Friday, March 29, 2019

കത്തുകളിലെ ഓർമ്മകൾ


കത്തുകൾ!  ഒരുകാലത്ത്  അതിനെന്ത്മാത്രം പ്രാധാന്യം ഉണ്ടായിരുന്നു!
വിദൂരത്ത് താമസിക്കുന്ന ഉറ്റവരുമായി ബന്ധപ്പെടാനുള്ള ഏക ഉപാധിയായിരുന്നു, കത്തുകൾ. പോസ്റ്റ്മാൻ സമൂഹത്തിലെ ഒഴിച്ച് കൂടാനാവാത്ത കക്ഷിയുമാ യിരുന്നു.
കത്തുകളെഴുതിയ  ആൾക്കാർ  ഈ ലോകത്ത് നിന്നും യാത്ര പറഞ്ഞാലും അവർ  എഴുതിയ കത്തുകൾ നമ്മളിൽ  അവരെ എന്നും ജീവനോടെ  നില നിർത്തുന്നു. 47 വർഷങ്ങൾക്ക് മുമ്പ്  മദ്രാസിൽ  സിനിമാ ലോകം സ്വപ്നം കണ്ട്  യാത്ര തിരിച്ച ഈയുള്ളവന്  അന്നത്തെ 20 പൈസാ ഇൻലാന്റ്  ലറ്ററിൽ  പിതാവ് അയച്ച  കത്ത് പഴയ ഡയറി താളുകളിൽ  ഇന്ന് കണ്ടെത്തിയപ്പോൾ ഒരു നിമിഷം കൊണ്ട് പഴയ സ്മരണകൾ മനസിലേക്ക് ഇരച്ച് വന്നു.
ഈ കത്തെഴുതിയ ആൾ  എന്നെ വിട്ട് പിരിഞ്ഞ് പോയി. അദ്ദേഹത്തെ അടക്കിയ സ്ഥലം പോലും ഒരു സ്മാരക ശിലയാൽ അടയാളപ്പെടുത്താനാവാത്ത വിധം  അപരിചിതമായി ഭവിച്ചു.  എങ്കിലും ആ
 നാലാം ക്ളാസുകാരൻ സ്വന്തം കൈ കൊണ്ട് എഴുതിയ കത്ത് മരിക്കാതെ ജീവിച്ചിരിക്കുന്നത്  കണ്ടപ്പോൾ  അദ്ദേഹം മണ്ണോട് മണ്ണായി അലിഞ്ഞ് പോയെങ്കിലും  ആ കാലവും അന്നത്തെ ഞാനും എന്റെ ഉള്ളിൽ  പുനർ ജനിച്ചു. അടക്കാനാവാത്ത വികാര തള്ളൽ !!!

Wednesday, March 27, 2019

സിനിമാ ആരംഭിക്കുന്നതിന് മുമ്പ്.....

90 രൂപാ  നൽകി ഒരു  സി.ഡി. വാങ്ങുന്നത് മാനസികോല്ലാസത്തിനായി  സിനിമാ കാണുന്നതിന് വേണ്ടിയാണ്. ടിക്കറ്റെടുത്ത്  കൊട്ടകയിൽ കയറുന്നതും  ഇതേ ഉദ്ദേശത്തിനാണ്. അങ്ങിനെ  നമ്മൾ അദ്ധ്വാനിച്ചുണ്ടാക്കിയ  പൈസാ കൊണ്ട്  നമ്മുടെ  സമയം ഉപയോഗിച്ച്  നമ്മൾ  കാണുന്ന  സിനിമാ ആരംഭിക്കുന്നതിന് മുമ്പ്  സർക്കാർ നിർദ്ദേശ പ്രകാരം  പുകവലി ഹാനികരമെന്നുള്ള  പരസ്യങ്ങളും  ജന്തു ജാലങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്ന  ഡിക്ളറേഷനും  എഴുതി കാണിക്കുന്നത് സമൂഹ നന്മ കരുതി നമ്മൾ  ക്ഷമിക്കുന്നു.
 പക്ഷേ സിനിമാ എടുത്തവന് ആരോടെല്ലാമോ  നന്ദി പറയുന്നതിന്  നമ്മൾ പൈസാ മുടക്കി  കാണുന്ന സിനിമാക്ക്  മുമ്പ്  നമ്മുടെ സമയം നഷ്ടപ്പെടുത്തുന്നത് എന്ത് മര്യാദയാണ്?
അവന്റെ അപ്പന്  നന്ദി, അപ്പാപ്പന് നന്ദി, അവന്റെ അമ്മായി അപ്പന് നന്ദി, പിന്നെ  മെഗാസ്റ്റാർ ഇട്ടുണ്ണൻ കോദണ്ഡ കുറുപ്പിന് നന്ദി,  അവന്റെ ഫിലിം ഫാൻസ് അസ്സോസിയേഷന് നന്ദി,  അവന്റെ ചാവാലി ബാങ്കിന് നന്ദി,  പിന്നെയും പിന്നെയും കണ്ണിൽ കാണുന്നവർക്കെല്ലാം നന്ദി...... ഇതെല്ലാം നമ്മൾ വായിക്കണം പോലും, അതും നമ്മൾ പൈസാ മുടക്കി നമ്മുടെ സമയം നഷ്ടപ്പെടുത്തി കാണുന്ന സിനിമാ കാണൂന്നതിന് മുമ്പ്  ഇതെല്ലാം കണ്ടേ തീരൂ എന്ന് ഇവൻ നിർബന്ധം പിടിക്കാൻ, ഇവൻ ആര്?  നമ്മുടെ മച്ചുനനോ മച്ചമ്പിയോ?!!! ഇത് കാണുന്ന നമുക്ക് എപ്പോഴെങ്കിലും ഇവനോ ഇവനെ പോലുള്ള  സിനിമാക്കാരോ എപ്പോഴെങ്കിലും നന്ദി പ്രകടിപ്പിക്കുന്നുണ്ടോ? അതും നമ്മളെ പോലുള്ളവർ  കുത്തിയിരുന്ന് പൈസാ മുടക്കി സിനിമാ കാണുന്നതിന്, ഒരു നന്ദി പറച്ചിൽ,  അതിനവന് സമയവുമില്ല, നന്ദിയുമില്ല.....

Saturday, March 23, 2019

ജനപ്രതിനിധിയും ധാർഷ്ട്യവും

പഞ്ചായത്ത്   തലം മുതൽ പാർലമന്റ് തലം വരെയുള്ള ജനപ്രതിനിധികൾക്ക്  ധാർഷ്ട്യം  ഒരിക്കലും ഭൂഷണമല്ല.  അവർ വിനയത്തോടെയും  സ്നേഹത്തോടെയും പെരുമാറുമെന്നാണ് അവർക്ക് വോട്ട് നൽകിയ പൊതുജനമെന്ന കഴുത കരുതുന്നത്.
വർഷങ്ങൾക്ക് മുമ്പ്  എന്റെ  ഭാര്യയുടെ  സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട്  സെക്രട്ടറിയേറ്റിൽ  പോയപ്പോൾ ഭരണകക്ഷിയിൽ പെട്ട ഏതെങ്കിലും  ജനപ്രതിനിധി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയെ  കണ്ട് ശുപാർശ ചെയ്താൽ  വീടിനടുത്ത് സ്ഥലം മാറ്റം കിട്ടുമെന്നറിഞ്ഞ്  ആ വർഗത്തിൽ പെട്ട ഒരെണ്ണത്തിനെ കണ്ട് മുട്ടണേ എന്ന പ്രാർത്ഥനയിലായിരുന്നു അപ്പോൾ ഞാൻ.  തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ  ഞങ്ങളുടെ എം.പി. മുമ്പിൽ വന്ന് ചാടിയപ്പോൾ  സന്തോഷത്തോടെ  ഞാൻ അദ്ദേഹത്തെ സമീപിച്ച് കാര്യങ്ങൾ പറഞ്ഞു.  പറഞ്ഞ് പൂർത്തിയാകുന്നതിന് മുമ്പ്  അദ്ദേഹം എന്റെ നേരെ കുതിച്ച് ചാടി പറഞ്ഞു.  “വഴിയിൽ  വെച്ചാണോ  ഈ വക കാര്യങ്ങൾ പറയുന്നത്, എന്റെ ഓഫീസിൽ വന്ന്  വിവരങ്ങൾ പറയണം, അൽപ്പം മര്യാദയെല്ലാം കാണിക്കേണ്ടേ? “ 
പ്രതീക്ഷിച്ചതിന് വിപരീതമായ ഭാവമാറ്റം കണ്ട് ഞാൻ വല്ലാതായി.   ശരിയാണ്. ഞാൻ കാണിച്ചത് മര്യാദകേടാണ്. വഴിയിൽ വെച്ച് അദ്ദേഹത്തോട് ഒന്നും പറയരുതായിരുന്നു.. നാട്ടിൽ തിരിച്ച് പോയി അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് അപ്പോയിന്റ്മെന്റിന് എഴുതി കൊടുത്ത് അനുവാദം വാങ്ങിയിട്ട് വേണമായിരുന്നു, എന്റെ പ്രശ്നം അദ്ദേഹത്തിന്റെ  മുമ്പിൽ  അവതരിപ്പിക്കാൻ. എങ്കിലും അദ്ദേഹം ദേഷ്യപ്പെടാതെ ഈ കാര്യം എന്നോട് പറയാമായിരുന്നു.
പക്ഷേ അപ്പോഴും എന്റെ പാഴ്മനസിൽ തോന്നിയ ചിന്ത ഇപ്രകാരമായിരുന്നു.. “  എന്റെയും ഞാൻ പറഞ്ഞൽ അനുസരിക്കുന്ന ചിലരുടെയും  വോട്ട് ചോദിക്കാൻ “സ്ഥാനാർത്ഥിയായി അദ്ദേഹവും എന്റെ ചില പരിചയക്കാരും  എന്റെ വീട്ടിൽ വന്നപ്പോൾ    എന്നെ കാണാ തിരുന്നതിനെ തുടർന്ന് തിരികെ വരുന്ന വഴി  ഇടവഴിയിൽ വെച്ചായിരുന്നല്ലോ   ബഹുമാനപ്പെട്ട അന്നത്തെ സ്ഥാനാർത്ഥി ഇന്നത്തെ എം.പി.  എന്നോട് വോട്ട് അഭ്യർത്ഥിച്ചത് അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചല്ലായിരുന്നല്ലോ, എന്തൊരു വിനയമായിരുന്നു അന്ന് ആ ഇടവഴിയിൽ വെച്ച് അദ്ദേഹം പ്രദർശിപ്പിച്ചത്..“ ഇനി അത് വല്ലതും പറഞ്ഞാൽ  എം.പി. എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ  അധികാരം എനിക്കെതിരെ തിരിച്ച് വിട്ടാലോ? ഞാൻ  നിശ്ശബ്ദനായി. മൗനം  പൊതുജനത്തിന് ഭൂഷണം.
ഇപ്പോൾ  ഒരു ഗ്രാമസഭാ ജന പ്രതിനിധിയുടെ തട്ടിക്കയറ്റത്തെ പറ്റി  എന്റെ അയൽ വാസി പറഞ്ഞപ്പോൾ  ഈ പഴയ കഥ ഓർത്ത് പോയി.
വോട്ട് ചോദിക്കാൻ എന്ത് കോലവും കെട്ടാൻ മടിക്കാത്ത ഈ രാഷ്ട്രീയക്കാർക്ക്   പാലം കടന്ന് കഴിയുമ്പോൾ   കൂരായണാ.....കൂരായണാ...എന്ന് പറയാൻ ഒരു മടിയുമില്ല. എന്ന സത്യം എന്റെ അയൽ വാസിക്ക് അറിയില്ലല്ലോ.

Monday, March 18, 2019

സീറ്റ് വിഭജനമെന്ന പൊറാട്ട് നാടകം.

കോളമിസ്റ്റ്  ഓ.അബ്ദുല്ല ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു ലേഖനത്തിൽ അധികാര കൊതിയുടെ  ഉദാഹരണത്തിനായി  ഒരു കഥ പറയുകയുണ്ടായി.
തൊണ്ടയിലൂടെ ഒരു തുള്ളി വെള്ളം പോലും ഇറക്കാനാവാതെ  അവശനായി മരണ ശയ്യയിൽ കിടന്ന തീറ്റ കൊതിയനായ  കാർന്നോരോട്  ബന്ധുക്കൾ  അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിച്ചതിൽ  പത്തിരിയും ഇറച്ചിയും തിന്നാൻ  ആഗ്രഹമുണ്ടെന്ന് പറഞ്ഞു. തൊണ്ടയിലൂടെ ഒന്നും ഇറക്കാൻ  സാധിക്കാത്ത അവസ്ഥയിലാണല്ലോ എന്ന ബന്ധുക്കളുടെ പരിതാപം കണ്ട്  കാർന്നോര് പറഞ്ഞുവത്രേ! തൊണ്ട യിലൂടെ മാത്രമല്ലല്ലോ  വേറെ വഴിയിലൂടെയും  വയറ്റിൽ ചെല്ലുമല്ലോ എന്ന്.
ഇപ്പോൾ ഈ ഉദാഹരണം ഓർമ്മിക്കുവാൻ കാരണം എറുണാകുളത്തെ  യൂ.ഡി.എഫ്. സ്ഥാനാർത്ഥി ആകാൻ സാധിക്കാത്ത  നിരാശയാൽ ഇടത്തടിച്ച് നിന്ന  തോമാച്ചന്റെ അധികാരക്കൊതി    മറ്റെന്തോ സ്ഥാന വാഗ്ദാനത്താൽ പാർട്ടി  തീർത്ത് കൊടുത്തുവെന്ന് പത്രങ്ങൾ  പറയുന്നത് വായിച്ചത് കൊണ്ടാണ്.
സ്വാതന്ത്രിയ സമരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന  മഹത്തായ കോൺഗ്രസ്സിൽ    നേതാക്കളുടെ സജീവ  സാന്നിദ്ധ്യം ലഭിക്കുവാനായി  പിൽക്കാലത്ത്“കാമരാജ നാടാർ പദ്ധതി“ പാർട്ടി  നടപ്പിലാക്കി യപ്പോൾ ഒരു മടിയും കാണിക്കാതെ അന്നത്തെ നേതാക്കന്മാർ അധികാര സ്ഥാനങ്ങളിൽ നിന്നും രാജി വെച്ച് പാർട്ടി പ്രവർത്തനത്തിനറങ്ങി.
കേവലം  വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലുണ്ടായിരുന്ന സി.പി.എം നേതാവിന്റെ മുമ്പിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ  സ്ഥാനം വെള്ളി താലത്തിൽ വെച്ച്  സർവ കക്ഷികളും കൂടെ വെച്ച് നീട്ടിയപ്പോൾ പാർട്ടി വിസമ്മതം പറഞ്ഞതിനാൽ രാജ്യത്തിന്റെ  ആ പരമോന്നത സ്ഥാനം    നിരസിക്കുവാൻ ജ്യോതി ബസുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
അധികാരക്കൊതി മൂത്ത ഈ കോൺഗ്രസ്സ്  നേതാക്കൾ  എനിക്ക് വേണം എനിക്ക് വേണം സീറ്റ് എന്ന്  ഉച്ചത്തിൽ ഘോഷിച്ച്  തർക്കങ്ങളും കുതർക്കങ്ങളും  ഉന്നയിച്ച്  സീറ്റ് വിഭജനം ഇത്രയും താമസിപ്പിക്കുമ്പോൾ  സീറ്റ് ലഭിച്ചാൽ മാത്രം പോരാ, അത് ജയിക്കാൻ  ഈ പൊറാട്ട് നാടകം ദൃശ്യ മാധ്യമങ്ങളിലും പത്രങ്ങളിലും കണ്ട് കൊണ്ടിരിക്കുന്ന  പൊതു ജനങ്ങളുടെ വോട്ടുകളും തങ്ങൾക്ക് ലഭിക്കണം എന്ന് ഒട്ടും ചിന്തിക്കുന്നില്ലേ?

Friday, March 15, 2019

ചില താലൂക്ക് ആശുപത്രി വിശേഷങ്ങൾ.....

ഒരു രോഗീ സന്ദർശനത്തിനായി  താലൂക്ക് ആസ്ഥാനത്തെ സർക്കാർ ആശുപത്രിയുടെ പടികൾ കയറുകയായിരുന്നു ഞാൻ.
പടികളിലൂടെ താഴേക്ക് ഇറങ്ങി വന്നിരുന്ന  ചെറുപ്പക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന  മൊബൈൽ ഫോണിലൂടെ  ആരോടോ പറഞ്ഞു,
“ കുഞ്ഞിന് തൂക്കം കുറവാണ്, വേറെന്തോ കുഴപ്പവുമുണ്ട് അത് കൊണ്ട് ഇങ്കിബേറ്ററിൽ വെക്കണം ,  അതിന് ഇവിടെ സൗകര്യമില്ലെന്നും, സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോകണമെന്നും അതിന് പറ്റിയില്ലെങ്കിൽ തിരുവന്തപുരം  മെഡിക്കൽ കോളേജിലുള്ള എസ്.എ.റ്റി. യിൽ കൊണ്ട് പോകണമെന്നും ഡോക്ടർ പറഞ്ഞു, ഞാനെന്ത് ചെയ്യണം എന്റെ കയ്യിൽ പൈസായുമില്ല....“ചെറുപ്പക്കാരൻ എന്നെ കടന്ന് പോയി
.  ഞാൻ കാണാൻ ചെന്ന രോഗിയുടെ സമീപം കിടന്ന മനുഷ്യനോടും ഏതോ ഡോക്ടർ നിർദ്ദേശം കൊടുത്തുവത്രേ! ’ തിരുവനന്ത പുരത്ത്  കിംസിലോ അല്ലെങ്കിൽ മെഡിക്കൽ കോളേജിലോ അയാളുടെ രോഗം കൊണ്ട് കാണീക്കാൻ.....“
താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ  രോഗ ശുശ്രൂഷക്ക്  സർവ സജ്ജമാണെന്ന് ബന്ധപ്പെട്ട മന്ത്രി  പ്രസ്താവന ഇറക്കിയിട്ട് നാളുകൾ ഏറെയായിട്ടില്ല.
 കുറച്ച് കാലത്തിന് മുമ്പ് ഈയുള്ളവൻ ഭാര്യ വീണ് എല്ല് പൊട്ടിയതിനെ തുടർന്ന്  സ്ഥലം സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി ചെന്നപോൾ  മുമ്പ് ഒരിക്കൽ  ഒടിഞ്ഞ് കമ്പി ഇട്ട കാൽ ആയതിനാൽ  മെഡീക്കൽ കോളേജിൽ കൊണ്ട് പോകാൻ  അസ്ഥി വിഭാഗം ഡോക്ടർ എന്നോട്  പറഞ്ഞിരുന്നു. “എന്താ ഇവിടെ  ചെയ്യാൻ പറ്റില്ലേ എന്ന ചോദ്യത്തിന് റിസ്ക് എടുത്ത് ചെയ്യേണ്ട ജോലിയാണെന്നും  അത് മെഡിക്കൽ കോളേജിൽ പോയാൽ മതിയെന്നുമായിരുന്നു അദ്ദേഹം ഉപദേശിച്ചത്.
മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രിയിലും ഡോക്ടറുടെ യോഗ്യത ഒന്ന് തന്നെ, ശമ്പളവും ഏകദേശം ഒന്ന് തന്നെ. താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള  സൗകര്യങ്ങളും അത്യാവശ്യങ്ങൾക്ക് ഉപകരിക്കും. പിന്നെന്താണ് കുഴപ്പം.  റിസ്ക് എടുക്കാൻ  വയ്യ, അത്ര തന്നെ.
ഇനി മെഡിക്കൽ കോളേജിൽ പോയാലോ? എന്റെ സഹോദരൻ കഴിഞ്ഞ ദിവസം  തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമുള്ള സർക്കാർ വിലാസം  കണ്ണ് ആശുപതിയിൽ പോയി. അവനെ  മറ്റൊരു സർക്കാർ ആശുപത്രിയിൽ നിന്നും റഫർ ചെയ്ത്  അവിടെക്ക് അയച്ചതായിരുന്നു. പ്രമേഹ ബാധിതനായ അവന്റെ ഒരു കണ്ണിന്റെ കാഴചക്ക് കുഴപ്പം നേരിട്ടതിനാൽ വിദഗ്ദ  ചികിൽസക്കാണ് തിരുവനന്തപുരത്തെത്തിയത്.
വിശദമായ പരിശോധനക്ക് ശേഷം ഡോക്ടർ വളരെ സ്നേഹത്തോടും  സൗഹൃദത്തോടും മൊഴിഞ്ഞു,  ഇത് മധുരയിലോ  തിരുനൽ വേലിയിലോ സ്വകാര്യ ആശുപത്രിയിൽ ചെയ്യുന്നതാണ് നല്ലത്, ഇവിടെയുള്ള ഉപകരണങ്ങളേക്കാളും  മെച്ചമായത് അവിടെ ഉണ്ട്. വെറുതെ എന്തിന് റിസ്ക് എടുക്കണം......“
അപ്പോൾ അതാണ് കാര്യം ആർക്കും റിസ്ക് എടുക്കാൻ വയ്യ..വെറുതെ എന്തിന് പൊല്ലാപ്പ് വരുത്തി വെക്കണം. അതേ സമയം ഈ വക കേസുകൾ സ്വകാര്യ ആശുപത്രിയിൽ കനത്ത ചെലവിൽ  ചെയ്ത് കൊടുത്തു കൊണ്ടിരിക്കുന്നു. ഒരു പക്ഷേ ഈ ഡോക്ടറന്മാർക്ക് സ്വകാര്യക്കാർ, എന്തെങ്കിലും  സംഭാവന നൽകുന്നുണ്ടോ?
താലൂക്ക് ആശുപത്രി ഡോക്ടറന്മാർ പനിക്ക് പാരസറ്റാമോൾ നൽകാനും മുറിവ് പറ്റി വരുന്നവന് ബാന്റേജ് കെട്ടി വിടാനും, അത്യാവശ്യം ഒന്ന് രണ്ട് തയ്യൽ വേലകൾ  മുറിവുകളിൽ ഇടാനും മാത്രം നിയോഗിക്കപ്പെട്ടവരാണെങ്കിൽ  അതിന് ഒരു അറ്റൻഡറോ നഴ്സോ മാത്രം മതിയല്ലോ. വലിയ തുക ശമ്പളം കൊടുത്ത്  ഈ “ഡാക്കിട്ടറന്മാരെ“  നിയമിക്കേണ്ട കാര്യമില്ലല്ലോ. താലൂക്ക് ആശുപത്രിയിൽ നിന്നും റഫർ ചെയ്യുന്ന കേസുകളുടെ എണ്ണവും രോഗ വിവരവും അന്വേഷണത്തിന് വെച്ചാൽ ഈ വസ്തുതകൾ ബോദ്ധ്യമാകും.
ഒന്നുകിൽ താലൂക്ക് ആശുപത്രി ഡോക്ടറന്മാർക്ക് നഴ്സിന്റെയോ  അറ്റൻഡറ ന്മാരുടെ ശമ്പളം കൊടുക്കുക, ആ പണി മാത്രമാണല്ലോ ഇപ്പോൾ അവർ ചെയ്യുന്നത്. അല്ലെങ്കിൽ  അവരുടെ ചുമതല ത്രിപ്തികരമായി  നിർവഹിക്കാൻ കർശന നിർദ്ദേശം കൊടുക്കുക,  അതാണ് ഭരണ കർത്താക്കൾ ചെയ്യേണ്ടത്.  അല്ലാതെ  സ്വകാര്യ ആശുപത്രിക്കാരെ  സഹായിക്കാൻ  ഡോക്ടറന്മാർക്ക്  അവസരം കൊടുക്കരുത്.

Monday, March 11, 2019

ഒരു സൈക്കിൽ സഞ്ചാരത്തിന്റെ കഥ

സൈക്കിൾ സഞ്ചാരം  ഞങ്ങളുടെ തലമുറയുടെ ബാല്യകാലത്തിൽ  ഒരു സ്വപ്നം തന്നെയായിരുന്നു. ഇന്നത്തെ തലമുറ ബൈക്ക്  സ്വപ്നം കാണുന്നത് പോലെ.
ബഹു ഭൂരിപക്ഷത്തിനും അന്ന്  സൈക്കിൾ സ്വന്തമായില്ലാത്തതിനാൽ  വാടകക്കെടുത്താണ് സൈക്കിൾ  ഓടിക്കാൻ പഠിക്കുന്നത്. വട്ടത്തിൽ കറങ്ങുമ്പോൾ നീളത്തിൽ പോകുന്ന  സൈക്കിളിൽ കയറ്റവും  അത് പഠിക്കലും  അന്നത്തെ രക്ഷിതാക്കൾക്ക് എന്ത് കൊണ്ടോ അരോചകമായിരുന്നുവല്ലോ. സ്കൂളീൽ പോകാതെ സൈക്കിൾ പഠനവുമായി  കുട്ടികൾ കഴിയുന്നതിനാലാവാം  സൈക്കിൾ പഠനം കാണുന്ന സ്പോട്ടിൽ വെച്ച് തന്നെ  രക്ഷിതാക്കൾ കുട്ടികളെ തല്ലിയിരുന്നത്.
അങ്ങിനെയിരിക്കവേ ഞാൻ   സൈക്കിൾ പഠനം പൂർത്തിയാക്കി കുറേ ദൂരത്തുള്ള  കടകളിൽ  സാധനങ്ങൾ വാങ്ങാൻ  പോകാൻ തുടങ്ങി. സൈക്കിളിൽ പുറകിൽ  ആളെ ഇരുത്തി ഡബിൾ ആയി പോവുക, രാത്രിയിൽ ലൈറ്റ്  ഇല്ലാതെ സൈക്കിൾ ഓടിക്കുക തുടങ്ങിയവ  അന്ന് പോലീസിന്റെ കാഴ്ചപ്പാടിൽ ഭയങ്കര കുറ്റകൃത്യങ്ങളായിരുന്നു.
ആ വർഷത്തെ ധനുമാസത്തിലും ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിൽ ഉൽസവം തുടങ്ങി.
 കാസിം എന്റെ അടുത്ത സ്നേഹിതനാണ്. അവന് കാലിന്     സ്വാധീനം കുറവാണ്. ചട്ട്കാലനായതിനാൽ  നടക്കണമെങ്കിൽ  മറ്റൊരാളുടെ സഹായം വേണം  താനും.  എങ്കിലും കാസിമിന് ഉള്ളിൽന്റെ ഉള്ളിൽ ഒരു മോഹം മുല്ലക്കൽ ഉൽസവം കാണണം. അതെന്നോട് പറഞ്ഞു. ഞങ്ങൾ താമസിക്കുന്ന വട്ടപ്പള്ളിയിൽ നിന്നും മുല്ലക്കൽ റോഡിലേക്ക് മൂന്ന് കിലോമീറ്ററോളം  ദൂരമുണ്ട്. അവിടം വരെ നടക്കാൻ കാസിമിന് സാധ്യമല്ലാത്തതിനാൽ ഞാൻ ഒരു സൈക്കിൾ വാടകക്കെടുത്ത് കാസിമിനെ പുറകിൽ ഇരുത്തി കെട്ടി മുറുക്കി  മുല്ലക്കലേക്കുള്ള  പ്രയാണം ആരംഭിച്ചു. ആലപ്പുഴ ഇരുമ്പ് പാലം വരെ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല. ഇരുമ്പ് പാലത്തിന്റെ ഇറക്കം ഇറങ്ങി വരുമ്പോൾ അതാ എതിർവശത്ത് നിന്നും കപ്പടാ മീശക്കാരനായ  ഒരു പോലീസ്കാരൻ സൈക്കിളിൽ കയറ്റം കയറി  വരുന്നു. ഞങ്ങളുടെ യാത്ര   സൈക്കിളിൽ ഡബിൾ അടിച്ചുള്ളത്   ആയിരുന്നതിനാൽ പോലീസ് കൈ കാണിച്ചു. സരസനായ കാസിം (അവന്റെ കാലിനാണ് തളർച്ച ഉള്ളത്, നാക്കിന് ഒരു കുറവുമില്ല) വിളിച്ച് പറഞ്ഞു “അള്ളാണെ  പോലീസിക്കാ,  ഇനി ഇതിനകത്ത് സീറ്റില്ല, ഇക്കാ വേറെ സൈക്കിൾ നോക്ക്...“ പോലീസിനെ കണ്ട വെപ്രാളത്തിൽ ഹാൻഡിൽ വെട്ടി   എന്റെ സൈക്കിൾ പാളി,  ഞാനും സൈക്കിളും പുറകിലിരുന്ന ചട്ട്കാലനും കൂടി  തത്തക്കാ  പൊത്തക്കാ എന്ന മട്ടിൽ റോഡിലേക്ക് മറിഞ്ഞു. റോഡിൽ കിടന്ന  ചട്ട്കാലനായ കാസിമിന്റെ കാൽ വളഞ്ഞ് പുളഞ്ഞ പരുവത്തിൽ കണ്ടപ്പോൾ സൈക്കിൽ മറിഞ്ഞ് പരുക്ക് പറ്റിയതാകാം എന്ന ധാരണയിൽ പോലീസ് കാരൻ  എന്നോട് അലറി “ അവനെ ഒടിച്ച് നാശമാക്കിയല്ലോടാ...ഇനി കുട്ടയിൽ വാരി വെച്ച് കൊണ്ട് പോടാ....നിന്റെയെല്ലാം  പാട് പോലെ നോക്ക്..എനിക്ക് വേറെ ജോലിയുണ്ട് എന്നും പറഞ്ഞ് പോലീസിക്കാ  സൈക്കിളിൽ കയറി ഓടിച്ച് പോയി. ആ പോക്ക് കണ്ട കാസിം കിടന്ന കിടപ്പിൽ പറഞ്ഞു “ഹോ് ആ മൈരന്റെ  പോക്ക് കണ്ടാ..തൂറാൻ മുട്ടിയത് പോലാ അവന്റെ ഓട്ടം .അവനും ഒരു പോലീസ്.....“  ഞാൻ അവന്റെ വാ പൊത്തിപ്പിടിച്ച് പറഞ്ഞു  മിണ്ടാതിരിയെടാ  പന്നീ...അയാൾ  തിരിച്ച് വന്നാലോ.....“ കാസിമിനെ സൈക്കിളിന്റെ പുറകിൽ വീണ്ടും  കെട്ടി വെച്ച് കൊണ്ട് പോയി  മുല്ലക്കൽ ഉൽസവം  കാണിച്ച് കൊടുത്തു എന്നത്  ബാക്കി ചരിത്രം. . ആ നന്ദി അവന്  എന്നോട് എപ്പോഴുമുണ്ടായിരുന്നു. കാലമെത്ര കഴിഞ്ഞ് പോയി.ഒരുപാട് ഓർമ്മകളുമായി മുല്ലക്കൽ ഉൽസവം പിന്നെയും പിന്നെയും  എത്രയോ തവണകളിൽ വന്നു പോയി. ആലപ്പുഴ വിട്ടതിന് ശെഷം കാസിമുമായി ഒരു ബന്ധവുമില്ല.അവൻ   ഇപ്പോൾ ഉണ്ടോ എന്നുമറിയില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാറിൽ  ആലപ്പുഴയിലൂടെ  കടന്ന് ഇരുമ്പ് പാലത്തിനടുത്തെത്തിയപ്പോൾ  പഴയ സൈക്കിൽ പുരാണാം ഓർത്ത് പോയി.