Thursday, March 30, 2023

ഒരു ജന്മ ദിന ചിന്തകൾ

 

സൈഫു ഇന്ന് 40 വയസ്സിലേക്ക്.
 30--3--1983 അത് ഇന്നലെയായിരുന്നോ?! അന്നായിരുന്നല്ലോ 
വെളുത്ത് ചുവന്ന നിറത്തിലുള്ള ഒരു കുഞ്ഞിനെ എന്റെ കയ്യിൽ തന്നത്. 
40 വയസ്സ് പക്വതയുടെ വയസ്സാണ്. പക്ഷേ നാൽപ്പതിനു മുമ്പ് തന്നെ അവന് പക്വത വരത്തക്ക വിധത്തിലായിരുന്നു അവൻ കടന്ന് വന്ന  ജീവിതാവസ്ഥകൾ.

ആ കുഞ്ഞ് 14 വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൈനഞിറ്റീസ് ബാധിച്ച് 56 ദിവസം ജീവിത വരയുടെ  അപ്പുറവും ഇപ്പുറവുമായി  കിടന്നപ്പോൾ അവന്റെ നിറവും പ്രസാദവുമെല്ലാം മങ്ങിപ്പോയി. 1997  ഓണക്കാലത്ത് അവന്റെ ഇളയമ്മയുടെ വീട്ടിൽ പോയപ്പോൾ അവിടെ ഉള്ള ഒരു തോട്ടിൽ മുങ്ങിക്കുളിച്ചു ചെവിയിൽ വെള്ളം കയറി എന്നതായിരുന്നു മൈനഞിറ്റീസിന് കാരണമെന്ന് ഡോക്ടറന്മാർ പിന്നീട് പറഞ്ഞു. തലച്ചോറിലെ ആവരണത്തിന് പഴുപ്പ് ബാധിക്കാൻ തക്കവിധം മൈനഞിറ്റിസ് രോഗം തിരിച്ചറിയാതെ  താമസിച്ച് പോയി

 മെഡിക്കൽ  കോളേജിലെ ആ  കിടപ്പ് ആണ് എന്നെ  കൊണ്ട് “ഒരു മെഡിക്കൽ കോളേജ് ഡയറിക്കുറിപ്പ് എന്ന പുസ്തകം പിന്നീട് എഴുതിപ്പിച്ചത് അതിന്റെ ആദ്യ ഭാഗം ഇങ്ങിനെ ആരംഭിച്ചു++++++
27-10-1997        തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഒന്നാം വാർഡിലെ ഒന്നാംനമ്പർ ബെഡ്ഡിൽ ഇരുന്നു ഞാൻ ഈ കുറിപ്പുകൾ എഴുതുന്നു. സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു.മെനൈഞ്ചൈറ്റിസ്‌ രോഗിയായ എന്റെ മകൻ സൈഫു അരികിൽ മയങ്ങുകയാണു.
ഇന്നു തിങ്കളാഴ്ച്ച ഒന്നാം വാർഡിലെ ഓ.പി ദിവസമായതിനാൽ കട്ടിലുകൾ ഒന്നും ഒഴിവില്ല. രണ്ടു കട്ടിലുകൾക്കിടയിൽ തറയിലും രോഗികളുണ്ടു.എന്റെ മകന്റെ കട്ടിലിനു സമീപം തറയിൽ ഒരു ശവശരീരം കിടക്കുന്നു.ഒരു മണിക്കൂർ മുമ്പു മരിച്ച അയാളെ എപ്പോൾ അവിടെ നിന്നും എടുത്തു മാറ്റുമെന്നു അറിയില്ല. മകന്റെ കട്ടിലും മൃതദേഹവും വേർ തിരിക്കാൻ പേരിനു ഒരുസ്ക്രീൻ മാത്രം.സ്ക്രീനിന്റെ അടിവശത്തുകൂടി മൃതദേഹത്തിന്റെ വിറങ്ങലിച്ച കാലുകൾ പുറത്തേക്കു നീണ്ടിരിക്കുന്നു.മരിച്ച ആളുടെ മകൾ ഭിത്തിയിൽ ചാരി ഇരുന്നു തേങ്ങുകയാണു. കുറച്ചു മുമ്പു അവർ അലമുറയിടുകയും പിതാവു കഴിഞ്ഞ കാലങ്ങളിൽ തന്നോടു കാണിച്ചിരുന്ന വാൽസല്യം എണ്ണീ എണ്ണീ പറയുകയും ഇനി അപ്രകരം തന്നോടു ദയ കാണിക്കാൻ ഈ ലോകത്തു ആരുണ്ടു എന്നു പരിതപിക്കുകയും ചെയ്തിരുനു.ബന്ധുക്കൾ അടുത്തു വരുമ്പോൾ ഈ പരിദേവനം ഒരു വിലാപഗാനത്തിന്റെ രൂപം പ്രാപിച്ചു.വാർഡിലെ എല്ലാ രോഗികളുടെയും ശ്രദ്ധ മരിച്ച ആളിലും കരയുന്ന മകളിലും തങ്ങി നിന്നു. മരണം എപ്പോഴും ഭയം ഉളവാക്കുന്നതിനാൽ പല മുഖങ്ങളിലും സംഭ്രമം തെളീഞ്ഞു നിന്നിരുന്നു.ഏതോ നടപടിക്രമങ്ങളുടെ പേരിൽ ശവശരീരം ഇപ്രകാരം രോഗികളുടെ സമീപം കിടത്തിയിരിക്കുന്നതിൽ എല്ലാവർക്കും അമർഷം ഉണ്ടെന്നു വ്യക്തം.
 ഒരു മണിക്കൂറിനു മുമ്പു ഭാര്യയും ഞാനും അൽപ്പം ദൂരെയുള്ള മൂത്രപ്പുരയിൽ പ്രാഥമിക ആവശ്യം നിർവ്വഹിക്കാൻ പകുതി ദൂരം താണ്ടിക്കഴിഞ്ഞപ്പോഴാണു മകന്റെ കട്ടിലിന്റെ ഭാഗത്തു നിന്നും അലമുറ കേട്ടതു.മകനു എന്തോ സംഭവിച്ചെന്ന ഭയത്തോടെ പാഞ്ഞെത്തിയ ഞങ്ങൾ തറയിലേക്കു നോക്കുന്നതിനു തല ഉയർത്താൻ കഠിന യത്നം നടത്തുന്ന മകനെയാണു കണ്ടതു. തറയിൽ അൽപ്പം മുമ്പു അഡ്മിറ്റ്‌ ചെയ്യപ്പെട്ട രോഗിയുടെ ചലനമറ്റ ശരീരം കിടന്നിരുന്നു. ആ ശവശരീരത്തിൽ തലതല്ലിക്കരയുന്ന സ്ത്രീയുടെനിലവിളിയാണു ഞങ്ങൾ കേട്ടതു.മകന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നിരുന്നു.++++++++++++++(ആ പുസ്തകം നല്ലവണ്ണം വിറ്റഴിക്കപ്പെട്ടു.)

അത്യുന്നതനായ പരമ കാരുണികൻ രോഗ ശമനം നൽകി അവനെ  ഞങ്ങൾക്ക് തിരികെ തന്നു. എങ്കിലും അതിന്റെ തുടർച്ചകൾ  അവന്റെ ജീവിതത്തെ പല നിയന്ത്രണത്തിലുമാക്കുകയും. ആ നിയന്ത്രണങ്ങൾ അവനെ പ്രായത്തിലുപരി പക്വതയിലേക്കുയർത്തുകയും  ചെയ്തു. 
വല്ലപ്പോഴുമുണ്ടാകുന്ന ദേഷ്യം ഒഴിവാക്കിയാൽ അവൻ ഇപ്പോൾ പൊതുവേ സമാധനപ്രിയനാണ്.
   മെഡിക്കൽ കോളേജിൽ  സൈഫു കഴിഞ്ഞിരുന്ന   ദിവസങ്ങളിൽ എനിക്കുണ്ടായ മാനസിക സമ്മർദ്ദങ്ങളും എന്റെ മൂത്ത പുത്രന് പിന്നീടുണ്ടായ കിഡ്നി  തകരാറുകളും ബാഹ്യമായി എന്നെ  ബാധിച്ചില്ലെങ്കിലും അകമേ വല്ലാതെ തളർത്തിക്കളഞ്ഞു. നിത്യ ഹരിത നായകനെന്ന എന്റെ  അഹങ്കാരം  എങ്ങോ പോയി. തഴച്ച് നിന്ന  തലമുടി  എവിടേക്കോ മറഞ്ഞു.മുഖത്തെ ചുവപ്പ് വിളറിയ നിറമായി .എല്ലാ എടുത്ത ചാട്ടങ്ങളും നിലച്ചു. ചുരുക്കത്തിൽ ഞാനുമൊരു പരുവത്തിലായി. വർഷങ്ങൾ എത്രയൊ കഴിഞ്ഞു, എന്നിട്ടും ആ ഷോക്ക്  എന്നെ വിട്ടകന്നില്ല, “ ക്ഷമ അവലംബിക്കുന്നവരോടൊപ്പമാണ് ദൈവം“ (ഇന്നല്ലാഹ മ അ സ്സാഫിരീൻ) എന്ന വേദ വാക്യത്തിൽ മനസ്സൂന്നിയപ്പോൾ   മനസ്സ് ശാന്തമായി.

സൈഫു ഇന്ന് അഭിഭാഷകനാണ്. ഭാര്യ ഷൈനിയോടും ഏക മകൻ സിനാനുമോടൊപ്പം  പ്രപഞ്ച സൃഷ്ടാവിന്റെ കാരുണ്യത്താൽ സമാധാനത്തോടെ  കഴിയുന്നു.

അവർക്ക്  അത്യുന്നതമായ സമാധാനത്തോട് കൂടിയ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു. അതോടൊപ്പം നിങ്ങളുടെ പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ, മംഗളവും.





Monday, March 27, 2023

ഡേറ്റാ മോഷണം

 “ഹലോ ! ഷരീഫ്  സാറല്ലേ....“

“അതേല്ലോ...ആരാ സംസാരിക്കുന്നത്...?“

“സർ, ഇത് ടാറ്റാ കമ്പനീന്നാണ്....പുതിയ ഇനം കാറുകൾ വന്നിട്ടുണ്ട്...ഇവിടേ“

“ എനിക്ക് കാറുകൾ ആവശ്യമുണ്ടെന്ന് നിങ്ങളോട് ആര്പറഞ്ഞു....“

“സർ പുതിയതായി ഇറങ്ങിയ കാറുകളാണ്....അത് കൊണ്ട് തന്നെ റിഡക്ഷൻ സെയിലാണിപ്പോൾ....“

“എന്റെ നമ്പർ  നിങ്ങൾക്ക് എങ്ങിനെ കിട്ടി....“?

“അത്...ഞങ്ങൾക്ക് കിട്ടി...സാർ, കാർ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക....“ ഫോൺ  ബന്ധം നിലച്ചു. കഴിഞ്ഞ ദിവസം എന്റെ ഫോണിൽ വന്ന ഒരു സംഭാഷണമാണ് മുകളിൽ ഉദ്ധരിച്ചത്.

എന്റെ നമ്പർ എവിടെ നിന്നും കിട്ടിയെന്ന ചോദ്യം മാത്രം അന്തരീക്ഷത്തിൽ മറുപടിയില്ലാതെ അലഞ്ഞു  നടന്നു

ഞാൻ സാധാരണക്കാരിൽ സാധാരണക്കാരനാണ്. അത് കൊണ്ട് തന്നെ എന്റെ ഫോൺ നമ്പറും  പ്രസിദ്ധമല്ല. പിന്നെങ്ങിനെ എന്റെ നമ്പർ ആ കമ്പനിക്ക് കിട്ടി. എന്റെ പേരും...?!

സർക്കാർ ആവശ്യങ്ങൾക്ക് ഫാറം പൂരിപ്പിക്കുമ്പോഴും അത് പോലെ മറ്റ് നിശ്ചിത ആവശ്യങ്ങൾക്കും  ഫോൺ നമ്പർ ആവശ്യപ്പെടുന്നിടത്ത് ഞാൻ എന്റെ നമ്പർ കൊടുക്കാറുണ്ട്. പക്ഷേ അത് എന്റെ സ്വകാര്യ ആവശ്യങ്ങൾക്കാണ് അല്ലാതെ  ഇത് പോലുള്ള കമ്പനികൾക്ക് കൈ മാറാൻ ഞാൻ എന്റെ ഫൊൺ നമ്പർ കൊടുത്തിട്ടില്ല. അപ്പോൾ എന്റെ സ്വകാര്യതയിൽ കടന്ന് കയറാൻ തക്കവിധം  എന്റെ ഡേറ്റാ ആരാണ് മറ്റുള്ളവർക്ക് കൈ മാറുന്നത്. 

 സ്വകാര്യ കമ്പനികൾക്കായി ഡേറ്റാ കച്ചവടം ചെയ്യുന്ന  പ്രബലമായ  ബിസ്സിനസ്സ് സമൂഹത്തിൽ തഴച്ച് വളർന്നിട്ടുണ്ട് എന്ന് തന്നെ  വിശ്വസിക്കേണ്ടി വരുന്നു. അവർ നമ്മുടെ സ്വകാര്യതയിലേക്ക് എത്തി നോക്കി കൊണ്ടിരിക്കുകയാണ്. അത് ക്രിമിനൽ കുറ്റമാണെങ്കിലും ശരി. 


Sunday, March 19, 2023

പെൻസിലിൽ തുടങ്ങി

 പെൻസിൽ...അത് രണ്ടാം ക്ളാസിൽ ആയപ്പോഴാണ്` ലഭിച്ചത്.

. അതും രണ്ടായി മുറിച്ച് ഒരു പകുതിയാണ് വീട്ടിൽ നിന്നും ആദ്യം തന്നത്. മുഴുവനായി തന്നാൽ  മുന കൂർപ്പിച്ച് പെട്ടെന്ന് തീർത്താലോ. റൂളി പെൻസിലെന്ന് അന്ന് പെൻസിലിന് മറ്റൊരു പേരുണ്ട്. റൂളി എന്ന ഓമനപ്പേരുമുണ്ട്. നാലാം ക്ളാസിലെത്തിയപ്പോൾ കുപ്പിയിൽ മഷിയും  അതിൽ മുക്കി എഴുതാൻ ഒരു പേനയും കിട്ടി. സ്റ്റീൽ പേനാ എന്നായിരുന്നു ആ പേനായുടെ പേര്. നിലത്ത് വീണാൽ നിബ്ബ് വളഞ്ഞ് പോകുമെന്ന ഒരു ദൂഷ്യവും  കൂടാതെ ഷർട്ടിൽ അങ്ങിങ്ങായി മഷി വീണ പാടും ഞാൻ  സ്റ്റീൽ പേനാ ഉപയോഗിക്കുന്നവനാണെന്ന  അടയാളം കാണിച്ചു തന്നു. അഞ്ചാം ക്ളാസിലെത്തിയപ്പോൾ ഫൗണ്ടൻ പേനാ എന്ന അമൂല്യവും അന്തസ്സുള്ളതുമായ പേനാ കിട്ടി. ആദ്യമായി കിട്ടിയത് 15 പൈസാ വിലയുള്ള സാധാരണ പേനയായിരുന്നു. പിന്നീട് എപ്പോഴോ ബോംബയിൽ നിന്നും വന്ന ഒരു അമ്മാവൻ പച്ച നിറത്തിലുള്ള  വില ഉള്ള ഒരു പേനാ കൊണ്ട് വന്ന് തന്നു. അത് ഷർട്ടിൽ കുത്തി അന്തസ്സ് പ്രകടിപ്പിച്ച് നടന്നത് ഇന്നും ഓർമ്മിക്കുന്നു. 

 അന്ന് ഒരു പേനാ വഴിയിൽ കിടന്ന് കിട്ടുന്നത്  ഭാ‍ഗ്യ ലക്ഷണമായിരുന്നു..

എന്റെ ആദ്യ കാല കഥകളെല്ലാം  ഫൗണ്ടൻ പേനായിലൂടെ പുറത്ത് വന്നു. ഏത് കഥ അച്ചടിച്ച് വന്നുവോ ആ പേനാ ഐശ്വര്യമുള്ളതായി അന്ന് കരുതി.  ഹീറോ പാർക്കർ, ഷിഫേഴ്സ് തുടങ്ങിയ   രാജ വംശ പേനകളെല്ലാം അന്നത്തെ അന്തസ്സിന്റെ പ്രതീകമായിരുന്നല്ലോ.

 മഷി പേനാ ബാൾ പെന്നിന് വഴി മാറിക്കൊടുത്തത് എത്ര പെട്ടെന്നായിരുന്നു. പൃ ഷ്ഠത്തിൽ തള്ള വിരൽ ഞെക്കിയാൽ  എഴുതുന്ന മുന പുറത്ത് വരികയും പിന്നെ ഞെക്കിയാൽ മുന അകത്തേക്ക് തിരിച്ച് പോവുകയും ചെയ്യുന്ന ബാൾ പെന്നുകൾ സർവ സാധാരണമായി.

ഇപ്പോൾ ആ പേനായും  പതുക്കെ പതുക്കെ അപ്രത്യക്ഷമായി തുടങ്ങി. ഒപ്പിടാൻ പേന പോക്കറ്റിൽ സ്ഥിരം കരുതുന്ന സ്വഭാവം നാം മറന്നുവല്ലോ. ഒപ്പിടാൻ ആവശ്യം വരുമ്പോൾ ഒരു പേനാ....ഒരു പേനാ എന്ന് നമ്മൾ  നാലു ചുറ്റും പോക്കറ്റുകളിലേക്ക് നോക്കും. അത് ബാങ്കിലായാലും പോസ്റ്റ് ഓഫീസിലായാലും ശരി. 

ഇപ്പോൾ എഴുത്തില്ല അത് ആധാരം എഴുത്തായാലും  കഥ എഴുത്തായാലും  ശരി എല്ലാം കമ്പ്യൂട്ടറിലും കീ ബോർഡിലുമായി മാറി. 

ഇപ്പോൾ  ഈ കുറിപ്പുകൾ  പേനാ കൊണ്ടല്ലല്ലൊ അത് കുറിക്കാൻ നോട്ട് ബുക്കും കടലാസ്സും വേണ്ടാ. എല്ലാം കമ്പ്യൂട്ടറിലായി മാറി.  ഇനി...ഇനി എന്തായിരിക്കും അടുത്ത മാറ്റം.....???

Friday, March 10, 2023

ദേ! പുട്ട്...

 എറുണാകുളത്ത് ഞങ്ങൾ നാല് പേർ എത്തിയത് ഒരു കക്ഷിയെ കാണാൻ വേണ്ടിയായിരുന്നു. കാര്യം കഴിഞ്ഞപ്പോൾ രാത്രി ഒൻപത് മണി കഴിഞ്ഞു. ഇനി വിദൂരമായ കൊട്ടാരക്കരയിലേക്ക് കാറിൽ സഞ്ചരിക്കണം. രാത്രി ആഹാരം ഇവിടെ നിന്ന് കഴിക്കാം എന്ന് കൂടെ ഉണ്ടായിരുന്ന സ്നേഹിതൻ അഭിപ്രായപ്പെട്ടതിനാൽ  ഞങ്ങൾ എല്ലാവരും കൂടി  ഇടപ്പള്ളിയിലെ പുട്ട് കടയിലേക്ക് തിരിച്ചു. പുട്ട് മാത്രമാണ് അവിടെ കച്ചവ്ടമെന്നും എല്ലാ പുട്ടും അവിടെ ലഭിക്കുമെന്നും കൂടെ ഉള്ളവർ പറഞ്ഞതിനാൽ ഉള്ളിൽ കൗതുകം തോന്നിയിരുന്നു. അവിടെ ചെന്നപ്പോൾ സങ്കൽപ്പത്തിലുള്ള പുട്ട് കടയേക്കാളും വ്യത്യസ്തമായി വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടെയുള്ള  ഒരു വലിയ ഹോട്ടലാണ് കണ്ടത്. പ്രസിദ്ധനായ ഒരു സിനിമാ താരത്തിൻടേതാണ് പോലും  ഹോട്ടൽ. എന്തായാലും അകത്തെക്ക് കയറി.

നിറയെ ജനം. പെണ്ണും പിറുക്കുണിയും എല്ലാമുണ്ട് ഇവറ്റകളൊന്നും  രാത്രിയിൽ വീട്ടിൽ ആഹാരം പാകം ചെയ്യാറില്ലേ? അതോ ഞങ്ങളെ പോലെ യാത്രക്കാരാണോ   . കൂടെ ഉള്ളവരുടെ സംസാരത്തിൽ നിന്നും സിറ്റി സംസ്കാരം  ഇതാണെന്നും രാത്രി അടുപ്പ് കൂട്ടി  മെനക്കെടേണ്ട ആവശ്യമില്ലെന്നും  കയ്യും കഴുകി ഹോട്ടലിലെ മേശക്കരികിൽ ഇരുന്നാൽ ഇഷ്ടമുള്ള ആഹാരം സിറ്റിയിൽ എവിടെ നിന്നും  ലഭ്യമാണെന്നും മാത്രമല്ല അതൊരു ഫാഷനാണെന്നും  രാത്രി കാറുമെടുത്ത് ഹോട്ടലിൽ  പോയി കഴിക്കുന്നത്  ഫാഷന്റെ ഭാഗമാണെന്നും  അത് സ്ഥിരം പതിവ് മാത്രമാണെന്നും കേട്ടപ്പോൾ  ഞാൻ അന്തം വിട്ടില്ല, നാട്ടുമ്പുറത്ത്കാരനായ എനിക്ക് ഉള്ളിൽ നഗര വാസികളോട് പരിഹാസം തോന്നുകയാണുണ്ടായത്.

യൂണിഫോമിട്ട പരിചാരകർ തലങ്ങും വിലങ്ങും ഓടി നടക്കുന്നുണ്ട്. ഓർഡർ എടുക്കാൻ ഒരു വിദ്വാൻ കുറിപ്പ് പുസ്തകവുമായി ഞങ്ങളെ സമീപിച്ചു. പുട്ട് എന്ന് പറഞ്ഞ് പൂർത്തിയാക്കുന്നതിനു മുമ്പ് ഏത് പുട്ട്? ആ പുട്ട്...ഈ പുട്ട്....? മറ്റേ പുട്ട്....? ഓ! പുട്ട്? ഇറച്ചിയിട്ട് മിക്സ് ചെയ്ത പുട്ട്... വീറ്റ്...?..റൈസ്..... ഇങ്ങിനെ വിവിധ തരം പുട്ട് ഇനങ്ങൾ ടിയാന്റെ ചുണ്ടിൽ നിന്നും അനർഗ്ഗളമായി പ്രവഹിച്ചു. ഞങ്ങൾ സാദാ പുട്ടിന് പറഞ്ഞപ്പോൾ ഇറച്ചി കറി ഏത് ഇനമെന്ന ചോദ്യമായി. തുടർന്ന് അരക്കപ്പ് വീതം ചുക്ക് കാപ്പിയും പപ്പട കഷണം പൊരിച്ച ഒരു ചെറു കുട്ടയും പുറകേ ബഹുമാനപ്പെട്ട പുട്ടും ഇറച്ചിക്കറിയും രംഗത്തെത്തി.

ഉള്ളത് പറയാമല്ലോ നമ്മുടെ നാട്ടിൻ പുറത്തെ  ഷംസുദ്ദീന്റെ ചായക്കടയിലെ  പുട്ടിന്റെ ഏഴയലത്ത് പോലും ഈ പുട്ട് എത്തുകയില്ല. സംഗതി കഴിച്ച് തീർത്ത് എഴുന്നേറ്റ് പുറത്തിറങ്ങി. സ്നേഹിതനായിരുന്നു യാത്രയിലെ മുഴുച്ചെലവും എന്നതിനാൽ ബിൽ എത്രയായെന്ന് ഞാൻ അന്വേഷിച്ചു. കഴിച്ച ആഹാരത്തിന്റെ വില അന്വേഷിക്കുന്നത് ഒരു ജാതി  താഴ്ന്ന പരിപാടിയാണെന്ന് അയാൾ ചുണ്ടിന് കീഴെ പിറു പിറുത്തെങ്കിലും എനിക്കത് നിർബന്ധമായി അറിയണമായിരുന്നു. എന്ത്കൊണ്ടെന്നാൽ ഇനി ഒരു ദിവസം  ഈ ഹോട്ടൽ ഒഴിഞ്ഞ് വെക്കണമെങ്കിൽ  ഇവിടത്തെ വില അറിയണമല്ലോ. 1500 രൂപയോളമായിരുന്നു  നാല് പേരുടെ ബിൽ.

വിലയല്ല ഇവിടെ പ്രധാനം...സ്നേഹിതൻ പറഞ്ഞു. എറുണാകുളത്ത് വരുമ്പോൾ ഇത്പോലുള്ള ഹോട്ടലിൽ കയറി കാപ്പി കുടിക്കുന്നു എന്നതാണ് പ്രധാനം. ശരിയാണ് ഞാൻ ഓർത്തു. ആ ഹോട്ടലിനുള്ളിൽ നിറഞ്ഞിരുന്ന എല്ലാവർക്കും ബില്ലോ ആഹാരത്തിന്റെ രുചിയോ അല്ല പ്രധാനം പൊങ്ങച്ചത്തിനാണ് മുൻ ഗണന‘. ഇന്ന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്ന വീമ്പ്. അതാണ് അതിന്റെ ഒരു ത്രില്ല്. രാമൻ കുട്ടിയുടെ  മാടക്കടയിൽ നിന്നും ഒരു പാക്കറ്റ് ബിസ്കറ്റ്  വാങ്ങി എന്ന് പറയുന്നതിനേക്കാളും ഞാൻ ലുലുവിൽ പോയി വാങ്ങി എന്ന് പറയുന്നതാണ് ശേല്.

നീലക്കുയിൽ സിനിമയിലെ  കായലരികത്ത് ഗാനം ആലപിക്കുന്ന ചായക്കട  ഓർമ്മയുണ്ടോ? അത് പോലുള്ള ചായക്കടയിൽ നിന്നും ഒരു ആപ്പുമടിച്ച്  “ഇവിടെ രാഷ്ട്രീയം പറയരുത്“ എന്ന്   ചോക്ക് കൊണ്ട് എഴുതിയ ബോർഡിന് താഴെ ഇരുന്ന്  “മുഖ്യ മന്ത്രിയെ ഇറക്കി വിടും“ എന്ന് ശക്തിയുക്തം രാഷ്ട്രീയവും പറഞ്ഞ് ഒരു പുട്ടും കടലയും കഴിക്കുന്നതിൽ പൊങ്ങച്ചമില്ലെങ്കിലും  വല്ലാത്തൊരു അനുഭൂതിയും സുഖവുമുണ്ടല്ലോ...കൂട്ടത്തിൽ  പോക്കറ്റും കീറില്ലാ എന്ന സമാധനവും......

Thursday, March 2, 2023

എരി പൊരി വെയിലത്തെ പെൻഷൻ

നട്ടുച്ച നേരം. തിളച്ച് മറിയുന്ന ടാറിട്ട റോഡ്.. അത്യാവശ്യമായി  നഗരത്തിലേക്ക് പോകേണ്ടിയിരുന്നതിനാൽ ഒരു കുടയും ചൂടി ഞാൻ റോഡിലെത്തിയപ്പോഴാണ്  എനിക്ക് പരിചയമുള്ള ആ സ്ത്രീയെ കണ്ടത്. അവർ ഒരു വിധവയാണ്. റോഡ് കയറ്റം തുടങ്ങുന്ന  സ്ഥലത്ത് തിളച്ച ചൂടിൽ അവശയായി,  കയറ്റം എങ്ങിനെ  താണ്ടുമെന്ന ആശങ്കയാൽ  റോഡരികിൽ നിൽക്കുന്ന ശീമക്കൊന്ന മരത്തിന്റെ തണലിൽ വിയർത്തൊലിച്ച് നിൽക്കുകയായിരുന്നു അവർ.

“ഈ നട്ടുച്ച നേരത്ത് എവിടെ പോയിട്ട് വരുന്നു?  “ ഞാൻ കുശലം അന്വേഷിച്ചു.

 വിളറിയ പുഞ്ചിരിയോടെ അവർ പറഞ്ഞു “ഒരു മാസത്തെ പെൻഷൻ  കൊടുക്കുന്നു എന്ന് പത്രത്തിൽ കണ്ടു...അത് വാങ്ങാനായി ബാങ്കിൽ പോയതാ.... അവിടെ ചെന്നപ്പോൾ ആ വാർത്ത പത്രമാഫീസ് വരയേ എത്തിയുള്ളൂ ബാങ്കിൽ വന്നില്ല എന്നും അതിന് ഇനിയും ദിവസങ്ങൾ എടുക്കുമെന്നും ബാങ്ക്കാർ പറഞ്ഞു, ഇനി തിരിച്ച് പോവുകയാ സാറേ.....ഒരു മാസമെങ്കിൽ ഒരു മാസം...അതെങ്കിലുമാകട്ടെ എന്ന് കരുതി വെയില് കണക്കാക്കാതെ  ഇറങ്ങിയതാ...ഇനി ഇപ്പോ....“ അവരുടെ മുഖത്ത് വലിയ നിരാശ കണ്ടു.

ആ സ്ത്രീ  തണലിൽ നിന്നുമിറങ്ങി ഏറ്റം കയറാൻ ആരംഭിച്ചു.

ഒന്നും പറയാനാകാതെ ഞാൻ അവരുടെ പോക്ക് നോക്കി നിന്നു.

സർക്കാർ പെൻഷൻ പ്രതീക്ഷിച്ച് ദിവസങ്ങൾ കഴിച്ച് കൂട്ടുന്ന എത്രയോ ജന്മങ്ങൾ ഈ നാട്ടിലുണ്ട്. അവരിലൊരാളാണ് ഈ സ്ത്രീയും. അത് കൊണ്ടാണ് പത്ര വാർത്ത അറിഞ്ഞ ഉടൻ  അവർ ഈ എരിപൊരി വെയിലത്ത് പൈസായുടെ ബുദ്ധിമുട്ടിനാൽ ഇറങ്ങി തിരിച്ചത്. ബാങ്കിൽ പെൻഷൻ വന്നില്ല എന്നറിഞ്ഞപ്പോൾ അവരുടെ ഉള്ളിലുണ്ടായ നിരാശ എത്രമാത്രമായിരിക്കുമെന്നാലോചിച്ച് നോക്കൂ.

ആരാണ് ഈ കാര്യത്തിൽ കുറ്റക്കാർ.

ഇങ്ങിനെ കുറേ പാവപ്പെട്ട ജന്മങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നമ്മുടെ  സമൂഹമെന്നും അതിനാൽ വാർത്തകൾ ശരിയും വിശദവും കൃത്യവുമായിരിക്കണമെന്നും  ഇനിയും തിരിച്ചറിയാത്ത ബന്ധപ്പെട്ട അധികാരികൾ മാത്രമാണ് ഈ വിഷയത്തിൽ  കുറ്റക്കാർ.