Tuesday, January 24, 2017

ഇതാണ്ടാ.....ആശുപത്രി...

       ഇതാൻട്രാ....... ആശുപത്രി....

പൊന്നു എന്ന് ഞങ്ങൾ ഓമന പേരിട്ട് വിളിക്കുന്ന 13 വയസ്കാരനായ ഞങ്ങളുടെ അർഷദ് മോനെ  സ്കൂളീൽ ഏതോ കുട്ടി,   കുതികാൽ വെച്ച്  തറയിൽ വീഴ്ത്തിയെന്നറിഞ്ഞ് അവനെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ട് വന്നു.. മറ്റ് പഠന വിഷയങ്ങളോടൊപ്പം  കുതികാൽ വെക്കുന്നത് എങ്ങിനെയെന്ന്  സ്കൂളിൽ നിന്ന് പഠിച്ചാൽ  ഭാവിയിൽ രാഷ്ട്രീയക്കാരനാകാൻ സാധിക്കുമെന്നത് കൊണ്ടാകാം  ചില കുട്ടികൾ പൊന്നുവിനെ പോലെ മിണ്ടാ പ്രാണി കുട്ടികളെ തെരഞ്ഞ് പിടിച്ച്  ഇപ്രകാരം ഉപദ്രവിക്കുന്നതെന്ന് തോന്നുന്നു. ഏതായിലും പൊന്നുവിന്റെ കയ്യിൽ  കണ്ട നീര് കാരണത്താൽ  ആശുപത്രിയിൽ കാണിക്കാമെന്ന് കരുതി എക്സറേ എടുത്തതിൽ എല്ലിൽ പൊട്ടൽ ഉണ്ടായതായി കാണപ്പെട്ടപ്പോൾ സർക്കാർ വക താലൂക്ക് ആശുപത്രിയിലേക്ക് ഞങ്ങൾ അവനെയും കൊണ്ട് പാഞ്ഞു. ആദ്യ ചടങ്ങ് ഓ.പി. ടിക്കറ്റ് എടുക്കുക എന്ന ചടങ്ങിനായി  സ്ഥലത്തെത്തി നിരീക്ഷിച്ചതിൽ ഒരു നീലാംബരി കമ്പ്യൂട്ടറിന് മുമ്പിൽ ഇരുന്ന് തപ്പി പെറുക്കുന്നതാണ്  കണ്ടത്.. ധരിച്ചിരിക്കുന്ന വസ്ത്ര വർണത്തിൽ നിന്നും അറ്റൻഡർ ആകാൻ സാദ്ധ്യത ഉണ്ടെങ്കിലും  ആ ഗമയുടെ മുമ്പിൽ പഞ്ചപുശ്ചമടക്കി  പേരും വയസും സ്ഥലവും പറഞ്ഞ് കൊടുത്തു.  ഭാഗ്യത്തിന്  മറ്റാരും ഇല്ലാത്തതിനാൽ  കയ്യിൽ കിട്ടിയ ടിക്കറ്റുമായി  ഡോക്ടറെ തിരക്കി പാഞ്ഞ് കാറിൽ ഇരുന്നിരുന്ന  അദ്ദേഹത്തെ കണ്ട് പിടിച്ച് വിവരം പറഞ്ഞപ്പോൾ ഒട്ടും ഗമയില്ലാത്ത ആ നല്ലവനായ  മനുഷ്യൻ കാറിൽ നിന്നുമിറങ്ങി കൂടെ വന്ന് കുട്ടിയെ പരിശോധിച്ച്  പ്ലാസ്റ്റർ ഇടാനും ഗുളികകൾ തരാനും ടിക്കറ്റിൽ  എഴുതി  ടിക്കറ്റ് ഞങ്ങൾക്ക്    തിരികെ തന്നു. കമ്പൗണ്ടറദ്യം ആ ടിക്കറ്റ് നോക്കി പ്ലാസ്റ്ററിട്ടു  പിന്നീട് മെഡിക്കൽ സ്റ്റോറിൽ നിന്നും ടിക്കറ്റിൻ പ്രകാരം ഗുളികകളും വാങ്ങി തിരികെ വീട്ടിലെത്തി സമാധാനത്തിലിരുന്ന് ടിക്കറ്റിലൂടെ  ഞങ്ങൾ കണ്ണോടിച്ചപ്പോഴാണ്  ഭയങ്കരമായി  ഞെട്ടിയത്.  ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പേര്  ശാന്തമ്മ  63 വയസ്. ഞങ്ങൾക്ക്  മുമ്പ് വന്ന ഏതോ ശാന്തമ്മയുടെ ടിക്കറ്റാണ്  നീലാംബരി കമ്പ്യൂട്ടർ പ്രിന്ററിൽ നിന്നും  കീറി ഞങ്ങൾക്ക് തന്നത്. ഡോക്ടർ നോക്കിയില്ല, പ്ലാസ്റ്ററിട്ട കമ്പൗണ്ടർ നോക്കിയില്ല, മെഡിക്കൽ സ്റ്റോർ കാർ നോക്കിയില്ല, .  ഇനി ഇത് ഏതോ ശാന്തമ്മയുടെ ഗുളികയും മരുന്നുമാണോ എന്ന് സംശയിച്ച്  ഗുളികയുടെ  പേര്  ഈ വിഷയത്തിൽ പരിചയമുള്ള ആൾക്കാരെ വിളിച്ചന്വേഷിച്ചതിൽ  പെയിൻ കില്ലറും, എല്ല് പൊട്ടുമ്പോൾ  കൊടുക്കുന്നതും മറ്റുമാണ്. അപ്പോൾ പേരിന് മാത്രമേ വ്യത്യാസമുള്ളൂ. അപ്പോൾ ഞങ്ങളുടെ പൊന്നുവിനെ ഇനി ശാന്തമ്മാ  എന്ന് വിളിക്കാമല്ലേ? സർക്കാർ സ്ഥാപനത്തിൽ നിന്നും തന്ന പേരല്ലേ ? അതും ആശുപത്രിയിൽ നിന്നും അവർ  പറഞ്ഞാൽ പിന്നെ മാറ്റമില്ല . അത് തന്നെ  ...അപ്പോൾ..... മോനേ!..... ശാന്തമ്മേ!

No comments:

Post a Comment