Wednesday, March 16, 2022

പട്ടാണിയും വള്ളം കളിയും പിന്നെ ശെയ്താനും

  {വസ്തുതകൾ നടന്നത് പോലെ അവതരിപ്പിക്കണമെന്നതിനാൽ ഈ കുറിപ്പുകളിൽ  ഒരിടത്ത് ഇമ്മിണീ “ശ്രേഷ്ട ഭാഷയും മറ്റൊരിടത്ത് ഇത്തിരി അശ്ളീലവും കടത്തി വിടേണ്ടി വന്നത് ക്ഷമിക്കുക “പട്ടാണിയും വള്ളം കളിയും പിന്നെ ശെയ്ത്താനും“ എന്ന ഈ കുറിപ്പുകൾ  ആദ്യന്തം  വായിക്കുമല്ലോ }  

കർക്കിടക മാസത്തിലെ  കറു കറുത്ത രാത്രി.

ആ കൂരിരുട്ടിൽ  ഞാനും തടിയൻ  ഷുക്കൂറും  മതിൽ കെട്ടിനകത്ത് പതുങ്ങി നിന്നു. അന്ന് വെള്ളിയാഴ്ച രാത്രിയാണ്.. ഷുക്കൂറിന്റേ ഏതോ വല്യുപ്പാ വാതപ്പനി വരുമ്പോൾ പുതച്ച് മൂടാനുപയോഗിക്കുന്ന കറുത്ത കമ്പിളി പുതപ്പ് ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് തല മൂടി പുതച്ച് രണ്ട് തലകളുള്ള  ഒറ്റ രൂപമായിട്ടായിരുന്നു ആ നിൽപ്പ്. നിമിഷങ്ങൾ കഴിഞ്ഞ് പോയി. എങ്ങും നിശ്ശബ്ദ്ത. സമയം രാത്രി ഒൻപത് മണീയേ ആയിരുന്നുള്ളൂവെങ്കിലും  തൊട്ടു മുമ്പ് പെയ്ത് തീർന്ന മഴ നല്ല തണുപ്പ് ഉണ്ടാക്കിയിരുന്നതിനാൽ വീടകങ്ങൾ നേരത്തെ തന്നെ ഉറങ്ങാൻ തുടങ്ങിയിരുന്നല്ലോ. ഹാജൂത്തായുടെ വീട്ടിൽ മത്രം ഒരു  വിളക്ക്  മങ്ങി കത്തുന്നുണ്ട്. ആ ഇരുട്ടിലെ പതുങ്ങി നിൽപ്പെന്തിനെന്ന് ആദ്യമേ  തന്നെ പറയാം.

നാളെ ആഗസ്റ്റ് രണ്ടാം  ശനിയാണ്.  ആലപ്പുഴക്കാരുടെ ദേശീയോൽസവമായ നെഹ്രു ട്രോഫി വള്ളം കളി നാളെയാണ്. ഫിനിഷിംഗ് പോയിന്റിൽ നിന്ന് എനിക്കും ഷുക്കൂറിനും ആ കളി കാണണം. അതിന് പാസ്സ് വേണം. വട്ടപ്പള്ളിയിൽ വന്ന് താമസിക്കുന്ന  പട്ടാണി ഭായിയുടെ കയ്യിൽ ഒരു പാസ്സ് കിട്ടിയിട്ടുണ്ടെന്നും ഭായി ആ പാസ് സർവമാന വട്ടപ്പള്ളി നിവാസികളെയും പൊക്കി കാണിച്ച് വീമ്പടിച്ച് നടക്കുകയും ചെയ്യുന്ന വിവരം  ഞാനും ഷുക്കൂറും അറിഞ്ഞു. ഞങ്ങൾ ഭായിയെ സമീപിച്ച് കാല് പിടിച്ച് നോക്കിയെങ്കിലും പാസ് തരില്ലാ എന്ന് പട്ടാണി  കട്ടായം പറഞ്ഞ് കളഞ്ഞു.

പട്ടാണി പേടിത്തൊണ്ടനാണ്. പ്രേതങ്ങളെ ഭയമാണ്. രാത്രി വീടിനടുത്തുള്ള കടകളിൽ അല്ലാതെ ദൂരെ സ്ഥലങ്ങളിലേക്ക് അയാൾ യാത്ര ചെയ്യാറില്ല.  ഈ രഹസ്യങ്ങൾ അറിയാവുന്ന ഷുക്കൂർ ഭായിയോട് പറഞ്ഞു,

“ഭായ് വള്ളം കളി തീരുമ്പോൾ സന്ധ്യ കഴിയും, അവിടെ നിന്നും വട്ടപ്പള്ളി  എത്തുമ്പോൾ രാത്രി  ഒരുപാട് ആകും നിലാവുമില്ല,  , ഭായി കഷ്ടപ്പെട്ട് പോകുമേ, ഞാൻ പറഞ്ഞേക്കാം.....“

“ഓ! പിന്നേയ്, പോടാ സുവ്വറേ! ഞാനെന്താ കൊച്ച് കുഞ്ഞാണോ ഇരുട്ടത്ത് പേടിക്കാൻ....“എന്നിട്ട് പട്ടാണി ഒരു ആക്കിയ ചിരിയും പാസ്സാക്കി.സുവ്വർ  (പന്നി) എന്ന് വിളിച്ചത് തടിയന് ഇഷ്ടപ്പെട്ടില്ലാ.

“ഇയാളെ ഒന്ന് വെരട്ടണം....“ ഷുക്കൂർ എന്നോട് പറഞ്ഞു. രണ്ട് പേരും കൂടി തീരുമാനമെടുത്താൽ പിന്നെ അതിനു മാറ്റമില്ല. പട്ടാണിയെ സ്കച്ച് ചെയ്തു, പദ്ധതികൾ ആസൂത്രണം ചെയ്തു. വെള്ളിയാഴ്ച രാത്രിയിൽ പദ്ധതി നടപ്പിലാക്കാനായി തീരുമാനമെടുത്തു.

ഭായിയുടെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ പാത്തായിയുടെ വീടിനടുത്ത് പടർന്ന് പന്തലിച്ച ഒരു കല്ലാൽ  നിൽപ്പുണ്ട്. അതിന്റെ എതിർവശത്ത് മതിലിനുള്ളീൽ ഞാനും തടിയൻ ഷുക്കൂറും അന്ന് രാത്രി ഒൻപത് മണിയോടെ കുറ്റാകുറ്റിരുട്ടത്ത്   പതുങ്ങി നിന്നു.

ഇടവഴി ആരംഭിക്കുന്നതിന്  എതിർവശത്ത് മമ്മതിക്കായുടെ കടയിൽ രാത്രി എട്ടേമുക്കാൽ മണി വരെ  രാഷ്ട്രീയം പറഞ്ഞിരിക്കുക ഭായിയുടെ നിർബന്ധ ചര്യകളില്പെട്ടതാണെന്ന് ഞങ്ങൾ അറിഞ്ഞ് വെച്ചിട്ടുണ്ടല്ലോ രാഷ്ട്രീയ ചപ്ളാച്ചി കഴിഞ്ഞ് ഒരു പാക്കറ്റ് സിഗററ്റും വാങ്ങി.  ഇടവഴിയിലൂടെ നടന്ന് വീട്ടിൽ പോകും. ആ വരവും പ്രതീക്ഷിച്ചാണ് ഞങ്ങളുടെ നിൽപ്പ്.

നിമിഷങ്ങൾ കഴിഞ്ഞു. കട്ടി പിടിച്ച ആ ഇരുട്ടിൽ രണ്ട് തലകൾ ചേർന്ന് മതിലിന് സമീപം മറ്റൊരു  ഇരുട്ടായി തോന്നിച്ചു.

“നിന്റെ ഉപ്പാപ്പായുടെ പുതപ്പിൽ മൂട്ടയുണ്ടോടാ തടിയാ....“ഞാൻ ഷുക്കൂറിനോട് പരാതിപ്പെട്ടു.

“മിണ്ടാണ്ട് നിക്കടാ ബലാലേ...വള്ളം കളി കാണണമെങ്കിൽ ആദ്യം മൂട്ടകടി കൊള്ളണം“. തടിയൻ പ്രതികരിച്ചു.

ദൂരെ പണിക്കത്തിയുടെ വീട്ടിൽ പട്ടി ഓരിയിട്ടു. കാറ്റ് കല്ലാലിന്റെ ഇലകളെ വിറപ്പിച്ച് കടന്ന് പോയി. അന്നേരം തന്നെ ഒരു രാപ്പാടി ആ വൃക്ഷത്തിൽ ഇരുന്നു വല്ലാത്ത ഒരു ശബ്ദം പുറപ്പെടുവിപ്പിച്ചു. ഞങ്ങൾ രണ്ട് പേർക്കും  ഭയം തോന്നി തുടങ്ങി.

അപ്പോൾ ഇടവഴിയുടെ അറ്റത്ത് നിന്നും പാട്ട് കേട്ടു.പട്ടാണിയാണ് ഇരുട്ടിലെ പേടി മാറ്റാൻ ഉച്ചത്തിൽ പാട്ട് പാടി വരുകയാണ്. ദോസ്തി ഹിന്ദി സിനിമയിലെ “കൊയീ  ജബു രാഹന പായേ, മേരേ സംഘ് ആയേ പഗ് പഗ് ദീപ് ജലായേ, മേരേ ദോസ്തീ.......ഇത്രയുമെത്തിയപ്പോൾ കല്ലാലിന്റെ ചുവട്ടിലെത്തി ചേർന്നു പട്ടാണി.

മതിലിനപ്പുറത്ത് നിന്നും ഘന ഗംഭീര സ്വരത്തിൽ അമർത്തിയ മൂളലോടെ ഒരു വിളി...“....പട്ടാണീ......യ്...“

പട്ടാണി പാട്ടിനിടയിൽ തല ഉയർത്തി നോക്കി. രണ്ട് തലകൾ.....അപ്പോൾ സ്ത്രീ സ്വരത്തിൽ  മറ്റൊരു  വിളി  “...പട്ടാണീ....പുലിയാടി മോനേ....“

പാട്ടിന്റെ ബാക്കി വരി പട്ടാണി  “മെരീ ദോസ്തീ മേരെ പ്യാർ.....“എന്ന് ഉച്ചത്തിൽ  നിലവിളിച്ച് മുഴുമിക്കുകയും “ ഹെന്റള്ളോ....ശെയ്ത്താൻ എന്ന് കൂകി വിളിക്കുകയും ചെയ്തു.പിന്നെ ഒരു പാച്ചിലാണുണ്ടായത്.പകുതി വഴിയെത്തിയപ്പോൾ പട്ടാണി ധരിച്ചിരുന്ന കൈലി അഴിഞ്ഞ് പോയി. അടി വസ്ത്രമില്ലാതെ  അരക്കയ്യൻ ബനിയനും ധരിച്ചുള്ള് ആ ഓട്ടം വീട്ടിൽ ചെന്നാണവസാനിച്ചത്. ഞാനും ഷുക്കൂറും മതിലിനിപ്പുറം ചാടി പട്ടാണിയുടെ തൊട്ട് പുറകെ പാഞ്ഞു.പട്ടാണി വീട്ടിൽ ചെന്നതിന് ശേഷമുള്ള പ്രതികരണം അറിയണമല്ലോ.   ഇടവഴിയിലൂടെ ഓടിയപ്പോൾ കാലിൽ തടഞ്ഞത് പട്ടാണിയുടെ  കൈലിയാണെന്ന് ഹാജൂത്തായുടെ വീടിലെ അരണ്ട വെട്ടത്തിൽ തിരിച്ചറിഞ്ഞ് ഞാൻ പറഞ്ഞു “കഴുവർടാ മോൻ തുണിയില്ലാതാണെടാ ഓടുന്നത്....“

“ നീ അത് ചുരുട്ടി കയ്യിൽ വെയ്യെടാ...അത് കൊടുത്ത് വേണം ഭായിയെ സോപ്പിടാൻ.....“ ഷുക്കൂർ  നിർദ്ദേശിച്ചു.

ഭായിയുടെ വീടിന് മുൻ വശം വേലിക്കരികിൽ ഞങ്ങൾ എത്തിയപ്പോൾ  ഭായി കതകിൽ തട്ടുന്ന കാഴ്ചയാണ് കണ്ട്ത്...“എടീ....ദർവാസാ...ഖോലോ...ശെയ്ത്താൻ ആതാ ഹേയ്  “ പട്ടാണി അലറി വിളിച്ചു. വേലിയിൽ മറച്ചിരുന്ന ഓലയുടെ  പഴുതിലൂടെ  നോക്കി നിന്നപ്പോൾ കതക് തുറക്കുന്നതും മണ്ണെണ്ണ വിളക്കുമായി ഭായിയുടെ ഭാര്യ പുറത്ത് വരുന്നതും ഞങ്ങൾ  കണ്ടു.മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഭായി നിന്ന് തുള്ളുന്നത്  നല്ലൊരു കാഴ്ചയായിരുന്നു.

“യഹ് ക്യാ ഹേ !!!....“ ഭാര്യ അന്തം വിട്ട് ചോദിച്ചു.

“ശെയ്ത്താൻ... രണ്ട് തലയുണ്ടെടീ..... ഭായി വിക്കി വിക്കി പറഞ്ഞു.

“ശെയ്ത്താനോ? നിങ്ങളേക്കാളും ബല്യ ശെയ്ത്താൻ ഈ നാട്ടിലുണ്ടോ?...കൈലി കഹാം ഹേ?...“

ഭായിയുടെ നഗ്നതയിലേക്ക് വിളക്ക് അടുപ്പിച്ച് ഭാര്യ ചോദിച്ചു.

“കൈലി വഴിയിൽ പോയെടീ....“ ഭായിയുടെ വിറയൽ അപ്പോഴും തീർന്നിരുന്നില്ല.

വിളക്കിന്റെ നാളം കാറ്റിൽ ഉലഞ്ഞപ്പോൾ ഭായിയുടെ നിഴലും വിറച്ച് വിറച്ച് ആടിക്കൊണ്ടിരുന്നത് നല്ല കാഴ്ചയായിരുന്നു.

“ഇസ് കോ ക്യാ ഹുവാ.....? ഇതിനെന്ത് പറ്റിയെന്ന ആ ചോദ്യം ഭായിയുടെ നഗ്നതയിലേക്ക് വിരൽ ചൂണ്ടിയായിരുന്നു. ഭയം കാരണം “സംഗതി“ ചുരുണ്ട് ഒട്ടുമില്ലായിരുന്നുവോ? ഭായി കൈ കൊണ്ട് നഗ്നത പൊത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് കണ്ടു. “വിളക്ക് അണക്കെടീ...പൊന്നേ !...ആരെങ്കിലും കാണുമെടീ..“.ഭായിയുടെ സ്വരത്തിൽ ദയനീയത കലർന്നിരുന്നുവല്ലോ.

“തും ജൂഡ് ബോൽതേ ഹോ...!കള്ളം പറയുവാ നിങ്ങൾ...എവിടെയോ പോയിട്ട് അവളുടെ ആരെങ്കിലും പെട്ടെന്ന് വന്നപ്പോൾ ഓടാൻ നേരം കൈലി കിട്ടീല്ലാ...ജീവനും കൊണ്ടോടീ...ഇതല്ലേ സത്യം കള്ള ഹറാമീ..... ഭാര്യ കയ്യിലിരുന്ന വിളക്ക് ഭായിയുടെ മുഖത്ത് കുത്താൻ ഓങ്ങി പട്ടാണി പുറകിലേക്ക് മാറി.

. ഇപ്പോൾ ഇടപെടാൻ സമയമായെന്ന് തിരിച്ചറിഞ്ഞ ഷുക്കൂർ  വേലിക്ക് പുറത്ത് നിന്ന് വിളിച്ചു. “ഭായ് !....ഭായി ഉണ്ടോ അവിടെ....“

പെട്ടെന്ന് വിളക്കണഞ്ഞു കതക് അടക്കുന്ന ശബ്ദവും കേട്ടു. “ഭായി ഉണ്ടോ?  ഞാനും ഉച്ചത്തിൽ വിളിച്ച് ചോദിച്ചു.അൽപ്പ നേരത്തെ നിശ്ശബ്ദതക്ക് ശേഷം ഭായിയുടെ ശബ്ദം ഉയർന്നു..“ ഹാരാ....അത്...യ്യേ കോനേ  ഹോ....“

കതക് തുറക്കപ്പെട്ടു.വിളക്ക് കയ്യിലേന്തി ഭാര്യ പുറകിലും  തുണി ഉടുത്ത ഭായി പുറകിലുമായി പ്രത്യ്ക്ഷപ്പെട്ടു.

“ഭായീ ..ഈ കൈലി ഭായിയുടേതാണോ?...ഇത് ഭായി ഉടുത്ത് കണ്ടിട്ടുള്ളത് കൊണ്ട് ചോദിച്ചതാ....“ഷുക്കൂർ കൈലി നീട്ടിക്കാണിച്ചു.

“ഹായ്...ഹായ്....പട്ടി എടുത്തോണ്ട് പോയതായ്രിക്കും...“ ഭാര്യ ഭായിയുടെ സഹായത്തിനെത്തി.

“പട്ടി കൈലി ഉടുക്കാനും തുടങ്ങിയോ..“ എന്ന് ഞാൻ പതുക്കെ പറഞ്ഞപ്പോൾ ഷുക്കൂർ മുരണ്ടു...“മിണ്ടാതിരിക്കെടാ ഹമുക്കേ....“

വിഷണ്ണ ഭാവത്തിൽ കൈലിക്ക് വേണ്ടി കൈ നീട്ടി  നിന്ന ഭായിയോട് ഞാൻ പറഞ്ഞു “ നാളെ വള്ളം കളിയാ...    കാണാൻ പോകുന്നോ ഭായീ.. അത് ചോദിക്കാൻ ഞങ്ങൾ ഇങ്ങോട്ട് വരുമ്പോഴാ കൈലി കിട്ടിയത്.പക്ഷേ വള്ളം കളി കഴിഞ്ഞ് തിരികെ വരുമ്പോൾ രാത്രിയാകും കുറ്റാകുറ്റിരുട്ടും..ഈ ഇരുട്ടത്ത് ഭായി എങ്ങിനെ പോയി വരാനാണ് ഭായി പോകുന്നില്ലെങ്കിൽ ആ പാസ് വെറുതേ കളയല്ലേ ഭായീ  ഞങ്ങൾക്ക് തരുമോ  ഇരുട്ടായതോണ്ട് ചോദിച്ചതാ..“

ഭായിയുടെ മുഖത്ത് ഭയം ഇരച്ച് കയറുന്നത് വ്യക്തമായി കാണാൻ  കഴിയുമായിരുന്നു. “ശരിയാ...ശരിയാ...ഈ ഇരുട്ടത്ത് ആര് ഇറങ്ങാനാ....പാസ്സ് പാഴാവണ്ടാ...നിങ്ങള് പോയി കാണ്....ഒന്നുമില്ലേലും വഴിയിൽ കിടന്ന എന്റെ കൈലി എന്നോട് ഇഷ്ടമുള്ളത് കൊണ്ട് നിങ്ങൾ ഇവിടെ വരെ വന്ന്  തന്നല്ലോ.....

പാസ്സ്  എടുക്കാൻ ഭായി അകത്ത് പോയപ്പോൾ ഭാര്യ കൈലി സമൂലം പരിശോധിക്കുന്നത് ഞങ്ങൾ കണ്ടു.അവർക്ക് ഇനിയും സംശയം തീർന്നിട്ടില്ല.

വലിയ ഔദാര്യ ഭാവത്തിൽ ഭായി പാസ് ഷുക്കൂറിന്റെ കയ്യിലിട്ട് കൊടുത്തു,  എന്നിട്ട  കരുണ സ്വരത്തിൽ പറഞ്ഞു, “ പോയി വള്ളം കളി കാണ് പിള്ളാരേ...‘

വള്ളം കളി പാസ്സും വാങ്ങി “പിള്ളാര്“ രണ്ട് പേരും  വേലിക്ക് പുറത്തെത്തിയപ്പോൾ  ഭായി പുറകിൽ നിന്ന് വിളിച്ച് പറഞ്ഞു  “ ഇരുട്ടത്ത് സൂക്ഷിച്ച് പോണേ മക്കളേ!...ഇന്ന് വെള്ളിയാഴ്ചയാണേ....“

അപ്പോൾ ഷുക്കൂർ ഘന ഗംഭീര സ്വരത്തിൽ  അമർത്തിയ മൂളലോടെ  വിളിച്ചു “പട്ടാണീ....യ്...“

“ഞാൻ സ്ത്രീ സ്വരത്തിൽ  വിളിച്ചു “പട്ടാണീ....പുലിയാടി മോനേ....“

വേലിക്കകത്ത് നിന്നും ഉച്ചത്തിൽ ഹിന്ദിയിൽ തെറി വിളിയുടെ പ്രളയം....ഹറാമീ.....കുത്തേകാ ബേട്ടേ.....സാലേ....,,,“ പിന്നേ പച്ച മലയാളത്തിലെ നല്ല തെറികളും. അപ്പോഴേക്കും  വള്ളം കളി പാസ്സും ആൾക്കാരും ദൂരത്തിലായിക്കഴിഞ്ഞു.

വള്ളം കളി കഴിഞ്ഞ് കുറേ ദിവസം ഞങ്ങൾ ഭായിയെ ഒഴിഞ്ഞ് നടന്നു. അതോടെ ആ സംഭവത്തിന്റെ ലഹരി തീർന്നു.

ഒരുപാടൊരുപാട് വർഷങ്ങൾ കഴിഞ്ഞ് പോയി. 2021 ജനുവരി മാസത്തിൽ ഞാൻ വട്ടപ്പള്ളി കാണാനെത്തിയപ്പോൾ ആ ഇടവഴിയിലൂടെ പതിവ് പോലെ ഉള്ളിൽ നൊമ്പരവുമായി ഞാൻ നടന്നു.

 ഇടവഴി ആരംഭിക്കുന്നതിന് എതിർവശത്തെ മമ്മതിക്കായുടെ കട ഇപ്പോഴില്ല  മമ്മതിക്കാ മരിച്ചു കഴിഞ്ഞു, . ഇടവഴി കോൺക്രീറ്റ് ചെയ്തിരിക്കുന്നു.പാത്തായിയുടെ വീടിനടുത്ത് നിന്ന കല്ലാലും മുറിച്ച് മാറ്റിയിരിക്കുന്നു ഓല വീടുകളെല്ലാം പോയി എല്ലാം കോൺക്രീറ്റ് സൗധങ്ങൾ.ഭായിയും മരിച്ചു, ആ കുടുംബവും എവിടെയോ പോയി. ഇടവഴിയുടെ ഒരു ഭാഗത്തുണ്ടായിരുന്ന എന്റെ വീട് കാണാനാണ് അവിടെ പോയത്. അത് അന്യ കൈവശത്തിലാണല്ലോ. വിവാഹ മോചനം ചെയ്യപ്പെട്ട ഭാര്യയെ മുൻ ഭർത്താവ് നോക്കുന്നത് പോലെ കൈ വിട്ട് പോയ എന്റെ വീടിനെ ഞാൻ നോക്കി നിന്നു.  ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത വിധം.അത്  പോയി  അവിടെ നിന്നപ്പോൾ എനിക്ക് തടിയൻ  ഷുക്കൂറിനെയും  ഭായിയെയും എല്ലാം ഓർമ്മ വന്നു. കൊച്ചി പള്ളുരുത്തിയിൽ എക്സൈസ് ഓഫീസറായിരിക്കവേ  ഫാൻ നന്നാക്കാൻ റോഡിലേക്കിറങ്ങി നടന്നപ്പോൾ ഷുക്കൂർ കുഴഞ്ഞ് വീണ് മരിച്ചു.ആ മരണം നടന്ന് ഇപ്പോൾ ഒത്തിരി കൊല്ലങ്ങൾ കഴിഞ്ഞിരിക്കുന്നു. 

 എന്തിനാണെടാ തടിയാ! നീ നേരത്തേ പോയത് പണ്ട് എന്തെല്ലാം നമ്മൾ കാട്ടിക്കൂട്ടിയിരിക്കുന്നു അതിനെ പറ്റി ഓർത്തോർത്ത് ചിരിക്കുമ്പോൾ നീ ഇല്ലല്ലോ എന്ന ചിന്ത തന്നെ വേദനാ ജനകമാണ്.

 അവന്റെ ഓർമ്മകൾക്ക് മുമ്പിൽ ഞാൻ ഈ കുറിപ്പുകൾ സമർപ്പിക്കുന്നു.


No comments:

Post a Comment