നാല് ചുറ്റും വാർഡന്മാർ, ഓടി പോകാൻ മാർഗമില്ല, ജയിൽ ഉദ്യോഗസ്തന്മാർ വളഞ്ഞ് നിന്ന് ഇടിക്കുമ്പോൽ ആ ഇടി കൊള്ളുകയല്ലാതെ മറ്റെന്ത് വഴി. കോട്ട പോലെ കെട്ടി ഉയർത്തിയ മതിലിനുള്ളീൽ എന്ത് നടക്കുന്നുവെന്ന് പുറം ലോകം അറിയില്ലല്ലോ. മർദ്ദനം മരണത്തിലാണ് അവസാനിക്കുന്നതെങ്കിൽ ആ മരണം ഹൃദയ സ്തംഭനമോ രക്ഷപെടലിനിടയിലെ ദുരന്തമോ ആയി ചിത്രീകരിക്കപ്പെടും.
സിനിമയിൽ ഈ രംഗങ്ങൾ കാണുമ്പോൾ അത് ആരുടെയോ തലയിൽ ഉടലെടുത്ത ഭാവനയായി നാം കരുതിയെങ്കിൽ അത് തെറ്റി. ജയിലിൽ യഥാർത്ഥത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ തന്നെയാണ് ഇവ. ജയിലുനുള്ളിൽ അടക്കപ്പെട്ടവർ വിവിധ കിമിനൽ കേസുകളിൽ പല കാലയളവിലേക്ക് തടവ് ശിക്ഷ വിധിക്കപ്പെട്ട ക്രിമിനലുകളും അവർ എപ്പോഴും ഹിംസാത്മക പ്രവണതയുമായി കഴിയുന്നവരുമായതിനാൽ അവരിൽ അച്ചടക്കവും കീഴടക്കവും നില നിർത്താൻ അൽപ്പം പോലും ദയ കാണിക്കാതെ നിഷ്ഠൂരമായി പെരുമാറുന്നവരാണ് ജയിൽ ഉദ്യോഗസ്തർ. അവർക്ക് അതിന് അധികാരമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലാ എന്നാണ് ഉത്തരമെങ്കിലും അവർ അത് തന്നെയേ ചെയ്യുകയുള്ളൂ. പക്ഷേ അത് അൽപ്പം അധികമായി പോകുമ്പോൾ പുറം ലോകം അറിയുന്നു അധികാരികൾ ഇടപെടുന്നു, ഒരു സ്ഥലം മാറ്റമോ, താക്കീതോ, സസ്പൻഷനോ തുടങ്ങിയവയിൽ കാര്യം സമാപിപ്പിക്കുന്നു. ഇടി കിട്ടിയവന് അല്ലെങ്കിൽ ഇടി കൊണ്ട് ചത്തവന് കിട്ടിയത് മിച്ചം.
തടവ് പുള്ളീകളോട് ക്രൂരത കാണിക്കുന്ന ജയിൽ ഉദ്യോഗസ്തർ തല കുനിച്ച് നിന്ന് യെസ് സർ, യെസ് സർ പറയുന്നത് ജില്ലാ ജഡ്ജിമാരുടെ മുമ്പിലാണ് ജയിലിലെ കാര്യങ്ങൾ സ്വമേധയാ പരിശോധിക്കാൻ ജില്ലാ ജഡ്ജിക്ക് അധികാരമുണ്ട്. ജഡ്ജിമാർ അത് യഥാ സമയം ചെയ്യുന്നുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് കൊട്ടാരക്കര സബ്ജയിൽ പരിശോധിക്കാൻ പോയ അന്നത്തെ ജില്ലാ ജഡ്ജ് ഗോപകുമാർ സാറിനോടൊപ്പം പോകാനിടവന്നു. . ജയിൽ പരിശോധനക്ക് ജഡ്ജ് വരുമെന്ന് എങ്ങിനെയോ ജയിലർക്ക് മണം കിട്ടിയിരുന്നു. പുള്ളികളുടെ ഭക്ഷണത്തിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതിനായി ജഡ്ജിന്റെ അടുക്കള പരിശോധന കഴിഞ്ഞ് ഗോപ കുമാർ സർ എന്നോട് പറഞ്ഞു, “ ഈ കണക്കിന് പുള്ളീകൾ ഇവിടെ നിന്ന് പുറത്തിറങ്ങി പോവില്ലാ എന്നാണ് തോന്നുന്നത് അത്രക്ക് രുചികരമായ ആഹാരമാണ് തയാറാക്കി വെച്ചിരിക്കുന്നത്, അടുക്കള തറയിലാണെങ്കിൽ കാർപറ്റ് വിരിച്ചിരുന്നു.“ ഇതെല്ലാം തന്റെ പരിശോധനക്ക് വേണ്ടി സൃഷ്ടിച്ചത് മാത്രമാണെന്നും താൻ പോകുമ്പോൾ അതെല്ലാം മാറുമെന്നും സരസനായ അദ്ദേഹം എന്നോട് അന്ന് പറഞ്ഞത് ഓർമ്മ വരുന്നു..
ഇപ്പോൾ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ. കെ.ബാബു ഹൈ കോടതി നിർദ്ദേശ പ്രകാരം പൂജപ്പുര ജയിൽ പരിശോധിച്ചു. ബാബു സാർ വ്യക്തിപരമായി എത്ര ശാന്തനാണെന്നും നിയമം വിട്ട് പെരുമാറില്ലെന്നും അദ്ദേഹത്തെ അറിയാവുന്നവർക്ക് ബോദ്ധ്യമുണ്ട്. പക്ഷേ അദ്ദേഹം പരിശോധിക്കാൻ പോയ കെവിൻ കേസിലെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒൻപതാം പ്രതി ടിറ്റു ജെറൊമിനെ ഇടിച്ച് ഇഞ്ചപ്പരുവമാക്കിയിരിക്കുന്നത് കണ്ട് അയാളെ ഉടനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു. വിവരം ഹൈക്കോടതിക്ക് റിപ്പോർട്ട് അയക്കുകയും തുടർന്ന് ജയിൽ ഉദ്യോഗസ്തർ സ്ഥലം മാറ്റപ്പെടുകയും ചെയ്തു.ആശുപത്രിയിൽകാവലിന് ജയിൽ ഉദ്യോഗസ്തർ വേണ്ടെന്നും പോലീസ് മതിയെന്നും റിപ്പോർട്ട് പഠിച്ച ഹൈക്കോർട്ട് ജഡ്ജ് നിർദ്ദേശിക്കുകയുണ്ടായി
ജെറോമിന്റെ യാതൊരു വിവരവും ജയിലിൽ നിന്നും അറിയാത്തതിനാൽ പിതാവ് കൊടുത്ത ഹേബിയസ് കോർപസ് ഹർജിയിലാണ് ഹൈക്കോടതിയിൽ നിന്നും ഇപ്രകാരമൊരു ഉത്തരവുണ്ടായതും തിരുവനന്തപുരം ജില്ലാ ജഡ്ജ് പരിശോധനക്ക് പോകാൻ ഇടയായതും.
ആരും ചോദിക്കാനും പറയാനുമില്ലാത്തവന്റെ ഗതി എന്തായിരിക്കുമെന്ന് ആലോചിക്കുക.ഒരു ജനാധിപത്യ രാജ്യത്തിലാണ് ഇപ്രകാരം സംഭവിക്കുന്നതെന്നും തിരിച്ചറിയുക. ജെയിലും പോലീസു സ്റ്റേഷനും ഫോറസ്റ്റ് ഓഫീസും എക്സൈസും ഈ ജനാധിപത്യ രാജ്യത്തിലെ ഉദ്യോഗസ്തർ തന്നെയല്ലേ കൈകാര്യം ചെയ്യുന്നത്. എന്നാണ് ഈ സ്ഥിതി മാറുക?
No comments:
Post a Comment