ഒരു തോർത്ത് കൊണ്ട് വീശിയാൽ തീരുന്ന ചൂടും ഒരു തോർത്ത് പുതച്ചാൽ മാറുന്ന തണുപ്പുമാണ് കേരളത്തിലെ കാലാവസ്ഥ എന്ന് പ്രസിദ്ധ സാഹിത്യകാരൻ സി.രാധാക്രിഷ്ണൻ പറഞ്ഞ് വെച്ചിട്ടുണ്ട്. ശരിയാണ്. അത് ആയിരത്തി തൊള്ളായിരത്തി അന്ന്. ഇന്ന് ഒരു തോർത്തിന് പകരം ഒരു എ.സി. കൊണ്ട് വീശിയാലേ ചൂട് തീരുകയുള്ളൂ എന്ന മട്ടിലായി. അപൂർവമായി കണ്ട് വന്നിരുന്ന ആഡംബര വസ്തുവായ എയർ കണ്ടീഷണർ ഇന്ന് സാധാരണക്കാരന്റെ വീട്ടിലെ നിത്യ കാഴ്ചയായി മാറിയിരിക്കുന്നു. അതിൻ പ്രകാരം കൊടുക്കേണ്ട കറന്റ് ചാർജ് ദുസ്സഹമായി തീർന്നു കഴിഞ്ഞു. ഇനി എത്ര രൂപാ ചെലവായാലും സാരമില്ല ഈ ചൂട് സഹിക്കാൻ വയ്യാ എന്ന അവസ്ഥയിൽ മനുഷ്യന് എന്ത് ചെയ്യാൻ കഴിയും. കൊച്ച് കുഞ്ഞുങ്ങൾ വെന്തുരുകുന്ന ചൂട് കാലാവസ്ഥ വല്ലാതെ അസ്വസ്തപ്പെടുത്തുന്നു.
വലിയ രീതിയിൽ മാറ്റമില്ലാതെ കേരളത്തിലെ കാലാവസ്ഥ നില നിന്ന് വരികയായിരുന്നു. അത് കൊണ്ട് തന്നെ അന്യ സംസ്ഥാനക്കാർക്ക് കേരളം സ്വർഗമായി മാറി. മദിരാശിയിലെ തിളച്ച് മറിയുന്ന ചൂടിൽ നിന്നും ചെങ്കോട്ട തുരങ്കം കടന്ന് തെന്മല എത്തുമ്പോഴുള്ള ആ കുളിർമയുണ്ടല്ലോ അതിന്ന് പഴംകഥയായി മാറിയിരിക്കുന്നു. എന്ത് പറ്റി നമ്മുടെ നാടിന് ?
പണ്ട് മലയാളികൾ കടൽ കടന്ന് ഗൾഫിലെത്തി അവിടെ നമ്മുടെ പ്രഭാവം കാണിച്ചു. ഇതാ ഇപ്പോൾ മലയാളിയുടെ പുറകേ അവന്റെ സ്വന്തം മഴയും കടൽ കടന്ന് ഗൾഫിൽ ചെന്ന് തകർത്ത് പെയ്യുന്നു. മഴ അക്കരെ തകർത്ത് പെയ്യുമ്പോൾ ഇക്കരെ മലയാളി മഴ എവിടെ പൊയി മക്കളെ എന്ന് ആർത്ത് വിളിച്ച് കാലാവസ്ഥാ പ്രവചനവും പ്രതീക്ഷിച്ച് കഴിയുകയാണ്.
മറ്റെല്ലാ പ്രശ്നങ്ങളും മാറ്റി വെച്ച് കാലാവസ്ഥ വ്യതിയാനത്തെ പറ്റി പഠിക്കേണ്ട സമയം അതിക്രമിച്ചില്ലേ?
No comments:
Post a Comment