Monday, June 29, 2020

ആരാണ് ശമ്നാ കാസിം ?

ആരാണ് ശം നാ കാസിം ?
സ്വാതന്ത്രിയ സമര പോരാളിയാണോ?
ശാസ്ത്രജ്ഞയാണോ?
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രാഗൽഭ്യം കാണിച്ച ആളാണോ?
രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയാണോ?
പൊതുപ്രവർത്തകയും സമൂഹ സേവനത്തിൽ എടുത്ത് പറയപ്പെടുന്ന കക്ഷിയാണോ?
ഇതൊന്നുമല്ല .അവർ സിനിമാ അഭിനേത്രി മാത്ര
മാണ്.
ഇതിപ്പോൾ ഇവിടെ പറയാൻ കാര്യം.... കുറേ ദിവസങ്ങളായി പത്ര താളുകളും ചാനൽ സമയങ്ങളും അവർക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നു, സിനിമായിൽ അഭിനയിച്ചാൽ മറ്റെല്ലാ സേവനരംഗങ്ങളേക്കാളും ഉന്നത ശ്രേണിയിലാകത്തക്ക വിധം മാനസിക വിഭ്രാന്തിയിലാണോ മലയാളികൾ.
അവരെ ബ്ളാക്ക് മെയിൽ ചെയ്യാൻ കുറേ പേർ ശ്രമിച്ചെന്നും അവരുടെ മാതാവും ബന്ധുക്കളും സമയോചിതമായി ഇടപെട്ടതോടെ പ്രതികൾ അറസ്റ്റിലാവുകയും മറ്റ് പല കേസുകളും ഇവർക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു,
തീർച്ചയായും അപലപിക്കപ്പെടേണ്ട കുറ്റകൃത്യം, ആ കാര്യത്തിൽ ഒരു തർക്കവുമില്ല.
കഴിഞ്ഞ ദിവസം മാത്രുഭൂമി ചാനൽ ഈ കേസ് സംബന്ധമായി ഒരു പ്രത്യേക പരിപാടി അവതരിപ്പിച്ചു. ഒരു സ്ത്രീതന്നെയായിരുന്നു പരിപാടി മോഡറേറ്റ് ചെയ്തത്. അവരുടെ ഭാവപ്രകടനങ്ങൾ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു എന്ന മട്ടിലായിരുന്നു. കോടതിയൊന്നും വേണ്ട ഇവർ തന്നെ വിധി പറഞ്ഞ് കഴിഞ്ഞു.
രണ്ട് അഭിഭാഷകരും ഒരു സിനിമാനടനും, ഒരു റിട്ടേഡ് എസ്,.പി.യും കൂട്ടിനുണ്ട്. അഭിഭാഷകരിൽ ഒരാൾ പ്രതിഭാഗത്തെ വക്കീലായിരുന്നു എന്നുള്ളതായിരുന്നു രസകരം. അയാളുടെ വാദം സി.സി.റ്റി.വി. എല്ലാം തെളിയിക്കുമെന്നാണ്. സിനിമാ നടന്റെ വിഡ്ഡിത്തം നിറഞ്ഞ പ്രതികരണം ഈ വക്കീലാണെങ്കിൽ പ്രതികൾ തീർച്ചയായും ശീക്ഷിക്കപ്പെടുമെന്ന്. അതായത് ആരെങ്കിലും മൂറിയിൽ സി.സി.റ്റി.വി വെക്കുമോ എന്ന ഭയങ്കര കണ്ട് പിടുത്തവും നടൻ നടത്തി. മുറിയിലല്ല, അല്ല, അല്ല എന്ന് പ്രതിവക്കീൽ വിക്കി വിക്കി പറയുന്നെങ്കിലും എവിടെ ഏശാൻ.
കുറ്റ ചാർജ് ഫയൽ ചെയ്യാത്ത കേസിൽ പ്രതിഭാഗം പോയിന്റുകൾ പരസ്യമായി വിളിച്ച് പറഞ്ഞാൽ ചാർജ് ഫയൽ ചെയ്യുമ്പോൾ പോലീസ്ആ പഴുതുകൾ അടക്കുമെന്ന് ആ അഭിഭാഷകന് അറിയില്ലായിരുന്നോ? റ്റി.വി.യിൽ മുഖം കാണിക്കണമെന്ന് ആഗ്രഹമായിരിക്കും പാവത്താനെ ഈ വിഡ്ഡി വേഷം കെട്ടാൻ പ്രേരിപ്പിച്ചത്. അഭിഭാഷക പണിക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ഒരു പരിപാടിയായിരുന്നു അത്. അന്തസ്സുള്ള ഒരു വക്കീൽ ആയിരുന്നെങ്കിൽ ആ നടന്റെ മുഖത്ത് നോക്കി “തന്റെ ജോലി താൻ ചെയ്താൽ മതി “ എന്ന് പറഞ്ഞേനെ.
നമുക്ക് ആ പ്രശ്നം മാറ്റി വെക്കാം. ഇവിടെ ഈ കുറിപ്പുകൾ മുകളിൽ കാണീച്ച ചാനൽ പ്രകടനം സംബന്ധിച്ചല്ല എന്ന് പറഞ്ഞ് വെക്കുന്നു.
ഈ നാട്ടിൽ സമൂഹത്തിൽ പ്രസിദ്ധിയില്ലാത്തതും നിർദ്ധനരായവരുമായ എത്രയോ സ്ത്രീകൾ അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന വാർത്തകൾ പത്രത്തിന്റെ ഒരു മൂലയിൽ നാലഞ്ച് വരികളിലെ വാർത്തയായി ഒതുക്കപ്പെടുമ്പോൾ ശം നാ കാസിമെന്ന ഈ സ്ത്രീയെ തട്ടിപ്പിനിരയാക്കിയെന്ന വാർത്തയ്ക്ക് മാത്രം ഇത്രത്തോളം പ്രാധാന്യം കൊടുത്ത് സജീവമായി നില നിർത്താൻ മാത്രം അവരുടെ പ്രാധാന്യം സിനിമാ നടി എന്നത് മാത്രമാണ് എന്നുള്ളിടത്ത് നാം അത്രത്തോളം സിനിമാ ഭ്രാന്ത് പിടിച്ചവരായി പോയോ എന്നുള്ളതാണ്.
അതിന് ശേഷം ഉണ്ടായ കേസ് ആരോപണമൊന്നും കൂട്ടി വായിക്കേണ്ടതില്ല. അത് എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പൊക്കി കൊണ്ട് വന്നത്. അതിനിയും ധാരാളം കേസുകൾ ഉണ്ടാകും.
സമൂഹത്തിൽ നിസ്സഹായരായ ശബ്ദമില്ലാത്ത മനുഷ്യരുടെ രോദനങ്ങൾ അത് സ്ത്രീ ആയാലും പുരുഷനായാലും അപ്രസക്തമാക്കുന്നതിന്റെ പ്രതിഷേധമായും സിനിമാ നടിയായാലും പാവപ്പെട്ട ഒരു പെൺകുട്ടിയായാലും തട്ടിപ്പിനിരയായാൽ ഒരേ കാഴ്ചപ്പാടായിരിക്കണമെന്ന അഭിപ്രായമായും ഈ കുറിപ്പുകൾ കണക്കിലെടുക്കുക.

Tuesday, June 23, 2020

ഈ ഇരുണ്ട കാലം എന്ന് മാറും?

ആരോടെങ്കിലും കുശലം പറഞ്ഞിരിക്കാൻ കൊതിയാകുന്നു.
വേഗത്തിൽ കറങ്ങി കൊണ്ടിരുന്ന ഒരു യന്ത്രം പെട്ടെന്ന് നിലച്ചത് പോലുള്ള ഒരു വീർപ്പ് മുട്ട്.
അലക്ഷ്യമായി കേട്ടിരുന്ന ഫോൺ ബെല്ല് ഇപ്പോൾ കേൾക്കുമ്പോൾ തന്നെ പോയി എടുത്ത് സന്തോഷത്തോടെ സംസാരിക്കുന്നു.
ഇന്ന് സന്ധ്യാ നേരം എന്റെ ഉറ്റ സ്നേഹിതനും ബന്ധുവും ജമാത്ത് പ്രസിഡന്റുമായ സലീം മറ്റൊരു കാര്യത്തിനായി എന്നെ കാണാൻ വന്നപ്പോൾ എത്ര നേരം സംസാരിച്ചിരുന്നിട്ടും മതിയാകാത്തത് പോലെ തോന്നൽ.
കുറച്ച് കാലമായി ഇതാണ് അനുഭവം. ആരെയും കാണാൻ കഴിയാത്ത, ഇഷ്ടമുള്ളിടത്ത് പോകാൻ കഴിയാത്ത, ദൂരത്തിലുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത, ബന്ധുക്കളുമായി ഇടപഴകാൻ കഴിയാത്ത, കോരിചൊരിയുന്ന മഴയത്ത് ആ മഴയുടെ എല്ലാ ആസ്വാദ്യതയും അനുഭവിച്ച് ദൂരെ ദൂരെ കാണുന്ന കുന്നും പുറങ്ങൾ പെരുമഴയത്ത് കുളിച്ച് നിൽക്കുന്ന കാഴ്ച കാണാൻ കഴിയാത്ത സൗഹൃദങ്ങൾ വീണ്ടും വീണ്ടും പുതുക്കാൻ കഴിയാത്ത ഓരോ ദിവസവും വർദ്ധിച്ച് വരുന്ന കോവിഡ് രോഗ ബാധയുടെ എണ്ണം കണ്ട് പരിഭ്രമിച്ചിരിക്കുന്ന ആവർത്തന വിരസമായ കോവിഡ് കാലം.
ഈ ഇരുണ്ട കാലം മാറി വെളിച്ചത്തിന്റെയും പ്രത്യാശയുടെയും പൊൻ കിരണങ്ങൾ വിരിയുന്ന സമാധാനം നിറഞ്ഞ ദിനങ്ങൾ എന്നാണ് വന്നണയുക.

Thursday, June 18, 2020

1962ലെ ഇന്ത്യയല്ല ഇന്ന്....

പഞ്ചശീല ഉടമ്പടി ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിയുമായി ഒപ്പിടുകയും വെള്ള പ്രാവുകളെ ആകാശത്തേക്ക് പറത്തുകയും ചെയ്ത് കഴിഞ്ഞപ്പോൾ പണ്ഡിറ്റ് ജവഹാർലാൽ നെഹ്രുവിന്റെ നേത്രുത്വത്തിലുള്ള സർക്കാർ കരുതി മാന്യന്മാർ ഒപ്പിട്ട് ലോകത്തെ ബോധിപ്പിച്ച ഈ പ്രമാണത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ചൈനാക്കാർ നല്ല അയൽക്കാരായിരിക്കുമെന്ന്. ആ വിശ്വാസ്ത്താൽ അതിർത്തിയിൽ അന്ന് വലിയ ശ്രദ്ധ ഒന്നും കൊടുത്തിരുന്നില്ല. പക്ഷേ ഒരു ഭാഗത്ത് സമാധാന ചർച്ച നടക്കുമ്പോൾ മറുഭാഗത്ത് ആയുധത്തിന്റെ മൂർച്ച കൂട്ടുകയായിരുന്നു ചൈനാക്കാർ. അവർ അന്നും ഇന്നും അങ്ങിനെ തന്നെയാണ് സ്വന്തം കാര്യം തന്നെയാണ് അവർക്ക് മുഖ്യം. അങ്ങിനെ1962ൽ എല്ലാ ഉടമ്പടികളും പഞ്ചശീല തത്വങ്ങളും കാറ്റിൽ പറത്തി, “അവർ അവരുടേതെന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക്“ ഇരച്ച് കയറി. 1947ൽ ബ്രിട്ടീഷ്കാർ വിട്ട് പോയപ്പോൾ ഉണ്ടായിരുന്ന മോഡൽ ആയുധങ്ങളുമായി അതിർത്തി കാത്തിരുന്ന ഇന്ത്യൻ സൈനികരെ ആക്രമിച്ച് ഒരുപാട് ദുരന്തങ്ങൾ വരുത്തി വെച്ചു. അന്ന് റേഡിയോയിൽ കേട്ടിരുന്ന ഒരു സ്ഥിരം വാചകമായിരുന്നു ഇന്ത്യൻ സൈന്യം വിജയ പൂർവം പിൻ മാറി“ എന്ന്. കൊടിയ തണുപ്പിൽ മരണമടഞ്ഞിരുന്ന സൈനികരും ധാരാളം. തണുപ്പിനെ നേരിടാനുള്ള പ്രതിരോധങ്ങളോ പരിശീലനങ്ങളോ അന്ന് അവർക്കില്ലായിരുന്നുവല്ലോ. വി.കെ.ക്രിഷ്ണ മേനോനൻ ആയിരുന്നു അന്നത്തെ യുദ്ധകാര്യമന്ത്രിയെന്ന് തോന്നുന്നു. ഏതായാലും ആ യുദ്ധത്തിന് ശേഷം മേനോൻ രാജിവെച്ചെന്നാണ് ഓർമ്മ.
ഇന്ത്യ കരുതി ഇരുന്നു, വേണ്ട ആധുനിക ആയുധങ്ങളും പരിശീലനം ലഭിച്ച സൈനികരുമായി, ശത്രുവിനെ നേരിടാൻ. 1965ൽ അതിന് അവസരം ലഭിച്ചു. പക്ഷേ ശത്രു മാറി പോയിരുന്നു. അന്ന് നമ്മുടെ സൈന്യ ബലത്തിന്റെ മികവ് അനുഭവിച്ചത്, പാക്കിസ്ഥാൻ സൈന്യം ആയിരുന്നു. പാക്കിസ്ഥാനുമായുള്ള 1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലേക്ക് ഇരച്ച് കയറി. പാക്കിസ്ഥാന് പകരം ചൈനയെയായിരുന്നു അന്ന് നേരിട്ടതെങ്കിൽ ചൈനാക്കാർ അന്ന് മനസ്സിലാക്കിയേനെ ഇന്ത്യൻ സൈന്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്.
ഇപ്പോൾ ചൈനാ പഴയ സ്വഭാവം പുറത്തെടുത്തു. സമാധാന ചർച്ചയുടെ മറ പറ്റി അതിക്രമം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. 1962ലെ ഇന്ത്യൻ സൈന്യമല്ല 2020ലെ സൈന്യമെന്ന് അവർക്ക് ബോധ്യമാകണമെങ്കിൽ സമാധാന ചർച്ച ഒരു വശത്ത് തുടരുകയും മറുവശത്ത് ആക്രമണം നടത്തുകയാണ് അവരുടെ സ്വാഭാവമെന്ന് തിരിച്ചറിഞ്ഞ് ചുട്ട മറുപടി കൊടുക്കുകയാണ് വേണ്ടത്.

Tuesday, June 16, 2020

മറ്റ് രോഗ ചികിൽസ സ്വകാര്യ ആശുപത്രിക്കാർക്ക്

  കോവിഡ് രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പനിയും പകർച്ച വ്യാധികളുൾപ്പടെ  മറ്റ് രോഗ ചികിൽസ ഇനി സ്വകാര്യ ആശുപത്രികളിൽ മാത്രമായി സർക്കാർ നിരക്കിൽ  ക്രമീകരിക്കുന്നു  എന്ന് പത്ര വാർത്ത.
1130 സ്വകാര ആശുപത്രികളും 20 മെഡിക്കൽ കോളേജുകളുമാണ്  മറ്റ് രോഗങ്ങളുടെ ചികിൽസക്ക് സന്നദ്ധത അറിയിച്ചിട്ടുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ എടുത്ത നല്ല തീരുമാനങ്ങളിലൊന്നായി ഇതിനെ കണക്കിലെടുക്കാം. ലോക്ക് ഡൗണിൽ  എല്ലാ സ്വകാര്യ ആശുപത്രികളും വലിയ നഷ്ടത്തിലായിരുന്നു പ്രവർത്തിച്ച് വന്നിരുന്നത്. രോഗികളെത്തിയെങ്കിലല്ലേ അവർക്ക് ഗുണമുള്ളൂ.
അതേ പോലെ കോവിഡ് ബാധിതരുടെ ചികിൽസയും ഇതര രോഗ ചികിൽസയും ഒരു സ്ഥാപനത്തിന് കീഴിൽ ഒന്നിച്ച് കൊണ്ട് പോകുന്നത് ആപത്കരമാണെന്ന് സംശയമേ ഇല്ല.
പക്ഷേ സർക്കാർ നിരക്ക് എന്നത് മാത്രം പിടി കിട്ടുന്നില്ല.  അത് സർക്കാരെങ്ങിനെ കണക്ക് കൂട്ടും. സ്വകാര്യ ആശുപത്രിയിലെ ബില്ലുകൾ എന്നെങ്കിലും കണ്ടവരുണെങ്കിൽ  ഈ ആശങ്ക തിരിച്ചറിയും. ഇത്രത്തോളം പിടിച്ച് പറിക്കാർ ഉള്ള മേഖല വേറെ ഇല്ല. ഇതിനെ ചോദ്യം ചെയ്യാൻ സാധിക്കാത്ത വിധം ആശുപത്രി സംരക്ഷണ നിയമം  എന്നൊരെണ്ണം കുറച്ച് കാലത്തിന് മുമ്പ്  കേരളാ നിയമ സഭയിൽ ചുട്ടെടുത്തിരുന്നു. ഈ നിയമ നിർമ്മാണത്തിന് ഹേതുവായി ഒരു പിന്നാമ്പുറ കഥയുണ്ട്.  മെഡിക്കൽ കോളേജിലെ ഒന്ന് രണ്ട് ഡോക്ടറന്മാർക്ക് ഏതോ ചിൽസാ പിഴവിൽ അടി കിട്ടുകയും അതിൽ പ്രതിഷേധിച്ച് അവർ ഒന്നായി പണി മുടക്കുകയും ചെയ്തിരുന്നു.  തുടർന്നുണ്ടായ ഒത്ത് തീർപ്പിലാണ് ഈ നിയമം പിറന്ന് വീണത്.   അതിന്റെ പിൻ ബലത്തിൽ ഒരു അക്ഷരം എതിർത്ത് സംസാരിച്ചാൽ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസെടുക്കാം. രസകരമായ ഒരു വസ്തുത ഈ ബില്ല് പാസാകുമ്പോൾ അന്ന് ഭരണത്തിലിരുന്നവർ  ആശുപത്രി ഉപഭോക്താവിന്റെ സംരക്ഷണത്തിനായും നിയമം ഉടൻ നിർമ്മിക്കും എന്ന് പറഞ്ഞിട്ട് വർഷങ്ങളും ഭരണക്കാരും എത്രയോ കടന്ന് പോയി. അത് സംബന്ധമായി ഒരു നിയമം ഉണ്ടായില്ലെന്ന് മാത്രമല്ല മറ്റേ നിയമം അവസരത്തിലും  അനവസരത്തിലും എടുത്ത് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ ഏത് കഴുത്ത് അറുപ്പൻ ബില്ല്  സ്വകാര്യക്കാരൻ തന്നാലും രോഗി കൊടുക്കാൻ ബാദ്ധ്യസ്തനാകും.
മരിച്ചവന് ഒരു ലക്ഷത്തോടടുത്ത്  ബിൽ കൊടുത്ത ഒരു സ്വകാര്യൻ ഞാൻ താമസിക്കുന്ന പ്രദേശത്തുണ്ട്. അവർ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ലോൺ എടുത്ത പലിശ കൂടി ചേർത്താണ് രോഗികളെ പിഴിയുന്നത്.
എങ്കിലും “സർക്കാർ നിരക്കിൽ“ എന്നൊരു വാക്ക് പ്രത്യാശ നൽകുന്നു. ജനങ്ങളെ സ്വകാര്യാ‍ശുപത്രിക്കാർക്ക് വിട്ട് കൊടുക്കുന്നതിന് മുമ്പ് രോഗികളെ  പിഴിയുന്നതിന് എതിരായി  കർശന നിയമങ്ങളും ഏർപ്പെടുത്തുക തന്നെ വേണം. ഇല്ലെങ്കിൽ ഇപ്പോൾ കറണ്ട് ബില്ലിൽ  ഉണ്ടായിട്ടുള്ള  മുറുമുറുപ്പ്  ഈ വിഷയത്തിലും ഉണ്ടാകുമെന്നുറപ്പ്.

Thursday, June 11, 2020

വെറുതെ ചുറ്റി വരുന്നവർ

നഗരത്തിൽ നിന്നും നാല് കിലോമീറ്റർ അകലെ താമസിക്കുന്ന  അയാൾ എന്റെ പരിചയക്കാരനാണ്. അൽപ്പം മുമ്പ് ട്രാഫിക്ക് ബ്ളോക്കിൽ കാറുമായി അയാൾ കാത്ത് നിൽക്കുന്നത് ഞാൻ കണ്ടിരുന്നു.അയാൾ താമസിക്കുന്ന വീടും പരിസരവും നല്ലവണ്ണം അറിയാവുന്നതിനാൽ ടെലഫോൺ ചാർജ് അടക്കാൻ ഇറങ്ങി തിരിച്ച ഞാൻ പരസ്പരം കണ്ട്മുട്ടിയപ്പോൾ നഗരത്തിൽ എന്തിനാണ് വന്നതെന്ന്  അയാളോട്  കുശലം ചോദിച്ചു.
“അൽപ്പം ഫ്രൂട്ട്സ് വാങ്ങണമായിരുന്നു സാറേ!“ എന്നായിരുന്നു അയാളുടെ മറുപടി.
“നിങ്ങളുടെ  വീടിന് സമീപം നല്ല നാടൻ പഴങ്ങൾ കിട്ടുമായിരുന്നല്ലോ പിന്നെ കാറുമെടുത്ത് ഈ തിരക്കിൽ......“ ഞാൻ അർദ്ധോക്തിയിൽ വിരമിച്ചു.
“ഓ! അതോ, ഇത്രയും കാലം  ഈ റോഡെല്ലാം ചത്തത് പോലെ കിടന്നതല്ലേ, ഇപ്പോൾ അനക്കം വെച്ചത് ഒന്ന് കാണാനും  വെറുതെ ഒന്ന് ചുറ്റി വരാനും കൂട്ടത്തിൽ ടൗണിൽ നിന്ന് അൽപ്പം ഫ്രൂട്ട്സ് വാങ്ങാനുമായി കാറുമായി ഇറങ്ങിയതാ സാറേ!“ അയാൾ യാത്ര പറഞ്ഞ് പോയി. അയാൾ വീട്ടിലെത്തി ചേരുന്നതിന്  മുമ്പ്  ഏതെങ്കിലും കൊറോണാ വൈറസ് വാഹകരുമായി സമ്പർക്കത്തിലേർപ്പെടുമോ? എനിക്കറിയില്ല.
 അയാൾ ടൗണിൽ വന്നതിന്റെ  കാര്യം അതാണ് വെറുതെ ഒന്ന് ചുറ്റി വരണം പട്ടണത്തിൽ നിന്നും പഴങ്ങൾ വാങ്ങണം.
 ലോക് ഡൗണിന് ശേഷം  അനക്കം വെച്ച നിരത്തുകളിൽ കാണപ്പെടുന്ന വാഹനങ്ങളിൽ പലതും ഒന്ന് ചുറ്റി വരാൻ വേണ്ടിയുള്ളതാണ്.നാട്ടിൻപുറങ്ങളിൽ നിന്നും വാങ്ങുന്ന സാധനങ്ങളേക്കാളും ഗമ കാറിൽ പോയി പട്ടണത്തിൽ നിന്നും വാങ്ങുന്നതാണ്, അത് അൽപ്പം വിലക്കൂടുതൽ കൊടുത്ത് വാങ്ങിയതായാലും സാരമില്ല “ടൗണിൽ നിന്നും വാങ്ങിയതാണ്“
കോവിഡ്,  സമൂഹവ്യാപനത്തിന്റെ അയലത്ത് വന്ന് എത്തി നോക്കി നിൽക്കുമ്പോൾ  നമ്മളിൽ പലരും “വെറുതെ ഒന്ന് ചുറ്റി വരാൻ“ വന്ന് പ്രശ്നം ഗുരുതരമാക്കുന്നവരാണ്.
ഭൂരിഭാഗം ആൾക്കാരും സ്വന്തം കാര്യത്തിന് മുൻ തൂക്കം നൽകി ജീവിക്കുന്നവരാണല്ലോ. മറ്റുള്ളവർ ഉൾപ്പെടുന്ന സമൂഹത്തിന് എന്ത് സംഭവിക്കുന്നു എന്നത് അവർക്ക് പ്രശ്നമല്ല. അത് കൊണ്ട് തന്നെ അവർ പ്രശ്നബാധിത പ്രദേശത്ത് നിന്നും വന്നവരാണെന്ന് സത്യം മറച്ച് വെക്കുന്നു.
 മറ്റ് രോഗങ്ങൾക്കായി ചികിൽസക്ക് പോകുന്നവരും അവർ വന്ന ഇടം ഡോക്ടറോട് മറച്ച്     വെക്കുന്നു. എന്തിന് പൊല്ലാപ്പ് വലിച്ച് വെക്കുന്നു, നമുക്ക്  കോവിഡ് ഒന്നും ബാധിച്ചിട്ടില്ല, സത്യം തുറന്ന് പറഞ്ഞാൽ വീട്ട് തടങ്കലിൽ ആവില്ലേ ഇതാണ്  അവരുടെ ചിന്ത.
നല്ല സ്നേഹബന്ധത്തിൽ കഴിഞ്ഞിരുന്ന പല അയല്പക്കക്കാരും കോവിഡ് കാലത്ത്  പരസ്പരം ശത്രുതയിലായി കഴിഞ്ഞു. വിദേശത്ത്/അന്യ സംസ്ഥാനത്ത് നിന്ന് വന്ന അയൽ വാസി  പുറത്ത് ഇറങ്ങി വിലസുമ്പോൾ ആരെങ്കിലും അധികൃതരെ  വിളിച്ച് വാർത്ത രഹസ്യമായി കൊടുക്കും, അവരുടെ സ്വയം രക്ഷക്കാണ് ഇപ്രകാരമുള്ള രഹസ്യ റിപ്പോർട്ടിംഗ് നടത്തുന്നത്. ഉടൻ അധികൃതർ എത്തും അയൽ വാസിയെ കസ്റ്റഡിയിലാക്കും,കേസുമെടുക്കും.തുടർന്ന് അയൽ വാസി മാനത്തേക്ക് നോക്കി പലരുടെയും തന്തക്ക് വിളിക്കും, പിന്നെ പരസ്പരം മിണ്ടാട്ടമില്ലാതാകും.
സ്വന്തത്തെ പറ്റി മാത്രം ചിന്തിക്കാതെ നാം ഉൾപ്പെടുന്ന സമൂഹത്തെ പറ്റിയും  ചിന്തിച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ല.
സ്വാർത്ഥത് ഇല്ലാത്തവർ അപൂർവം മാത്രം.

Wednesday, June 10, 2020

സമൂഹ മാധ്യമങ്ങളും തെറ്റായ വാർത്തകളും.

അബദ്ധവശാൽ ഒരു വാർത്ത പ്രചരിപ്പിക്കുന്നതും മനപൂർവം  സമൂഹത്തെ  തെറ്റിദ്ധരിപ്പിക്കാനായി വാർത്ത പ്രചരിപ്പിക്കുന്നതും  രണ്ടും രണ്ടാണ്.
ഒരു വാർത്താ ചാനലിൽ വാർത്തകളുടെ  അവസാനഭാഗം  തെറ്റായി പ്രചരിപ്പിക്കുന്ന വാർത്തകളുടെ വിവരവും  അതിന്റെ ശരിയായ വാർത്തയും  ദിവസവും കാണിക്കുന്നുണ്ട്. അവിടെ പ്രസക്തമായ ചോദ്യം ഇപ്രകാരം തെറ്റായ വാർത്തകൾ സമൂഹത്തെ വഞ്ചിക്കുന്നതിനെതിരായി  മനപൂർവം സൃഷ്ടിക്കുന്നവർക്കെതിരെ  എന്ത് നടപടി എടുക്കാൻ കഴിയുമെന്നുള്ളതാണ്?
  ഒന്നു മുതൽ പ്ളസ് റ്റൂ വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രധാന മന്ത്രിയുടെ  ഫണ്ടിൽ നിന്നും പതിനായിരം രൂപാ  ബാങ്ക് അക്കൗണ്ടിൽ ഇട്ട് കൊടുക്കുന്നു എന്ന് വാട്ട്സ് അപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു വാർത്ത പരന്നു. കിട്ടിയവർ കിട്ടിയവർ ഒന്നും നോക്കാതെ ആ വാർത്ത ഷെയർ ചെയ്തു. വീട്ടമ്മമാർ  കുട്ടികളുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് രേഖകളുമായി അക്ഷയാ സെന്ററിലേക്ക് പായാൻ തുടങ്ങി. പല അക്ഷയ സെന്ററുകളും അപേക്ഷകളും രേഖകളും വാങ്ങി വെച്ചു. ചിലർ തിരിച്ചയച്ചു. ആരായാലും ഈ വാർത്ത ഉല്പാദിച്ചവർ മാറി ഇരുന്ന് ഊറി ഊറി ചിരിച്ചു. അവർക്ക് ഇങ്ങിനെ സമൂഹത്തെ വഞ്ചിക്കുന്നതിൽ യാതൊരു പ്രയോജനവും ഇല്ലാ എങ്കിലും  ഇപ്രകാരം ആൾക്കാരെ   പറ്റിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ദുഷ്ട മനസാണുള്ളത്. ഇവരെ കണ്ടെത്തി മാതൃകാ പരമായ ശിക്ഷ  കൊടുക്കേണ്ടതല്ലേ?.
നവ മാധ്യമങ്ങളിൽ പ്രത്യേകിച്ച് ഫെയ്സ്ബുക്കിലും വാട്ട്സപ്പിലും കാണുന്ന വാർത്തകൾ സത്യമാണെന്നാണ് സാധാരണക്കാരുടെ വിശ്വാസം. ആ വിശ്വാസത്തെയാണ് ഈ ദ്രോഹികൾ തകർക്കുന്നത്.
ഇനി മറ്റൊരു പറ്റിപ്പ് ഇന്റർ നെറ്റിൽ കുറേ കാലമായി നിലവിലുണ്ട്. പ്രസിദ്ധമായ ഒരു ചലചിത്രം ഫുൾ മൂവി എന്ന ടൈറ്റിൽ താഴെ കൊടുത്ത് യൂ ട്യൂബിൽ പ്രദർശിപ്പിക്കും. അതിൽ അമർത്തി സിനിമാ കാണാൻ ഇരിക്കുന്നവൻ കാണുന്നത് മറ്റൊരു സിനിമയോ ഏതെങ്കിലും സിനിമയുടെ ചില ഭാഗങ്ങളോ ആയിരിക്കും. ഒരു മടിയും കൂടാതെ നിർഭയരായാണ് ഇപ്രകാരം  ചെയ്യുന്നവർ യൂ ട്യൂബിനെ ദുരുപയോഗം ചെയ്യുന്നത്.
ചുരുക്കത്തിൽ ഇന്റർ നെറ്റ് മേഖല  തട്ടിപ്പിന്റെയും പറ്റിപ്പിന്റെയും  പ്രധാന കമ്പോളമായി തീർന്നിരിക്കുന്നു.
ഒരു ജനാധിപത്യ രാജ്യത്തിൽ ഇപ്രകാരം സമൂഹ വഞ്ചന നടത്തുന്നവർക്കെതിരെ ഉചിതമായ നടപടികൾ എടുക്കുന്നതിന് മതിയായ നിയമ നിർമ്മണത്തിനായി  സമയം അതിക്രമിച്ചിരിക്കുന്നു.

Sunday, June 7, 2020

സിനാന് ഒൻപത് വയസ്സ്

ഇന്ന് ജൂൺ ഏഴാം തീയതി  ഞങ്ങളുടെ സിനാൻ (എന്റെ ചിന്നന്) 9 വയസ്സായി.. എത്ര പെട്ടെന്നാണ് വർഷങ്ങൾ ഓടി പോയത്. ദൈവ കാരുണ്യത്താൽ  കഴിഞ്ഞ വർഷത്തെക്കാൾ അവന് പുരോഗതി ഉണ്ട്. സംസാരിക്കുകയില്ല, ഒരാളുടെ സഹായമില്ലാതെ നടക്കാനാവില്ല, എന്നതൊഴിച്ചാൽ  അവന്റെ  മിക്കവാറും പ്രതികരണങ്ങൾ  തിരിച്ചറിയാൻ കഴിയുന്നുണ്ട്. സ്കൂളിൽ കൊണ്ടിരുത്തിയപ്പോൾ സാരമായ മാറ്റമാണ്` അവനുണ്ടായത്. സമപ്രായക്കാരായ കുട്ടികളെ കാണുന്നത് അവന് വളരെ സന്തോഷമാണ്.
അവന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ മാതാപിതാക്കൾ അവനോടൊപ്പമുണ്ട്. അവന്റെ ആവശ്യങ്ങൾ പരിമിതമാണ്.
ഇഡ്ഡിലി, സാമ്പാർ, ശാസ്ത്രീയ സംഗീതം (നടുമോ,  സ്വാമി നാഥ പരിപാലനാ, ഹരി മുരളീരവം,  സംഗീതമേ അമര സല്ലാപമേ ദേവ സഭാതലം തുടങ്ങിയവ ) അല്ലെങ്കിൽ സെമി ക്ളാസിക്കുകൾ ( മാനസ് നിളയിൽ, ദേവാംഗന കയ്യൊഴിഞ്ഞ, ഏഴ്സ്വരങ്ങളും തഴുകി തുടങ്ങിയവ) അതുമല്ലെങ്കിൽ  റാഫിയുടെ പഴയ പാട്ടുകൾ , ദുനിയാ കെ രക് വാലേ,  സൈഗാളിന്റെ  സോജാ രാജകുമാരി തുടങ്ങിയ എന്റെ തലമുറക്ക് മുമ്പ് ഇറങ്ങിയ പാട്ടുകൾ  അവയെല്ലാമാണ് അയാളുടെ  പ്രിയഗാനങ്ങൾ. ചിലപ്പോൾ കിളിയേ കിളിയെ, ഇനി ഉറങ്ങൂ. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ, കാറ്റേ കാറ്റേ, ഹസ്ബീ റബ്ബീ.. തുടങ്ങിയവ ശ്രദ്ധിച്ച് കേൾക്കും. ഇടക്ക് അൽപ്പം മൂളുകയും ചെയ്യും. ശബ്ദം പുറത്ത് വരാനുള്ള ശ്രമവും നടത്തും.
യാത്ര അവന് ഹരമാണ് ദിവസത്തിൽ ഒരു തവണ  വാഹനത്തിൽ അവനെ കൊണ്ട് പോയെ മതിയാകൂ, സമയമാകുമ്പോൾ അവന്റെ ബാപ്പാ കൊണ്ട് പോയില്ലെങ്കിൽ ഇവിടെ ബഹളം നടക്കും.
അവന്റെ ദു:ഖാകുലമായ ജീവിതത്തിനിടയിൽ ഈവക  സന്തോഷങ്ങൾ എത്ര ആനന്ദപ്രദായകമാണ്. ഇപ്പോൾ അവന് ആൾക്കാരെ തിരിച്ചറിയാം, കാര്യങ്ങൾ പറയുന്നത് കേട്ട് അനുസരിക്കുകയും ചെയ്യും. ചികിൽസ തുടരുന്നു.
ഇൻഷാ അല്ലാ, ഒരുദിവസം അവൻ സംസാരിക്കും, സ്വയമേ നടക്കും, ആ ദിവസത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ഞങ്ങൾ.

Thursday, June 4, 2020

മുഖ കൗപീനവും നാട്ടിൻ പൂറവും

രാവിലെയുള്ള നടപ്പ് പൊതു നിരത്ത് കഴിഞ്ഞ് നാട്ടുമ്പുറം വഴിയിലേക്ക് തിരിയുമ്പോൾ മുഖത്ത് അണിഞ്ഞിരിക്കുന്ന മുഖ കൗപീനം അഴിച്ച് കയ്യിൽ സൂക്ഷിക്കും.നാട്ടിൻ പുറത്തെ ശുദ്ധ വായു ആകുന്നിടത്തോളം ശ്വാസകോശത്തിലേക്ക് വലിച്ച് കയറ്റാനും അത് വരെ അണിഞ്ഞിരുന്ന ആവരണത്താൽ മുഖത്ത് അനുഭവപ്പെട്ടിരുന്ന ചൂടിന് അൽപ്പം ശമനത്തിനും വേണ്ടിയാണങ്ങിനെ ചെയ്യുന്നത്. മാത്രമല്ല, നാട്ടുമ്പുറം ഇടവഴികൾക്ക് ഇരുവശവും ഉള്ള പറമ്പുകളിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന വൃക്ഷലതാദികളല്ലാതെ മനുഷ്യ താമസം കുറവുമാണ്, കൊറോണാ കേസുകളുടെ റിപ്പോർട്ടിംഗും ഇല്ല. ആൾക്കാരും താരതമ്യേനെ കുറവുമാണ്.
രാവിലെ അങ്ങിനെ പ്രകൃതി ഭംഗിയും ആസ്വദിച്ച് നടന്ന് പോകവേ എതിരേ മുഖാവരണവും അണിഞ്ഞ് ഒരു കക്ഷി വരുന്നു.
സാ‍ാർ....അയാൾ നീട്ടി വിളിച്ചു.
എനിക്ക് കാര്യം മനസ്സിലായി. എന്റെ മുഖത്ത് തുണി കെട്ടിയിട്ടില്ല, അത് സൂചിപ്പിച്ചതാണ് തത്ര ഭവാൻ.
ഞാൻ കയ്യിൽ സൂക്ഷിച്ച മുഖ കൗപീനം പൊക്കി കാണിച്ചു. എന്നിട്ട് പറഞ്ഞു;
“സാധനം കയ്യിലുണ്ട് “
“അത് കയ്യിൽ വെക്കാനുള്ളതല്ല, മുഖത്ത് അണിയാനുള്ളതാണ്, നിയമം അനുസരിക്കാൻ നാം ബാദ്ധ്യസ്തരല്ലേ സാ‍ാർ....“
“വണ്ടി വള്ളത്തിലും വള്ളം വണ്ടിയിലും പോകണമല്ലോ അനിയാ....“ ഞാൻ പൊതു ന്യായം പറഞ്ഞിട്ട് നടന്ന് പോയി. അദ്ദേഹം പള്ളിക്കൂടം വാദ്ധ്യാരാണ്. ഇനി എന്നെ നിയമ ലംഘനത്തിന്റെ ഗുരുതര സ്വഭാവം പറഞ്ഞ് പഠിപ്പിക്കാൻ നിന്നാൽ രാവിലെ കിട്ടിയ ഊർജ്ജം നഷ്ടമാകും.
വീണ്ടും വഴിയിലൂടെ മുന്നോട്ട് പോയപ്പോൾ മനസ്സിൽ ഒരു ആപത് ശങ്ക. ആൾ വാദ്ധ്യാരാണ് അപ്പുറത്തെക്ക് മാറി നിന്ന് “പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് “സർ, ദാ! ഒരുത്തൻ തുണി അണിയാതെ പോകുന്നെന്ന് പറഞ്ഞാൽ അവർ നോക്കി ഇരിക്കുകയാണ് ഒരു പെറ്റി കൂടി തികക്കാൻ.... അപ്പോൾ തന്നെ ഏമാന്മാർ ലൊക്കേഷൻ തിരഞ്ഞ് പാഞ്ഞ് വന്ന് ആളെ കണ്ട് പിടിച്ച് 200 രൂപാ പെറ്റിഅടിച്ച് തരും. 200 രൂപായേക്കാളും വലിയ നാണക്കേടാകും.
ഞാൻ ഉടൻ തന്നെ തുണി എടുത്തണിഞ്ഞു.


ഗ്രാമീണ ഇടവഴികളിലൂടെ മുണ്ടും മടക്കി കുത്തി, തലയുമുയർത്തി പിടിച്ച്, ഒരു ചെറിയ മൂളിപ്പാട്ടും ചുണ്ടിൽ വരുത്തി കൈ വീശി നടന്ന് പോകുന്നത് ഒരു സുഖമാണ്. ഈ കൊറോണാ കാരണം അതും ഇല്ലാതായി.

Wednesday, June 3, 2020

ബാങ്ക് ലോൺ കെണി

വിദേശത്ത് നിന്നും പ്രവാസികൾ കൂട്ടം കൂട്ടമായി നാട്ടിലേക്ക് തിരിച്ച് വരികയാണ്. ഉപജീവനത്തിനായി   തൊഴിൽ ചെയ്യുവാൻ  പലർക്കും സാമ്പത്തിക സഹായം  ആവശ്യം വരുമ്പോൾ  കിടപ്പാടം വരെ പണയപ്പെടുത്തി  ബാങ്കിൽ നിന്നും ലോൺ തരപ്പെടുത്താറുണ്ട്. ലോൺ കിട്ടി എന്നത് പലരും സന്തോഷത്തോടെ ഉച്ചത്തിൽ വെളിപ്പെടുത്തുകയും ചെയ്യും.
തിരിച്ചടവിന് ക്ളിപ്തമായ വരുമാനം ഇല്ലാത്തവർ  ലോണെടുത്താൽ  അതായത് ഭാവിയിൽ  കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന  വരുമാനം അപ്രതീക്ഷിതമായി കിട്ടാതെ വന്നാൽ ലോൺ കെണീയായി മാറുന്നതായി കാണാം. ഇപ്പോൾ കൊറോണാ വന്നത് അപ്രതീക്ഷിതമായാണ്. അത് പോലെ    അവിചാരിതമായ തടസ്സങ്ങൾ ഏത് വഴി  വരുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ലല്ലോ. നീണ്ട കോടതി ജീവിത അനുഭവത്തിൽ നിന്നും  ലോൺ എടുത്ത് തിരിച്ചടവ് സാധിക്കാത്ത  ആൾക്കാർക്ക് ഉണ്ടായിട്ടുള്ള  അനുഭവങ്ങൾ  ധാരാളം കാണാൻ ഇടവന്നിട്ടുണ്ട്. അതിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് ഇപ്രകാരമാണ്.
 (1) കട ബാദ്ധ്യത  ഒരുവന്റെ  അഭിമാനം നഷ്ടപ്പെടുത്തുന്നു.
(2) പലിശക്ക് ഉറക്കമില്ല. നാം ഉറങ്ങുമ്പോഴും പലിശ ഉണർന്ന് തന്നെ ഇരിക്കുന്നു.
തുള്ളി തുള്ളിയായി പൈപ്പിൽ നിന്നും വെള്ളം വീഴുമ്പോൾ നാം കരുതും, തുള്ളിയല്ലേ ഉള്ളൂ എന്ന്. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പൈപ്പിലെ ഈ തുള്ളിക്ക് താഴെ ഒരു ബക്കറ്റ് വെക്കുക, നേരം വെളുക്കുമ്പോൾ ബക്കറ്റ് നിറഞ്ഞിരിക്കും. അതാണ് പലിശ. അതിന് ഉറക്കമില്ല. പലിശ കൊടുക്കുന്നവരിൽ പലരും രക്ഷപെട്ടതായി അറിയില്ല.
മറ്റൊരു തരം ബാങ്ക് ഇടപാടുകൾ ഉണ്ട്. കൂടുതലും വാഹന ഇടപാടിലാണ് അത് സംഭവിക്കുന്നത്. ബ്ളൈഡ് അല്ല, കൊടുവാളാണ് അവർ ഉപയോഗിക്കുന്നത്. കൃത്യ സമയത്ത് തിരിച്ചടവ്  ഉണ്ടായില്ലെങ്കിൽ ആ ഓരോ തിരിച്ചടവിനും പിഴ പലിശ ഈടാക്കുന്ന സമ്പ്രദായമാണ് അത്. വാഹന ലോണെടുത്തവർ ഞാൻ എല്ലാ തവണയും അടച്ചല്ലോ എന്ന സന്തോഷത്തിൽ ഇരിക്കുമ്പോൾ  ആയിരിക്കും പിഴ പലിശ ഒരു വൻ തുകയായി നില നിൽക്കുന്നത് കാണപ്പെടുന്നത്. ഇതിൽ ഒരു  സവിശേഷത ഉള്ളത് നാം തിരക്കിയില്ലെങ്കിൽ ഈ പിഴ പലിശ കാര്യം ബാങ്ക്കാർ നമ്മോട് ഉരിയാടുക പോലുമില്ല എന്നതാണ്. ഇപ്പോൾ ഈ കോവിഡ് കാലത്ത് സർക്കാർ തിരിച്ചടവിന് കുറച്ച് കാലത്തേക്ക്  മൊറോട്ടോറിയം  ഏർപ്പെടുത്തി.ഒരു സത്യം തിരിച്ചറിയുക,തിരിച്ചടവിന് സാവകാശം ലഭിക്കുന്നു എന്നേ ഉള്ളൂ പക്ഷേ  ഒരു പൈസാ പോലും പലിശ കുറവ് വരില്ല, അത് അവസാനം നമ്മൾ അടക്കേണ്ടി വരുക തന്നെ ചെയ്യും.
വാഹന ലോൺ തരുന്ന കേരളത്തിലെ ഒരു പ്രമുഖ  ധനകാര്യ സ്ഥാപനം തിരിച്ചടവ് മുടങ്ങുമ്പോൾ  വാഹനം പിടിച്ചെടുക്കും. കടക്കാരൻ കരുതും വാഹനം കൊണ്ട് പോയല്ലോ സൊല്ല ഒഴിഞ്ഞു എന്ന്.  പക്ഷേ ആ കമ്പനി വാഹനം പിടിച്ചെടുത്തതിന് ശേഷം ആക്രി വിലയിട്ട് ആ വില    തുക, തിരിച്ചടവ് തുകയിൽ വരവ് വെച്ചിട്ട് അവരുടെ കണക്കിൻ പ്രകാരമുള്ള    ബാക്കി മുതലിനും പലിശക്കും   ലോൺ എടുത്തവൻ  ബാങ്കിൽ കൊടുത്തിരുന്ന  ബ്ളാങ്ക് ചെക്കുകളിൽ തുകകൾ എഴുതി  കേസിൽ കുരുക്കും. ഇപ്രകാരം കേസുകൾ ധാരാളം കോടതിയിലും അദാലത്തുകളിലും വന്നത്  കാണാനിട വന്നിട്ടുണ്ട്.
ഒരു കാര്യം പറഞ്ഞ് ഈ കുറിപ്പുകൾ അവസാനിപ്പിക്കട്ടെ, അൽപ്പം ബുദ്ധിമുട്ടുകൾ സഹിച്ചാലും (അത് നമുക്ക് കഴിയും, കാരണം ഈ ലോൺ എടുക്കുന്നതിന് മുമ്പ് നാം ജീവിച്ചിരുന്നല്ലോ) ക്ളിപ്തമായ വരുമാനം നിങ്ങൾക്ക് ഇല്ലെങ്കിൽ....  കഴിയുന്നതും ലോൺ തരപ്പെടുത്താതിരിക്കുക,
അത്കൊണ്ട് നിങ്ങൽക്ക് കിട്ടുന പ്രയോജനം, മുണ്ട് മുറുക്കി ഉടുത്താലും മനസ്സമാധാനത്തോടെ രാത്രി കിടന്ന് ഉറങ്ങാം.  അതല്ലേ  ഏറ്റവും വലിയ സന്തോഷം.