റെയിൽ വേ കോടതിയിൽ ജൊലി ചെയ്തിരുന്ന കാലത്ത് പലപ്പോഴും ക്യാമ്പ് സിറ്റിംഗിനായി പാറശ്ശാല മുതൽ എറുണാകുളം വരെ ട്രൈനിൽ യാത്ര ചെയ്യേണ്ടി വന്നിരുന്നു. അന്നൊക്കെ എ.സി. കമ്പാർട്ട്മെന്റിലായിരുന്നു യാത്ര. പലപ്പോഴും സിനിമ നടീ നടന്മാരെ യാത്രക്കാരായി അതിൽ കാണാൻ കഴിയും. അവരിൽ ബഹുഭൂരിപക്ഷവും ട്രൈനിൽ കയറിയാൽ ഉടൻ കണ്ണുമടച്ച് ഉറക്കത്തിലെന്നവണ്ണം ഇരിക്കും. ആരെങ്കിലും അടുത്ത് വന്നാൽ സംസാരിക്കേണ്ട ആവശ്യം വരില്ലല്ലോ. അതിനാണ് ഈ ഉറക്കമെന്നും പലപ്പോഴും ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരിക്കൽ എന്റെ തൊട്ടടുത്ത സീറ്റിൽ ഒരു പ്രധാന നടൻ ഇരുന്നു ഈ ഉറക്കം പരിപാടി തുടർന്ന് കൊണ്ടിരുന്നു. അതിനിടയിൽ അയാൾക്ക് കാളുകൾ വരുമ്പോൾ മൊബൈൽ എടുത്ത് ചെവിയിൽ വെച്ച് സംസാരിക്കും സംസാരം തീരുമ്പോൾ പിന്നെയും ഉറങ്ങും . ഞാൻ പരിചയപ്പെടാനോ മറ്റോ മുതിർന്നില്ല. ഒരു കാലത്ത് സിനിമാ ഫീൽഡിൽ ക്യാമറാ കെട്ടി വലിക്കുന്ന ജോലി ഉൾപ്പടെ ചെയ്തവനായിരുന്നല്ലോ ഞാൻ. അന്ന് മുത്ൽക്കേ ഈ വർഗത്തിന്റെ ജാഡയും പൊങ്ങച്ചവും എനിക്ക് സുപരിചിതമായിരുന്നു. ഇവരുടെ ഈ ജാഡയും മറ്റും കാണുമ്പോൾ പലപ്പോഴും ഞാൻ റോസിയെ ഓർക്കും. മലയാളത്തിലെ ആദ്യ സിനിമാ നടി റോസി. അവരുടെ വേരുകൾ തപ്പി തിരുവനന്തപുരത്തും നാഗർകോവിലിലും ഒരുപാട് ഞാൻ അലഞ്ഞിരുന്നല്ലോ. ആർക്കും തിരിച്ചറിയാത്ത ഏതോ മണ്ണിൽ നിത്യ നിദ്രയിലായ ആ പാവം സ്ത്രീ ജീവൻ രക്ഷിക്കാനായി അന്നൊരു രാത്രിയിൽ പരക്കം പാഞ്ഞതിൽ നിന്നാണല്ലോ മലയാള സിനിമയുടെ തുടക്കം. ആ കഥ പണ്ടൊരിക്കൽ ഞാൻ ബ്ളോഗിൽ എഴുതിയിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചു എന്നൊരു മഹാ പാതകമാണ് അന്നവർ ചെയ്ത കുറ്റം.
ട്രൈൻ യാത്രയിൽ പലപ്പോഴും ഞാൻ സിനിമാ ലോകത്തെ രണ്ട് പേരെ ശ്രദ്ധിച്ചിരുന്നു. യാത്രയിൽ ഉറക്കമില്ലാത്തവരായിരുന്നു ആ രണ്ട് പേർ. അതായത് ഒരു ജാഢയും ഇല്ലാത്ത രണ്ട് നടന്മാർ. ഒന്ന്. ഇന്ദ്രൻസ്.. രണ്ട് കൊച്ച് പ്രേമൻ.
ഒരിക്കൽ ബാത്ത് റൂമിന്റെ വഴിയിൽ തടസ്സമായി മദ്ധ്യത്തിൽ നിന്നിരുന്ന ഇന്ദ്രൻസിന്റെ പുറകിൽ ഞാൻ ചെന്ന് നിന്നു. ആ മനുഷ്യൻ വാതിലിൽ നിന്നും മാറിയാലേ എനിക്ക് ഇട നാഴിയിലുള്ള ബാത്ത് റൂമിൽ പോകാൻ കഴിയുമായിരുന്നുള്ളൂ. ഞാൻ മുരടനക്കി, ശൂ..ശൂ ശബ്ദം ഉണ്ടാക്കി..എല്ലാം ട്രൈനിന്റ് ശബ്ദത്തിൽ അമർന്ന് പോയി. അപ്പോൽ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഹലോ എക്സ്ക്യൂസ് മീ ...എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി. ഉടനേ തന്നെ എതത്തോളം വിനയം മുഖത്ത് കാണിക്കാമോ അത്രയും വിനയത്തൊടെ ഒഴിഞ്ഞ് തന്നു. തന്റെ കയ്യിൽ നിന്നും ഉണ്ടായ തെറ്റിനുള്ള ക്ഷമാപണം ആ മുഖത്ത് വല്ലാതെ നിഴലിച്ച് കണ്ടു,
ഇതിലെന്തിത്ര എടുത്ത് പറയാനെന്ന് കരുതേണ്ടാ. മുൻ കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ മറ്റ് ഏതെങ്കിലും നടന്മാരായിരുന്നെങ്കിൽ പിന്നെയും രണ്ട് മിനിട്ട് കൂടി കഴിഞ്ഞേ വാതിൽക്കൽ നിന്നും മാറൂ എന്നെനിക്ക് തീർച്ച ഉണ്ട്. ക്ഷമാപണമല്ല ഒരു കുന്തവും അവരുടെ മുഖത്ത് കാണുകയില്ല. എന്നെ കഴിഞ്ഞ് മറ്റാരുമില്ല എന ഭാവമായിരിക്കും അവരുടെ മുഖത്ത്. താൻ കടന്ന് വരുമ്പോൾ എഴ്ന്നേറ്റ് നിൽക്കാത്തവരെ രൂക്ഷമായി നോക്കുന്ന മഹാ നടനും കയ്യിൽ തൊട്ട ഒരു യുവാവിനെ കൈ വീശി അടിച്ച മെഗായും സെൽഫി എടുത്ത ആളെ വഴക്ക് പറഞ്ഞ് മൊബൈൽ പിടിച്ച് വാങ്ങി അതിലെ സെൽഫി ചിത്രം ഡിലറ്റ് ചെയ്ത അത്യുന്നതനായ ഗായകനും മലയാള സിനിമയുടെ ഭാഗമാണല്ലോ. അവിടെ ഇന്ദ്രൻസ് വ്യത്യസ്തനാണ്. വന്ന വഴി മറക്കാത്തവനാണദ്ദേഹം. എല്ലാവരോടും അതി വിനയം കാണിക്കുന്ന സിനിമാ നടൻ. അദ്ദേഹത്തിന് തുല്യം വിനയം കാണിക്കുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു അനശ്വര നടൻ പി.ജെ ആന്റണി. ഷൂട്ടിംഗ് വേളയിൽ ഫീൽഡിലുള്ളവരോട് ഇത്രയും സ്നേഹം കാണിക്കുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല.
കഴിഞ്ഞ് ദിവസം ഇന്ദ്രൻസിനെ പറ്റിയുള്ള താരതമ്യ പരാമർശം നിയമ സഭയിലുണ്ടായ വാർത്ത പത്രത്തിൽ വന്നപ്പോൾ ഇതെല്ലാം ഓർമ്മിച്ച് പോയി.
No comments:
Post a Comment