ഞങ്ങളുടെ സിനാന് പഴയ പാട്ടുകളാണ് കൂടുതൽ ഇഷ്ടം എന്നതിനാൽ അത് അവനെ കേൽപ്പിച്ച് കൊണ്ടിരുന്നപ്പോൾ “ പിയതമാ....പ്രണയ ലേഖനം എങ്ങിനെ എഴുതേണം മുനികുമാരിയല്ലോ ഞാനൊരു മുനി കുമാരിയല്ലോ“ എന്ന പാട്ട് കേൾക്കാനിടയായി. ആ പാട്ട് ഇറങ്ങിയ കാലത്ത് കാമുകീ കാമുകന്മാർ സന്ദേശം കൈ മാറിയിരുന്നത് കത്തുകളിലൂടെയായിരുന്നുവല്ലോ. ഇന്ന് മൊബൈൽ കാലത്തെ തലമുറക്ക് ആ കത്തെഴുത്തിന്റെ സാഹസികതയും മനോഹാരിതയും അപരിചിതമാണ്.
അന്ന് സ്കൂളിലും കോളേജിലും പ്രണയ ലേഖനം പിടിക്കപ്പെട്ടാൽ ഗുരുതരമായ അവസ്ഥ തന്നെ ആയിരുന്നു. അതേ പോലെ തന്നെ കല്ലിൽ ചുരുട്ടി കാമിനിക്ക് എറിഞ്ഞ് കൊടുക്കുന്ന കടിതം ഉന്നം തെറ്റി അപ്പന്റേയോ അമ്മയുടേയൊ കയ്യിൽ പെട്ടാലും സംഗതി ഗുരുതരം തന്നെയാണ്. എങ്കിലും പണ്ട് കിട്ടിയ പ്രണയ ലേഖനം ഇന്നും നിധി പോലെ സൂക്ഷിക്കുന്ന പഴയ തലമുറ വല്ലപ്പോഴുമെങ്കിലും പരാജയമടഞ്ഞ പ്രണയത്തിന്റെ ദീപ്ത സ്മരണകൾ അയവിറക്കുന്നത് ഈ ലേഖനങ്ങൾ പൊടി തട്ടി എടുക്കുമ്പോഴാണ്.
ലവ് ലെറ്റർ എന്ന ഓമന പേരിൽ അറിയപ്പെടുന്ന ഈ കടലാസ് കായിതത്തിന്റെ സംബോധന ചിരിക്ക് വക നൽകുന്നുണ്ട്. “പ്രാണക്കുയിലേ...മണിക്കുയിലേ...നീയില്ലാത്ത ജീവിതം ഹാ...ഹൂ...ശൂന്യം... നിശ്ചലം എന്നൊക്കെ സാധാരണ പ്രയോഗങ്ങളാണ്. “ നറും തേനേ“ എന്റെ കരളിന്റെ കഷണമേ! എന്നൊക്കെ അതി ഗുരുതരാവസ്ഥയിൽ പ്രണയമെത്തുമ്പോൾ തട്ടി വിടാറുണ്ടായിരുന്നു ചിലർ. ആ കക്ഷികൾ പ്രണയ സാഫല്യമടഞ്ഞ് വിവാഹിതരായി രണ്ട് മൂന്ന് കുഞ്ഞ്ങ്ങളുമായി കഴിഞ്ഞാൽ സംബോധനകൾ എടിയേയ് എന്നോ അൺ വാന്റഡ് ഹെയറേ എന്നൊക്കെ രൂപാന്തരം സംഭവിക്കുന്നത് സാധാരണ സംഭവം തന്നെ.
മദ്രാസ്സിലെ സിനിമാ ഫീൽഡിൽ നിന്നും നീതിന്യായ വകുപ്പിലെ ജോലിയിലേക്ക് കടക്കുമ്പോൾ അൽപ്പം സിനിമാ സ്റ്റൈൽ ഒക്കെ ഉണ്ടായതിനാലാകാം ഒരു കത്ത് എനിക്കും കിട്ടി . പക്ഷേ ആ സാധനം ഒരു ഫയലിൽ വെച്ചായിരുന്നു തത്രഭവതി എന്നിലേക്ക് വിക്ഷേപിച്ചത് വിക്ഷേപണം പരാജയമടയുകയും ഫയൽ അന്നത്തെ ഞങ്ങളുടെ സൂപ്രണ്ട് സാറിന്റെ കയ്യിൽ കിട്ടുകയും അദ്ദേഹം കത്തിലെ ഉളളടക്കം ഉറക്കെ വായിച്ചതിനാൽ നായിക ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചതും പിൽക്കാല ചരിത്രം.
നഷ്ട വസന്തത്തിൻ തപ്ത നിശ്വാസവുമായി ഈ അടുത്ത കാലത്ത് ഞാൻ യാത്ര ചെയ്തിരുന്നപ്പോൾ ബസ് സ്റ്റാൻഡിൽ വെച്ച് നായികയെ കണ്ട് മുട്ടി. അപ്പോഴും ശ്രീമതി എന്നെ മുഖം വീർപ്പിച്ച് കാണിച്ചത് ഞാൻ മനപൂർവം ഫയൽ സൂപ്രണ്ടിന് കൊണ്ട് കൊടുത്തു എന്ന തെറ്റിദ്ധാരണയാലാകാം.
പ്രണയ ലേഖനത്തിന്റെ കാലം കഴിഞ്ഞു. ഇന്ന് മൊബൈൽ പ്രണയത്തിന്റെ കാലമാണ്. അഛനെയും അമ്മയേയും ബന്ധുക്കളേയും ഹെഡ് മാഷിനെയും സൂപ്രണ്ടിനെയും ഭയപ്പെടേണ്ട ആവശ്യമില്ലാത്ത കാലം.
No comments:
Post a Comment