Wednesday, April 30, 2014

കഴുതകൾ ചുമക്കട്ടെ.

മെയ് മാസം അഞ്ചാം തീയതി  മുതൽ ബസ് മുതലാളിമാർ സമരത്തിലാണത്രേ!. മിനിമം ബസ് കൂലി   പത്ത് രൂപാ  ആക്കണം പോലും.അപ്പോൾ ഒരു കാര്യം ഉറപ്പായി. ബസ് ചാർജ് വർദ്ധിപ്പിക്കാൻ പോകുന്നു. ഇപ്പോൾ ഫയങ്കര നഷ്ടത്തിൽ ഓടുന്ന ബസ് സർവീസ്  അൽപ്പമെങ്കിലും നഷ്ടത്തിൽ നിന്നും കരകയറണമെങ്കിൽ ചാർജ് വർദ്ധനയല്ലാതെ   മറ്റ് പോം വഴികൾ  ഇല്ലാ എന്ന്  മുതലാളിക്കും   വകുപ്പ്  മന്ത്രിക്കും   തീർച്ച. സമീപ സംസ്ഥാനങ്ങളിൽ ഇതിലും കുറഞ്ഞ ചാർജിന് ബസ് സർവീസ് നടത്തുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
 വകുപ്പ് മന്ത്രിയും മുതലാളിമാരും തമ്മിൽ ധാരണയ്ലെത്തുന്നു, നിങ്ങൾ സമരിക്കുക, ബസ് റോഡിലിറക്കാതെ സമരിച്ച് ജനത്തെ ബുദ്ധിമുട്ടിപ്പിക്കുക, അപ്പോൾ ഒത്ത് തീർപ്പ് ചർചക്ക് ഞങ്ങൾ  നിങ്ങളെ വിളിക്കും, ഒരു ചർച്ചാ  പ്രഹസനം,  അതിന്റെ അവസാനം  ചാർജ് കൂട്ടാൻ അനുവദിച്ച്  ഒത്ത് തീർപ്പ്.  അതു കൊണ്ട് രണ്ടുണ്ട്  ഗുണം. ഒന്ന്. ഞങ്ങൾക്കും ഉണ്ടല്ലോ വെള്ളാന വണ്ടികൾ, കെ.എസ്.ആർ.റ്റി.സി.  അതിന്റെ ചാർജ് ഞങ്ങൾ  ഭരണക്കാരായി കൂട്ടിയാൽ ജനം ഞങ്ങളെ പഴി പറയും,  നിങ്ങൾക്കൊപ്പം കൂട്ടിയാൽ അതിന് പഴിയില്ല, നിങ്ങൾക്കും സുഖം ഞങ്ങൾക്കും  സുഖം. രണ്ടാമത്തെ ഗുണം, ചാർജ് കൂട്ടി തരുന്നതിനാൽ  നിങ്ങൾ ഞങ്ങൾക്ക് തരുന്ന ഇലക്ഷൻ ഫണ്ട്.   ബഹൂത്ത് അഛാ എല്ലാവർക്കും സുഖം..ചാർജ് വർദ്ധനവ് മൂലമുള്ള  അധിക  ഭാരമോ?  അത് ചുമക്കാനല്ലേ  ഇവിടെ പൊതുജനമെന്ന കഴുതകൾ വരി വരിയായി നിൽക്കുന്നത്.  അവറ്റകൾ  ചുമന്നോളും.  അഞ്ച് വർഷം കൂടുമ്പോൾ  അവറ്റകൾ കുത്തി തരും ഞങ്ങൾ മുന്നണികൾക്ക്  ഭർക്കാനുള്ള ലൈസൻസ്. മറ്റവന്മാർ ഭരിച്ചാലും ഇത് തന്നെ അവസ്ഥ.അവർ കഴിഞ്ഞ ടേമിൽ കണ്ണിൽ ചോര ഇല്ലാതെ എത്ര തവണ ചാർജ്  കൂട്ടി.  അടുത്ത തവണ അവർ വന്നാലും ഇത് തന്നെ ഗതി     ചങ്കരൻ അറ്റ് ദി  കോക്കനട്ട് ട്രീ.
അപ്പോൾ പൊതു ജനമെന്ന കഴുതകളേ ! തയാറായ്  നിൽക്കുക, അരിയുടെ പച്ചക്കറിയുടെ   വില വർദ്ധനാ ഭാരത്തോടൊപ്പം  യാത്രാക്കൂലി ഭാരവും ചുമക്കാൻ.

Saturday, April 26, 2014

ചാറ്റിംഗ് സൂക്ഷിക്കണേ!

കത്തി കൊണ്ട് പഴം മുറിക്കാം, പച്ചക്കറി അരിയാം. ഒരുത്തന്റെ പള്ളക്ക് കയറ്റി അവനെ കൊല്ലുകയുംചെയ്യാം. ഫെയ്സ്ബുക്ക് പോലുള്ള ചില മാധ്യമങ്ങൾ  ഈ തരത്തിൽ ഗുണത്തിനും ദോഷത്തിനും ഉപകരിക്കും എന്നത് നിസ്തർക്കമായ  വസ്തുതയെന്ന്   ഇപ്പോൾ എനിക്ക് പറയാൻ  ഇടയാകത്തക്കവിധം  ഒരു കേസിൽ എനിക്ക് ഇടപടേണ്ടി  വന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള  വഴക്ക് വിവാഹമോചനം വരെ എത്തി നിൽക്കുന്ന അവസ്ഥയിൽ    മദ്ധ്യസ്തതക്ക് ശ്രമിച്ചപ്പോൾ   നമ്മുടെ  പ്രിയപ്പെട്ട ഫെയ്സ്ബുക്ക്  അതിൽ കക്ഷിയായി വന്നു. ഭാര്യയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട്  വിവാഹാനന്തരം സ്നേഹം മൂത്ത് നിന്ന അവസരത്തിൽ  ഭാര്യ ഭർത്താവിന്   കൈകാര്യം  ചെയ്യാൻ  സർവസ്വാതന്ത്രിയം  അനുവദിച്ച് കൊടുത്തു.    മെയിൽ ഐ.ഡിയും  പാസ് വേർഡും  ചെവിയിൽ മന്ത്രിച്ച് കൊടുത്ത് നമ്മൾ തമ്മിൽ എന്ത് രഹസ്യം എന്ന്  മൊഴിഞ്ഞു. പിന്നീട് രണ്ട് പേരും ചേർന്നായി ചാറ്റിംഗ്. ഒലിപ്പീര് കക്ഷികളെ  ഭാര്യ ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ  അതിരുവിട്ട തമാശകളാലും പ്രയോഗങ്ങളാലും  കബളിപ്പിച്ചു രസിച്ചൂ. ഒന്നിലധികം പുരുഷന്മാർ ഈ തരത്തിൽ  ചാറ്റിംഗിലൂടെ  ഇത് നേരായ സ്നേഹമെന്ന് തെറ്റിദ്ധരിച്ച്  മറുപടികൾ നൽകുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങിനെ തുടരവേ  ആദ്യ   കാലത്ത്  മൂത്ത്   നിന്ന സ്നേഹത്തിന്റെ  ഗ്രാഫ്  കാലം കഴിഞ്ഞപ്പോൾ  കീഴോട്ട് വന്നു. ആദ്യ കാലഘട്ടത്തിൽ  ഭർത്താവ്  പറഞ്ഞത് ഭാര്യ കേൾക്കുകയും അടുത്ത ഘട്ടത്തിൽ ഭാര്യ പറഞ്ഞത്  ഭർത്താവ് കേൾക്കുകയും ഇപ്പോൾ രണ്ട് പേരും കൂടി പറയുന്നത് അയൽക്കാർ കേൾക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക്  കാര്യങ്ങൾ എത്തി ചേർന്നു. ഇപ്പോൾ കേസ് കോടതിയിലാണ് .അത് അവിടെ നിൽക്കട്ടെ;    എവിടെ  പോയാലും കെട്ടിപിടിച്ച് അടുത്തടുത്ത് ഇരുന്ന  അവർ  രണ്ട്  പേരും കോടതി തിണ്ണയുടെ  അങ്ങേ അറ്റവും  ഇങ്ങേ അറ്റവും  നിന്ന്  മാനത്ത് നോക്കി  നെടുവീർപ്പിടട്ടെ. ധാരാളം കക്ഷികൾ അതേ പോലെ ആ തിണ്ണയിൽ വേറെയുമുണ്ടല്ലോ! പക്ഷേ മറ്റൊരു കാര്യം ചൂണ്ടി കാണിക്കാനാണ്  ഞാൻ ഈ കുറിപ്പുകൾ ഇവിടെ കോറി ഇട്ടത്.  ഭാര്യയും ഭർത്താവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞൊതുക്കാൻ  ഞാൻ ശ്രമിച്ചപ്പോൾ  ഭർത്താവദ്ദേഹം  ഭാര്യക്കെതിരായി പറഞ്ഞ  പ്രധാനപ്പെട്ട ആരോപണം ഭാര്യക്ക് പല പുരുഷന്മാരുമായി അവിഹിത ബന്ധം ഫെയ്സ്ബുക്കിലൂടെ ഉണ്ടെന്നാണ്. തെളിവിനായി  ഭാര്യയുടെ അക്കൗണ്ടിലെ  പഴയ ചാറ്റിംഗ് ആണ് ഉദ്ധരിച്ചത്. ഇത് കേട്ട ഭാര്യ  പൊട്ടി തെറിച്ച് വിളിച്ച് കൂവിയത്  "അത് നമ്മൾ രണ്ട് പേരും ഒന്നിച്ചിരുന്ന്   ചെയ്തതല്ലേ " എന്നായിരുന്നു.  എന്നിട്ട്   ആ സംഭവങ്ങൾ വിവരിക്കുകയും ചെയ്തു. അപ്പോൾ ഭർത്താവിന്റെ പ്രതികരണം എനിക്കങ്ങ് ക്ഷ പിടിച്ചു.   "ഹും!  ഞാൻ അങ്ങിനെ പറഞ്ഞാലും നീ അങ്ങനെ ചെയ്യുമോ? " എന്നായിരുന്നു അയാൾ കൂളായി  ചോദിച്ചത്.  എങ്ങിനുണ്ട്   ഫെയ്സ്ബുക്ക്  പരാക്രമങ്ങൾ.

പിൻ കുറി:  പരിധി വിട്ട ചാറ്റിംഗ്   കാണുമ്പോൾ വെട്ടിൽ  വീഴല്ലേ മക്കളേ! ചിലപ്പോൾ അവർ രണ്ട് പേരും കൂടി  ഇരുന്ന് നമ്മളെ വഹിക്കുകയായിരിക്കും.....

Wednesday, April 23, 2014

മനുഷ്യൻ ഒരു ജീവി അല്ല.

പേ നായ്  കടിച്ചുള്ള  മരണ വാർത്തകൾ  പത്ര താളുകളിൽ സുലഭമാണ്. എന്നിട്ടും അധികാരികൾ ഈ വിപത്തിന് നേരെ  നടപടികളെടുക്കാത്തത്  മനേകാ ഗാന്ധി ഭരണത്തിലിരുന്നപ്പോൾ  കൊണ്ട് വന്ന ഒരു നിയമത്തിന്റെ  പിൻ ബലത്തിലാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ആയമ്മ   വീട്ടിലാകുമ്പോൾ മതിൽ കെട്ടിനുള്ളിലും  പുറത്ത് സഞ്ചരിക്കുമ്പോൾ  കാറിലുമായതിനാൽ  അവർക്ക് തെരുവ് നായ്ക്കളെ ഭയപ്പെടേണ്ട കാര്യമില്ലാ, അത് കൊണ്ട് തന്നെ സാധാരണക്കാരൻ  തെരുവ് നായ്ക്കളിൽ നിന്നും അനുഭവിക്കുന്ന ഭീഷണി മനസിലാവുകയുമില്ല. ജീവകാരുണ്യ പ്രവർത്തിയുടെ പേരിൽ  ജീവജാലങ്ങളെ കൊല്ലുന്നത് തടയുവാൻ നിയമം  സൃഷ്ടിക്കുന്ന ഈ വരേണ്യ വർഗം  മനുഷ്യനെ ജീവി ആയി കണക്കിലെടുക്കാത്തത് സ്വാഭാവികം  തന്നെ.അവരുടെ  വളർത്ത് നായ്ക്കൾക്ക്   നൽകുന്ന പരിചരണം  പോലും ലഭിക്കാത്ത ,അവക്ക് കൃത്യ സമയം നൽകുന്ന പാലും ബിസ്ക്കറ്റും പോലും ലഭിക്കാത്ത  എത്രയോ ശിശുക്കൾ  ഡെൽഹിയിലെ  ചേരികളിൽ ഉണ്ടെന്നുള്ളത് അവർ അറിയുന്നില്ലല്ലോ. നാട്ടും പുറങ്ങളിലെ  വയൽ വരമ്പിലും കൊച്ച് ഇടവഴികളിലും കൂടി  കാൽനടയായി  സഞ്ചരിക്കുന്ന സാധാരണക്കാരൻ  അഭിമുഖീകരിക്കുന്ന അലഞ്ഞ് നടക്കുന്ന നായ്ക്കളിൽ നിന്നും ഉണ്ടാകുന്ന അപകടങ്ങൾ  ദന്തഗോപുരത്തിൽ കഴിയുന്ന മന്ത്രിമാാർക്കും  ഉദ്യോഗസ്ഥർക്കും  മനസിലാകില്ല. മുറ്റത്ത് കിടന്ന് കൈകാലിട്ട് കളിക്കുന്ന കുഞ്ഞിന് നേരെ രു പുലി ചാടി വരുമ്പോൾ  പുലിയെ കൊല്ലുന്നത് ഹിംസ അല്ലാത്തത് പോലെ    മനുഷ്യന് ജീവാപായം സംഭവിക്കാൻ കാരണമാകുന്ന അലഞ്ഞ് തിരിഞ്ഞ്  നടക്കുന്ന നായ്ക്കളെ തെരഞ്ഞ് പിടിച്ച് കൊല്ലുന്നതും  ഒരിക്കലും ഹിംസ ആകില്ലന്ന് തിരിച്ചറിയുക.
തിരുവനന്തപുരത്ത് നടന്ന ബ്ലോഗ് മീറ്റിൽ പങ്കെടുക്കാൻ  പ്രസ് ക്ലബ് കെട്ടിടത്തിലേക്ക്  സെക്രട്ടറിയേറ്റിന് സമീപം കൂടി  പോയപ്പോൾ  ഭരണ സിരാകേന്ദ്രമായ  ആ സ്ഥലത്ത് കണ്ട   തെരുവ് നായ്ക്കളാണ് ചിത്രത്തിൽ

Saturday, April 19, 2014

വിലയില്ലാത്ത മാംസം

400  രൂപാ വിലയായിരുന്ന  ആട്ടിറച്ചിക്ക് 450-500ലേക്ക് വില ഉയർന്നപ്പോൾ  പശുവിന്റെ  ഹസ് ബന്റിന്റെ മാംസത്തിന് 220ൽ നിന്നും 250 ആയി. കോഴിയുടെ കാര്യം പറയാനില്ല. തോന്നുന്നത് പോലെയാണ് വില. ഒരു ഹർത്താലോ മറ്റൊ വന്നാൽ  അന്ന് തീ വിലയാണ്. ഹർത്താൽ ആഘോഷിക്കേണ്ടേ? മാംസം എന്ന ഭൗതിക കാഴചപ്പാട്  മാത്രം എടുത്താൽ   വിലക്കുറവുള്ള   അഥവാ ഒട്ടും വില ഇല്ലാത്ത ഒരു  ഇനം മാംസം മാത്രം  ഭൂമിക്ക് മുകളിൽ ഉണ്ട്.
മനുഷ്യ മാംസം.!!!
 കഴിഞ്ഞ ദിവസവും  ഒരു  സി.പി.എം കാരനെ ആർ.എസ്.എസ്.കാർ എന്ന് പറയപ്പെടുന്ന കുറച്ച് പേർ ചേർന്ന്  ഞങ്ങളുടെ ദേശത്തിന് സമീപം(നെടുമൺകാവ്) അറുത്തു.  പകരം വീട്ടാനായി  ഇരയുടെ പാർട്ടിക്കാർ  ഉടനെ തന്നെ ശത്രുക്കളെ അറുക്കും. കോഴിയുടെ വില പോലും മനുഷ്യനില്ലല്ലോ!!!.
 പണ്ടെവിടെയോ വായിച്ച ഒരു കഥ ഓർമ്മ വരുന്നു.
വനാന്തർഭാഗത്തിലെ നരഭോജിയോട് മിഷനറി പ്രവർത്തകൻ ആരാഞ്ഞു.
എന്തിനാണ് നിങ്ങൾ മനുഷ്യരെ  കൊന്ന് തിന്നുന്നത്?
നരഭോജിയുടെ മറുപടി:  ഞങ്ങൾ വിശന്നിട്ടാണ് മനുഷ്യനെ കൊന്ന് തിന്നുന്നത്. നിങ്ങളോ? നിങ്ങൾ ഒരു ആവശ്യവുമില്ലാതെയെല്ലേ യുദ്ധങ്ങളിലൂടെയും മറ്റും പതിനായിരങ്ങളെ കൊല്ലുന്നത്. എന്നിട്ട് അതൊന്നും തിന്നുകയുമില്ല.  പട്ടിണി കിടക്കുമ്പോൾ അത്യാവശ്യത്തിന്  ഞങ്ങൾ വല്ലപ്പോഴും ഒരെണ്ണത്തിനെ കൊല്ലുമ്പോൾ  നിങ്ങൾ ഒരു ആവശ്യവുമില്ലാതെ എത്രയോ കൊല നടത്തുന്നു.
അതേ! നരഭോജിപറഞ്ഞത് എത്രയോ വാസ്തവം.  ദിനവും എത്രയെണ്ണംമനുഷ്യരെ മനുഷ്യൻ തന്നെ കൊല്ലുന്നു.

Sunday, April 13, 2014

ജെ.സി ഡാനിയലിന്റെ കല്ലറ.

  വരുന്ന പെസഹാ വ്യാഴ്ച്ചയയിൽ ഒരു വർഷം കഴിഞ്ഞിരിക്കുന്നു,  ഞാൻ അഗസ്തീശ്വരത്ത്   മലയാളത്തിലെ ആദ്യ സിനിമാ നിർമ്മാതാവായ കെ.സി. ഡാനിയലിന്റെ  ശവകുടീരം കാണാൻ പോയിട്ട്.  ഇന്നും ആ സ്ഥലത്തിന് മാറ്റമൊന്നുമില്ല. അദ്ദേഹത്തിനെ മറമാടിയിരിക്കുന്ന ആ സ്ഥലം  ഇപ്പോഴും പഴയ പടി തന്നെ. കലാ സ്നേഹികൾ ഇനിയെങ്കിലും ആ സ്ഥലം  സംരക്ഷിക്കാൻ   പരിശ്രമിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ വർഷം ഞാൻ ഇത് സംബന്ധമായിട്ട പോസ്റ്റ്  വിശദ വിവരങ്ങൾക്കായി   ഒന്നു കൂടി  സമർപ്പിക്കുന്നു.

സെലുലോയിഡ്  മലയാളം സിനിമ പുറത്ത് വരുന്നതിനു മുമ്പ് തന്നെ കെ.സി.ഡാനിയലിനെയും മലയാള സിനിമയിലെ ആദ്യ നടി റോസിയെയും കുറിച്ച് ആദ്യ മലയാള സിനിമ നടി റോസി എന്ന പേരിൽ ഞാൻഎന്റെ ബ്ലോഗിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ആദ്യ മലയാള ചലചിത്രം വിഗതകുമാരനെ സംബന്ധിച്ചു എന്റെപിതാവിൽ നിന്ന് ബാല്യകാലത്ത് കേട്ട വിവരങ്ങൾ മനസിലുണ്ടായിരുന്നത് ഉപയോഗപ്പെടുത്തിയും  പിൽക്കാലത്ത് പലപ്പോഴായി ഞാൻ നടത്തിയ   യാത്രകളിൽ ഈ വിഷയ സംബന്ധമായി കൂടുതലായി എനിക്ക് ലഭ്യമായ അറിവുകൾ പ്രയോജനപ്പെടുത്തിയുമാണ് പ്രസ്തുത ലേഖനം തയാറാക്കിയത്.
അന്ന് റോസിയെ പറ്റി കിട്ടിയ സൂചനകൾ ഉപയോഗിച്ച് ഞാൻ  നാഗർകോവിൽ വരെ എത്തിയെങ്കിലും അവിടെ നിന്ന് ശരിയും സത്യസന്ധവുമായ വിവരങ്ങൾ ലഭ്യമാകാതിരുന്നതിനാൽ എന്റെ യാത്ര വിഫലമാകുകയും മലയാളത്തിലെ ആദ്യ നടി ആരാലും തിരിച്ചറിയപ്പെടാതെ മണ്മറഞ്ഞ് പോയി എന്ന് എനിക്ക് ബോദ്ധ്യം വരുകയും ചെയ്തു.

 ജെ.സി.ഡാനിയൽ അവസാനകാലം കഴിച്ച്കൂട്ടിയ അഗസ്തീശ്വരം സന്ദർശിക്കണമെന്ന് പലപ്പോഴും ആഗ്രഹിച്ചു എങ്കിലും അവിടേക്കുള്ള യാത്ര പല കാരണങ്ങളാലും നീണ്ട് പോയി.സെലുലോയിഡ് സിനമാ പുറത്ത് വന്നപ്പോൾ പഴയ ആഗ്രഹം വീണ്ടും തലപൊക്കി. അങ്ങിനെ കഴിഞ്ഞ മാർച്ച് 28 പെസഹാ വ്യാഴാഴ്ച്ച ദിവസം അഗസ്തീശ്വരം ലക്ഷ്യമാക്കി ഇറങ്ങി തിരിച്ചപ്പോൾ എന്റെ നല്ല പാതിയും മകൻ സൈലു,അവന്റെ ഭാര്യ സുമയ്യ, അവരുടെ സന്തതികളായ സൽമാൻ, സ അദ്, സഫാ എന്നിവരും  യാത്രയിൽ എനിക്ക് കൂട്ടായി വന്നു.
അഗസ്തീശ്വരം കന്യാകുമാരിയുടെ വടക്ക് ഭാഗത്താണെന്നും നാഗർകോവിലിനു തെക്ക് ഭാഗത്ത് വന്ന് ഇടത് വശത്തേക്ക് തിരിഞ്ഞാലും അവിടെ എത്തി ചേരാമെന്നും അറിഞ്ഞിരുന്നുവെങ്കിലും സ്ഥലത്തിന്റെ ശരിയായ സ്ഥാനം എനിക്കറിയില്ലായിരുന്നു. ഏത് സ്ഥലവും കണ്ടെത്താമെന്നുള്ള ആത്മധൈര്യം എനിക്ക് കൂട്ടുണ്ടായിരുന്നല്ലോ. വഴിയിലെ അന്വേഷണത്തിൽ നാഗർകോവിലിൽ നിന്ന് തിരിഞ്ഞ് പോകാതെ കന്യാകുമാരി വഴി അഗസ്തീശ്വരം പോകുന്നതാണ് ഉത്തമമെന്ന് അറിഞ്ഞതിനാൽ നേരെ കന്യാകുമാരിക്ക് വെച്ച്പിടിച്ചു. കത്തിക്കാളുന്ന മീന വെയിലിന്റെ ചൂടിന് ശമനം വരുന്നത് വരെ കന്യാകുമാരിയിൽ തങ്ങി.


അവിടെ നിന്നും അഗസ്തീശ്വരത്തേക്ക് യാത്ര തുടർന്നപ്പോൾ സായാഹ്നം ആരംഭിച്ചിരുന്നു. 
കൃസ്ത്യൻ നാടാർ സമുദായത്തിൽ പെട്ട ധാരാളം ആൾക്കാർ ജീവിക്കുന്ന അഗസ്തീശ്വരത്ത് ചെന്ന് കെ.സി.ഡാനിയലിനെ പറ്റി അന്വേഷിച്ചാൽ പറഞ്ഞ് തരാൻ ധാരാളം ആൾക്കാർ കാണുമെന്ന വിശ്വാസം എനിക്ക് ധൈര്യം നൽകിയിരുന്നല്ലോ.38കൊല്ലത്തിനു മുമ്പ് മരിച്ച ഡാനിയലിനെ പറ്റി കൂടുതൽ അറിയാൻ പ്രായമുള്ള ആൾക്കാരെ സമീപിക്കുന്നതാണ് ഉചിതമെന്ന തിരിച്ചറിവിനാൽ എതിർ ദിശയിൽ നിന്നും വന്ന വൃദ്ധന്റെ സമീപം കാർ നിർത്തി ഞാൻ ഡാനിയലിനെ പറ്റി തിരക്കി. മലയാള സിനിമയുടെ പിതാവ്, പ്രസിദ്ധനായ ദന്ത ഡോക്ടർ, എന്നീ നിലയിൽ ഡാനിയൽ ഏവർക്കും സുപരിചിതൻ ആയിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു. മാത്രമല്ല എല്ലാ മലയാള സിനിമകളും നാഗർകോവിലിൽ പ്രദർശിപ്പിക്കുമെന്നതിനാൽ സെലുലോയിഡ് സിനിമയും അവിടെ പ്രദർശിപ്പിച്ചിരിക്കുമെന്നും അത് വഴി അഗസ്തീശ്വരവും ഡാനിയലും ആ നാട്ടുകരാൽ ബഹുമാനിക്കപ്പെട്ടിരിക്കുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. സെലുലോയിഡിന്റെ പ്രദർശനത്തെ തുടർന്ന് മുൻ മുഖ്യ മന്ത്രിയുടെ സന്തതികളും സിനിമാ സംവിധായകനായ കമലും തമ്മിലുണ്ടായ സംവാദങ്ങൾ നാഗർകോവിലിലും അലയടിച്ചിരിക്കുമെന്നും അതിനാൽ തന്നെ അഗസ്തീശ്വരവും ഡാനിയലും തമിഴന്റെ ഉള്ളകത്തിൽ
ഇടം കണ്ടെത്തിയിരിക്കുമെന്നും  എനിക്ക് ഒട്ടും തന്നെ സംശയവും ഇല്ലായിരുന്നു.
 എന്റെ എല്ലാ വിശ്വാസങ്ങളും ധാരണകളും കടപുഴുകി എറിയപ്പെട്ടു ആ വൃദ്ധന്റെ പ്രതികരണത്തിൽ.
“ഡാനിയലാ……,അവർ യാരു?.....വീട് എങ്കേ?  സിനിമാ പുടിച്ചാച്ചാ….മലയാളമാ…അവരെ എനക്ക് തെരിയാത്… അങ്കേ പോയി കേട്ട് പാരു…” വൃദ്ധൻ ഒന്ന് രണ്ട് കടകളും ഒരു ചെറിയ പ്രിന്റിംഗ് പ്രസ്സും സ്ഥിതി ചെയ്യുന്ന കവലയിലേക്ക്  കൈ ചൂണ്ടി.ഞാൻ വഴിയിൽ കണ്ട നാലഞ്ച് പേരോട് ഡാനിയലിനെ പറ്റി അന്വേഷിച്ചതിൽ അവരിൽ നിന്നും ഡാനിയലിനെ പറ്റി അറിയില്ല  എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് കവലയിൽ ഉണ്ടായിരുന്ന പ്രിന്റിംഗ് പ്രസ്സിലേക്ക് കയറി ചെന്ന് അവിടെ കണ്ട പെൺകുട്ടിയോട് സിനിമാ പ്രൊഡ്യൂസറായിരുന്ന ഡാനിയൽ… എന്ന  മുഖവുരയോടെ അന്വേഷണം ആരംഭിച്ചു.പെൺകുട്ടികൾ സിനിമാ ഭ്രാന്ത്കാരായിരിക്കുമെന്നതിനാൽ എന്തെങ്കിലും സൂചനകിട്ടുമെന്ന് എനിക്ക് പ്രത്യാശ ഉണ്ടായിരുന്നു. പക്ഷേ ആ പെൺകുട്ടിയും കൈ മലർത്തി.
   “എൻ  താത്താ ഇപ്പോ വരുവാര്, അവർക്കിട്ട കേട്ടാൽ വെവരം കെടക്കുമേ…അവർ  രൊമ്പ പ്രായമായവർ…….അവളുടെ മുത്തഛൻ പ്രായമുള്ള ആളായതിനാൽ അയാൾക്ക് വിവരം നൽകുവാനാകുമെന്ന് അവൾ പറഞ്ഞുവെങ്കിലും സമയം ഏറെ കഴിഞ്ഞിട്ടും “താത്താ വന്നില്ല
പ്രസ്സിനു എതിർവശം ഒരു കൃസ്തീയ ദേവാലയം തല ഉയർത്തി നിന്നിരുന്നു.
  “ചർച്ചിലെ ഫാദർ കിട്ടെ കേട്ട് പാരു…..അവർക്ക് എല്ലാം തെരിയുമേ” എന്ന് പെൺകുട്ടി പറഞ്ഞ് തന്നപ്പോൾ “ശ്ശോ ഈ ബുദ്ധി എനിക്കിത് വരെ തോന്നിയില്ലല്ലോ”എന്ന് ഞാൻ സ്വയം കുറ്റപ്പെടുത്തി.
ആ കൃസ്തീയ ദേവാലയത്തിൽ എത്തിയ എനിക്ക് അവിടെ ഉണ്ടായിരുന്ന ഫാദറിന്റെ ചിരിച്ച മുഖം ആശ്വാസം നൽകിയെങ്കിലും ഡാനിയലിനെ പറ്റി അന്വേഷിച്ചപ്പോൾ ജെ.സി.ഡാനിയലിനെന്താണ് പ്രാധാന്യമെന്ന് റവറന്റ് ഫാദറിനെ ഞാൻ പഠിപ്പിക്കേണ്ടി വന്നു. വിഗതകുമാരനും ജെ.സി.ഡാനിയലും സെലുലോയിഡുമൊന്നും അച്ചന്റെ അറിവിന്റെ അയൽ പക്കത്തൊന്നും ഇല്ലായിരുന്നു.തുടർന്ന് ഞാൻ ദന്ത ഡോക്ടറായിരുന്ന ഡാനിയലിനെ പറ്റി ചോദിച്ചു.മാത്രമല്ല ഞാൻ വിദൂര സ്ഥലമായ കൊട്ടരക്കരയിൽ നിന്നും അദ്ദേഹത്തിന്റെ വിവരങ്ങൾ അറിയാനായി മാത്രം എത്തിയതാണെന്നും എങ്ങിനെയെങ്കിലും എന്നെ സഹായിച്ചില്ലെങ്കിൽ എന്റെ  യാത്ര വിഫലമാകുമെന്നും അച്ചനെ വിനയപുരസ്സരം അറിയിച്ചപ്പോൾ  “ഇവനു വട്ടാണോ, 38കൊല്ലത്തിനു മുമ്പ്  ചത്ത ആളെ തിരക്കി വരാനെന്ന” ചോദ്യ ഭാവം അച്ചന്റെ മുഖത്തുണ്ടായിരുന്നു  എന്ന് എനിക്കുറപ്പുണ്ടായിരുന്നു. എങ്കിലും ആ നല്ലവനായ പുരോഹിതൻ പതുക്കെ എഴുന്നേറ്റ് ഒരു പഴയ രജിസ്റ്റർ എടുത്ത് താളുകൾ മറിക്കാൻ തുടങ്ങി.മരിച്ചവരെ മറവ് ചെയ്യുന്നത് ആ പള്ളിയിലാണെങ്കിൽ എന്തെങ്കിലും രേഖകൾ അത് സംബന്ധമായി   കാണുമായിരിക്കും എന്ന് കരുതിയാണ് ഞാൻ പ്രത്യാശയോടെ അവിടെ കാത്ത് നിന്നത്. കുറേ ഏറെ പേജുകൾ മറിച്ചതിനു ശേഷം രണ്ട് ജെ.സി.ഡാനിയലുകാരുടെ മേൽ വിലാസം ഫാദർ എനിക്ക് തന്നു.ഡാനിയൽ കുടുംബത്തിൽ പെട്ടവരായിരിക്കും അവരെന്ന വിശ്വാസത്തിൽ അച്ചനോട് നന്ദിയും പറഞ്ഞ് ആ മേൽ വിലാസത്തിലെ വീടും അന്വേഷിച്ച് പള്ളിക്ക് സമീപമുള്ള സ്കൂളിനടുത്തെത്തിയ എന്റെ എല്ലാ പ്രതീക്ഷകളും തകർത്ത്കൊണ്ട് ആ വീടിന്റെ  ഗേറ്റ് പുറത്ത് പൂട്ടിട്ട നിലയിൽ കാണപ്പെട്ടു.അയൽ വാസിയായ ഡേവിഡിനോട് അന്വേഷിച്ചതിൽ അവർ നാഗർകോവിലിൽ പോയി കാണുമെന്ന മറുപടിയാണ് ലഭിച്ചത്.ഡേവിഡുമായി ഞാൻ ഏറെ നേരം സംസാരിച്ച് നിന്നു.ഞാൻ പോയ പള്ളിയിലല്ല ജെ.സി.ഡാനിയലിനെ മറവ് ചെയ്തിരിക്കുന്നതെന്നും അവിടെ നിന്നും കുറേ അകലെ ഏതോ ഒരു പറമ്പിൽ ആണെന്നും എനിക്ക് അറിയാൻ കഴിഞ്ഞു. ആ സ്ഥലം എനിക്ക് കണ്ട് പിടിക്കാനാവാത്ത വിധം പ്രധാന വീഥിയിൽ നിന്നും ഉള്ളിലേക്ക് മാറിയാണെന്നും ഡേവിഡ് പറഞ്ഞു.
എന്റെ യാത്ര വിഫലമായി തീർന്നു എന്ന സത്യം മനസിലേക്ക് വേദന കൊണ്ട് വന്നെങ്കിലും മലയാള സിനിമയുടെ പിതാവ് അവസാനകാലം തന്റെ യാതനകൾ അനുഭവിച്ച് തീർത്തത് ഈ ഭാഗത്ത് എവിടെയോ ഒരുവീട്ടിൽ വെച്ചായിരുന്നു എന്ന തിരിച്ചറിവ് തുടരന്വേഷണത്തിനു എന്നെ പ്രേരിപ്പിച്ച് കൊണ്ടേ ഇരുന്നു.
മടക്ക യാത്ര നാഗർകോവിൽ വഴി ആകാമെന്ന് കരുതി മുമ്പോട്ട് പോയപ്പോൾ അവിടെ ഒരു ബസ് സ്റ്റോപിൽ മൂന്ന് നാലു പേർ സൊറ പറഞ്ഞിരിക്കുന്നത് കണ്ട എന്റെ ഉള്ളിലുണ്ടായ പ്രേരണയാൽ ഡ്രെയ്‌വ് ചെയ്തിരുന്ന മകൻ സൈലുവിനോട് കാർ നിർത്താൻ ഞാൻ  ആവശ്യപ്പെട്ടു.അവരുടെ സമീപം ചെന്ന്
“നാൻ കൊല്ലം പക്കം നിന്ന് വരേൻ, ഇങ്ക ജെ.സി.ഡാനിയൽ…..” എന്ന് എനിക്ക് വാചകം പൂർത്തിയാക്കേണ്ടി വന്നില്ല, അവരിൽപ്രായമുള്ള ഒരാൾ പറഞ്ഞു “മലയാളത്തിലേ അന്ത മിണ്ടാ പടം എടുത്തവരാ…..?
“അതേ…….അതേ…..”എനിക്ക് സന്തോഷം അടക്കാനായില്ല. ചിലരെങ്കിലും അദ്ദേഹത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നുണ്ടല്ലോ!
“സാർ, അവർ ഏറെ നാൽ മുമ്പ് ശത്ത് പോയിട്ടേൻ…അവരുടെ വീട് ഇപ്പോൾ ഇങ്കേ ഇല്ലെ…പുത് വീട് എന്ന് താൻ  അന്ത വീട് പേർ.പെരിയ വീട്..അവരെ അപ്പാവുടെ വീട് താനത്. ഇങ്ക എല്ലാം വിറ്റ് സൊന്തക്കാരെല്ലാം നാഗർകോവിലിൽ പോയിരിക്ക്…..അങ്കേ  ഒരു പെരിയ ആശുപത്രി പോട്ടിരിക്കണത് ഡാനിയലുടെ സഹോദരൻ മകൻ താൻ……” അയാളിൽ നിന്നും  അവിടെ കൂടിയിരുന്ന പ്രായമുള്ള മറ്റ് ആൾക്കാരിൽ നിന്നും വാക്കുകൾ നിർഗമിച്ച് കൊണ്ടേ ഇരുന്നു.അവരുമായി സംസാരിച്ച് കൊണ്ടിരുന്നപ്പോൾ മറ്റൊരാൾ മോട്ടോർ സൈക്കിളിൽ  അവിടെയെത്തി. അൽപ്പം മുമ്പ് ഡേവിഡും ഞാനുമായി സംസാരിച്ച് നിന്നത് അയാൾ കണ്ടിരുന്നുവത്രേ!.ഡാനിയലിനെ അടക്കിയിരിക്കുന്ന സ്ഥലം അയാളുടെ കുടുംബത്തിന്റേതായിരുന്നുവെന്നും അതിനു അടുത്ത് തന്നെ അയാൾക്ക് വേറെ സ്ഥലം ഉണ്ടെന്നും അതിൽ നിൽക്കുന്ന തെങ്ങ്കൾക്ക് വെള്ളം പമ്പ് ചെയ്യാൻ അയാൾ ആ പറമ്പിലേക്ക് പോവുകയാണെന്നും പറഞ്ഞപ്പോൾ എനിക്ക് സന്തോഷം അടക്കാനായില്ല.എന്നോടൊപ്പം വന്നിരുന്ന കുടുംബാംഗങ്ങൾക്കും സന്തോഷമായി.ഞാൻ നടത്തിയിരുന്ന അന്വേഷണം നിഷ്ഫലമായി തീരുന്നത് അവർ കുറേ നേരമായി കണ്ട് കൊണ്ടിരിക്കുകയായിരുന്നല്ലോ. മോട്ടോർ സൈക്കിൾകാരനെ ഞങ്ങൾ കാറിൽ പിന്തുടർന്നു.
പ്രധാന റോഡിൽ നിന്നും വിട്ടകന്ന് ഒരു ബൈ റോഡിലൂടെ അയാൾ ഒരു പറമ്പിൽ ചെന്ന് കയറി.ഞങ്ങളുടെ വഴികാട്ടിയായി വന്ന നാരായണന്റേതായിരുന്നു ആ പറമ്പ്. ആ പറമ്പിലൂടെ നടന്ന് ഞങ്ങൾ ഡാനിയലിനെ അടക്കിയിരുന്ന സ്ഥലത്തെത്തി.രാവിലെ തുടങ്ങിയ ക്ലേശകരമായ യാത്രക്കൊടുവിൽ പ്രശാന്തമായ  സായാഹ്നത്തിൽ ആ കല്ലറക്ക് സമീപം നിന്നപ്പോൾ എന്റെ ചിന്തകൾ വർഷങ്ങൾക്ക് പുറകിലേക്ക് പൊയ്കൊണ്ടിരുന്നു, ഞാൻ ജനിക്കുന്നതിനും മുമ്പുള്ള വർഷങ്ങളിലേക്ക്.
ഇവിടെ  ഇതാ അദ്ദേഹം ഉറങ്ങുന്നു. സിനിമാ നിർമാണം എന്ന ഭ്രാന്തിൽ തന്റെ എല്ലാ സ്വത്തും മലയാളത്തിലെ ആദ്യ സിനിമാ നിർമ്മിക്കുന്നതിനു വേണ്ടി ചെലവഴിച്ച് ആരാലും അറിയപ്പെടാതെ ഈ ഒഴിഞ്ഞ കോണിൽആ മനുഷ്യൻ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. അന്ത്യകാലം ഭാര്യ ഒഴികെ ഉറ്റവർ എല്ലാവരിലും നിന്നും ഒഴിവാക്കപ്പെട്ട് സംരക്ഷിക്കേണ്ട സ്വന്തം ആണ്മക്കളുടെ സാമീപ്യമില്ലാതെ, വാർദ്ധക്യത്തിലുണ്ടായ തളർവാതത്താൽ അവശനായി മരണത്തിലെത്തി ചേർന്ന ആ മനുഷ്യന്റെ മൃതദേഹത്തിൽ ആരെങ്കിലും ഒരു റീത്ത് എങ്കിലും വെച്ചിരുന്നോ ആവോ? . പിന്നീടാരോ ഈ കല്ലറ കെട്ടി അതിൽ ജെ.സി.ഡാനിയൽ 1900-1975 എന്നും ഡന്റൽ സർജനെന്ന് ആദ്യവും മലയാള സിനിമായുടെ പിതാവെന്ന് രണ്ടാമതും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കല്ലറയിൽ രേഖപ്പെടുത്തേണ്ടിയിരുന്നത് വികറ്റർ യൂഗോയുടെ വിശ്വ വിഖ്യാതമായ “പാവങ്ങൾ” എന്ന കൃതിയുടെ അവസാനഭാഗം നലാപ്പാട്ട് നാരായണ മേനോൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ താഴെ കാണുന്ന വരികളായിരുന്നുവെന്ന് എനിക്ക് തോന്നി.
അദ്ദേഹമുറങ്ങുന്നു, വിധി എന്തായീടിലും
ജീവിച്ചു പുമാനിവൻ മരിച്ചു ജീവൻ പോകെ-
എത്രയോ സാധാരണമായത് സംഭവിച്ചു;
പകൽ പോയെന്നാലപ്പോൾ രാത്രി വന്നീടുംവണ്ണം.

വഴികാട്ടിയായി വന്ന നാരായണനും ഞാനുമായി ആ കല്ലറക്ക് സമീപം നിന്നത് മകൻ ക്യാമറയിൽ പകർത്തി.
മകന്റെ ഫോട്ടോ ഞാനുമെടുത്തു.ചുറ്റും മറ്റ് ചില കല്ലറകളുണ്ടായിരുന്നെവെങ്കിലും ജെ.സി. ഡാനിയലിനെ അവസാനം വരെ സ്നേഹപൂർവം പരിചരിച്ചിരുന്ന ഭാര്യയുടെ കല്ലറ അവിടെങ്ങും കണ്ടില്ല. തിരുവനന്തപുരം എൽ.എം.എസ്.ജംഗ്ഷനിലെ പുസ്തക വ്യാപാരി  ആയിരുന്ന ജോയൽ സിംഗിന്റെ           അതി സുന്ദരിയായ മകൾ ഡാനിയലിന്റെ പ്രിയ പത്നി ആയതിനു ശേഷം അദ്ദേഹത്തിന്റെ എല്ലാ സുഖ ദുഖങ്ങളിലും പങ്ക് കൊണ്ട് ഒരുനിഴൽ പോലെ അദ്ദേഹത്തെ പിന്തുടർന്നിരുന്നുവല്ലോ.എവിടെയോ ഏതോ മണ്ണിൽ ആരാലും തിരിച്ചറിയപ്പെടാതെ ആ സാധ്വി ഉറങ്ങുന്നുണ്ടായിരിക്കാം.ഡാനിയൽ മലയാള സിനിമാ ആദ്യമായി നിർമ്മിച്ചതിലൂടെ അനുഭവിച്ച യാതനകളുടെ ഒരു വിഹിതം ആ പാവം സ്ത്രീയും അനുഭവിച്ചിരുന്നല്ലോ.അദ്ദേഹം അവസാന കാലം തളർന്ന് കിടന്നപ്പോഴും കൂട്ടിനു അവരുണ്ടായിരുന്നല്ലോ.അദ്ദേഹത്തിറ്റെ വിയോഗത്തിനു ശേഷമാണ് അവർ മരിച്ചത്. ആരോരുമറിയാതെ അവരും യവനികക്ക് പുറകിലേക്ക് പോയി മറഞ്ഞു.
 അഗസ്തീശ്വരത്ത് ഞാൻ സംസാരിച്ചവരിൽ നിന്നും എനിക്ക്കിട്ടിയ വിവരങ്ങൾ പ്രകാരം ഡാനിയലിന്റെ മൂത്തപുത്രനും മലയാള സിനിമയിലെ ആദ്യ ബാലതാരവുമായ  സുന്ദരം         ഡാനിയൽ ആസ്ത്രേല്യായിലേക്ക് പോയി എന്നും അവിടെ വെച്ച് മരിച്ചു എന്നും ഇളയ മകൻ ഹാരിസ് ഡാനിയൽ ഇൻഷുറൻസ് കമ്പനിയിൽ ജോലിയായതിനാൽ പിതാവിൽ നിന്നും അകന്ന് കഴിയേണ്ടി വന്നുവെന്നും പിതാവിന്റെ മരണ സമയം ഇവർ ആരും അദ്ദേഹത്തിന്റെ അരികിൽ ഇല്ലായിരുന്നു എന്നും അറിയാൻ കഴിഞ്ഞു. എന്തിന് അവരുടെ പിതാവ് മരിച്ചു എന്ന വിവരം പോലും നാളുകൾ കഴിഞ്ഞാണ് അവർ അറിഞ്ഞതത്രേ! ഒരു മകളുടെ കുടുംബം മാത്രം അദ്ദേഹത്തിന്റെ അന്ത്യ നാളുകളിൽ അടുത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്റെ മകളാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത് എന്നും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ഇവിടെ നാം ഓർമ വെക്കേണ്ട വസ്തുത, 1975ൽ മലയാള സിനിമയുടെ പിതാവ് മരിക്കുമ്പോൾ മലയാള സിനിമയുടെ പുഷ്കല കാലമായിരുന്നു എന്നതാണ്. കൃഷ്ണൻ നായരും ശശികുമാറും മെരിലാൻഡ് എസ്.കുമാറും, നവോദയാ അപ്പച്ചനും വാസുദേവൻ സാറും നസീറും കെ.പി.ഉമ്മറും അങ്ങിനെ പ്രഗൽഭരായ പലരും ജ്വലിച്ച് നിന്ന കാലം. ഡാനിയലാണ് മലയാള സിനിമയുടെ പിതാവെന്ന് അന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞിരുന്നു.എന്നിട്ട് പോലും അദ്ദേഹത്തിന്റെ മരണം ആരുമറിയാതെ പോയി.ഒരു അനുശോചന യോഗം പോലും ആരും വിളിച്ച് കൂട്ടിയുമില്ല.
വിഗതകുമാരൻ സിനിമാ നിർമ്മിച്ചതിലൂടെ ഡാനിയലിനു സാമ്പത്തിക നഷ്ടം വന്നു എങ്കിലും പിൽക്കാലത്ത് ഡെന്റൽ സർജൻ എന്ന നിലയിൽ അദ്ദേഹം കഠിനാധ്വാനം ചെയ്ത് സമ്പത്തുണ്ടാക്കി. പക്ഷേ സിനിമാ ഭ്രാന്ത് മൂത്ത് മദ്രാസിലെ ഏതോ സ്നേഹിതൻ മുഖേനെ വീണ്ടും സിനിമാ നിർമാണത്തിനയി ഒരുങ്ങി ഇറങ്ങിയ അദ്ദേഹത്തിന് കനത്ത സാമ്പത്തിക നഷ്ടം നേരിടുകയും ആദ്യ സിനിമാ നിർമാണത്തിനു എതിരു പറയാതിരുന്ന കുടുംബാംഗങ്ങൾ പലരും രണ്ടാമത്തെ ശ്രമത്തെ എതിർക്കുകയും ചെയ്തു എന്നും അറിയാൻ കഴിഞ്ഞു. എങ്കിലും അവസാന നിമിഷം വരെ ആ മനുഷ്യന് സിനിമാ ഹരം തന്നെ ആയിരുന്നു.
ഇന്ന് കോടികൾ ലഭിക്കുമായിരുന്ന തന്റെ സ്വത്തുക്കളെല്ലാം സിനിമാ നിർമാണത്തിനായി നഷ്ടപ്പെടുത്തിയ ആദ്യ മലയാള സിനിമാ നിർമ്മാതാവ് തന്റെ അവസാന കാലത്തെ കഷ്ടതയാൽ കേവലം 350രൂപാ ലഭിക്കുന്ന അവശ കലാകാര പെൻഷനു വേണ്ടി കേരള സർക്കാരിലേക്ക് അപേക്ഷിച്ചു എന്നും അദ്ദേഹം മലയളി അല്ല എന്ന കാരണത്താൽ അദ്ദേഹത്തിന്റെ അപേക്ഷ നിഷ്കരണം തള്ളി മലയാളികളായ നമ്മൾ അദ്ദേഹത്തോട് നന്ദി കാണിച്ചു എന്നതും പിൽക്കാല ചരിത്രം. എല്ലാ കഷ്ടതകളും അനുഭവിച്ച് ആ മനുഷ്യൻ മരിച്ചതിന് ശേഷം നാം അദ്ദേഹത്തിന്റെ പേരിൽ ഒരു വൻ തുക ജെ.സി.ഡാനിയൽ അവാർഡ് എന്ന പേരിൽ ഇപ്പോൾ മലയാള സിനിമ പ്രവർത്തകർക്ക് നൽകുന്നുമുണ്ട്.
സിനിമ എന്തെന്നറിയാത്ത കാലഘട്ടത്തിൽ മലയാളികൾക്ക് ഒരു സിനിമ നിർമ്മിച്ചു കാണിച്ച് കൊടുത്തു എന്നതാണ് അദ്ദേഹം ചെയ്ത ഏക കുറ്റം. തന്റെ ആസ്തികൾ വിറ്റ് പെറുക്കി അദ്ദേഹം സിനിമാ നിർമ്മിച്ചപ്പോൾ ആ സിനിമാ കാണാനെത്തിയ നമ്മുടെ കാരണവന്മാർക്ക് സിനിമയെന്ത് യാഥാർത്ഥ്യമെന്ത് എന്ന് തിരിച്ചറിയാൻ സാധിക്കാതിരുന്നതിനാൽ താഴ്ന്ന ജാതിയിൽ പെട്ട ഒരു സ്ത്രീ സവർണയായി അഭിനയിച്ചത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു.അവർ സിനിമാ പ്രദർശിപ്പിച്ച ക്യാപിറ്റോൾ ഹാൾ അടിച്ചു പൊളിച്ചു. തിരശ്ശീല വലിച്ചു കീറി.ഇനി ഒരു ഹീന ജതിക്കാരി ആ തിരശ്ശീലയിൽ സവർണയായി വരുവാനും തന്റെ തലയിൽ നിന്നും ഒരു പുരുഷന് പൂ എടുക്കാൻ അനുവാദം കൊടുക്കാനും  പാടില്ലാ എന്നും അവർ തീരുമാനിച്ചു.
ആദ്യ നടി റോസിയുടെ കുടിൽ കരപ്രമാണിമാർ കത്തിച്ചതിനെ തുടർന്ന് ആ സ്ത്രീ ജീവനും കൊണ്ടോടി നാഗർകോവിലിൽ എത്തി തന്റെ പേരും മാറ്റി അജ്ഞാതയായി ശിഷ്ടകാലം കഴിച്ച് കൂട്ടി.
 ഡാനിയലിനും കൂട്ടർക്കും ജീവൻ രക്ഷിക്കാൻ പലായനം ചെയ്യേണ്ടി വന്ന കഥ പണ്ട് എന്റെ പിതാവിൽ നിന്നും കേട്ടപ്പോൾ മനസിലുണ്ടായ ചോദ്യം ഇന്നും മനസിൽ നില നിൽക്കുന്നു.വിഗത കുമാരൻ എന്ന  ഒരു സാമൂഹ്യ ചിത്രം നിർമ്മിക്കുന്നതിനു പകരം അന്ന് ഡാനിയൽ ആദ്യ മലയാള ചിത്രമായി ഒരു മിശിഹാ ചരിത്രമോ രാജാ ഹരിശ്ചന്ദ്രായോ മറ്റോ നിർമ്മിച്ചിരുന്നെങ്കിൽ മലയാള സിനിമാ ചരിത്രത്തിനും ഡാനിയലിന്റെ ജീവിതത്തിനുമുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കും? പക്ഷേ ആ കലാകാരന് പണമല്ലായിരുന്നു വലുത്. കലയോടുള്ള പ്രതിബദ്ധത വലുതായി കണ്ട ആ മനുഷ്യൻ പണം വലുതായി കണ്ടില്ലാ എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം ഉയർത്തുന്നത്. സാമ്പത്തികമായി തകർന്ന് കടം കയറിയപ്പോൾ തിരുവനന്തപുരം പട്ടത്തുണ്ടായിരുന്ന ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് സ്റ്റുഡിയോയും സ്ഥലവും വിറ്റ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തി.
അപ്പോഴും എപ്പോഴും സിനിമാ ഹരമായിരുന്ന ആ മനുഷ്യൻ അവസാനം ഇതാ ഈ ചൊരി മണലിൽ  ആരാലും ശ്രദ്ധിക്കപ്പെടാതെ അന്ത്യ വിശ്രമം കൊള്ളുന്നു, മലയാളിയുടെ നന്ദികേടിന്റെ പ്രതീകമായി.മലയാള സിനിമാ ചരിത്രത്തിലൂടെ കണ്ണോടിച്ചവരിൽ ചിലർ ഇവിടെ വല്ലപ്പോഴും വന്നെങ്കിലായി.കാലം കടന്ന് പോകുമ്പോൾ ആ വരവും നിലക്കും. ഈ തിരക്ക് പിടിച്ച ലോകത്തിൽ ആർക്കുണ്ട് സമയം.

“നമുക്ക് തിരികെ പോകണ്ടേ? ഭാര്യയുടെ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി. മകനും ഭാര്യയും സൽമാനും സ അദും സഫായും എന്നെ തന്നെ നോക്കി നിൽക്കുകയാണ്. നേരം ഏറെ വൈകിയിരിക്കുന്നു.ഞാൻ ഒന്നുകൂടി ആ കല്ലറയിലേക്ക് നോക്കി.
“മലയാള സിനിമയുടെ പിതവേ! ഞങ്ങൾ മലയാളികൾ നനികെട്ടവരായി പോയി.ഞങ്ങളോട് ക്ഷമിക്കുക”.മനസ് മന്ത്രിച്ചു.
മലയാള സിനിമയുടെ അവാർഡ് ജെ.സി. ഡാനിയലിന്റെ പേരിൽ നൽകുന്നതിലൂടെ മാത്രം നമ്മുടെ കടമകൾ തീരുന്നില്ലായെന്ന് ഞാൻ കരുതുന്നു.ജെ.സി. ഡാനിയലിന്റെ ഓർമ്മക്കായി അഗസ്തീശ്വരത്ത് അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം ഉണ്ടാകേണ്ടിയിരിക്കുന്നു. അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം തിരിച്ചറിയപ്പെടുന്നതിനായി ആ സ്ഥലം ഏറ്റെടുക്കാൻ  കേരള സർക്കാർ ഏതെങ്കിലും പദ്ധതികൾ നടപ്പിലാക്കേണ്ടതാണ്.കേവലം വർഷങ്ങൾ കൊണ്ട് ആ നാട്ടുകാർ ഏറെ പേർക്കും ഇപ്പോൾ തന്നെ അദ്ദേഹം അപരിചിതനായി ഭവിച്ചിരിക്കുന്നു. ഇനിയും കുറേ വർഷങ്ങൾ കൂടി കടന്ന് പോകുമ്പോൾ ഈ കല്ലറയും അദ്ദേഹത്തിന്റെ ഓർമകളും ഇല്ലാതായേക്കാം.അതിനാൽ അമ്മ തുടങ്ങിയ സിനിമാ സംഘടനകൾ മുൻ കൈ എടുത്ത് സർക്കാരിന്റെ ആഭിമുഖ്യത്തിൽ മലയാള സിനിമയുടെ പിതാവിന്റെ ഓർമ നിലനിർത്താൻ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
സിനിമാ എന്നാൽ എന്താണെന്നറിയാതിരുന്ന കാലഘട്ടത്തിലേക്ക് ചിറകടിച്ച് പറന്നെത്താൻ ധൈര്യം കാണിച്ച് മുമ്പേ പറന്ന ആ പക്ഷിയെ  ഇന്നത്തെ സിനിമാ ലോകത്ത് ദന്ത ഗോപുരത്തിൽ വസിക്കുന്ന സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും താര റാണികളും മറക്കുന്നു എങ്കിൽ തങ്ങൾ വസിക്കുന്ന ദന്തഗോപുരത്തിന്റെ അടിസ്ഥാന ശിലയായി വർത്തിച്ച ആ നല്ല മനുഷ്യനോടും സിനിമാ ചരിത്രത്തോടും കാണിക്കുന്ന നന്ദി കേട് മാത്രമായിരിക്കുമതെന്ന് തിരിച്ചറിയുക.




Tuesday, April 8, 2014

പകരം എന്ത്?

സി.പി. എം നേതാക്കളായ പ്രകാശ് കാരേട്ടു, രാമചന്ദ്രൻ പിള്ള തുടങ്ങിയവർ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച  യോഗങ്ങളിൽ  ഈ തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിൽ  കോൺഗ്രസിന് നേരിടേണ്ടി വരുന്നത്  ചരിത്രത്തിലെ ഏറ്റവും മോശമായ ഫലമാണ് എന്നും അവർ മൂന്നക്കം തികക്കില്ലാ എന്നും പ്രസ്താവിച്ചതായി പത്ര വാർത്തകൾ  കണ്ടു. ശരിയാണ്. താടിക്കാരൻ സിംഗിന്റെ കഴിഞ്ഞ അഞ്ച് വർഷ ത്തെ ഭരണം  വളരെ പരിതാപകരവും  സാധാരണ ജനങ്ങൾക്ക് ഉപദ്രവകരവുമായിരുന്നു, അതിനാൽ തന്നെ അവർ അർഹിക്കുന്ന ശിക്ഷ  അവർക്ക് ലഭിക്കേണ്ടത് തന്നെയെന്നതിൽ സംശയമില്ല. അടുത്ത ചോദ്യം നമുക്ക് സഖാക്കളോട് ചോദിക്കാം. എന്നിട്ട്?........എന്നിട്ട് ഞങ്ങൾ  ആരെ ജയിപ്പിക്കണം? കേരളത്തിലും ത്രിപുരയിലും (ഒരുകാലത്ത് കത്തി നിന്നതും ഇപ്പോൾ പടുതിരി കത്തുന്ന) ബംഗാളിലുമൊഴികെ  മറ്റൊരിടത്തും  കാല് കുത്താനാവാത്ത കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കോ? വർഗീയ വിഷം ചീറ്റി നാട്ടിൽ ഭയം വിതറുകയും ഒരു സമൂഹത്തെ അപ്പാടെ തുടച്ച് മാറ്റാൻ വെമ്പുകയും ചെയ്യുന്ന കാവി പടക്കോ? സ്വന്തം താല്പാര്യത്തിന് മാത്രം മുൻ തൂക്കം നൽകുകയും പ്രധാന മന്ത്രി സ്ഥാനം  എന്ന അപ്പക്കഷണത്തിനായി  ഒരു തത്വദീക്ഷയുമില്ലാതെ ആരുമായും കൂട്ടുകൂടാൻ ഒരു മടിയുമില്ലാ എന്ന് കഴിഞ്ഞ കാലാനുഭവങ്ങളാൽ തെളിയിച്ച് തന്ന  മതേതര കക്ഷികളെന്ന ആവരണം എടുത്തണിഞ്ഞ് തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം വരിവരിയായി നിന്ന് കൈ കോർത്ത് കക്ഷം പൊക്കി കാണിക്കുന്ന    അവസരവാദികളായ  മൂന്നാം മുന്നണിയിലെ  ഘടക കക്ഷികൾക്കോ?  അഴിമതി...അഴിമതി...എന്ന് മാത്രം കൂവി ആർക്കുകയും അഴിമതി നിർമ്മാജനം ചെയ്ത് കഴിഞ്ഞ് പിന്നെന്ത് തരത്തിലുള്ള ഭരണമാണ് ഞങ്ങളുടേതെന്ന് വിശദീകരിക്കാൻ കഴിയാത്ത വ്യകതമായി ഒരു പോളിസി പ്രോഗ്രാം  അവതരിപ്പിക്കാൻ കഴിയാത്ത  നവജാത തെരഞ്ഞെടുപ്പ് ശിശുക്കളായ ചൂൽ-തൊപ്പി പാർട്ടിക്കോ?    ആരിലാണ് സഖാവേ! ഞങ്ങൾ പ്രതീക്ഷ അർപ്പിക്കേണ്ടത്. മേൽപ്പറഞ്ഞവരേക്കാളും എല്ലാം വ്യത്യസ്ഥമായി ആസേതു ഹിമാചലം വേരുള്ളത്  അഴിമതി  വീരന്മാരായ കോൺഗ്രസ്സ്കാർക്ക് മാത്രമാണ് എന്ന് സഖാക്കൾക്കും  അറിയാവുന്ന സത്യം തന്നെയാണല്ലോ? ..അഴിമതി കണ്ടില്ലാ എന്ന് നടിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ അവരെ കൊന്ന് പുതപ്പിച്ച് കിടത്തിയാൽ  പകരം വരുന്നത് മുകളിൽ പറഞ്ഞ തരക്കാരാണെന്ന് മുൻ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ദാ...കഴിഞ്ഞ ദിവസം മതേതരത്തിന്റെ അപ്പോസ്തലൻ നായിഡു ബി.ജെ.പി. കൂട്ടിലേക്ക് പറന്ന് പറന്ന് ചെന്ന് ദോസ്ത് കൂടി. നാം ഇപ്പോൾ മുന്നോട്ട് വെക്കുന്ന 11 ഇന കക്ഷികളിൽ തൃണമൂലുമുണ്ട്, അവരുടെ ദീദി പ്രധനമന്ത്രിയായാൽ  ബംഗാളിൽ നാമെന്ത് ചെയ്യും.ജയിച്ച് കഴിഞ്ഞ് അരശിളം കുമരി തലൈവി പഴയ സ്വഭാവം എടുത്ത് ഗുജറാത്തിയെ പിൻ താങ്ങ്യാൽ നമ്മുടെ കാര്യം സ്വാഹാ!!  ഫയൽ വാൻ മൂലായം പ്രധാന മന്ത്രിയാകാൻ എന്തും ചെയ്ത് കളയും. ചരിത്രപരമായ വിഡ്ഡിത്തം കാട്ടുന്ന നമ്മൾ മാത്രമുണ്ട് അപ്പക്കഷണത്തിന് വേണ്ടി ആർത്തി കാണിക്കാത്തത്. ബാക്കി ആരെ നാം വിശ്വസിച്ച് ജയിപ്പിക്കും.
പിന്നെന്താണ് പകരം വെക്കാനെന്നോ? ഉണ്ടല്ലോ വഴി..പതിനാലാം ലോക് സഭ ആവർത്തിക്കണം..കേരളത്തിലും ത്രിപുരയിലും ബംഗാളിലും കോൺഗ്രസ്സിനെ  കടിച്ച് കീറുകയും മറ്റിടങ്ങളിൽ അവർക്ക് ഉമ്മ കൊടുക്കുകയും അവിടങ്ങളിൽ  അവരെ  തോൽപ്പിച്ച് പകരം  കാവി വരാതെ നോക്കുകയും വേണം.എന്നിട്ട്  പതിനാലാം സഭയിൽ ചെയ്തത് പോലെ വലിയ മൂക്ക് കയറാൽ അവരെ ഭരണത്തിൽ നിയന്ത്രിക്കുകയും വേണം, ആ ഭരണം ജനത്തിന് ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ താടിക്കാരൻ മിണ്ടാ മനുഷ്യൻ പിന്നെയും അഞ്ച് കൊല്ലം ഭരിക്കാൻ ജനം പതിനഞ്ചാമത് സഭ കയ്യിൽ കൊടുത്തത്. .എന്തെങ്കിലും കാര്യത്തിൽ തർക്കം വരുമ്പോൾ   ഇറങ്ങി ഓടുകയല്ല വേണ്ടത്, മൂക്ക് കയറിൽ മുറുകെ പിടിക്കുകയാണ് വേണ്ടത്. അല്ലാതെ ഗുജറാത്തിക്കാരൻ താടി വാലാക്ക്  ചുവപ്പ് പരവതാനി വിരിക്കാനായി കോൺഗ്രസ്സിനെ കൊല്ലുക എന്ന ചരിത്രപരമായ വിഡ്ഡിത്തം ഇനിയും കാട്ടരുത്. അത്  കൂവി നടക്കരുത്.

Monday, April 7, 2014

എങ്ങിനെ ഞാൻ നാവെടുത്ത് പേര് വിളിക്കും

 പറഞ്ഞ്  പറഞ്ഞ് പഴകി  പോയ  ഒരു കഥയിൽ  നിന്നും  ഈ കുറിപ്പുകൾ തുടങ്ങാം.
  സ്ഥിതി വിവര കണക്ക് ശേഖരിക്കാൻ സർക്കാരിൽ നിന്നും നിയുക്തനായ ഉദ്യോഗസ്ഥൻ  വീട്ടിലെത്തി കുടുംബാംഗങ്ങളുടെ പേര് വിവരങ്ങൾ  ആവശ്യപ്പെട്ടപ്പോൾ  സ്ഥലത്തില്ലാത്ത  കുടുംബ നാഥന്റെ പേര്  പറഞ്ഞ് കൊടുക്കാൻ   ഭാര്യ   മടി കാണിച്ചു .  അദ്ദേഹത്തിന്റെ   പേര്  പറയാൻ നിർബന്ധമായി ആവശ്യപ്പെട്ടതിനെ തുടർന്ന്   ആ സാധ്വീമണി  നാണത്തോടെ  ഇപ്രകാരം  മൊഴിഞ്ഞു "മുത്ത് നബീന്റെ പേരും മുമ്പിലൊരു നൂറും "    . കുടുംബ നാഥന്റെ പേര് കണ്ട് പിടിക്കാൻ  ആ  സൂചന സമർത്ഥനായ  ഉദ്യോഗസ്ഥന് ധാരാളം മതിയായിരുന്നു . മുത്ത് നബീന്റെ പേര് = മുഹമ്മദ്. അതിന്റെ മുമ്പിലൊരു നൂറും കൂടി ചേർത്താൽ  കുടുംബ നാഥന്റെ പേര്=നൂറ് മുഹമ്മദ്. 
 ഈ കഥ ജന്മമെടുത്ത നാളുകളിൽ  സമൂഹത്തിൽ ഭാര്യമാർ  ഭർത്താവിന്റെ  പേര് പറയുന്നത്  അഭിലഷണീയമായിരുന്നില്ല. " ചേട്ടൻ, ഏട്ടൻ, അമ്മേടെ മോൻ, കുഞ്ഞിന്റെ അഛൻ, എന്റെ ബാബുക്കുട്ടന്റെ അഛൻ, എന്നിങ്ങനെ അപര നാമങ്ങളിലൂടെ  ഭാര്യമാർ ഭർത്താക്കന്മാരെ പരിചയപ്പെടുത്തി. ഭാര്യമാരുടെ ഈ ധർമ്മ സങ്കടത്തിൽ നിന്നും ഒരു  സിനിമാ ഗാനവും  ഉടലെടുത്തു.
"എൻ പ്രാണ നായകനെ എന്ത് വിളിക്കും  എങ്ങിനെ ഞാൻ  നാവെടുത്ത്  പേര് വിളിക്കും"
പ്രണയ ലേഖനങ്ങളിൽ, അങ്ങ്, അവിടന്ന്,  തുടങ്ങിയ  ബഹുമാന സൂചകമായ പദങ്ങളാണ് ഉപയോഗിക്കപെട്ടിരുന്നത്. അന്ന് ഭാര്യയേക്കാളും ഭർത്താവിന്റെ പ്രായം  ഏഴെട്ട് വയസ്സ് കൂടുതലായിരുന്നതിനാൽ    മുതിർന്നവരോടു  സ്വാഭാവികമായി  ഉണ്ടാകുന്ന  ബഹുമാനം  ഭർത്താവിനെ സംബോധന ചെയ്യുമ്പോഴും    പ്രതിഫലിച്ചിരുന്നു.
പ്രായ വ്യത്യാസം കുറഞ്ഞ് കുറഞ്ഞ്  ഏകദേശം സമപ്രായക്കാർ തമ്മിൽ  വിവാഹത്തിലേർപ്പെടാൻ തുടങ്ങിയപ്പോൾ  ഭർത്താവിനെ  "എങ്ങിനെ ഞാൻ നാവെടുത്ത് പേര് വിളിക്കും" എന്ന പ്രശ്നം ഇല്ലാതായി. പരസ്പരം പേര് വിളി പ്രചാരത്തിലായി.
പക്ഷേ ഇപ്പോൾ അവിടന്നും കാര്യങ്ങൾ മുമ്പോട്ട് പോയിരിക്കുന്നു.
 ചെറുപ്പക്കാരിയായ  ഭാര്യ തന്റെ ചെറുപ്പക്കാരനായ  ഭർത്താവുമായി എട്ട് മാസക്കാലത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഉണ്ടായ കലഹത്തെ തുടർന്ന്  തർക്കങ്ങൾ സമരിയാക്കാൻ എന്നെ സമീപിച്ചപ്പോൾ ഭർത്താവിനെതിരെ  ഭാര്യയുടെ പരാതികളെന്തെന്ന് ഞാൻ ചോദിച്ചതിന് മറുപടി നൽകവേ  ഭാര്യ ഇപ്രകാരം  പറഞ്ഞു,
"ഞാൻ അവനെ ഫോണിൽ വിളിച്ച്  പോറ്റി ഹോട്ടലിൽ നിന്നും  ഒരു മസാല ദോശ  വാങ്ങി കൊണ്ട് വരണം കേട്ടോടാ..എന്ന്  പറഞ്ഞിട്ടും അവൻ വെറും കയ്യുമായി വന്ന് എന്നോടുള്ള  സ്നേഹക്കുറവ് തെളിയിച്ചു"
 "അവൻ,  എടാ.. ഇങ്ങിനെയാണോ  ഭർത്താവിനെ വിളിക്കുന്നത് " ഞാൻ അതിശയിച്ചപ്പോൾ  പെൺകുട്ടി നിസ്സാര ഭാവത്തിൽ മൊഴിഞ്ഞു. " അയ്യേ! സാറ് സിനിമയൊന്നും  കാണില്ലേ, ഇപ്പോഴത്തെ ഫാഷൻ വിളി അങ്ങിനെയൊക്കയാ, അങ്ങിനെ വിളിക്കുന്നതിൽ അവനും ഇഷ്ടമാ...."
ഓ!!! ശരിയാണല്ലോ! ആ   സിനിമാ പാട്ട് ഞാൻ കേട്ടിട്ടുണ്ടല്ലോ.  "ഇഷ്ടമല്ലഡാ....എനിക്കിഷ്ടമല്ലഡാ..."

Saturday, April 5, 2014

തൂക്ക് കയർ വിധിച്ചാലും ബലാൽക്കാരം തുടരും

ബലാൽസംഗ കേസുകളിൽ ഇരയുടെ മൊഴി മാത്രം മതിയെന്നും  മറ്റ് സാങ്കേതിക തെളിവുകളുടെ അഭാവം  പ്രതിയെ കുറ്റ വിമുക്തനാക്കാൻ കാരണമാകരുതെന്നും അർത്ഥം വരത്തക്ക  കാഴ്ചപ്പാടുകൾ  നിറഞ്ഞ വിധി ന്യായങ്ങൾ ധാരാളം വന്ന് കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ  ആ വക കേസുകളിൽ പ്രാരംഭ വിസ്താര കോടതിയിൽ നിന്ന് തന്നെ പ്രതികൾക്ക്  തക്കതായ ശിക്ഷകൾ ലഭിച്ച് തുടങ്ങിയിരിക്കുന്നു.
 തൂക്ക് കയർ തന്നെ  ലഭിച്ചിരിക്കുന്നു, ശക്തി മിൽ കൂട്ട ബലാൽസംഗ കേസിലെ പ്രതികൾക്ക്. മുംബെ നഗരത്തിലെ  ശക്തി മില്ല് കോമ്പൗണ്ടിൽ വെച്ച്  23 കാരിയായ പത്ര ഫോട്ടോഗ്രാഫറെ കൂട്ട മാനഭംഗം നടത്തിയ മൂന്ന് പുരുഷന്മാർക്ക് തൂക്ക് കയർ  വിധിച്ചു,  പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ശാലിനി ഫൻസാൽക്കർ ജോഷി. സമാന മനസ്കർക്ക് ഇത് പാഠമാകട്ടെ  എന്ന് പറഞ്ഞാണ് ജഡ്ജി മൂന്ന് പേർക്കും കയർ ഉറപ്പാക്കിയത്.
 കൊച്ച് കേരളത്തിലെ വലിയ പ്രസിദ്ധി ലഭിച്ച സൂര്യ നെല്ലി  ബലാൽസംഗ കേസിലെ പ്രതികൾക്കും വർഷങ്ങൾക്ക് ശേഷം  ജീവപര്യന്തം മുതൽ 10 വർഷം വരെ  തടവ് ശിക്ഷ  ഉറപ്പാക്കിയിരിക്കുന്നു ബഹു: ഹൈ കോടതി ഡിവിഷൻ ബഞ്ച് . പ്രാരംഭ കോടതി  ശിക്ഷിച്ച  പ്രതികളിൽ ഒരാളൊഴികെ മറ്റെല്ലാവരെയും  വെറുതെ വിട്ട  ഹൈ കോടതിയിലെ  പഴയ ഡിവിഷൻ ബഞ്ചിന്റെ വിധി  ഡെൽഹി ബലാൽസംഗ കേസിനെ തുടർന്നുണ്ടായ  പുതിയ കാഴ്ചപ്പാടുകൾ  ഉൾക്കൊണ്ടുള്ള  സുപ്രീം കോടതി  നിർദ്ദേശ പ്രകാരം  പുനർ വിചാരണക്ക് വന്നപ്പോൾ  വെറുതെ വിട്ടവരെല്ലാം 16 വർഷത്തിന് ശേഷമായാലും വീണ്ടും അകത്താകാൻ പോകുന്നു. പണ്ടത്തെ  കീഴ് കോടതി വിധിയെ തുടർന്ന്  നാലാം പ്രതിയും എട്ടാം പ്രതിയും ആത്മഹത്യ  ചെയ്ത്  ശിക്ഷയെ കടത്തി വെട്ടിയപ്പോൾ    , മറ്റ് പലരും   സ്വാഭാവിക മരണത്താൽ  ഈ കേസിൽ  തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെട്ടു എന്ന് കൂടി പറഞ്ഞ് വെക്കട്ടെ.
 മേൽക്കാണിച്ച വിധം ബലാൽസംഗ വീരന്മാർ തങ്ങളുടെ കയ്യിലിരിപ്പ് കാരണം  വധ ശിക്ഷക്ക് വരെ അർഹരാകും  എന്ന് പത്രങ്ങൾ, ചാനലുകൾ  എന്നിവയിലൂടെ  തുടർച്ചയായി  താക്കീതുകൾി വന്ന്  കൊണ്ടിരിക്കുമ്പോൾ തന്നെ ഇന്നത്തെ പത്രങ്ങൾ നമുക്ക് തരുന്ന മറ്റ് വാർത്തകൾ നോക്കുക:
 മാതാവിന്റെ കാമുകനും  ബന്ധുവും ചേർന്ന്  പതിനഞ്ച്കാരിയെ പീഡിപ്പിച്ചു.  ഒൻപത്  മാസം  ഗർഭിണി ആയ പെൺകുട്ടി കൊല്ലം  ആശുപത്രിയിൽ  പ്രവേശിക്കപ്പെട്ടെന്ന് കൊല്ലം വാർത്ത.  വേശ്യാലയത്തിൽ നിന്നും യുവാക്കൾ തട്ടിക്കൊണ്ട് വന്ന  ബാംഗ്ളൂർ പെൺകുട്ടി  അവരുടെ പിടിയിൽ നിന്നും രക്ഷപെട്ട് പോലീസിലെത്തിയ കഥ കോഴിക്കോട്   വാർത്തയായും  റിപ്പോർട്ട് ചെയ്യപെടുന്നു.
  പെണ്ണുങ്ങളുടെ നേരെയുള്ള  കയ്യേറ്റത്തിന്  വധ ശിക്ഷ വരെ   കോടതി  ഒരു ഭാഗത്ത് വിധിക്കുമ്പോൾ  തന്നെ   മറു ഭാഗത്ത്  ഇനി ഏത് ശിക്ഷ വിധിച്ചാലും   ബലാൽസംഗങ്ങൾ   തുടർന്ന് കൊണ്ടേ  ഇരിക്കും എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നതിന്റെ പൊരുൾ എന്താവാം.
      സമൂഹം ഉണർന്ന് ചിന്തിക്കട്ടെ.