ഒരു റിസ്റ്റ് വാച്ച് കയ്യിൽ കെട്ടി നാല് പേര് കാൺകെ നടക്കുക എന്നത് അന്ന് 15 വയസ്സുകാരനായ എന്റെ ഒരു സ്വപ്നമായിരുന്നുവല്ലോ. സ്കൂളിൽ പഠനം ഷിഫ്റ്റ് ആയതിനാൽ കിട്ടിയ സമയം കയറ് മാടാനും മറ്റ് ജോലികൾക്കുമായി വിനിയോഗിച്ചപ്പോൾ കിട്ടിയ തുകയിൽ വീട്ടിൽ കൊടുത്തത് കഴികെ മിച്ചം പിടിച്ച 17 രൂപാ എത്ര വിശപ്പുണ്ടായിട്ടും ചെലവാക്കാതെ കയ്യിൽ സൂക്ഷിച്ചിരുന്നത് വാച്ച് വാങ്ങുക എന്ന സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയായിരുന്നു. ആലപ്പുഴ വട്ടപ്പള്ളിയിലെ ഇബ്രാഹിമിക്കായുടെ കയ്യിൽ ഒരു സെക്കന്റ് ഹാൻട് വാച്ച് 25 രൂപക്ക് കിട്ടുമെന്ന് കൂട്ടുകാർ പറഞ്ഞ് അറിഞ്ഞിരുന്നതിനാൽ ബാക്കി വേണ്ട എട്ട് രൂപാക്ക് ഞാൻ വല്ലാതെ അലഞ്ഞു.പലരോടും ചോദിച്ചു, കിട്ടാതെ വന്നപ്പോൾ റ്റി.എസ്.അബ്ദുൽ റഹുമാൻ കമ്പനിയിൽ രാത്രി ഷിഫ്റ്റിന് പണിയെടുത്ത് നാല് രൂപാ വേലക്കൂലിയായും നാല് രൂപാ അഡ്വാൻസായും വാങ്ങി എട്ട് രൂപാ തട്ടിക്കൂട്ടി വാച്ച് വിലയായ 25 രൂപാ ഞാൻ തരപ്പെടുത്തി ഇബ്രാഹിമിക്കായുടെ കയ്യിൽ നിന്നും വാച്ച് കൈവശമാക്കി. വാച്ച് കയ്യിൽ കെട്ടുമ്പോൾ എന്റെ കയ്യും ശരീരവും വിറച്ചിരുന്നു എന്ന് ഇപ്പോഴും ഞാൻ ഓർക്കുന്നു. ജീവിതത്തിൽ ആദ്യമായി വാച്ച് കെട്ടി നടന്നു പോകുകയാണ് ഞാൻ. എന്റെ വാച്ച് എല്ലാവരും കാണണമെന്നും എന്റെ കയ്യിൽ പിടിച്ച് അത് ശ്രദ്ധയോടെ നോക്കി അതിന്റെ കമ്പനിയും മറ്റും ചോദിക്കണമെന്നും ഞാൻ അതിയായി കൊതിച്ചു.
അന്ന് വിലയുള്ളതും ഇല്ലാത്തതുമായ പല കമ്പനികളുടെയും വാച്ചുകൾ നിലവിൽ ഉണ്ട്. സാന്റോസ് ആണ് ചെറുപ്പക്കാർ ഉപയോഗിക്കുന്നത്. മുതിർന്നവർ ഫെവർലൂബായോ എച്.എം.റ്റി തുടങ്ങിയവയോ ഉപയോഗിക്കും. ഗൾഫ് വാച്ചുകൾ പ്രചാരത്തിലായിട്ടില്ല(ക്വാർട്ട്സ്) പിന്നെ പല സങ്കര സാധനങ്ങളും ചേർത്ത് തല്ലിക്കൂട്ട് വാച്ചുകളും പല കമ്പനികളുടെ പേരിലും പ്രചാരത്തിലുണ്ട്. ലേഡീസ് വാച്ച് വേറെയും. ആ വാച്ചുകൾ പെണ്ണൂങ്ങളെ പോലെ അഴകുള്ളതും മെലിഞ്ഞതും ചെറിയ സ്ട്രാപ്പ് ഉള്ളതുമായിരിക്കും.
ഞാൻ വാങ്ങിയ വാച്ചിന്റെ കമ്പനി ഇത് വരെ കേൾക്കാത്ത ഒന്നായിരുന്നു. വാച്ച് കയ്യിൽ നിന്നും അഴിക്കാതെ തന്നെ രാത്രി ഞാൻ കിടന്നുറങ്ങി. കയ്യിൽ വാച്ച് കെട്ടി സ്കൂളിൽ പോകുന്നതും കൂട്ടുകാരുടെ മുമ്പിൽ ഞെളിഞ്ഞ് നിന്ന് കൈ പൊക്കി വാച്ചിലെ സമയം നോക്കുന്നതുമായ രംഗങ്ങൾ സ്വപ്നത്തിൽ വന്നു. വാച്ച് അഴിച്ച് വെച്ചിട്ട് വേണം കമ്പനിയിലെ കയർ മാടുന്ന റാട്ട് കറക്കാനുമെന്ന് ഞാൻ തീരുമാനിച്ചു. കൈ എവിടെയെങ്കിലും തട്ടി വാച്ച് കേടായാലോ?.
നേരം വെളുത്തു. സമയം അറിയാനായി കിടന്ന കിടപ്പിൽ തന്നെ ഞാൻ കൈ ഉയർത്തി രാജകീയമായി വാച്ചിലെ സമയം നോക്കി. സമയം പന്ത്രണ്ട് മണി. ഞാൻ ഒന്നുകൂടി നോക്കി. 12 അക്കത്തിൽ വലിയ സൂചി ചെറിയ സൂചിയുടെ മുകളിൽ കയറി ഇരിക്കുകയാണ്. സമയം പന്ത്രണ്ട് തന്നെ. പതുക്കെ ഒന്ന് കുലുക്കി നോക്കി.ഊങ്ഹൂം ഒരു മാറ്റവുമില്ല. സെക്കന്റ് സൂചി മറ്റൊരിടത്ത് പിണങ്ങി നിൽക്കുന്നു. വാച്ച് കയ്യിൽ നിന്നും അഴിച്ച് ചെവിയിൽ വെച്ചപ്പോൾ ഒരു അനക്കവും കേട്ടില്ല. വാച്ച് അന്തരിച്ചിരിക്കുകയാണ്. അതായത് ചത്തിരിക്കുകയാണെന്ന്. ഒരു പക്ഷേ കീ കൊടുക്കാത്തത് കൊണ്ടായിരിക്കാം. ഞാൻ കീ ബട്ടൺ തിരിച്ച് കീ കൊടുത്തു. ഇപ്പോൾ വലിയ സൂചി ചെറിയ സൂചിയുടെ മുകളിൽ നിന്നിറങ്ങി നടക്കുന്നു, സെക്കന്റ് സൂചിയും ഓട്ടം പിടിച്ചു. ഹോ!! ആശ്വാസമായി. പക്ഷേ ആ ആശ്വാസം അൽപ്പ നേരത്തേക്ക് മാത്രം. കുറേ നേരം കഴിഞ്ഞപ്പോൾ എല്ലാ സൂചികളും മൗത്തായി. എന്ന് വെച്ചാൽ ചത്തിരിക്കുന്നു. അപ്പോൾ ഞാൻ പിന്നെയും കീ ബട്ടൺ തിരിച്ചു. ഒരു രക്ഷയും ഇല്ലാതെ വന്നപ്പോൾ ഒരു ഉദ്ദേശ സമയം വെച്ച് സൂചി തിരിച്ച് വെച്ച് കയ്യിൽ കെട്ടി പോകാമെന്ന് കരുതി കീ ബട്ടൺ അൽപ്പം പുറകോട്ട് വലിച്ച് സൂചി തിരിക്കാൻ നോക്കിയപ്പോൽ ബട്ടൺ ഊരി എന്റെ കയ്യിൽ വന്നു.
എന്റെ നെഞ്ച് ആളി, 25 രൂപാ വെള്ളത്തിൽ ഇബ്രാഹിമിക്കായെ തിരക്കി ഞാൻ പാഞ്ഞു. അയാൾ വാച്ചും കീ ബട്ടണും വാങ്ങി തിരിച്ചും മറിച്ചും നോക്കി, പിന്നെ എന്നെയും നോക്കി, പിന്നെയും വാച്ചിൽ നോക്കി. ഇങ്ങിനെ പലതവണ ആയപ്പോൽ എന്റെ ക്ഷമ നശിച്ചു, ഞാൻ കരയുന്ന സ്വരത്തിൽ തിരക്കി എന്ത് പറ്റി ഇക്കാ....?
“രണ്ട് ഈച്ച പറ്റി മോനേ...എടാ ഇന്നലെ വാച്ച് നിന്റെ കയ്യിൽ തന്നപ്പോൾ അത് ഓടുന്നുണ്ടോ?“
ഉണ്ട് ഇക്കാ....ഓടുന്നുണ്ട്....“
“എനിക്കത് അറിഞ്ഞാൽ മതി, നീ എന്തോ ഹിക്കുമത് ഇതിന്മേൽ ചെയ്തിട്ട് ഇക്കാ...ചക്കീ...എന്നൊക്കെ പറഞ്ഞാൽ അത് ശരിയാവില്ലാ മോനേ...മോൻ വാച്ച് ഇങ്ങ് തന്നിട്ട് പോ..ആർക്കെങ്കിലും ഞാൻ അത് വിറ്റിട്ട് നിന്റെ പൈസാ തരാം..മോൻ പോ..പള്ളിക്കൂടത്തിൽ പോ...സമയം ആകുന്നു..പോ..മോനേ...പോ..“
തലയും കുനിഞ്ഞ് കണ്ണീരൊലിപ്പിച്ച് ഞാൻ തിരിച്ച് നടന്നു. ആ 25 രൂപാ എനിക്ക് തിരികെ കിട്ടിയില്ല. ഇബ്രാഹീമിക്കാ കാസർഗോഡ് കിണർ കുഴി ജോലിക്ക് പോയി. പിന്നെ ജീവിതത്തിൽ ഇത് വരെ ഞാൻ അയാളെ കണ്ടിട്ടില്ല.
വളരെ കാലം കഴിഞ്ഞാണ് വാച്ച് കെട്ടാൻ എനിക്ക് യോഗമുണ്ടായത്. അന്ന് വെള്ള പാന്റും വെള്ള ഷർട്ടും വെളുത്ത ചെരിപ്പും വെള്ള സ്ട്രാപ്പുള്ള വാച്ചും കെട്ടി ഞാൻ നടന്നു..
. മൊബൈലിന്റെ ആഗമനത്തിന് ശേഷം വാച്ച്കൾ ആർക്കും വേണ്ടാതായി. സമയം അറിയാൻ മൊബൈൽ മതിയല്ലോ. .ഗൾഫ്കാർ വരുമ്പോൾ അടുത്ത സ്നേഹിതർക്ക് വാച്ചും കൊണ്ടായിരുന്നല്ലോ വന്നിരുന്നത്. ഇപ്പോൽ അതും നിലച്ചു.
ഇപ്പോൾ ധാരാളം വാച്ചുകൾ എന്റെ കൈവശമുണ്ട്. സ്നേഹോപഹാരമായി പലരും കൊണ്ട് തന്നത്. ഈ വാച്ചുകൾ കാണുമ്പോൾ എപ്പോഴും ഞാനെന്റെ പഴയ വാച്ച് വ്യാപരത്തെ പറ്റി ഓർമ്മിക്കും.
ആദ്യമായി കൈയിൽ കെട്ടിയ വാച്ചിന്റെ ഭംഗി പിന്നെ മറ്റൊന്നിനും തോന്നിയിട്ടില്ല.... പഴയ വാച്ചോർമ്മകളിലേക്ക് ഈ കുറിപ്പ് എന്നെയും കൊണ്ടു പോയി :)
ReplyDeleteനന്ദി © Mubi
ReplyDelete