Saturday, January 30, 2021

വിലക്കയറ്റം....

 കോവിഡ് പൂർവ കാലത്ത്  ഞങ്ങളുടെ പ്രദേശത്ത്  ഒരു ഉഴുന്ന് വടക്ക് ഏഴ് രൂപാ വിലയായിരുന്നു. അത്യാവശ്യത്തിന് ഒരു മാങ്ങാ എറിഞ്ഞിടാനുള്ള വലിപ്പവും ഘനവും ആ വടക്കുണ്ടായിരുന്നു. ഇപ്പോൾ ആ വടക്ക് എട്ട് രൂപാ ആയി വില. പക്ഷേ വടയുടെ ദ്വാരം വലുതാവുകയും പരിസര പ്രദേശം ശോഷിക്കുകയും ഒരു കുരുവിയെ പോലും എറിയാനുള്ള ഘനം ഇല്ലാതാവുകയും ചെയ്തു. അന്വേഷണത്തിൽ കടക്കാരൻ തന്ന മറുപടി..“കോവിഡല്ലായിരുന്നോ സാറേ..കുറേ കാലം...അന്ന് വേലയും കൂലിയുമൊന്നുമില്ലായിരുന്നല്ലോ“... ശരിയാണല്ലോ അയാൾ പറയുന്നത്. നമുക്കൊന്നും മറുപടി നൽകാനില്ല.

ആട്ടോ കൂലി  മിനിമം 25 രൂപാ ബഹുമാനപ്പെട്ട സർക്കാർ നിശ്ചയിച്ച കൂലിയാണ്. പക്ഷേ ആട്ടോക്കാരൻ  30 കൊടുത്താൽ 5 തിരികെ തരില്ല. ബാക്കി ചോദിച്ച് അവന്റെ മുഖത്തേക്ക് നോക്കിയാൽ കത്തിക്കാളുന്ന കണ്ണുകളോടെ അവൻ തിരിച്ച് ചോദിക്കും, “ഈ നാട്ടിലൊന്നും അല്ലായിരുന്നോ സാറേ കുറച്ച് കാലമായിട്ട്...നാട്ടിൽ കോവിഡായിരുന്നു, ഞങ്ങൾ വേലേം കൂലിയുമൊന്നുമില്ലാതെ  ലോക് ഡൗണിലായിരുന്നു...“ ശരിയാണല്ലോ, ആട്ടോ മൊതലാളീ സമ്മതിച്ചു....

അങ്ങിനെ എല്ലായിടത്തും അവരുടെ മേഖലകളിൽ വില കൂട്ടി. ആർക്കും വേണ്ടാതെ കിടന്ന അമരക്കാ‍ാക്ക് പോലും പച്ചക്കറിക്കടക്കാരൻ വില കൂട്ടി . ചായക്ക് രണ്ട് രൂപായാണ് വർദ്ധിപ്പിച്ചതെന്നറിഞ്ഞു. ഭാഗ്യത്തിന്  ഈയുള്ളവന് ചായയും കാപ്പിയും കുടിക്കുന്ന സ്വഭാവമില്ലാത്തതിനാൽ രക്ഷപെട്ടു.

പോസ്റ്റ് വായിച്ചിട്ട് ദാ വരുന്നു ചോദ്യം“ വടക്ക് ഓരോ ദിവസവും എണ്ണ വില കൂട്ടുന്നതിന് പരാതിയൊന്നുമില്ലേ? 

ഉണ്ടല്ലോ അതിനും പരാതി...എന്ത് ചെയ്യാൻ...ആരെങ്കിലും സമരം നയിക്കാൻ വേണ്ടേ? ഒന്നുമില്ലേലും  ആ ടാക്സ് എങ്കിലും വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ അത്രയും കുറവ് വന്നേനെ...

എന്താ ചോദിച്ചത്? സ്നേഹിതാ....കിറ്റ് കിട്ടുന്നില്ലേ എന്നോ?  അയ്യോ അതെല്ലാം കിട്ടുന്നുണ്ടേയ്...ദോഷം പറയരുതല്ലോ, കിറ്റ് ഇത്രയും നൽകിയിട്ടും പലചരക്ക് കടക്കാരൻ  അത് കണ്ട ഭാവവുമില്ല. സംശയം ഉള്ളവർ രണ്ട് മാസത്തിന് മുമ്പുള്ള പലചരക്ക് കടയിലെ സാധനങ്ങൾ വാങ്ങിയിരുന്ന ലിസ്റ്റും അതിലെ തുകയും ഇപ്പോൾ ഈ മാസത്തിൽ വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റും ഒന്ന് നോക്കിയാൽ  ഈ പറയുന്നത് ബോദ്ധപ്പെടും.

ഭരണ തുടർച്ചക്ക് ഭരണ പാർട്ടിയും  എങ്ങിനെയും കയറി പറ്റാൻ പ്രതിപക്ഷവും തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണെന്ന് കച്ചവടക്കാർക്ക് അറിയാം .  ആരും പരിശോധിക്കാനോ സമരത്തിനോ ഒന്നുംവരില്ലാ എന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. പിന്നേയ്! കൊക്ക് എത്ര കുളം കണ്ടു, കുളമെത്ര കൊക്കിനെ കണ്ടൂ....

ഇന്ന് കടക്കാരൻ ചോദിച്ചു, ആഹാ...ശമ്പളം കൂട്ടിയല്ലോ സാറേ.... എന്ന്.......  തുലച്ചു, അയാൾ കത്തി മൂർചയാക്കി വെച്ചിരിക്കുകയാണ് അടുത്ത അറുപ്പിന്....

Wednesday, January 27, 2021

റിസ്റ്റ് വാച്ച് ..ഓർമ്മകൾ.

 ഒരു റിസ്റ്റ് വാച്ച് കയ്യിൽ കെട്ടി നാല് പേര് കാൺകെ നടക്കുക എന്നത് അന്ന് 15 വയസ്സുകാരനായ എന്റെ ഒരു സ്വപ്നമായിരുന്നുവല്ലോ. സ്കൂളിൽ പഠനം ഷിഫ്റ്റ് ആയതിനാൽ കിട്ടിയ സമയം കയറ് മാടാനും മറ്റ് ജോലികൾക്കുമായി വിനിയോഗിച്ചപ്പോൾ കിട്ടിയ തുകയിൽ വീട്ടിൽ കൊടുത്തത് കഴികെ മിച്ചം പിടിച്ച 17 രൂപാ എത്ര വിശപ്പുണ്ടായിട്ടും ചെലവാക്കാതെ കയ്യിൽ സൂക്ഷിച്ചിരുന്നത് വാച്ച് വാങ്ങുക എന്ന സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയായിരുന്നു. ആലപ്പുഴ വട്ടപ്പള്ളിയിലെ  ഇബ്രാഹിമിക്കായുടെ കയ്യിൽ ഒരു സെക്കന്റ് ഹാൻട് വാച്ച് 25 രൂപക്ക് കിട്ടുമെന്ന് കൂട്ടുകാർ പറഞ്ഞ് അറിഞ്ഞിരുന്നതിനാൽ ബാക്കി വേണ്ട എട്ട് രൂപാക്ക് ഞാൻ വല്ലാതെ അലഞ്ഞു.പലരോടും ചോദിച്ചു, കിട്ടാതെ വന്നപ്പോൾ റ്റി.എസ്.അബ്ദുൽ റഹുമാൻ കമ്പനിയിൽ രാത്രി ഷിഫ്റ്റിന് പണിയെടുത്ത് നാല് രൂപാ വേലക്കൂലിയായും നാല് രൂപാ അഡ്വാൻസായും വാങ്ങി എട്ട് രൂപാ തട്ടിക്കൂട്ടി വാച്ച് വിലയായ 25 രൂപാ ഞാൻ തരപ്പെടുത്തി ഇബ്രാഹിമിക്കായുടെ  കയ്യിൽ നിന്നും വാച്ച്  കൈവശമാക്കി. വാച്ച് കയ്യിൽ കെട്ടുമ്പോൾ എന്റെ കയ്യും ശരീരവും വിറച്ചിരുന്നു എന്ന് ഇപ്പോഴും ഞാൻ ഓർക്കുന്നു. ജീവിതത്തിൽ ആദ്യമായി വാച്ച് കെട്ടി നടന്നു പോകുകയാണ് ഞാൻ. എന്റെ വാച്ച് എല്ലാവരും കാണണമെന്നും  എന്റെ കയ്യിൽ പിടിച്ച് അത് ശ്രദ്ധയോടെ നോക്കി അതിന്റെ കമ്പനിയും മറ്റും ചോദിക്കണമെന്നും ഞാൻ അതിയായി കൊതിച്ചു.

അന്ന് വിലയുള്ളതും ഇല്ലാത്തതുമായ പല കമ്പനികളുടെയും വാച്ചുകൾ നിലവിൽ  ഉണ്ട്. സാന്റോസ് ആണ് ചെറുപ്പക്കാർ ഉപയോഗിക്കുന്നത്. മുതിർന്നവർ ഫെവർലൂബായോ എച്.എം.റ്റി തുടങ്ങിയവയോ ഉപയോഗിക്കും. ഗൾഫ് വാച്ചുകൾ പ്രചാരത്തിലായിട്ടില്ല(ക്വാർട്ട്സ്) പിന്നെ പല സങ്കര സാധനങ്ങളും ചേർത്ത് തല്ലിക്കൂട്ട് വാച്ചുകളും പല കമ്പനികളുടെ പേരിലും പ്രചാരത്തിലുണ്ട്. ലേഡീസ് വാച്ച് വേറെയും. ആ വാച്ചുകൾ പെണ്ണൂങ്ങളെ പോലെ അഴകുള്ളതും മെലിഞ്ഞതും ചെറിയ സ്ട്രാപ്പ് ഉള്ളതുമായിരിക്കും.

ഞാൻ വാങ്ങിയ വാച്ചിന്റെ കമ്പനി ഇത് വരെ കേൾക്കാത്ത ഒന്നായിരുന്നു. വാച്ച് കയ്യിൽ നിന്നും അഴിക്കാതെ തന്നെ രാത്രി ഞാൻ കിടന്നുറങ്ങി. കയ്യിൽ വാച്ച് കെട്ടി സ്കൂളിൽ പോകുന്നതും കൂട്ടുകാരുടെ മുമ്പിൽ ഞെളിഞ്ഞ് നിന്ന് കൈ പൊക്കി വാച്ചിലെ സമയം നോക്കുന്നതുമായ രംഗങ്ങൾ സ്വപ്നത്തിൽ വന്നു. വാച്ച് അഴിച്ച് വെച്ചിട്ട് വേണം  കമ്പനിയിലെ കയർ മാടുന്ന റാട്ട് കറക്കാനുമെന്ന് ഞാൻ തീരുമാനിച്ചു. കൈ എവിടെയെങ്കിലും തട്ടി വാച്ച് കേടായാലോ?.

നേരം വെളുത്തു. സമയം അറിയാനായി കിടന്ന കിടപ്പിൽ തന്നെ ഞാൻ കൈ ഉയർത്തി രാജകീയമായി വാച്ചിലെ സമയം നോക്കി. സമയം പന്ത്രണ്ട് മണി. ഞാൻ ഒന്നുകൂടി നോക്കി. 12 അക്കത്തിൽ വലിയ സൂചി ചെറിയ സൂചിയുടെ മുകളിൽ കയറി ഇരിക്കുകയാണ്. സമയം പന്ത്രണ്ട് തന്നെ. പതുക്കെ ഒന്ന് കുലുക്കി നോക്കി.ഊങ്ഹൂം ഒരു മാറ്റവുമില്ല. സെക്കന്റ് സൂചി മറ്റൊരിടത്ത് പിണങ്ങി നിൽക്കുന്നു. വാച്ച് കയ്യിൽ നിന്നും അഴിച്ച്  ചെവിയിൽ വെച്ചപ്പോൾ ഒരു അനക്കവും കേട്ടില്ല. വാച്ച് അന്തരിച്ചിരിക്കുകയാണ്. അതായത് ചത്തിരിക്കുകയാണെന്ന്. ഒരു പക്ഷേ കീ കൊടുക്കാത്തത് കൊണ്ടായിരിക്കാം. ഞാൻ കീ ബട്ടൺ തിരിച്ച് കീ കൊടുത്തു. ഇപ്പോൾ വലിയ സൂചി ചെറിയ സൂചിയുടെ മുകളിൽ നിന്നിറങ്ങി നടക്കുന്നു, സെക്കന്റ് സൂചിയും ഓട്ടം പിടിച്ചു. ഹോ!! ആശ്വാസമായി. പക്ഷേ ആ ആശ്വാസം അൽപ്പ നേരത്തേക്ക് മാത്രം. കുറേ  നേരം കഴിഞ്ഞപ്പോൾ എല്ലാ സൂചികളും മൗത്തായി. എന്ന് വെച്ചാൽ ചത്തിരിക്കുന്നു. അപ്പോൾ ഞാൻ പിന്നെയും കീ ബട്ടൺ തിരിച്ചു. ഒരു രക്ഷയും ഇല്ലാതെ വന്നപ്പോൾ ഒരു ഉദ്ദേശ സമയം വെച്ച് സൂചി തിരിച്ച് വെച്ച് കയ്യിൽ കെട്ടി പോകാമെന്ന് കരുതി കീ ബട്ടൺ അൽപ്പം പുറകോട്ട് വലിച്ച് സൂചി തിരിക്കാൻ നോക്കിയപ്പോൽ ബട്ടൺ ഊരി എന്റെ കയ്യിൽ വന്നു.

എന്റെ നെഞ്ച് ആളി, 25 രൂപാ വെള്ളത്തിൽ ഇബ്രാഹിമിക്കായെ തിരക്കി ഞാൻ പാഞ്ഞു. അയാൾ വാച്ചും കീ ബട്ടണും  വാങ്ങി തിരിച്ചും മറിച്ചും നോക്കി, പിന്നെ എന്നെയും നോക്കി, പിന്നെയും വാച്ചിൽ നോക്കി. ഇങ്ങിനെ പലതവണ ആയപ്പോൽ എന്റെ ക്ഷമ നശിച്ചു, ഞാൻ കരയുന്ന സ്വരത്തിൽ തിരക്കി  എന്ത് പറ്റി ഇക്കാ....?

“രണ്ട് ഈച്ച പറ്റി മോനേ...എടാ ഇന്നലെ  വാച്ച് നിന്റെ കയ്യിൽ തന്നപ്പോൾ അത് ഓടുന്നുണ്ടോ?“

ഉണ്ട് ഇക്കാ....ഓടുന്നുണ്ട്....“

“എനിക്കത് അറിഞ്ഞാൽ മതി, നീ എന്തോ ഹിക്കുമത് ഇതിന്മേൽ ചെയ്തിട്ട് ഇക്കാ...ചക്കീ...എന്നൊക്കെ പറഞ്ഞാൽ  അത് ശരിയാവില്ലാ മോനേ...മോൻ വാച്ച് ഇങ്ങ് തന്നിട്ട് പോ..ആർക്കെങ്കിലും ഞാൻ അത് വിറ്റിട്ട് നിന്റെ പൈസാ തരാം..മോൻ പോ..പള്ളിക്കൂടത്തിൽ പോ...സമയം ആകുന്നു..പോ..മോനേ...പോ..“

തലയും കുനിഞ്ഞ് കണ്ണീരൊലിപ്പിച്ച് ഞാൻ തിരിച്ച് നടന്നു. ആ 25 രൂപാ എനിക്ക് തിരികെ കിട്ടിയില്ല. ഇബ്രാഹീമിക്കാ കാസർഗോഡ് കിണർ കുഴി ജോലിക്ക് പോയി. പിന്നെ ജീവിതത്തിൽ ഇത് വരെ ഞാൻ അയാളെ കണ്ടിട്ടില്ല.

വളരെ കാലം കഴിഞ്ഞാണ്  വാച്ച് കെട്ടാൻ എനിക്ക് യോഗമുണ്ടായത്. അന്ന് വെള്ള പാന്റും വെള്ള ഷർട്ടും വെളുത്ത ചെരിപ്പും വെള്ള സ്ട്രാപ്പുള്ള വാച്ചും കെട്ടി ഞാൻ നടന്നു..

. മൊബൈലിന്റെ  ആഗമനത്തിന് ശേഷം വാച്ച്കൾ ആർക്കും വേണ്ടാതായി. സമയം അറിയാൻ മൊബൈൽ മതിയല്ലോ. .ഗൾഫ്കാർ വരുമ്പോൾ അടുത്ത സ്നേഹിതർക്ക് വാച്ചും കൊണ്ടായിരുന്നല്ലോ വന്നിരുന്നത്. ഇപ്പോൽ അതും നിലച്ചു. 

ഇപ്പോൾ ധാരാളം വാച്ചുകൾ എന്റെ കൈവശമുണ്ട്. സ്നേഹോപഹാരമായി പലരും കൊണ്ട് തന്നത്. ഈ വാച്ചുകൾ കാണുമ്പോൾ എപ്പോഴും ഞാനെന്റെ പഴയ വാച്ച് വ്യാപരത്തെ പറ്റി ഓർമ്മിക്കും.

Monday, January 25, 2021

17 വർഷം കഴിഞ്ഞു.

വാപ്പാ വീട്ടിൽ തിരികെ വന്ന് കയറുമ്പോൾ  കാൽ കഴുകി കയറുക എന്നതൊരു നിർബന്ധ ചര്യ ആയിരുന്നു. വാപ്പാ വരുന്ന സമയം ഉമ്മാ ഒരു പാത്രം വെള്ളം      കാൽ കഴുകാനായി വാതിൽക്കൽ വെച്ചിരിക്കും. അന്നൊരു ദിവസം ഉമ്മാ എന്ത് കൊണ്ടോ ആ കാര്യം  മറന്ന് പോയി. വാപ്പാ പതിവ് പോലെ  വന്ന് കാൽ കഴുകാൻ നോക്കിയപ്പോൾ വെള്ളവുമില്ല, പാത്രവുമില്ല..  ഉമ്മായും ഞങ്ങളും  ഷോക്കടിച്ചത് പോലെ നിൽക്കുകയാണ്.. ഇപ്പോൾ ആകെ സ്ഫോടനവും വേറെ വല്ലതും അവിടെ നടക്കും.  എന്നുറപ്പ്.   പതിവ് രീതികൾ തെറ്റിക്കുന്നത് ഒട്ടും ഇഷ്ടപ്പെടുന്ന ആളല്ല ബാപ്പാ. 

അങ്ങിനെ പ്രപഞ്ചമാകെ സ്തംഭിച്ച് നിൽക്കുമ്പോൾ  വാപ്പാ എങ്ങോട്ടെന്നില്ലാതെ നോക്കി പറയുന്നു.  “നീ  പോടാ.... ഓ! പിന്നേയ്....നിനക്ക് ഞാൻ കാൽ കഴുകാൻ വെള്ളം കൊണ്ട് വെക്കാൻ എനിക്ക് മനസ്സില്ലാ.....“

ഉമ്മായുടെ മുഖം  നാണക്കേട് കൊണ്ട് കുനിഞ്ഞു. ഉമ്മാ പിറു പിറുക്കുന്നത് ഞാൻ കേട്ടു. “ഇതിനും നല്ലത് രണ്ട് അടി തരുന്നതായിരുന്നു.“

ആ ഉമ്മാ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 17 വർഷമാകുന്നു.

മനസ്സിൽ സംഘർഷം നിറയുമ്പോൾ അതൊന്ന് പെയ്ത് ഒഴിയുന്നത് ഉമ്മായോട് സംസാരിച്ച് കഴിയുമ്പോഴാണ്. എന്തെങ്കിലും ഉപായം ഉമ്മാ പറഞ്ഞ് തരും. എനിക്ക് ആശ്വാസവുമാകും.

17 വർഷമായി ആ ആശ്വാസം എനിക്ക് നഷ്ടമായിരിക്കുന്നു. ഇന്ന് ഈ ദിവസത്തിൽ എന്റെ ഉമ്മക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Wednesday, January 20, 2021

നടീ നടന്മാർക്ക് ജീവനുണ്ടായിരുന്നു

 കുഞ്ഞുന്നാളിൽ പ്രേം നസീറിനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അന്ന് ആ ചെറു പ്രായത്തിൽ ധരിച്ച് വെച്ചിരുന്നത് തിരശ്ശീലയിൽ കാണുന്നവരൊക്കെ ജീവനുള്ളവർ ആയിരുന്നുവെന്നാണ്. അത് കൊണ്ട് തന്നെ സ്ക്രീനിൽ കാണുന്ന പ്രേം നസീർ ജീവനുള്ള കഥാപാത്രമായി എന്റെ ചെറു മനസ്സിനുള്ളിൽ  ഇടം പിടിച്ചു.  ആരെങ്കിലും അത് വെറും ജീവനില്ലാത്ത പടങ്ങളാണെന്ന് പറയുമ്പോൾ എന്നാലാവുന്ന വിധത്തിൽ ഞാൻ അവരോട് തർക്കിക്കുകയും താരങ്ങൾ ജീവനുള്ളതാണെന്ന് സമ്മതിക്കുന്നത് വരെ എനിക്ക് അറിയാവുന്ന എല്ലാ തെറി വാക്കുകളും അവരുടെ നേരെ പ്രയോഗിക്കുകയും ചെയ്തുവന്നു.

കുഞ്ഞുന്നാളിൽ മദ്രസാ പഠനത്തിന് പോകുമ്പോഴായിരുന്നു ഈ തർക്ക വിഷയം പൊട്ടി പുറപ്പെട്ടിരുന്നത്. കൂട്ടത്തിൽ ഓതി പഠിച്ചിരുന്നവർ എന്നെ ചൂടാക്കാനായി ഈ വിഷയം എടുത്തിടുകയും നസീർ ജീവനില്ലാത്ത പടം മാത്രമാണെന്ന് വാദിക്കുകയും ചെയ്യും.. ഫലം കൂട്ട തല്ല് നടക്കും. എങ്കിലും ഈ വിഷയം ഉസ്താദിന്റെ സമീപം ചെല്ലാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുമായിരുന്നല്ലോ. സിനിമാ ഹറാമും ഇസ്ലാമീങ്ങളെ വഴി പിഴപ്പിക്കാൻ അന്യ മതസ്തർ നിർമ്മിച്ച് വിടുന്നതാണെന്നും ഇബുലീസ് എന്ന പഹയൻ അതിന് അവർക്ക് എല്ലാ ഒത്താശയും ചെയ്തു വന്നിരുന്നുവെന്നും ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചിരുന്നെങ്കിലും എന്റെ നസീർ അങ്ങിനെ വഴി പിഴപ്പിക്കുന്ന ഒരു കാര്യത്തിനും കൂട്ട് നിൽക്കില്ലായിരുന്നു എന്ന് എനിക്ക് ശരിക്കും ബോദ്ധ്യമുണ്ടായിരുന്നു.

തടിയൻ ഷുക്കൂർ എന്റെ ഉറ്റ സ്നേഹിതനായിരുന്നെങ്കിലും ഈ വിഷയത്തിൽ അവൻ എനിക്ക് എതിരായിരുന്നതിനാൽ എനിക്ക് വലിയ ദു: ഖം അനുഭവപ്പെട്ടിരുന്നു. എനിക്കാവുന്ന വിധം ഞാൻ അവനെ എന്റെ ഭാഗത്ത് കൊണ്ട് വരാൻ ശ്രമിച്ചിരുന്നെങ്കിലും അവൻ അനുസരിച്ചില്ലെന്ന് മാത്രമല്ല ഒന്നുകൂടി ശക്തിയോടെ നസീർ വെറും പോട്ടം മാത്രമാണെന്ന് ശഠിച്ചതോടെ ഞാൻ അവനുമായി തെറ്റി. അങ്ങിനെ ഇരിക്കവേ  എന്നെ മലർത്തി അടിക്കുന്ന ഒരു സംഭവം ഈ ദുനിയാവിൽ ഉണ്ടായി. തടിയൻ അന്ന് രണ്ട് സിനിമാ നോട്ടീസുകൾ തലയിലെ തൊപ്പിക്കുള്ളിൽ വെച്ചു കൊണ്ട് വന്നു. അത് രണ്ടും കഴിഞ്ഞ ദിവസം ചെണ്ട മേളത്തോടെ ആലപ്പുഴ സക്കര്യാ ബസാറിൽ സിനിമാ കൊട്ടകക്കാർ വിതരണം ചെയ്തത് അവന് എങ്ങിനെയോ കിട്ടിയതാണ് അതിൽ ഒരു നോട്ടീസ് “കിടപ്പാടം“ എന്ന സിനിമയുടേതാണെന്ന് എനിക്കിപ്പോഴും ഓർമ്മയുണ്ട്. അടുത്തത് ‘അവകാശി“ ആണോ എന്ന് സംശയവുണ്ട്. രണ്ടിലും നസീർ അഭിനയിക്കുന്നു എന്നതല്ല ആ നോട്ടീസിന്റെ പ്രാധാന്യം. ഒരു സിനിമാ ആലപ്പുഴ ശീമാട്ടിയിലും മറ്റേത് ശ്രീ ക്രിഷ്ണയിലും,  രണ്ടും ഒരേ ദിവസവും.

തടിയൻ ഷുക്കൂർ,  വക്കീൽ മുറയിൽ എന്നോടൊരു ചോദ്യം ഉന്നയിച്ചു. നസീർ ജീവനോടെയാണ്  സ്ക്രീനിൽ വരുന്നതെങ്കിൽ എങ്ങിനെയാടാ പന്നീ...രണ്ടിടത്തും ഒരേ പോലെ സ്ക്രീനിൽ വരുന്നത്. ഞാൻ മലച്ച് പോയി. അതോടൊപ്പം തോറ്റതിൽ അതിയായ പ്രയാസവും ഉണ്ടായി. എല്ല ദുഖ:വും പ്രതികാരത്തിലേക്ക് തിരിഞ്ഞു. തടിയൻ നമസ്കരിക്കുമ്പോൾ സുജൂദിലായ സമയം (സാംഷ്ടാംഗ നമസ്കാരം) ഞാൻ പുറകിൽ കൂടി ചെന്നു മുതുകിൽ ഒരു ഇടി പാസ്സാക്കി. അവൻ നമസ്കാരത്തിനിടയിൽ “ഹെന്റള്ളോ“ എന്ന് നിലവിളിച്ചെങ്കിലും നമസ്കാരം തുടർന്നു. ഞാൻ ജീവനും കൊണ്ടോടി ഉസ്താദിന്  സമീപം ചെന്ന് നിന്നു. തടിയൻ നമസ്കാരം കഴിഞ്ഞ് എന്നെ തിരക്കി നടക്കുമെന്നുള്ള എന്റെ വിശ്വാസം ശരിയാകുന്ന വിധത്തിൽ അവൻ പാഞ്ഞ് വന്നു.പക്ഷേ ഞാൻ ഉസ്താദിന്റെ സമീപം നിന്നിരുന്നതിനാൽ എന്റെ നേരെ കണ്ണുരുട്ടി “ഇറങ്ങി വാടാ നിനക്ക് ഞാൻ തരാം“ എന്ന് ആംഗ്യത്തിലൂടെ അറിയിച്ചു.കുറേ ദിവസങ്ങളിൽ ഞാൻ അവനെ ഒഴിഞ്ഞ് നടന്ന് ഇടിയിൽ നിന്നും രക്ഷ തേടി.

തടിയൻ വളർന്ന് വലുതായി എക്സൈസിൽ ജോലി കിട്ടി പള്ളുരുത്തിയിൽ ജോലിയിലായിരിക്കവേ റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു.

പിൽക്കാലത്ത് പഠിച്ച് കൊണ്ടിരിക്കവേ സിനിമാ ഭ്രാന്ത് തലയിൽ കയറി ഞാൻ  അഭിനയിക്കാനായി അന്നത്തെ മദ്രാസായ ഇന്നത്തെ ചെന്നെയിൽ പോയി അഭിനയത്തിന് പകരം ക്യാമറാ കെട്ടി വലിക്കുന്ന ജോലി ചെയ്തു. അവിടെ ഒരു സായാഹ്നത്തിൽ റ്റി.നഗറിൽ വെച്ച്  പ്രേം നസീറിനെ കണ്ട് ഞാൻ അവിടെ എത്തി ചേരാൻ ഇടയായ കാരണം പറഞ്ഞപ്പോൾ ആ നല്ല മനുഷ്യൻ എനിക്ക് അഞ്ച് രൂപായുടെ അഞ്ച്  നോട്ടുകൾ ( 25 രൂപാ) തന്ന് ഉടൻ നാട്ടിലേക്ക് വണ്ടി കയറാനും പഠനം  തുടരാനും തോളിൽ തട്ടി ഉപദേശിച്ചു. ഞാൻ അത് അനുസരിച്ചു 

ആ നോട്ടുകളിൽ അവശേഷിച്ച ഒരെണ്ണം ഈ അടുത്ത കാലം വരെ ഞാൻ ഓർമ്മക്കായി സൂക്ഷിച്ചിരുന്നു.

അദ്ദേഹത്തിനറിയില്ലായിരുന്നല്ലല്ലോ പണ്ട് അദ്ദേഹത്തിന് വേണ്ടി ഞാൻ ഒരുത്തനെ ഇടിച്ച കാര്യം.

Sunday, January 10, 2021

ജയിൽ മർദ്ദനം

 നാല് ചുറ്റും വാർഡന്മാർ, ഓടി പോകാൻ  മാർഗമില്ല, ജയിൽ ഉദ്യോഗസ്തന്മാർ വളഞ്ഞ് നിന്ന് ഇടിക്കുമ്പോൽ  ആ ഇടി കൊള്ളുകയല്ലാതെ മറ്റെന്ത് വഴി. കോട്ട പോലെ കെട്ടി ഉയർത്തിയ മതിലിനുള്ളീൽ  എന്ത് നടക്കുന്നുവെന്ന് പുറം ലോകം അറിയില്ലല്ലോ. മർദ്ദനം മരണത്തിലാണ് അവസാനിക്കുന്നതെങ്കിൽ  ആ മരണം ഹൃദയ സ്തംഭനമോ രക്ഷപെടലിനിടയിലെ  ദുരന്തമോ ആയി ചിത്രീകരിക്കപ്പെടും.


സിനിമയിൽ ഈ രംഗങ്ങൾ കാണുമ്പോൾ അത് ആരുടെയോ തലയിൽ ഉടലെടുത്ത ഭാവനയായി നാം കരുതിയെങ്കിൽ അത് തെറ്റി. ജയിലിൽ യഥാർത്ഥത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ തന്നെയാണ് ഇവ. ജയിലുനുള്ളിൽ അടക്കപ്പെട്ടവർ വിവിധ കിമിനൽ കേസുകളിൽ പല കാലയളവിലേക്ക് തടവ് ശിക്ഷ വിധിക്കപ്പെട്ട  ക്രിമിനലുകളും അവർ എപ്പോഴും ഹിംസാത്മക പ്രവണതയുമായി കഴിയുന്നവരുമായതിനാൽ അവരിൽ അച്ചടക്കവും കീഴടക്കവും നില നിർത്താൻ അൽപ്പം പോലും ദയ കാണിക്കാതെ നിഷ്ഠൂരമായി പെരുമാറുന്നവരാണ് ജയിൽ ഉദ്യോഗസ്തർ.  അവർക്ക് അതിന് അധികാരമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലാ എന്നാണ് ഉത്തരമെങ്കിലും അവർ അത് തന്നെയേ ചെയ്യുകയുള്ളൂ.  പക്ഷേ അത് അൽപ്പം അധികമായി പോകുമ്പോൾ പുറം ലോകം അറിയുന്നു അധികാരികൾ ഇടപെടുന്നു, ഒരു സ്ഥലം മാറ്റമോ, താക്കീതോ, സസ്പൻഷനോ തുടങ്ങിയവയിൽ കാര്യം സമാപിപ്പിക്കുന്നു.  ഇടി കിട്ടിയവന് അല്ലെങ്കിൽ ഇടി കൊണ്ട് ചത്തവന് കിട്ടിയത് മിച്ചം.

 തടവ് പുള്ളീകളോട് ക്രൂരത കാണിക്കുന്ന ജയിൽ ഉദ്യോഗസ്തർ തല കുനിച്ച് നിന്ന് യെസ് സർ, യെസ് സർ പറയുന്നത് ജില്ലാ ജഡ്ജിമാരുടെ മുമ്പിലാണ് ജയിലിലെ കാര്യങ്ങൾ സ്വമേധയാ പരിശോധിക്കാൻ ജില്ലാ ജഡ്ജിക്ക് അധികാരമുണ്ട്. ജഡ്ജിമാർ അത് യഥാ സമയം ചെയ്യുന്നുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് കൊട്ടാരക്കര സബ്ജയിൽ പരിശോധിക്കാൻ പോയ അന്നത്തെ ജില്ലാ ജഡ്ജ് ഗോപകുമാർ സാറിനോടൊപ്പം പോകാനിടവന്നു. . ജയിൽ പരിശോധനക്ക് ജഡ്ജ് വരുമെന്ന് എങ്ങിനെയോ ജയിലർക്ക് മണം കിട്ടിയിരുന്നു. പുള്ളികളുടെ ഭക്ഷണത്തിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതിനായി  ജഡ്ജിന്റെ അടുക്കള പരിശോധന കഴിഞ്ഞ് ഗോപ കുമാർ സർ എന്നോട് പറഞ്ഞു, “ ഈ കണക്കിന് പുള്ളീകൾ ഇവിടെ നിന്ന് പുറത്തിറങ്ങി പോവില്ലാ എന്നാണ് തോന്നുന്നത്  അത്രക്ക് രുചികരമായ ആഹാരമാണ് തയാറാക്കി വെച്ചിരിക്കുന്നത്, അടുക്കള തറയിലാണെങ്കിൽ കാർപറ്റ് വിരിച്ചിരുന്നു.“ ഇതെല്ലാം തന്റെ പരിശോധനക്ക്      വേണ്ടി സൃഷ്ടിച്ചത് മാത്രമാണെന്നും താൻ പോകുമ്പോൾ അതെല്ലാം മാറുമെന്നും സരസനായ അദ്ദേഹം എന്നോട് അന്ന് പറഞ്ഞത് ഓർമ്മ വരുന്നു..


ഇപ്പോൾ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ. കെ.ബാബു ഹൈ കോടതി നിർദ്ദേശ പ്രകാരം പൂജപ്പുര ജയിൽ പരിശോധിച്ചു. ബാബു സാർ വ്യക്തിപരമായി  എത്ര ശാന്തനാണെന്നും നിയമം വിട്ട് പെരുമാറില്ലെന്നും അദ്ദേഹത്തെ അറിയാവുന്നവർക്ക് ബോദ്ധ്യമുണ്ട്. പക്ഷേ അദ്ദേഹം പരിശോധിക്കാൻ പോയ കെവിൻ കേസിലെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒൻപതാം പ്രതി  ടിറ്റു ജെറൊമിനെ ഇടിച്ച് ഇഞ്ചപ്പരുവമാക്കിയിരിക്കുന്നത് കണ്ട് അയാളെ ഉടനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.  വിവരം ഹൈക്കോടതിക്ക് റിപ്പോർട്ട് അയക്കുകയും തുടർന്ന് ജയിൽ ഉദ്യോഗസ്തർ സ്ഥലം മാറ്റപ്പെടുകയും ചെയ്തു.ആശുപത്രിയിൽകാവലിന് ജയിൽ ഉദ്യോഗസ്തർ വേണ്ടെന്നും പോലീസ് മതിയെന്നും റിപ്പോർട്ട് പഠിച്ച ഹൈക്കോർട്ട് ജഡ്ജ് നിർദ്ദേശിക്കുകയുണ്ടായി  


ജെറോമിന്റെ  യാതൊരു വിവരവും ജയിലിൽ നിന്നും അറിയാത്തതിനാൽ പിതാവ് കൊടുത്ത ഹേബിയസ് കോർപസ് ഹർജിയിലാണ് ഹൈക്കോടതിയിൽ നിന്നും ഇപ്രകാരമൊരു ഉത്തരവുണ്ടായതും തിരുവനന്തപുരം ജില്ലാ ജഡ്ജ് പരിശോധനക്ക് പോകാൻ ഇടയായതും. 


 ആരും ചോദിക്കാനും പറയാനുമില്ലാത്തവന്റെ ഗതി എന്തായിരിക്കുമെന്ന് ആലോചിക്കുക.ഒരു ജനാധിപത്യ രാജ്യത്തിലാണ് ഇപ്രകാരം സംഭവിക്കുന്നതെന്നും തിരിച്ചറിയുക. ജെയിലും പോലീസു സ്റ്റേഷനും ഫോറസ്റ്റ് ഓഫീസും എക്സൈസും  ഈ ജനാധിപത്യ രാജ്യത്തിലെ ഉദ്യോഗസ്തർ തന്നെയല്ലേ കൈകാര്യം ചെയ്യുന്നത്. എന്നാണ് ഈ സ്ഥിതി മാറുക?

Tuesday, January 5, 2021

അവനെ കാണാൻ ഞാൻ കൊതിച്ചിരുന്നു...

 ജലാൽ...അവൻ എന്റെ ബാല്യകാല സുഹൃത്തായിരുന്നു. അവനും ഞാനും ഉൾപ്പെട്ട  ഒരു ഗ്യാങ്ങ്  ആലപ്പുഴ  വട്ടപ്പള്ളി  ഒരു കാലത്ത് അടക്കി വാണിരുന്നു. ഞങ്ങൾ കാണിച്ചിരുന്ന കുസൃതികൾ  അത്രത്തോളം പ്രസിദ്ധമായിരുന്നു. അവ ഓരോന്നും എടുത്ത് പറഞ്ഞാൽ ഒരു വലിയ പുസ്തകം തന്നെ രചിക്കേണ്ടി വരും. സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് വീടുകളിലേക്ക് ഞങ്ങളുടെ തിരിച്ച് വരവ് ബഹളമയമായിരുന്നല്ലോ. ഗ്യാങ് അംഗങ്ങൾ പരസ്പരം വലിയ സ്നേഹമായിരുന്നെങ്കിലും ജലാലിന് എന്നോട് എന്ത് കൊണ്ടോ      എന്നോട് സ്നേഹത്തോടൊപ്പം അൽപ്പം ബഹുമാനവും ഉണ്ടായിരുന്നു. ഏത് കാര്യവും എന്നോട് ചോദിക്കാതെ അവൻ ചെയ്യില്ല..

ഞാൻ ജീവിതയാത്ര തുടങ്ങി എടപ്പാളിൽ എത്തി ചേർന്നതിന് ശേഷം അവൻ തുരുതുരാ എനിക്ക് കത്തുകളെഴുതി. പിന്നീട് കൊട്ടാരക്കരയിൽ സ്ഥിര താമസമാക്കി  കഴിഞ്ഞും കത്തുകൾ തുടർന്നു. ഇടക്കിടക്ക് ഞാൻ ആലപ്പുഴ എത്തുമ്പോൾ അവനെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും എന്ത് കൊണ്ടോ അത് നടക്കാതെ പോയി. ബാല്യകാല സൗഹൃദങ്ങൾക്ക് ഏറെ വില കൽപ്പിച്ചിരുന്ന എനിക്ക് അന്നത്തെ  ഓരോ സുഹൃത്തും എപ്പോഴും മനസ്സിൽ നിറഞ്ഞ് നിന്നിരുന്നു. പലരേയും ജീവിതത്തിന്റെ പല സന്ധികളിലും കാണാൻ കഴിഞ്ഞപ്പോൾ, ചിലർ എന്നെന്നേക്കുമായി കടന്ന് പോയിരുന്ന കാര്യങ്ങളും അറിയാൻ കഴിഞ്ഞു. പക്ഷേ ജലാലിനെ കാണാനോ ബന്ധപ്പെടാനോ കഴിഞ്ഞില്ല.  കത്ത് മുഖേനെയുള്ള ബന്ധവും എപ്പോഴോ മുറിഞ്ഞ് പോയിരുന്നുവല്ലോ. അവനെ അന്വേഷിച്ചതിൽ അവൻ ആറ്റിങ്ങലിന് സമീപം  ആലംകോട് ഭാര്യ വീട്ടിൽ താമസമാണെന്ന് അറിഞ്ഞതല്ലാതെ ബന്ധപ്പെടാൻ പറ്റിയില്ല. ആറ്റിങ്ങൽ കോടതിയിൽ പലപ്പോഴും പോകേണ്ടി വരുമ്പോൾ  ആലങ്കോട് വഴിയാണ് എന്റെ യാത്ര. ഹൊട്ടലോ ചായക്കടയോ ആണ് അവന്റെ ഉപജീവനമാർഗമെന്ന് അറിഞ്ഞതിനാൽ  ആലങ്കോട് പല ഹോട്ടലുകളിലും കയറുമ്പോൾ അവനെ കണ്ട് മുട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അവൻ പിടി തരാതെ എവിടേക്കോ മാറി പോകുന്നത് പോലെ എനിക്ക് തോന്നി.

അവസാനം 2020 വർഷാവസാനത്തിൽ പതിവ് പോലെ ഞാൻ ആലപ്പുഴയെത്തി.വട്ടപ്പള്ളിയിൽ കറങ്ങി നടന്നു, പഴയ സുഹൃത്തുക്കളിൽ പലരെയും കണ്ടു. ജലാലിന്റെ ഫോൺ നമ്പറെങ്കിലും ലഭ്യമാകാനായി ഒരു കൂട്ടുകാരനെ കണ്ടപ്പോൾ അവൻ പറഞ്ഞു, “അവൻ താമസിക്കുന്നിടത്ത് റേഞ്ച് കിട്ടില്ല, നീ വെറുതെ ശ്രമിക്കേണ്ട“ എന്ന്. അവൻ ചിരിക്കുകയും ചെയ്തപ്പോൾ ഞാൻ അവനെ സംശയത്തോടെ നോക്കി. “കഴിഞ്ഞ  നവമ്പറിൽ  കോവിഡ് അവനെയും കൊണ്ട് പോയി.“ ഞാൻ വല്ലാതെ ഞെട്ടി പോയി. ജലാലിനെ  പല വർഷങ്ങളായി ഞാൻ കാണാൻ കൊതിച്ചിരുന്നു. എവിടെയെങ്കിലും വെച്ചു എന്നെ കാണുമെന്നും “എടേ “ എന്ന് ആർത്ത് വിളിച്ച് ഓടി വന്ന് എന്റെ തോളിൽ കയ്യിടുമെന്നും പഴയ വീര ചരിത്രങ്ങൾ പറഞ്ഞ് ഞങ്ങൾ പൊട്ടി ചിരിക്കുമെന്നും എത്രയോ തവണകളിൽ ഞാൻ സ്വപ്നം കണ്ടിരുന്നു. ഇല്ലാ....ഇനി അവനെ ഞാൻ ഒരിക്കലും കാണില്ല, അവൻ ഓടി വ്ന്ന് എന്റെ തോളിൽ കയ്യിടുകയുമില്ല, ഞാൻ അവനെ കാണുമെന്ന് കരുതിയിരുന്ന സമയം അവൻ ഏതോ പള്ളീ പറമ്പിലെ  മൂലയിൽ മറമാടപ്പെട്ടിരുന്നു. ആ വിവരം അറിയാതെ ഞാൻ അവനെ ഇപ്പോൾ കാണാം കാണാം എന്ന് പ്രതീക്ഷിച്ച് നടക്കുകയും ചെയ്തു. ജീവിതം ഇങ്ങിനെയൊക്കെയാണ്.

എന്നാലും എടാ കോവിഡേ!  നീയൊരു ഭയങ്കരൻ തന്നെയാണല്ലോ. ആരെയെല്ലാം നീ കൊണ്ട് പോയി.