ജലാൽ...അവൻ എന്റെ ബാല്യകാല സുഹൃത്തായിരുന്നു. അവനും ഞാനും ഉൾപ്പെട്ട ഒരു ഗ്യാങ്ങ് ആലപ്പുഴ വട്ടപ്പള്ളി ഒരു കാലത്ത് അടക്കി വാണിരുന്നു. ഞങ്ങൾ കാണിച്ചിരുന്ന കുസൃതികൾ അത്രത്തോളം പ്രസിദ്ധമായിരുന്നു. അവ ഓരോന്നും എടുത്ത് പറഞ്ഞാൽ ഒരു വലിയ പുസ്തകം തന്നെ രചിക്കേണ്ടി വരും. സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് വീടുകളിലേക്ക് ഞങ്ങളുടെ തിരിച്ച് വരവ് ബഹളമയമായിരുന്നല്ലോ. ഗ്യാങ് അംഗങ്ങൾ പരസ്പരം വലിയ സ്നേഹമായിരുന്നെങ്കിലും ജലാലിന് എന്നോട് എന്ത് കൊണ്ടോ എന്നോട് സ്നേഹത്തോടൊപ്പം അൽപ്പം ബഹുമാനവും ഉണ്ടായിരുന്നു. ഏത് കാര്യവും എന്നോട് ചോദിക്കാതെ അവൻ ചെയ്യില്ല..
ഞാൻ ജീവിതയാത്ര തുടങ്ങി എടപ്പാളിൽ എത്തി ചേർന്നതിന് ശേഷം അവൻ തുരുതുരാ എനിക്ക് കത്തുകളെഴുതി. പിന്നീട് കൊട്ടാരക്കരയിൽ സ്ഥിര താമസമാക്കി കഴിഞ്ഞും കത്തുകൾ തുടർന്നു. ഇടക്കിടക്ക് ഞാൻ ആലപ്പുഴ എത്തുമ്പോൾ അവനെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും എന്ത് കൊണ്ടോ അത് നടക്കാതെ പോയി. ബാല്യകാല സൗഹൃദങ്ങൾക്ക് ഏറെ വില കൽപ്പിച്ചിരുന്ന എനിക്ക് അന്നത്തെ ഓരോ സുഹൃത്തും എപ്പോഴും മനസ്സിൽ നിറഞ്ഞ് നിന്നിരുന്നു. പലരേയും ജീവിതത്തിന്റെ പല സന്ധികളിലും കാണാൻ കഴിഞ്ഞപ്പോൾ, ചിലർ എന്നെന്നേക്കുമായി കടന്ന് പോയിരുന്ന കാര്യങ്ങളും അറിയാൻ കഴിഞ്ഞു. പക്ഷേ ജലാലിനെ കാണാനോ ബന്ധപ്പെടാനോ കഴിഞ്ഞില്ല. കത്ത് മുഖേനെയുള്ള ബന്ധവും എപ്പോഴോ മുറിഞ്ഞ് പോയിരുന്നുവല്ലോ. അവനെ അന്വേഷിച്ചതിൽ അവൻ ആറ്റിങ്ങലിന് സമീപം ആലംകോട് ഭാര്യ വീട്ടിൽ താമസമാണെന്ന് അറിഞ്ഞതല്ലാതെ ബന്ധപ്പെടാൻ പറ്റിയില്ല. ആറ്റിങ്ങൽ കോടതിയിൽ പലപ്പോഴും പോകേണ്ടി വരുമ്പോൾ ആലങ്കോട് വഴിയാണ് എന്റെ യാത്ര. ഹൊട്ടലോ ചായക്കടയോ ആണ് അവന്റെ ഉപജീവനമാർഗമെന്ന് അറിഞ്ഞതിനാൽ ആലങ്കോട് പല ഹോട്ടലുകളിലും കയറുമ്പോൾ അവനെ കണ്ട് മുട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അവൻ പിടി തരാതെ എവിടേക്കോ മാറി പോകുന്നത് പോലെ എനിക്ക് തോന്നി.
അവസാനം 2020 വർഷാവസാനത്തിൽ പതിവ് പോലെ ഞാൻ ആലപ്പുഴയെത്തി.വട്ടപ്പള്ളിയിൽ കറങ്ങി നടന്നു, പഴയ സുഹൃത്തുക്കളിൽ പലരെയും കണ്ടു. ജലാലിന്റെ ഫോൺ നമ്പറെങ്കിലും ലഭ്യമാകാനായി ഒരു കൂട്ടുകാരനെ കണ്ടപ്പോൾ അവൻ പറഞ്ഞു, “അവൻ താമസിക്കുന്നിടത്ത് റേഞ്ച് കിട്ടില്ല, നീ വെറുതെ ശ്രമിക്കേണ്ട“ എന്ന്. അവൻ ചിരിക്കുകയും ചെയ്തപ്പോൾ ഞാൻ അവനെ സംശയത്തോടെ നോക്കി. “കഴിഞ്ഞ നവമ്പറിൽ കോവിഡ് അവനെയും കൊണ്ട് പോയി.“ ഞാൻ വല്ലാതെ ഞെട്ടി പോയി. ജലാലിനെ പല വർഷങ്ങളായി ഞാൻ കാണാൻ കൊതിച്ചിരുന്നു. എവിടെയെങ്കിലും വെച്ചു എന്നെ കാണുമെന്നും “എടേ “ എന്ന് ആർത്ത് വിളിച്ച് ഓടി വന്ന് എന്റെ തോളിൽ കയ്യിടുമെന്നും പഴയ വീര ചരിത്രങ്ങൾ പറഞ്ഞ് ഞങ്ങൾ പൊട്ടി ചിരിക്കുമെന്നും എത്രയോ തവണകളിൽ ഞാൻ സ്വപ്നം കണ്ടിരുന്നു. ഇല്ലാ....ഇനി അവനെ ഞാൻ ഒരിക്കലും കാണില്ല, അവൻ ഓടി വ്ന്ന് എന്റെ തോളിൽ കയ്യിടുകയുമില്ല, ഞാൻ അവനെ കാണുമെന്ന് കരുതിയിരുന്ന സമയം അവൻ ഏതോ പള്ളീ പറമ്പിലെ മൂലയിൽ മറമാടപ്പെട്ടിരുന്നു. ആ വിവരം അറിയാതെ ഞാൻ അവനെ ഇപ്പോൾ കാണാം കാണാം എന്ന് പ്രതീക്ഷിച്ച് നടക്കുകയും ചെയ്തു. ജീവിതം ഇങ്ങിനെയൊക്കെയാണ്.
എന്നാലും എടാ കോവിഡേ! നീയൊരു ഭയങ്കരൻ തന്നെയാണല്ലോ. ആരെയെല്ലാം നീ കൊണ്ട് പോയി.
No comments:
Post a Comment