അടുത്ത ദിവസം കണ്ടൊരു വീഡിയോ രസാവഹമായിരുന്നു, അത് ചിന്തിപ്പിക്കുന്നതുമായിരുന്നു.
നാലഞ്ച് ചെറുപ്പക്കാർ വലിയ ഒരു ചാക്ക് കെട്ട് ചുമന്ന് കൊണ്ട് വന്ന് ഉയരത്തിൽ നിന്നും താഴ്ചയിലേക് പൊക്കി എറിഞ്ഞു. അതിലൊരുത്തൻ സ്വഗതം എന്നവണ്ണം പറഞ്ഞു.
“മറ്റൊരു നിവർത്തിയുമില്ല മൊബൈൽ തുറക്കാൻ പറ്റുന്നില്ല, അപ്പോഴേക്കും തുടങ്ങും.....“ പറഞ്ഞ് തീരുന്നതിന് മുമ്പ് ചാക്ക് കെട്ടിന് അനക്കം വെച്ചു അതിൽ നിന്നും അമ്മേ വിളിയും പെരിയോനേ റഹുമാനേ....എന്ന് ഉച്ചത്തിൽ പാട്ടും തുടങ്ങി. ഉടൻ ചെറുപ്പക്കാർ വലിയ കമ്പുകളുമെടുത്ത് ഓടി വന്ന് ചാക്ക് കെട്ടിൽ അച്ചാലും മുച്ചാലും തല്ലി അനക്കമില്ലാതാക്കി. എന്നിട്ട് അവരെല്ലാം താഴെ നിന്നും വലിഞ്ഞ് മുകളിലെത്താൻ ശ്രമം നടത്തുമ്പോൾ ദാ വീണ്ടും ചാക്ക് കെട്ടിൽ നിന്നും പെരിയോനേ...പാട്ട്. ചെറുപ്പക്കാർ വൈരാഗ്യത്തൊടെ ഒടി വന്ന് ചാക്ക് കെട്ട് കുഴിയിലാക്കി ഒരു മൺകൂന ഉണ്ടാക്കി അതിനു മുകളിൽ ഭാരവും എടുത്ത് വെച്ച് ഇതോടെ തീരുമല്ലോ ശല്യം എന്ന ആശ്വാസത്തോടെ മുകളിലെത്തിയപ്പോഴേക്കും കുഴി തുറന്ന് ഒരുത്തൻ കൂപ്പ് കയ്യോടെ മുകളിലേക്ക് വന്ന് ആകാശത്ത് നോക്കി പിന്നെയും പാട്ടുമായി വിളിക്കുമ്പോൾ ചെറുപ്പക്കാർ എല്ലാവരും ഞങ്ങൾ തോറ്റു എന്ന മട്ടിൽ തലക്ക് കയ്യും കൊടുത്തിരിക്കുന്ന ഒരു വീഡിയോ ആയിരുന്നത്.
ശരിയാണ്...മൊബൈലും കമ്പ്യൂട്ടറും തുറന്നാൽ അപ്പോൾ തുടങ്ങും ആരെങ്കിലും പെരിയോനേ റഹുമാനേ...... ഗീതം. ആ പാട്ട് നല്ലൊരു ഈണത്തിലാണ് സമ്മതിച്ചു. എന്നാലും എല്ലാറ്റിനും ഇല്ലേ ഒരു ലിമിറ്റ്. നല്ല പായസം എന്ന് കണ്ട് മുച്ചൂടും പത്ത് നേരം ചെലുത്തിയാൽ എന്താകും ഗതി. മാത്രമല്ല ഏത് നേരവും ആട് ജീവിതവും നജീബും കാട്ടറബിയും കുഞ്ഞിക്കായും സജീവമായി നില നിർത്താൻ വിവിധ തരത്തിലുള്ള ചോദ്യോത്തരങ്ങളും ആസ്വാദ രീതികളും നിറഞ്ഞ് നിൽക്കുകയാണ് ഇപ്പോൾ ഓൺ ലൈൻ ഇടങ്ങൾ.
നജീബ് മൃഗ രതി നടത്തിയോ ?അത് സിനിമായിൽ ഷൂട്ട് ചെയ്ത് പിന്നെ സെൻസറിൽ ഇല്ലാതായതാണൊ ഹേയ്! അങ്ങിനെ ഒന്ന് സംഭവിച്ചിട്ടേ ഇല്ലാ...ഷൂട്ടും ചെയ്തില്ല, ഒന്നുമില്ല“ സംവിധായകൻ ഒരു തരത്തിൽ പറയുന്നു, കഥാ പാത്രം നിഷേധിക്കുന്നു, ആകെ ജഗ പൊക..എന്തൊരു ബഹളം!!!
ഇപ്പോൾ രംഗത്ത് വന്ന കുഞ്ഞിക്കാ ആണൊ മറ്റേ കുഞ്ഞിക്ക..ഹേയ്! ഈ കുഞ്ഞിക്കാ ഡ്യൂപ്പാണെന്ന് നോവലിസ്റ്റ്..അല്ല അദ്ദേഹം തന്നെ ഇദ്ദേഹം എന്ന് സാക്ഷികൾ അനവധി രംഗത്ത് നിറഞ്ഞാടുന്നു.
അങ്ങിനെ പല തരത്തിലുള്ള പ്രശ്നോത്തരികൾ സജീവമായി നില നിർത്തി രംഗം കൊഴുപ്പിക്കുമ്പോൾ അതായത് സിനിമാ കാണാത്തവരും കാണാനായി രംഗത്തിറങ്ങാൻ പ്രേരകമാകുമ്പോൾ ഇതൊന്നും ഇവിടെ പുതിയതല്ലാ എന്നും സിനിമാ ലോകത്തെ പഴയ താപ്പാനകൾ ഇതിലും വലിയ അടവുകൾ പയറ്റിയുണ്ട് എന്നതും മറക്കേണ്ടാ.
പണ്ട് എന്റെ കുഞ്ഞ്ന്നാളിൽ ഉമ്മാ എന്ന കുഞ്ചാക്കോ പടത്തിന് വേണ്ടി ഇറക്കിയ വേല പറഞ്ഞ് കേട്ടത് ഓർമ്മ വരുന്നു. തന്ത്രം മെനയാൻ വിദഗ്ദനായ നിർമ്മാതാവ് കുഞ്ചാക്കോ ഉമ്മാ പടമെടുക്കുന്നു. ഒരു മുസ്ലിം കഥയാണ് ഉമ്മ.. ഉദയാ സ്റ്റുഡിയോവിൽ നിന്നും പടം പുറത്ത് വരുന്നതിനു മുപ് തന്നെ കുഞ്ചാക്കോ മുതലാളി ആർക്കോ പൈസാ കൊടുത്ത് “മുസ്ലിങ്ങളെ അപാമാനിക്കാനാണ് ഈ പടമെന്ന് പറഞ്ഞ് കുഞ്ചാക്കോയെ തന്നെ തെറി വിളിക്കാൻ ഏർപ്പാടാക്കി. പൈസാ വാങ്ങിയ കക്ഷി ആലപ്പുഴ പടിഞ്ഞാറേ മുസ്ലിം ജമാത്ത് പള്ളി വാതിൽക്കൽ ഒരു ജുമാ നമസ്കാരം കഴിഞ്ഞ് ആൾക്കാർ ഇറങ്ങി വരുന്ന നേരം നോക്കി വെടി പൊട്ടിച്ചു. പലരുടെയും രക്തം തിളച്ചു. ആകെ ബഹളം. ആ സമയം തന്നെ ചാക്കോച്ചൻ പ്രമുഖ മുസ്ലിം പ്രമാണിമാരെ കൊണ്ട് ഹേയ്! പടത്തിന് ഒരു കുഴപ്പവുമില്ല എന്ന് പ്രസ്താവനയും ഇറക്കിച്ചു. ശരാശരി പടമായിരുന്ന ഉമ്മ അന്ന് 100 ദിവസം ഓടിയെന്നത് പിന്നീടുള്ള ചരിത്രം. പലരും ഇപ്രകാരംപിന്നീടും വിവാദങ്ങളിലൂടെ സിനിമകൾക്ക് റേഞ്ച് കൂട്ടിയിട്ടുണ്ട്.
ഇപ്പോൾ ആന ജീവിതവും ആ വഴി പിൻ തുടരുന്നതാണോ എന്ന് സംശയിച്ച് പോകുന്നു. പടം സജീവമായി നില നിർത്തണം അതിന് ഇങ്ങിനെ വിവാദങ്ങൾ സൃഷ്ട്ടിച്ചാലല്ലേ പറ്റൂ.
തിരഞ്ഞെടുപ്പ് എങ്ങിനെ അവസാനിക്കും ഭാരത്തിന്റെ ഭാവി എന്ത് എന്ന് തല പുകക്കുമ്പോഴാണ് അർബാബിന്റേതും ആട് ജീവിതമല്ലേ അയാളുടേതും നജീബിനോടൊപ്പമല്ലേ അയാളും കഴിഞ്ഞത് എന്ന് അടുത്ത ചോദ്യവും പൊക്കി കൊണ്ട് വിദഗ്ദന്മാർ വന്ന് അടുത്ത വിവാദമുണ്ടാക്കാനുള്ള തയാറെടുപ്പെന്നാണ് അറിവ്.
No comments:
Post a Comment