കുഞ്ഞുന്നാളിൽ പ്രേം നസീറിനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അന്ന് ആ ചെറു പ്രായത്തിൽ ധരിച്ച് വെച്ചിരുന്നത് തിരശ്ശീലയിൽ കാണുന്നവരൊക്കെ ജീവനുള്ളവർ ആയിരുന്നുവെന്നാണ്. അത് കൊണ്ട് തന്നെ സ്ക്രീനിൽ കാണുന്ന പ്രേം നസീർ ജീവനുള്ള കഥാപാത്രമായി എന്റെ ചെറു മനസ്സിനുള്ളിൽ ഇടം പിടിച്ചു. ആരെങ്കിലും അത് വെറും ജീവനില്ലാത്ത പടങ്ങളാണെന്ന് പറയുമ്പോൾ എന്നാലാവുന്ന വിധത്തിൽ ഞാൻ അവരോട് തർക്കിക്കുകയും താരങ്ങൾ ജീവനുള്ളതാണെന്ന് സമ്മതിക്കുന്നത് വരെ എനിക്ക് അറിയാവുന്ന എല്ലാ തെറി വാക്കുകളും അവരുടെ നേരെ പ്രയോഗിക്കുകയും ചെയ്തുവന്നു.
കുഞ്ഞുന്നാളിൽ മദ്രസാ പഠനത്തിന് പോകുമ്പോഴായിരുന്നു ഈ തർക്ക വിഷയം പൊട്ടി പുറപ്പെട്ടിരുന്നത്. കൂട്ടത്തിൽ ഓതി പഠിച്ചിരുന്നവർ എന്നെ ചൂടാക്കാനായി ഈ വിഷയം എടുത്തിടുകയും നസീർ ജീവനില്ലാത്ത പടം മാത്രമാണെന്ന് വാദിക്കുകയും ചെയ്യും.. ഫലം കൂട്ട തല്ല് നടക്കും. എങ്കിലും ഈ വിഷയം ഉസ്താദിന്റെ സമീപം ചെല്ലാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുമായിരുന്നല്ലോ. സിനിമാ ഹറാമും ഇസ്ലാമീങ്ങളെ വഴി പിഴപ്പിക്കാൻ അന്യ മതസ്തർ നിർമ്മിച്ച് വിടുന്നതാണെന്നും ഇബുലീസ് എന്ന പഹയൻ അതിന് അവർക്ക് എല്ലാ ഒത്താശയും ചെയ്തു വന്നിരുന്നുവെന്നും ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചിരുന്നെങ്കിലും എന്റെ നസീർ അങ്ങിനെ വഴി പിഴപ്പിക്കുന്ന ഒരു കാര്യത്തിനും കൂട്ട് നിൽക്കില്ലായിരുന്നു എന്ന് എനിക്ക് ശരിക്കും ബോദ്ധ്യമുണ്ടായിരുന്നു.
തടിയൻ ഷുക്കൂർ എന്റെ ഉറ്റ സ്നേഹിതനായിരുന്നെങ്കിലും ഈ വിഷയത്തിൽ അവൻ എനിക്ക് എതിരായിരുന്നതിനാൽ എനിക്ക് വലിയ ദു: ഖം അനുഭവപ്പെട്ടിരുന്നു. എനിക്കാവുന്ന വിധം ഞാൻ അവനെ എന്റെ ഭാഗത്ത് കൊണ്ട് വരാൻ ശ്രമിച്ചിരുന്നെങ്കിലും അവൻ അനുസരിച്ചില്ലെന്ന് മാത്രമല്ല ഒന്നുകൂടി ശക്തിയോടെ നസീർ വെറും പോട്ടം മാത്രമാണെന്ന് ശഠിച്ചതോടെ ഞാൻ അവനുമായി തെറ്റി. അങ്ങിനെ ഇരിക്കവേ എന്നെ മലർത്തി അടിക്കുന്ന ഒരു സംഭവം ഈ ദുനിയാവിൽ ഉണ്ടായി. തടിയൻ അന്ന് രണ്ട് സിനിമാ നോട്ടീസുകൾ തലയിലെ തൊപ്പിക്കുള്ളിൽ വെച്ചു കൊണ്ട് വന്നു. അത് രണ്ടും കഴിഞ്ഞ ദിവസം ചെണ്ട മേളത്തോടെ ആലപ്പുഴ സക്കര്യാ ബസാറിൽ സിനിമാ കൊട്ടകക്കാർ വിതരണം ചെയ്തത് അവന് എങ്ങിനെയോ കിട്ടിയതാണ് അതിൽ ഒരു നോട്ടീസ് “കിടപ്പാടം“ എന്ന സിനിമയുടേതാണെന്ന് എനിക്കിപ്പോഴും ഓർമ്മയുണ്ട്. അടുത്തത് ‘അവകാശി“ ആണോ എന്ന് സംശയവുണ്ട്. രണ്ടിലും നസീർ അഭിനയിക്കുന്നു എന്നതല്ല ആ നോട്ടീസിന്റെ പ്രാധാന്യം. ഒരു സിനിമാ ആലപ്പുഴ ശീമാട്ടിയിലും മറ്റേത് ശ്രീ ക്രിഷ്ണയിലും, രണ്ടും ഒരേ ദിവസവും.
തടിയൻ ഷുക്കൂർ, വക്കീൽ മുറയിൽ എന്നോടൊരു ചോദ്യം ഉന്നയിച്ചു. നസീർ ജീവനോടെയാണ് സ്ക്രീനിൽ വരുന്നതെങ്കിൽ എങ്ങിനെയാടാ പന്നീ...രണ്ടിടത്തും ഒരേ പോലെ സ്ക്രീനിൽ വരുന്നത്. ഞാൻ മലച്ച് പോയി. അതോടൊപ്പം തോറ്റതിൽ അതിയായ പ്രയാസവും ഉണ്ടായി. എല്ല ദുഖ:വും പ്രതികാരത്തിലേക്ക് തിരിഞ്ഞു. തടിയൻ നമസ്കരിക്കുമ്പോൾ സുജൂദിലായ സമയം (സാംഷ്ടാംഗ നമസ്കാരം) ഞാൻ പുറകിൽ കൂടി ചെന്നു മുതുകിൽ ഒരു ഇടി പാസ്സാക്കി. അവൻ നമസ്കാരത്തിനിടയിൽ “ഹെന്റള്ളോ“ എന്ന് നിലവിളിച്ചെങ്കിലും നമസ്കാരം തുടർന്നു. ഞാൻ ജീവനും കൊണ്ടോടി ഉസ്താദിന് സമീപം ചെന്ന് നിന്നു. തടിയൻ നമസ്കാരം കഴിഞ്ഞ് എന്നെ തിരക്കി നടക്കുമെന്നുള്ള എന്റെ വിശ്വാസം ശരിയാകുന്ന വിധത്തിൽ അവൻ പാഞ്ഞ് വന്നു.പക്ഷേ ഞാൻ ഉസ്താദിന്റെ സമീപം നിന്നിരുന്നതിനാൽ എന്റെ നേരെ കണ്ണുരുട്ടി “ഇറങ്ങി വാടാ നിനക്ക് ഞാൻ തരാം“ എന്ന് ആംഗ്യത്തിലൂടെ അറിയിച്ചു.കുറേ ദിവസങ്ങളിൽ ഞാൻ അവനെ ഒഴിഞ്ഞ് നടന്ന് ഇടിയിൽ നിന്നും രക്ഷ തേടി.
തടിയൻ വളർന്ന് വലുതായി എക്സൈസിൽ ജോലി കിട്ടി പള്ളുരുത്തിയിൽ ജോലിയിലായിരിക്കവേ റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു.
പിൽക്കാലത്ത് പഠിച്ച് കൊണ്ടിരിക്കവേ സിനിമാ ഭ്രാന്ത് തലയിൽ കയറി ഞാൻ അഭിനയിക്കാനായി അന്നത്തെ മദ്രാസായ ഇന്നത്തെ ചെന്നെയിൽ പോയി അഭിനയത്തിന് പകരം ക്യാമറാ കെട്ടി വലിക്കുന്ന ജോലി ചെയ്തു. അവിടെ ഒരു സായാഹ്നത്തിൽ റ്റി.നഗറിൽ വെച്ച് പ്രേം നസീറിനെ കണ്ട് ഞാൻ അവിടെ എത്തി ചേരാൻ ഇടയായ കാരണം പറഞ്ഞപ്പോൾ ആ നല്ല മനുഷ്യൻ എനിക്ക് അഞ്ച് രൂപായുടെ അഞ്ച് നോട്ടുകൾ ( 25 രൂപാ) തന്ന് ഉടൻ നാട്ടിലേക്ക് വണ്ടി കയറാനും പഠനം തുടരാനും തോളിൽ തട്ടി ഉപദേശിച്ചു. ഞാൻ അത് അനുസരിച്ചു
ആ നോട്ടുകളിൽ അവശേഷിച്ച ഒരെണ്ണം ഈ അടുത്ത കാലം വരെ ഞാൻ ഓർമ്മക്കായി സൂക്ഷിച്ചിരുന്നു.
അദ്ദേഹത്തിനറിയില്ലായിരുന്നല്ലല്ലോ പണ്ട് അദ്ദേഹത്തിന് വേണ്ടി ഞാൻ ഒരുത്തനെ ഇടിച്ച കാര്യം.
No comments:
Post a Comment