Wednesday, January 18, 2017

കാട്ടിലെ തടി തേവരുടെ ആന...

പഴയ കാലത്തിൽ നിന്നും വിഭിന്നമായി ഇന്ന് താലൂക് ഹെഡ്  ആശുപത്രികൾ  അത്യന്ത ഗുരുതരമായ രോഗ ചികിൽസ ഒഴികെ  മറ്റുള്ള രോഗങ്ങൾ ചികിൽസിക്കാൻ തക്ക വിധം  സജ്ജമായ അവസ്ഥയിലാണ് .  എന്നിട്ട് പോലും പനിയും ചുമയുമൊഴികെ  മറ്റ്  ആകസ്മിക രോഗങ്ങൾക്കും ഗുരുതരമല്ലാത്ത അപകടങ്ങളുടെ ചികിൽസക്കും തയാറാകാതെ  അവിടത്തെ ഡോക്ടറന്മാർ രോഗികളെ ജില്ലാ ആശുപത്രിയിലേക്കും  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും (അവരുടെ ഭാഷയിൽ സൗകര്യങ്ങൾ ഉള്ള പ്രൈവറ്റ് ആശുപത്രിയിലേക്കും) പറഞ്ഞ് വിടുന്ന ഒരു പ്രവണത ഇപ്പോൾ കണ്ട് വരുന്നു.ഒന്നുകിൽ പ്രൈവറ്റ് ആശുപത്രിയുമായി ഇവർക്ക് അവിഹിതമായ ധാരണയുണ്ട്. അല്ലെങ്കിൽ  ഒരു രോഗിയുടെയും റിസ്ക് ഏറ്റെടുക്കുവാൻ അവർ തയാറല്ല. പ്രാഥമിക ചികിൽസ നടത്തിയിട്ട് അവർ രോഗികളെ റഫർ ചെയ്ത് പറഞ്ഞ് വിടുന്നു. ഈ പ്രവണത  രോഗിക്ക് സാമ്പത്തിക ബാദ്ധ്യതയും തന്റെ രോഗത്തെ പറ്റി  അമിതമായ ഭയവും ഉളവാക്കുന്നു.   അർഹമായ കേസുകൾ റഫർ ചെയ്യുന്നതിൽ അപാകതയില്ല. പക്ഷേ  വീഴ്ചയിൽ കയ്യുടെ എല്ല് പൊട്ടിയ കേസുകൾ പോലും "നിങ്ങൾ പ്രൈവറ്റ് ആശുപത്രിയിലോ മെഡിക്കൽ കോളേജിലേക്കോ കൊണ്ട് പോകുക" എന്ന് പറഞ്ഞ് തള്ളി വിടുന്നത് ഒരു തരം ധിക്കാരം തന്നെയാണ്. കഴിഞ്ഞ ദിവസം എന്റെ ബന്ധത്തിൽ പെട്ട ഒരു പയ്യൻ  ബൈക്കിൽ നിന്നും വീണ്  കൈക്ക് പരിക്ക് പറ്റി പുനലൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോയി. നല്ല നിലയിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയെന്ന് ഇപ്പോൾ ഖ്യാതി നേടിയിട്ടുള്ള ഈ ചികിൽസാലയത്തിൽ പയ്യനെ പ്രാഥമിക പരിശോധന നടത്തിയിട്ട്  ഡ്യൂട്ടി ഡോക്ടർ പറഞ്ഞു ഒന്നുകിൽ മെഡിക്കൽ കോളേജിലോ  അല്ലെങ്കിൽ പ്രൈവറ്റ്  ആശുപത്രിയിലോ  കൊ ണ്ട് പോകാൻ. കൈക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട് ഓപറേഷ്ൻ വേണ്ടി വരും  അതിനുള്ള  സൗകര്യം ആ ചികിൽസാലയത്തിൽ ഇല്ലാത്തത് കൊണ്ടാണ് ഇപ്രകാരം റഫർ ചെയ്യുന്നതെന്ന് ആ ഡോക്ടർ പറഞ്ഞു.! കുട്ടിയെ പുനലൂർ തന്നെയുള്ള  ഒരു സാധാരണ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോയി.  അവിടത്തെ എല്ല് രോഗ വിദഗ്ദൻ  കൈ എക്സറേ എടുത്ത്  പ്ലാസ്റ്ററിട്ട് ആവശ്യമുണ്ടെങ്കിൽ മൂന്ന് നാല് ദിവസം കഴിഞ്ഞ് ഓപറേഷൻ ചെയ്ത് കമ്പി ഇടുകയോ മറ്റോ ചെയ്യാം എന്ന് പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രിയിലെ ചികിൽസകൻ  ചികിൽസിക്കാൻ  തയാറായ ഒരു കേസ് സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് കഴിയാത്തത് മുകളിൽ    പറഞ്ഞ കാരണത്താൽ തന്നെയാണ്. ജീവന്റെ പ്രശ്നമാകുമ്പോൾ രോഗി ഡോക്ടർ പറയുന്നത് അനുസരിക്കുമെന്ന  ഡോക്ടറന്മാരുടെ
 വിശ്വാസമാണ് അവരെ കൊണ്ട് ഇങ്ങിനെ പ്രവർത്തിപ്പിക്കാൻ പ്രേരകമാകുന്നത്. പനി മാത്രം ചികിൽസിക്കാനും കുറേ ആന്റീ ബയോട്ടിക്സ് എഴുതാനും മാത്രമാണ് ഇവരെ സർക്കാർ ആശുപത്രിയിൽ വെച്ചിരിക്കുന്നതെങ്കിൽ ആ ചികിൽസക്ക് ഏതെങ്കിലും കണിയാൻ വൈദ്യന്റടുത്ത് പോയാൽ മതിയല്ലോ ഇവരുടെ സേവനം ആവശ്യമില്ലല്ലോ. താലൂക്ക് ആശുപത്രിയിലെ ഡോക്ടറന്മാരുടെ സർവീസിനേക്കാളും പരിചയം കുറവുള്ള ഹൗസ് സർജന്മാരും പി.ജി. വിദ്യാർത്ഥികളുമാണ് രാത്രിയിലും പകലും മെഡിക്കൽ കോളേജ് കൈകാര്യം ചെയ്യുന്നത്. അവിടെ അവരെ നയിക്കാനും പറഞ്ഞ് കൊടുക്കാനും പരിചയ സമ്പന്നരായ സീനിയർ ഡോക്ടറന്മാർ ഉണ്ടെന്നാണ് മറുപടിയെങ്കിൽ  ഇവിടെയും തഴക്കവും പഴക്കവുമുള്ള ഡോക്ടറന്മാർ താലൂക്കാശുപത്രിയിലുണ്ട്, പക്ഷേ അവർ വീട്ടിൽ സ്വകാര്യ ചികിൽസയിലായിരിക്കുമെന്ന് മാത്രം. ഓ.പി.യിൽ പഴക്കം വന്ന ഒരു ഡോക്ടർ ഉണ്ടെങ്കിൽ ഇപ്രകാരം റഫർ ചെയ്യുന്ന പകുതി കേസുകളെങ്കിലും  താലൂക്ക് ആശുപത്രിയിൽ കൈകാര്യം ചെയ്യുവാനും പൊതുജനങ്ങൾക്ക്  പ്രയാസം ഉണ്ടാകാതെ സൂക്ഷിക്കാനും സാധിക്കും.
ഇതെല്ലാം ആര് ശ്രദ്ധിക്കാൻ: കാട്ടിലെ തടി തേവരുടെ ആന വലിയോ വലി അത്രമാത്രം.

No comments:

Post a Comment