Monday, September 27, 2021

കാലാവസ്ഥാ മാറ്റം.

 പ്രളയ ദുരിതങ്ങളും  കോവിഡ് മഹാമാരിയുടെ വ്യാപനവും അതിപ്രധാന വിഷയമായി  കേരളം കണ്ടപ്പോൾ ഒട്ടും പ്രാധാന്യം കുറയാത്ത ഒരു വിഷയം ആരും ശ്രദ്ധിക്കാതെ വിട്ട് പോയതായി കാണുന്നു. 

ഘടികാരത്തിന്റെ  സൂചി പോലെ കൃത്യമായി ചലിച്ച് കൊണ്ടിരുന്ന ഈ നാടിന്റെ കാലാവസ്ഥക്ക് വന്ന മാറ്റം ആർക്കും ഒരു വിഷയമായി ഭവിച്ചതേയില്ല. തെക്ക് പടിഞ്ഞാറൻ കാലവർഷം അതായത് നമ്മുടെ ഇടവപ്പാതി  ജൂണിൽ തുടങ്ങി ആഗസ്റ്റിൽ അവസാനിക്കേണ്ടതായിരുന്നു. കർക്കിടകം തീരുന്നതോടെ കാലാവസ്ഥക്കും മാറ്റം സംഭവിക്കുകയും  പിന്നീട് സുഖകരമായ കാലാവസ്ഥ സെപറ്റംബറിൽ ഉണ്ടാവുകയും ചെയ്യും. മൺസൂണിന്റെ വിടവാങ്ങൾ  കാലമാണത്. പിന്നീട് ഒക്റ്റോബറിൽ തുലാ വർഷം (വടക്ക് കിഴക്ക് മൺസൂൺ) ആരംഭിച്ച് ഡിസംബറോടെ അവസാനിക്കുകയും ചെയ്യും.

പക്ഷേ കുറച്ച് വർഷങ്ങളായി  ഇതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു.  പ്രകാശിച്ച് നിൽക്കേണ്ട ചിങ്ങ മാസംഈ വർഷം  ന്യൂനമർദ്ദത്താലും മറ്റും ദിവസങ്ങളോളം മഴയിൽ തന്നെയാണ്. കഴിഞ്ഞ വർഷവും ഇത് തന്നെയാണ്` അവസ്ഥ.

കേരളത്തിലെ കൃഷിയും മറ്റും കാലാവസ്ഥയെ ആശ്രയിച്ചാണ് നടന്ന് കൊണ്ടിരുന്നത്. ഓരോ വൃക്ഷത്തിലും പൂവും കായുമുണ്ടാകുന്നത്  കാലാവസ്ഥ  പ്രകാരമായിരുന്നു. മാവ് പൂക്കുന്നത്, ചക്ക കായ്ക്കുന്നത്, കശുമാവ് വിള, മറ്റ് വിളകൾ  ഇവയെല്ലാം കാലാവസ്തക്കനുസൃതമായിരുന്നു. ചില വർഷങ്ങളിൽ ചെറിയ മാറ്റമുണ്ടാകുമായിരുന്നു എന്നത് ശരിയാണ് പക്ഷേ തുടർച്ചയായി വർഷങ്ങളിൽ ഇപ്രകാരം സംഭവിക്കുന്നതാദ്യമാണ്. 

ഋതുക്കളെ ആശ്രയിച്ച് നില നിൽക്കുന്ന ഒരു  വ്യവസ്തയെ  അപ്പാടെ അട്ടിമറിക്കാനിടയാക്കുന്ന ഈ പ്രതിഭാസത്തെ പറ്റി നിരീക്ഷിക്കേണ്ടതും പടിക്കേണ്ടതുമല്ലേ?

Saturday, September 25, 2021

ചുണ്ണാമ്പ്...

 ചുണ്ണാമ്പ്...

ചുക്കിനും ചുണ്ണാമ്പിനും കൊള്ളുകയില്ല എന്ന നാടൻ  ശീലിൽ ചുക്കിനെ മാറ്റി വെച്ച്  നമുക്ക് ചുണ്ണാമ്പിന്റെ പുറകേ പോകാം.

 നിലാവിൽ കുളിച്ച ,പാലപ്പൂ മണം നിറഞ്ഞ് നിൽക്കുന്ന  മാദക രാവുകളിൽ യാത്ര ചെയ്യുന്ന പാന്ഥന്റെ  പുറകിലെ ഝിൽ ഝിലാരവവും  കൂട്ടത്തിൽ “അൽപ്പം ചുണ്ണാമ്പ് തരുമോ?“ എന്ന സ്ത്രീ സ്വരവും മുത്തശ്ശിക്കഥകളിലൂടെ നമുക്ക് പരിചിതമാണല്ലോ. പാലമരവും കഥ പറയുന്ന മുത്തശ്ശികളും  യക്ഷികളും കാല പ്രവാഹത്തിൽ ഒഴുകി പോയെങ്കിലും  പ്രസക്തമായ ഒരു  പരമാർത്ഥം  ആ കഥകളിൽ അന്തർലീനമായി  കാണപ്പെടുന്നു. 

ചുണ്ണാമ്പ് എന്ന് പറയുന്ന സാധനം  എപ്പോഴും എല്ലാവരുടെ പക്കലും ഉണ്ടായിരുന്നു എന്ന പരമാർത്ഥം. അത് കൊണ്ടാണല്ലോ പാതിരാവിലും  ചുണ്ണാമ്പ് ചോദ്യം ഉൽഭവിച്ചത്.

ചുണ്ണാമ്പിനെ പിന്നെ നമ്മൾ കാണുന്നത് മുറുക്കാൻ കടകളുടെ ഓരത്തിൽ വെളുത്ത് കൊഴുത്ത ചുണ്ണാമ്പിനാൽ പൊതിയപ്പെട്ട ചെറിയ തകര ടിന്നും അതിൽ നിന്നും ചുണ്ണാമ്പ് കോരി എടുക്കാനായി ഉപയോഗിക്കുന്ന ഒരു ചെറിയ കമ്പുമായിരുന്നു, ആവശ്യക്കാർ വെറ്റിലയിൽ തേക്കാനായി മേൽപ്പറഞ്ഞ ടിന്നിന് സമീപമെത്തി ഉള്ളംകയ്യിൽ നിവർത്തി പിടിച്ച വെറ്റിലയിൽ കോൽ കൊണ്ട് തോണ്ടി എടുത്ത ചുണ്ണാമ്പ്  തേച്ച് പിടിപ്പിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. വീട്ടിലേക്ക് കൊണ്ട് പോകാനായി പ്രത്യേക ഇലയിൽ പൊതിഞ്ഞ ശുഭ്രസുന്ദരമായ  ചുണ്ണാമ്പ് കുറഞ്ഞ വിലക്ക് ലഭിക്കുകയും ചെയ്യും.  വീട്ടിൽ കൊണ്ട് പോയ ആ സാധനം സൂക്ഷിക്കാൻ പ്രത്യേക ടിന്നോ കരണ്ടകം  എന്ന പാത്രമോ എല്ലാ വീടുകളിലും കാണപ്പെട്ടു. പിച്ചളയിലോ വെള്ളിയിലോ തീർത്ത കരണ്ടകം ആഡ്യതയുടെ  അടയാളമായിരുന്നു.

 പിൽക്കാലത്ത് റിസ്റ്റ് വാച്ച് നിലവിൽ വന്നപ്പോൽ പതിഞ്ഞതും കയ്യിൽ അമർന്ന് കിടക്കുന്നതുമായ വാച്ചുകളായിരുന്നു ഫാഷൻ. അൽപ്പം വലുതായ റിസ്റ്റ് വാച്ചുകൾ കണ്ടാൽ കൂട്ടുകാർ പരിഹാസത്തോടെ ചോദിക്കുമായിരുന്നു“ ഈ കരണ്ടകം എവിടെ നിന്നും കിട്ടിയെടാ എന്ന്..രസകരമായ വസ്തുത ഇപ്പോൾ കയ്യിൽ കെട്ടുന്ന വാച്ച് കരണ്ടകം പോലെ വലുതായിരിക്കുന്നതാണ് ഫാഷൻ

. കരണ്ടകം ഉള്ളടക്കം ചെയ്തതും മുറുക്കിന് ഉപയോഗിക്കുന്ന വെറ്റ, അടക്ക, പുകയില എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും യാത്രയിൽ കൊണ്ട് നടക്കാവുന്നതുമായ ചെല്ലപ്പെട്ടിയും തറവാടിത്വത്തിന്റെ  പ്രതീകമായിരുന്നു.

ചെല്ലപ്പെട്ടി തുറന്ന് വെച്ച് വെറ്റ എടുത്ത് അതിലെ ഞരമ്പുകൾ നഖം വെച്ച് മാന്തി കളഞ്ഞ് അതിൽ ചുണ്ണാമ്പ് തേച്ച് പിന്നെയോ അതിനു മുമ്പോ പാക്ക് കഷണം വായിലിട്ട് പിന്നെ അൽപ്പം പുകയില  മോണയിൽ ഉരച്ച്  നാലും കൂട്ടി മുറുക്കുമ്പോൾ ഉള്ള ഒരു സുഖം അതൊരു സുഖം തന്നെ ആയിരുന്നത്രേ!.

വെറ്റ മുറുക്കുന്ന സ്വഭാവം  കുറഞ്ഞ് വന്നതോടെ പാവം ചുണ്ണാമ്പും നാട്ടിൻ പുറങ്ങളിൽ പെട്ടിക്കടകളുടെ ഓരത്ത് കണ്ടാലായി. 

ചുണ്ണാമ്പും  അത് അടക്കം ചെയ്യുന്ന കരണ്ടകവും ആട്ടുകല്ലിനും അരകല്ലിനും ഉറിയുമോടൊപ്പം വീടൂകളിൽ നിന്നും എപ്പോഴേ  അപ്രത്യക്ഷമായിരിക്കുന്നു.

Tuesday, September 21, 2021

സാറായും യോഹന്നാനും

 സാറായും യോഹന്നാനും

വൃദ്ധരായ ദമ്പതികളാണവർ. സാമ്പത്തികമായി വളരെ പുറകിൽ നിൽക്കുന്നവർ. ആരോഗ്യമുള്ള കാലത്ത് യോഹന്നാൻ കൃഷി പണിക്കും മറ്റ് കൂലിവേലക്കും പോകുമായിരുന്നു. വയസ്സായപ്പോൾ ഒന്നിനും വയ്യാതായി. കുട്ടികളുണ്ടെങ്കിലും അവരെ  കഴിയുന്നതും ആശ്രയിക്കാതെ ജീവിക്കാനാണ് അവർക്ക് ഇഷ്ടം. വല്ലപ്പോഴും തൊഴിലുറപ്പ് പദ്ധതിക്കു പോകും.അത്രമാത്രം.

രണ്ട് പേരും നിശ്ചിത സമയത്ത് വീട്ടിൽ നിന്നിറങ്ങി നടന്ന് പ്രധാന നിരത്തിന് സമീപത്തുള്ള ചായക്കടയിൽ പോയി കാപ്പി കുടിക്കും. എന്റെ വീടിന് മുമ്പിലൂടെയാണ് ആ പതിവ് യാത്ര. കുട്ടികൾ ആ യാത്ര കാണുമ്പോൾ പറയും “ ദാ് ബോബനും മോളിയും പോകുന്നു...“ മറ്റ് ചിലർ പറയും ഇണ പ്രാവുകൾ കാപ്പി കുടിക്കാൻ പോകുന്നു...“ ചുരുക്കത്തിൽ അതൊരു കൺ കുളിർക്കുന്ന പതിവ് കാഴ്ചയായിരുന്നു.

എങ്കിലും യോഹന്നാൻ സാറായെ ചിലപ്പോൾ ശകാരിക്കും, നല്ല ശുദ്ധ മലയാളത്തിൽ തന്നെ ശകാരിക്കും. സാറാക്ക് കാലിന് വേദ്നയുള്ളതിനാൽ നടപ്പിന് അൽപ്പം വേഗതക്കുറവുണ്ടാകും. അപ്പോൾ യോഹന്നാൻ മുമ്പിൽ നടന്ന് കാത്ത് നിൽക്കും. ആ കാത്ത് നിൽപ്പിനാലായിരിക്കാം ശകാരം ഉണ്ടാകുന്നത്.    പക്ഷേ സാറാ ഈ ശകാരമെല്ലാം “ഓ! ഞാനിതെത്ര കണ്ടിരിക്കുന്നു, എത്ര കേട്ടിരിക്കുന്നു  എന്ന മട്ടിൽ നിസ്സാര മട്ടിൽ നടന്ന് ചെല്ലും..“ കാപ്പി കുടി കഴിഞ്ഞ് തിരിച്ച് വരുന്ന  വഴിയിൽ ഒരു മതിലിന് സമീപം രണ്ട് പേരും അൽപ്പം വിശ്രമിക്കാൻ ഇരിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഇവരുടെ ഈ കാപ്പി കുടിക്കാൻ പോക്ക് സ്ഥിരമായി കാണുന്ന എനിക്ക് അവരുടെ ഒരുമ  കാണുമ്പോൾ അതിയായ സന്തോഷം തോന്നുമായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യോഹന്നാൻ മരിച്ചു.. ഇനി ആ ഇണപ്രാവുകളെ കാണാൻ കഴിയില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ കഴിഞ്ഞ ദിവസം സാറാ ഒറ്റക്ക് നടന്ന് പോകുന്നത് കണ്ടു. വല്ലാത്ത വേദന തൊന്നി. കുറേ ദൂരം നടന്നതിന് ശേഷം പഴയത് പോലെ യോഹന്നാൻ എവിടെയെത്തിയെന്ന് തല ഉയർത്തി നോക്കും. വഴിയിൽ യോഹന്നാനെ കാണാതെ വന്നപ്പോൾ പതുക്കെ തല കുനിച്ച് നടന്ന് പോയി.

രണ്ട് ദിവസം മുമ്പ് ഞാൻ രാവിലെ നടപ്പ് കഴിഞ്ഞ് വരുമ്പോൾ സറാ എന്റെ മുമ്പിൽ നടന്ന് പോകുന്നത് കണ്ടു. അവർ വിശ്രമിക്കുന്ന  മതിലിന് സമീപമുള്ള ഇടമെത്തിയപ്പോൾ സാറാ ഒന്ന് നിന്നു. അവിടം സൂക്ഷിച്ച് നോക്കി

 എന്നിട്ട് വലിഞ്ഞ് നടന്ന് പോകുന്നത് കണ്ടപ്പോൾ വലിയ പ്രയാസം തോന്നി.  എന്തെല്ലാമായിരിക്കാം അപ്പോൾ സാറായുടെ ഉള്ളിലൂടെ കടന്ന് പോയ വിചാര വികാരങ്ങൾ..എന്ന്.ആർക്കറിയാം.

  ജീവിതം ഇങ്ങിനെയൊക്കെ തന്നെയാണ്. രണ്ട് പേർ ചേർന്നുള്ള ജീവിത യാത്രയിൽ ഒരാൾ മാത്രമായി അവശേഷിക്കുമ്പോൾ  അവർ അനുഭവിക്കുന്നത് അവർക്ക് മാത്രമേ അറിയൂ.....

Thursday, September 16, 2021

സ്വകാര്യ ആശുപത്രിയിൽ ഒരു മണിക്കൂർ

സർക്കാർ ആശുപത്രിയിലെ തിരക്കും  കോവിഡ് ഭീതിയും കാരണം  ഭാര്യയെ സ്വകാര്യ ആശുപത്രിയിലെ  യൂറോളജി ഡിപ്പാർട്ട്മെന്റിൽ പതിവ് ചെക്കപ്പിനായി കൊണ്ട് വന്നതായിരുന്നു. മൂത്രത്തിൽ കല്ല് കണ്ടത് അലിഞ്ഞ് പോയെങ്കിലും വെറുതെ ഒരു ചെക്കപ്പാകട്ടെ എന്ന് കരുതി. അടുത്ത ഊഴത്തിനായി  ഡോക്ടറുടെ ക്യാബിന് പുരത്ത് കാത്ത്നിന്നു.

അകത്ത് നിന്നും ഡോക്ടറും രോഗിയുമായുള്ള സംഭാഷണ ശകലങ്ങൾ ഒഴുകി വന്നു.

“എത്ര കാലമായി ഈ അസുഖം കണ്ട് തുടങ്ങിയിട്ട്.“

“കുറേ കാലമായി ഡോക്ടറേ!...“

“എന്തായിരുന്നു ആദ്യ ലക്ഷണങ്ങൾ?“

“ആദ്യവും ഇപ്പോഴും  ഒരേ ലക്ഷണങ്ങളാ ...മൂത്രം ഒഴിക്കണമെന്ന് തോന്നിയാൽ അപ്പോൾ തന്നെ ഒഴിക്കണം...അല്ലെങ്കിൽ അത് സ്വയമേ ഒഴിക്കും... രാത്രിയിൽ കിടന്നാൽ കുഴപ്പമൊന്നുമില്ല, എഴുന്നേറ്റ് പോയാൽ  ഉടൻ ഒഴിക്കണം...വയസ്സ് പത്തറുപത്ത്ഞ്ച് ആയില്ലേ ഡോക്ടറേ...പഴയ മെഷീനല്ലേ? ഇങ്ങിനെയെല്ലാമേ പറ്റൂ.....കൂട്ടുകാരോട് ചോദിച്ചപ്പ, എല്ലാവനുമുണ്ട് ഈ അസുഖം...മഴക്കാലത്ത് ഇത്തിരി അധികമാ...ആശുപത്രിയിൽ വരണ്ടാന്ന് കരുതി നിന്നതാ...മക്കൾ സമ്മതിക്കേണ്ടേ...അവർക്കുടനെ അപ്പനെ ആശുപതിയിലാക്കണം...... ചുമ്മാ മെനക്കേട്“

“മക്കൾക്കെവിടാ ജോലി“

“മൂത്തവൻ കുവൈറ്റിൽ...രണ്ടാമത്തവൻ...അവനും കുവൈറ്റിലാ...മൂന്നാമത്തെ പെണ്ണ് അബൂദാബീല്...ആ മൂത്തവനാ സൂക്കേട്..അപ്പൻ..ഉടനേ    ഡോക്ടറെ കാണണമെന്ന്..അവനെല്ലാം അവിടിരുന്ന് പറഞ്ഞാ പോരേ  മെനക്കേടുന്നത് ഞാനും....“

പിന്നെ അൽപ്പം നേരം നിശ്ശബ്ദത....വീണ്ടും ഡോക്ടറുടെ ശബ്ദം...

“ഇവിടെത്തെ കാർഡിയോളജി ഡോക്ടറെ കാണണം, അത് കഴിഞ്ഞ് ന്യൂറോയേയും....പിന്നെ...ഗ്യാസ്ട്രോയിലുമൊന്ന് കാണിച്ചേര്...അവിടങ്ങളിലെ ഡോക്ടറന്മാരുടെ പേര് ഞാൻ ഇതാ കുറിച്ചിട്ടുണ്ട്...അവിടെല്ലാം കാണീച്ച് ഒന്ന് ചെക്ക് ചെയ്തേര്.....ഇവിടെത്തെ മരുന്ന് ഫാർമസീന്ന് വാങ്ങിക്കോ കേസ് ഷീറ്റിൽ എഴുതീട്ടുണ്ട്....പേടിക്കുകയൊന്നുംവേണ്ടാ,,,വലിയ സുഖക്കേടൊന്നും ഇല്ല, ..“

“ സൂക്കേടൊന്നുമില്ലേങ്കിൽ  പിന്നെന്താത്തിനാ...ഈ ഡോക്ടറന്മാരെയെല്ലാം കാണിച്ച് ചെക്കുന്നേ....“

“ഒന്ന് ചെക്ക് ചെയ്തേര് അച്ചായാ...അസുഖമെന്തെങ്കിലുമുണ്ടോ എന്നറിയാമല്ലോ...“

“ചെക്കി ചെക്കി  എന്റെ പോക്കറ്റ് കീറുമല്ലോ സാറേ...ചുമ്മാ ഇത്തിരി മുള്ളിയതിന് രൂപായ്ത്രയാ ചെലവാകുന്നേ...മക്കൾക്കവിടെ ഇരുന്ന് ചുമ്മാ കൊട്ടേഷൻ വിട്ടാ മതി...ബാക്കി ഉള്ളോര് കൊച്ച് വെളുപ്പാൻ കാലത്ത് തോട്ടത്തീ കേറി റബ്ബറ് വെട്ടിയാലേ ചിക്കിലി ഉണ്ടാകൂ....“

അച്ചായൻ പുറത്തിറങ്ങി  എന്റെ അടുത്ത് വന്ന് പതുക്കെ പറഞ്ഞു.

“മക്കളാരും കുവൈറ്റിലുണ്ടെന്ന് പറഞ്ഞേക്കല്ലേ...ആശൂത്രിക്കാര് നിങ്ങളെ കീറി ഭിത്തീലൊട്ടിക്കും...“

ശരിയാണ് എനിക്കത് ഗുണ പാഠമായി....

Friday, September 10, 2021

ആത്മഹത്യ ക്രൂരമാണ്

 ഇന്ന് ആത്മഹത്യ വിരുദ്ധദിനമാണ്.

ആത്മഹത്യ എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടി വരുന്ന ഒരു സംഭവമുണ്ട്. അത് ഏറെ വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്.

അന്ന് ഞാൻ തമിഴ് നാട്ടിലെ പല്ലാവരത്തിന് സമീപമുള്ള ക്രോം പേട്ടയിൽ ഭൂവനേശ്വരി ആൻട് കമ്പനി എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. സിനിമ ലോകത്തിലേക്ക്  പോയ എന്റെ യാത്ര എത്തിച്ചേർന്നത് ഭൂവനേശ്വരിയിലാണ്.

ശിശുക്കൾക്ക് ആ കാലത്ത് പതിവായി നൽകി വന്നിരുന്ന ഗ്രേയ്പ്പ് വാട്ടർ എന്ന മരുന്നിന്റെ കുപ്പിയിലെ അലൂമിനിയം കലർന്ന അടപ്പിനുള്ളിൽ ലോഹവുമായി കലരാതിരിക്കാൻ സ്ഥാപിക്കുന്ന വാഡ്സ് എന്ന  സാധനം നിമ്മിക്കുന്ന കമ്പനിയാണ് ഭൂവനേശ്വരി. 

കമ്പനി  സൂപ്രവൈസർ മേനോൻ എന്നൊരാളായിരുന്നു. മലയാളി ആണെങ്കിലും ഒരു മമതയും ആരോടും കാണിക്കാത്ത കണീശക്കാരനും ഗൗരവക്കാരനും  കർശനക്കാരനുമായിരുന്നു മേനോൻ. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അണുവിട തെറ്റിയാൽ ദുർവാസാവിനേക്കാളും അരിശക്കാരനായ മേനോനെ എല്ലാവരും ഭയന്നു. അസ്സിസ്റ്റന്റ്  സൂപ്രവൈസർ, തമിഴ്  ബ്രാഹ്മണനായ കണ്ണനും. കണ്ണൻ സുസ്മേരവദനും ചെറുപ്പക്കാരനും ദയാലുവുമായിരുന്നു.

മേനോനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്.  ഞാനും ആദ്യം അങ്ങിനെ തന്നെയായിരുന്നു. രാവിലെ പല്ലാവരത്ത് നിന്നും തിരിക്കുന്ന ഞാൻ പോൻഡ്സ് പൗഡർ കമ്പനി സമീപത്തെ  സുഗന്ധവും അത് കടന്ന് വരുമ്പോൾ  തോൽ ഊറക്കിടുന്ന അടുത്ത  കമ്പനി പരിസരത്തെ ദുർഗന്ധവും ആസ്വദിച്ച് ഭൂവനേശ്വരി വാതിൽക്കലെത്തുമ്പോൾ പലപ്പോഴും സമയം വൈകും. മേനോൻ രൂക്ഷമായി നോക്കും. ആ നോട്ടം കാണൂമ്പോൾ “താൻ പോടോ! അൺ വാൻഡഡ് ഹെയറേ! “ എന്ന മട്ടിൽ ഞാൻ  അകത്തേക്ക് പോകുമായിരുന്നു...

എന്റെ സഹപ്രവർത്തകനും കൂട്ടുകാരനുമായ കണ്ണൂർക്കാരൻ അലക്സാണ്ഡർ പലപ്പോഴും എന്നോട് ഉപദേശിക്കും,വൈകി വന്നാൽ അയാൾ ശമ്പളം കട്ട് ചെയ്യുമെന്ന്.ഞാൻ അതൊന്നും തെല്ലും വക വെച്ചില്ല.

അങ്ങിനെ ഇരിക്കെ  ഒരുകാര്യം തിരിച്ചറിഞ്ഞു. മെനോൻ തികഞ്ഞ മദ്യപാനിയാണെന്ന്.അതോടെ അയാളോട് എനിക്കുണ്ടായിരുന്ന  ബഹുമാനത്തിന് ഇടിവ് പറ്റി

 കമ്പനി എന്തോ കാരണത്താൽ പൂട്ടിയപ്പോൾ. ഞാൻ നാട്ടിൽ പോയി കുറേ നാൾ കഴിഞ്ഞ്.കമ്പനി തുറന്നു എന്ന് വിവരം കിട്ടിയപ്പോൾ  തിരിച്ച് പല്ലാവരത്തെത്തിയെങ്കിലും കമ്പനി തുറന്നിരുന്നില്ല. വിവരം തിരക്കാൻ  മേനോന്റെ വീട് തിരക്കി കണ്ട് പിടിച്ച് വീടിന്റെ മുൻ വശം കതകിൽ തട്ടിയപ്പോൾ വാതിൽ തുറന്ന് വന്നത് ശാലീനയായ ഒരു സ്ത്രീയായിരുന്നു. അവരോട് വിവരം പറഞ്ഞപ്പോൾ  അവർ അകത്തെക്ക് പോയി. കുറേ കഴിഞ്ഞ് മേനോൻ അകത്ത് നിന്നും ഉറക്കച്ചടവോടെ എന്നെ അഭിമുഖീകരിച്ച് ചോദിച്ചു..“ഉം  എന്താ....“ ഞാൻ വിവരം പറഞ്ഞു.

“ കമ്പനി തുറക്കുമ്പോൾ നിങ്ങളെ അറിയിക്കും,,,,“ മറുപടിയിൽ അൽപ്പം പോലും ദയയില്ലായിരുന്നതിനാൽ  ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞ് നടന്നു.അപ്പോൾ അയാൾ എന്നെ കൈ കൊട്ടി വിളിച്ചു. ഞാൻ തിരിച്ച് ചെന്നു.

എന്റെ വൈഫിന് കമ്പനി കാര്യം അറിയില്ല, കാര്യങ്ങൾ മേലിൽ എന്നോട് ചോദിച്ചാൽ മതീ കേട്ടോ...“ അയാൾ എന്റെ നേരെ കതക് കൊട്ടിയടച്ചു.

പിന്നീട് വളരെ കാലം കഴിഞ്ഞാണ് പല്ലാവരത്തെത്തിയത്. അപ്പോഴേക്കും ഞാൻ നാട്ടിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞിരുന്നു. പല്ലാവരത്തെത്തിയപ്പോൾ  ഭൂവനേശ്വരിയിലെ കണ്ണനെ കാണാമെന്ന് കരുതി  കമ്പനിയിൽ ചെന്നു കണ്ണനെ കണ്ടു. പഴയ കാര്യങ്ങൾ സംസാരിച്ച് വരവേ  മേനോനെ തിരക്കി. അപ്പോഴാണ് കണ്ണൻ ഞെട്ടിപ്പിക്കുന്ന ആ വാർത്ത പറഞ്ഞത്.

മേനോൻ വീട്ടിലെ ഉത്തരത്തിൽ  തൂങ്ങി ചത്തു. ഭാര്യ മൃതദേഹം കണ്ടപ്പോൾ അത് താഴെ ഇറക്കി  ആ കയറിൽ തന്നെ അവരും ജീവനൊടുക്കി. നാട്ടുകാർ വിവരം അറിഞ്ഞ് ചെന്നപ്പോൾ ആ മൃതദേഹങ്ങളെ നോക്കി ഇരുന്ന് കരയുന്ന  കുഞ്ഞിനെയാണ് കണ്ടത്.. കാര്യമെന്താണെന്ന് ആർക്കുമറിയില്ല.അവിടെ ഉണ്ടായിരുന്ന ആത്മഹത്യാ കുറിപ്പിൽ നിന്ന് മേനോനാണ്. ആദ്യം തൂങ്ങിയതെന്ന് മനസ്സിലായത്. “വല്ലാത്ത കാഴ്ച...“ കണ്ണൻ പറഞ്ഞ് നിർത്തി.

നിശ്ശബ്ദനായി കമ്പനിയിൽ നിന്നും ഇറങ്ങി വന്ന എന്റെ ഉള്ളിൽ കരയുന്ന ആ കുഞ്ഞിന്റെ രൂപം വല്ലാതെ നൊമ്പരമുളവാക്കി. 

 കാലമൊരുപാട് കഴിഞ്ഞ് ഇപ്പോൾ ഈ കുറിപ്പ് എഴുതുമ്പോൾ ആ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നൊന്നും എനിക്കറിയില്ല. അത് ആൺകുട്ടിയാണോ പെൺ കുട്ടിയാണോ എന്നുമറിയില്ല. ഒന്നുമാത്രമറിയാം.ആ കുട്ടി       ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ സംഭവം  ഒരു പേക്കിനാവ് പോലെ അതിനെ പിൻ തുടർന്നുകൊണ്ടിരിക്കുമെന്ന് ഉറപ്പ്.

ആത്മഹത്യ ചെയ്യുന്ന എല്ലാവരും തനി സ്വാർത്ഥരാണ്.അവർ ക്രൂരരാണ്. ആവരുടെ ആത്മഹത്യ മറ്റുള്ളവരിൽ എന്ത് പ്രതികരണം സൃഷ്ടിക്കും എന്ന് അവർ ചിന്തിക്കുകയേയില്ല. അവരുടെ വികാരങ്ങളാണ് അവർക്ക് വലുത്. അവർ അവശേഷിപ്പിച്ച് പോകുന്ന ബന്ധങ്ങൾക്ക് സംഭവിക്കുന്ന വേദന, കഷ്ടപ്പാട്, തുടങ്ങിയവയെ പറ്റി അവർ വേവലാതിപ്പെടുകയേയില്ല. അവരുടെ താല്പര്യം ജയിക്കണം അത്രമാത്രമേ അവർക്ക് വാശിയുള്ളൂ.

Sunday, September 5, 2021

അദ്ധ്യാപക ദിനത്തിൽ...

 അദ്ധ്യാപക ദിനത്തിൽ മാതമല്ല  എന്നും ഓർമ്മിക്കുന്ന ഒരു അധ്യാപകൻ എനിക്കുണ്ടായിരുന്നു.

ആലപ്പുഴ മുഹമ്മദൻ സ്കൂളിൽ  എട്ട് ജെയിൽ പഠിച്ചിരുന്ന ഞാൻ അന്ന്   റഷീദ് സാറിനെ നിർവികാരനായി ശ്രദ്ധിച്ച് കൊണ്ടിരുന്നു. ക്രിസ്തുമസ് പരീക്ഷയിലെ കണക്ക് വിഷയത്തിന്റെ   മാർക്കുകൾ ഉത്തര പേപ്പർ നോക്കി സാർ വായിക്കുകയായിരുന്നു., ആകെ ഒരു ഷീറ്റ് പേപ്പർ  മാത്രമാണ് ഞാൻ പരീക്ഷക്ക് ഉപയോഗിച്ചിരുന്നത് എന്ന്. എനിക്ക് നല്ല ഓർമ്മയുണ്ടായിരുന്നു ആ ഒരു ഷീറ്റിൽ എഴുതിയ ഉത്തരത്തിന് എത്ര മാർക്ക് ലഭിക്കാനാണ്?!

സാറിന്റെ ശകാരമോ അടിയോ അതോ രണ്ടും കൂടിയോ ഉറപ്പായി കിട്ടും. അതാണ്` സാർ മാർക്കുകൾ വായിച്ച് കൊണ്ടിരുന്നപ്പോൾ ഞാൻ നിസ്സംഗനായിരുന്നത്.

മനപ്പൂർവമല്ല, അപ്രകാരം ഒരു പേപ്പർ മാത്രം ഉപയോഗിച്ചത്. രാവിലത്തെ അറബിക്കും ഉച്ചക്കുള്ള കണക്കിനും കൂടി പേപ്പർ വാങ്ങാൻ വീട്ടിൽ നിന്നും 10 പൈസാ മാത്രമാണ് ലഭിച്ചത്..അതിന് നാല് ഫുൾസ്കേപ്പ് പേപ്പർ കിട്ടും. പക്ഷേ പരീക്ഷ എഴുതുന്നതിനേക്കാളും എന്നെ അലട്ടിയത് കത്തിക്കാളുന്ന വിശപ്പായിരുന്നു. അത് കൊണ്ട് ഉച്ചക്ക് അഞ്ച് പൈസാക്ക് ഒരു ഗോതമ്പ് ഉണ്ട വാങ്ങി തിന്നാം എന്ന പ്രത്യാശയാൽ അഞ്ച് പൈസാ ഉണ്ടക്ക് മാറ്റി വെച്ച് ബാക്കി അഞ്ച് പൈസാക്ക് രണ്ട് പേപ്പർ മാത്രം വാങ്ങുകയും അതിൽ ഒരെണ്ണം രാവിലെ അറബി പരീക്ഷക്ക് ഉപയോഗിക്കുകയും ഒരെണ്ണം ഉച്ച കഴിഞ്ഞ് കണക്ക് പരീക്ഷക്കായി മാറ്റി വെക്കുകയും ചെയ്തിരുന്നല്ലോ. ആ ഒരു പേപ്പറിലാണ് കണക്ക് പരീക്ഷയുടെ ഉത്തരങ്ങൾ  എതത്തോളം കുനുകുനാ എഴുതാമോ അത്രക്കും ചെറുതായി എഴുതിയത്. എന്നിട്ടും ഒന്ന് രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ സ്ഥലം ഉണ്ടായിരുന്നില്ല.

 ഉത്തര പേപ്പർ നോക്കാൻ എടുക്കുന്ന അദ്ധ്യാപകൻ ഒരു മാർക്കും ആ പേപ്പറിന് നൽകാൻ മനസ്സ് വരാത്ത വിധമായിരുന്നു എന്റെ ഉത്തര പേപ്പറിന്റെ അവസ്ഥയെന്നതിനാൽ ഞാൻ സഹപാഠികൾക്ക് ലഭിക്കുന്ന മാർക്കുകൾ  വായിക്കുന്നതും കേട്ടിരുന്നപ്പോൾ സാർ എന്റെ പേർ വായിച്ചു. എന്റെ ഉത്തര പേപ്പർ തള്ള വിരലും ചൂണ്ട് വിരലും ഉപയോഗിച്ച് നുള്ളിയെടുത്ത് അദ്ദേഹം  ആ കടലാസ് വീശിക്കാണിച്ചു എന്നിട്ട് പറഞ്ഞു, “ഇതാ! ഒരു ഉത്തര കടലാസ്സ് ഒരു ഷീറ്റ് മാത്രം.“

ഞാൻ തല കുമ്പിട്ട് നിന്നു. ക്ളാസ്സിൽ കൂട്ട ച്ചിരി. പക്ഷേ അദ്ദേഹം എന്റെ  മാർക്ക് വായിച്ചില്ല.ആ പേപ്പർ മാറ്റി വെച്ചു, എന്നിട്ട് എന്നോട് പറഞ്ഞു, “നീ അവിടെ നിൽക്ക്....“

എല്ലാവരുടെയും മാർക്കുകൾ വായിച്ചതിന് ശേഷം അദ്ദേഹം എന്റെ ഉത്തരക്കടലാസ്സ് നേരത്തെ പോലെ രണ്ട് വിരൽ കൊണ്ടെടുത്തു  ,വീണ്ടും പറഞ്ഞു. ഒരു ഷീറ്റ് മാത്രം...“മാർക്ക്....“ എന്നിട്ട് ഒന്നും പറയാതെ എന്നെ സൂക്ഷിച്ച് നോക്കി  പിന്നീട് പറഞ്ഞു, “അൻപതിൽ നാൽപ്പത്തി എട്ട്.  “

ഞാൻ ഞെട്ടി.ക്ളാസ് ആകെ ഞെട്ടി. സാർ എന്നെ കളിയാക്കുകയാണോ? ഞാൻ ശങ്കിച്ചു.

“എന്താടാ രണ്ട് ഉത്തരങ്ങൾ കൂടി എഴുതാതിരുന്നത്...“ സാർ ചോദിച്ചു.

“പേപ്പർ തികഞ്ഞില്ല, “ഞാൻ വിക്കി വിക്കി പറഞ്ഞു.

“സാറേ!, അവൻ പേപ്പറിന്റെ പൈസാക്ക് ഗോതമ്പ് ഉണ്ട വാങ്ങി തിന്നു...“ എന്റെ സഹപാഠിയായ അബൂ ബക്കറാണ്` ആ സത്യം വിളിച്ച് പറഞ്ഞത്. ക്ളാസ്സിലെ കൂട്ടച്ചിരിക്കിടയിൽ സാർ എന്റെ സമീപം വന്ന് വിവരങ്ങൾ തിരക്കി. ചെറിയ വിമ്മലോടെ ഞാൻ സത്യം വെളിപ്പെടുത്തി. ശരിയാണ് വയറ് കത്തിക്കാളിയപ്പോൾ പരീക്ഷ വലുതായി കണ്ടില്ല.

“ഉച്ചക്ക് ക്ളാസ്സ് വിടുമ്പോൾ നീ എന്നെ വന്ന് കാണണം....“ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു. ഞാൻ റ്റീച്ചേഴ്സ് റൂമിൽ ചെന്നപ്പോൾ സാർ എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അദ്ദേഹം  ആലപ്പുഴ കണ്ണൻ വർക്കി പാലത്തിന് വടക്ക് വശം കോൺ വെന്റ് റോഡിലെ ഒരു  ഹോട്ടലിൽഎന്നെയും കൂട്ടി  പോയി ഊണ് വാങ്ങി തന്നു.

 ഇലയിൽ വിളമ്പി വെച്ച ചോറും കറികളും കണ്ടപ്പോൾ എന്തോ എനിക്ക് കരച്ചിൽ വന്നു. ആ ചോറിന്റെ മുമ്പിലിരുന്ന് ഞാൻ വിമ്മി വിമ്മി കരഞ്ഞു. സാർ എന്റെ അടുത്ത് വന്നിരുന്നു  തലയിൽ തടവി, “നീ കരയരുത്, നല്ലവണ്ണം പഠിക്കുക, നീ വലിയ ആളാകും....“

ആ പ്രവചനം സഫലമായി എന്നെനിക്ക് ഉറപ്പുണ്ട്. ജീവിതത്തിന്റെ ഓരോ പടികളും ഞാൻ കയറി, എന്റെ പരിധിയിൽ എനിക്ക് എത്താവുന്നിടത്തോളം ഞാൻ പോയി. ഇന്നെനിക്ക് ദൈവ കാരുണ്യത്താൽ വിശപ്പില്ല, ഇഷ്ടമുള്ള ആഹാരം കഴിക്കാം...ജീവിതം ഇവിടം വരെയെത്തി.

ഈ ദിനത്തിൽ ആ അദ്ധ്യാപകനെയല്ലാതെ മറ്റാരെ സ്മരിക്കാനാണ്. സാർ ഇന്നുണ്ടോ എന്നറിയില്ല, എങ്കിലും അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.