ബി.എസ്.എൻ.എൽ എന്റെ മൊബൈലിൽ ഉപയോഗിക്കുന്നത് ആ കമ്പനിയോടുള്ള പ്രതിപത്തി കൊണ്ടല്ല. സ്വകാര്യ ഭീമന്മാരുടെ ഔദാര്യങ്ങളും സൗജന്യങ്ങളും കാണാതിരിക്കുന്നതും കൊണ്ടുമല്ല. പിന്നെയോ സർക്കാർ വക ഫൊൺ കമ്പനിയുടെ സേവനം എന്റെ ഫൊണിൽ മതി എന്ന ശാഠ്യം കൊണ്ട് മാത്രമാണ്.. പക്ഷേ എത്രത്തോളം അവരുടെ സേവനം ഉപയോഗിക്കാൻ നിർബന്ധം നമ്മൾ കാണിക്കുന്നുവോ അതിന്റെ പത്തിരട്ടി നമ്മൾ അവരെ വിട്ട് പോകാനുള്ള കുരുത്തക്കേടുകളാണ് അവർ പുറത്തെടുക്കുന്നത്. ഈ കമ്പനി തുലച്ചേ മാറൂ എന്ന് തലപ്പത്തുള്ള ആർക്കെല്ലാമോ നിർബന്ധ ബുദ്ധി ഉള്ളത് പോലാണ് അവരുടെ ചെയ്തികൾ. ഇത് തുലക്കണമെന്ന ആശയം സ്വകാര്യ കമ്പനിക്കാർക്കാണ് ഉള്ളത്. അവരുടെ ഏജന്റ്മാരായി പ്രവർത്തിക്കുക എന്ന ദൗത്യം ബിഎസ്.എൻ.എല്ലിന്റെ തലപ്പത്തുള്ളവരെ സ്വാധീനിച്ച് നടപ്പിൽ വരുത്തുകയാണോ എന്ന് തോന്നിപ്പിക്കുന്നവിധമാണ്. ബിഎസ്.എൻ.എൽ കാരുടെ നിസ്സംഗത.
പണ്ട് ഈ കമ്പനിയിൽ കണക്ഷൻ കിട്ടാൻ രജിസ്റ്റർ ചെയ്ത് കാലങ്ങളോളം കാത്തിരിന്നിട്ടും കിട്ടാതെ വരുമ്പോൾ ഓ.വൈ. റ്റി. എന്നോ ഓവൈ.എസ്. എന്നൊക്കെ (കൃത്യം ഓർമ്മ വരുന്നില്ല)) ഓമന പേരുകളിലെ സ്കീം വഴി അധിക തുക അടച്ച് കണക്ഷൻ നേടിയ ചരിത്രങ്ങൾ ഇന്ന് പലർക്കും അറിയില്ല. അന്ന് ബിഎസ്.എൻ.എല്ലിൽ ജോലി എന്നത് ബഹുമാനിക്കപ്പെടുന്ന ഉദ്യോഗമായിരുന്നു. ഒരു ജോലിക്കായി പത്രത്തിൽ കണ്ട പരസ്യം ചൂണ്ടിക്കാണീച്ച് അപേക്ഷിക്കാനായി അപേക്ഷാ ഫാറത്തിനു പോലും പിടിച്ച് പറിയായിരുന്നു. ഇന്ന് ആ കമ്പനിയിൽ നിന്നും സ്വയമേ പിരിഞ്ഞ് പോകുന്നവരുടെ എണ്ണം വർദ്ധിച്ച് വരുന്നു. കഴിഞ്ഞ ദിവസം ഫോൺ ചാർജടക്കാൻ കൊട്ടാരക്കരയിലെ ആഫീസിൽ പോയപ്പോൾ ആഫീസിനകം മരണ വീട് പോലെ മൂകമായിരുന്നു. ജീവനക്കാർ വളരെ കുറവ്.
ഫോണിൽ തകരാർവന്നാൽ പാഞ്ഞെത്തിയിരുന്നിടത്ത് നിന്നും ഇന്ന് വിളിച്ച് പറയുകയോ നേരിൽ ചെന്നാൽ പോലും കുഴപ്പം പരിഹരിക്കാൻ ദിവസങ്ങളെടുക്കും. ആർക്കും ഒരു ശുഷ്ക്കാന്തിയുമില്ല.
കുറച്ച് കാലങ്ങളായി കുഴപ്പങ്ങൾ തുടരുന്നു എങ്കിലും ഇപ്പോൾ ഞാൻ ഇതെഴുതാൻ കാരണം കുറേ ദിവസങ്ങളായി മറ്റൊരു അസുഖം കണ്ട് വരുന്നതിനാലാണ്. ആദ്യം കരുതിയത് എന്റെ കയ്യിലിരിക്കുന്ന ഫോണിന്റെ തകരാറായിരിക്കുമെന്ന്. പക്ഷേ പലരോടും അന്വേഷിച്ചപ്പോൾ ഈ അസുഖം എല്ലാവർക്കും അനുഭവപ്പെടുന്നു എന്ന് മനസ്സിലായി.
ഒരു കാൾ വിളിക്കാൻ തുനിയുന്ന നമ്മളെ കൊണ്ട് രണ്ട് കാൾ വിളിപ്പിക്കുക. നമ്പറിൽ കുത്തി ബെൽ അടിച്ച് മറുഭാഗം ഫോൺ എടുത്താലും കേൾക്കാതിരിക്കുക, ഉടനെ രണ്ടാമത് വിളിക്കുക, അപ്പോൾ കാൾ ശരിയാകും. അപ്പോൾ രണ്ട് കാൾ ചെലവാകും. അടുത്ത ഒരു കുസൃതി ഒരു കാൾ ബന്ധപ്പെട്ട് സംസാരം തുടങ്ങി കഴിഞ്ഞാൽ ഉടനെ വരുന്നു അനൗൺസ്മെന്റ് നിങ്ങൾ വിളിച്ച ആൾ ഹോൾഡ് ചെയ്തിരിക്കുകയാണ് സംസാരം തുടരുക എന്ന്.അതോടെ കണക്ഷൻ കട്ടാകും. ആവശ്യം ഉള്ളവ്ൻ പിന്നെയും വിളിക്കും. അപ്പോഴും കാൾ രണ്ടെണ്ണമായി. ചിലപ്പോൾ ഫോൺ വലിച്ചെറിയാൻ തോന്നും. മുമ്പ് നിശ്ചിത സമയം കഴിയുമ്പോൾ ഇങ്ങിനെ അനൗൺസ്മെന്റ് ഉണ്ടാകുമായിരുന്നു, ഇപ്പോൾ അതൊന്നുമല്ല വിളി തുടങ്ങിക്കഴിഞ്ഞാലുടൻ അനൗൺസ്മെന്റാകും വിളീച്ചയാൾ ഹോൾഡ് ചെയ്തിരിക്കുകയാണ് തുടരുക എന്ന്.... എന്താണ് ഈ കുഴപ്പങ്ങളുടെ അടിസ്ഥാനം എന്നറിയില്ല. ആഫീസിൽ ബന്ധപ്പെട്ടപ്പോൾ അവിടെ നിന്നറിഞ്ഞു. ഓ! ഇതെല്ലാം സാധാരണ ഉള്ളതാ സാറേ! എന്ന്... ഈ കുഴപ്പം മറ്റ് കമ്പനികൾക്കില്ലല്ലോ എന്ന് പറഞ്ഞാൽ അവർ കൈ മലർത്തും. ഇങ്ങിനെയെല്ലാം കാണീച്ചാൽ കമ്പനി മാറി അടുത്ത കമ്പനി കൺക്ഷൻ വാങ്ങുമെന്നായിരിക്കാം അവരുടെ ധാരണ.
ഇനി എന്ത് കാണിച്ചാലും ഈ നാടിനെ കൈക്കുള്ളീൽ ചുരുട്ടിക്കെട്ടാൻ ശ്രമിക്കുന്ന കുത്തക ഭീമന്മാരുടെ കമ്പനിയുമായി ഒരു ഇടപാടുമില്ല. അത് കൊണ്ട് അവർക്ക് ഒരു നഷ്ടവുമില്ലായിരിക്കാം...എനിക്കും ഒട്ടും നഷ്ടമില്ല ഹേേ !!!
No comments:
Post a Comment