കഞ്ചാവും മദ്യവും
ഇത് രണ്ടും നശിപ്പിച്ച എത്രയെത്രയോ ജീവിതങ്ങൾ.
എനിക്കുണ്ടായിരുന്നു ചെറുപ്പത്തിൽ ഒരു കൂട്ടുകാരൻ. അമി. അവൻ ഉൾപ്പെട്ട ഞങ്ങളുടെ ഗ്യാംഗ് ആലപ്പുഴ വട്ടപ്പള്ളി റോഡിൽ ബാല്യത്തിൽ കാണിച്ച് കൂട്ടിയിരിക്കുന്ന കുസൃതികൾ അനവധിയാണ്.
അമി ശരിക്കും ജോക്കർ തന്നെയായിരുന്നു. അവൻ കാണിക്കുന്ന തമാശകൾ കണ്ടിട്ട് മുതിർന്നവർ പോലും പൊട്ടിച്ചിരിച്ച് പോകുമായിരുന്നു. അന്നവന് “കഞ്ചാവ് അമി“ എന്ന പേര് വീണീട്ടില്ലായിരുന്നല്ലോ.
അന്ന് വട്ടപ്പള്ളി റോഡിൽ ആടുകൾ മേഞ്ഞ് നടക്കുന്നത് പതിവ് കാഴ്ചയായിരുന്നു. അമി ഏതെങ്കിലും മുട്ടനാടിനെ നോക്കി വെക്കും. എന്നിട്ട് ഒരു ചരടിന്റെ അറ്റത്ത് ചെറുതല്ലാത്ത കല്ല് കെട്ടി തക്കം നോക്കി മുട്ടനാടിന്റെ വാലിൽ കെട്ടിടും ആട് ചാടി എഴുന്നേൽക്കുമ്പോൾ ചരടിൽ തൂങ്ങുന്ന കല്ല് അതിന്റെ വൃഷണ സഞ്ചിയിൽ ചെന്നടിക്കും. ആട് ഓട്ടം പിടിക്കുമ്പോൾ തൂങ്ങിയാടുന്ന കല്ല് അതിന്റെ മർമ്മ സ്ഥാനത്ത് ചെന്ന് തുരു തുരാ മുട്ടിക്കൊണ്ടേ ഇരിക്കും. ആട് കറങ്ങി കറങ്ങി ഓടുന്നത് കണ്ട് അമിയും കാഴ്ചക്കാരും ആർത്ത് വിളിക്കും. ഈ മാതിരി കുരുത്തക്കേടുകളാണ് അമിയുടെ കയ്യിൽ സ്റ്റോക്കുണ്ടായിരുന്നത്.
വാപ്പായുടെ ഏക മകനായ അവൻ വളർന്നപ്പോൾ അവന്റെ വാപ്പാ ആരുടെയെല്ലാമോ കാല് പിടിച്ച് ആലപ്പുഴ കോമളപുരം സ്പിന്നിംഗ് മില്ലിൽ ജോലി വാങ്ങിക്കൊടുത്തു. അന്നത്തെ കാലത്ത് ആ കമ്പനീയിൽ ജോലി കിട്ടുക എന്നത് ലോട്ടറി അടിക്കുന്നതിന് തുല്യമായിരുന്നു. എപ്പോഴോ എവിടെയോ വെച്ച് അമിയുടെ വഴി തെറ്റി. ആരാണ് അവനെ കഞ്ചാവിന് അടിമയാക്കിയതെന്നറിയില്ല. അവൻ സ്ഥിരം കഞ്ചാവ് കുടിയനായി. കാലം ചെന്നപ്പോൾ ജോലി നഷ്ടപ്പെട്ടു. അവൻ റോഡിൽ അലയാനും ആരോടെന്നില്ലാതെ പൈസാക്ക് കൈ നീട്ടാനും തുടങ്ങി. താടിയും മുടിയും വളർന്നു. മുഷിഞ്ഞ വസ്ത്രങ്ങളും കുളിക്കാത്ത ശരീരവുമായി അവസാനം ശരിക്കും ഭ്രാന്തന്റെ രൂപമായി.
ഇടക്കിടക്ക് ഞാൻ ആലപ്പുഴ എത്തുന്ന ദിവസങ്ങളിൽ റോഡിൽ വെച്ച് അമിയെ കാണുമ്പോൾ അവൻ എന്റടുത്തേക്ക് ഓടിവരുമായിരുന്നു.എന്നിട്ട് പതുക്കെ ചെവിയിൽ പറയും “എടാ, വിശക്കുന്നെടാ.....എന്തെങ്കിലും എനിക്ക് താടാ....“ എന്റെ കളിക്കൂട്ടുകാരനായ അവനോട് തരില്ലാ എന്ന് പറയാൻ മനസ്സ് വരില്ല, എന്തെങ്കിലും ഞാൻ കൊടുക്കും. എന്നോ ഞാനറിഞ്ഞു, അവൻ കിട്ടുന്ന പൈസാക്ക് ഭക്ഷണം പോലും കഴിക്കാതെ കഞ്ചാവ് വാങ്ങി പുകക്കുകയാണെന്ന്. പിന്നീട് ഞാനവനെ കാണുമ്പോൾ മാറിക്കളയുമായിരുന്നു.
അവസാനം ആരോരുമില്ലാതെ അവൻ അനാഥനായി മരിച്ചു. എത്രമാത്രം അന്തസ്സോടെ ജീവിക്കേണ്ടവനായിരുന്നു അമി. പക്ഷേ കഞ്ചാവ് അവനെ നശിപ്പിച്ചു.
ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ആരാണ് ഈ കഞ്ചാവ് കണ്ട് പിടിച്ചത്. ഈ ചെടി കത്തിച്ച് വലിച്ചാൽ ലഹരി ഉണ്ടാകുമെന്ന് മനുഷ്യനെങ്ങിനെ തിരിച്ചറിഞ്ഞു. ആ കണ്ടെത്തലിന്റെ നിമിഷം ശപിക്കപ്പെട്ടതാകട്ടെ .
കഞ്ചാവുമായി ഏതോ യുവാവിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത പത്രത്തിൽ വായിച്ചപ്പോൾ ഞാൻ അമിയെ ഓർത്ത് പോയി.
No comments:
Post a Comment