Saturday, January 28, 2017

പതാജ്ഞലി ഉണ്ടോ ..പതാജ്ഞലീ....

പതാഞ്ജലി    ഉണ്ടോ ..പതാഞ്ജലി.

വീട്ടിൽ നിന്നും കിട്ടിയ ഉത്തരവ് നടപ്പിലാക്കുന്നതിനായി ഞങ്ങൾ ഇപ്പോൾ കമ്പോളത്തിൽ  പതാഞ്ജലിയെ  തെരക്കി നടക്കുകയാണ്. പതഞ്ജലി ബിസ്കറ്റ്,  പതാഞ്ജലി ബിരിയാണി അരി, പതാഞ്ജലി ദന്ത ചൂർണം, ഗോതമ്പ്, എല്ലാം പതാഞ്ജലി മയം. ഇതെല്ലാം കടയിൽ നിന്ന് വാങ്ങി ഹാജരാക്കാനാണ് ഉത്തരവ്
റ്റി വി പരസ്യത്തിൽ  കാവി മുണ്ട് ഉടുത്ത്, മുടിയും താടിയും നീട്ടി വളർത്തി  ഒരു സന്യാസി വര്യൻ  മേൽപ്പറഞ്ഞ സാധനങ്ങളുടെ ഗുണഗണങ്ങളെ പറ്റി ശാന്തമായ സ്വരത്തിൽ  വിശദീകരിച്ച്  ആയവ ഉപയോഗിക്കാൻ  പ്രേക്ഷകരെ ഉപദേശിച്ച് കൊണ്ടിരിക്കുകയാണിപ്പോൾ..  ഇത്  കേൾക്കേണ്ട താമസം  ഞങ്ങളുടെ  അന്തർജനങ്ങൾ  ഉടൻ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായി. കൊണ്ട് വാ പതാഞ്ജലി .
 പ്രകൃതി ,  ആയുർവേദം,  നാട്ടറിവ്, സന്യാസി, പച്ചമരുന്ന് , നാടൻ ഊണ്  വീട്ടിലെ ഊണ്, എന്നൊക്കെ കേട്ടാൽ ഇപ്പോൾ മലയാളികൾ അവിടെ പാഞ്ഞെത്തിക്കഴിയും.
പണ്ട് കോം ബ്ലാൻ തുടങ്ങിയവയുടെ പരസ്യം കണ്ട് ആ ഉരുപ്പടികൾ  വാങ്ങി കുഞ്ഞുങ്ങളുടെ ഷർട്ട് ചെറുതായി വരുന്നോ കുട്ടി വലുതായി വരുന്നോ എന്ന്  സ്കെയിൽ വെച്ച് അളന്നവരാണ് നമ്മൾ.
മുഖ ലേപനത്തിന്റെ പരസ്യം  കണ്ട് ഞങ്ങളുടെകറുത്ത ഭാര്യമാർ അയൽ വക്കത്തെ വെളുത്ത ഭാര്യമാരെ പോലെ നിറം കിട്ടാൻ  കിലോ കണക്കിന്  ലൗലികൾ  മുഖത്ത് വാരിതേച്ച് നോക്കിയിട്ടുണ്ട്.
ചർമ്മ സൗന്ദര്യം കിട്ടാൻ  സിനിമാ നടികൾ ഉപയോഗിക്കുന്ന സോപ്പുകൾ ഞങ്ങൾ മാറി മാറി തേച്ച് കുളിക്കുക നിത്യ സംഭവമായി .
നമ്മുടെ ദൗർബല്യങ്ങൾ ഈ കുത്തക കമ്പനികൾക്ക് കാണാപാഠമാണ്. എവിടെ തൊട്ടാൽ നമ്മൾ മലർന്ന് വീഴു  മെന്ന് അവർ നല്ലവണ്ണം പഠിച്ചിരിക്കുന്നു. അവിടെ തൊട്ട് കൊണ്ടുള്ള  പരസ്യങ്ങൾ കോടി കണക്കിന് രൂപാ മുടക്കി മിനി സ്ക്രീനിലൂടെ നമ്മുടെ  വീടുകളുടെ അന്തപ്പുരങ്ങളിൽ  എത്തിച്ച്   നമ്മളെ കീഴടക്കി   നമ്മളെന്ന ഇരയെ തിന്നാൻ വലയും നെയ്ത് ചിലന്തിയെ പോലെ  കാത്തിരിക്കുകയാണവർ.
അല്ലെങ്കിൽ ഈ പതഞ്ജലി സന്യാസിക്ക് പഞ്ചാബിൽ ബിരിയാണി അരി വിതച്ച് കൊയ്യാൻ തക്കവിധം സംവിധാനം ഉണ്ടോ എന്ന് എപ്പോഴെങ്കിലും നമ്മൾ ചിന്തിക്കാത്തതെന്തേ?

Tuesday, January 24, 2017

ഇതാണ്ടാ.....ആശുപത്രി...

       ഇതാൻട്രാ....... ആശുപത്രി....

പൊന്നു എന്ന് ഞങ്ങൾ ഓമന പേരിട്ട് വിളിക്കുന്ന 13 വയസ്കാരനായ ഞങ്ങളുടെ അർഷദ് മോനെ  സ്കൂളീൽ ഏതോ കുട്ടി,   കുതികാൽ വെച്ച്  തറയിൽ വീഴ്ത്തിയെന്നറിഞ്ഞ് അവനെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ട് വന്നു.. മറ്റ് പഠന വിഷയങ്ങളോടൊപ്പം  കുതികാൽ വെക്കുന്നത് എങ്ങിനെയെന്ന്  സ്കൂളിൽ നിന്ന് പഠിച്ചാൽ  ഭാവിയിൽ രാഷ്ട്രീയക്കാരനാകാൻ സാധിക്കുമെന്നത് കൊണ്ടാകാം  ചില കുട്ടികൾ പൊന്നുവിനെ പോലെ മിണ്ടാ പ്രാണി കുട്ടികളെ തെരഞ്ഞ് പിടിച്ച്  ഇപ്രകാരം ഉപദ്രവിക്കുന്നതെന്ന് തോന്നുന്നു. ഏതായിലും പൊന്നുവിന്റെ കയ്യിൽ  കണ്ട നീര് കാരണത്താൽ  ആശുപത്രിയിൽ കാണിക്കാമെന്ന് കരുതി എക്സറേ എടുത്തതിൽ എല്ലിൽ പൊട്ടൽ ഉണ്ടായതായി കാണപ്പെട്ടപ്പോൾ സർക്കാർ വക താലൂക്ക് ആശുപത്രിയിലേക്ക് ഞങ്ങൾ അവനെയും കൊണ്ട് പാഞ്ഞു. ആദ്യ ചടങ്ങ് ഓ.പി. ടിക്കറ്റ് എടുക്കുക എന്ന ചടങ്ങിനായി  സ്ഥലത്തെത്തി നിരീക്ഷിച്ചതിൽ ഒരു നീലാംബരി കമ്പ്യൂട്ടറിന് മുമ്പിൽ ഇരുന്ന് തപ്പി പെറുക്കുന്നതാണ്  കണ്ടത്.. ധരിച്ചിരിക്കുന്ന വസ്ത്ര വർണത്തിൽ നിന്നും അറ്റൻഡർ ആകാൻ സാദ്ധ്യത ഉണ്ടെങ്കിലും  ആ ഗമയുടെ മുമ്പിൽ പഞ്ചപുശ്ചമടക്കി  പേരും വയസും സ്ഥലവും പറഞ്ഞ് കൊടുത്തു.  ഭാഗ്യത്തിന്  മറ്റാരും ഇല്ലാത്തതിനാൽ  കയ്യിൽ കിട്ടിയ ടിക്കറ്റുമായി  ഡോക്ടറെ തിരക്കി പാഞ്ഞ് കാറിൽ ഇരുന്നിരുന്ന  അദ്ദേഹത്തെ കണ്ട് പിടിച്ച് വിവരം പറഞ്ഞപ്പോൾ ഒട്ടും ഗമയില്ലാത്ത ആ നല്ലവനായ  മനുഷ്യൻ കാറിൽ നിന്നുമിറങ്ങി കൂടെ വന്ന് കുട്ടിയെ പരിശോധിച്ച്  പ്ലാസ്റ്റർ ഇടാനും ഗുളികകൾ തരാനും ടിക്കറ്റിൽ  എഴുതി  ടിക്കറ്റ് ഞങ്ങൾക്ക്    തിരികെ തന്നു. കമ്പൗണ്ടറദ്യം ആ ടിക്കറ്റ് നോക്കി പ്ലാസ്റ്ററിട്ടു  പിന്നീട് മെഡിക്കൽ സ്റ്റോറിൽ നിന്നും ടിക്കറ്റിൻ പ്രകാരം ഗുളികകളും വാങ്ങി തിരികെ വീട്ടിലെത്തി സമാധാനത്തിലിരുന്ന് ടിക്കറ്റിലൂടെ  ഞങ്ങൾ കണ്ണോടിച്ചപ്പോഴാണ്  ഭയങ്കരമായി  ഞെട്ടിയത്.  ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പേര്  ശാന്തമ്മ  63 വയസ്. ഞങ്ങൾക്ക്  മുമ്പ് വന്ന ഏതോ ശാന്തമ്മയുടെ ടിക്കറ്റാണ്  നീലാംബരി കമ്പ്യൂട്ടർ പ്രിന്ററിൽ നിന്നും  കീറി ഞങ്ങൾക്ക് തന്നത്. ഡോക്ടർ നോക്കിയില്ല, പ്ലാസ്റ്ററിട്ട കമ്പൗണ്ടർ നോക്കിയില്ല, മെഡിക്കൽ സ്റ്റോർ കാർ നോക്കിയില്ല, .  ഇനി ഇത് ഏതോ ശാന്തമ്മയുടെ ഗുളികയും മരുന്നുമാണോ എന്ന് സംശയിച്ച്  ഗുളികയുടെ  പേര്  ഈ വിഷയത്തിൽ പരിചയമുള്ള ആൾക്കാരെ വിളിച്ചന്വേഷിച്ചതിൽ  പെയിൻ കില്ലറും, എല്ല് പൊട്ടുമ്പോൾ  കൊടുക്കുന്നതും മറ്റുമാണ്. അപ്പോൾ പേരിന് മാത്രമേ വ്യത്യാസമുള്ളൂ. അപ്പോൾ ഞങ്ങളുടെ പൊന്നുവിനെ ഇനി ശാന്തമ്മാ  എന്ന് വിളിക്കാമല്ലേ? സർക്കാർ സ്ഥാപനത്തിൽ നിന്നും തന്ന പേരല്ലേ ? അതും ആശുപത്രിയിൽ നിന്നും അവർ  പറഞ്ഞാൽ പിന്നെ മാറ്റമില്ല . അത് തന്നെ  ...അപ്പോൾ..... മോനേ!..... ശാന്തമ്മേ!

Friday, January 20, 2017

ഒരു ബ്ലോഗ് മീറ്റിനായുള്ള ചർച്ചകൾ...

ബ്ലോഗ് മീറ്റിന്റെ  കാലം കഴിഞ്ഞുവോ  എന്ന് ചിന്തി ക്കാൻ തക്കവിധം  ഇപ്പോൾ ആ പരിപാടി എങ്ങും  നടത്തുന്നില്ല.  പഴയ പുലികളെല്ലാം അവരുടെ മാളത്തിൽ തന്നെ അലസരായി കഴിഞ്ഞ് കൂടുന്നു. ഇന്റർ നെറ്റിലെ പുതിയ തലമുറക്ക് ബ്ലോഗ് മീറ്റിന്റെ  അനുഭൂതി പറഞ്ഞറിവ് മാത്രം.  വ്യാപകമായ വിധം പ്രചരണം കൊടുത്ത്  നടത്തിയ മീറ്റുകൾക്ക് ശേഷം എന്ത് കൊണ്ടോ ആരും ഇപ്പോൾ  അതിനായി മുതിർന്ന് കാണാത്തതിനാലാണ് ഈ കുറിപ്പുകൾ. പണ്ടൊരിക്കൽ ഒരു ബ്ലോഗ് മീറ്റിന് ശേഷം ഞാൻ എന്റെ ബ്ലോഗിൽ ഇങ്ങിനെ എഴുതി.

           " ബ്ലോഗ് മീറ്റ് ഒരു വികാരമാണ്. അത് പറഞ്ഞ് മനസിലാക്കാനോ എഴുതി ഫലിപ്പിക്കാനോ പറ്റാത്ത ഒരു വികാരം. ഹൃദയത്തെ ഹൃദയം തിരിച്ചറിയുന്ന നിമിഷങ്ങൾ. അവിടെ ദേഷ്യമില്ല, അസൂയയില്ല, അസഹിഷ്ണതയില്ല, പകയില്ല, ചെറുപ്പ വലിപ്പമില്ല, പ്രായ വ്യത്യാസമില്ല, സ്നേഹം..സ്നേഹം..എന്ന ഒറ്റ വികാരം  മാത്രം.അതാണ് ബ്ലോഗ് മീറ്റിൽ  നിന്നും ലഭിക്കുന്നത്.എന്നുമെന്നും നില നിൽക്കുന്നത്. പിരിയാൻ നേരം ഇനി എന്ന് കാണും എന്ന് തൊണ്ട ഇടറി നമ്മെ കൊണ്ട് ചോദിപ്പിക്കുന്നത്…… "

പുതിയ നെറ്റ് വാസികൾക്ക് ഇതറിയില്ല, അത് കൊണ്ട് പഴയ പുലികളോടും പുതിയ കുഞ്ഞന്മാരും/കുഞ്ഞത്തികളോടും ഞാൻ ചോദിക്കട്ടെ  " കേരളത്തിൽ എല്ലാവരും എത്താൻ സാധിക്കുന്ന വിധം ഒരു സ്ഥലത്ത് നമുക്ക് നെറ്റ് വാസികൾക്ക് \ പഴയ ബൂലോക വാസികൾക്ക് ഒരു ദിവസം ഒരുമിച്ച് കൂടി കണ്ട് പിരിഞ്ഞൂടെ? "
ആരാണിതിന് മുൻ കയ്യെടുക്കുക. പ്രവാസികൾക്ക് കൂടി പങ്കെടുക്കാനാവുന്ന വിധം ഒരു ദിവസവും സ്ഥലവും ചർച്ചയിലൂടെ തീരുമാനിക്കാമല്ലോ.  ചങ്ങാതിമാരേ ചർച്ചയിലേക്ക് ഇറങ്ങി തിരിക്കുക.

Wednesday, January 18, 2017

കാട്ടിലെ തടി തേവരുടെ ആന...

പഴയ കാലത്തിൽ നിന്നും വിഭിന്നമായി ഇന്ന് താലൂക് ഹെഡ്  ആശുപത്രികൾ  അത്യന്ത ഗുരുതരമായ രോഗ ചികിൽസ ഒഴികെ  മറ്റുള്ള രോഗങ്ങൾ ചികിൽസിക്കാൻ തക്ക വിധം  സജ്ജമായ അവസ്ഥയിലാണ് .  എന്നിട്ട് പോലും പനിയും ചുമയുമൊഴികെ  മറ്റ്  ആകസ്മിക രോഗങ്ങൾക്കും ഗുരുതരമല്ലാത്ത അപകടങ്ങളുടെ ചികിൽസക്കും തയാറാകാതെ  അവിടത്തെ ഡോക്ടറന്മാർ രോഗികളെ ജില്ലാ ആശുപത്രിയിലേക്കും  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും (അവരുടെ ഭാഷയിൽ സൗകര്യങ്ങൾ ഉള്ള പ്രൈവറ്റ് ആശുപത്രിയിലേക്കും) പറഞ്ഞ് വിടുന്ന ഒരു പ്രവണത ഇപ്പോൾ കണ്ട് വരുന്നു.ഒന്നുകിൽ പ്രൈവറ്റ് ആശുപത്രിയുമായി ഇവർക്ക് അവിഹിതമായ ധാരണയുണ്ട്. അല്ലെങ്കിൽ  ഒരു രോഗിയുടെയും റിസ്ക് ഏറ്റെടുക്കുവാൻ അവർ തയാറല്ല. പ്രാഥമിക ചികിൽസ നടത്തിയിട്ട് അവർ രോഗികളെ റഫർ ചെയ്ത് പറഞ്ഞ് വിടുന്നു. ഈ പ്രവണത  രോഗിക്ക് സാമ്പത്തിക ബാദ്ധ്യതയും തന്റെ രോഗത്തെ പറ്റി  അമിതമായ ഭയവും ഉളവാക്കുന്നു.   അർഹമായ കേസുകൾ റഫർ ചെയ്യുന്നതിൽ അപാകതയില്ല. പക്ഷേ  വീഴ്ചയിൽ കയ്യുടെ എല്ല് പൊട്ടിയ കേസുകൾ പോലും "നിങ്ങൾ പ്രൈവറ്റ് ആശുപത്രിയിലോ മെഡിക്കൽ കോളേജിലേക്കോ കൊണ്ട് പോകുക" എന്ന് പറഞ്ഞ് തള്ളി വിടുന്നത് ഒരു തരം ധിക്കാരം തന്നെയാണ്. കഴിഞ്ഞ ദിവസം എന്റെ ബന്ധത്തിൽ പെട്ട ഒരു പയ്യൻ  ബൈക്കിൽ നിന്നും വീണ്  കൈക്ക് പരിക്ക് പറ്റി പുനലൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോയി. നല്ല നിലയിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയെന്ന് ഇപ്പോൾ ഖ്യാതി നേടിയിട്ടുള്ള ഈ ചികിൽസാലയത്തിൽ പയ്യനെ പ്രാഥമിക പരിശോധന നടത്തിയിട്ട്  ഡ്യൂട്ടി ഡോക്ടർ പറഞ്ഞു ഒന്നുകിൽ മെഡിക്കൽ കോളേജിലോ  അല്ലെങ്കിൽ പ്രൈവറ്റ്  ആശുപത്രിയിലോ  കൊ ണ്ട് പോകാൻ. കൈക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട് ഓപറേഷ്ൻ വേണ്ടി വരും  അതിനുള്ള  സൗകര്യം ആ ചികിൽസാലയത്തിൽ ഇല്ലാത്തത് കൊണ്ടാണ് ഇപ്രകാരം റഫർ ചെയ്യുന്നതെന്ന് ആ ഡോക്ടർ പറഞ്ഞു.! കുട്ടിയെ പുനലൂർ തന്നെയുള്ള  ഒരു സാധാരണ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോയി.  അവിടത്തെ എല്ല് രോഗ വിദഗ്ദൻ  കൈ എക്സറേ എടുത്ത്  പ്ലാസ്റ്ററിട്ട് ആവശ്യമുണ്ടെങ്കിൽ മൂന്ന് നാല് ദിവസം കഴിഞ്ഞ് ഓപറേഷൻ ചെയ്ത് കമ്പി ഇടുകയോ മറ്റോ ചെയ്യാം എന്ന് പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രിയിലെ ചികിൽസകൻ  ചികിൽസിക്കാൻ  തയാറായ ഒരു കേസ് സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് കഴിയാത്തത് മുകളിൽ    പറഞ്ഞ കാരണത്താൽ തന്നെയാണ്. ജീവന്റെ പ്രശ്നമാകുമ്പോൾ രോഗി ഡോക്ടർ പറയുന്നത് അനുസരിക്കുമെന്ന  ഡോക്ടറന്മാരുടെ
 വിശ്വാസമാണ് അവരെ കൊണ്ട് ഇങ്ങിനെ പ്രവർത്തിപ്പിക്കാൻ പ്രേരകമാകുന്നത്. പനി മാത്രം ചികിൽസിക്കാനും കുറേ ആന്റീ ബയോട്ടിക്സ് എഴുതാനും മാത്രമാണ് ഇവരെ സർക്കാർ ആശുപത്രിയിൽ വെച്ചിരിക്കുന്നതെങ്കിൽ ആ ചികിൽസക്ക് ഏതെങ്കിലും കണിയാൻ വൈദ്യന്റടുത്ത് പോയാൽ മതിയല്ലോ ഇവരുടെ സേവനം ആവശ്യമില്ലല്ലോ. താലൂക്ക് ആശുപത്രിയിലെ ഡോക്ടറന്മാരുടെ സർവീസിനേക്കാളും പരിചയം കുറവുള്ള ഹൗസ് സർജന്മാരും പി.ജി. വിദ്യാർത്ഥികളുമാണ് രാത്രിയിലും പകലും മെഡിക്കൽ കോളേജ് കൈകാര്യം ചെയ്യുന്നത്. അവിടെ അവരെ നയിക്കാനും പറഞ്ഞ് കൊടുക്കാനും പരിചയ സമ്പന്നരായ സീനിയർ ഡോക്ടറന്മാർ ഉണ്ടെന്നാണ് മറുപടിയെങ്കിൽ  ഇവിടെയും തഴക്കവും പഴക്കവുമുള്ള ഡോക്ടറന്മാർ താലൂക്കാശുപത്രിയിലുണ്ട്, പക്ഷേ അവർ വീട്ടിൽ സ്വകാര്യ ചികിൽസയിലായിരിക്കുമെന്ന് മാത്രം. ഓ.പി.യിൽ പഴക്കം വന്ന ഒരു ഡോക്ടർ ഉണ്ടെങ്കിൽ ഇപ്രകാരം റഫർ ചെയ്യുന്ന പകുതി കേസുകളെങ്കിലും  താലൂക്ക് ആശുപത്രിയിൽ കൈകാര്യം ചെയ്യുവാനും പൊതുജനങ്ങൾക്ക്  പ്രയാസം ഉണ്ടാകാതെ സൂക്ഷിക്കാനും സാധിക്കും.
ഇതെല്ലാം ആര് ശ്രദ്ധിക്കാൻ: കാട്ടിലെ തടി തേവരുടെ ആന വലിയോ വലി അത്രമാത്രം.

Monday, January 16, 2017

പൂമാനം

പൂ മാനം പൂത്തുലഞ്ഞേയ്

കയ്യിൽ പൂക്കൂടയുമായി സുന്ദരിയായ ജനുവരി  നൃത്തം തുടരുന്നു.
എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങ്ങ്ങൾ മാത്രമെന്ന് ചങ്ങമ്പുഴ പാടിയത്  വെറുതെയല്ല.  പ്രഭാതത്തിലെ തണുപ്പും മന്ദസമീരനും തെളിഞ്ഞ വെയിലും നീലാകാശവും എല്ലാം കൂടി  വ്അല്ലാത്ത അനുഭൂതി.

Sunday, January 15, 2017

ധൈര്യമുണ്ടോ നടപടി എടുക്കാൻ

നിങ്ങൾക്ക് ധൈര്യമുണ്ടോ ഭരണക്കാരേ! ഈ കാര്യത്തിൽ നടപടി എടുക്കാൻ....

ഏനാത്ത് പാലം.  ഈ പാലം  കേരളത്തിൽ നാഷണൽ ഹൈവേക്ക് തുല്യമായ  എം.സി. റോഡിൽ    അതായത് അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള റോഡിലെ  കല്ലട ആറിന്  കുറുകെയുള്ള സുപ്രധാന    പാലമാണ്. 93 വർഷങ്ങൾ നിലനിന്നതും ബ്രിട്ടീഷ്കാർ നിർമ്മിച്ചതുമായ പഴയ പാലം പൊളിച്ച് പകരം  19 കൊല്ലങ്ങൾക്ക് മുമ്പ്  തൽസ്ഥാനത്ത് പണിത പാലം കഴിഞ്ഞ ദിവസം ഉടനടിയൊന്നും  കേടുപാടുകൾ തീർക്കാനാവാത്ത വിധം തകർച്ചയിലായി . തൽഫലമായി ഇത് വഴിയുള്ള  ഗതാഗതം നിരോധിക്കുകയും  വടക്ക് നിന്നും തിരുവനന്തപുരത്തേക്ക് ഈ റോഡിൽ കൂടി വരുന്നവർ മണിക്കൂറുകൾ എടുത്ത് കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് കൊട്ടാരക്കരയെത്തി തിരുവനന്തപുരത്തേക്ക് പോകുന്നത്. കോടികൾ മുടക്കി നിർമ്മിച്ച പാലം  19 വർഷം പോലും നില നില നിന്നില്ലാ എന്നത് പാലം പണിയിലെ അഴിമതിയെ വ്യക്തമാക്കി തരുന്നു. കരാറുകാരനും മരാമത്ത് ഉദ്യോഗസ്ഥരും ഭരണക്കാരും  പാലം ഫണ്ടിൽ കയ്യിട്ട് വാരി പണി  തോന്നിയത് പോലെ ചെയ്തതിനാലാണ് പാലത്തിന്റെ ആയുസ്സ് കേവലം വർഷങ്ങൾ മാത്രമായി ചുരുങ്ങിയത്.  ഭയങ്കര ശബ്ദത്തോടെ പാലത്തിന്റെ തൂൺ  ഇരുത്തിയപ്പോൾ നാട്ടുകാർ ഓടിക്കൂടി വാഹനങ്ങൾ തടഞ്ഞതിനാൽ    ഭാഗ്യത്തിന് വാഹനങ്ങൾ ആറ്റിൽ പതിച്ചില്ല.
ഇന്നലെ പാലത്തിന്റെ സുരക്ഷയും കേട് പാടുകൾ പരിഹരിക്കലും നിരീക്ഷിക്കാനായി എത്തിയ അതി വിദഗ്ദൻ  പറഞ്ഞത്  പാലം സഞ്ചാരയോഗ്യമല്ലെന്നും അതിയായ മണലൂറ്റ് കൊണ്ടാണ് തൂണുകൾ ഇരുത്തിയതെന്നുമാണ്.
വലിയ വലിയ അതി വിദഗ്ദർ പറഞ്ഞാൽ  പിന്നെ ആ വാക്കുകൾക്ക് എതിർ വാക്കില്ല. പക്ഷേ നാട്ടുകാർക്ക് അറിയാം പാലം പണി  ആരംഭിച്ച കാലം മുതൽ നടന്ന അഴിമതിയും ഉത്തരവാദിത്വമില്ലായ്കയും. ഇത്രയും വർഷം നില നിന്നത് തന്നെ ഭാഗ്യമെന്നാണ് അന്ന് പാലം പണിക്കുണ്ടായിരുന്ന ജോലിക്കാർ പറയുന്നത്. അവിടെ മണൽ വാരൽ നിർത്തിയിട്ട്  വർഷങ്ങളായി. പഞ്ചായത്ത് മണൽ വാരൽ പാസ്  വിതരണം നിർത്തുകയും അനധികൃത  മണൽ കയറ്റിയാൽ ലക്ഷങ്ങൾ വില പിടിപ്പുള്ള ലോറി പിടിച്ചെടുത്താലുള്ള ഭീമമായ നഷ്ടവും കണക്കിലെടുത്ത് ലോറികൾ വരാതിരിക്കുകയും ചെയ്തതോടെ മണൽ വാരൽ ഒരു പഴയ ഓർമ്മയായി മാറിയ അവസ്ഥയിലാണ് വിദഗ്ദൻ പറയുന്നത് മണൽ ഊറ്റൽ കൊണ്ടാണ് പാലത്തിന് കേട് പടുകൾ സംഭവിച്ചതെന്ന് .
അല്ല..തീർച്ചയായും അല്ല.  ഇത് പാലം പണിയിലെ  തകരാറ് കൊണ്ട് തന്നെയാണ്. വൻ അഴിമതി നടന്നതിന്റെ  ദുരന്ത ഫലം  മാത്രമാണിത്.
അത് കൊണ്ട് ഈ അഴിമതി അന്വേഷണ വിധേയമാക്കണം. 19 വർഷം അത്രയും വലിയ കാലമല്ല.  കൊലപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കയ്യിൽ കിട്ടിയാൽ കൊല്ലം ഏറെ കഴിഞ്ഞല്ലോ എന്നും പറഞ്ഞ് വെറുതെ വിടുമോ? അത് പോലെ തന്നെയാണിതും. എന്തെങ്കിലും ദുരന്തം ഉണ്ടായിരുന്നെങ്കിലോ?
അതിനാൽ  പാലം പണിയിലെ അപാകതയെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കാൻ ഭരണക്കാർ ധൈര്യം കാട്ടണം. ഇപ്പോഴും ഇതേ പോലെ പണി ഒപ്പിക്കുന്നവർക്ക് ഒരു താക്കീതെങ്കിലുമാകുമല്ലോ!

Friday, January 6, 2017

നഷ്ട പ്രാതപത്തിന്റെ ബാക്കി പത്രം.

ആലപ്പുഴയിൽ പോയാൽ എന്റെ ബാല്യ കൗമാര  കാലഘട്ടത്തിലെ  അവിഭാജ്യ ഘടകമായിരുന്ന ഈ പാലം കാണാതെ പോവില്ല.  നഷ്ട പ്രതാപത്തിന്റെ  പ്രതീകം പോലെ നാശോന്മുഖമായി  ഇപ്പോൾ അവശേഷിച്ചിരിക്കുന്ന ഈ അസ്തിപഞ്ജരവും കാലത്തിന്റെ തേരോട്ടത്തിൽ  പൊടിഞ്ഞ് പോകും.  പക്ഷേ ഞങ്ങളുടെ തലമുറയുടെ ദീപ്ത സ്മരണയിൽ ഈ പാലം എന്നും കത്തി നിൽക്കുക തന്നെ ചെയ്യും.