Wednesday, December 22, 2010

ശ്മശാനത്തിലെ രാത്രി

വെട്ടിത്തിളങ്ങുന്ന നിലാവ്‌

ഒരു തുണ്ട്‌ മഴക്കാർ പോലുമില്ലാത്ത നീലാകാശത്ത്‌ ചന്ദ്രൻ പ്രകാശം ചൊരിഞ്ഞു നിൽക്കുന്നത്‌ കാണുമ്പോൾ നീണ്ട വർഷങ്ങൾക്കപ്പുറം മദ്രാസിലെ ഒരു ശ്മശാനത്തിൽ ഇതു പോലുള്ള നിലാവിൽ രാത്രി കഴിച്ചുകൂട്ടിയതു ഓർമ വരുന്നു.

സിനിമ തലക്കു പിടിച്ചിരുന്ന കൗമാര പ്രായത്തിൽ സിനിമയിൽ അഭിനയിക്കാൻ മദിരാശി പട്ടണത്തിലേക്ക്‌ വീട്ടിൽ നിന്നും ഒളിച്ചു കടന്നു.

ബന്ധുവും കളിക്കൂട്ടുകാരനുമായ സഫർ എന്നു ഞങ്ങൾ ചെല്ലപ്പേരു വിളിച്ചിരുന്ന സഫറുള്ളാ ആണു എനിക്കു കാര്യത്തിൽ പ്രചോദനമായത്‌.

അവൻ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു ഒരു ദിവസം മദിരശി പട്ടണത്തിലേക്ക്‌ വണ്ടി കയറി. അഭിനയം അവനും ഭ്രാന്തായിരുന്നു. നസീറും ഷീലയും സത്യനും കെ.പി. ഉമ്മറും കൊട്ടാരക്കര ശ്രീധരൻ നായരും ഞങ്ങളുടെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കാലത്താണു ഒരു ദിവസം എന്നെ പോലും അറിയിക്കാതെ അവൻ മദിരാശിയിലേക്ക്‌ വണ്ടി കയറിയത്‌.

മദിരാശി പട്ടണത്തിൽ അലഞ്ഞു തിരിഞ്ഞ സഫർ തോമസ്‌ പിക്ചേർസ്‌ എന്ന കമ്പനിയിൽ ചെന്നു ഒരു ജോലിക്കായി മുതലാളിയോടു കെഞ്ചി. അന്നു സുപ്രസിദ്ധ ഹാസ്യ നടനായിരുന്ന ബഹദൂർ കാലിനു പരിക്ക്‌ പറ്റി ചികിൽസയിൽ കഴിയുകയായിരുന്നു.സഫർ ബഹദൂറിനെ പരിചരിക്കാൻ നിയമിതനായി.ബഹദൂറുമായുള്ള അടുപ്പം അവനെ ചിത്രസാഗർ ഫിലിംസിലെത്തിച്ചു.ടി.നഗറിൽ നോർത്ത്‌ ക്രസന്റ്‌ റോഡിലെ ചിത്ര സാഗർ ഫിലിംസിന്റെ ഓഫീസ്‌ ബോയ്‌ ആയി നിയമിക്കപ്പെട്ട സഫർ അവരുടെ തന്നെ ചില മലയാള പടങ്ങളിൽ തല കാണിച്ചു. അവരുടെ "നഗരമേ നന്ദി" എന്ന ചിത്രത്തിൽ പൂവാല വേഷത്തിൽ ചെറുതല്ലാത്ത റോളിലും അവൻ പ്രത്യക്ഷപ്പെട്ടു.

മദിരാശിയിൽ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു എന്നെ പ്രചോദിപ്പിച്ചതു മേൽ കാണിച്ച സംഭവങ്ങളായിരുന്നു.

സഫറിനു കത്തെഴുതിയപ്പോൾ അവൻ മദ്രാസിലേക്കു ചെല്ലുന്നതിനു തടസ്സം പറഞ്ഞു.. പക്ഷേ ഞാൻ അതു അവഗണിച്ചു മദ്രാസിലേക്കു പോകുന്നതിനായി എറുണാകുളത്തു നിന്നും തീവണ്ടി കയറി. അന്നു എർണാകുളം-മദ്രാസ്‌ തീവണ്ടി ചാർജു ഒരാൾക്കു 18 രൂപയാണു. ടിക്കറ്റ്‌ ചാർജ്‌ കഴിഞ്ഞു കയ്യിൽ കഷ്ടിച്ചുള്ള തുകയേ ബാക്കി ഉണ്ടായിരുന്നുള്ളതിനാൽ ഞാൻ ആഹാരം വാങ്ങി കഴിച്ചില്ല.രാവിലെ സെന്റ്രൽ സ്റ്റേഷനിൽ ഇറങ്ങിയ ഞാൻ സഫറിനെ ബന്ധപ്പെടുവാൻ മടിച്ചു. ഞാൻ അവിടെ എത്തുന്നതിൽ തടസ്സം പറഞ്ഞ അവൻ എന്നെ തിരിച്ചയച്ചാലോ? മാത്രമല്ല ഞാൻ മദ്രാസിൽ ഉള്ള വിവരം വീട്ടിൽ അറിവു കൊടുത്താൽ വീട്ടുകാർ മദിരാശിയി വന്നു എന്നെ പൊക്കും എന്നു തീർച്ച.

കയ്യിൽ ഒന്നു രണ്ടു കൂട്ടുകാരുടെ മേൽ വിലാസമുണ്ടു.അവരെ കണ്ടു പിടിക്കണം,സിനിമാ ഫീൽഡിൽ ഒരു ജോലി സമ്പാദിക്കണം,പിന്നീടു അഭിനയിക്കാൻ ചാൻസിനായി ശ്രമിക്കണം. ഞാൻ കണക്ക്‌ കൂട്ടി.

കഷ്ടപ്പെട്ടു ട്രിപ്ലിക്കൻ ഹയ്‌ വേയിൽ കൂട്ടുകാരുടെ സമീപം ഞാൻ എത്തി.അവർ രണ്ടു പേരും ഹോട്ടൽ ജോലിക്കാർ ആണു.ആലപ്പുഴ വട്ടപ്പള്ളിയിലെ ഷസു ആണു ഒരാൾ.മറ്റൊരാൾ ആലപ്പുഴ ഡച്ചു സ്ക്വയറിൽ താമസിക്കുന്നു (പേരു ഇപ്പോൾ മറന്നു പോയി). രണ്ട്‌ പേരും എന്റെ മദ്രാസ്‌ സന്ദർശനത്തെ വിമർശിച്ചെങ്കിലും എന്നെ സഹായിക്കാമെന്നേറ്റു. വിശന്നിരുന്ന എനിക്കു ഷംസ്‌ ആഹാരം വാങ്ങി തന്നു. പട്ടണം കാണിച്ചു തന്നു. ജമിനി സ്റ്റുഡിയോയുടെ മുമ്പിൽ ഞാൻ കൊതിയോടെ നോക്കി നിന്നു. അകത്തു കയറുവാനെന്തു വഴി എന്നായിരുന്നു എന്റെ ചിന്ത.

അന്നത്തെ ദിവസം രാത്രി ആയി. ഷംസും ഞാനും ഷംസു കിടക്കുന്ന താവളത്തിലെത്തി.ഒരു പീടിക വരാന്ത.സ്ഥിരമായി ഒരേസ്ഥലത്തു ഉറങ്ങുന്നവർക്ക്‌ ഇടം പതിച്ചു കിട്ടിയതു പോലെയാണു. പിന്നെ അൽപ്പം കയ്യൂക്കും വേണം. അവിടെ മൂന്നു പേരാണു പതിവുകാർ. ഷംസ്‌ തമിഴിൽ വിവരം പറഞ്ഞു.നാലാമനായി എന്നെയും അവർ അവിടെ കൂട്ടി. ഒന്നു തിരിഞ്ഞു കിടക്കണമെങ്കിൽ എഴുന്നേറ്റു മാത്രമേ തിരിയാൻ കഴിയൂ.വീതി കുറഞ്ഞ വരാന്തയിൽ മത്തി അടുക്കിയത്‌ പോലെ ഞങ്ങൾ കിടന്നു

രാത്രി ആയപ്പോൾ വാഹന ഓട്ടം നിലച്ചു. നിരത്തു നിശ്ചലമായി. മറ്റുള്ളവർ കിടന്ന പാടേ ഉറങ്ങി.പതുക്കെ കണ്ണുകൾ അടഞ്ഞു വന്നപ്പോഴാണു എന്റെ പള്ള ഭാഗത്തു ആരോ വടി കൊണ്ടു കുത്തിയതു. കൂട്ടത്തിൽ ഒരു അലർച്ചയും.

"എഴുന്തിടറാ തേവിടിയാ പയലുകളേ"


രണ്ടു പോലീസുകാർ.

ഞാൻ വിരണ്ടു ചാടി എഴുന്നേറ്റപ്പോൾ മറ്റുള്ളവർ പതുക്കയേ പൊങ്ങിയുള്ളൂ. ഷംസ്‌ അലസമായി പറഞ്ഞു.

"നേർത്തു ദുട്ടു തന്തിരുക്കു സാർ."

"യാരെടാ പുതുശ്ശ്‌" എന്റെ മുഖത്തു ടോർച്ചു അടിച്ചാണു ചോദ്യം.

"പാവമാക്കും സാർ, അവനു അപ്പാ അമ്മാ ഇല്ലൈ, വേല തേടി വന്തിരുക്ക്‌" ഷംസ്‌ പറഞ്ഞു.

സമയം എന്റെ മാതാ പിതാക്കൾ പച്ച ജീവനോടെ നാട്ടിൽ ഉറങ്ങുകയാണു.

"ദുട്ടു നാളെ തന്തിടലാം സാർ" ഷംസ്‌ പിന്നെയും പറഞ്ഞു.പക്ഷേ പോലീസുകാർ സമ്മതിച്ചില്ല. ഒന്നുകിൽ പൈസാ കൊടുക്കണം, അല്ലെങ്കിൽ അവിടെ കിടക്കാൻ സമ്മതിക്കില്ല. അതുമല്ലെങ്കിൽ എന്നെ ഇപ്പോൾ തന്നെ സ്റ്റേഷനിൽ കൊണ്ട്‌ പോകണം. കാരണം ഞാൻ പട്ടണത്തിൽ പുതുശ്ശ്‌ പുള്ളിയാണൂ.

ഷംസും ഞാനും എഴുന്നേറ്റു നടന്നു, രാത്രിയിൽ എവിടെയെന്നില്ലാതെ നടക്കുകയാണു. ഞങ്ങളുടെ നടപ്പു പോലീസുകാർ കുറച്ചു നേരം നോക്കി നിന്നു.ഞങ്ങൾ ദൂരത്തിലെത്തി തിരിഞ്ഞു നോക്കിയപ്പോഴും അവർ ഞങ്ങൾ തിരികെ വരുന്നുണ്ടോ എന്നു നോക്കി നില്‍ക്കുകയാണു.


പിന്നീടു ഞങ്ങൾ റോഡരുകിൽ കുത്തി ഇരുന്നു നേരം വെളുപ്പിച്ചു.

അടുത്ത ദിവസവും ഞാനും ഷംസും എനിക്ക് ജോലി തരപ്പെടുത്താന്‍ അലഞ്ഞു നടന്നു. വൈകുന്നേരം ഷംസിന്റെ ഒരു കൂട്ടുകാരന്‍ മുഖേനെ ജോലി ശരിയാക്കി.

കോടമ്പക്കത്ത് സിനിമാ ഫീല്‍ഡിലെ ഒരു സബ് കോണ്ട്രാക്റ്ററുടെ കൂടെ ആയിരുന്നു ജോലി.ക്യാമറാ കെട്ടി വലിക്കുക ന്നതായിരുന്നു എന്റെ ഡ്യൂട്ടി. ക്യാമറാ മാന്‍ നില്‍ക്കുന്ന ട്രോളി ഷൂട്ടിങ്ങ് നടക്കുന്ന മുറക്ക് മുമ്പോട്ടും പുറകോട്ടും കെട്ടി വലിക്കണം. ശമ്പളം പ്രതി ദിനം മൂന്നു രൂപാ. അന്നു അണ്ണാദുര സര്‍ക്കാര്‍ ഒരു രൂപക്കു ഒരു പടി(പക്കാ) അരി വില്‍പ്പന നടത്തുന്ന സമയം ആണ്. ഹോട്ടലില്‍ മട്ടന്‍ കറി കൂട്ടി ഒരു ഊണിനു എണ്‍പതു പൈസാ മാത്രം.(മട്ടന്‍ തമിഴു നാട്ടിലെ ആടിന്റേത് ആയതിനാല്‍ ഞാന്‍ കറി തൊടുകപോലുമില്ലായിരുന്നു).ജീവിത ചിലവു കുറവായതിനാല്‍ മൂന്നു രൂപാ ശമ്പളം ധാരാളമായിരുന്നു.

പിറ്റേ ദിവസം മുതല്‍ ജോലിക്കു കയറണം.അന്നു രാത്രിയും പഴയ താവളത്തില്‍ എത്തിയെങ്കിലും തലേ രാത്രിയിലേതു പോലെ പോലീസുകാര്‍ അന്നും വന്ന് ഞങ്ങളെ എഴുന്നേല്പിച്ചു. എന്റെയും ഷംസിന്റെയും പക്കല്‍ പൈസ ഇല്ലായിരുന്നു. പോലീസുകാര്‍ വിരട്ടി. ഷംസു അന്നും എന്റെ കൂടെ വരാന്‍ ഒരുങ്ങിയെങ്കിലും ഞാന്‍ തടസ്സം പറഞ്ഞു. അവന്‍ ഇന്നലെ രാത്രിയും ഉറങ്ങിയില്ല. അന്ന് പകല്‍ ജോലിക്കും പോയില്ല. ഞാന്‍ കാരണം പാവത്തിനു ധാരാളം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നതിനു പുറമേ ആഹാര ചിലവെല്ലാം അവനാണു വഹിച്ചത്. ഇതെല്ലാം കണക്കിലെടുത്ത് അവന്‍ അവിടെ കിടന്നുറങ്ങാന്‍ ഞാന്‍ നിര്‍ബന്ധിച്ചു. വൈമനസ്യത്തോടെ അവന്‍ അനുസരിക്കുകയും ഇന്നലെ രാത്രി പോയി ഇരുന്ന ഇടത്ത് രാത്രി കഴിച്ച് കൂട്ടുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഞാന്‍ നടന്നു പോകുമ്പോള്‍ പോലീസുകാര്‍ തമ്മില്‍ പറയുന്നതു ഞാന്‍ കേട്ടു. “തിരുമ്പി വരുമ്പം എവനെ ഇങ്ക പാര്‍ത്താല്‍ സ്റ്റേഷനുക്കു കൊണ്ട് പോയിട വേണം”. സ്റ്റേഷനില്‍ കൊണ്ട് പോയാല്‍ സംശയാസ്പദമായ രീതിയില്‍ നഗരത്തില്‍ കണ്ടു എന്നു കേസ് ചാജു ചെയ്തു അനിശ്ചിത കാലം ജെയിലില്‍ പാര്‍പ്പിക്കും എന്നു അറിയാന്‍ കഴിഞ്ഞതിനാല്‍ ഞാന്‍ സ്ഥലത്തു തിരിച്ചു വന്നതേയില്ല.

പിറ്റേ ദിവസം ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി ഡ്യൂട്ടിക്കായി ഫീൽഡിൽ ചെന്നു എങ്കിലും ആദ്യ ദിവസം തന്നെ വെള്ളിത്തിരയിലെ ഇഷ്ടപ്പെട്ട താരങ്ങളെ അടുത്തു കണ്ട സന്തോഷത്താൽ ഉറക്കം പമ്പ കടന്നു.പക്ഷേ കൂട്ടുകാരന്റെ ഉപദേശത്താൽ അവരുടെ അയലത്തു പോലും ഞാൻ പോയില്ല.ലേബേർസ്‌ ബന്ധം സ്ഥാപിക്കാൻ ചെല്ലുന്നതു അവർ ഇഷ്ടപ്പെടില്ലാത്രേ!

ക്യാമറാമാന്റെ ശകാരവും ചീത്ത വിളിയും പലതവണ ഞാൻ കേട്ടു. എല്ലാം സിനിമാ അഭിനയത്തിനു വേണ്ടി ആയതിനാൽ അതെല്ലാം ഞാൻ അവഗണിച്ചു.

ജോലി തീരുന്നതിനു മുമ്പു എന്റെ സഹജോലിക്കാരനോടു രാത്രിയിലെ പ്രശ്നം ഞാൻ അവതരിപ്പിച്ചു. മലയാളി ആയിരുന്ന സുഹൃത്ത്‌ (അയാളുടെ പേർ വിജയൻ എന്നാണെന്നാണു എന്റെ ഓർമ്മ)എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു.

"നമുക്കു പരിഹാരം കണ്ടെത്താം"

ഞാൻ പഠിച്ച ആളാണെന്നു അറിഞ്ഞപ്പോൾ എന്നോടു അയാൾക്കു സഹതാപം തോന്നിയിരുന്നു.

രാത്രി ആയി. സുഹൃത്ത്‌ എന്നെ ഇലക്റ്റ്രിക്ക്‌ ട്രൈനിൽ കറ്റി ഏതോ സ്റ്റേഷനിൽ ഇറക്കി. സൈദാപേട്ട്‌ സ്റ്റേഷൻ ആണെന്നാണു എന്റെ ഓർമ. ഏതെല്ലാമോ ഊടു വഴികളിൽ കൂടി അയാൾ എന്നെ ഒരു മതിലിനു സമീപം എത്തിച്ചു. എന്നിട്ടു ഒരു മടിയും കൂടാതെ മതിലിൽ വലിഞ്ഞു കയറി എന്നോടും കയറാൻ ആവശ്യപ്പെട്ടു. ഞാനും മതിലിൽ വലിഞ്ഞു കയറിയപ്പോൾ രണ്ട്‌ പേരും മതിലിനു അപ്പുറമുള്ള വിശാലമായ പറമ്പിലേക്കു എടുത്തു ചാടി. ചന്ദ്രന്റെ പ്രകാശം അവിടെ തിളങ്ങി നിന്നു.സുഹൃത്തിന്റെ പുറകേ നടക്കുമ്പോൾ ഞാൻ പരിസരം വീക്ഷിച്ചു.പെട്ടെന്നു അയാളുടെ കൈ പിടിച്ചു ഭയത്തോടെ ഞാൻ ചോദിച്ചു:-

"ഇതെവിടെയാണു"?

" ഇതു സിമിത്തേരിയാണു. എന്താ ഭയമാകുന്നുണ്ടോ? ഇവിടെ മരിച്ചവരേ ഉള്ളൂ. പോലീസുകാര്‍ ഇല്ല. മരിച്ചവർ ഉറക്കവുമാണു....."

വളരെ ലാഘവത്തോടെ ആയിരുന്നു അയാളുടെ മറുപടി. അയാൾ തുടർന്നു:-

ഞാൻ സ്ഥിരമായി ഇവിടെയാ കിടക്കുന്നതു...റൂം റെന്റ്‌ കൊടുക്കേണ്ടാ... നിങ്ങളെ പോലെ സിനിമായിൽ ചാൻസിനായി വരുന്ന പലരും ഇവിടെ വന്നു കിടന്നിട്ടുണ്ട്...വേറെ സൗകര്യം കിട്ടുമ്പോഴോ അല്ലെങ്കിൽ സിനിമാ മടുക്കുമ്പോഴോ അവർ പിന്നെ ഇവിടെ വരില്ല...നിങ്ങളും അത്‌ തന്നെ ചെയ്യും...."

എന്റെ കാലുകൾ വിറച്ചു.അപ്പോഴേക്കും കുറച്ചു ദൂരം പറമ്പിന്റെ ഉള്ളിലേക്കു കടന്നു വന്നതിനൽ ഒറ്റക്ക്‌ തിരികെ പോകാനും ഭയമായി.

അടുത്തു കണ്ട കല്ലറക്കു മുകളിൽ അയാൾ കയറി കിടന്നു.തൊട്ടരുകിൽ ഉള്ള മറ്റൊന്നിനെ ചൂണ്ടിക്കാണിച്ചു അയാൾ പറഞ്ഞു:-

"അതിൽ കയറി കിടന്നോ...അത്‌ പുതിയതും പണക്കാരുടേതുമാണു.....നല്ല മാർബീൾ.."

ശരിയാണു മാർബിളിൽ ചന്ദ്രന്റെ പ്രതിബിംബം പതിഞ്ഞിരുന്നു. യുവതിയായ സ്ത്രീയുടേതാണു കല്ലറ എന്ന്‌ ഫലകത്തിലെ രേഖകളിൽ നിന്നും എനിക്ക്‌ മനസ്സിലായി.

മറ്റു മാർഗം ഇല്ലാതിരുന്നതിനാൽ ഞാൻ അതിൽ ഇരുന്നു. മാർബിളിന്റെ തണുപ്പ്‌ എന്റെ ശരീരത്തിൽ അരിച്ച്‌ കയറുന്നുണ്ടായിരുന്നു. ആരോ കൊണ്ടു വെച്ച പൂക്കൾ കരിഞ്ഞത്‌ അവിടെ കിടന്നത്‌ ഞാൻ കൈ കൊണ്ട്‌ തട്ടിക്കളഞ്ഞു.ഭയവും സംഭ്രമവും ഒരു വശത്തും ഉറക്കം മറുവശത്തും നിന്നു എന്നെ തളർത്തിയതിനാൽ ഞാൻ കല്ലാര്റയുടെ മുകളിൽ നീണ്ടു നിവർന്ന്‌ കിടന്നു.


മുകളിൽ നീലാകാശത്ത്‌ വെട്ടിത്തിളങ്ങുന്ന ചന്ദ്രൻ.

സർവ്വത്ര നിശ്ശബ്ദതയിൽ അടുത്ത കല്ലാര്റക്കു മുകളിൽ നിന്നും സുഹൃത്തിന്റെ കൂർക്കം വലി ഉയർന്ന്‌ കേൾക്കാം. രാത്രിയുടെ ഭീകരമായ ഏകാന്ത തയിൽ സിനിമയിൽ കാണുന്നത്‌ പോലെ നായ്ക്കൾ ഓരി ഇടുന്നതോ കൂമന്റെ ശബ്ദമോ പാലപ്പൂ മണമോ ഒന്നുമില്ല.

പകരം ഭയത്തിലാഴ്ത്തി കളയുന്ന സർവ്വത്ര നിശ്ശബത!, നിലാവിൽ മുങ്ങിയ പരിസരവും.!!!

ഉറക്കം പതുക്കെ പതുക്കെ കണ്ണുകളിലേക്ക്‌ ഇഴഞ്ഞെത്തുകയായിരുന്നു.....കുറേ സമയം ഞാൻ ഉറങ്ങിയിരിക്കണം. എന്തോ ശബ്ദം കേട്ടു ഞാൻ ഉണർന്നു. ആരോ സംസ്സാരിക്കുന്നതു പോലെ. കിടന്ന കിടപ്പിൽ തന്നെ ഞാൻ തല തിരിച്ച്‌ നാലു പാടും നോക്കി.

അതേ! ആരോ സംസ്സാരിക്കുന്ന ശബ്ദം ഒഴുകിയെത്തുന്നു.

ഭയത്താലും തണുപ്പിനാലും ഞാൻ കിടുകിടാ വിറച്ചു. സുഹൃത്തിനെ വിളിക്കാനായി ഞാൻ ഒരുങ്ങിയപ്പോൾ അൽപ്പം ദൂരേക്കു എന്റ്‌ കണ്ണുകൾ പാഞ്ഞു.അവിടെ ഒരു കല്ലറക്ക്‌ മുകളിൽ ഒരാൾ ഇരിക്കുന്നു. അടുത്ത കല്ലറക്ക്‌ മുകളിലും മറ്റൊരാൾ ഉണ്ട്‌. അവർ രണ്ട്‌ പേരുമാണു സംസ്സാരിക്കുന്നത്‌. ഇതിനിടയിൽ ശബ്ദം കേട്ട്‌ സുഹൃത്ത്‌ എഴുന്നേറ്റപ്പോൽ എനിക്ക്‌ സമാധാനമായി.അയാൾ കല്ലറക്ക്‌ മുകളിൽ നിന്ന്‌ കൊണ്ട്‌ തന്നെ മറുപുറത്തേക്ക്‌ നീട്ടി മൂത്രം ഒഴിച്ചപ്പോൾ പ്രേതങ്ങൾ സുഹൃത്തിനെ ശ്രദ്ധിക്കുന്നതും സുഹൃത്ത്‌ "ഏയ്‌ അയ്യാ ഏൻ ഇത്തറ ലേറ്റായി" എന്ന്‌ ചോദിക്കുന്നതും ഞാൻ കാണുകയും കേൾക്കുകയും ചെയ്തു.

"എം.ജി.ആർ. പടം പാക്കതുക്ക്‌ സെക്കൻ ഷോക്ക്‌ പോയീ തമ്പീ....."എന്ന്‌ ഒരു പ്രേതം മറുപടി പറഞ്ഞപ്പോൾ സ്നേഹിതൻ എന്റെ നേരെ തിരിഞ്ഞ്‌ "നമ്മുടെ സ്വന്തം പാർട്ടിയാ....അവരും ഇവിടാ കിടക്കുന്നത്‌" എന്ന്‌ എന്നെ സമാധാനപ്പെടുത്തി.

പിന്നീട്‌ ഞാൻ ഉണർന്നത്‌ നേരം പുലരാറായപ്പോഴാണു.

തുടർന്നുള്ള എന്റെ രാത്രികൾ സഫറിനെ കണ്ടെത്തുന്നത്‌ വരെ ശ്മശാനത്തിലാണു കഴിച്ചു കൂട്ടിയത്‌.

സഫറിനെ ഫീൽഡിൽ വെച്ച്‌ യാദ്രിശ്ചകമായാണു കണ്ട്‌ മുട്ടിയത്‌.അവൻ ആദ്യം എന്നെ തിരികെ പോകാൻ നിർബന്ധിച്ചെങ്കിലും പിന്നീട്‌ ഒരു ഫിലിം പ്രോഡ്യൂസിങ്ങ്‌ കമ്പനിയിൽ ഷൂട്ടിംഗ്‌ ഏരിയായിലെ ബോയ്‌ ആയി ജോലി വാങ്ങി തന്നു. പക്ഷേ 15 ദിവസമേ ഞാൻ അവിടെ ജോലി ചെയ്തുള്ളൂ.


പലതും ഞാൻ കണ്ടു.പലതും അനുഭവിച്ചു. ഏറെ വിവരിക്കാനുള്ള അനുഭവങ്ങൾ.

ഷൂട്ടിംഗ്‌ ഏരിയായിലെ ജോലിക്കാരോട്‌ കെ.പി.ഉമ്മറിന്റെ തലക്കനവും പുശ്ചത്തോടുമുള്ള പെരുമാറ്റവും അതുല്യ നടൻ പി.ജെ. ആന്റണിയുടെ "മോനേ" എന്ന സ്നേഹവും വിനയവും നിറഞ്ഞ വിളിയും പറഞ്ഞ്‌ കേട്ടത്‌ ശരിയാണെന്ന്‌ എനിക്ക്‌ ബോദ്ധ്യപ്പെട്ടു.ഷീലാമ്മയുടെ അഭിനയ പാടവവും നേരിൽ ഞാൻ കണ്ടു.ബഹദൂറിന്റെ നിഷ്കളങ്കമായ ചിരിയും തമാശകളും ഇടപെടലും എനിക്കു അനുഭവിക്കാൻ കഴിഞ്ഞു. മധു സാറിന്റെ അന്തസുറ്റ പെരുമാറ്റവും നസീർ സാറിന്റെ മാന്യമായ സമീപനവും ഒരിക്കലും ഞാൻ മറക്കില്ല.ഷൂട്ടിംഗ്‌ കഴിഞ്ഞ ഒരു സയാഹ്നത്തിൽ കാറിൽ കയറുന്നതിനു മുമ്പു ഡ്രൈവർ വരാൻ കാത്തിരുന്ന ചില നിമിഷങ്ങളിൽ ഞാൻ എന്റെ മദിരാശി വരവിന്റെ ഉദ്ദേശം അദ്ദേഹത്തോടു പറയാൻ ധൈര്യം കാട്ടി.നസീര്‍ സാര്‍ 5 രൂപയുടെ അഞ്ച്‌ നോട്ടുകൾ എന്റെ കയ്യിൽ തന്നിട്ടുപറഞ്ഞു:-

"നാട്ടിൽ പോയി പഠനം തുടരുക..." അഞ്ച്‌ നോട്ടുകളിൽ നാലു എണ്ണം ഞാൻ ചിലവഴിച്ചു. അഞ്ചാമത്തേത്‌ വർഷത്തെ ഡയറിയിൽ എന്റെ സിനിമാ ഭ്രാന്തിന്റെ ഓർമ്മക്കായി സൂക്ഷിച്ചു എങ്കിലും കാലങ്ങൾ വരുത്തി വെച്ച പഴക്കവും പ്രാണികളുടെ ആക്രമണവും എന്റെ പഴയ ഡയറികളിൽ ചിലതു നശിപ്പിച്ചപ്പോൾ അഞ്ചു രൂപാ നോട്ടും ജീർണ്ണിച്ചു പോയി.

ഞാൻ നേരിൽ അനുഭവിച്ച വസ്തുതകൾ ഞാൻ സ്വപ്നം കണ്ട ശാന്ത സുന്ദരവും അന്തസുറ്റതുമായ സിനിമാ ലോകമല്ല യഥാർത്ഥത്തിലുള്ളതെന്ന്‌ എന്നെ ബോദ്ധ്യപ്പെടുത്തി. അനുഭവങ്ങളുടെ തീക്ഷ്ണതയാലോ ഗ്രഹാതുരത്വം ശക്തമായി പിടി പെട്ടതിനാലോ എനിക്ക്‌ സിനിമാ ഫീൽഡ്‌ മടുത്തു. വീട്ടിൽ പോകണമെന്ന ത്വര എന്നെ പിടികൂടി.ഞാൻ നാട്ടിലേക്ക്‌ മടങ്ങി പോയി.


വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു.


സിനിമാ ലോകത്ത്‌ വളരെ മാറ്റങ്ങൾ ഉണ്ടായി.


മദിരാശി പട്ടണം ചെന്നൈ ആയി മാറി.


ഇന്ന് ചിത്ര സാഗർ ഫിലിംസ്‌ ഇല്ല.
പ്രേം നസീർ മരിച്ചു; കെ.പി.ഉമ്മർ മരിച്ചു;ബഹദൂർ മരിച്ചു; പലരും പോയി.

ന്നത്തെ ഷംസ്‌ പിന്നെ ആട്ടോ ഡ്രൈവറായി ചെന്നെയിൽ സെറ്റിൽ ചെയ്തെന്നും അടുത്ത കാലത്ത്‌ അവൻ മരിച്ചെന്നും ഞാൻ അറിഞ്ഞു.

സഫർ ഒരു ആക്സിഡന്റിനെ തുടർന്നുണ്ടായ പരുക്കിനാൽ പൂർണ്ണ ബധിരനായി മാറി ആലപ്പുഴ വടക്കൻ ആര്യാട്‌ എന്ന സ്ഥലത്തേതോ ആയുർവ്വേദ ആശുപത്രിയിൽ പാർട്ട്‌ ടൈം അറ്റൻഡറായി ജോലി നോക്കി ജീവിതം കഴിച്ചു കൂട്ടുന്നു.ഇപ്പോഴും ആലപ്പുഴയിൽ പോകുമ്പോൾ അവനെ സന്ദർശിക്കും.പഴയ സിനിമാ നടന്മാരും അവനുമായി ചേർന്ന് എടുത്ത ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോകളിൽ മഞ്ഞ നിറം കയറിയിട്ടും ഇന്നും അവൻ അവ നിധി പോലെ സൂക്ഷിക്കുന്നു; നഷ്ടപ്പെട്ട അവന്റെ പ്രതാപകാല സ്മാരകമായി.

ഞാനും ജീവിത നാടകത്തിൽ  എത്രയോ വേഷങ്ങൾ കെട്ടി ആടി. ഇന്നിതാ ഈ കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് എന്റെ ബ്ലോഗ്‌ സുഹൃത്തുക്കൾക്ക്‌ ജീവിതാനുഭവങ്ങളുടെ ഒരു ചീന്ത്‌ കാട്ടി കൊടുക്കുന്നു.

ഇന്നു ആ ശ്മശാനവും ആ കല്ലറയും ഉണ്ടോ എന്നറിയില്ല.മരിച്ചു കല്ലറക്കുള്ളിൽ അടക്കപ്പെട്ട ആ യുവതിയുടെ ശവക്കല്ലറ എന്റെ ഉറക്കത്തിനായി ഉപകാരപ്പെടുമെന്ന് അവൾ ജീവിച്ചിരികുമ്പോൾ അറിഞ്ഞിരുന്നില്ലല്ലോ.

അജ്ഞാത സുഹൃത്തേ!വെട്ടിത്തിളങ്ങുന്ന ഈ നിലാവു കാണുമ്പോൾ നിന്നെ അടക്കിയ കല്ലറയും നിശ്ശബ്ദമായ സെമിത്തേരിയും എന്റെ മനസ്സിലേക്ക്‌ ഒരു വിഷാദ രാഗം പോലെ കടന്ന് വരുന്നു.അന്നും അതിനു ശേഷവും ഇത്‌ പോലുള്ള നിലാവ്‌ കാണുമ്പോൾ പലപ്പോഴും എങ്ങിനെയോ നിന്നോടു എനിക്ക്‌ തോന്നിയ ഹൃദയവികാരത്താൽ നിന്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കാൻ ഞാൻ പ്രേരിതനായിട്ടുണ്ട്‌.


ഇന്നും ഞാൻ അപ്രകാരം പ്രാർത്ഥിക്കുന്നു.


24 comments:

  1. പച്ചയായ ജീവിതത്തിന്റെ ഗന്ധം പകരുന്ന നല്ലൊരു ഓര്‍മ്മക്കുറിപ്പ്, മാഷേ.

    നല്ല എഴുത്ത്. വല്ലാതെ ഇഷ്ടപ്പെട്ടു.

    ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്‍!

    ReplyDelete
  2. ഇങ്ങനെ ഒക്കെ ജീവിച്ചു എന്ന് ആലോചിക്കാന്‍ പോലും കഴിയുന്നില്ല ...എന്തെല്ലാം അനുഭവങ്ങള്‍ .....


    wish you a Merry Christmas,
    And a very Happy New Year

    ReplyDelete
  3. നന്നായിട്ടുണ്ട് മാഷെ.....

    ക്രിസ്തുമസ് ആശംസകള്‍ .....

    ReplyDelete
  4. ഹോ!
    അസാധ്യ അനുഭവങ്ങൾ!
    ഗംഭീരമായ പോസ്റ്റ്!
    നമിക്കുന്നു, ഷെരീഫിക്കാ!

    ReplyDelete
  5. ഇവിടെ മരിച്ചവരേ ഉള്ളൂ. പോലീസുകാര്‍ ഇല്ല. മരിച്ചവർ ഉറക്കവുമാണു....."

    ഷെരീഫിക്ക, ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു. അനുഭവം വായിക്കുന്നത് പോലെ അനുഭവപ്പെട്ടില്ല. ശെരിക്കും അത്തരം അവസ്ഥകളിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെട്ടു. ഇടുങ്ങിയ തിരിയാന്‍ പോലും കഴിയാത്ത ഇടത്തെ ഉറക്കവും പോലീസുകാരുടെ കുത്തലും പിന്നെ ശ്മശാനത്തിലെ കഴിച്ച്ച്കൂട്ടലും എല്ലാം ഒരു സിനിമ പോലെ തെളിഞ്ഞു.
    അപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട് അല്ലെ?
    കൃസ്തുമസ് പുതുവത്സരാശംസകള്‍.

    ReplyDelete
  6. ഇക്കായുടെ സിനിമാ അനുഭവം ഒരു സിനിമാകഥയെ വെല്ലുന്നതാണല്ലോ...
    കെ.പി ഉമ്മറിന്‍റെ ഉമ്മറിന്‍റെ അഹങ്കാരത്തെ കുറിച്ച് കുറെ കാലം മുന്‍പ് ഒരു വാരികയിലും വായിച്ചതോര്‍ക്കുന്നു... അപ്പോള്‍ അത് സത്യമായിരുന്നു അല്ലെ അന്ന് അത് വെറും ഗോസിപ്പാവും എന്ന് കരുതി ...

    നല്ല ഒരു അനുഭക്കുറിപ്പ് ഇക്കാ....

    പുതുവത്സരാശംസകള്‍

    ReplyDelete
  7. ഇതൊരു ബഷീറിയന്‍ അനുഭവം പോലെ... ത്രസിച്ചുപോകുന്നു.

    ReplyDelete
  8. പ്രിയപ്പെട്ട ശ്രീ,ശരിക്കും അനുഭവങ്ങള്‍ നിറഞ്ഞ ഒരു പഴയ കാലം എനിക്കുണ്ട്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായ ചില ചീന്തുകള്‍ ഇങ്ങിനെ പോസ്റ്റിലൂടെ പുറത്തു പറയുമ്പോള്‍ താങ്കളെ പോലെ ഉള്ളവരുടെ അഭിനന്ദനങ്ങള്‍ ഇനിയും കൂടുതലായി എന്നെ എഴുതാന്‍ പ്രചോദിപ്പിക്കുന്നു എന്നത് നേരാണു. കഥ കേള്‍ക്കാന്‍ ആരെങ്കിലു ഉണ്ടെങ്കില്‍ കഥ പറയുവാന്‍ ഉത്സാഹമേറും .സന്ദര്‍ശനത്തിനു നന്ദി.

    ReplyDelete
  9. പ്രിയ faisu madeena‘
    അതെ! ഇങ്ങിനെയൊക്കെ ഞാന്‍ ജീവിച്ചിരുന്നു എന്നു (യത്ഥാര്‍ത്തത്തില്‍ ഇതിലും വിചിത്രമായ അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ടു)ഞാനും ചിലപ്പോള്‍ അലോചിക്കുമ്പോള്‍ അതിശയം തോന്നാറുണ്ട്
    സന്ദര്‍ശനത്തിനു നന്ദി.

    ReplyDelete
  10. നന്ദി Naushu ഇവിടെ സന്ദര്‍ശിച്ചതില്‍.

    ReplyDelete
  11. പ്രിയപ്പെട്ട ഡോക്റ്റര്‍ ജയന്‍ ഏവൂര്‍,

    മനസ്സിനുള്ളില്‍ അടുക്കി വെച്ചിരിക്കുന്ന മധുരിക്കുന്നതും കൈപ്പേറിയതുമായ ചില സ്മരണകള്‍ വല്ലപ്പോഴും എടുത്തു പൊടി തട്ടി വൈക്കാറുണ്ടു.പഴയ ചില കത്തുകള്‍ കീറി പറിഞ്ഞതോ നിറം മങ്ങിയ മഷി വരകള്‍ മാഞ്ഞു തുടങ്ങിയതും പ്രാണികളാല്‍ ജീര്‍ണിക്കപ്പെട്ടതുമായ പഴയ കാല ഡയറി താളുകള്‍ അപൂര്‍വമായ ചില സന്ദര്‍ശനങ്ങള്‍ ഇവയെല്ലാം പഴയ കാല ജീവിതത്തിലേക്കു നെടു നീളത്തിലൊരു ഫ്ലാഷ് ലൈറ്റ് അടിക്കുമ്പോള്‍ കാണപ്പെടുന്ന പിന്നിട്ട ചില കവലകള്‍ എന്റെ ഓര്‍മകളെ ത്രസിപ്പിക്കാറുണ്ടു. അപ്പോള്‍ അതെല്ലാം ആരോടെങ്കിലും പറയണമെന്നൊരു മോഹം മനസിലുണര്‍ത്തും.അങ്ങിനെയാണു എന്റെ പല അനുഭവങ്ങളും ബ്ലോഗില്‍ ജന്മം കൊണ്ടതു. ഇവിടെ വന്ന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞതില്‍ നന്ദി..നന്ദി...നന്ദി.

    ReplyDelete
  12. പ്രിയ സ്നേഹിതന്‍ പട്ടേപ്പാടം റാംജീ,

    പഴയ ചില ഡയറിക്കുറിപ്പുകളീലോ കത്തുകളിലോ ഇറങ്ങി പരതുമ്പോള്‍ ചില നിധികള്‍ കയ്യില്‍ തടയും. ആ നിധികളില്‍ സ്പര്‍ശിക്കുമ്പോള്‍ ആ സംഭവങ്ങളുടെ ചെറിയ അംശങ്ങള്‍ പോലും സ്ക്രീനില്‍ തെളിയും പോലെ മനസില്‍ പ്രത്യക്ഷപ്പെടും. അന്നേരം തന്നെ അവ കുറിപ്പിലാക്കുമ്പോള്‍ ചെറിയ കാര്യം പോലും വിട്ടു പോകാതിരിക്കന്‍ സൂക്ഷ്മത പുലര്‍ത്തും.അവിടെ ഒരു പോസ്റ്റ് ജനിക്കുകയാണു.നമുക്കു നേരിട്ടു അനുഭവം ഉള്ള വസ്തുതകള്‍ പറയുമ്പോള്‍ നടന്നതു അതേപടി പറയാന്‍ സാധിക്കുകയും ചെയ്യും. ഇവിടെ അതാണു ഞാന്‍ ചെയ്തതു.

    ഒരു അര്‍ഥത്തില്‍ ഓര്‍മകളാണു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതു. സംഭവബഹുലമായ ഭൂതകാലമില്ലാത്തവന്‍ പ്രായത്തിന്റെ ഒരു കവല തിരിയുമ്പോള്‍ ഏകാന്തപഥികനായി മാറും. മടിയില്‍ ഒന്നും കരുതാത്ത ഏകാന്ത പഥികന്‍.ഓര്‍മകള്‍ കയ്യിലുള്ളവനോ അവന്റെ സാമ്രാജ്യത്തില്‍ അവന്‍ എന്നും യുവ രാജാവാണു.മനസില്‍ അവനെ വാര്‍ദ്ധക്യം ബാധിക്കുകയേ ഇല്ല.എന്റെ അനുഭവം ആണു ഈ പറഞ്ഞതു. ഇന്നും എന്റെ ഓര്‍മകളില്‍ പങ്കാളികള്‍ ആയിരുന്നവരെ തേടി ഞാന്‍ ദൂര യാത്രകള്‍ നടത്താറുണ്ടു. അതോടൊപ്പം താങ്കളെ പോലുള്ളവരുമായി നിറഞ്ഞ സൌഹൃദം അതിയായി ആഗ്രഹിക്കുകയും ചെയ്യും.
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി.

    ReplyDelete
  13. എന്റെ പ്രിയ ഹംസാ, നമ്മുടെ എല്ലാം ജീവിതം ഓരോ സിനിമാ കഥ പോലെയാണു. ഹംസ പറഞ്ഞ സുന്നത്ത് കഥ തന്നെ എത്രയോ ഹൃദയസ്പര്‍ശി ആയ അനുഭവമാണു.കൊയ്ത്തു കഴിഞ്ഞ പാടത്തുകൂടി തലയില്‍ ഒരു തോര്‍ത്തും കെട്ടി നീട്ടി വലിച്ചു പാടി നടന്നു പോകാന്‍ എത്ര കൊതിച്ചിട്ടും സാധിക്കാതെ മരുഭൂമിയിലെ ചുടു കാറ്റുമേറ്റു വരണ്ടു തളര്‍ന്ന എത്രയോ പ്രവാസികളുടെ ജീവിതവും എത്ര സിനിമകളായി മാറ്റാന്‍ കഴിയുമെന്നു ഹംസക്കു നേരില്‍ അറിവുള്ളതല്ലേ!നമുക്കെല്ലാം സമ്പാദ്യമായി ഉടയ തമ്പുരാന്‍ തന്ന ഒരു നിധിയാണു, പഴയകാലത്തെ മധുരിക്കുന്നതും ചവര്‍ക്കുന്നതുമായ ചില ഓര്‍മകള്‍. ആ വക താലോലിക്കുന്നതു എനിക്കു എത്ര ഇഷ്ടമാണെന്നോ.

    കെ.പി.ഉമ്മര്‍ മാത്രമല്ല മറ്റു പലരും ജീവിതത്തില്‍ തന്നെ സ്വന്തമായി ചില ക്യാരക്റ്ററുകള്‍ വെച്ചു പുലര്‍ത്തുന്നവരാണു എന്നാണു എന്റെ നിരീക്ഷണത്തില്‍ എനിക്കു മനസിലായത് ഇവിടെ സന്ദര്‍ശിച്ചു അഭിപ്രായം അറിയിച്ചതില്‍ ഏറെ നന്ദി.

    ReplyDelete
  14. പ്രിയ സ്നേഹിതന്‍ ഖാദര്‍ പട്ടേപ്പാടം,

    ഇപ്പോള്‍ എനിക്കു ഒരു പട്ടേപ്പാടം കാരനെ കൂടി സ്നേഹിതനായി കിട്ടി. ഇവിടെ സന്ദര്‍ശിച്ചതില്‍ നന്ദി.

    ReplyDelete
  15. പ്രിയപ്പെട്ടവരേ! അല്‍പ്പം താമസിച്ചാണെങ്കിലും നിങ്ങള്‍ക്കു എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍.എല്ലാവര്‍ക്കും നല്ല ഒരു വസന്തകാലം ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  16. തുടക്ക വായിച്ച്‌ ഇതെന്തപ്പാ എന്നു കരുതി. പക്ഷേ, പോകുന്തോറും രസവുമേറി. അന്ത്യം നന്നായിട്ടുണ്ട്‌. ആശംസകള്‍

    ReplyDelete
  17. നന്ദി ,യാഥാസഥിതികന്‍ ഇവിടെ സന്ദര്‍ശിച്ചതില്‍.

    ReplyDelete
  18. ഷെരീഫ്ക്കാ,

    പച്ചയായ അനുഭവങ്ങള്‍ ഹൃദ്യമായി എഴുതിയിരിക്കുന്നു..

    ReplyDelete
  19. "കഥ..കഥ..കഥ..നായര്‌....
    കസ്തൂരി നായര്‌....,,
    അയ്യോ ഇക്കാക്ക..

    ReplyDelete
  20. പ്രിയ കുഞ്ഞായീ,Nikukechery,
    ഇവിടം സന്ദര്‍ശിച്ചതില്‍ നന്ദി.

    ReplyDelete
  21. ഭായി പറഞ്ഞപോലെ ജീവിതത്തിന്റെ പച്ചയായ അനുഭവക്കുറിപ്പുകൾ തന്നെ...!

    ReplyDelete
  22. നന്ദി, പ്രിയ മുരളീ മുകുന്ദന്‍

    ReplyDelete
  23. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്. ഓരോരുത്തർക്കും മുൻകൂട്ടിനിശ്ചയിച്ച ഒരു ജീവിതമുണ്ട്. എന്നാൽ എല്ലാത്തിനുമൊടുവിലെ തെറ്റുകാരൻ ആരാണെന്ന ചോദ്യത്തിനുത്തരം തേടുമ്പോള് വിരലുകൾ ചൂണ്ടപ്പെടുന്നത് നമുക്ക്നേരെ തന്നെയാണ്.

    ReplyDelete
  24. പ്രിയ ശ്രീകുമാര്‍, സനദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    താങ്കളുടെ കത്ത് ഇ.മെയിലില്‍ വായിക്കാന്‍ നോക്കിയതില്‍ കഴിയുന്നില്ല ഫോണ്ട് ഏതാണ്?

    ReplyDelete