സമൂഹമല്ല നാം എന്നാണ് പലപ്പോഴും തോന്നുന്നത്)<<<

  കോടതിയില്‍ നിയമ ലംഘനത്തിനെതിരെ കേസ് കൊടുക്കുന്നത് പൊല്ലാപ്പായി കാണുന്ന സമൂഹത്തില്‍ നിയമം നോക്ക് കുത്തി ആകും എന്നും മനസിലാക്കുക.

  ReplyDelete
 12. അറിയേണ്ടുന്ന കാര്യങ്ങള്‍ തന്നെ

  ReplyDelete
 13. നന്ദി പ്രിയ രമേശ്...

  ReplyDelete
 14. വളരെ ഉപകാരപ്രദം
  എങ്കിലും നിയമം നിയമത്തിന്റെ വഴിക്കും നീതി വേറെ വഴിക്കും പോകുന്നതാണ് ഇതപര്യന്തം നാമിവിടെ കാണുന്നത്.
  നിയമത്തിന്റെ അഭാവമല്ല;നടപ്പിലാക്കുന്നവരുടെ ഇചാശക്തിയുടെ അഭാവമാണ് നമ്മുടെ പ്രശ്നം
  ഇനിയും ഇത്തരം അറിവുകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 15. ഉപകാരപ്രദമായ ലേഖനം.

  ReplyDelete
 16. പ്രിയ ഇസ്മെയിൽ, തെച്ചിക്കോടൻ, സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.

  ReplyDelete
 17. വളരെ ഉപകാരപ്രദമായ പോസ്റ്റ്. ഇത് ഞാൻ എന്റെ ഒരു ബ്ലോഗിൽ അങ്ങയുടെ പേരിൽത്തന്നെ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു. കുറെ നാൾ കഴിഞ്ഞ്. പിന്നെ ഈ പറഞ്ഞതുപോലെയൊക്കെ നമ്മുടെ നിയമപാലകർ പാലിക്കുന്നുണ്ടോ എന്നത് വേറെ കാര്യം!ചില പ്രതികൾ ഇത്തരം മാനദണ്ഡങ്ങൾ ഒന്നും അർഹിക്കുന്നവരും ആയിരിക്കില്ല. അത്ര വലിയ കുറ്റകൃത്യവും ചെയ്തിട്ടാകും നടപ്പ്! നമ്മുടേ പോലീസുകാർ നല്ലൊരു വിഭാഗം കൈക്കൂലിയൊക്കെ വാങ്ങുമെങ്കിലും ഏതൊരു സാധാരണക്കാരനും കയറി ചെല്ലാവുന്ന, ചെന്നാൽ അല്പമെങ്കിലും നല്ല പരിഗണന കിട്ടുന്ന ഒരേയൊരു സർക്കാർ ഓഫീസ് പോലീസ് സ്റ്റേഷൻ ആണെന്നതാണ് എന്റെ അനുഭവം. അവിടെ കുറ്റം ചെയ്തിട്ട് ചെല്ലുന്നവരോടല്ലാതെ ആരും സാധാരണ മസിലു പിടിക്കില്ല. ഒരേയൊരു ജനകീയ ഓഫീസേ ഉള്ളൂ. അത് പോലീസ് സ്റ്റേഷനാണ്. പോലീസിന്റെ ഇടിയും കൈക്കൂലിയും മറ്റുമൊക്കെ മാറ്റി നിർത്തി വേറെ ചർച്ച ചെയ്യാം. നമ്മളെ പോലുള്ള പൊതു പ്രവർത്തരെ ഇതുപോലെ മാനിക്കുന മറ്റൊരിടം ഇല്ല. (മറിച്ചുള്ള അനുഭവങ്ങൾ തീരെ ഇല്ലെന്നല്ല). അന്യായമായ കാര്യത്തിന് കയറിയിറങ്ങുന്നവരാണെങ്കിൽ അത്തരം പൊതു പ്രവർത്തകരുടെ വാക്കുകൾക്ക് അവർ വലിയ വില കല്പിക്കാറുമില്ല.

  ReplyDelete
 18. നന്ദി ശരീഫ്‌കാ....

  ReplyDelete
 19. പ്രിയ അളിയന്‍ , താങ്കളുടെ സന്ദര്‍ശനത്തിന് നന്ദി.

  ReplyDelete