Friday, July 29, 2016

പീഡനക്കാരനായ ഭീകരൻ

"പിടികൂടി" എന്ന വാക്ക് വായിക്കുമ്പോൾ നമ്മുടെ  മനസിലൂടെ കടന്ന് പോകുന്ന ആ വാക്കിന്റെ വിശാലരൂപം ഓടിച്ചിട്ട് പിടിച്ചു , വളഞ്ഞ് പിടിച്ചു,  ആ വ്യക്തി ഒളിച്ച് നടക്കുകയോ എന്തോ ഒളിച്ച് വെക്കുകയോ  ചെയ്തിരുന്നത്  പിടികൂടി എന്നൊക്കെ ആയിരിക്കും.  മാത്രമല്ല അപ്രകാരം പിടികൂടപ്പെട്ട വ്യക്തിയെ പറ്റി  നമ്മുടെ മനസിൽ മോശം അഭിപ്രായം രൂപപ്പെടുകയും ചെയ്യുമെന്ന് തീർച്ച. " പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച  18 വയസ്സുകാരനെ പോലീസ് പിടികൂടി." ഇന്നത്തെ പത്ര വാർത്തയാണിത്. കുറച്ച് കാലമായി പ്രതി ഈ കലാപരിപാടി തുടരുകയായിരുന്നത്രേ! അടുത്തിരിക്കുന്ന കുട്ടികൾ പറഞ്ഞ്  വാദ്ധ്യാരും, തുടർന്ന്  ചൈൽഡ് ലൈൻ പ്രവർത്തകരും പിന്നീട് പോലീസും വിവരം അറിഞ്ഞതിനെ തുടർന്നാണ് പിടികൂടിയത്.   ഡി.വൈ.എസ്.പി. മാത്യൂ മാഞ്ഞൂരാന്റെ നേതൃത്വത്തിൽ സി.ഐ. ബഷീർകുട്ടി, എസ്സ്.ഐ.ഗോപകുമാർ, എ.എസ്.ഐ. കുമാരൻ, എച്.സി. കേശവൻ കുട്ടി, പോലീസുകാരനായ ദിലീപ് കുമാർ, വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. (പേരുകൾ സാങ്കൽപ്പികം) ഒരു നരുന്ത് , വാണാൽ, ചെക്കനെ പിടികൂടാൻ പോലീസ് ഫോഴ്സ് പൂർണമായും ഉപയോഗിച്ചെന്ന്   എഴുതിയാലും അതിശയിക്കാനില്ല. സംഗതി പീഡനമാണ് . വാർത്ത കലക്കണം.കണ്ടാൽ ഭീകരനും എപ്പോഴും പീഡന ആയുധം ത്രസിപ്പിച്ച് നിർത്തുന്നവനും  എന്തും ചെയ്യാൻ മടിക്കാത്തവനുമായ ഈ കശ്മലനെ ഫോഴ്സ് വളഞ്ഞ്  "ഹാൻസ് അപ്" പറഞ്ഞ് അവനെ സ്തംഭിപ്പിച്ച് അവന്റെ പീഡന ആയുധം നിർവീര്യമാക്കി അവനെ പിടികൂടി എന്നെഴുതിയാലും തരക്കേടില്ല. ജനത്തിനെ അറിയിക്കേണ്ട ബാദ്ധ്യത പത്രക്കാരുടെ അവകാശമാണ് . സാധാരണ ഈ വക കേസുകളിൽ സംഭവിക്കുന്നത് ചെക്കനെയും കൊണ്ട് വരാൻ അവന്റെ പിതാശ്രീയോട് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ച് പറയും. ഏതെങ്കിലും പഞ്ചായത് മെംബറെയും കൂട്ടി  അയാൾ പയ്യനെ കയ്യിൽ പിടിച്ച് സ്റ്റേഷനിൽ വരും .അവരുടെ മുമ്പിൽ വെച്ച് തന്നെ ലൈംഗിക ചുവ കലർന്ന ഭാഷയിൽ  ഏമാന്മാർ  ചെക്കനോട് ചില ചോദ്യങ്ങൾ ചോദിച്ചതിന് ശേഷം ആയുധത്തിന്റെ ഉദ്ധാരണ ശേഷി പരിശോധിക്കാൻ  സർക്കാർ ആശുപത്രിയിൽ കൊണ്ട് പോകും. "ഇവൻ ഉഗ്രനാണ്" എന്ന സർട്ടിഫിക്കറ്റ്  സർക്കാർ ഡോക്ടറുടെ പക്കൽ നിന്നും വാങ്ങി സ്റ്റേഷനിൽ കൊണ്ട് വന്ന് "കേറെടാ മൗന ഗായകാ ! അകത്ത് " എന്നും പറഞ്ഞ് ഷഡ്ഡി എന്ന  ആധുനിക കൗപീനം മാത്രം ധരിപ്പിച്ച്   അവനെ അകത്താക്കും. പിന്നെ പത്രക്കാരെ വി ളിപ്പിച്ച് വാർത്ത  ഔട്ട് ലൈൻ കൊടുക്കും അത് കഴിഞ്ഞ് പത്രക്കാരുടെ ഊഴമാണ്. അവർ പെട്ടിക്കോളമോ മത്തങ്ങാ അക്ഷരമോ നിരത്തി പീഡനം ആഘോഷിക്കും.  അതോടെ ചെക്കന്റെ ഭാവി ഭൂതമാകും.പിന്നെ ഈ ജന്മത്തിൽ അവനെ അറിയുന്നത്  ചാറൽസ് ഡിക്കൻസിന്റെ "ഡേവിഡ് കോപ്പർ ഫീൽഡിൽ" ഡേവിഡിന്റെ മുതുകിൽ   സൂക്ഷിക്കുക  ഇവൻ കടിക്കും എന്ന ബോർഡ് തൂക്കിയത് പോലെ ഇവന്റെ മുതുകിൽ സൂക്ഷിക്കുക, ഈ നായീന്റെ മോൻ പീഡിപ്പിക്കും എന്ന കാണാ ബോർഡുള്ളവൻ എന്നായിരിക്കും.
അവന്റെ പ്രവർത്തി ദോഷം കൊണ്ടല്ലേ ഇപ്രകാരം സംഭവിച്ചത് എന്ന ചോദ്യം നിങ്ങൾ ഉന്നയിക്കുന്നെങ്കിൽ ,അവൻ ഈ കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുന്നത് വരെ  അവൻ കുറ്റാരോപിതൻ മാത്രമാണെന്നും  ഇപ്പോൾ നടന്നത് മാധ്യമ വിചാരണയും പത്രക്കാരുടെ വിധി പ്രസ്താവനയും മാത്രം എന്ന മറുപടിയാണ്  എനിക്ക് പറയാനുള്ളത് പ്രതിക്ക് പറയാനുള്ളത് . ഒരിക്കലും പത്രക്കാർ  അച്ചടിക്കാറില്ലല്ലോ.

Thursday, July 28, 2016

പത്രക്കാരും വക്കീലന്മാരും

ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ മുഖപ്രസംഗത്തിൽ നിന്നും ചില വരികൾ
>>>>>സംഘടിത മിടുക്കും വാർത്താതമസ്കരണവും ആശാസ്യമായ വഴികളല്ല.മാധ്യമ പ്രവർത്തകരുടെ ജോലി സംഭവങ്ങളെ ജനങ്ങളിലെത്തിക്കലാണ്.അഭിഭാഷകരുടെ ജോലി കക്ഷികൾക്ക് നീതി ലഭ്യമാക്കലും. രണ്ടും തമ്മിൽ കൂട്ടിമുട്ടേണ്ടതല്ല.നിയമം അതിന്റെ വഴിക്ക് തന്നെ പോകണം.ഇരു കൂട്ടരും വാശി പിടിച്ച് ജനങ്ങൾക്ക് നീതി നിഷേധിക്കരുത്. കോടതിക്ക് പുറത്ത് നിന്ന് അഭിഭാഷകരെ വെല്ല് വിളിക്കുന്നതും കോടതി നടപടി റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരെ തടഞ്ഞ് അധിക്ഷേപിക്കുന്നതും ഒരു പോലെ എതിർക്കപെടേണ്ടതാണ് <<<
ഈ കാര്യം പറയാൻ എന്തേ ഇത്ര താമസിച്ചത് ? ഉടുപ്പ് കഴുകി ഇട്ടത് ഉണങ്ങിയില്ലായിരുന്നോ? കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് പത്രങ്ങളോടൊപ്പം കൂടി അഭിഭാഷകരും പത്ര പ്രവർത്തകരും തമ്മിലുള്ള ശണ്ഠയിൽ ഒരു പക്ഷം മാത്രം പിടിച്ച് വാർത്ത തമസ്കരിക്കുകയായിരുന്നല്ലോ ദേശാഭിമാനിയും. അതേ രണ്ട് പേരും ചെയ്തത് തെറ്റായിരുന്നു എന്നായിരുന്നു വാർത്ത വരേണ്ടിയിരുന്നത്. അതിന് പകരം ഏകപക്ഷീയമായി റീപ്പോർട്ട് ചെയ്ത് വക്കീലന്മാരെ " എന്തും ചെയ്യാൻ മടിക്കാത്ത, എപ്പോഴും മദ്യ കുപ്പി ആയുധമായി കയ്യിൽ കരുതുന്ന കണ്ടാൽ ഭീകരന്മാരായി തോന്നുന്ന തെമ്മാടികളായി " ഒന്നൊഴിയാതെ എല്ലാ പത്രവും ജനങ്ങളുടെ മുമ്പിൽ ചിത്രീകരിച്ചു. ഏത് വാർത്തയും സത്യമെന്ന് കരുതുന്ന ജനത്തിന്റെ ദുർബലത പത്രക്കാർ മുതലെടുത്തു. തിരുവനന്തപുരത്ത് വക്കീലന്മാർ ഉപയോഗിച്ച ശ്രേഷ്ട ഭാഷ പത്രക്കാരും ഉപയോഗിച്ചില്ലെന്ന് നെഞ്ചിൽ കൈ വെച്ച് പറയാമോ? പക്ഷേ വാർത്ത വക്കീലന്മാരെ പറ്റി മാത്രം.
എല്ലാവരും അവരുടെ ചുമതല ശരിയായി നിറവേറ്റിയാലേ സമൂഹത്തിൽ സമാധാനം നില നിൽക്കൂ. ഒന്ന് ചിന്തിക്കുക .ഏതെങ്കിലും വാർത്തയുടെ പേരിൽ ആരെങ്കിലും കേസ് കൊടുത്താൽ അതിനെ നേരിടാൻ പത്രക്കാർ ചുമതലപ്പെടുത്തിയ വക്കീൽ അയാളുടെ ചുമതല ശരിയാം വണ്ണം നിറവേറ്റിയില്ലെങ്കിലോ?
രോഗിയെ ശരിയാം വണ്ണം ചികിൽസിക്കേണ്ട ഡോക്ടർ അയാളുടെ ചുമതലയിൽ ഒഴപ്പ് കാണീച്ചാലോ?
പറമ്പിൽ കിളക്കാൻ ചുമതലപ്പെടുത്തിയ ആൾ ഒന്നും ചെയ്യാതെ മാറി ഇരുന്ന് ബീഡി വലിച്ചോണ്ട് സമയം കളഞ്ഞാലോ?
നിഷ്പക്ഷമായി വിധി ന്യായം തയാറാക്കേണ്ട ന്യായാധിപൻ ഒരു വശത്തേക്ക് ചരിഞ്ഞാലോ ?
ഇതേ പോലെ തന്നെയാണ് പത്രക്കാരൻ ഉള്ള കാര്യം അതേ പോലെ റിപ്പോട്ട് ചെയ്ത് വാർത്ത ജനങ്ങളിൽ എത്തിച്ചില്ലെങ്കിൽ സംഭവിക്കുന്നതും.
ഏതായാലും അൽപ്പം വൈകിയെങ്കിലും ഈ പരമാർത്ഥം അച്ച് നിരത്തിയ ദേശാഭിമാനിക്ക് ഒരു റെഡ് സല്യൂട്ട്.

കോടതിയിലെ സമൻസ്


കോടതിയിൽ നിന്നും സമൻസോ  മറ്റുത്തരവുകളുമായോ  കോടതി ഉദ്യോഗസ്ഥൻ നമ്മുടെ വാസസ്ഥലത്തെത്തുമ്പോൾ അവരെ വിരുന്ന്കാരനെ പോലെ ആനയിച്ച്  അകത്ത് കയറ്റി ഇരുത്തിയില്ലെങ്കിൽ പോലും  ശത്രുവിനെ പോലെ പെരുമാറരുത്. അങ്ങിനെ  പെരുമാറിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തെന്ന് പലർക്കും  അറിയില്ല. വർഷങ്ങൾക്ക് മുമ്പ് നടന്നതും  ഓർമ്മയിൽ ഇപ്പോഴും പച്ചപിടിച്ച് നിൽക്കുന്നതും മേൽ പറഞ്ഞ വിഷയ സംബന്ധമായതുമായ ഒരു സംഭവം ആണ്  ഇപ്പോൾ ഇവിടെ കുറിക്കുന്നത്.
വെള്ളിയാഴ്ച  ദിവസമായതിനാൽ അന്ന് കോടതിയിൽ നിന്നും ഉച്ചക്ക് നേരത്തെ തന്നെ ഇറങ്ങി  പുറക് വശമുള്ള    പോലീസ് സ്റ്റേഷൻ വഴി   നിരത്തിലേക്ക് പോകാൻ തുനിഞ്ഞ എന്നോട്  പരിചയക്കാരനായ  സ്റ്റേഷൻ റൈട്ടർ  ചോദിച്ചു"സർ, ഹൈക്കോടതിയിൽ നിന്നും നോട്ടീസും മറ്റും കൊട്ടാരക്കരയിൽ വരുന്നത് നേരിട്ടാണോ അതോ ഇവിടുള്ള കോടതി വഴിയാണോ?"
"അത്യാവശ്യമില്ലെങ്കിൽ  അതാത് സ്ഥലത്തെ  കോടതികൾ വഴി ബന്ധപ്പെട്ട കക്ഷിക്കും  അത്യാവശ്യ മുണ്ടെങ്കിൽ ഹൈക്കോടതിയിൽ നിന്നും പ്രത്യേക ദൂതൻ വഴിയും കടലാസ്സുകൾ വരാം" ഞാൻ മറുപടി  പറഞ്ഞ് തീരുന്നതിനു മുമ്പ്  എന്റെ ഒരു പരിചയക്കാരൻ ( അയാളെ കാസിം എന്ന് നമുക്ക് പേര് കൊടുക്കാം. അസൽ പേര് മറ്റൊന്നാണ് )   പാഞ്ഞ് വന്നു എന്നോട് പറഞ്ഞു " സാറേ! ഞങ്ങൾ പിടിച്ചു, കള്ള കോടതിക്കാരനെ പിടിച്ചു, കെട്ടിയിട്ട് നാല്  പൂശി ദേ  ഇവിടെ കൊണ്ട് വന്ന് ഏൽപ്പിച്ചിട്ടുണ്ട്"
ഞാൻ അയാളോട് വിവരം തിരക്കിയപ്പോൾ കിട്ടിയ വാർത്ത ഇപ്രകാരമായിരുന്നു. സമീപ ഗ്രാമത്തിലെ ഒരു പെൺകുട്ടി പക്വത ഇല്ലായ്മയാൽ  ഒരുത്തനുമായി അൽപ്പം അടുപ്പത്തിലായി.വീട്ടുകാർ തക്ക സമയത്ത്  ഇടപെട്ട്  കുട്ടിയെ കാര്യം പറഞ്ഞ്  മനസിലാക്കി ആ ബന്ധത്തിന് തടയിട്ടു. പക്ഷേ കാമുകൻ ശോകഗാനവും പാടി അവിടെയെല്ലാം കറങ്ങി നടന്നപ്പോഴാണ്  പെൺകുട്ടി വീട്ടുകാരുടെ കസ്റ്റഡിയിലാണ്  എന്നും ഒരു തരത്തിലും കാണാനോ  ബന്ധപ്പെടാനോ  കഴിയില്ല എന്നും തിരിച്ചറിഞ്ഞത്. ഉടനെ  തന്റെ കൂട്ടുകാരനെ ഇൻസ്റ്റാൽമെന്റ് കച്ചവടക്കാരന്റെ വേഷത്തിൽ  ആ വീട്ടിലേക്ക് അയച്ചപ്പോൾ  ബദ്ധശ്രദ്ധരായിരുന്ന വീട്ടുകാർ ഇൻസ്റ്റാൽമെന്റ്കാരനെ  തോടും കണ്ടവും കുന്നും ചാടിച്ച് എറിഞ്ഞോടിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ  ഒരു പുതിയ അവതാരം വരുന്നു, കയ്യിൽ ഡയറിയുമായി . ഹൈക്കോടതിയിൽ നിന്നാണെന്നും  നോട്ടീസുണ്ടെന്നും പറഞ്ഞ ഭവാനെ വീട്ടുകാരും ബന്ധുക്കളും അയൽ വാസികളും ചോദ്യം ചെയ്തു. അതിനിടയിൽ നടേ പറഞ്ഞ കാസിം പേപ്പർ പരിശോധിച്ച്  ഒരു ഉഗ്രൻ ചോദ്യം ഉന്നയിച്ചു "എവിടെടാ, കോടതി പേപ്പറിലെ സീൽ?" വന്ന ആൾ "സീൽ ഉണ്ട് "എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് അടി പട പടാ വീണ് തുടങ്ങി .ഷർട്ട് വലിച്ച് കീറി,അയാളെ മരത്തിൽ കെട്ടിയിട്ടു. ഉടനെ പോലീസ് സ്റ്റേഷനിൽ അറിയിപ്പ്  പോയി. സാധനം കൊണ്ട് ചെല്ലാൻ ഏമാന്മാർ കൽപ്പിച്ചു.അങ്ങിനെ കള്ള കോടതിക്കാരനെ  സ്റ്റേഷനിൽ എത്തിച്ച  നിമിഷത്തിലാണ്  ഞാൻ അതിലെ കടന്ന് പോയതും റൈട്ടർ എന്നോട് സംശയം ചോദിച്ചതും..
" ഹും!!! എന്നോടാണോ വേലയിറക്കുന്നത്...വെള്ള പേപ്പറിൽ എന്തോ എല്ലാം ടൈപ്പ് ചെയ്ത് കൊണ്ട് വന്ന്  ഞങ്ങളെ പറ്റിക്കാമെന്ന് കരുതിയോ? അതിൽ സീൽ വേണ്ടേ? മിനഞ്ഞാന്ന് വന്ന ഇൻസ്റ്റാൽമെന്റ് കാരൻ ഓടിക്കളഞ്ഞു, ഇന്ന് ഇവനെ കയ്യിൽ കിട്ടി...ഹും...  കോടതിയിൽ നിന്നാണ് പോലും എന്റടുത്തല്ലെ വേല!!!" കാസിം  തന്റെ ബുദ്ധിയെ പറ്റി സ്വയം പുകഴ്ത്തി പറഞ്ഞ് അവിടെയെല്ലാം പാഞ്ഞ് നടന്നു. കള്ള കോടതിക്കാരൻ അപ്പോഴേക്കും വരാന്തയിൽ കയറി. അയാളുടെ ഷർട്ട് വലിച്ച് കീറിയിരുന്നു, തലമുടി ചന്നം പിന്നം പാറിക്കിടന്നിരുന്നു കണ്ണൂകൾ കലങ്ങിയും മുഖത്ത് അടിയുടെ പാട് തെളിഞ്ഞും കണ്ടു. ഞാൻ അയാളെ സമീപിച്ച്  ചോദിച്ചു " നിങ്ങൾ ആരാണ്?"
 "ഞാൻ ഹൈക്കോടതിയിൽ നിന്നും വരുകയാണ്..ട്ടാ...  പേപ്പറിൽ  സീലുണ്ട് ട്ടാ...അത് വാട്ടർ മാർക്കാണ്  ട്ടാ..." ആ നിമിഷം ഞാൻ കൊച്ചി ഭാഷ തിരിച്ചറിഞ്ഞു അയാളുടെ കയ്യിലെ നോട്ടീസിലെ വാട്ടർ മാർക്കും തിരിച്ചറിഞ്ഞു നോട്ടീസിലെ കാര്യവും മനസിലാക്കി  . തിരക്കിലായിരുന്ന റൈട്ടറെ ഞാൻ തലയാട്ടി വിളിച്ചു മാറ്റി നിർത്തി വിവരം പറഞ്ഞു. അപകടം മണത്ത ആ മനുഷ്യൻ  സബ് ഇൻസ്പക്ടറുടെ റൂമിലേക്ക് പാഞ്ഞു. എസ്.ഐ.ഓടി വന്നു കാര്യം മനസിലാക്കി.അപ്പോഴേക്കും കാസിം പാഞ്ഞെത്തി തിരക്കി   " സീൽ  ഇല്ലല്ലോ സാറേ?"
" തന്റെ കൂട്ടുകാർ  എവിടെ? "എസ്.ഐ. അന്വേഷിച്ചു
" ഇവിടെ ഉണ്ട്  സർ" കാസിം മൊഴിഞ്ഞു.
"അവരെയും വിളീച്ചോണ്ട് അകത്തേക്ക് വാ"  നിമിഷങ്ങൾക്കുള്ളിൽ കാസ്സിമും കൂട്ടുകാരും അകത്തായി.ഞാൻ എന്റെ സഹപ്രവർത്തകരെ വിളിച്ച്  നോട്ടീസുമായി വന്ന ആളേ(അയാളെ രമേഷ് എന്ന് വിളിക്കാം) ആശുപത്രിയിലാക്കാനും അയാൾക്ക് ഷർട്ട് വാങ്ങി  കൊടുക്കാനും  ഏർപ്പാടാക്കി പള്ളിയിൽ നിന്നും തിരിച്ച് വന്നതിന് ശേഷമാണ്  ബാക്കി വിവരങ്ങൾ അറിയുന്നത്.
ഇൻസ്റ്റാൽമെന്റ്കാരന് പണി കിട്ടിയപ്പോൾ  നിരാശനായ കാമുകൻ വർദ്ധിച്ച വീരസ്യത്തോടെ   ഒരു വക്കീലിനെ കണ്ട്  പെൺകുട്ടി അന്യായ തടങ്കിലാണെന്ന് കാണീച്ചും മറ്റ് വ്യാജോക്തികൾ ഉന്നയിച്ചും  ഹൈക്കോടതിയിൽ ഒ.പി. ഫയൽ ചെയ്തു. ഒ.പിയിൽ അർജന്റ് നോട്ടീസ് ഉത്തരവ് ചെയ്ത കോടതി  അത് പ്രത്യേക ദൂതൻ വഴി കക്ഷിക്ക് എത്തിക്കാനും ഏർപ്പാടാക്കി. ആ നോട്ടീസും കൊണ്ടാണ്   രമേഷ് വന്നത്. കാസിമും കൂട്ടുകാരും കാളപെറ്റെന്ന് കേട്ട് കയറെടുത്ത്  കാമുകന്റെ മറ്റൊരു വേല ഇറക്കാണെന്ന് കരുതി മുൻ  പിൻ നോക്കാതെ പെരുമാറുകയും ചെയ്തു. രമേഷിന് അടി കൊണ്ട വിവരം  ഫോൺ/വയർലസ് വഴി  ഹൈക്കോടതിയിലെത്തി. ശക്തമായ പ്രതിഷേധം ഉണ്ടായി. " എന്നെ അടിച്ചതിന് തുല്യമായാണ് എന്റെ പ്രതിനിധിയെ അടിച്ചതെന്ന് ബഹുമാനപ്പെട്ട  ജഡ്ജിനെ കൊണ്ട് നിരീക്ഷിക്കത്തക്കവിധം  കാര്യങ്ങൾ ഗുരുതരമായി.കാസിമും കൂട്ടുകാരും ഒരു കുഗ്രാമ നിവാസികളാണെന്നും  സാമാന്യ വിവരത്തിന്റെ കണിക പോലും അടുത്ത് കൂടി പോയിട്ടില്ലെന്നുമുള്ള പരമാർത്ഥം ഒരിടത്തും ഏശിയില്ല. ഈ ഭീകരന്മാരെ പറ്റിയുള്ള  വാർത്ത  പത്രങ്ങളിൽ  നിരന്നു. കാസിമിനും കക്ഷികൾക്കും കീഴ്ക്കോടതികളിലൊന്നും  ജാമ്യം ലഭിച്ചില്ല. ഹൈക്കോടതിയിൽ നിന്നും വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചു. പിന്നീട് കോടതി അലക്ഷ്യത്തിന് കേസ് ഉണ്ടായി. അതിലെ നോട്ടീസും കൊണ്ട് വന്ന ആൾക്ക് ഭീകരന്മാരുടെ സ്ഥലത്ത് പോയാൽ ഉപദ്രവം ഉണ്ടാകുമോ എന്ന ഭയം ഉണ്ടായതിനാൽ  കാസിമിനെ ഞാൻ ഞങ്ങളുടെ ഓഫീസിൽ  വരുത്തി നോട്ടീസ് ഒപ്പിട്ട് കൊടുത്തു. ( നോട്ടീസും കൊണ്ട് വന്ന എറുണാകുളത്ത്കാരനായ ആ ഉദ്യോഗസ്ഥൻ   ഇന്നും എന്റെ അടുത്ത സുഹൃത്താണ്) കേസ്  രണ്ട് വർഷം നടന്നു. കീഴ്ക്കോടതികളെല്ലാം ശിക്ഷ വിധിച്ചു. ഹൈക്കോടതി  ശിക്ഷ കുറച്ച് കൊടുത്തു. അപ്പോഴേക്കും പ്രതികൾക്ക് വക്കീൽ ഫീസും മറ്റുമായി വൻ തുക ചെലവായി കഴിഞ്ഞിരുന്നു. കാസിമിന്റെ ബന്ധുവിന്റെ 5 സെന്റ് സ്ഥലം വക്കീൽ    ഫീസിനും മറ്റ് ചെലവുകൾക്കുമായി വിൽക്കേണ്ടി വന്നു. മുൻ ധാരണയോടെ പെരുമാറിയ  വിഡ്ഡിത്തരത്തിന് കനത്ത വിലയാണ്  അവർ നൽകേണ്ടി വന്നത്.
അതിന് ശേഷം കാസിം കോടതി എന്നല്ല, "കോ" എന്ന് മാത്രം കേട്ടാലും എഴുന്നേറ്റ്  തൊഴുകയ്യോടെ നിൽക്കും.
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. രമേഷ് ഹൈക്കോടതി സേവനത്തിൽ നിന്നും റിട്ടയർ ചെയ്തെങ്കിലും അവിടെ തന്നെ ക്യാന്റീൻ പ്രവർത്തനവും മറ്റുമായി കഴിയുന്നു. കാസിം ഇപ്പോഴും കൊട്ടാരക്കര മാർക്കറ്റിൽ സജീവമായി വ്യാപാരത്തിൽ ഉണ്ട്. പക്ഷേ യാതൊരു അലമ്പിനും പോകാതെ തനി പാവത്താനാണ് അയാളിപ്പോൾ.

Thursday, July 21, 2016

ചില സംശയങ്ങൾ

 വാക്സിനേഷൻ  കോലാഹലങ്ങൾക്കിടയിൽ  മനസ്സിൽ കടന്ന് വന്ന ചില സംശയങ്ങൾ    ദൂരീകരിക്കേണ്ടിയിരിക്കുന്നു
അതിനു മുമ്പ്  ഈയുള്ളവൻ വാക്സിനേഷൻ വേണോ വേണ്ടയോ എന്ന  തർക്കത്തിൽ  ഒട്ടും പക്ഷം പിടിക്കുകയില്ല എന്ന മുൻ കൂർ ജാമ്യം എടുക്കുന്നു.
സംശയം 1. ഡിഫ്തീരിയാ വാക്സിനേഷൻ  എടുക്കാത്തവർ  മറ്റ് ജില്ലയിൽ ആരുമില്ലേ?
                 2. വാദത്തിനായി  മലപ്പുറം ജില്ലക്കാർ അവരിൽ ഭൂരിപക്ഷം സമുദായക്കാർ വിവര ദോഷികളാന്നുള്ളതിനാലാണ്  വാക്സിനേഷൻ എടുക്കാതിരുന്നതെന്ന് സമ്മതിച്ച് തന്നാൽ  പോലും, ഇതര ജില്ലക്കാർ പൂർണമായി  ഡിഫ്തീരിയാ വാക്സിനേഷൻ എടുത്തവരാണ് എന്നുള്ള വാദം എത്രമാത്രം ശരിയുണ്ട്.
                  3.അങ്ങിനെ വാക്സിനേഷൻ എടുക്കാത്തവർ വളരെ അധികം ഉണ്ടായിട്ട് പോലും  ഇതര ജില്ലകളിൽ ഒരിക്കൽ പോലും ഡിഫ്തീരിയ പ്രത്യ്ക്ഷപ്പെടാതിരുന്നത് എന്ത് കൊണ്ട്?
                   4, എല്ലായിടത്തും വാക്സിനേഷൻ വിരോധം ഉണ്ടായിട്ട് പോലും  (ഇതര രോഗങ്ങൾക്ക് പോലും മരുന്ന് കഴിക്കാത്ത്  സമുദായങ്ങൾ ഇതര ജില്ലകളിൽധാരാളം ഉണ്ട്) മലപ്പുറത്തെ മാത്രം ഇത്രമാത്രം എടുത്ത് പറയുന്നതെന്ത്  കൊണ്ട്?
                    5. ഞാൻ ദേശസ്നേഹമുള്ളവനാണ് എന്ന് തിടുക്കപ്പെട്ട്  വിളംബരം ചെയ്യാൻ  മുതിരുന്നത് പോലെ " ഞാൻ / ഞങ്ങളുടെ പാർട്ടി  വാക്സിനേഷന് എതിരല്ല" എന്ന്  എല്ലാരുംധൃതിപ്പെടുന്നതിന്റെ  പൊരുളെന്താണ്/ വാക് സിനേഷൻ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്  ഡിഫ്ത്തീരിയാ പിടി പെട്ട്  ലോകാരംഭം മുതൽ ആൾക്കാർ  മരിച്ച് വീഴുകയായിരുന്നോ?
                     6. ഡിഫ്ത്തീരിയാ മരണം എന്ന്  സ്ഥിരീകരിച്ച മരണങ്ങൾ  മറ്റേതെങ്കിലും ഏജൻസിയെ കൊണ്ട്  അന്വേഷിപ്പിച്ച്  മേൽപ്പറഞ്ഞ രോഗം കൊണ്ട് തന്നെയാണ്  മരണം  എന്ന്  സ്ഥാപിച്ചിട്ടുണ്ടോ? ഉദാഹരണമായി വേൾഡ്  ഹെൽത്ത്  ഓർഗനൈസേഷൻ തുടങ്ങിയവയുടെ ഇന്ത്യൻ ഏജൻസികളെ കൊണ്ട്  അന്വേഷിപ്പിച്ചിരുന്നോ? ഇതര രോഗങ്ങൾ പടർന്ന് മരണ സംഖ്യ  ഏറിയപ്പോൾ  അപ്രകാരം നടപടികൾ മുമ്പ് എടുത്തിരുന്നു.

ഈ സംശയങ്ങൾക്ക് കാരണം ലാഭം മാത്രം കണ്ട് കൊണ്ട്  രംഗത്തിറങ്ങി കളിക്കുന്ന ഭീമൻ മരുന്ന് കമ്പനിക്കാരുടെ  എല്ലാ കുൽസിത തന്ത്രങ്ങൾക്കും ഇരയായവരാണ്  ഇന്ത്യൻ ജനത, പ്രത്യേകിച്ച് മലയാളികൾ എന്ന  മുൻ അനുഭവം നമ്മെ ഭയപ്പെടുത്തുന്നതിനാലാണ്   .
അർഹമായ  കാര്യങ്ങൾക്ക് വാക്സിനേഷനോ മറ്റ് പ്രതിരോധ സംവിധാനങ്ങളോ ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കുന്നതിന്  ആർക്കും വിസമ്മതമില്ല. പക്ഷേ  തീ പിടിക്കുമ്പോൾ വാഴവെട്ടാൻ വരുന്നവരെ തീർച്ചയായും സൂക്ഷിക്കേണ്ടതല്ലേ?

Wednesday, July 20, 2016

വാക്സിനേഷനും മുസ്ലിങ്ങളും

പ്രവാചകൻ അരുളിയതായി പ്രബലമായ ഹദീസ് ഗ്രന്ഥങ്ങളിൽ വന്ന ഒരു നബി വചനം.
"ഒരു പ്രദേശത്ത് പകർച്ച വ്യാധി ഉണ്ടെന്ന് കേട്ടാൽ നിങ്ങൾ അവിടേക്ക് പോകരുത്. നിങ്ങൾ ഒരു പ്രദേശത്തായിരിക്കെ  അവിടെ പകർച്ച വ്യാധി വന്ന് പെട്ടാൽ  അവിടെ നിന്നും നിങ്ങൾ പുറത്ത് പോവുകയും ചെയ്യരുത്."
രോഗപ്രതിരോധത്തിന് ഇസ്ലാം  നൽകിയിരിക്കുന്ന സൂക്ഷമത ചൂണ്ടിക്കാണിക്കാനാണ് ഈ നബിവചനം ഇവിടെ ഉദ്ധരിച്ചത്. പ്രമാണങ്ങൾ ഇപ്രകാരമായിരിക്കവേ  മലപ്പുറത്ത് വാക്സിനേഷൻ സംബന്ധമായി ഉണ്ടായി കൊണ്ടിരിക്കുന്ന കുപ്രചരണങ്ങൾ  അസ്ഥാനത്താണ്. എല്ലാം അല്ലാഹു വരുത്തി വെച്ചതാണ് അതിനാൽ  രോഗപ്രതിരോധമൊന്നും ആവശ്യമില്ലാ എന്ന് വാദിക്കുന്നവരും  മുസ്ലിങ്ങൾ രോഗപ്രതിരോധത്തിനെതിരാണ് എന്ന് പറഞ്ഞ് പരത്തുന്നവരും വിഡ്ഡികളുടെ സ്വർഗത്തിൽ തന്നെയാണ്. രോഗപ്രതിരോധത്തിന്  വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് തന്നെയാണ് ഇസ്ലാം കൾപ്പിക്കുന്നത്. അല്ലാതെ എല്ലാം പടച്ചവൻ വരുത്തുന്നതാണ് എന്ന നിലപാട്  എടുക്കരുത് എന്ന്  മേൽ കാണിച്ച വചനം ചൂണ്ടിക്കാട്ടുമ്പോൾ  ഏതോ ഉദ്ദേശ സാദ്ധ്യത്തിനായി  മലപ്പുറം ജില്ലയിലെ ഭൂരിപക്ഷ സമുദായത്തെ  ഇകഴ്ത്തിക്കാട്ടാൻ  ചിലർ മെനക്കെടുന്നു. സത്യം ഇതിനെല്ലാം അപ്പുറത്തിനപ്പുറം നിന്ന് ചിരിക്കുകയും ചെയ്യുന്നു.

Sunday, July 17, 2016

ആനക്ക് എന്തിന് അണ്ണേ! അണ്ടർര്വെയറ് ?

ആനക്ക് എന്തിന് അണ്ണേ! അണ്ടർവെയറ് ?
 തിരുവനന്തപുരം ഭാഗത്ത് നാട്ടിൻപുറങ്ങളിലെ ഒരു   പരിഹാസ ശൈലിയാണ്  ഈ ചോദ്യം.ആന പൂർണ നഗ്നനാണ് .അത് എല്ലാവർക്കും അറിയാം. അതിന് പിന്നെ അണ്ടർവെയറിന്റെ ആവശ്യമില്ല.
  സേവന തല്പരനായ ഒരാൾക്ക് തന്റെ സേവനം നിസ്വാർത്ഥമായി നിർവഹിക്കുവാൻ അധികാരത്തിന്റെ  പിൻ ബലം ആവശ്യമില്ല.  പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച് പുരുഷായുസിന്റെ തൊണ്ണൂറുകളിലേക്ക്  മുന്നേറുന്ന വേലിക്കകത്ത്  ശങ്കരൻ അച്യുതാനന്ദൻ എന്ന വന്ദ്യ വയോധികന്  തന്റെ അനുഭവ പരിചയം ഭരിക്കുന്ന തന്റെ സ്വന്തം പാർട്ടിക്ക്  പ്രയോജനപ്പെടുത്തുന്ന വിധം  വിനിയോഗിക്കുവാൻ  ഭരണാധികാരത്തിന്റെ പിൻ ബലം ആവശ്യമില്ല. മാത്രമല്ല അദ്ദേഹം ഇപ്പോൾ ഒരു ജനപ്രതിനിധി കൂടിയുമാണ്. ആവശ്യമുള്ള ഭരണ പരിഷ്കാരങ്ങൾ പാർട്ടി വേദികളിലോ  നിയമസഭാ വേദിയിലോ ഉന്നയിക്കാൻ അദ്ദേഹത്തിന് കഴിയും. പരിണിതപ്രജ്ഞനായ  ആ പൊതുജന സേവകന്റെ നിർദ്ദേശങ്ങൾ അവഗണിക്കുവാൻ അദ്ദേഹത്തിന്റെ പാർട്ടിക്ക് കഴിയുകയുമില്ല. പിന്നെന്തിനാണ്  നിലവിലുള്ള നിയമം അദ്ദേഹത്തിന് വേണ്ടി ഭേദപ്പെടുത്തി അദ്ദേഹത്തിന്റെ അനുഭവ പരിചയം ഉപയോഗപ്പെടുത്താൻ അദ്ദേഹത്തെ ക്യാബിനറ്റ് റാങ്കുള്ള ഒരു  ലാവണത്തിൽ പ്രതിഷ്ഠിക്കുന്നത്. ഒരു പക്ഷേ പാർട്ടിക്ക്  ഇപ്രകാരം ആഗ്രഹം ഉണ്ടായാൽ തന്നെ അത് ആദ്യം എതിർക്കേണ്ടത്  നിസ്വാർത്ഥനായ ജനസേവകൻ  എന്ന പട്ടം വഹിക്കുന്ന  അദ്ദേഹം തന്നെ ആയിരിക്കേണ്ടേ? വിശപ്പിനുള്ള ആഗ്രഹം ഭക്ഷണം കഴിച്ച് അവസാനിപ്പിക്കാം. ശാരീരികാവശ്യങ്ങളും ഒരു പ്രായം ചെല്ലുമ്പോൾ അവസാനിക്കും.പണം അധികമായി ഉണ്ടായി  കഴിയുമ്പോൾ അതിനോടും വിരക്തി ഉണ്ടാകും. പക്ഷേ അധികാരത്തിനോടുള്ള ആഗ്രഹം ഒരിക്കലും അവസാനിക്കില്ലാ എന്ന് പറഞ്ഞ മഹദ് വാക്യം  ഇവിടെയും പുലരുകയാണോ? അപ്പോൾ അധികാരം ഉണ്ടെങ്കിൽ മാത്രമേ സഖാവ് ഉഷാറാകുകയുള്ളോ?
പാർട്ടി സെക്രട്ടറി എന്ന നിലയിൽ നിന്നും വളരെ വ്യത്യസ്തനായി ജനങ്ങളുടെ മുഖ്യമന്ത്രി എന്ന നിലയിൽ  പ്രശോഭിക്കുന്ന  സഖാവ്  പിണറായി വിജയൻ , "ജോലി സമയം യൂണിയൻ പ്രവർത്തനത്തിനുള്ളതല്ല" എന്ന് ധൈര്യത്തോടെ   പ്രഖ്യാപിച്ച  ആ തൻടേടം, ജനത്തോടുള്ള പ്രതിബദ്ധത, ജനം  നികുതി അടക്കുന്ന പണം ചെലവഴിച്ച്  സ്റ്റേറ്റ്  കാറും സ്റ്റാഫ്ഫും നൽകി ഇപ്രകാരം ഒരു  ലാവണം സൃഷ്ടിച്ച്  നഷ്ടപ്പെടുത്തുന്നത് പുനരാലോചിക്കേണ്ട സമയമായി.

Sunday, July 10, 2016

ഇറച്ചി കോഴികൾ

പടിഞ്ഞാറേ മാനത്ത് ആരോ കോഴിയെ കശാപ്പ്  ചെയ്ത് കായലിലേക്ക്  ചോര ഒഴിച്ചത് കൊണ്ടായിരിക്കാം  കായൽ ജലം ഇത്രയും  ചുവന്ന് കാണപ്പെടുന്നത്.

കോഴിയും കശാപ്പും ചെറുപ്പം മുതൽക്കേ കണ്ട് വരുന്നതിനാൽ  എല്ലാ സംഭവങ്ങളെയും  ഇറച്ചി കോഴിയുമായി ബന്ധപ്പെടുത്തിയേ അവൾക്ക് കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

പകൽ സമയത്തും എലികൾ തലങ്ങും വിലങ്ങും  പായുന്ന പരുക്കൻ തറയുള്ള  ആ മുറിയിലെ  ഏക ജനലിന്റെ കമ്പി അഴികളിൽ പിടിച്ച്  കായലിലേക്ക് ഉറ്റ് നോക്കി അവൾ നിന്നു. വീശി അടിക്കുന്ന കാറ്റിൽ  കായലിലെ  മലിന ജലത്തിന്റെ ദുസ്സഹമായ  ഗന്ധം നിറഞ്ഞ് നിന്നത് ഇപ്പോൾ അവൾക്ക്  പരിചിതമായി കഴിഞ്ഞിട്ടുണ്ട്.

ആവശ്യക്കാർ വരുന്ന മുറക്ക് പിടിക്കാൻ തക്കവിധം കൂട്ടിലടച്ച  ഇറച്ചി കോഴികളാണ്  താനും പരുക്കൻ തറയിൽ  ചുരുണ്ട്കൂടി കിടക്കുന്ന പെൺകുട്ടികളുമെന്ന്  അവൾ കരുതി.

ഇപ്പോൾ ഇവിടെ നിന്നും പിടിച്ച് കൊണ്ട് പോയ പെൺകുട്ടിയുടെ  നിസ്സഹായതയിൽ നിന്നുള്ള നിലവിളി അറുക്കാൻ പിടിച്ച കോഴിയുടെ ദയനീയ നിലവിളിയായാണ് അവൾക്കനുഭവപ്പെട്ടത്.

അഛൻ കോഴിക്കടയിലെ കശാപ്പ്കാരനാണ്.

മദ്യപിച്ച് രാത്രിയിൽ വേച്ച് വേച്ച് വന്ന്  അമ്മയെ തല്ലുന്നതിന് മാത്രം സമയം  കണ്ടെത്തിയിരുന്ന  അഛനിൽ നിന്നും വീട്ട് ചെലവിന് പൈസാ വാങ്ങാൻ പകൽ സമയങ്ങളിൽ മാത്രമേ സാധിക്കൂ  എന്നുള്ളതിനാൽ അമ്മ അവളെ കോഴിക്കടയിലേക്ക്  നിർബന്ധിച്ച് പറഞ്ഞയച്ചിരുന്നുവല്ലോ. അതോ തന്നെ വീട്ടിൽ നിന്നും ഒഴിവാക്കി ലൈറ്റും ഫാനും  ഇൻസ്റ്റാൽമെന്റിൽ തരുന്ന കറുത്ത തടിയൻ തമിഴനുമായി  അരുതാത്തതെല്ലാം ചെയ്യാൻ അമ്മ തന്നെ  വീട്ടിൽ നിന്നും മനപൂർവം ഓടിച്ച് വിടുകയായിരുന്നോ.?!

15 വയസ്സ്കാരിയായ തനിക്ക്  അമ്മ ചെയ്യുന്നത് അരുതാത്തതാണെന്ന്  തിരിച്ചറിയാൻ കഴിവുണ്ടെന്ന്  അമ്മക്ക് അറിയില്ലായിരിക്കാം.

വീട്ട് ചെലവിന് പൈസ്സക്കായി അഛൻ ജോലിചെയ്യുന്ന  കോഴിക്കടയിലെ കാത്ത് നിൽപ്പ് അവളെ വല്ലാതെ വിറളി പിടിപ്പിക്കും. താഴെ തറയിൽ ചുവന്ന ചോര കറുപ്പ് നിറത്തിലേക്ക്  വ്യാപിച്ച്  കിടന്നിരുന്നതിൽ  ഈച്ചകൾ അർമാദിച്ച് പറക്കുമ്പോൾ  ആ ചോരയിലേക്ക്  തങ്ങളുടെ വിഹിതം  എപ്പോഴാണ് കൂട്ടിച്ചേർക്കുന്നതെന്ന് ഭയപ്പെട്ടിരുന്ന കോഴികൾ കൂട്ടിൽ കലപില ശബ്ദം ഉയർത്തിയിരുന്നു. മരിക്കാൻ നേരവും  ആർത്തി കുറവില്ലാത്തത് കൊണ്ടാവാം  കോഴി തീറ്റ കൊത്തി എടുക്കാൻ അവർ മൽസരിച്ചു . തങ്ങളുടെ കൂട്ടത്തിൽ നിന്നും കശാപ്പിനായി  ഒരാളെ പിടിച്ചെടുക്കുമ്പോൾ  അടുത്ത ഊഴം തങ്ങളുടേതാണെന്ന് ഭയന്ന്  അവർ ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തു. അവരുടെ മുമ്പിൽ വെച്ച് തന്നെയായിരുന്നല്ലോ  പിടിച്ച് കൊണ്ട് പോകുന്നതിനെ കശാപ്പ് ചെയ്തിരുന്നത്.

ആവശ്യക്കാരൻ ചൂണ്ടിക്കാണിച്ച കോഴി ത്രാസ്സിലെ  തൂക്കം കഴിഞ്ഞ്  കശാപ്പ് ചെയ്യപ്പെടാനായി  കയ്യിലെത്തുന്ന നേരം  ഉറക്കെ കരയുന്ന കോഴിയോട്  അഛൻ പറയും " ഇപ്പോ തീരുമെടൊ ന്റെ പ്രശ്നങ്ങൾ...അടങ്ങ്, നീയ് അടങ്ങ് കോഴിയേയ്...."

മൂർച്ചയേറിയ കത്തി കോഴിയുടെ കഴുത്തിലെ  റോസ് നിറത്തിലെ തൊലിയിലൂടെ കടന്ന് പോകുന്നതും  അറുത്ത ഭാഗത്ത് നിന്നും ചീറ്റി പായുന്ന ചോര കയ്യിൽ പുരണ്ടത് ഉടുത്തിരിക്കുന്ന തോർത്തിൽ അഛൻ തുടക്കുന്നതും  അവൾക്ക് നിത്യ കാഴ്ചയായി.

കശാപ്പ് ചെയ്യപ്പെട്ട കോഴിയുടെ അനക്കം തീരാൻ അടുത്തിരിക്കുന്ന  വലിയ അലൂമിനിയം  കലത്തിലേക്ക് എറിയപ്പെടുമ്പോൾ പ്രാണ വേദനയോടെ കോഴി അലൂമിനിയം കലത്തിനുള്ളിൽ കിടന്ന് പൊങ്ങിച്ചാടുകയും ചിറകിട്ടടിക്കുകയും ചെയ്യുന്നതിനാലുണ്ടാകുന്ന  അലൂമിനിയം കലത്തിന്റെ മുഴങ്ങുന്ന ശബ്ദത്തിനൊപ്പം  അഛൻ  അടുത്തിരിക്കുന്ന തകര ട്രേയിൽ  കൈ കൊണ്ട് താളം പിടിക്കും. ഡണ്ടിമി ഡിമി ഡിമി ഡൻടിമി ഡിമി ഡിമി.... അഛന്റെ താളമടിയും ചുവട് വെപ്പും  തറയിൽ കെട്ടിക്കിടക്കുന്ന ചോരയിൽ അർമാദിക്കുന്ന ഈച്ചകളെ വിരട്ടി പറപ്പിക്കുകയും  കലത്തിലെ  കോഴിയുടെ അനക്കം തീരുന്നതോടെ അവസാനിക്കുന്ന താളമടി കഴിഞ്ഞ്  ഈച്ചകൾ പുതിയ ചോരയിലേക്ക് പറന്ന് വന്നിരിക്കുന്നതുമായ കാഴ്ച  അവൾ അറപ്പോടെ കണ്ട് നിൽക്കും.

കടയിൽ നിൽക്കുന്ന നേരമത്രയും  പണപ്പെട്ടിയുടെ സമീപമിരിക്കുന്ന  കൊമ്പൻ മീശക്കാരന്റെ ഉണ്ടക്കണ്ണുകൾ  തന്റെ ശരീരത്തിലൂടെ ഇഴയുകാണെന്ന ബോധവും  അവൾക്കുണ്ടായിരുന്നല്ലോ. പ്രായത്തിൽ കവിഞ്ഞ വളർച്ച തന്റെ ശരീരത്തിനുണ്ടായത്  തന്റെ കുറ്റമല്ല  എന്ന് അവൾക്ക് വിളിച്ച് പറയാൻ കഴിഞ്ഞുമില്ല.

എല്ലാറ്റിലും നിന്നും രക്ഷപെടാനായി അവൾ കൊതിച്ചു. ഇൻസ്റ്റാൽമെന്റുകാരനും അമ്മയുമായുള്ള  പ്രണയ ഗോഷ്ഠികളിൽ നിന്നും  അഛന്റെ കോഴി കശാപ്പിൽ നിന്നും  കൊമ്പൻ മീശക്കാരൻ തന്റെ  ശരീരത്തിൽ നടത്തുന്ന ഉണ്ടക്കണ്ണ് പീഡനത്തിൽ നിന്നും  രക്ഷപെട്ട് ഭൂമിയിലെ ഏതെങ്കിലും കോണിൽ പോയി  ജോലി ചെയ്ത് ജീവിക്കാൻ അവൾ തിടുക്കപ്പെട്ടു.

എപ്പോഴും ചൂയിംഗ് ഗം ചവക്കുന്ന ചേച്ചിയെ  അവൾ പരിചയപ്പെട്ടതും  അൽപ്പം ചില ദിവസങ്ങളിലെ പരിചയത്തിന് ശേഷം ചേച്ചി തനിക്കൊരു  ജോലി തരപ്പെടുത്തി തരാമെന്ന്  തീർച്ചപ്പെടുത്തിയ സന്തോഷ വാർത്ത അവളെ അറിയിച്ചതും  ആ തിടുക്കപ്പെടൽ കാലത്തായിരുന്നു. വീട് അടിച്ച് വാരുക, അടുക്കളയിൽ സഹായിക്കുക ഇത്രമാത്രം അവൾ ചെയ്താൽ മതിയെന്ന് കൂടി കേട്ടപ്പോൾ  താൻ നിത്യവും ചെയ്യുന്ന  ജോലിയാണല്ലോ അതെന്ന് അവൾ സാമാധാനപ്പെട്ടു.

ഇൻസ്റ്റാൽമെന്റുകാരൻ തമിഴൻ വീട്ടിൽ കയറി വന്നപ്പോൾ അഛന്റെ കടയിൽ നിന്നും പൈസാ വാങ്ങാൻ അവൾ ഇറങ്ങി തിരിച്ചു. ആ യാത്ര ഈ മുറിയിൽ അവസാനിച്ചു. ഇവിടെ എത്തിച്ച ചേച്ചിയെ പിന്നീട് കാണാൻ കഴിഞ്ഞുമില്ല.

തുറമുഖത്ത്  അടുക്കുന്ന കപ്പലിൽ നിന്നും കരക്കിറങ്ങുന്ന ചുരുണ്ട മുടിയും കറുത്ത നിറവുമുള്ള ആഫ്രിക്കക്കാരനും വെള്ള പാണ്ഡ് പിടിച്ചത് പോലെ തൊലിയുള്ള സായിപ്പുമാരും ആവശ്യക്കാരായി ഇവിടെ എത്തുമ്പോൾ ചൂണ്ടിക്കാണിക്കപ്പെട്ട  ഇറച്ചി കോഴിയെ   കശാപ്പ് ശാല നടത്തുന്നവർ  അവർക്ക് നൽകുന്നു.

ഈ കൂട്ടിൽ നിന്നും രക്ഷപെടാനൊരു  മാർഗവുമില്ലെന്ന് അവൾക്ക് തീർച്ചയുണ്ടായിരുന്നു. ജനസാന്ദ്രതയുള്ള  നഗരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ബഹുനില കെട്ടിട വനങ്ങൾ  ആകാശത്തെ നോക്കി നെടുവീർപ്പിടുന്നത്  കഴിഞ്ഞ ദിവസങ്ങളിൽ അവൾ നോക്കി നിന്നു. ആ വനങ്ങളിലെ എല്ലാ ഫ്ലാറ്റുകളിലും നിറയെ മനുഷ്യനെന്ന ഹിംസ്ര ജന്തുവിനെ അവൾ കണ്ടു.. ജനലിൽ കൂടി നോക്കിയാൽ കാണുന്ന കായലിൽ തലങ്ങും വിലങ്ങുമോടുന്ന വഞ്ചികൾ, ബോട്ടുകൾ, അതിലും  നിറയെ ഹിംസ്ര ജന്തുക്കൾ.  ഈ ഘോരവനത്തിൽ നിന്നും ഏതെങ്കിലും  ഒരു മനുഷ്യൻ തന്നെ രക്ഷപെടുത്തുവാൻ  വരുമെന്ന് അവൾ സ്വപ്നം കണ്ടില്ല.ആവശ്യക്കാർ വരുമ്പോൾ കശാപ്പ് ചെയ്യപ്പെടാൻ ഊഴം  നിശ്ചയിക്കപ്പെടുന്ന  ഇറച്ചി കോഴികൾ ഒരിക്കലും സ്വപ്നം കാണാറില്ലല്ലോ!.

എന്ത്കൊണ്ടെന്നാൽ ഇറച്ചി കോഴികൾ കശാപ്പ് ചെയ്യപ്പെടാൻ മാത്രം    ജനിച്ചവയാണ് എന്ന സത്യം അവൾ തിരിച്ചറിഞ്ഞിരുന്നു.

Saturday, July 2, 2016

ഉഷാർ ബാബാ ഉഷാർ

                                                    ഉഷാർ ബാബാ ഉഷാർ..
    ഓർമ്മയുടെ അനന്തമായ പാന്ഥാവിൽ വിദൂരതയിൽ  എവിടെയോ നിന്ന് ഒരു തപ്പ് താളം കേൾക്കുന്നുവോ? ഒരു അറബനാ കൊട്ടും കൂട്ടത്തിൽ "ഉഷാർ ബാബാ ഉഷാർ " എന്നൊരു വിളിയും. നോമ്പ് കാലത്ത് ഇടയത്താഴത്തിന്  വിളിച്ചെഴുന്നേൽപ്പിക്കാൻ അറബനാ മുട്ടും ബൈത്ത് പാട്ടുമായി രാത്രിയുടെ ഏകാന്തതയിൽ നമ്മുടെ പടി വാതിൽക്കൽ എത്തി ചേരുന്ന അത്താഴ കൊട്ടുകാരൻ ഖാലിദിക്ക!  ആലപ്പുഴയിൽ ബാല്യ  കാലസ്മരണകളിലെ ഈ അത്താഴക്കൊട്ടുകാരൻ എനിക്ക്  എന്നും അതിശയമായിരുന്നു. രാത്രി ഇരുട്ട് വീണ് കഴിഞ്ഞാൽ പുറത്തിറങ്ങാൻ ഭയന്നിരുന്ന എന്റെ ചെറുപ്പത്തിലെ സ്മരണകളിൽ പാതിരാത്രിയിൽ   കുറ്റാ കുറ്റിരുട്ടിൽ റാന്തൽ വിളക്കും  കയ്യിൽ അറബനയുമായി  സക്കര്യാ ബസാറിലും ലജനത്തിലും വട്ടപ്പള്ളിയിലുമായി  സഞ്ചരിക്കുന്ന ഖാലിദിക്കാ എന്ന ഈ അത്താഴക്കൊട്ടുകാരൻ  ഒരു അൽഭുത മനുഷ്യനായിരുന്നു. തോളുവരെ നീട്ടി വളർത്തിയ മുടിയും പച്ച തലക്കെട്ടും  തോളിൽ സഞ്ചിയുമായി വന്നിരുന്ന  ഖാലിദിക്കായെ  പെരുന്നാൾ ദിവസത്തിലാണ് പകൽ കാണാൻ സാധിക്കുക. അന്ന് എല്ലാ വീടുകളിൽ നിന്നും അദ്ദേഹത്തിന് സംഭാവനകൾ ഒരു മടിയുമില്ലാതെ കിട്ടും. ഞങ്ങൾ ഉറങ്ങി പോയാൽ രാത്രി ഉഷാർ ബാബാ ഉഷാർ വിളിച്ച് ഉണർത്തിയിരുന്നത് അദ്ദേഹമായിരുന്നല്ലോ അദ്ദേഹത്തിന്റെ മകൻ പലപ്പോഴും വാപ്പായുടെ ഈ ജോലിക്ക് തുണയായിരുന്നു  വട്ടപ്പള്ളിയിലെ യുക്തിവാദിയും പുരോഗമനാശയക്കാരനായ അക്ബർ ഇക്കാ  ഒരു കറുത്ത പുതപ്പ് പുതച്ച് കണ്ടകാരന്റെ അമ്പലത്തിന് സമീപം ഇരുട്ടിൽ നിന്ന് ഖാലിദിക്കായെ പേടിപ്പിക്കാൻ ശ്രമിച്ചതും  വാപ്പായും മകനും കൂടി ഭയന്നോടി അടുത്ത വീടിൽ     ചെന്ന് തട്ടി വിളിച്ചപ്പോൾ വീട്ടുകാർ കതക് തുറക്കാതിരുന്നതിനാൽ ഖാലിദിക്കാ ഉച്ചത്തിൽ ചീത്ത വിളിച്ച് കതക് തുറപ്പിച്ചതും ഞങ്ങൾ വട്ടപ്പള്ളിക്കാർക്ക്  അന്ന് പറഞ്ഞ് ചിരിക്കാൻ വകയായി.
കാലത്തിന്റെ കുത്തൊഴുക്കിൽ  എല്ലാം ഒലിച്ച് പോയതിൽ അത്താഴക്കൊട്ടുകാരനും പോയി. ഇന്ന് വട്ടപ്പള്ളിയിൽ അത്താഴക്കൊട്ടുകാരൻ  വരുന്നുണ്ടോ എന്നറിയില്ല. സെയ്ത് പൂക്കോയാ തങ്ങളുടെ മഖാമിൽ നിന്നും നോമ്പ് തുറക്കുള്ള വെടിയും  രാത്രി സമയത്തെ ഖാലിദിക്കായുടെ അത്താഴക്കൊട്ടും  നോമ്പ്കാല സ്മരണകളുടെ ഭാഗമായിരുന്നു.ഇന്ന്  ഇടയത്താഴത്തിന് എഴുന്നേൽപ്പി ക്കാൻ മൊബൈൽ അലാറം ഉണ്ട്. അത്താഴക്കൊട്ടുകാരന്റെ ആവശ്യമില്ല. പുതിയ കാലത്ത് പഴയ വേഷങ്ങൾ അഴിച്ച് വെച്ച് ഓരോരുത്തർ പോയി മറയും ഖാലിദിക്കായും യാത്ര പറഞ്ഞ്  പോയി കാണും, മകൻ ഉണ്ടോ എന്നറിയില്ല. എങ്കിലും പുണ്യ പൂക്കാലത്തിന്റെ ഈ അവസാന നാളുകളിൽ അത്താഴക്കൊട്ടുകാരൻ  മനസിന്റെ ഏതോ മൂലയിൽ നിന്ന് അറബന കൊട്ടി പാടുന്നതായി എനിക്ക് അനുഭവപ്പെടുന്നു."ഉഷാർ ബാബാ ഉഷാർ...ഉഷാർ ബാബാ ഉഷാർ "
പുണ്യ  മാസമേ! നന്മകളുടെ നാളുകളേ! കാരുണ്യത്തിന്റെ നാഴികകളേ! നിങ്ങൾക്ക് വിട... വിട... വിട....