കുളിക്കുമ്പോൾ ഉപയോഗിക്കുന്ന സോപ്പ് വാങ്ങാൻ സാധാരണ പോകുന്ന കടയിൽ പോയി. പരിചയക്കാരൻ പയ്യൻ ഏത് സോപ്പ് വേണമെന്ന് അന്വേഷിച്ചു. പണ്ട് മുതൽ ഉപയോഗിക്കുന്ന സോപ്പുകളാണ് റെക്സോണ, ലൈഫ് ബോയ്, ലക്സ് ചന്ദ്രിക തുടങ്ങിയവ. കാരണം ഗന്ധങ്ങൾ ഓർമ്മകൾ കൊണ്ട് വരും. റെക്സോണ സോപ്പ് ഉപയോഗിക്കുമ്പോൾ പണ്ട് ഉമ്മാ ചെറുപ്പത്തിൽ എന്നെ കുളിപ്പിക്കുന്ന ഓർമ്മ കൊണ്ട് വരും. ലൈഫ് ബോയ് ഇടപ്പാളിലെ ഒരു സ്നേഹിതന്റെ ഓർമ്മയിൽ കൊണ്ടെത്തിക്കും. ഞാൻ പറഞ്ഞുവല്ലോ ഓരോ ഗന്ധവും ഓരോ സ്മരണകളെ ഉണർത്തും. ഇന്നേതായാലും പുതിയ ഇനങ്ങൾ ഏതെങ്കിലും നോക്കാമെന്ന് കരുതി അടുത്ത ദിവസങ്ങളിൽ പത്രങ്ങളിൽ കണ്ട സോപ്പിന്റെ പരസ്യം ഓർത്തു. സൂപ്പർ സ്റ്റാർ ഒരു സോപ്പുമേന്തി നിൽക്കുന്ന പരസ്യം. കടയിലെ പയ്യനോട് ആ സോപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ അയാൾ ഉടൻ അത് തന്നു.
ഇന്ന് സിനിമയാണല്ലോ സമൂഹത്തെ സ്വാധീനിക്കുന്നത്. സിനിമാക്കാർ എന്ത് ചെയ്യുന്നുവോ അത് നമുക്ക് മാതൃക. പണ്ട് ഹോളീവുഡ് സിനിമാ നടി എലിസബത്ത് ടെയ്ലർ അവർ വീട്ടിൽ നിൽക്കുമ്പോൾ വസ്ത്രത്തിന് താഴെ ഒരു അടിവസ്ത്രം കൂടി ധരിക്കുമെന്ന് ഇന്റർവ്യൂവിൽ സമ്മതിച്ചിരുന്നു. അടുത്ത ആഴ്ച മാർക്കറ്റിൽ അടിവസ്ത്രത്തിന് ഡിമാന്റ് വർദ്ധിച്ചു.
അനുകരണം മനുഷ്യന്റെ ദൗർബല്യമാണ്. അടുത്തയിട അന്തരിച്ച നടൻ ദിലീപ് കുമാറിന്റെ ഹെയർ സ്റ്റൈൽ അദ്ദേഹത്തിന്റെ സുവർണ കാലത്ത് ധാരളം പേർ അനുകരിച്ചു. എന്തിന് പറയുന്നു അന്നത്തെ മുഖ്യ മന്ത്രി ആന്തുലെ വരെ ആ സ്റ്റൈലിൽ ആയിരുന്നത്രേ!.
നാടിന്റെ സ്വാതന്ത്രിയ സമരത്തിൽ പങ്കെടുത്തില്ലെങ്കിലും മറ്റ് സേവന മേഖലകളിൽ വ്യാപ്രതരായില്ലെങ്കിലും പ്രസിദ്ധി വരുന്നതിനു മുമ്പ് ദാന ശീലനായിരുന്നില്ലെങ്കിലും സിനിമാ മേഖലയിലെത്തി ക്ളച്ച് പിടിച്ച് കഴിഞ്ഞാൽ പിന്നെ സംഗതി വേറെ. ഉണക്കമീന്റെ പരസ്യത്തിന് വരെ സിനിമാക്കാരുടെ പടം ഉപയോഗിക്കുന്നു, കട ഉദ്ഘാടനങ്ങൾ ലക്ഷങ്ങൾ അവർക്ക് കൊടുത്ത് അവരെ കൊണ്ട് വന്ന് നടത്തിക്കുന്നു. സിനിമാ അത്രത്തോളം മനുഷ്യനെ സ്വാധീനിച്ച് കഴിഞ്ഞു. അത് കൊണ്ട് ഈയുള്ളവനും സൂപ്പർ സ്റ്റാർ ശുപാർശ ചെയ്ത സോപ്പ് വാങ്ങി വീട്ടിൽ കൊണ്ട് വന്നു ഇടത് ഭാഗത്തെ കാണിച്ച് പറഞ്ഞു, ഇത് ദേ! അയാൾ കുളിക്കുന്ന സോപ്പാണ്. നമുക്ക് കുളിച്ച് നോക്കാം.
പിറ്റേന്ന് പതിവ് സ്നാനത്തിന് ഞാൻ ആ സോപ്പ് ഉപയോഗിച്ചു. ഉള്ളത് പറയണമല്ലോ ഇപ്പോൾ കമ്പോളത്തിൽ നിലവിലുള്ള തുണി അലക്കുന്ന സോപ്പിന് ഉള്ള ഗന്ധം പോലും ഈ പിണ്ണാക്ക് കട്ടക്ക് ഇല്ലായിരുന്നു. ഞാൻ ശരീരത്തിൽ നല്ലവണ്ണം ഉരച്ച് നോക്കി. തൊലി പോയി കിട്ടുമെന്നല്ലാതെ സൂപ്പറാന്റെ സോപ്പിന് ഒരു മണവുമില്ല, ഗുണവുമില്ല. അയാൾ ലക്ഷങ്ങൾ വാങ്ങി പരസ്യത്തിന് നിന്ന് കൊടുക്കുന്നതിനു മുമ്പ് ഈ സോപ്പ് ഉപയോഗിച്ച് കാണില്ലാഎന്ന് തീർച്ച. എന്റെ രൂപാ പോയിക്കിട്ടി. പാഠം (ഒന്ന്) മേലിൽ സൂപ്പറന്മാരുടെ പരസ്യം കണ്ട് സോപ്പോ കോപ്പോ വാങ്ങരുത്.
വീട്ടിലെ കുട്ടികൾ താലോലിച്ച് വളർത്തുന്ന രോമ പൂച്ചയെ കുളിപ്പിക്കാൻ സൂപ്പറാന്റെ സോപ്പ് ഞാൻ കൊടുത്തു. പൂച്ചേ! നിന്റെ സൗന്ദര്യമെങ്കിലും വർദ്ധിക്കട്ടെ...നമുക്ക് പഴയ ചന്ദ്രികയോ ലൈഫ് ബോയിയോ റെക്സോണയോ വാങ്ങാം.......
No comments:
Post a Comment