സന്ധ്യാരംഭത്തിലെ ഈ ഏകാന്തത മനസ്സിനെ വല്ലാതെ തരളിതമാക്കുന്നു. ഏകാന്തതയിലാണല്ലോ മനസ്സിന്റെ കടിഞ്ഞാൺ അയഞ്ഞ് പോകുന്നത്. അത് എപ്പോഴും കടന്ന് പോയ കാലത്തേക്ക് കുതിച്ച് പായും. 13 വയസ്സ് മുതലുള്ള കഠിനാദ്ധ്വാനം നിറഞ്ഞ കാലഘട്ടങ്ങൾ ഓരോന്നും തരണം ചെയ്ത് ഇവിടെ എത്തിയപ്പോൾ അതിശയപ്പെട്ട് പോകുന്നു. എന്തെല്ലാമെന്തെല്ലാം വ്യത്യസ്തമായ വേഷങ്ങൾ ഞാൻ പകർന്നാടി. ഉപജീവനത്തിനും അല്ലാതെയും.ഇതിനിടയിൽ എവിടെയോ എന്തോ നഷ്ടപ്പെട്ടില്ലേ? ആ നഷ്ടപ്പെട്ടത് എന്നെ തന്നെയല്ലേ? എന്റെ സ്വപ്നങ്ങളെ എന്റെ പ്രത്യാശകളെ. എന്തായി തീരണമെന്നും എങ്ങിനെ ജീവിക്കണമെന്നും കരുതിയത് സഫലമായോ> വേണ്ടാ...മനസ്സിനെ അവിടെ മേയാൻ വിടേണ്ട. അത് നിരാശയും സങ്കടവും കൊണ്ട് വരും. ഞാനിപ്പോൾ മറ്റുള്ളവരുടെ മുമ്പിൽ സന്തുഷ്ടനാണ്...അതങ്ങിനെ തന്നെ പോകട്ടെ.
സന്ധ്യ ചുവന്ന് തുടുത്തിരിക്കുന്നു. അതേ! അതങ്ങിനെയാണ്.
പുലരിയിലും ഇതേ തുടുപ്പാണ് ആകാശത്ത് പക്ഷേ അത് ദിവസത്തിന്റെ പ്രത്യാശയാണ്. എങ്ങും ആഹ്ളാദത്തിന്റെ ഉണർവ്. അതേ തുടുപ്പ് അന്തിക്ക് പടിഞ്ഞാറാകാശത്തിൽ കാണുമ്പോൾ അത് എന്ത് കൊണ്ടോ മനസ്സിനെ ശോകാകുലമാക്കും. അതാണിപ്പോൾ ഈ സന്ധ്യക്ക് എനിക്ക് അനുഭവപ്പെടുന്നത്.... കൂട്ടത്തിൽ ഏകാന്തതയും.
ജനിച്ച് വളർന്ന മണ്ണും മനസ്സിലെ സംഘർഷങ്ങൾ അലിയിച്ച് കളഞ്ഞിരുന്ന കടൽ തീരവും അങ്ങ് ദൂരെ ദൂരെയാണ്. ആ പഴയ സൗഹൃദങ്ങളും ഇങ്ങിനി വരാത്ത വണ്ണം അകന്നകന്ന് പോയി. കടന്ന് പോയ അനേകം ഇന്നലകളുടെ വഴിത്താരയിൽ നിന്ന് നാല് ചുറ്റും നോക്കുമ്പോൾ ഒരിക്കൽ കൂടി ആ മണ്ണീൽ ചവിട്ടി നിൽക്കാനും തിരകൾ സംഗീതം അലയടിക്കുന്ന മണൽ തിട്ടയിൽ മലർന്ന് കിടന്ന് നീലാകാശത്ത് നോക്കി ഓർമ്മകൾ അയവിറക്കാനും കൊതിയാകുന്നു. നടക്കാത്ത കാര്യത്തിനെന്തിന് കൊതിക്കുന്നു.
മനസ്സിലെ വികാര വിചാരങ്ങൾ ആരോടെങ്കിലും പറയാൻ സാധിക്കുമെങ്കിൽ അതൊരു അനുഗ്രഹം തന്നെയാണ്. അതിന് കഴിയുന്നില്ലെങ്കിൽ പിന്നെ കുറിപ്പുകൾ തന്നെ ശരണം. അതിപ്പോൾ ഈ സന്ധ്യാ രാഗത്തിൽ മുങ്ങി ഞാൻ ചെയ്യുന്നു. ഈ കുറിപ്പുകൾക്ക് ശേഷം മനസ്സിനെ തിരിച്ച് പിടിക്കണം, കടിഞ്ഞാൺ മുറുക്കണം പ്രസന്നമായ പഴയ മുഖം മൂടി എടുത്തണിയണം. കാരണം എനിക്കിനിയും ജീവിക്കണമല്ലോ, മുകളിൽ ഇരിക്കുന്നവൻ അനുവദിക്കുന്നത് വരെ.....
No comments:
Post a Comment