Thursday, April 21, 2011

തുഞ്ചൻപറമ്പിലെ നഷ്ടം

ഇന്ന് സന്ധ്യക്ക് എന്റെ പ്രിയ സ്നേഹിതനും ബ്ലോഗറുമായ യൂസുഫ്പാ എന്നെ വിളിച്ചിരുന്നു.

സംസാര മദ്ധ്യേ യൂസുഫ് ഉന്നയിച്ച വിഷയം എന്റെ മനസിലും കഴിഞ്ഞ ദിവസം മുതല്‍ കടന്ന്കൂടിയിരുന്നല്ലോ .
തുഞ്ചന്‍ പറമ്പു ബ്ലോഗ് മീറ്റ് അക്ഷരാര്‍ഥത്തില്‍ വന്‍ വിജയമായിരുന്നു. പക്ഷേ എന്തിന്റെയോ കുറവ്എന്നെയും യൂസുഫ്പാ പോലുള്ള ചിലരെയും അലട്ടിയിരുന്നു.
ഞാന്‍ വിവരിക്കാം:-

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറായി മീറ്റില്‍ ഞാന്‍ പങ്കെടുക്കുമ്പോള്‍ ബൂലോഗത്തെ നവാഗതനായിരുന്നുഞാന്‍ . അന്ന് ഒരു തെങ്ങിന്‍ ചുവട്ടില്‍ ഏകാന്ത പഥികനായി നിന്ന് ബ്ലോഗ് മീറ്റ്അല്‍ഭുതാദരവുകളോടെ ഞാന്‍ നോക്കി നിന്ന കഥ ഇപ്പോഴും കൊട്ടോട്ടിക്കാരന്‍ പറയും. എനിക്ക് അന്ന്ആകെ പരിചയം ഉണ്ടായിരുന്നത് ബസ് സ്റ്റാന്റില്‍ വെച്ച് മീറ്റ് സ്ഥലത്തേക്കുള്ള വാഹനം തേടി നടന്നിരുന്ന അപ്പൂട്ടന്‍ മാത്രം. മീറ്റില്‍ അന്ന് പിന്നീടുള്ള സമയം എന്റെ സ്വഭാവ വിശേഷത്താല്‍ ഞാന്‍എല്ലാവരെയും കയറി പരിചയപ്പെടാന്‍ ചിലവഴിച്ചു. പലരും ഇങ്ങോട്ടു വന്നും ഊരും പേരുംതിരക്കുകയും ചെയ്തു. അങ്ങിനെ വാഴക്കോടന്‍ , ഹന്‍ലത്, തോന്ന്യവാസി, ചാണക്യന്‍ , കാര്‍ട്ടൂണിസ്റ്റ്സജീവ്, കൊട്ടോട്ടി, ചാര്‍വാകന്‍ , ലതിക സുഭാഷ്, ടൈപ്പിസ്റ്റ്/എഴുത്ത്കാരി, നിരക്ഷരന്‍ , മുള്ളൂര്‍ക്കാരന്‍ , നന്ദന്‍ , ജോ, കേരളാ ഫാര്‍മര്‍, ഹരീഷ്, ജുനൈദ്, പാവപ്പെട്ടവന്‍ , ശ്രീകണ്ഠന്‍ ,പട്ടികനീണ്ട് പോകുന്നു... ഇനിയും പലരുമുണ്ട്...എല്ലാവരുമായി സൌഹൃദയത്തിലായി. മീറ്റില്‍ എല്ലാവരുമായിഇടപഴകാന്‍ മതിയായ സമയമുണ്ടായിരുന്നു. മധുരിക്കുന്ന നൊമ്പരം മനസില്‍ ഏറ്റിയാത്രപറയുമ്പോള്‍ ഒരു വലിയ സൌഹൃദ കൂട്ടായ്മയില്‍ ഞാന്‍ അംഗമായിരുന്നു. അന്ന് മീറ്റിനെസംബന്ധിച്ച ഒരു പോസ്റ്റില്‍ ഞാന്‍ ഇങ്ങിനെ എഴുതി.
ഇനി എന്നു കാണുംനമ്മള്‍ എന്നു വേദനയോടെ പറഞ്ഞു പിരിഞ്ഞ ഒരു സംഗമം . ഇതെല്ലാമല്ലേചങ്ങാതീ ബാക്കി നില്‍ക്കുന്നതു .സ്വത്തും പ്രഭാവവും അധികാരവും എല്ലാം ഒരു നാള്‍പോകും.അവശേഷിക്കുന്നതു സ്നേഹം മാത്രം. ഓരോര്‍ത്തരുടെയും ഓര്‍മ്മ മനസ്സില്‍ സൂക്ഷിക്കുന്നു.“

പിന്നീട് ഇടപ്പള്ളി മീറ്റ്, എറുണാകുളം കായല്‍ മീറ്റ്, എന്നിവ നടന്നപ്പോള്‍ ഞാന്‍ ബ്ലൊഗിലെ പഴക്കംചെന്ന ആളായി തീര്‍ന്നിരുന്നു എങ്കിലും പുതിയ പുതിയ സൌഹൃദം അപ്പോഴും കണ്ടെത്താന്‍ എനിക്ക്മടി ഉണ്ടായിരുന്നില്ല. (ജീവിതത്തില്‍ അത് ഒരു ധനമാണെന്ന് ഞാന്‍ എന്നേ തിരിച്ചറിഞ്ഞിരുന്നു.) എന്റെ പ്രിയ മത്താപ് ദിലീപ്, മനോ രാജ്, പ്രവീണ്‍ വട്ടപ്പറമ്പത്ത്, ഡോക്റ്റര്‍ ജയന്‍ ഏവൂര്‍, യൂസുഫ് പാ, സജീം തട്ടത്ത്മല, ആളവന്താന്‍ , സോണിയാ, കുമാരന്‍, ഇസ്മെയില്‍ കുറുമ്പടി, എസ്.എം. സാദിഖ്, ജാബിര്‍, ഇനിയും പലരുടെയും മുഖം മനസിലുണ്ട്..പുതിയ ബ്ലോഗറന്മാര്‍ ഇങ്ങോട്ട് വന്ന്പരിചയപ്പെട്ടപ്പോള്‍ ഞാനും അവരെ തിരക്കി നടന്നു. വീണ്ടും പുത്തന്‍ സൌഹൃദങ്ങള്‍.

പക്ഷേ തുഞ്ചന്‍ പറമ്പില്‍ എനിക്കിത് ലഭ്യമായില്ല. പുതിയ ബ്ലോഗറന്മാരുമായി ഉള്ള് തുറന്ന് പരിചയപ്പെടല്‍ , ഹസ്തദാനം, ആലിംഗനം, തോളില്‍ തട്ടല്‍, ഔപചാരികത മറികടന്നുള്ള സ്നേഹ പ്രകടനങ്ങള്‍, ഇതിനൊന്നിനുംസമയം കിട്ടിയില്ല എന്നത് എനിക്ക് ഒരു നഷ്ടമായി തന്നെ ഭവിച്ചു. തിരിച്ച് പോരുമ്പോള്‍ എന്തിന്റെയോ കുറവ് എന്റെ ഉള്ളില്‍ അനുഭവപ്പെട്ടു. ഇത് യൂസുഫ്പാക്കും അനുഭവപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എന്റെ ഉള്ളിലെ തോന്നല്‍ ശരിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് സാങ്കേതികമായി പറഞ്ഞാല്‍ ഘന ഗാംഭീര്യം നിറഞ്ഞതായിരുന്നു. ഷാജഹാന്റെ അതുല്യമായ വിക്കീപീഡിയാ ക്ലാസ്, അബ്ദു സാഹിബിന്റെ ലളിത ഭാഷയില്‍ കാര്യങ്ങള്‍ വിവരിക്കുന്ന ബ്ലോഗ് നിര്‍മാണ ക്ലാസ്, പുസ്തക പ്രകാശനം, വിശ്രുത സാഹിത്യകാരന്‍ ശ്രീ.കെ.പി.രാമനുണ്ണിയുടെ സാന്നിദ്ധ്യം ഇതെല്ലാം പ്രയോജനപ്രദമായിരുന്നു. ബ്ലോഗ് സമൂഹത്തിന് സാങ്കേതികമായി ഇത്രയും പ്രയോജനപ്പെട്ട ഒരു മീറ്റ് മുമ്പ് ഉണ്ടായിട്ടില്ല എന്നത് നേരു. പക്ഷേ ബ്ലോഗ് മീറ്റിന്റെ ആത്മാവായിരിക്കേണ്ട തുറന്ന ഇടപഴകലിനും സൌഹൃദത്തിനും മതിയായ സമയം പരിപാടിയുടെ ആധിക്യം മൂലം ലഭിച്ചില്ല എന്ന് എനിക്ക് തോന്നിപ്പോകുന്നു. ബൂലോഗത്തിന്റെ വളര്‍ച്ചക്ക് അവശ്യം അവശ്യമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉരുത്തിരിയേണ്ട ചര്‍ച്ചക്ക് പ്രാധാന്യം ലഭ്യമായില്ലാ എന്നതും നിരീക്ഷിക്കപ്പെടേണ്ടതാണ്.

ധാരാളം പുതിയ ബ്ലോഗറന്മാര്‍ സംബന്ധിച്ച ഈ മീറ്റില്‍ പണ്ട് ഞാന്‍ ചെറായി മീറ്റില്‍ ഏകാന്ത പഥികനായി നിന്നത് പോലെ അവരില്‍ പലരും സീനിയര്‍ ബ്ലോഗറന്മാരെ നോക്കി നിന്ന് കാണും. പുതിയ ബ്ലോഗറന്മാരെ കയറി പരിചയപ്പെടാന്‍ , ഒന്ന് കൈ പിടിച്ചു കുലുക്കാന്‍ , പേരെന്താണു സ്നേഹിതാ, വീടെവിടെ ബ്ലോഗിന്റെ പേരെന്ത്, ഇനിയും നമ്മള്‍ തമ്മില്‍ കാണണം, എന്നൊക്കെ അവരോട് പറയാന്‍ എനിക്ക് കഴിഞ്ഞില്ല. ആ നൊമ്പരം എന്റെ മനസിലുണ്ട്.
എനിക്ക് ലഭ്യമായ സമയം ഞാന്‍ മത്താപിനെ കെട്ടിപിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തു. പ്രവീണ്‍ വട്ടപ്പറമ്പത്ത് എന്നെ വന്ന് കെട്ടി പിടിച്ചു. മനോരാജിന്റെ കവിളില്‍ തട്ടി പെണ്ണ് കെട്ട് എന്നാണെന്ന്ഞാന്‍ ചോദിച്ചപ്പോള്‍ പേഴ്സില്‍ നിന്ന് അയാളുടെ മകന്റെ (അതോ മകളുടെയോ) ഫോട്ടോ എടുത്ത് കാണിച്ച് മനോരാജാവ് എന്നെ അതിശയിപ്പിച്ചു.(കൂതറ) ഹാഷിമിനു അപകടത്തെ തുടര്‍ന്ന് കാലിന് സംഭവിച്ച ബുദ്ധിമുട്ടിനാല്‍ ഉണ്ടായ വൈകല്യത്തെ “ദുര്‍നടപ്പു“ എന്ന് പതുക്കെ പറഞ്ഞ് കളിയാക്കിയതിന് ശേഷം പലതും പറഞ്ഞ് കൊട്ടോട്ടിയെ പ്രകോപ്പിപ്പിച്ചു. ശിവപ്രസാദിന്റെ ജൂബായെ പരിഹസിച്ചപ്പോള്‍ ജിക്കുവിനെ മരത്തില്‍ ചാരി നില്‍ക്കുന്നവനേ എന്ന് വിളിച്ചു.ഡോക്റ്റര്‍ ആര്‍.കെ. തിരൂരുമായി രാത്രിയിലും റജിയുമായി രാവിലെയും ആഹാരം കഴിച്ചു. ജയനോടു (ജയചന്ദ്രന്‍) തുഞ്ചന്‍ പറമ്പ് ലവേഴ്സ് പറമ്പായി മാറിയതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചു.കേരളദാസനുണ്ണിയുമായി തമ്മില്‍ കണ്ട്മുട്ടിയതിന്റെ ആനന്ദം പങ്ക് വെച്ചു. സുസ്മേരവദനനായ ഹംസായുമായി ചങ്ങാത്തം കൂടി.സി.കെ.ലത്തീഫ് സാഹിബുമായി കുശലങ്ങള്‍ പറഞ്ഞു. ഫൈസല്‍ കൊണ്ടോട്ടിയെ പരിചയപ്പെട്ടു.ഡോക്റ്റര്‍ ജയന്‍ ഏവൂരിന്റെ മുമ്പില്‍ ഫോട്ടോക്ക് പോസ് ചെയ്തു. പഴയ ബ്ലോഗറന്മാര്‍ പലരുമായി പരിചയം പുതുക്കി.
മേല്‍ പറഞ്ഞ തമാശകളും കുസൃതികളും സൌഹൃദം പങ്ക് വൈക്കലും അപരിചിതത്വം പേറി നിന്ന പുതിയ ബ്ലോഗറന്മാര്‍ പണ്ട് ഞാന്‍ ചെറായിയില്‍ നിന്നത് പോലെ കണ്ട് കൊണ്ട് നിന്നിരിക്കാം. അവര്‍ക്കും ഉള്ള് തുറന്ന ഈ സൌഹൃദത്തില്‍ ഭാഗഭാഗാക്കാകാന്‍ , ഞങ്ങളെ പരിചയപ്പെടാന്‍ ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. മതിയായ സമയം ലഭിച്ചിരുന്നെങ്കില്‍ അവരുമായി എല്ലാവര്‍ക്കുംസൌഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞേനെ എന്ന് എനിക്ക് തോന്നി പോകുന്നു.

ഇനി ബ്ലോഗ് മീറ്റ് നടക്കുമ്പോള്‍ എല്ല ബ്ലോഗേഴ്സും തുറന്ന മനസ്സോടെ ഇടപഴകുന്ന ചര്‍ച്ചകള്‍ക്കും പരിചയപ്പെടലിനും മതിയായ സമയം കണ്ടെത്തുന്നതിന് മറ്റ് പരിപാടികളുടെ എണ്ണം അല്‍പ്പം കുറക്കേണ്ടതല്ലേ? ബൂലോഗത്തിന്റെ ലക്ഷ്യങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതല്ലേ?

അഭിപ്രായം പറയേണ്ടത് നിങ്ങളാണ് .

18 comments:

  1. ഷരീഫ്ക്കാ.. 10 മണിമുതൽ 5 മണിവരെയുള്ള സമയം,ദൂരെ നിന്ന് വന്നവർക്ക് നേരത്തെ പോവാനുള്ള തിരക്ക്, 150 ലേറേ ബ്ലോഗർമാർ,ഇതിനിടയിലെ കാര്യപരിപാടികൾ ഇന്ങിനെയുള്ള സാഹചര്യത്തിൽ എല്ലാരുമായും മറക്കാനാവാത്ത ഒരു സഹൃദമുണ്ടാക്കിയെടുക്കുക എന്നത് അസാധ്യമാണ്. അടുത്ത മീറ്റ് രണ്ടോ മൂന്നോ ദിവസത്തെ ക്യാമ്പ് രൂപത്തിൽ ആലോചിക്കണോ..? (ഒരു ദിവസത്തെ പരിപാടി തന്നെ നടത്തുന്നതിന്റെ പാട് സംഘാടകർക്കല്ലേ അറിയൂ)

    ReplyDelete
  2. ശരിയായിരിക്കാം. ബ്ലോഗു മീറ്റില്‍ എല്ലാവരും പങ്കെടുക്കുന്നതിന്റെ ഉദ്ദേശം തന്നെ അതാണ്‌. ആ ഒരു കംബ്ലൈന്ടു തന്നെയാണ് ഞാന്‍ ജിദ്ദ മീറ്റിലും പറഞ്ഞത്. ഇനി മീറ്റ് നടത്തുന്നവര്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കുക.
    പൊക്കിപ്പറയുന്നവര്‍ ഏറെയുണ്ടാവും. തെറ്റുകള്‍ ചൂണ്ടി കാണിക്കാനും വേണം ചങ്കുറപ്പ്.

    ReplyDelete
  3. തീര്‍ച്ചയായും വളരെ ഉപകാരപ്രദമായ ക്ലാസ്സുകളാണ് നടന്നത്. ആ തിരക്കിനിടയില്‍ മറ്റു ബ്ലോഗര്‍മാരോട് സൌഹൃദം സ്ഥാപിക്കാന്‍ എനിക്കും കഴിഞ്ഞില്ല. എങ്കിലും എല്ലാവരേയും ഒരു നോക്ക് കാണാനൊത്തു എന്നൊരു സ്ന്തോഷമുണ്ട്. എന്നെങ്കിലും ഇനി ഒരു മീറ്റ് ( പൊന്മലക്കാരന്‍ ബ്ലോഗ് യാഗം എന്നാക്കിയിട്ടുണ്ട് )കൂടി രാവിലെ മുതല്‍ വൈകുന്നേരം വരെ എല്ലാവരുമായി പരിചയപ്പെട്ടും വര്‍ത്തമാനം പറഞ്ഞും  കൂടണം എന്നുണ്ട്.

    ReplyDelete
  4. ഷെറീഫിക്ക,

    ഇതിൽ നൊമ്പരപ്പെടാൻ ഒന്നുമില്ല.

    ചെറായി മുതൽ എല്ലാ മീറ്റിലും ഞാനും ഉണ്ടായിരുന്നു.

    ചെറായിയിൽ തന്നെ നമ്മൾ 20-30 പേരെയാവും പരിചയപ്പെട്ടിട്ടുണ്ടാവുക. ആദ്യത്തേതായതുകൊണ്ട് അതിന്റെ ഒരു ത്രിൽ ഉണ്ടായിരുന്നു.

    ഇടപ്പള്ളി മീറ്റിൽ 50 ൽ താഴെ പേരേ ആകെ ഉണ്ടായിരുന്നുള്ളു.
    അതുകൊണ്ട് എല്ലാവരുമായി ഇടപഴകാൻ കഴിഞ്ഞു.

    എന്നാൽ തിരൂരിൽ 160 ൽ പരം ആളുകൾ ഉണ്ടായിരുന്നു.

    ഒരാളെ പരിചയപ്പെടാൻ ഒരു മിനിറ്റ് എടുത്താൽ പൊലും മൊത്തം 160 മിനിറ്റ് - ഏകദേശം മൂന്നു മണിക്കൂർ വേണ്ടിവരും എല്ലാവരെയും പരിചയപ്പെടാൻ.

    പിന്നെ ഈ മീറ്റിൽ ഔപചാരിക പരിപാടികൾ കൂടുതൽ ഉണ്ടായിരുന്നു.
    അതൊക്കെ അനിവാര്യമായിരുന്നു താനും.
    ഇത്രയും ബ്ലോഗ് പ്രേമികൽ വന്നു എന്നത് ചരിത്ര സംഭവം തന്നെയാണ്.

    എന്നെ സംബന്ധിച്ചിടത്തോളം സ്നേഹസംഗമത്തേക്കാൾ ബ്ലോഗ് എന്ന മാധ്യമത്തിന്റെയും അതു വഴി മലയാള ഭാഷയുടെയും പുരോഗതി ആണ് കൂടുതൽ പ്രധാനം. ഒപ്പം സൌഹൃദസംഭാഷണങ്ങളും എന്നേയുള്ളു.

    മീറ്റ് സംഘടിപ്പിക്കുന്നത് ഇനി മുതൽ രണ്ടു രീതിയിൽ ആവാം.

    1. തികച്ചും സൌഹൃദം പങ്കിടാൻ വേണ്ടി.

    2. ബ്ലോഗ് എഴുത്തുകാർ ഗൌരവമായി ഈ മാധ്യമത്തെക്കുറിച്ച് ചർച്ചകൾ നടത്തുന്നതിനായി.

    ആദ്യം പറഞ്ഞ സംഗമത്തിൽ ഔപചാരികമായ ഉദ്ഘാടനമോ, വിശിഷ്ടാതിഥിയോ വേണ്ട. നമുക്ക് പരസ്പരം കണ്ട്, സ്നേഹം പങ്കിട്ട് പിരിയാം.

    രണ്ടാമത്തേതിൽ ഔപചാരികതയും, സാങ്കേതികതയും കൂടിയേ തീരൂ.

    പിന്നെ എങ്നഗ്നെ സംഘടിപ്പിച്ചാലും ബ്ലോഗെഴുത്തുകാരുടെ എൺനം കൂടുന്നതനുസരിച്ച് , എല്ലാവരെയും പരിചയപ്പെടാനുള്ള സാധ്യത കുറയും.

    (ഷെറീഫിക്കയും പരിപാടിയുടെ അവതാരകൻ കൂടിയായതാണ് കൂടുതലാളെ പരിചയപ്പെടാൻ വിഘാതമായത്. ഞാൻ നിരവധി പേരെ പരിചയപ്പെട്ടു!)
    ഞാൻ കണ്ട പുതുമുഖങ്ങൾക്ക് ക്ലാസുകൾ ഇഷ്ടപ്പെട്ടതായാണ് പറഞ്ഞത്.

    അതുകൊണ്ട് ഞാ ഈ പരാതി പോസിറ്റീവായി കാണുന്നു!

    ReplyDelete
  5. ഒരു തലത്തില്‍ നിന്ന് നോക്കിയാല്‍ പറഞ്ഞത് ശരി തന്നെ
    മീറ്റിനു ശേഷം വന്ന രണ്ട് മീറ്റ്ലെ പങ്കാളികളുടെ കാളില്‍ പറയാനുണ്ടായിരുന്നത് ക്ലാസുകള്‍ ഒന്നു കൂടി നന്നക്കാമായിരുന്നു എന്ന്....
    അപ്പോ.........!!!

    ReplyDelete
  6. ശരിയാണു സര്‍ ഒരു പാടു പരിമിധികള്‍ ഉണ്ടായിട്ടുണ്ട് സദയം ക്ഷമിക്കുമല്ലോ... നമുക്കൊരു “ഗെറ്റ് ടുഗതര്‍” സംഘടിപ്പിച്ചാലോ.? ഹും... ഇപ്പോള്‍ ഞാനും.. ഒരു ബ്ലൊഗര്‍..ആണ്..(only bloggers)

    ReplyDelete
  7. ഞമ്മക്ക് ഇനീം കൂടാമെന്നേ...

    ReplyDelete
  8. ആളേറുമ്പോള്‍ അടുപ്പം കുറയും, സ്വാഭാവികം. ഡോ.ജയന്‍ പറഞ്ഞതില്‍ കാര്യമുണ്ട്

    ReplyDelete
  9. മീറ്റ് പരിപൂർണ്ണ വിജയം തന്നെ ആയിരുന്നു. സൗഹൃദം എത്ര പേരിലൂടെ സാധ്യമായി എന്നതിലേ സന്ദേഹമുള്ളൂ...അതാണ്‌ എന്റെ ദു:ഖവും.

    ReplyDelete
  10. കൊട്ടോട്ടി ഇനി സംഘാടകനാകാനില്ല കാഴ്ചക്കാരനാകാനേ ഉള്ളൂ എന്നും മറ്റൊരു സംഘാടകനായ ബ്ളോഗിൽ ഹരിശ്രീ കുറിച്ച പൊന്മുളക്കാരൻ ഇനിയൊരു അങ്കത്തിന്‌ ബാല്യമുണ്ട് എന്നും അറിയിച്ചിരിക്കുന്നു ബൂലോഗരേ..
    ഇനിയെന്നാണ്‌ മീറ്റ്..?

    ReplyDelete
  11. ഷെരീഫ്ക്ക, ബ്ലോഗ്മീറ്റ് എനിക്ക് ഒരു പുതിയ അനുഭവമാകുന്നു. നാം തമ്മിൽ സംസാരിച്ചത് ഓർക്കുന്നുണ്ടോ? ‘ പക്ഷേ ബ്ലോഗ് മീറ്റിന്റെ ആത്മാവായിരിക്കേണ്ട തുറന്ന ഇടപഴകലിനും സൌഹൃദത്തിനും മതിയായ സമയം പരിപാടിയുടെ ആധിക്യം മൂലം ലഭിച്ചില്ല എന്ന് എനിക്ക് തോന്നിപ്പോകുന്നു. ‘ - ഞാനും യോജിക്കുന്നു.

    ReplyDelete
  12. മീറ്റിനു വന്ന 200ഓളം പേരില്‍ 40- 50 ആളുകള്‍ ബ്ലോഗിനെ കുറിച്ച് അറിയാന്‍ വന്നവരും ബ്ലോഗിനെ നല്ല രീതിയില്‍ പഠിക്കാന്‍ വന്നവരും ആയിരുന്നു. അവര്‍ വന്നത് ഒരു പഠന ക്ലാസ് ലഭിക്കാന്‍ വേണ്ടി മാത്രാ. ബ്ലോഗില്‍ സൌഹൃദ കൂട്ടായ്മ ഇല്ലാത്ത അവരിലേക്ക് മീറ്റില്‍ കൊടുക്കാന്‍ കഴിയുന്നത് ബ്ലോഗിലേയും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്കിനെയും കുറിച്ചുള്ള സാങ്കേതിക അറിവുകള്‍ മത്രമാണ്. അവരെ പൂര്‍ണ്ണമായി ഒഴിവാക്കി കൂട്ടുകൂടാന്‍ മാത്രമായിരുന്നു ഈ ഒത്തുചേരല്‍ എങ്കില്‍ മീറ്റ് അറിയിപ്പ് ബ്ലോഗില്ലൂടെ മാത്രം എല്ലാവരിലും എത്തിച്ചാല്‍ മതിയായിരുന്നു.
    ചാനലിലും പത്ര താളുകളിലൂടേയും നല്‍കിയ പ്രചാരണം കൊണ്ട് ഉദ്ദേശിച്ചതും ഇതു പോലുള്ള ആളുകളൂടെ പങ്കാളിത്തം തന്നെ ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

    സൌഹൃദം പങ്കുവെക്കുവാന്‍ തുഞ്ചപറമ്പിലെ വിശാലമായ മരത്തണലുകളും മണ്ഡപങ്ങളും ഉപയോഗിച്ചവര്‍ ഏറെ എന്ന് മീറ്റ് ഫോട്ടോകളില്‍ നിന്നും മനസ്സിലക്കാവുന്നതേ ഉള്ളൂ. അതേ സമയം തന്നെ താല്പര്യ മുള്ളവര്‍ക്ക് കേള്‍ക്കാനും പഠിക്കാനുമായി നല്ല ക്ലാസുകളും നടന്നിരുന്നു.

    രണ്ട് കൂട്ടര്‍ക്കും പരിപൂര്‍ണ്ണ സംതൃപ്തി ലഭിച്ചില്ലെന്ന് അറിയാവുന്നതോടൊപ്പം ഇരു കൂട്ടര്‍ക്കും അസംതൃപ്തി ഉണ്ടായിട്ടില്ലെന്ന് തന്നെ വിശ്വസിക്കുന്നു.

    ശില്‍പ്പശാലയും, മീറ്റും, ഈറ്റും ഒരേ ഇടത്തില്‍ ഒത്തു ചേര്‍ന്നതില്‍ എനിക്കൊരുപാട് സന്തോഷം. ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതോടൊല്‍പ്പം തന്നെ മീറ്റിനു വന്ന ഒരാളേയും (ഒരുപാട് വൈകി വന്നവരൊഴിച്ച്) കണാതെ , ചിരിക്കാതെ പോകാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ലെന്ന് എനിക്ക് തീര്‍ച്ച.
    മീറ്റില്‍ എന്നോട് ചിരിച്ച, സംസാരിച്ച എല്ലാ മീറ്റര്‍മാര്‍ക്കും ഒരുപാടൊരുപാട് നന്ദി.

    ReplyDelete
  13. ഒള്ള സമയം വെച്ച് ഞാന്‍ ഒത്തിരി പേരെ പരിചയപ്പെട്ടു. പലരേയും അങ്ങോട്ട് പോയി പരിചയപ്പെടുകയായിരുന്നു.പിന്നെ ചിലര്‍ പരിചയപ്പെടാന്‍ ആഗ്രഹിക്കാതെ ബലം പിടിച്ചിരുന്നവരുണ്ടെങ്കില്‍ പിന്നെ നമുക്കെന്ത് ചെയ്യാനാകും?:)
    എന്നെ സംബന്ധിച്ചിടത്തോളം മീറ്റ് വളരെ ഹൃദ്യവും ആനന്ദകരവുമായിരുന്നു.ഞാന്‍ ഫുഡിന് മുന്‍പ് സ്കൂട്ട് ആയത് കൊണ്ട് അതിന് ശേഷം എത്തിയവരെ പരിചയപ്പെടാന്‍ കഴിഞ്ഞില്ല എന്നതാണെന്റെ ദുഃഖം!

    ReplyDelete
  14. അല്ലാ മാഷേ ആ മത്താപ്പിനെ ഭയന്ന് ചിത്രാരന്‍ മീറ്റിന് വന്നില്ലേ? പുള്ളിയല്ലേ സോവനീറ് വേണോന്ന് പറഞ്ഞിരുന്നേ

    ReplyDelete
  15. പ്രിയപ്പെട്ട ചങ്ങാതിമാരേ! ഇവിടെ വന്ന് സന്ദര്‍ശിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

    ഞാന്‍ ഈ പോസ്റ്റില്‍ ഉദ്ദേശിച്ച പ്രധാന കാര്യം പുതിയ ബ്ലോഗേറന്മാര്‍ ശങ്കിച്ച് നില്‍ക്കുന്നിടത്തേക്ക് തുറന്ന ചിരിയോടെ കൈ നീട്ടി ചെന്ന് പഴയ ബ്ലോഗേഴ്സു കാണിക്കേണ്ട സൌഹൃദത്തെ കുറിച്ചായിരുന്നു. ഉപകാര പ്രദമായിരുന്നെങ്കിലും പരിപാടികളുടെ ആധിക്യം മൂലം മേല്‍പ്പറഞ്ഞ സൌഹൃദ പ്രകടനത്തിന് മതിയായ സമയം ലഭിച്ചിരുന്നില്ല. അതും ബ്ലോഗ് മീറ്റുകളുടെ ലക്ഷ്യങ്ങളില്‍ ഒന്ന് തന്നെയാണ്.
    അടുത്ത വിഷയം ബ്ലോഗ് ലോകത്തിന്റെ ഭാവി പരിപാടികളെ പറ്റിയുള്ളതും മറ്റുമായ കൂട്ടായ ചര്‍ച്ചകളെ സംബന്ധിച്ചാണ്.. ഡോക്റ്റര്‍ ജയന്‍ ഏവൂര്‍ ഓര്‍ക്കുന്നുണ്ടാകും എറുണാകുളം കായലില്‍ വെച്ച് നമ്മള്‍ അത്തരം സജീവമായ ഒരു ചര്‍ച്ച തന്നെ നടത്തുകയുണ്ടായി ഡോക്റ്റര്‍ പുതിയ തലമുറയെ ബ്ലോഗിനെ പരിചയപ്പെടുത്തേണ്ട ആവശ്യകതയെ പറ്റി വിലയേറിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അത്തരം ഒരു ചര്‍ച്ചക്കും ഈ തവണ സമയം തികഞ്ഞില്ല. ഈ ബ്ലോഗ് മീറ്റ് എല്ലാം കൊണ്ടും പ്രയോജന പ്രദമായിരുന്നു എന്നതില്‍ സന്ദേഹമില്ല. പക്ഷേ പഠിക്കേണ്ടതും മനസിലാക്കേണ്ടതും ആയ ഒരു വിഷയം മാത്രം ഉള്‍കൊള്ളിക്കുകയും അതിനോടൊപ്പം പോസ്റ്റില്‍ ഞാന്‍ കാണീച്ച വിഷയങ്ങള്‍ക്ക് അല്‍പ്പം സമയം കണ്ടെത്തുകയും ചെയ്യുക എന്നത് ആവശ്യമായിരുന്നില്ലേ? ഒരു ബ്ലോഗ് ശില്‍പ്പ ശാല തട്ടിക്കൂട്ടിയാല്‍ നവാഗതര്‍ക്കും നിലവിലുള്ളവര്‍ക്കും ഈ മീറ്റില്‍ അവതരിപ്പിച്ച പരിപാടികള്‍ പ്രയോജനപ്രദമായ രീതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. അതില്‍ സൌഹൃദ പരിചയപ്പെടലും ചര്‍ച്ചയും ഒന്നും വിഷയമാക്കാന്‍ കഴിയില്ല. എന്നാല്‍ ബ്ലോഗ് മീറ്റ് ആകുമ്പോള്‍ നടേ പറഞ്ഞ ചേരുവകളെല്ലാം കുറഞ്ഞ അളവിലെങ്കിലും ചേര്‍ത്ത് നടത്തിയാല്‍ അതൊരു എല്ലാം തികഞ്ഞ ബ്ലോഗ് മീറ്റായി തീരും.
    മുകളിലെ അഭിപ്രായങ്ങളില്‍ പ്രത്യേകിച്ച് ഹാഷിം, വാഴക്കോടന്‍ , ഡോക്റ്റര്‍ ജയന്‍ ഏവൂര്‍ എന്നിവരുടെ അഭിപ്രായങ്ങളില്‍ നിന്നും എന്റെ ഈ പോസ്റ്റിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാനും ധാരാളം പേരെ പരിചയപ്പെടാനും അവര്‍ക്ക് കഴിഞ്ഞിരുന്നു എന്നറിഞ്ഞതില്‍ ചാരിതാര്‍ത്ഥം ഉണ്ട്.

    ReplyDelete
  16. പ്രിയ ശ്രീനാഥന്‍, ഞാന്‍ താങ്കളെ ഓര്‍ക്കുന്നുണ്ട്. നന്ദി സുഹൃത്തേ!

    പൊന്മളക്കാരന്‍ , പ്രിയ ചങ്ങായീ, എന്ത് താങ്കള്‍ തട്ടിക്കൂട്ടിയാലും കൂടെ ഞാനുണ്ട്.

    പ്രിയപ്പെട്ട കേരളദാസനുണ്ണീ! അതേ! എനിക്കും അങ്ങിനെ ഒരുആഗ്രഹം നിലവിലുണ്ട്.

    ശരിയാണ് പ്രിയ ഡോക്റ്റര്‍ ജയന്‍ , എനിക്കൊരു ചുമതല കിട്ടി ഞാന്‍ അതില്‍ മുഴുകി ഇരുന്നതും പലരെയും ചെന്ന് പരിചയപ്പെടാന്‍ തടസ്സമായി.

    പ്രിയ യൂസുഫ്പാ, കൊട്ടോട്ടി അങ്ങിനെ വെച്ചൊഴിയുന്ന കക്ഷിയല്ലന്നാ തോന്നുന്നേ!

    പ്രിയ നിസ്സാരന്‍, മത്താപ്പ് ചരിത്രം (ചിത്രകാരനുമായുള്ളത്) ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. മത്താപ്പ് അത്രക്കും ശൂരനാണോ?!

    ReplyDelete
  17. ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
    ഒന്ന് സന്ദര്‍ശിക്കുക
    http://yathravazhikal.blogspot.com/2011/04/blog-post.html

    ReplyDelete