Tuesday, October 15, 2013

മധുരിക്കുന്നോർമ്മകളേ!

നാളെ  വലിയ പെരുന്നാളാണ്.  ഇന്ന് പെരുന്നാൾ  രാവും. ഇപ്പോൾ ആലപ്പുഴയിലെ   സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും  പെരുന്നാൾ  രാവിന്റെ  ഘോഷങ്ങൾ  തകർത്ത് വാരുകയായിരിക്കും. കേരളത്തിലെന്നല്ല,    ഇന്ത്യയിലെവിടെയും  തന്നെ  പെരുന്നാളിന്റെ തലേ രാത്രിയിൽ ഇത്രയും  ഘോഷങ്ങൾ  കാണുകയില്ല.

  സായാഹ്നം,  സന്ധ്യയുമായി  ചേരുന്ന ഈ മുഹൂർത്തത്തിൽ  ഇവിടെ   ഈ വരാന്തയിലെ ചാരുകസേരയിൽ  മാനത്തെ ചെന്തുടിപ്പും  കണ്ട്  ഏകനായി  ഇരിക്കുമ്പോൾ  മനസ്സ്  പെരുന്നാൾ  രാവും തേടി  വട്ടപ്പള്ളി യിലേക്ക്  പോകുകയാണ്. നോമ്പ്  പെരുന്നാളിനും  ഹജ്ജ് പെരുന്നാളിനും  കുറേ  ദിവസങ്ങൾക്ക് മുമ്പേ  തീരുമാനിക്കും,  ഈ തവണ  പെരുന്നാൾ രാവിന്  ആലപ്പുഴ വട്ടപ്പള്ളിയിൽ. പക്ഷേ പലപ്പോഴും ആ ആഗ്രഹം നടക്കാറില്ല. എന്തെങ്കിലും ഏടാകൂടങ്ങൾ  അപ്പോൾ വന്ന് ചേരും  ആലപ്പുഴ പോക്ക്  മാറ്റി വെക്കപ്പെടുകയും ചെയ്യും. വിദൂരതയിലിരുന്ന്  ഞാൻ ആ ആഘോഷങ്ങൾ  ഇപ്പോൾ കാണൂകയാണ്. പെരുന്നാളിന്റെ പകിട്ടിനേക്കാളും പെരുന്നാൾ  രാവ്ന്റെ ഓർമ്മകളാണ് മനസ്സിലേറെയും.

 പണ്ട്  വളരെ  പണ്ട്  സൈദ് പൂക്കോയാ തങ്ങളുടെ മഖാമിൽ  നിന്നും  നോമ്പ് പെരുന്നാൾ അറിയിച്ച് കൊണ്ട്  ഉയരുന്ന വെടിയൊച്ചകൾക്ക്  ചെവി കൊടുത്ത് കാത്തിരുന്ന നിമിഷങ്ങൾ. പെരുന്നാൾ  രാത്രിയിൽ പുലർച്ച വരെ തുറന്ന് വെക്കുന്ന  കടകളും  പെരുന്നാൾ സാധനങ്ങൾ  വാങ്ങാൺ വരുന്നവരുടെ  തിരക്കുകളും. പെരുന്നാൾ ആഘോഷിക്കാനുള്ള ചെലവിന് വേണ്ടി വരുന്ന  തുക കയ്യിലെത്തുമ്പോൾ വൈകി പോകുന്നതിനാൽ പാവപ്പെട്ടവർ-അവരാണ് ഭൂരിപക്ഷവും ‌- സാധനങ്ങൾ വാങ്ങാൻ  വരുന്നത്  രാത്രി വൈകിയാണ്.

സക്കര്യാ ബസാർ ജംക്ഷനിൽ രണ്ട് പടക്ക കടകൾ. ഒന്ന്  അബ്ദു  ഇക്കായുടേത്, രണ്ടാമത്തേത്  കുപ്പായം  ഇടാത്ത കോയാ ഇക്കായുടേതും. കോയാ ഇക്കാ  ജീവിതത്തിൽ ഷർട്ട് ധരിച്ചിട്ടില്ല. അത് കൊണ്ടാണ് കുപ്പായം ഇടാത്ത കോയാ എന്ന്  അറിയപ്പെടുന്നത്. അബ്ദു ഇക്കായെ ഇപ്പോൾ  കാണാനില്ല, മരിച്ചോ എന്നറിയില്ല. കോയാ ഇക്കാ ഇപ്പോഴും ഉണ്ട്.
എന്തെല്ലാം  പടക്കങ്ങൾ! പാളി  പടക്കം,  ഏറു  പടക്കം,  കതിനാ,  അമിട്ട്, ഗർഭം കലക്കി, പൂക്കുറ്റി,  കമ്പി തിരി  അങ്ങിനെ  എത്രയെത്ര തരങ്ങൾ. എല്ലാറ്റിനേയും  കൊതിയോടെ നോക്കി  നിന്ന  ബാല്യകാലം. ആ വക ഇനങ്ങൾ  വാങ്ങാൻ പൈസാ ഇല്ലാ, ഉൺടെങ്കിൽ  തന്നെ വാപ്പാ അതൊന്നും  വാങ്ങാൻ  അനുവദിക്കുകയുമില്ല. വെറും പൂത്തിരിയും  കമ്പി  തിരിയും  മാത്രം വാപ്പാ രാത്രി  ഏറെ ചെല്ലുമ്പോൾ വാങ്ങി  കൊണ്ട് വന്നാലായി.  ദൂരെ ദൂരെ സ്രാങ്കിന്റെ വീട്  ഭാഗത്ത് നിന്നും   പാളി  പടക്കങ്ങൾ  ചെമ്പ്  കലത്തിലിട്ട് പൊട്ടിക്കുമ്പോഴുള്ള ശബ്ദം  കേട്ടാണ് ഉറങ്ങാൻ  പോകുക.
 പിറ്റേ  ദിവസം  ഇറച്ചി കറിയും കൂട്ടി  ചോറു കഴിച്ചിട്ട്  കൈ കഴുകാതെ കടലാസ്സിൽ  തുടച്ചിട്ട് കയ്യിൽ  അവശേഷിക്കുന്ന കറിയുടെ മണത്തെ പിന്നെയും  പിന്നെയും ആസ്വദിച്ച്  നടന്നിരുന്ന  കഷ്ടപ്പാടിന്റെ  ബാല്യകാലം.  അന്ന് വയറ് നിറയെ  ചോറ് കിട്ടാൻ  പെരുന്നാൾ വരണമായിരുന്നല്ലോ! പക്ഷേ  ആ കഷ്ടപ്പാടിന്റെ കാലത്തെ ആഹാരത്തിന്റെ രുചി ഇന്നിനി  വരാതെ  എങ്ങോ  പോയി.  ഇന്നിപ്പോൾ  ഏത്  ആഹാരം  വേണമെന്ന്  തോന്നിയാലും  കഴിക്കാം,  പക്ഷേ  അന്നത്തെ രുചി  ഇന്നില്ലാ എന്ന്  മാത്രം.

ഓർമ്മകൾ  വീണ്ടും  വീണ്ടും  ഉള്ളിൽ  തിരയടിച്ചെത്തുകയാണ്. കൗമാരത്തിൽ പെരുന്നാൾ രാവിന്റെ  മാസ്മര സ്വാധീനത്തിൽ  കൂട്ടുകാരുമായി  കറങ്ങി  നടന്ന  നിമിഷങ്ങൾ!  എല്ലാം  ഇങ്ങിനി  വരാതെ വണ്ണം  പോയി  കഴിഞ്ഞു. എല്ലാവരും  എവിടെല്ലാമോ  ചിതറി  പോയി. വട്ടപ്പള്ളിയിൽ  കൂട്ടുകാർ  ഇപ്പോൾ ഒന്നോ രണ്ടോ  പേർ മാത്രം, അവരെയും  കാണാനില്ല. ഇപ്പോൾ  ഞാൻ അവിടെ  അപരിചിതനാണ്. വട്ടപ്പള്ളിയിലൂടെ  ബാല്യവും  കൗമാരവും  ആവാഹിച്ച് ആ മധുര  സ്മരണകളിലൂടെ  നടക്കുമ്പോൾ പരിചിതമല്ലാത്ത  മുഖങ്ങൾ  എന്നോട്  ചോദിക്കുന്നു "നീ ആരാണ്? "  ഞാൻ  ഈ ദേശത്തിന്റെ  പുത്രൻ  ഇവിടെ  ഞാൻ ജനിച്ച് വളർന്നവനാണ്  എന്ന്  ഉറക്കെ  വിളിച്ച് കൂവാൻ  പലപ്പോഴും  തോന്നി  പോകും.  തിരികെ  നൂറ്  കണക്കിന്  നാഴികകൾ  താണ്ടി  ഇവിടെ  വീട്ടിലെത്തി  വീണ്ടും  ഞാൻ ഭർത്താവായി  അഛനായി  ഗൃഹസ്ഥനായി   മാറുമ്പോൾ എന്നിലെ  ബാല്യവും  കൗമാരവും  മനസ്സിന്റെ  മൂലയിൽ  പോയി തല ചായ്ക്കുന്നു. പണ്ടത്തെ  ഏതെങ്കിലും സംഭവങ്ങൾ  അവരെ  വിളിച്ചുണർത്തുമ്പോൾ അവർ  തട്ടി  പിടഞ്ഞെഴുന്നേറ്റ്  എടാ പണ്ട്  നീ ഇങ്ങിനെ  ആയിരുന്നു  എന്നെന്നെ   ഓർമ്മപ്പെടുത്തും. ഇന്നീ  പെർന്നാൾ  രാവിനെ  പോലെ.  ഇതിന്റെ  പേരായിരിക്കും  ജീവിതമെന്ന്.

"ആലപ്പുഴക്ക്  ഈ സന്ധ്യക്ക്  തന്നെ  പോകാൻ  പരിപാടിയുണ്ടോ?"   ഭാര്യയുടെ  ശബ്ദം   ചിന്തകളെ  ചിതറിച്ചു.  എന്റെ  ഉള്ളം  അവൾക്ക്  നല്ലവണ്ണം  അറിയാമല്ലോ. ഒരു  പുഞ്ചിരിയിലൂടെ എപ്പോഴും  എന്റെ  ആഗ്രഹം  അതാണല്ലോ  മോളേ! എന്ന  മറുപടി  ഞാൻ വ്യക്തമാക്കിയെങ്കിലും  അവൾക്കും  എനിക്കുമറിയാം  ഫലിക്കാത്ത സ്വപ്നങ്ങളാണതൊക്കെയെന്ന്.

4 comments:

  1. കുപ്പായം ഇടാത്ത കോയാനെപ്പറ്റി വായിച്ചപ്പോള്‍ ഞങ്ങളുടെ നാട്ടിലെ “ഉടുപ്പില്ലാക്കുര്യ“നെ ഓര്‍മ്മ വന്നു. വലിയ ധനികനായിരുന്നു. പക്ഷെ ഉടുപ്പ് ഇടുകയില്ല. പണ്ടത്തെ ശീലം!

    ReplyDelete
  2. ഓർമ്മളിൽ പെരുന്നാൾ. നന്നായി ..ആശംസകൾ

    ReplyDelete
  3. നൊസ്റ്റാള്‍ജിക്..

    ReplyDelete
  4. പടക്ക വിരോധിയായിരുന്ന എന്‍റെ മൂത്താപ്പ ന്‍റെ മുറ്റത്തേക്ക് പടക്കമെറിയലായിരുന്നു എന്‍റെ പെരുന്നാള്‍.... ബഷീര്‍ ദോഹ

    ReplyDelete