കോടതിയിൽ നിന്നും സമൻസോ മറ്റുത്തരവുകളുമായോ കോടതി ഉദ്യോഗസ്ഥൻ നമ്മുടെ വാസസ്ഥലത്തെത്തുമ്പോൾ അവരെ വിരുന്ന്കാരനെ പോലെ ആനയിച്ച് അകത്ത് കയറ്റി ഇരുത്തിയില്ലെങ്കിൽ പോലും ശത്രുവിനെ പോലെ പെരുമാറരുത്. അങ്ങിനെ പെരുമാറിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തെന്ന് പലർക്കും അറിയില്ല. വർഷങ്ങൾക്ക് മുമ്പ് നടന്നതും ഓർമ്മയിൽ ഇപ്പോഴും പച്ചപിടിച്ച് നിൽക്കുന്നതും മേൽ പറഞ്ഞ വിഷയ സംബന്ധമായതുമായ ഒരു സംഭവം ആണ് ഇപ്പോൾ ഇവിടെ കുറിക്കുന്നത്.
വെള്ളിയാഴ്ച ദിവസമായതിനാൽ അന്ന് കോടതിയിൽ നിന്നും ഉച്ചക്ക് നേരത്തെ തന്നെ ഇറങ്ങി പുറക് വശമുള്ള പോലീസ് സ്റ്റേഷൻ വഴി നിരത്തിലേക്ക് പോകാൻ തുനിഞ്ഞ എന്നോട് പരിചയക്കാരനായ സ്റ്റേഷൻ റൈട്ടർ ചോദിച്ചു"സർ, ഹൈക്കോടതിയിൽ നിന്നും നോട്ടീസും മറ്റും കൊട്ടാരക്കരയിൽ വരുന്നത് നേരിട്ടാണോ അതോ ഇവിടുള്ള കോടതി വഴിയാണോ?"
"അത്യാവശ്യമില്ലെങ്കിൽ അതാത് സ്ഥലത്തെ കോടതികൾ വഴി ബന്ധപ്പെട്ട കക്ഷിക്കും അത്യാവശ്യ മുണ്ടെങ്കിൽ ഹൈക്കോടതിയിൽ നിന്നും പ്രത്യേക ദൂതൻ വഴിയും കടലാസ്സുകൾ വരാം" ഞാൻ മറുപടി പറഞ്ഞ് തീരുന്നതിനു മുമ്പ് എന്റെ ഒരു പരിചയക്കാരൻ ( അയാളെ കാസിം എന്ന് നമുക്ക് പേര് കൊടുക്കാം. അസൽ പേര് മറ്റൊന്നാണ് ) പാഞ്ഞ് വന്നു എന്നോട് പറഞ്ഞു " സാറേ! ഞങ്ങൾ പിടിച്ചു, കള്ള കോടതിക്കാരനെ പിടിച്ചു, കെട്ടിയിട്ട് നാല് പൂശി ദേ ഇവിടെ കൊണ്ട് വന്ന് ഏൽപ്പിച്ചിട്ടുണ്ട്"
ഞാൻ അയാളോട് വിവരം തിരക്കിയപ്പോൾ കിട്ടിയ വാർത്ത ഇപ്രകാരമായിരുന്നു. സമീപ ഗ്രാമത്തിലെ ഒരു പെൺകുട്ടി പക്വത ഇല്ലായ്മയാൽ ഒരുത്തനുമായി അൽപ്പം അടുപ്പത്തിലായി.വീട്ടുകാർ തക്ക സമയത്ത് ഇടപെട്ട് കുട്ടിയെ കാര്യം പറഞ്ഞ് മനസിലാക്കി ആ ബന്ധത്തിന് തടയിട്ടു. പക്ഷേ കാമുകൻ ശോകഗാനവും പാടി അവിടെയെല്ലാം കറങ്ങി നടന്നപ്പോഴാണ് പെൺകുട്ടി വീട്ടുകാരുടെ കസ്റ്റഡിയിലാണ് എന്നും ഒരു തരത്തിലും കാണാനോ ബന്ധപ്പെടാനോ കഴിയില്ല എന്നും തിരിച്ചറിഞ്ഞത്. ഉടനെ തന്റെ കൂട്ടുകാരനെ ഇൻസ്റ്റാൽമെന്റ് കച്ചവടക്കാരന്റെ വേഷത്തിൽ ആ വീട്ടിലേക്ക് അയച്ചപ്പോൾ ബദ്ധശ്രദ്ധരായിരുന്ന വീട്ടുകാർ ഇൻസ്റ്റാൽമെന്റ്കാരനെ തോടും കണ്ടവും കുന്നും ചാടിച്ച് എറിഞ്ഞോടിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒരു പുതിയ അവതാരം വരുന്നു, കയ്യിൽ ഡയറിയുമായി . ഹൈക്കോടതിയിൽ നിന്നാണെന്നും നോട്ടീസുണ്ടെന്നും പറഞ്ഞ ഭവാനെ വീട്ടുകാരും ബന്ധുക്കളും അയൽ വാസികളും ചോദ്യം ചെയ്തു. അതിനിടയിൽ നടേ പറഞ്ഞ കാസിം പേപ്പർ പരിശോധിച്ച് ഒരു ഉഗ്രൻ ചോദ്യം ഉന്നയിച്ചു "എവിടെടാ, കോടതി പേപ്പറിലെ സീൽ?" വന്ന ആൾ "സീൽ ഉണ്ട് "എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് അടി പട പടാ വീണ് തുടങ്ങി .ഷർട്ട് വലിച്ച് കീറി,അയാളെ മരത്തിൽ കെട്ടിയിട്ടു. ഉടനെ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് പോയി. സാധനം കൊണ്ട് ചെല്ലാൻ ഏമാന്മാർ കൽപ്പിച്ചു.അങ്ങിനെ കള്ള കോടതിക്കാരനെ സ്റ്റേഷനിൽ എത്തിച്ച നിമിഷത്തിലാണ് ഞാൻ അതിലെ കടന്ന് പോയതും റൈട്ടർ എന്നോട് സംശയം ചോദിച്ചതും..
" ഹും!!! എന്നോടാണോ വേലയിറക്കുന്നത്...വെള്ള പേപ്പറിൽ എന്തോ എല്ലാം ടൈപ്പ് ചെയ്ത് കൊണ്ട് വന്ന് ഞങ്ങളെ പറ്റിക്കാമെന്ന് കരുതിയോ? അതിൽ സീൽ വേണ്ടേ? മിനഞ്ഞാന്ന് വന്ന ഇൻസ്റ്റാൽമെന്റ് കാരൻ ഓടിക്കളഞ്ഞു, ഇന്ന് ഇവനെ കയ്യിൽ കിട്ടി...ഹും... കോടതിയിൽ നിന്നാണ് പോലും എന്റടുത്തല്ലെ വേല!!!" കാസിം തന്റെ ബുദ്ധിയെ പറ്റി സ്വയം പുകഴ്ത്തി പറഞ്ഞ് അവിടെയെല്ലാം പാഞ്ഞ് നടന്നു. കള്ള കോടതിക്കാരൻ അപ്പോഴേക്കും വരാന്തയിൽ കയറി. അയാളുടെ ഷർട്ട് വലിച്ച് കീറിയിരുന്നു, തലമുടി ചന്നം പിന്നം പാറിക്കിടന്നിരുന്നു കണ്ണൂകൾ കലങ്ങിയും മുഖത്ത് അടിയുടെ പാട് തെളിഞ്ഞും കണ്ടു. ഞാൻ അയാളെ സമീപിച്ച് ചോദിച്ചു " നിങ്ങൾ ആരാണ്?"
"ഞാൻ ഹൈക്കോടതിയിൽ നിന്നും വരുകയാണ്..ട്ടാ... പേപ്പറിൽ സീലുണ്ട് ട്ടാ...അത് വാട്ടർ മാർക്കാണ് ട്ടാ..." ആ നിമിഷം ഞാൻ കൊച്ചി ഭാഷ തിരിച്ചറിഞ്ഞു അയാളുടെ കയ്യിലെ നോട്ടീസിലെ വാട്ടർ മാർക്കും തിരിച്ചറിഞ്ഞു നോട്ടീസിലെ കാര്യവും മനസിലാക്കി . തിരക്കിലായിരുന്ന റൈട്ടറെ ഞാൻ തലയാട്ടി വിളിച്ചു മാറ്റി നിർത്തി വിവരം പറഞ്ഞു. അപകടം മണത്ത ആ മനുഷ്യൻ സബ് ഇൻസ്പക്ടറുടെ റൂമിലേക്ക് പാഞ്ഞു. എസ്.ഐ.ഓടി വന്നു കാര്യം മനസിലാക്കി.അപ്പോഴേക്കും കാസിം പാഞ്ഞെത്തി തിരക്കി " സീൽ ഇല്ലല്ലോ സാറേ?"
" തന്റെ കൂട്ടുകാർ എവിടെ? "എസ്.ഐ. അന്വേഷിച്ചു
" ഇവിടെ ഉണ്ട് സർ" കാസിം മൊഴിഞ്ഞു.
"അവരെയും വിളീച്ചോണ്ട് അകത്തേക്ക് വാ" നിമിഷങ്ങൾക്കുള്ളിൽ കാസ്സിമും കൂട്ടുകാരും അകത്തായി.ഞാൻ എന്റെ സഹപ്രവർത്തകരെ വിളിച്ച് നോട്ടീസുമായി വന്ന ആളേ(അയാളെ രമേഷ് എന്ന് വിളിക്കാം) ആശുപത്രിയിലാക്കാനും അയാൾക്ക് ഷർട്ട് വാങ്ങി കൊടുക്കാനും ഏർപ്പാടാക്കി പള്ളിയിൽ നിന്നും തിരിച്ച് വന്നതിന് ശേഷമാണ് ബാക്കി വിവരങ്ങൾ അറിയുന്നത്.
ഇൻസ്റ്റാൽമെന്റ്കാരന് പണി കിട്ടിയപ്പോൾ നിരാശനായ കാമുകൻ വർദ്ധിച്ച വീരസ്യത്തോടെ ഒരു വക്കീലിനെ കണ്ട് പെൺകുട്ടി അന്യായ തടങ്കിലാണെന്ന് കാണീച്ചും മറ്റ് വ്യാജോക്തികൾ ഉന്നയിച്ചും ഹൈക്കോടതിയിൽ ഒ.പി. ഫയൽ ചെയ്തു. ഒ.പിയിൽ അർജന്റ് നോട്ടീസ് ഉത്തരവ് ചെയ്ത കോടതി അത് പ്രത്യേക ദൂതൻ വഴി കക്ഷിക്ക് എത്തിക്കാനും ഏർപ്പാടാക്കി. ആ നോട്ടീസും കൊണ്ടാണ് രമേഷ് വന്നത്. കാസിമും കൂട്ടുകാരും കാളപെറ്റെന്ന് കേട്ട് കയറെടുത്ത് കാമുകന്റെ മറ്റൊരു വേല ഇറക്കാണെന്ന് കരുതി മുൻ പിൻ നോക്കാതെ പെരുമാറുകയും ചെയ്തു. രമേഷിന് അടി കൊണ്ട വിവരം ഫോൺ/വയർലസ് വഴി ഹൈക്കോടതിയിലെത്തി. ശക്തമായ പ്രതിഷേധം ഉണ്ടായി. " എന്നെ അടിച്ചതിന് തുല്യമായാണ് എന്റെ പ്രതിനിധിയെ അടിച്ചതെന്ന് ബഹുമാനപ്പെട്ട ജഡ്ജിനെ കൊണ്ട് നിരീക്ഷിക്കത്തക്കവിധം കാര്യങ്ങൾ ഗുരുതരമായി.കാസിമും കൂട്ടുകാരും ഒരു കുഗ്രാമ നിവാസികളാണെന്നും സാമാന്യ വിവരത്തിന്റെ കണിക പോലും അടുത്ത് കൂടി പോയിട്ടില്ലെന്നുമുള്ള പരമാർത്ഥം ഒരിടത്തും ഏശിയില്ല. ഈ ഭീകരന്മാരെ പറ്റിയുള്ള വാർത്ത പത്രങ്ങളിൽ നിരന്നു. കാസിമിനും കക്ഷികൾക്കും കീഴ്ക്കോടതികളിലൊന്നും ജാമ്യം ലഭിച്ചില്ല. ഹൈക്കോടതിയിൽ നിന്നും വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചു. പിന്നീട് കോടതി അലക്ഷ്യത്തിന് കേസ് ഉണ്ടായി. അതിലെ നോട്ടീസും കൊണ്ട് വന്ന ആൾക്ക് ഭീകരന്മാരുടെ സ്ഥലത്ത് പോയാൽ ഉപദ്രവം ഉണ്ടാകുമോ എന്ന ഭയം ഉണ്ടായതിനാൽ കാസിമിനെ ഞാൻ ഞങ്ങളുടെ ഓഫീസിൽ വരുത്തി നോട്ടീസ് ഒപ്പിട്ട് കൊടുത്തു. ( നോട്ടീസും കൊണ്ട് വന്ന എറുണാകുളത്ത്കാരനായ ആ ഉദ്യോഗസ്ഥൻ ഇന്നും എന്റെ അടുത്ത സുഹൃത്താണ്) കേസ് രണ്ട് വർഷം നടന്നു. കീഴ്ക്കോടതികളെല്ലാം ശിക്ഷ വിധിച്ചു. ഹൈക്കോടതി ശിക്ഷ കുറച്ച് കൊടുത്തു. അപ്പോഴേക്കും പ്രതികൾക്ക് വക്കീൽ ഫീസും മറ്റുമായി വൻ തുക ചെലവായി കഴിഞ്ഞിരുന്നു. കാസിമിന്റെ ബന്ധുവിന്റെ 5 സെന്റ് സ്ഥലം വക്കീൽ ഫീസിനും മറ്റ് ചെലവുകൾക്കുമായി വിൽക്കേണ്ടി വന്നു. മുൻ ധാരണയോടെ പെരുമാറിയ വിഡ്ഡിത്തരത്തിന് കനത്ത വിലയാണ് അവർ നൽകേണ്ടി വന്നത്.
അതിന് ശേഷം കാസിം കോടതി എന്നല്ല, "കോ" എന്ന് മാത്രം കേട്ടാലും എഴുന്നേറ്റ് തൊഴുകയ്യോടെ നിൽക്കും.
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. രമേഷ് ഹൈക്കോടതി സേവനത്തിൽ നിന്നും റിട്ടയർ ചെയ്തെങ്കിലും അവിടെ തന്നെ ക്യാന്റീൻ പ്രവർത്തനവും മറ്റുമായി കഴിയുന്നു. കാസിം ഇപ്പോഴും കൊട്ടാരക്കര മാർക്കറ്റിൽ സജീവമായി വ്യാപാരത്തിൽ ഉണ്ട്. പക്ഷേ യാതൊരു അലമ്പിനും പോകാതെ തനി പാവത്താനാണ് അയാളിപ്പോൾ.
No comments:
Post a Comment