Saturday, January 28, 2017

പതാജ്ഞലി ഉണ്ടോ ..പതാജ്ഞലീ....

പതാഞ്ജലി    ഉണ്ടോ ..പതാഞ്ജലി.

വീട്ടിൽ നിന്നും കിട്ടിയ ഉത്തരവ് നടപ്പിലാക്കുന്നതിനായി ഞങ്ങൾ ഇപ്പോൾ കമ്പോളത്തിൽ  പതാഞ്ജലിയെ  തെരക്കി നടക്കുകയാണ്. പതഞ്ജലി ബിസ്കറ്റ്,  പതാഞ്ജലി ബിരിയാണി അരി, പതാഞ്ജലി ദന്ത ചൂർണം, ഗോതമ്പ്, എല്ലാം പതാഞ്ജലി മയം. ഇതെല്ലാം കടയിൽ നിന്ന് വാങ്ങി ഹാജരാക്കാനാണ് ഉത്തരവ്
റ്റി വി പരസ്യത്തിൽ  കാവി മുണ്ട് ഉടുത്ത്, മുടിയും താടിയും നീട്ടി വളർത്തി  ഒരു സന്യാസി വര്യൻ  മേൽപ്പറഞ്ഞ സാധനങ്ങളുടെ ഗുണഗണങ്ങളെ പറ്റി ശാന്തമായ സ്വരത്തിൽ  വിശദീകരിച്ച്  ആയവ ഉപയോഗിക്കാൻ  പ്രേക്ഷകരെ ഉപദേശിച്ച് കൊണ്ടിരിക്കുകയാണിപ്പോൾ..  ഇത്  കേൾക്കേണ്ട താമസം  ഞങ്ങളുടെ  അന്തർജനങ്ങൾ  ഉടൻ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായി. കൊണ്ട് വാ പതാഞ്ജലി .
 പ്രകൃതി ,  ആയുർവേദം,  നാട്ടറിവ്, സന്യാസി, പച്ചമരുന്ന് , നാടൻ ഊണ്  വീട്ടിലെ ഊണ്, എന്നൊക്കെ കേട്ടാൽ ഇപ്പോൾ മലയാളികൾ അവിടെ പാഞ്ഞെത്തിക്കഴിയും.
പണ്ട് കോം ബ്ലാൻ തുടങ്ങിയവയുടെ പരസ്യം കണ്ട് ആ ഉരുപ്പടികൾ  വാങ്ങി കുഞ്ഞുങ്ങളുടെ ഷർട്ട് ചെറുതായി വരുന്നോ കുട്ടി വലുതായി വരുന്നോ എന്ന്  സ്കെയിൽ വെച്ച് അളന്നവരാണ് നമ്മൾ.
മുഖ ലേപനത്തിന്റെ പരസ്യം  കണ്ട് ഞങ്ങളുടെകറുത്ത ഭാര്യമാർ അയൽ വക്കത്തെ വെളുത്ത ഭാര്യമാരെ പോലെ നിറം കിട്ടാൻ  കിലോ കണക്കിന്  ലൗലികൾ  മുഖത്ത് വാരിതേച്ച് നോക്കിയിട്ടുണ്ട്.
ചർമ്മ സൗന്ദര്യം കിട്ടാൻ  സിനിമാ നടികൾ ഉപയോഗിക്കുന്ന സോപ്പുകൾ ഞങ്ങൾ മാറി മാറി തേച്ച് കുളിക്കുക നിത്യ സംഭവമായി .
നമ്മുടെ ദൗർബല്യങ്ങൾ ഈ കുത്തക കമ്പനികൾക്ക് കാണാപാഠമാണ്. എവിടെ തൊട്ടാൽ നമ്മൾ മലർന്ന് വീഴു  മെന്ന് അവർ നല്ലവണ്ണം പഠിച്ചിരിക്കുന്നു. അവിടെ തൊട്ട് കൊണ്ടുള്ള  പരസ്യങ്ങൾ കോടി കണക്കിന് രൂപാ മുടക്കി മിനി സ്ക്രീനിലൂടെ നമ്മുടെ  വീടുകളുടെ അന്തപ്പുരങ്ങളിൽ  എത്തിച്ച്   നമ്മളെ കീഴടക്കി   നമ്മളെന്ന ഇരയെ തിന്നാൻ വലയും നെയ്ത് ചിലന്തിയെ പോലെ  കാത്തിരിക്കുകയാണവർ.
അല്ലെങ്കിൽ ഈ പതഞ്ജലി സന്യാസിക്ക് പഞ്ചാബിൽ ബിരിയാണി അരി വിതച്ച് കൊയ്യാൻ തക്കവിധം സംവിധാനം ഉണ്ടോ എന്ന് എപ്പോഴെങ്കിലും നമ്മൾ ചിന്തിക്കാത്തതെന്തേ?

1 comment:

  1. എല്ലാം ഒരു പതമാക്കും നമ്മുടെ സന്യാസി

    ReplyDelete