Thursday, April 30, 2020

നാശ ഗർത്തത്തിലേക്ക് ഓടുന്നവൻ....(N.G.O.)

മനസ്സിലുള്ളത് പലപ്പോഴും വെട്ടി തുറന്ന് പറയാൻ ആഗ്രഹിക്കുമ്പോൾ സ്നേഹമുള്ള മുഖങ്ങളെ ഓർമ്മ വരും. പിന്നെ അങ്ങ് മടിക്കും. പക്ഷേ ഇപ്പോൾ......പറയാതിരിക്കാൻ വയ്യ.
സർക്കാർ ജീവനക്കാരെ പറ്റിയാണ്.
ശമ്പളത്തിൽ നിന്നും ഒരു വിഹിതം കൊറോണാ ദുരന്ത നിവാരണ സഹായത്തിന് വേണ്ടി സർക്കാർ പിടിക്കാൻ ഉത്തരവായപ്പോൾ ചിലർ അതിന് വിസമ്മതിച്ച് മാറി നിന്നു. അതവരുടെ കാര്യമെന്ന് പറയുന്നതിലുപരി ആ വിഷയത്തിൽ ഒരു അഭിപ്രായവും അനുകൂലമോ പ്രതികൂലമോ ആയി ഈ കുറിപ്പുകാരനില്ല. കാരണം ഒരുപാട് ഒരുപാട് വർഷങ്ങളിലെ സർക്കാർ ജീവനത്തിനിടയിൽ പലതും കാണുകയും കേൾക്കുകയും ഇപ്പോഴും അതെല്ലാം ഓർമ്മയിൽ സൂക്ഷിക്കുന്നവനും അതേ കഴിയൂ.
അതിനാൽ തന്നെ സാലറി കട്ടിൽ അനുകൂലമോ പ്രതികൂലമോ എന്ന വാദവിഷയം മാറ്റി വെക്കുന്നു, അതും പറഞ്ഞ് ആരും മെക്കിട്ട് കയറി വരുകയും വേണ്ടാ.
ഇവിടെ മറ്റൊന്നാണ് വിഷയം. ശമ്പളം പിടിക്കുന്നതിനെതിരെ കോടതിയിൽ പോയവരെയും ശമ്പളം പിടിക്കാൻ അനുവദിക്കാത്തവരെയും വിമർശിക്കാൻ അഹമഹമികയാ പലരും മുന്നോട്ട് വന്നു. അതിൽ എല്ലാ വിഭാഗ്ക്കാരുമുണ്ട്. അവരുടെ വിമർശനങ്ങളിൽ സാംഗത്യവുമുണ്ട്.
പക്ഷേ വിമർശിച്ച് വിമർശിച്ച് അങ്ങ് മുന്നേറുമ്പോൾ സർക്കാർ ജീവനക്കാരനെ സംബന്ധിച്ച് ഒരു ചിത്രം സാധാരണക്കാരന്റെ ഉള്ളിൽ ഉരുത്തിരിഞ്ഞ് തെളിഞ്ഞ് വരുന്നുണ്ട് എന്ന് കാണാതിരിക്കാൻ വയ്യ.. അതെന്തെന്നാൽ ഈ സർക്കാർ ജീവനക്കാരൻ കനത്ത ശമ്പളം പ്രതിമാസം വാങ്ങി അങ്ങ് അർമാദിച്ച് ജീവിക്കുകയാണ്. അവന് എന്ത് ബുദ്ധിമുട്ട്? ഈ നാട്ടിലെ പട്ടിണി പാവങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ അവൻ എന്ത് കഷ്ടപ്പാട്? മാസം പത്ത് നാല്പതിനായിരം എണ്ണി വാങ്ങുന്നില്ലേ? ഇവിടെയുള്ള ദരിദ്രരെ നോക്കുക, അവരുടെ പട്ടിണി മാറ്റണ്ടേ? റവന്യൂ വരുമാനത്തിന്റെ സിംഹ ഭാഗം ജീവനക്കാരന് ശമ്പളത്തിന് ചെലവാകുന്നു. (ചിലർ വരവും ചെലവും കണക്കും കൊടുത്തിട്ടുണ്ട്) ചുരുക്കത്തിൽ ഒരു അന്യഗ്രഹ ജീവിയാണ് സർക്കാർ ജീവനക്കാരൻ.
( ഈ നാട്ടിൽ പട്ടിണിയും പരിവട്ടവുമുണ്ടോ ഒരു മെയ്സണ് എന്ത് ശമ്പളം മൈക്കാടിന് എന്ത് ശമ്പളം അതെല്ലാം പിന്നെ നമുക്ക് ചർച്ചിക്കാം) ഇപ്പോൾ വിഷയത്തിലേക്ക് വരാം
ഒരു ഹെഡ്ക്ളർക്ക് പോസ്റ്റിന് താഴെ ഉള്ള സർക്കാർ ഗുമസ്തന് അവന്റെ പിടുത്തങ്ങളെല്ലാം കഴിഞ്ഞ് മിച്ച ശമ്പളം ഒപ്പിട്ട് വാങ്ങുന്നത് എത്രയെന്ന് ആർക്കെങ്കിലും അറിയാമോ? അപ്പോൾ ശമ്പളത്തിൽ നിന്ന് പിടിക്കുന്നത് സമ്പാദ്യമല്ലേ എന്ന് ചോദിച്ചേക്കാം. അതേ! സുഹൃത്തേ! ആ സമ്പാദ്യം ഇന്ന് 100 രൂപാ പിടിച്ചാൽ കുറച്ച് ഗ്യാസ് ട്രബിളും പൈൽസും അസാരം പ്രമേഹവും പിന്നെ അൽപ്പം ഹൃദ്രോഗവും ബാധിച്ച് പെൻഷൻ സമയമാകുമ്പോൾ ആ നൂറിന്റെ കൂടെ കുറച്ച് പലിശയും കൂടി ചേർത്ത് ഒരു തുക കിട്ടും. പക്ഷേ ഇന്ന് ആ 100 രൂപക്ക് ഒരുകോഴികുഞ്ഞിനെ കിട്ടുമെങ്കിൽ അന്ന് പെൻഷൻ സമയത്ത് ആ നൂറും പലിശയും ചേർത്താലും ഒരു കോഴിമുട്ട വാങ്ങാൻ ആ പൈസായ്ക്ക് വില കാണില്ല. മാത്രമല്ല, പെൻഷൻ പറ്റാൻ നോക്കിയിരിക്കും ഹൃദ്രോഗവും മറ്റും രംഗത്തെത്താൻ.
കൈക്കൂലി വാങ്ങാതെ സത്യ സന്ധമായി ജോലി നോക്കുന്ന (ഇപ്പോൾ ബഹുഭൂരിപക്ഷവും അപ്രകാരം തന്നെ ഉള്ളവരാണ്) ഏത് സർക്കാർ ജീവനക്കാരനാൺ` കട ബാദ്ധ്യത ഇല്ലാത്തത്. പെൺകുട്ടികൾ ഉള്ളവർക്ക് വിവാഹ പ്രായം ആകുമ്പോൾ സ്ത്രീ ധനം കൊടുക്കേണ്ട, അൽപ്പം സ്വർണം എങ്കിലും വാങ്ങി ഇട്ട് കല്യാണ ചെലവും ലഘുവായെങ്കിലും നടത്തി കഴിയുമ്പോൾ അവൻ പി.എഫ്. ലോൺ കഴിഞ്ഞാലും ബാക്കി ഒരു നല്ല തുക കടക്കാരനായിരിക്കും. മറ്റ് വരുമാനമില്ലാത്ത നെല്ലും തേങ്ങായും ആദായം ഇല്ലാത്ത ഒരു സാധാരണക്കാരനായ ജീവനക്കാരന്റെ കാര്യമാണ് ഈ പറയുന്നത്. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടേ? അമ്പല പിരിവും പള്ളി പിരിവും കൊടുക്കേണ്ടേ? വീട്ടിന് മുമ്പിൽ ഭിക്ഷക്കാരൻ വന്നാൽ അവന് കൊടുക്കേണ്ടേ> 10 രൂപായിൽ കുറഞ്ഞ് കൊടുത്താൽ അവൻ തിരിച്ച് മുഖത്തെറിയും. അതും എല്ലാ ചെലവും ഈ എണ്ണി തിട്ടപ്പെടുത്തി കിട്ടുന്നതിൽ നിന്നുമാണ് ഈ കിട്ടുന്ന ശമ്പളത്തിൽ നിന്നാണ്.

സ്വാഭാവികമായി ഒരു ചോദ്യം ഉയർന്നേക്കാം. ഈ നാട്ടിലെ പാവപ്പെട്ടവന്റെ സ്ഥിതിയും അത് തന്നെയാണെന്ന്. അതേടോ......സമ്മതിച്ചു, പിന്നെ എന്തിന് സർക്കാർ ജീവനക്കാരൻ സുഖിച്ച് മദിച്ച് കഴിയുന്നെന്ന കണ്ട് പിടുത്തം. ഇനിയുമുണ്ട്. വിവാഹ സംഭാവന സാധാരണക്കാരന് ഒരു നിയന്ത്രണമുണ്ട്. കാരണം അവൻ ദരിദ്രനും പട്ടിണിക്കരനുമാണ് സർക്കാർ ജീവനക്കാരനോ ഓ! അവൻ ഇന്ന...ആഫീസിൽ ഉദ്യോഗസ്ഥനാണ്...ഒട്ടും കുറക്കാനൊക്കില്ല.
ചുരുക്കത്തിൽ N.G.O. എന്ന വാക്കിന്റെ അർത്ഥം നോൺ ഗസറ്റഡ് ഓഫീസർ എന്നല്ല, നാശ ഗർത്തത്തിലേക്ക് ഓടുന്നവൻ എന്നാണെന്ന് തിരിച്ചറിയുക.
ഞങ്ങളുടെ ഗണപതി അമ്പലത്തിന് സമീപം പണ്ട്അലഞ്ഞ് തിരിയുന്ന ഒരു വൃദ്ധൻ ഉണ്ടായിരുന്നു. അയാളോട് വല്ലതും ആരെങ്കിലും തരുന്നുണ്ടോ എന്ന് ചോദിച്ചാൽ “തരുന്ന തായോ....യും തരാത്ത തായോ...യും ഉണ്ട് എന്ന് പറയുമായിരുന്നു.
ഇവിടെ സർക്കാർ ദുരിത നിവാരണത്തിനായി തരുന്നവനും തരാത്തവനും കണ്ടേക്കാം പക്ഷേ ഫണ്ട് തരാത്തവനെ പറ്റി വിമർശിക്കുമ്പോൾ അത് മൊത്തമായി സർക്കാർ ജീവനക്കാരനെ പറ്റിയുള്ള വിമർശനമാകല്ലേ മക്കളേ! സത്യ സന്ധനായ ഒരു എൻ.ജി.ഒ. യുടെ അതായത് സർക്കാർ ജീവനക്കാരന്റെ
അവസ്ത സത്യസന്ധമായി പറഞ്ഞതാണ് എവിടെയെങ്കിലും ഉള്ള കഞ്ഞിയും കുടിച്ച് കിടന്നോട്ടെ. അലക്കി ഇസ്തിരിയിട്ട വേഷത്തിനുള്ളീൽ ഉരുകുന്ന മനസായിരിക്കും പലർക്കുമെന്ന് ഓർമ്മിക്കണേ!

No comments:

Post a Comment