ഇപ്പോൾ ഫോൺ എന്ന പേര് മൊബൈൽ ഫോണീന് മാത്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ലാന്റ് ഫൊണുകൾ മിക്കതും മയ്യത്തായി. അത്രത്തോളം ജനകീയമായി തീർന്നു മൊബൈൽ.
കുട്ടികൾ റ്റൂ ജി ആണോ ഫോർ ജി ആണോ എന്നൊക്കെ ചോദിക്കുമ്പോൾ വായും പൊളിച്ച് നിൽക്കാനേ നമുക്ക് കഴിയൂ. എന്റെ മൊബൈൽ ഫോണിലെ ചില കുനിഷ്ഠ് പിടിച്ച കേസുകൾ കൈകാര്യം ചെയ്യുന്നത് വീട്ടിലെ കൊച്ച് കുട്ടി സഫാ ആണ്. അവൾ ആ വിഷയത്തിൽ പണ്ഡിതയാണ്.
മൊബൈൽ ഫോൺ ആദ്യമായി ഉപയോഗിച്ചത് എന്റേതല്ലാത്ത ഒരു ഫൊണിലായിരുന്നു. അന്ന് മൊബൈൽ ആദ്യമായിറങ്ങിയ കാലം. അന്നത്തെ മൊബൈൽ ഫോണിന് ഒരു കൊമ്പുമുണ്ട്. പണ്ടത്തെ ട്രാൻസിസ്റ്റർ റേഡിയോയുടെ ആന്റിനാ പോലെ എന്നാൽ അതിലും ചെറിയ ഒരെണ്ണം. കൊട്ടാരക്കര കോടതിയിലെ പ്രോസക്യൂട്ടറായ ലൈജു വിൻടേതായിരുന്നു ഫോൺ. ഞാൻ ഒരു കാൾ വിളിക്കട്ടെ എന്ന് കൊതിയോടെ ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ അദ്ദേഹം അത് കയ്യിൽ തന്നു, അതിൽ എന്റെ വീട്ടിലെ ലാന്റ് ഫോണിൽ ഒരു കാൾ വിളിച്ച് ഭാര്യയോട് “സുഖമാണോ“ എന്നൊരു ചോദ്യവും ചോദിച്ചു. “ വട്ടായി പോയോ എന്നവളുടെ ആശ്ചര്യം നിറഞ്ഞ മറുപടിയും കേട്ടു. അതായിരുന്നു ആദ്യത്തെ മൊബൈൽ ഫോൺ വിളി. അന്ന് കാൾ നമ്മുടെ ഫോണിലേക്ക് വന്നാലും നമുക്ക് ചാർജ് ഉണ്ടെന്നായിരുന്നു അറിവ്.
പിന്നെ എപ്പോഴോ മൊബൈൽ സ്വന്തമായി ഒരെണ്ണം സംഘടിച്ചു. പലപ്പോഴും ബെൽ അടിക്കുമ്പോൾ “ആരുടെയോ ബെൽ അടിക്കുന്നു എന്ന് നാല് ചുറ്റും നോക്കി പറയുകയും അവസാനം ഓ!1 എന്റേതായിരുന്നോ എന്ന് പറഞ്ഞ് ഫോൺ എടുക്കുകയും ചെയ്ത കാലഘട്ടം. 2009 ലോ 2010ലോ ആ ഫോൺ നഷ്ടപ്പെട്ടു. ചെറായിയിൽ വെച്ച് നടന്ന ബ്ളോഗ് മീറ്റിൽ പങ്കെടുക്കാൻ ആലുവാ റെയിൽ വേസ്റ്റേഷനിലിറങ്ങി അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ ഗുളിക വാങ്ങാൻ കയറിയിടത്ത് വെച്ച് മറന്ന് പോയി. കുറേ ദൂരം നടന്ന് ഓർമ്മ വന്നപ്പോൽ തിരികെ ചെന്ന് നോക്കിയപ്പോൾ സാധനം പോയിക്കഴിഞ്ഞിരുന്നു. പിന്നീട് പലപ്പോഴും ഫോൺ വെച്ച് മറക്കുകയും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടുതലും ബസ്സിലും ആട്ടോ റിക്ഷായിലുമാണ് വെച്ച് മറക്കുക. അന്ന് പോക്കറ്റിൽ കൊള്ളാത്ത ഫൊണുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്നും ഫൊൺ മറവി സാധാരണമാണ്. സഹി കെട്ടപ്പോൾ ഭാര്യ പറഞ്ഞു, അരയിൽ ഒരു ചരട് കെട്ടി തൂക്കി ഇടാൻ.
ഇപ്പോൾ മൊബൈലാണ് ജീവിതത്തിലെ പ്രധാന താരം. വാട്ട്സ് അപ്പ് കൂടി വന്നപ്പോൽ പല കാര്യങ്ങളും മൊബൈലിലൂടെയാണല്ലോ. പണ്ട് മീൻ കാരൻ രാവിലെ “മൈലാഞ്ചി തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തീ “ പാട്ട് പാടുകയും പൂഹോയ്യ് പൂഹോയ് വിളി അനൗൺസ് ചെയ്ത് മീൻ കുട്ടയുമായി വീട്ട് മുറ്റത്തും റോഡിലും വന്നിടത്ത് ഇന്ന് ഞങ്ങളുടെ മുജീബും ഷാജിയും സാബുവും അന്നന്നത്തെ മീന്റെ ഫൊട്ടോ വാട്ട്സ് അപ്പിലൂടെ പ്രദർശിപ്പിക്കുന്നു, നമ്മൾ ആവശ്യമുള്ള മീൻ ഫോണിലൂടെ പറയുന്നു, ദാ! സാധനം വീട്ട് മിറ്റത്ത് എത്തിക്കഴിഞ്ഞു.
പണ്ട് സിനിമാ ഹറാമായിരുന്ന കാലത്ത് ഒരു മുസലിയാർ ഒളിച്ചും പാത്തും തീയേറ്ററിൽ കയറി സിനിമാ കാണാൻ. ആദ്യത്തെ സിനിമാ കാണലായിരുന്നു മൂപ്പർക്ക് അത്. ന്യൂസ് റീൽ കാണിച്ചപ്പോൾ പ്ളൈൻ ആകാശത്ത് പറക്കുന്നത് കാണിച്ച ഉടനെ മൂപ്പര് ഉച്ചത്തിൽ പറഞ്ഞുവത്രേ! “അജായിബിൽ അജായിബ്“ (അതിശയത്തിന്മേൽ അതിശയം) മലായിക്കത്തുകളും (മാലാഖമാർ) ജിന്നുകളും പറക്കുന്ന ആകാശത്ത് ഇപ്പോൾ ഏറോ പ്ളേനോ? അജായിബിൽ അജായിബ്....എന്ന്......
ഇന്ന് മൊബൈലിന്റെ ജൈത്ര യാത്ര കാണുമ്പോൾ ഈയുള്ളവനും പറഞ്ഞ് പോകുന്നു “ അജായിബിൽ അജായിബ്.....
No comments:
Post a Comment