Saturday, November 7, 2009

മെഡി.കോളേജു ഡയറി (പതിനെട്ടു)

("ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" പതിനെട്ടാം ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. പൂർണമായിമനസ്സിലാക്കാൻ മുൻ പോസ്റ്റുകൾ വായിക്കുക)
ഡയറിക്കുറിപ്പുകൾ അടുത്ത പോസ്റ്റിൽ അവസാനിപ്പിക്കാമെന്നു കരുതുന്നു. കുറിപ്പുകൾപ്രസിദ്ധീകരിച്ച പുസ്തകം ഒറ്റ ഇരുപ്പിൽ വായിക്കുമ്പോൾ ലഭിക്കുന്ന വായനാ സുഖംപലദിവസങ്ങളിൽ ബ്ലോഗിൽ ഭാഗങ്ങളായി വായിക്കുമ്പോൾ അനുഭവപ്പെടണമെന്നില്ല. ഭാഗങ്ങളായിവായിക്കുമ്പോള്‍ വിരസത ഉളവാകുമോ എന്നു ഞാൻ ശങ്കിക്കുന്നു. ഇനിയുള്ള ദിവസങ്ങളിലെകുറിപ്പുകൾ സൈഫുവിന്റെ രോഗ ശമനത്തെയും മറ്റും പ്രതിപാദിക്കുന്നതാകയാൽ അതിലെപ്രസക്തമായ ഭാഗങ്ങൾ മാത്രം പോസ്റ്റിൽ ഇടാമെന്നും പുസ്തകത്തിന്റെ അവസാനഭാഗവുംശേഷം സൈഫുവിന്റെ അനുഭവങ്ങളും (അതു പുസ്തകത്തിൽ ഇല്ല) അടുത്ത പോസ്റ്റിൽപ്രസിദ്ധീകരിക്കാമെന്നും വിചാരിക്കുന്നു.
03-12-1997
ഇന്നു സൈഫു അവന്റെ ഗദ .വി, സ്റ്റാന്റിൽ തൂക്കി ഇട്ടു വരാന്തായിൽ ഇരുന്നു വാഹനങ്ങളെനിരീക്ഷിച്ചു. കുറെ നേരം കഴിഞ്ഞു അവൻ എന്നോടു ചോദിച്ചു, മോട്ടോർ കാർ പ്രചാരത്തിൽവരുന്നതിനു മുമ്പു നിരത്തിൽ കൂടി ഏതു വാഹനമാണു സഞ്ചരിച്ചിരുന്നതു എന്നു. രാജഭരണകാലത്തെ വാഹനങ്ങളെപ്പറ്റി അവൻ ചോദിച്ചപ്പോൾ ഞാൻ അവനെ ബലമായി എഴുന്നേൽപ്പിച്ചുമുറിക്കുള്ളിലാക്കി. തലച്ചോറിനു ആയാസം കൊടുക്കനുള്ള സമയമല്ലിതു. "ചിന്താ സ്വാതന്ത്ര്യം പോലുംഅനുവദിക്കില്ലേ " എന്നു ചോദിച്ചു അവൻ പിണങ്ങി കിടന്നു. കുറച്ചു കഴിയുമ്പോൾ അവന്റെ പിണക്കം മാറും എന്നെനിക്കറിയാം. വല്ലപ്പോഴും അൽപ്പം പിണങ്ങുന്നതും നല്ലതാണു. രോഗത്തിൽ നിന്നും മുക്തിനേടി സാധരണ ജീവിതത്തിലേക്കു തിരിച്ചു വരുന്നു എന്നതിനു തെളിവാണല്ലോ ഇണക്കവുംപിണക്കവും.
04-12-1997
സി.പി കുത്തിവെപ്പു 8 മണിക്കൂർ ഇടവിട്ടാക്കി. ക്ലോറോമയ്സിൻ .വി. നിർത്തി. പകരം മരുന്നുക്യാപ്സൂൾ 6 മണിക്കൂർ ഇടവിട്ടു കൊടുക്കുന്നു. എത്രമാത്രം മരുന്നുകൾ അവന്റെ ശരീരത്തിൽ കടത്തിവിടുന്നു. ഇതെല്ലം അവനെ എങ്ങിനെ ബാധിക്കും എന്നറിയില്ല. മോഡേൺ മെഡിസിനിൽ ഒരുകാലഘട്ടത്തിൽ സൽഫാ മരുന്നുകൾ കൊട്ടി ഘോഷിക്കപ്പെട്ടതും ദൂഷ്യ ഫലങ്ങൾ കണ്ടു പിന്നീടുഉപേക്ഷിക്കപ്പെട്ടതും ഓർമ്മ വന്നു. അതു പോലെ പെൻസിലിനും ക്ലോറോമയ്സിനും ഇപ്പോൾസ്വീകാര്യമെങ്കിലും ഒരുകാലത്തു തൂത്തെറിയപ്പെടും. ഔഷധങ്ങളെല്ലാം വിഷമയമാണു. വിഷംശരീരത്തിനു ദോഷവുമാണു. പറഞ്ഞിട്ടു എന്തു ഫലം! പകരം വിജയകരമായ ചികിൽസാ രീതിഒന്നുമില്ല. എല്ലാ ചികിൽസാ രീതികളും ഒരുമിച്ചു ഒരു സ്ഥപനത്തിനു കീഴിൽ കൊണ്ടു വന്നു തക്കസമയംകൂട്ടായ ആലോചനയിലൂടെ ആവശ്യമുള്ളതു പ്രയോഗിക്കുക എന്ന പദ്ധതി നിലവിൽ വന്നാൽനന്നായിരിക്കും.
"ഞങ്ങളുടെ ചികിൽസാ രീതിയാണു ഏറ്റവും മെച്ചമെന്നും മറ്റേതു തട്ടിപ്പാണെന്നും "എല്ലാവരും വീമ്പുപറയുന്നിടത്തു പദ്ധതി എങ്ങിനെ നടപ്പിൽ വരാൻ. മാത്രമല്ല മോഡേൺ മെഡിസിനിലെ ഭീമൻകുത്തക ഔഷധ കമ്പനികൾകു തങ്ങളുടെ ചരക്കുകൾ വിറ്റഴിക്കേണ്ടതിനു മറ്റു ചികിൽസാ രീതികൾഅബദ്ധമാണെന്നു സ്ഥാപിക്കേണ്ട്തു നില നിൽപ്പിന്റെ ഭാഗവുമാണു.
സൈറൺ മുഴക്കി ഒരു ആംബുലൻസ്സ്‌ ക്യാഷ്വാലിറ്റിയിലേക്കു കയറുന്നു. ഏതോ ഹത ഭാഗ്യൻ(ഗ്യ) ഇപ്പോൾ ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്ന നൂൽപ്പാലത്തിലാണു. ഇന്നത്തെ കുറിപ്പുനിർത്തുന്നു.
05-12-1997.
സൈഫു ചാരി ഇരുന്നു അൽപ്പനേരം പുസ്തകം വായിക്കും. ബഷീറിന്റെ സമ്പൂർണ്ണ ക്രുതികൾസലിയുടെ ഭർത്താവു ഷാ വായനക്കായി കൊടുത്തു. അൽപ്പ നേരം പുസ്തകം വായിക്കുമ്പോള്‍ ഞാൻപിടിച്ചു കിടത്തും.
ഡോക്റ്റർ മാർത്താണ്ഡൻ പിള്ള വരുമ്പോൾ ഭയം ഉൽക്കണ്ഠ, എന്നീ രോഗങ്ങൾക്കു അവന്റെ പിതാവായഎന്നെ ചികിൽസിപ്പിക്കണമെന്നാണു അവന്റെ അഭിപ്രായം. ശരിയാണു, രോഗം അവനും ദുഃഖംഎനിക്കും അവന്റെ ഉമ്മയ്ക്കുമായിരുന്നല്ലോ!
ഞാൻ ഇതെഴുതുന്ന നേരം ചെറിയ ചീർപ്പു കൊണ്ടു അവൻ കുറ്റി മുടി ചീകുന്നു. അതു കണ്ടു നിന്നഅവന്റെ അമ്മയുടെ മുഖത്തു വന്ന ചിരി അവനെ പരിഹസിച്ചതാണെന്നു അവൻ പരാതിപ്പെട്ടു. ഡോക്റ്റർ മാർത്താണ്ഡൻപിള്ളയും ഡോക്റ്റർ ആലപ്പാടനും മുറിയിൽ വന്നു കയറിയതിനാൽ ഇപ്പോൾഒരു പിണക്കം ഒഴിവായി. പക്ഷേ ഡോക്റ്റർ മാർത്താണ്ഡൻപിള്ള പതിവു ആക്ഷൻ എടുപ്പിച്ചതിനുശേഷം അവനോടു ഇളിച്ചു കാട്ടാൻ ആവശ്യപ്പെട്ടപ്പോൾ അവൻ അതു അമ്മയുടെ നേരെ...................യ്‌..യ്‌........... എന്നു ഇളിച്ചു കാട്ടി. ശബ്ദം അൽപ്പം നീട്ടുകയും ചെയ്തു. ഡോക്റ്ററുടെ ചുണ്ടിന്റെ കോണിൽ ചിരി വന്നു നിൽക്കുന്നതു എനിക്കു കാണാൻ കഴിഞ്ഞു.
ഡോക്റ്റർ പരിശോധിച്ചു കഴിഞ്ഞു ആവശ്യമുള്ള കുറിപ്പുകൾ കേസ്സ്‌ ഷീറ്റിൽ രേഖപ്പെടുത്തിയതിനുശേഷം അവന്റെ തോളിൽ തട്ടി .
06-12-1997
മരുന്നു തുടരുന്നു. രാത്രി നേരിയ ചൂടു, രാവിലേയും വൈകുന്നേരവും തെർമോമീറ്ററിൽ ടെമ്പറേച്ചർനോർമലാണു. ഒരു തെർമോമീറ്റർ ഞാൻ സ്വന്തമായി വാങ്ങിയതിനാൽ ഏതു നേരവും അവന്റെ ചൂടുപരിശോധിക്കൻ കഴിയുന്നു. അവനു അതു തമാശയായണു അനുഭവപ്പെടുന്നതു.
"കുത്തി വൈക്കാൻ കൂടി പഠിച്ചിരുന്നെങ്കിൽ പാതിരാത്രി പാവം സിസ്റ്ററെ ബുദ്ധിമുട്ടിക്കാതെകഴിച്ചുകൂട്ടാമെന്നു" അവന്റെ അമ്മ അഭിപ്രായപെട്ടതു അമ്മ എന്നെ കുത്തിയതാണെന്നാണുസൈഫുവിന്റെ വെളിപ്പെടുത്തൽ.
07-12-1997.
ഡിസംബർ ആയി. രാവിലെ മഞ്ഞു മറനീക്കി സൂര്യൻ തെളിഞ്ഞു വരുന്നതു കാണാൻ ഏറെ ഭംഗി.അതിരാവിലെ സൈഫു അഞ്ചാം നിലയിലെ മുറിയുടെ വാതിൽക്കൽ കസേരെയിൽ ഇരുന്നു സൂര്യോദയംകാണും. കുങ്കുമ വർണ്ണത്തിൽ സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച്ച അവനു അഹ്ലാദകരമാണു.
ആതുരാലയത്തിൽ നിന്നു സുന്ദരമായ കാഴ്ച്ച കാണുമ്പോഴും മനസ്സ്‌ ശാന്തമല്ല . ഇന്നലെഅടുത്തമുറിയില്‍ ഒരു മരണം നടന്നു. സിസ്റ്റർ ഓടിപ്പോകുനതും ഹൗസ്സ്‌ സർജൻ വരുന്നതുംപോകുന്നതും തുടർന്നു മുറിയിൽ നിന്നു ആരുടെയോ തേങ്ങിക്കരച്ചിൽ കേള്‍ക്കുന്നതും ഞാൻ ശ്രദ്ധിച്ചു. മരണം ഇരയെ തേടി പതുങ്ങി നടക്കുന്ന അന്തരീക്ഷത്തിൽ എത്ര സുന്ദരമായ കാഴ്ചയുംആസ്വാദ്യകര മാവില്ല.പനി പൂർണ്ണമായി മാറിയാൽ മാത്രമേ ഇവിടെ നിന്നും പോകാൻ അനുവദിക്കുകയുള്ളൂ. എത്രയും പെട്ടെന്നു വീട്ടിൽ പോകാൻ വെമ്പുന്ന മനസ്സോടെയാണു ഞങ്ങൾ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നതു. ജനറൽ വാർഡിൽ ആയിരുന്നെങ്കിൽ വവ്വാൽ ഡോക്റ്റർ ഞങ്ങളെ കെട്ടുകെട്ടിച്ചേനെ.
ഇന്നു സൈഫുവിനെ സന്ദർശിക്കാനെത്തിയ ബന്ധുക്കൾ പൊതിച്ചോർ കൊണ്ടു വന്നതു(പൊതിച്ചോർ അവനു വലിയ ഇഷ്ടമാണു)ബാക്കി വന്നതിനാൽ ആ പൊതികൾ ആർക്കെങ്കിലും കൊടുക്കാമെന്നു കരുതി ആറാം വാർഡിൽ പോയി.സൈഫുവിനെ പോലെ ഒരു കുട്ടി ന്യൂറോ സർജറിയിലെ ചികിൽസക്കു ശേഷം ആ വാർഡിൽ കിടപ്പുണ്ടു.ആ കുട്ടിയും ബന്ധുക്കളും നിർദ്ധനരായതിനാൽ പൊതിച്ചോർ അവർക്കു നൽകാമെന്നു കരുതി ആണു ഞാൻ പോയതു.ആലപ്പുഴയിൽ നിന്നും വന്ന അനന്തിരവൻ ബാബുവിനെ സൈഫുവിനും അമ്മക്കും കൂട്ടിരുത്തി.
ഓർത്തോ ഡിപ്പാർട്ട്മന്റിനരികിലൂടെയാണു ഞാൻ നടന്നതു.ഹോ! അവിടെ കണ്ട കാഴ്ച്ച എന്നെ ശരിക്കും ഞെട്ടിച്ചു.ഒരു വാർഡ്‌ നിറയെ കയ്യും കാലും ഒടിഞ്ഞവർ. ചിലരുടെ കാലിൽ തൂക്കം കെട്ടി ഇട്ടിരിക്കുന്നു. ഭൂരിഭാഗം ആൾക്കാരും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. എല്ലുകൾ ഒടിഞ്ഞവരെ ഒരു വാർഡിൽ ഒരുമിച്ചു കാണുന്നതു ഭയാനകരമായ കാഴ്ച്ചയാണു. ഞങ്ങൾ മുമ്പു കിടന്നിരുന്ന ഒന്നാം വാർഡിൽ ഇത്രയും തിരക്കില്ല. ഇവിടെ കട്ടിലിനു താഴെയും വരാന്തയിലും രോഗികൾ. മൂത്രപ്പുരയിൽ നിന്നും അസഹനീയമായ ദുർഗന്ധം അവിടെ വ്യാപിച്ചിരുന്നു. അവിടെ കഴിയുന്നവരും മനുഷ്യരാണെന്നു ചിന്തിച്ചപ്പോൾ സങ്കടം തോന്നി. ആശുപത്രിയിൽ സുഖത്തിനും സന്തോഷത്തിനും സ്ഥാനമില്ലല്ലോ.ജീവിതം ദുഃഖമയം തന്നെ ആണു. ദുഃഖത്തിന്റെ ശമനമാണു സുഖമെന്നതു എത്ര ശരി. ഭാവി ജീവിതത്തിൽ എപ്പോഴെങ്കിലും അഹങ്കാരം തോന്നുന്ന വേളയിൽ മെഡിക്കൽ കോളേജു സന്ദർശിക്കണം.
09-12-1997.
സൈഫുവിന്റെ നെറ്റിയിലും മുഖത്തും ചെറിയ കുരുക്കൾ കാണപ്പെട്ടു തുടങ്ങി. മുമ്പു ഇതു പോലെ രോഗശമനം വന്ന ദിവസമാണു, ചൊറിച്ചിലും തിണർപ്പും കാണപ്പെട്ടതും രോഗം ഗുരുതരമായതും. ഡോക്റ്റർ ആലപ്പാടനെ വിവരം ധരിപ്പിച്ചപ്പോൾ ഭയക്കനൊന്നുമില്ലെന്നു അദ്ദേഹം പറഞ്ഞു.എങ്കിലും....
10-12-1997
ഇന്നു മുതൽ സിഫാലാക്സിൻ കാപ്സൂൾ 6 മണിക്കൂർ ഇടവിട്ടു കൊടുത്തു തുടങ്ങി. നെറ്റിയിലും മുഖത്തും കുരുക്കൾ അങ്ങിനെ തന്നെ നിൽക്കുന്നു. നാളെ മുതൽ കുത്തിവൈപ്പു നിർത്തും എന്നു ഡോക്റ്റർ പറഞ്ഞു. ദീർഘമായ ഒരു കാലയളവിനു ശേഷം കുത്തിവൈപ്പു ഇല്ലാത്ത ഒരു ദിവസം സൈഫുവിനു ഉണ്ടാകാൻ പോകുന്നു.
വെയിലിന്റെ കാഠിന്യം ഇല്ലത്ത സമയങ്ങളിലെല്ലാം സൈഫു വരാന്തയിലാണു. ഐ.വി.സ്റ്റാന്റ്‌ സമീപത്തു സ്ഥാപിച്ചു കസേരയിലിരുന്നു തിരക്ക് നിറഞ്ഞ നഗരത്തെ കാണുക എന്നതാണു ഇപ്പോൾ അവന്റെ ജോലി. ഏതെങ്കിലും വാഹനം പതുക്കെ പോകുന്നതു കാണാൻ കൊതിയാകുന്നു എന്നു ഒരിക്കൽ അവൻ പറഞ്ഞു. നിരത്തിൽ ധ്രുതിയില്ലാത്ത ഒരാളെ കാണാൻ എനിക്കും ആഗ്രഹം തോന്നി.
11-12-1997
ഇന്നു മുതൽ സൈഫുവിനു കുത്തിവൈപ്പു നിർത്തി. നെഞ്ചിലെ ഐ.വി.നീഡിൽ മാറ്റി. ഇപ്പോൽ ഗദയിലാതെ അവനു സഞ്ചരിക്കാം. ക്ലോറോമയ്സിൻ ക്യാപ്സൂളും നിർത്തി. ഇപ്പോൾ സിഫാലക്സിൻ, ടേഗ്രറ്റോൾ, ബിക്കാസൂൽസ്സ്‌ എന്നീ ഗുളികകൾ കൊടുക്കുന്നു. ചൊറിച്ചിലും ചുമപ്പും നെഞ്ചിലേക്കും കയ്യിലേക്കും വ്യാപിച്ചിട്ടുണ്ടു. പക്ഷേ അവൻ മാനസികമായി കരുത്തു നേടിയിരിക്കുന്നു. മുമ്പു ഉണ്ടായിരുന്നതു പോലെ മയക്കം ഇല്ല. കുത്തി വൈപ്പിലൂടെ ശരീരത്തിൽ പ്രവേശിച്ച വിഷത്തിന്റെ പ്രവർത്തനമാകാം പുറമേ ത്വക്കിൽ കാണപ്പെടുന്നതു.ഹിതകരമല്ലാത്ത വസ്തുവിനെ തിരസ്കരിക്കാൻ ശരീരം കാണിക്കുന്ന പ്രവണത ആണല്ലോ അലർജി എന്നറിയപ്പെടുന്നതു. പ്രതിദിനം ഡോക്റ്ററന്മർ വന്നു പരിശോധിക്കുന്നതിനാൽ ചൊറിച്ചിലും തിണർപ്പും ഞങ്ങളെ ഭയപ്പെടുത്തുന്നില്ല.
മുറിയിൽ വന്ന നഴ്സിനോടു അവർക്കു നൈറ്റ്‌ ഡ്യൂട്ടി ആണോ എന്നു അമ്മ അന്വേഷണം നടത്തിയതു ഇപ്രകരമാണെന്നു സൈഫു അവന്റെ സഹോദരന്മാരായ ബിജുവിനോടും സെയിലുവിനോടും വിവരിച്ചു.
"സിസ്റ്ററേ രാത്രി നൈറ്റാണോ?"
ഇതു പറഞ്ഞു സഹോദരന്മാർ ചിരിച്ചതിനാൽ അമ്മയും മകനും സൗന്ദര്യപ്പിണക്കത്തിലാണു.അവന്റെ നർമ്മം മെഡിക്കൽ കോളേജിലെ വിരസത മാറ്റാൻ പലപ്പോഴും ഉപകരിക്കുന്നു
13-12-1997
7 ദിവസം ഗുളിക കൊടുക്കുകയും ആ ദിവസങ്ങളിൽ പനി വരാതിരിക്കുകയും ചെയ്താൽ സൈഫുവിനെ ഡിസ്‌ ചാർജു ചെയ്തേക്കാം എന്നു ഡോക്റ്റർ ആലപ്പാടൻ പറഞ്ഞു.
15-12-1997
ഡിസ്‌ ചാർജു ചെയ്യാൻ സമയം ആയപ്പോൾ സഹനശക്തി നഷ്ടപ്പെടുകയാണു. ഡോക്റ്റർ അറിയതെ ഇവിടെ നിന്നും കടന്നാൽ എന്തെന്നു വരെ തോന്നൽ ഉണ്ടായി.പേ വാർഡിൽ ജനറൽ വാർഡിലെ പോലെ വവ്വാൽ ഡോക്റ്ററുടെ കുടി ഇറക്കു ഭീഷണി ഇല്ല. ഡോക്റ്റർ മാർത്താണ്ഡൻ പിള്ള ലീവിലാണു.അദ്ദേഹം വന്നാൽ മാത്രമേ ഡിസ്‌ ചാർജു ചെയ്യുകയുള്ളൂ എന്നാണു അറിയാൻ കഴിഞ്ഞതു. പേ വാർഡിലെ എല്ലാ നിലകളിലും ലിഫ്റ്റ്‌ വഴി ഞാനും സൈഫുവും ചുറ്റിക്കറങ്ങി നടക്കും. ബോറടി മാറ്റാൻ അവൻ കണ്ട പോം വഴിയാണതു. ഏറെ ദിവസം ഒരേ കിടപ്പിലായതിനാൽ നടക്കാൻ അവനു അതിയായ ആഗ്രഹം. അവന്റെ ഉത്സാഹത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഡോക്റ്റർ മാർത്താണ്ഡൻപിള്ള വന്നു പരിശോധിച്ചു കഴിഞ്ഞു ഇനിയും കുറെ ദിവസം കൂടി കിടക്കണമെന്നു പറഞ്ഞാൽ എന്തു ചെയ്യുമെന്നാണു അവന്റെ ഭീതി.ടെൻഷൻ....ആകെ ടെൻഷൻ.
16-12-1997 പകൽ 5.30
ഡോക്റ്റർ മാർത്താണ്ഡൻപിള്ള ലീവു തീർന്നു ഇന്നെത്തുമെന്നറിഞ്ഞു സൈഫു രാവിലെ തന്നെ കുളിച്ചു തയാറായി വരാന്തയിൽ നിന്നു. ഞങ്ങൾ രണ്ടു പേരും കോണിപ്പടി ഭാഗത്താണു നിന്നതു.ഇനിയും കുറേ ദിവസങ്ങൾ ഇവിടെ കിടക്കണമെന്നു ഡോക്റ്റർ ആവശ്യപ്പെടും എന്ന ശങ്കയിലാണു സൈഫു. അതിനാൽ താൻ ആരോഗ്യവാനാണു എന്നു എങ്ങിനെയും ഡോക്റ്ററെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിലാണു അവൻ.
ഡോക്റ്റർ കോണിപ്പടി കയറി വരുമ്പോൾ ഞങ്ങൾ മുമ്പേ നടക്കണം. അപ്പോൾ ഡോക്റ്റർ സൈഫുവിനെ കാണൂകയും അവന്റെ നടപ്പു നിരീക്ഷിച്ചു അവൻ ആരോഗ്യവാനാണെന്നു ബോദ്ധ്യപ്പെടും. ഇതെല്ലാമായിരുന്നു അവന്റെ പ്ലാൻ. പക്ഷേ ഏറെ നേരം കാത്തു നിന്നിട്ടും ഡോക്റ്റർ വന്നില്ല. ഞങ്ങൾ നിരാശരായി താഴത്തെ നിലയിൽ പോയി അന്വേഷിക്കാമെന്നു കരുതി. താഴെ നിലയിലെ വരാന്തയിലെത്തിയപ്പോൾ അവിടെ നിന്നും ഡോക്റ്റർ പെട്ടെന്നു മുകളിലെ പടികൾ കയറുന്നതാണു കണ്ടതു. ഡോക്റ്റർ ആലപ്പാടനും കൂടെ ഉണ്ടു. ഞങ്ങൾ പുറകിലായി പോയതു കാരണം നടന്നു കാണിക്കൽ പരിപാടി പാളി. എങ്കിലും ഞങ്ങൾ ഡോക്റ്ററുടെ തൊട്ടു പുറകെ കൂടി. പെട്ടെന്നു അദ്ദേഹ തിരിഞ്ഞു നോക്കി സൈഫുവിനെ കണ്ടു. "ഇതു അവനല്ലേ" എന്നു ഡോക്റ്റർ ആലപ്പാടനോടു ചോദിച്ചു. അതെ എന്നു അദ്ദേഹം തലകുലുക്കി. ഞങ്ങളുടെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ അദേഹം അകത്തു കയറാതെ നേരെ നടന്നു. ഞങ്ങൾ നിരാശരായി നോക്കി നിന്നുഡിസ്‌ ചാർജു ഇന്നും നടക്കില്ല. സൈഫുവിന്റെ മുഖം വാടി.(ഡയറിക്കുറിപ്പു ബാക്കി ഭാഗവും ഡിസ്‌ ചാർജിനു ശേഷം സൈഫു കടന്നു പോയ അനുഭവങ്ങളുമടങ്ങിയ താണ് പോസ്റ്റിന്റെ അടുത്തതുംഅവസാനത്തേതുമായ ഭാഗം )




"

1 comment: