സന്ധ്യയുടെ ചെന്തുടിപ്പ് മാഞ്ഞു കഴിഞ്ഞ് തുഞ്ചന്‍ പറമ്പില്‍ ഇരുള് പരന്ന് തുടങ്ങിയ നേരം ഈ മണലില്‍ എന്തെല്ലാമോ ചിന്തകള്‍ മനസില്‍ ചുമന്ന് ഞാന്‍ ഏകനായി നിന്നു. അല്‍പ്പം ദൂരെ ഞങ്ങളുടെ രാത്രി വിശ്രമ കേന്ദ്രമായ ഡോര്‍ മിറ്റിന്റെ വാതിലില്‍ കൂടിയുള്ള വെളിച്ചം മുറ്റത്ത് ഒരു ചതുര പ്രകാശം സൃഷ്ടിച്ചു. അവിടെ ബ്ലോഗെര്‍ കായംകുളം സ്വദേശി എസ്.എം. സാദിഖ് തന്റെ വീല്‍ ചെയറില്‍ കരയിക്കാന്‍ എത്ര ശ്രമിച്ചിട്ടും ആ ശ്രമത്തില്‍ പരാജയമടഞ്ഞ വിധിയുടെ നേരെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു.
തുഞ്ചന്‍ പറമ്പ് നിശബ്ദമാണ്. മാനത്ത് അമ്പിളി തെളിഞ്ഞു നിന്നു.
നിലാവും നിഴലും ഒളിച്ചു കളിക്കുന്ന ഈ പറമ്പില്‍ മാനത്തേക്ക് കണ്ണും നട്ട് നിന്ന എന്റെ ഉള്ളില്‍ നൂറ്റാണ്ട്കള്‍ക്ക് മുമ്പ് അവിടെ താമസിച്ച് തന്റെ പൈങ്കിളിയെ കൊണ്ട് കവിത പാടിച്ച ഭാഷാ പിതാവിന്റെ ഓര്മ അലതല്ലി. അദ്ദേഹം ഈ പറമ്പിന്റെ ഏതെങ്കിലും ഭാഗത്ത് വീട് വെച്ച് ഇത് പോലെ നിശാരംഭത്തില്‍ നിലാവ് പരന്നപ്പോള്‍ മാനത്തേക്ക് കണ്ണും നട്ട് നിന്നിരിക്കാം. നില വിളക്കിന്റെയോ മറ്റേതെങ്കിലും ദീപത്തിന്റെയോ അരണ്ട വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ കളത്രം തന്റെ കാന്തന് വീടിനുള്ളിലേക്ക് വരുന്നത് പ്രതീക്ഷിച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നിരിക്കാം. തന്റെ ഈ ആവാസ സ്ഥലം അനേകങ്ങള്‍ സന്ദര്‍ശിക്കുന്ന പുണ്യഭൂവായി മാറുമെന്ന് അദ്ദേഹം അന്ന് നിനച്ചിരുന്നുവോ?! നൂറ്റാണ്ടുകള്‍ക്ക് ശേഷം നാരായത്തിന് പകരം കൈവിരല്‍ കീ ബോര്‍ഡില്‍ പായിച്ച് അദ്ദേഹം സമുദ്ധരിച്ച ഭാഷയില്‍ സാഹിത്യ സൃഷ്ടി നടത്തുന്ന ഒരു പറ്റം ആള്ക്കാര് തന്റെ പറമ്പില്‍ രാത്രി വന്ന് ചേക്കേറുമെന്നും അതില്‍ ഒരുവന് അദ്ദേഹത്തിന്റെ സ്മരണയില്‍ ഈ മണലില്‍ ഇരുന്ന് തന്റെ ചിന്തകളെ ഇങ്ങിനെ കെട്ട് അയച്ച് വിടുമെന്നും അദ്ദേഹം അന്ന് സങ്കല്പ്പിച്ചു പോലും കാണില്ല. ഭൂതവും വര്‍ത്തമാനവും സന്ധിക്കുന്ന ഈ വക ചിന്താ വീചികളുമായി ഏകാന്തതയില്‍ കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത വിഷാദം പടര്‍ന്ന് കയറി. എന്താണ് ഈ ജീവിതത്തിന്റെ ഉദ്ദേശം ഒരു നാള് ജനിക്കുന്നു ഒരു ദിവസം മരിക്കുന്നു. ഇതിനിടയില്‍ കുറേ വര്‍ഷങ്ങള്‍ ജീവിക്കുന്നു, പലതിലും ഭാഗഭാക്കായി. ഇതെന്തിന്, ആര്‍ക്ക് വേണ്ടി. നിലാവും ഏകാന്തതയും സമ്മേളിക്കുന്ന ഈ അവസ്ഥയില്‍ മനസ്സ് ഇങ്ങിനെ വിഷാദ ഭരിതമാകുന്ന അവസ്ഥ മുമ്പും എനിക്ക് ഉണ്ടായിട്ടുള്ളതിനാല്‍ അതിന്റെ പ്രതി വിധിയായ ആള്‍ക്കൂട്ടത്തിലേക്കുള്ള തിരിച്ച് പോക്കിനായി ഞാന്‍ ഡോര്‍ മിറ്റിലേക്ക് നടന്നു. നാളെ പുലര് കാലത്ത് പതിവ് പോലെ എഴുന്നേല്‍ക്കണം. പതിവ് നടത്ത നാളെ തുഞ്ചന്‍ പറമ്പില്‍ ആകട്ടെ!
പ്രഭാതം ഇന്നലെ എന്റെ മനസില്‍ ഉണ്ടായ എല്ലാ ഗ്ലാനിയും തൂത്തെറിഞ്ഞു. പുലരി നല്കിയ ആഹ്ലാദം മനസിലേറ്റി ഞാന്‍ തുഞ്ചന്‍ പറമ്പിലൂടെ കറങ്ങി നടന്നു. അപ്പോള്‍ തോന്നി തുഞ്ചന്‍ പറമ്പിലെ പ്രഭാതം ചിത്രങ്ങളായി ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെന്നു. പ്രഭാതത്തിന്റെ അരണ്ട വെളീച്ചത്തില്‍ എന്റെ കൊച്ചു ക്യാമറായില്‍ ആവാഹിച്ച ആ ചിത്രങ്ങള്‍ ഇതാ:-