Thursday, September 1, 2011
ഇത്തിരിശര്‍ക്കര താടാ""
ചിത്രത്തില്‍ കാണുന്ന പള്ളി ആലപ്പുഴയില്‍ സക്കര്യാ ബസാറിന് തെക്ക് വശം വട്ടപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
1946ല്‍ കച്ച് വംശജനും ആലപ്പുഴയിലെ സമ്പന്നനും അത്യുദാരനുമായ ജാഫര്‍ സേട്ടിന്റെ ധനസഹായത്താലും സ്ഥലത്തെ പാവപ്പെട്ടവരുടെ ആഭിമുഖ്യത്തിലും കഠിന യത്നത്താലും നിര്‍മ്മിതമായ പഴയ ചെറിയ പള്ളി പൊളിച്ച് മാറ്റി പുനര്‍ നിര്‍മാണത്തിന് ശേഷം കഴിഞ്ഞ പതിനേഴാം തീയതി (ആഗസ്റ്റ്) പുതിയ ഈ പള്ളി ഉല്‍ഘാടനം ചെയ്യപ്പെട്ടു.
ഈ പള്ളിയുമായി ബന്ധപ്പെട്ട് എന്റെ ബാല്യകാല സ്മരണകള്‍ പലതും ഇന്നും പൂവിട്ട് നില്‍ക്കുന്നതിനാല്‍ പതിനേഴാം തീയതി ഞാന്‍ ആലപ്പുഴയില്‍ എത്തി ഉദ്ഘാടന ബഹളത്തിനിടയില്‍ ഒരു മൂലയില്‍ മാറി നിന്ന് എല്ലാം വീക്ഷിച്ച് കൊണ്ടിരുന്നു. പ്രാര്‍ത്ഥനാ സമയം ആ മൂല തന്നെ നമസ്കാരത്തിനായി ഞാന്‍ തെരഞ്ഞെടുത്തു. എനിക്ക് ആ മൂല മറക്കാന്‍ കഴിയില്ലല്ലോ. എന്റെ ബാല്യകാല സുഹൃത്തുക്കളായ മൂന്ന് പേരും ഞാനും ആ മൂലയില്‍ ചടഞ്ഞിരുന്നാണ് എല്ലാ വികൃതികളും ഒപ്പിച്ചിരുന്നത്. അവരില്‍ രണ്ട് പേര്‍ ആകസ്മികമായ ദുരന്തത്തിനിരയായി ഈ ഭൂമിയില്‍ നിന്നും പോയി കഴിഞ്ഞിരിക്കുന്നു. മൂന്നാമന്‍ എവിടെയാണെന്ന് അറിയില്ല.
തടിയന്‍ എന്ന് വിളിപ്പേരുള്ള ഷുക്കൂര്‍, കാലിപ്പാട്ട എന്ന് പേരുള്ള ഖാലിദ്, മമ്മാ, പിന്നെ ഞാനും. ഇതില്‍ മമ്മാ ഒഴികെ ബാക്കി ഞങ്ങളും പിന്നെ അബ്ദുല്‍ഖാദറും വട്ടപ്പള്ളിയിലെ സ്ഥിരം കുമ്മാളം പാര്‍ട്ടികളായിരുന്നു. ഷുക്കൂര്‍, എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ആയിരിക്കെ കൊച്ചിയില്‍ വെച്ച് നിരത്തില്‍ കുഴഞ്ഞു വീണു മരിച്ചു എന്നും ഖാലിദ് കോണ്‍ വന്റ് ജംക്ഷനില്‍ വാഹനാപകടത്തില്‍ മരിച്ചു എന്നും എന്നോ ഒരു ദിവസം ആലപ്പുഴയില്‍ എത്തിയപ്പോള്‍ ഞാന്‍ അറിഞ്ഞു. മമ്മാ എവിടെ ആണെന്ന് അറിയില്ല.
ഖുര്‍ ആന്‍ പഠിക്കാനായി ഞങ്ങള്‍ കൃത്യ സമയത്ത് തന്നെ പള്ളിയില്‍ എത്തും. അബ്ദുല്‍ക്കരീം മുസലിയാര്‍ ആണ് ഉസ്താദ്. ഖുര്‍ ആന്‍ മുപ്പത് ഭാഗങ്ങളായി രേഖപ്പെടുത്തി വെച്ചിരിക്കുന്ന കിതാബ് തുറന്ന് വെച്ച് ഈണത്തില്‍ ഞങ്ങള്‍ പാരായണം ചെയ്യുമായിരുന്നു. കുറച്ച് കഴിയുമ്പോള്‍ വിരസത അനുഭവപ്പെടുമ്പോള്‍ ഈച്ചകളിയില്‍ ഏര്‍പ്പെടും .
പറന്ന് വരുന്ന ഈച്ചകളെ കൊല്ലുക, കൂടുതല്‍ ഈച്ചകളെ കൊല്ലുന്നവന്‍ ഒന്നാമന്‍ . ഉസ്താദ് കാണാതെ ആണ് ഈ കളി. കിതാബിലേക്ക് തലകുനിഞ്ഞ് പരായണം ചെയ്യുന്നത് പോലെ തലകുനിച്ച് ഞങ്ങള്‍ ചുണ്ട് അനക്കി കൊണ്ടേ ഇരിക്കും. മറ്റ് കുട്ടികളുടെ ഉച്ചത്തിലുള്ള പാരായണ ശബ്ദത്തിന്റെ ബഹളത്തില്‍ ഞങ്ങള്‍ ഓതുകയാണോ ഇല്ലയോ എന്ന് ദൂരെ ഇരിക്കുന്ന ഉസ്താദിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ ഏറ് കണ്ണിട്ട് ഈച്ചകളെ അന്വേഷിച്ച് കൊണ്ടിരുന്നു. കൂട്ടത്തില്‍ പതുക്കെ പറയും. “ദാ വരുന്നടാ ഒരെണ്ണം” ഉടനെ അതിനെ ചായ്ക്കും.
ഈച്ചക്കളിയില്‍ എപ്പോഴും മമ്മാ ഒന്നാമനായി ജയിക്കുമായിരുന്നു. കാരണം അവന്റെ കയ്യില്‍ ചൊറി പിടിച്ചിരുന്നു. ചിരങ്ങില്‍ വന്നിരുന്ന ഈച്ചകളെ മമ്മാ കൊന്ന് കൂട്ടി. പക്ഷേ ഒരു ദിവസം ഈ കളി ഉസ്താദ് കണ്ട് പിടിച്ചു. ഉറുമ്പുകളാണ് ഞങ്ങളെ ചതിച്ചത്,. ഉറുമ്പുകള്‍ വരി വരിയായി വന്ന് അന്നത്തെ ഈച്ച ശവങ്ങളെ വലിച്ച് കൊണ്ട് ഉസ്താദിരിക്കുന്നിടത്ത് കൊണ്ടെത്തിച്ചു. ഉസ്താദ് പതുക്കെ ഉറുമ്പ് പരേഡ് പിന്തുടര്‍ന്ന് ഞങ്ങള്‍ ഇരിക്കുന്ന ഇടത്തെത്തി ഞങ്ങളെ സൂക്ഷിച്ച് നോക്കി. ഒന്നുമറിയാത്ത പോലെ ഞങ്ങള്‍ ഉച്ചത്തില്‍ ഖുര്‍ ആന്‍ പാരായണം ചെയ്തു. ഉസ്താദ് ഞങ്ങളുടെ പുറക് വശത്തെത്തി അനങ്ങാതെ നിന്നു. അദ്ദേഹം എന്താണ് അവിടെ ചെയ്തിരുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. എന്റെ പുറക് വശത്ത് മമ്മായുടെ വക ഈച്ച ശവങ്ങള്‍ കൂട്ടി ഇട്ടിരുന്നത് കണ്ട് ഉസ്താദ് എന്റെ ചന്തിയില്‍ തന്നെ ചൂരല്‍ കൊണ്ട് ഒന്ന് പെടച്ചു.
“ഹെന്റള്ളോ എന്റെ പൊന്നുസ്താദേ, അത് എന്റെ ഈച്ച മയ്യത്ത് അല്ലാ, മമ്മാടെ ഈച്ച മയ്യത്തുകളാണേ” എന്ന് ഞാന്‍ അലറിക്കരഞ്ഞ് പറഞ്ഞതൊന്നും ചെലവായില്ല.
“കുറേ ദിവസം കൊണ്ട് ഞാന്‍ ആലോചിക്കുകാ പള്ളീലിത്ര ഈച്ച മയ്യത്തെന്താണെന്ന്, ഹമുക്കേ നിന്നെ ഞാനിത് തീറ്റിക്കും“ എന്നും പറഞ്ഞ് ഉസ്താദ് രണ്ട് ഈച്ച മയ്യത്തെടുത്ത് എന്റെ വായില്‍ വെക്കാന്‍ തുനിഞ്ഞതും ഞാന്‍ വാ പൊത്തി നെട്ടനെ തറയില്‍ കമഴ്ന്ന് കിടന്നു. അപ്പോള്‍ ചൂരലിനടി ചന്തിയില്‍ തന്നെ നല്ല് ഒഴുക്കിന് വീണതിനാല്‍ ഞാന്‍ എഴുന്നേറ്റ് പുറത്തേക്ക് ഓടി രക്ഷപെട്ടു.
അന്ന് വൈകുന്നേരം ഉസ്താദ് ഈ ചരിത്രങ്ങളെല്ലാം എന്റെ വാപ്പായോട് പറഞ്ഞു കൊടുത്തത് കാരണം രാത്രി വാപ്പായുടെ വക അടിയും മുതലായി കിട്ടി.
പിറ്റേ ദിവസം ഓതി കൊണ്ടിരുന്നപ്പോള്‍ ഷുക്കൂര്‍ പറഞ്ഞു “ എടാ നമുക്ക് ഈച്ച കളിക്കാം“
“പോടാ തടിയാ, നിനക്കൊന്നുമല്ലല്ലോ ഇന്നലെ അടികിട്ടിയത്, ഇനി ഈച്ച കളിയെ പറ്റി മിണ്ടിയാല്‍ ഞാന്‍ ഉസ്താദിനോട് പറഞ്ഞു കൊടുക്കും.” എന്ന എന്റെ പ്രതികരണത്താല്‍ ഈച്ച കളി അവസാനിച്ചു.
അന്ന് തമിഴ് സിനിമകളില്‍ വാള്‍ പയറ്റ് കത്തി നിന്ന കാലം. വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഞങ്ങള്‍ സിനിമാ കാണാന്‍ പോകുമായിരുന്നു. വട്ടപ്പള്ളിയില്‍ സിനിമാ കാണല്‍ ഹറാമായതിനാല്‍ പലപ്പോഴും ഞങ്ങള്‍ ഒളിച്ചാണ് സിനിമക്ക് പോകുന്നത്.(ഒരു ദിവസം സിനിമക്ക് പോയ വകയില്‍ ഒരു ഹോട്ടലില്‍ പണയം ഇരുന്ന കഥ ദാ ഇവിടെ വായിക്കാം )
ഈച്ച കളി അവസാനിച്ചതിന് ശേഷം ഞങ്ങള്‍ സമയം പോക്കാന്‍ കണ്ട മാര്‍ഗം സിനിമാ ചര്‍ച്ച ആയിരുന്നു. കിതാബിലേക്ക് തലകുനിച്ചിരുന്ന് ഞങ്ങള്‍ സിനിമാ കഥ ചര്‍ച്ച ചെയ്യും. അന്ന് എം.ജി.ആര്‍., ശിവാജി ഗണേഷന്‍ , എന്‍ .റ്റി.രാമറാവു തുടങ്ങിയവരാണ് വാള്‍ പയറ്റ് നായകന്മാര്‍. ശിവാജി ഫാന്‍സാണ് ഞാന്‍ . ഷുക്കൂര്‍ എം.ജി.ആറിന്റെ ആളും. മറ്റ് രണ്ട് പേരും അവിടെയും ഇവിടെയും ചേര്‍ന്ന് അഭിപ്രായം പറയും. ഒരു ദിവസം ചര്‍ച്ച പൊടിപൊടിച്ചപ്പോള്‍ ഉസ്താദ് പമ്മി വന്ന് ഞങ്ങളുടെ പുറകില്‍ വന്ന് നിന്നത് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നല്ലല്ലോ! (ഈച്ചക്കളിക്ക് ശേഷം ഉസ്താദിന്റെ നോട്ടപ്പുള്ളികളായിരുന്നു ഞങ്ങള്‍). ഷുക്കൂര്‍ തകര്‍ത്ത് വാദിച്ചു
”നിന്റെ പുളുന്താന്‍ ശിവാജിയെ എന്തിനു കൊള്ളാം, നമ്മുടെ അണ്ണനെ നോക്കടാ ഹാ! ആ, നാടോടി മന്നനിലെ ഒരു സ്റ്റണ്ട് സീന്‍ കാണണം.”
ഞാന്‍ പതുക്കെ ചീറി
” പോടാ തടിയാ, എം.ശീ ആറു...എന്തിനു കൊള്ളാം ആ ഹമുക്കിനെ , പോയി കാണെടാ, ഉത്തമ പുത്രന്‍ സിനിമാ, ശിവാജിയുടെ ആ , ഫൈറ്റ്, ഹായ്!! ഹായ്യ്!”
അപ്പോള്‍ പുറകില്‍ നിന്നൊരു ശബ്ദം
”കൂയ്! കൂയ്യ്! ഈച്ച പിടിയന്മാരേ! പൊന്നീച്ചയെ കണ്ടിട്ടുണ്ടാടാ, ഇന്നാ കണ്ടോ...! “
ഉസ്താദ് എന്റെയും ഷുക്കൂറിന്റെയും തലകള്‍ ശക്തിയായി ചേര്‍ത്ത് ഒരടി! കണ്ണില്‍ കൂടി പൊന്നീച്ചകള്‍ പറന്നു.
അതിനു ശേഷം ഞങ്ങളെ നാലു സ്ഥലങ്ങളിലായി മാറ്റി ഇരുത്തി.
ഒരു ദിവസം വൈകുന്നേരം നമസ്കാരത്തിനായി തടിയനും ഞാനും പള്ളിയില്‍ കയറി. നമസ്കാരത്തിനു മുമ്പേ വുളു(ശരീര ശുദ്ധി) എടുക്കുന്നതിനായി കുളത്തില്‍ ഇറങ്ങിയപ്പോള്‍ മുക്രി, (പള്ളിയില്‍ വാങ്ക് വിളിക്കുകയും അല്ലറ ചില്ലറ പണികള്‍ ചെയ്യുകയും ചെയ്യുന്ന ആള്‍) ഇച്ചിക്കാ എന്നപേരുള്ള ശ്യാമള വര്‍ണന്‍ അവിടെ നിന്നും ഞങ്ങളെ രൂക്ഷമായി നോക്കി. ഉസ്താദില്‍ നിന്നുംഞങ്ങളുടെ ബയോഡേറ്റ മുക്രിക്ക് കിട്ടിക്കാണണം. മാത്രമല്ല കുളത്തിലെ വരാല്‍, തിലോപ്പിയാതുടങ്ങിയ മത്സ്യങ്ങളെ കട്ട് കടത്താതിരിക്കാന്‍ മുക്രി കുളത്തിനു സമീപം എപ്പോഴും കാവലുമാണ്. മുക്രിയെ ഗൌനിക്കാതെ ഞങ്ങള്‍ ശരീര ശുദ്ധി വരുത്തി പള്ളിയില്‍ കയറി നമസ്കാരം തുടങ്ങി. ആസമയം എന്റെ മടിയില്‍ ഉണ്ട ശര്‍ക്കരയും തേങ്ങാ പൂളും സൂക്ഷിച്ചിട്ടുണ്ട്. അറുപതുകളിലെ ദാരിദ്ര്യംഞങ്ങള്‍ കുട്ടികള്‍ നേരിട്ടത് ഉണ്ട ശര്‍ക്കരയും തേങ്ങാ പൂളും അതു പോലുള്ള മറ്റ് ചില നുണുങ്ങുസാധനങ്ങളും കൊണ്ടായിരുന്നു.( ഉദാ:-കപ്പലണ്ടി മുട്ടായി, അമ്മാച്ചന്‍ കോല്, നാരങ്ങാ മുട്ടായി തുടങ്ങിയവ) ശര്‍ക്കരയും തേങ്ങാ പൂളും നല്ല കോമ്പിനേഷനായിരുന്നു. 10പൈസാ മതി രണ്ടും കൂടി ഒരു ചെറിയപൊതി കിട്ടും. ഞാന്‍ അത് മടിയില്‍ സ്റ്റോക്ക് ചെയ്തത് ഷുക്കൂറിനു അറിയുകയും ചെയ്യാം. നമസ്കാരംകഴിഞ്ഞ് പള്ളിയില്‍ നിന്നും ഇറങ്ങുമ്പോള്‍ അവനു കൊടുക്കാമെന്ന് ഞാന്‍ കരുതി. പക്ഷേനമസ്കാരത്തിനു കൈകെട്ടി കഴിഞ്ഞു ഞങ്ങള്‍ സുജൂദ്(സംഷ്ടാംഗ നമസ്കാരം) എത്തിയപ്പോള്‍സുജൂദില്‍ കിടന്ന് തടിയന്‍ എന്നോട് പതുക്കെ ചോദിച്ചു
” ഇത്തിരി ശര്‍ക്കര തരുമോടാ...”
നമസ്കാരത്തില്‍ പ്രവേശിച്ച് കഴിഞ്ഞ് വിരമിക്കുന്നത് വരെ ഈ ലോകത്തില്‍ എന്ത് സംഭവിച്ചാലുംനിശ്ചിത പ്രാര്‍ത്ഥനകളല്ലാതെ ഒരു അക്ഷരം ഉരിയാടുകയോ മറ്റേതെങ്കിലും പ്രവര്‍ത്തികളില്‍ഏര്‍പ്പെടുകയോ ചെയ്യരുതെന്നാണ് കര്‍ശന നിയമം. തടിയന്റെ അപേക്ഷ പരിഗണിച്ച് സുജൂദില്‍കിടന്ന് കൊണ്ട് തന്നെ ഞാന്‍ മടിയില്‍ നിന്നും ശര്‍ക്കരയും തേങ്ങാ പൂളും എടുത്ത് അവനു കൊടുത്ത ആനിമിഷം പുറകില്‍ നിന്ന് ഒരു അലര്‍ച്ച!
”ഹമുക്കുകളേ...” എല്ലാം ശ്രദ്ധിച്ച് കൊണ്ട് മുക്രി ഇച്ചിക്കാ പുറകിലുണ്ടായിരുന്നു.
ഇച്ചിക്കാ രണ്ട് കൈകളിലായി ഞങ്ങള്‍ രണ്ടിനേയും പൂച്ചകളെ തൂക്കി എടുക്കുന്നത് പോലെ എടുത്ത്പള്ളിക്ക് പുറത്ത് കൊണ്ട് പോയി വിട്ടു.
‘നിന്റെയെല്ലാം തീറ്റിയും കുടിയും കഴിഞ്ഞു നിസ്കരിച്ചാല്‍ മതി, പൊക്കോ സുവ്വറുകളേ!...” ഏത് വഴിയിലൂടെ ഞങ്ങള്‍ പറ പറന്നെന്ന് ഇന്നും അറിയില്ല.
കാലമെത്ര കഴിഞ്ഞു പോയി. ഇങ്ങിനി വരാതെ പോയി ആ നല്ല കാലം. പള്ളി ഉദ്ഘാടനബഹളത്തിനിടയില്‍ ആ മൂലയിലേക്ക് നോക്കി ഞാന്‍ നിര്‍ന്നിമേഷനായി നിന്നു. എന്റെ ചങ്ങാതിമാരേ! ഇതാ ഇവിടെ ഞാന്‍ മാത്രം, നമ്മുടെ ബാല്യകാല സ്മരണകളുമായി... എന്റെ പ്രിയപ്പെട്ടവരേ!! നിങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാന്‍ ഈ കുറിപ്പുകള്‍ സമര്‍പ്പിക്കുന്നു.
Subscribe to:
Post Comments (Atom)
അസ്സലായി...
ReplyDeleteഷുക്കൂറിന്നും ഖാലിദിനും ആദരാഞ്ജലികൾ.....
ReplyDeleteThis comment has been removed by the author.
ReplyDeleteചെറുപ്പത്തില്‍ ഇങ്ങനത്തെ വേലകള്‍ എല്ലാരിലും ഉണ്ടല്ലേ....... രാവിലത്തെ സ്കൂള്‍ ഷിഫ്റ്റിന് ശേഷം ഉച്ചക്കും രാത്രിയുമൊക്കെ പള്ളി ദര്‍സില്‍ പോകാറുള്ളപ്പോള്‍ പല വിരുതന്മാരും ഇത്തരം കസര്‍ത്തുകളൊപ്പിക്കുകയും അവസാനം പിടിക്കപ്പെടുകയും ചെയ്യാറുണ്ട്. ആ പഴയ കാലം ഓര്‍ക്കാന്‍ തന്നെ എന്തൊരു സുഖം.
ReplyDeleteഹ ഹാ.. ഒരു ബഷീറിയന്‍ കഥ പോലെ ഫീല്‍ ചെയ്തു...
ReplyDeleteഞാനും പാഞ്ഞു നടന്ന വഴികള്‍ ആയത് കൊണ്ട് മനസ്സില്‍ തട്ടും വിധം ഗൃഹാതുരത്വം അനുഭവപ്പെട്ടു...ബാല്യ കാല സ്മരണകള്‍ അയവിറക്കുമ്പോള്‍ കണ്ണുകള്‍ നിറയുക സ്വാഭാവികം..പോസ്റ്റ് ഇഷ്ടപ്പെട്ടു...ആശംസകള്‍...
ReplyDeleteThis comment has been removed by the author.
ReplyDeleteബാല്ല്യകാല സ് മരണകളിലേക്ക് എന്നെയും കൂട്ടികൊണ്ട് പോയി. ഞാൻ ഓർക്കുന്നു: ഞങ്ങളുടെ തൈക്കാവിൽ (ചെറിയ പള്ളി)ഒരു തങ്ങളെ എന്റെ വാപ്പിച്ച കൊണ്ടുവന്നിരുന്നു. ആ തങ്ങൾക്ക് ചോറ് ഓരോ ദിവസം ഓരോ ബന്തുവീടുകളിൽ നിന്നുമായിരുന്നു..... ഞാനും എഴുതാം ആ നല്ല അനുഭവം (ഇൻഷാ അല്ലാഹ്)
ReplyDeletenalla ormakal... nalla avatharanam.. othiri isthapettu.....
ReplyDeleteഈ ഓര്‍മകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മളൊക്കെ ഉണ്ടോ ഇക്ക.. ഓര്‍മകള്‍ക്കെന്ത് സുഗന്ധം എന്ന പാട്ട് ഓര്‍മ്മവരുന്നു.
ReplyDeleteപ്രിയപ്പെട്ട sankalpangal,
ReplyDeleteപൊന്മളക്കാരന്‍ ,
കാസിംതങ്ങള്‍,
ജിഷ്ണു ചന്ദ്രന്‍,
ഷാനവാസ്,
എസ്.എം.സാദിഖ്,
കലി,
മനോരാജ്,
എന്റെ ചങ്ങാതിമാരേ! ബാല്യകാല സ്മരണകള്‍ പങ്ക് വെക്കാന്‍ നിങ്ങളും കൂടിയപ്പോള്‍ ആ ഓര്‍മ്മകള്‍ നിങ്ങളോടെല്ലാം പറഞ്ഞപ്പോള്‍, എനിക്ക് ഉണ്ടാകുന്ന ആനന്ദം എത്രമാത്രമെന്ന് പറയാന്‍ കഴിയുന്നില്ല.
അതേ! മനോരാജ്, ഓര്‍മ്മകള്‍ക്ക് സുഗന്ധം തന്നെ ആണ്.
പ്രിയ കാസിംതങ്ങള്‍ എല്ലാവര്‍ക്കും ഈ വക അനുഭങ്ങള്‍ ഉണ്ട്.
പ്രിയ ഷാനവാസ്, ഓര്‍മകള്‍ കണ്ണീരും നിര്‍വൃതിയും കൊണ്ട് വരും.
പ്രിയ ജിഷ്ണു, നന്ദി സുഹൃത്തേ!
പ്രിയ സാദിഖ്, ആ അനുഭവങ്ങള്‍ വായിക്കാന്‍ തിടുക്കമായി.
പ്രിയ കലി, പൊന്മളക്കാരന്‍ ,sankalpangal, നന്ദി സുഹൃത്തുക്കളേ!
ഈച്ചപിടിയൻ ഓർമകൾ മനോഹരമായി.
ReplyDeleteഓര്‍മ്മകള്‍ മരിക്കുന്നില്ല ..:)
ReplyDeleteനന്ദി ശ്രീനാഥന്‍ ,
ReplyDeleteനന്ദി രമേഷ് .
ഓര്‍മകള്‍ ഓര്‍മകള്‍
ReplyDeleteഓലോലം തകരുമീ തീരങ്ങളില്‍
ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ
മ്മറക്കാനെഴുതാമോ..!?
പ്രിയപ്പെട്ട മജീദ്, താങ്കളുടെ വരികള്‍ തികച്ചും സത്യം.
ReplyDelete