Friday, April 17, 2020

സ്വാതന്ത്രിയത്തിന്റെ വില

എന്റെ വാഹനം  എനിക്കിഷ്ടമുള്ളപ്പോൾ  നിരത്തിലിറക്കി  എനിക്കിഷ്ടമുള്ളിടത്ത്  പോകാൻ സാധിച്ചിരുന്നപ്പോൾ  അപ്രകാരം എനിക്ക് പോകാൻ സാധിക്കാത്ത  അവസ്ഥയെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. ഇപ്പോൾ അപ്രകാരം ഞാൻ ഒരുമ്പെട്ട് നിരത്തിലറക്കിയാൽ  ഞാൻ കുറ്റവാളിയായി പിടിക്കപ്പെടുകയും എന്റെ വാഹനം പൊടിയാലും കാക്ക കാഷ്ഠത്താലും അലങ്കരിക്കപ്പെട്ട് അനാഥമായി  ഉപേക്ഷിക്കപ്പെടുകയും  ചെയ്യുമ്പോഴാണ് എന്റെ പഴയ സ്വാതന്ത്രിയത്തിന്റെ വില ഞാനറിയുന്നത്..
കയ്യിൽ പൈസാ ഉണ്ടെങ്കിൽ  എത്ര ദൂരമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഭക്ഷണ ശാലയിലും പോയി എന്റെ നാവിന് രുചിയുള്ള ആഹാരം  കഴിക്കാൻ എനിക്ക് സാധിച്ചിരുന്നപ്പോൾ  ആ സ്വാതന്ത്രിയത്തിന്റെ വിലയെന്തെന്ന് എനിക്കറിയില്ലായിരുന്നു.. ഇപ്പോൾ ഒരു ചാക്ക് കറൻസി നോട്ടുകൾ എന്റെ കൈവശം ഉണ്ടായിരുന്നാലും  എനിക്ക് അവിടെ പോയിരുന്നു ആഹാരം കഴിക്കാൻ  സാധിക്കാതെ വന്നപ്പോഴാണ്  എന്റെ വ്യക്തി സ്വാതന്ത്രിയത്തിന്റെ വില ഞാൻ മനസിലാക്കിയത്.
ഇഷ്ടമുള്ള വിഭവങ്ങൾ ഇഷ്ടപ്രകാരം വീടുകളിരുന്ന് സമയാ സമയങ്ങളിൽ ചെലുത്തിക്കൊണ്ടിരുന്നപ്പോൾ എന്റെ താല്പര്യ സംരക്ഷണത്തിന്റെ മൂല്യം  എന്തെന്ന്  ഞാൻ മനസിലാക്കിയിരുന്നില്ല. ഇപ്പോൾ കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെട്ട് ഭക്ഷണം കഴിക്കുമ്പോൾ  ഇഷ്ട വിഭവങ്ങൾ ഉപയോഗിക്കാനും  ആസ്വദിക്കാനുമുണ്ടായിരുന്ന പഴയ  സ്വാതന്ത്രിയത്തിന്റെ വില എന്തെന്ന് എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നു.
  ദേവാലയങ്ങളിൽ നിന്നും മണി നാദത്താലും  ശംഖ് ധ്വനിയാലും വാങ്ക് വിളിയാലും ക്ഷണം ഉണ്ടാകുമ്പോൾ പണ്ട് പോയിരുന്നത് പോലെ  പ്രാർത്ഥനക്കായി പോകാനുള്ള സ്വാതന്ത്രിയം  നിഷേധിക്കപ്പെട്ടപ്പോഴാണ്  മുൻ കാലത്ത്അനുഭവിച്ചിരുന്നതും     ഇപ്പോൾ അനുഭവിക്കാൻ സാധിക്കാത്തതിന്റെയും വിലയും വ്യത്യാസവും   മനസ്സിലാക്കാൻ കഴിയുന്നത്.
സമൂഹ നന്മയെ കരുതി  വ്യക്തിസ്വാതന്ത്രിയം  തടയപ്പെടേണ്ടത്  രാഷ്ട്രത്തിന്റെ ഭദ്രതക്ക് അനിവാര്യമാണെന്നുള്ളതിന്  ഒരു തർക്കവുമില്ല. പക്ഷേ  അനുഭവിച്ച് കൊണ്ടിരുന്നപ്പോൾ അന്ന് അനുഭവിച്ചിരുന്നതിന്റെ വിലയെന്തെന്ന് കൂടി പൗരൻ മനസ്സിലാക്കിയിരിക്കണം. 


No comments:

Post a Comment