Tuesday, December 14, 2010

ത്വലാക്കുകാര്‍ സൂക്ഷിക്കുക.

ഇന്ത്യയിൽ മുസ്ലിം സമുദായത്തിലെ സിവിൽ നടപടി ക്രമങ്ങൾ അതായതു വിവാഹം വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ഭാഗം വെയ്ക്കൽ, തുടങ്ങിയവ വ്യക്തി നിയമത്തിനു അനുസൃതമായാണു തീരുമാനിക്കപ്പെടുന്നതു. ബ്രിട്ടീഷ്‌ ഭരണകാലത്തു സൃഷ്ടിക്കപ്പെട്ടതും കാലോചിതമായി മാറ്റപ്പെട്ടതും പാർസി സമുദായത്തിൽ പെട്ട ജസ്റ്റിസ്‌ മുള്ളയുടെ നേതൃത്വത്തിൽ തയാറാക്കപ്പെട്ടതുമായ മുഹമ്മദൻ ലാ ആണു ഇന്ത്യയിൽ മുസ്ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനം.

മുഹമ്മദൻ ലാ പ്രകാരം മുസ്ലിം പുരുഷൻ വിവാഹമോചനം നടത്തുന്നതു ത്വലാക്ക്‌ വഴിയും സ്ത്രീ വിവാഹമോചനം നടത്തേണ്ടതു ഫസഖ്‌ മുഖേനെയുമാണു.

ത്വലാക്ക്‌ ഏകപക്ഷീയമാണു.പുരുഷനു വേണമെന്നു തോന്നിയാൽ ഭാര്യയെ ഒന്നും രണ്ടും മൂന്നും ത്വലാക്ക്‌ ഒരുമിച്ചു ചൊല്ലി ബന്ധം വേർപ്പെടുത്താമെന്നു മുഹമ്മദൻ ലാ അഭിപ്രായപ്പെടുന്നു.രണ്ടു സാക്ഷികളുടെ മുമ്പിൽ വെച്ചു വേണം ത്വലാക്ക്‌ ചൊല്ലേണ്ടതു എന്നു മാത്രം.

സ്ത്രീ പണ്ടു കാലത്തു ഖാസിമാരുടെ മുൻപിലും(അന്നു ഖാസിമാർക്ക്‌ സിവിൽ ജൂഡീഷ്യല്‍ അധികാരം ഭാഗികമായി നൽകിയിരുന്നു) പിൽക്കാലത്തു, വിവാഹം നടന്നസ്ഥലം അധികാരാതൃത്തി ഉള്ള സിവിൽ കോടതിയിലുമാണു ഫസഖ്‌ ചൊല്ലി വിവാഹ മോചനം നടത്താൻ ഹാജരാകേണ്ടിയിരുന്നതു. കേരളത്തിൽ കുടുംബ കോടതികൾ നിലവിൽ വരുന്നതു വരെ മുൻസിഫ്‌ കോടതിയിലായിരുന്നു ഫസഖ്‌ കേസുകൾ ഫയൽ ചെയ്യപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ കുടുംബ കോടതിക്കാണു ഫസഖ്‌ കേസ്‌ കൈകാര്യം ചെയ്യാനുള്ള അധികാരം. ചില സ്ഥലങ്ങളിൽ ഷാഫി വിഭാഗത്തിൽ പെട്ട സ്ത്രീകൾ കത്തു മുഖേനെയും പത്ര പരസ്യം മുഖേനെയും ഫസഖ്‌ ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നതായും ചില മഹല്ല് കമ്മറ്റികൾ അതു അംഗീകരിക്കുന്നതായും കണ്ടു വരുന്നു.പക്ഷേ മുഹമ്മദൻ ലാ പ്രകാരം അങ്ങിനെയുള്ള ഫസഖ്കൾക്കു നിയമ ദൃഷ്ട്യാ അംഗീകാരം ലഭിക്കില്ല. വിഷയം മറ്റൊരു അവസരത്തിൽ പരിഗണിക്കാം. ഇപ്പോൾ ത്വലാക്കിലേക്ക്‌ മടങ്ങുന്നു.

അകാരണമായി ത്വലാക്ക്‌ ചൊല്ലുന്നതിനെ അടുത്തകാലത്തു ഇന്ത്യയിലെ ഉന്നത നീതിപീഠം വിമര്‍ശിക്കുകയുണ്ടായി. മാത്രമല്ല, മുസ്ലിം നിയമങ്ങളുടെ അടിസ്ഥാന പ്രമാണമായ ഖുർ ആനിക നിലപാടിൽ നിന്നു വേണം ത്വലാക്ക്‌ വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

വ്യത്യസ്ത സംസ്കാരത്തിൽ വളർന്നുവന്ന രണ്ടു വ്യക്തികൾ വിവാഹ ബന്ധം വഴി യോജിപ്പിക്കപ്പെടുമ്പോൾ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതകൾ ഉണ്ടാകുക സ്വാഭാവികമാണു.മഹാഭൂരിപക്ഷവും വിട്ടുവീഴ്ച ചെയ്തു പൊരുത്തപ്പെട്ടു ഒരുമിച്ചു പോകുമ്പോൾ ഒരു ചെറിയ ന്യൂനപക്ഷം യോജിപ്പോടെ ജീവിക്കാനാവാതെ വേർ പിരിയലിൽ എത്തി ചേരുന്നതു ഒരുമിച്ചു കഴിയാനാവാത്ത വിധം പ്രശ്നങ്ങൾ ഉടലെടുക്കുമ്പോഴാണു. ഇപ്രകാരം ദമ്പതികൾക്കിടയിൽ വിവാഹമോചനത്തിനു ഹേതുവാക്കപ്പെടുന്ന അസ്വാരസ്യങ്ങൾ സംജാതമാകുമ്പോൾ അനുവർത്തിക്കേണ്ട ഖുർ ആനിക നിർദ്ദേശങ്ങൾ താഴെ പറയും പ്രകാരമാണു.

ആദ്യ ഘട്ടമായി പുരുഷൻ സ്ത്രീയെ ഗുണദോഷിക്കുകയും ഉപദേശിക്കുകയും ചെയ്യണമെന്നും അതുകൊണ്ടു ഫലമില്ലാതെ വരുമ്പോൾ രണ്ടാം ഘട്ടമായി അവളിൽ നിന്നുമുള്ള തെറ്റുകളോടുള്ള പ്രതിഷേധമെന്ന നിലയിൽ അവളുമായുള്ള സഹശയനം ഒഴിവാക്കണമെന്നും എന്നിട്ടും ഫലമില്ലാതെ ഒരുമിച്ചു കഴിയാനാവാത്ത വിധം ഭിന്നത രൂക്ഷമായി തുടരുകയും ചെയ്താൽ അവളുടെയും അവന്റെയും ബന്ധുക്കൾ അടങ്ങിയ ഒരു മദ്ധ്യസ്ത സമിതി രൂപീകരിച്ചു പ്രശ്നങ്ങൾ അവരുടെ മുമ്പിൽ സമർപ്പിച്ചു പരിഹാരം തേടാനും കൽപ്പിക്കുന്നു. മദ്ധ്യസ്ത സമിതിയുടെ ശ്രമങ്ങൾ പരാജയപ്പെടുകയും കാര്യങ്ങൾ അശുഭകരമായി തന്നെ നീങ്ങുകയും വിവാഹ മോചനം മാത്രം പരിഹാരമായി അവശേഷിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു എങ്കിൽ ആദ്യം ഒരു ത്വലാക്ക്‌ മാത്രം ചൊല്ലി ബന്ധം വേർപ്പെടുത്താൻ ഖുർ ആൻ അനുശാസിച്ചു.(അപ്പോഴും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടു.ലൈംഗിക ബന്ധം നിഷിദ്ധമായ കാലഘട്ടത്തിൽ ത്വലാക്ക്‌ പാടില്ല.സ്ത്രീ ശുദ്ധി ആയിരിക്കുന്ന സമയം ലൈംഗികാഭിവാഞ്ജയാൽ പരസ്പരം ആകർഷിക്കപ്പെട്ടു സ്ത്രീ പുരുഷ സംഗമം നടന്നാൽ സംഘർഷം കുറയാൻ സാദ്ധ്യത ഉണ്ടായേക്കാം. അപ്രകാരം ശുദ്ധി ആയിരിക്കുകയും എന്നിട്ടും പരസ്പരം ആകർഷിക്കപ്പെടുകയും ചെയ്യുന്നില്ലാ എങ്കിൽ ഭിന്നത രൂക്ഷമാണു എന്നു കണക്കിലെടുക്കണം.)

ത്വലാക്ക്‌ ചൊല്ലിയാൽ തന്നെയും മൂന്നു ചാന്ദ്രിക മാസ കാലം ഭാര്യയെ പിരിച്ചയക്കാതെ ഭർത്താവിന്റെ ചെലവിൽ കൂടെ താമസിപ്പിക്കണം. വിവാഹ ബന്ധം വേര്‍പെട്ടതിനാല്‍ അപ്രാപ്യയും എന്നാൽ ഇണ തൊട്ടരികിൽ ഉണ്ടായിരിക്കുകയും പരസ്പരം കണ്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ വീണ്ടും കൂടി ചേരാൻ അവർക്കു അഭിനിവേശം തോന്നിയാലോ?! എങ്കിൽ അവർക്ക്‌ വീണ്ടും ഭാര്യാ ഭർത്താക്കന്മാരായി തുടരാം,വിവാഹ ബന്ധം പുന:സ്ഥാപിക്കാൻ രണ്ടു സാക്ഷികൾ ഉണ്ടായിരിക്കണമെന്നു മാത്രം.

ജീവിത ചക്രം കറങ്ങി തിരിയവേ വീണ്ടും പ്രശ്നങ്ങൾ ഉടലെടുക്കുന്നു. അതു അസഹനീയമാകുന്നു.ബന്ധം തുടർന്നു പോകൻ ബുദ്ധിമുട്ടാകുന്നു. അപ്പോൾ നടപടിക്രമങ്ങൾ ആദ്യം മുതൽ ഒന്നു എന്നു തുടങ്ങി അവസാനം രണ്ടാം ത്വലാക്കിൽ എത്തി ചേരുന്നു.അപ്പോഴും സ്ത്രീയെ പറഞ്ഞയക്കാതെ ഭർത്താവിന്റെ ചെലവിൽ വീട്ടിൽ നിർത്തുന്നു. അകന്നു നിൽക്ക്മ്പോൾ അക്കരപച്ചയായി തോന്നി പരസ്പരം അഭിനിവേശം ഉണ്ടായാൽ ഇപ്പോഴും പുന:സമാഗമം സാദ്ധ്യമാണൂ.വിവാഹ ബന്ധം ഇപ്പോൾ പുന:സ്ഥാപിക്കുന്നതിനും രണ്ടു സാക്ഷികൾ അത്യാവശ്യമാണെന്നുമാത്രം.

മൂന്നാം തവണയും വിവാഹ ബന്ധം തുടരവേ പഴയപടി ബന്ധം വഷളായി വിവിധ ഘട്ട നടപടികൾ കഴിഞ്ഞു മൂന്നാം ത്വലാക്കുംചൊല്ലിയാൽ പിന്നീടു അവർ തമ്മിലുള്ള വിവാഹ ബന്ധ പുന:സ്ഥാപനത്തിനുള്ള വഴികള്‍ അടഞ്ഞു കഴിഞ്ഞു. ആദ്യ പുരുഷനുമായി മൂന്നു തവണ വിവാഹ ബന്ധം വേർപ്പെടുത്തപ്പെട്ട സ്ത്രീ മറ്റൊരു പുരുഷനുമായി വിവാഹ ബന്ധത്തിലേർപ്പെട്ടു ജീവിക്കട്ടെ.അവിടെയും അവൾ പരാജയപ്പെട്ടു മുൻ ചൊന്ന വിധത്തിൽ പലഘട്ടങ്ങളിൽ നടപടികൾ പൂർത്തിയാക്കി മൂന്നു തവണയായി ത്വലാക്കും ചൊല്ലപ്പെട്ടു സ്വതന്ത്രയായി നില്‍ക്കുമ്പോള്‍ ആദ്യ ഭർത്താവിനു വേണമെങ്കിൽ അന്നു പുനർ വിവാഹത്തിനു അലോചിക്കാം. അത്രമാത്രം.പുരുഷൻ സ്ത്രീയെ വിവാഹമോചനം നടത്തുന്നതിനെ സംബന്ധിച്ചു ഖുർ ആന്റെയും പ്രവാചക നിർദ്ദേശങ്ങളുടെയും കാഴ്ചപ്പാടു ഇവിടെ ചുരുക്കി പറഞ്ഞുവെച്ചു എങ്കിലും നമുക്കു പരിഗണിക്കാനുള്ള വിഷയം മറ്റൊന്നാണു.

പ്രവാചകനു ശേഷം രണ്ടാം ഖലീഫയുടെ കാലത്തു ഒന്നാമത്തേതോ രണ്ടാമത്തേതോ ത്വലാക്കുകൾക്കു ശേഷം വിവാഹബന്ധം പുനസ്ഥാപിക്കാൻ താൽപര്യപ്പെടാത്ത പുരുഷൻ സ്ത്രീയെ ബുദ്ധിമുട്ടിക്കണമെന്ന മനപൂർവ്വ ഉദ്ദേശത്താൽ മൂന്നു ചാന്ദ്രിക മാസം കൂടെ താമസിപ്പിക്കണമെന്ന നിയമം ദുരുപയോഗം ചെയ്തു സ്ത്രീയെ സ്വതന്ത്രയാക്കി വിടാതെ മറ്റൊരു വിവാഹത്തിൽ ഏർപ്പെടാതിരിക്കത്തക്കവിധം അകാരണമായി കാലം നീട്ടിക്കൊണ്ടു പോകുകയും മറ്റും ചെയ്തു വരുന്നതു തടയുന്നതിനായി അപ്രകാരമുള്ള കേസുകളിൽ സദുദ്ദേശത്തോടു കൂടി മൂന്നു ത്വലാക്കും ഒരുമിച്ചു ചൊല്ലാൻ ഖലീഫ അനുവാദം കൊടുത്തു.ഖലീഫയുടെ സദുദ്ദേശം മനസിലാക്കിയവരും അന്നു ജീവിച്ചിരുന്നവരുമായ പ്രവാചക അനുചരന്മാർ ഇതിനെ എതിർത്തുമില്ല.പക്ഷേ മൂന്നു ത്വലാക്കുകളും ഒരുമിച്ചു ചൊല്ലിയാലും അതു ഒന്നായി മാത്രമേ കാണപ്പെടുകയുള്ളൂ എന്ന നബി വചനം ആരും ഖണ്ഡിച്ചതുമില്ല.എന്നാല്‍ ഖലീഫയുടെ സദുദ്ദേശത്താലുള്ള നിർദ്ദേഷം വളച്ചൊടിച്ചു പിൽക്കാലത്തു അതു കീഴ്‌വഴക്കമായെടുത്തു മൂന്നു തലാക്കും ഒരുമിച്ചു ചെയ്യുന്ന അവസ്ഥ നിലവിൽ വരുകയും ഇന്ത്യയിൽ മുഹമ്മദൻ ലാ അതു പിൻ പറ്റുകയും ചെയ്തു.

ഇപ്പോൾ ഇന്ത്യയിലെ ഉന്നത നീതി പീഠം ത്വലാക്കു സംബന്ധിച്ച ഖുർ ആനിക വചനങ്ങളും പ്രവാചക നിർദ്ദേശങ്ങളും ഉദ്ധരിച്ചു മൂന്നു ത്വലാക്ക്‌ ഒരുമിച്ചു ചൊല്ലുന്നതിനെയും ത്വലാക്കിനു മുമ്പുള്ള നടപടി ക്രമങ്ങൾ പാലിക്കാതിരിക്കുന്നതിനെയും നിശിതമായി വിമർശിക്കുകയും ത്വലാക്ക്‌ ഖുർ ആനിക കാഴ്ചപ്പാടിൽ വേണമെന്നു അഭിപ്രായപ്പെടുകയും ചെയ്തു.

ഇവിടെ മറ്റൊരു വസ്തുത കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ടു.ത്വലാക്ക്‌ ചൊല്ലി കൂടെ താമസിക്കുമ്പോൾഅതിനു ഇദ്ദാ കാലയളവു (എന്ന് പറയപ്പെടുന്നു)ചെലവു വഹിക്കേണ്ടതു ഭർത്താവാണു. മാത്രമല്ലവിവാഹ പുനസ്ഥാപനം നടത്താതെ ദമ്പതികൾ വേർ പിരിയുകയാണെങ്കിൽ "വിവാഹ മോചനംചെയ്യപ്പെട്ട സ്ത്രീകൾക്കു മര്യാദപ്രകാരം എന്തെങ്കിലും വിഭവങ്ങൾ നൽകേണ്ടതു പുരുഷന്റെബാദ്ധ്യതയാണെന്നു ഖുർ ആൻ പറഞ്ഞു വെക്കുകയും ചെയ്തു.

എന്നാൽ സംഭവിച്ചതു മറ്റൊന്നാണു. വിഷയമാണു ലേഖനത്തിന്റെ കേന്ദ്ര ബിന്ദു.

ക്രിമിനൽ പ്രോസീഡർ കോഡ്
സെക്ഷൻ 125 പ്രകാരം വിവാഹമുക്തക്കു നൽകേണ്ട പ്രതിമാസജീവനാംശം നൽകുന്നതിൽ നിന്നും വ്യക്തി നിയമം മുസ്ലിം പുരുഷനെ രക്ഷപെടുത്തി. അപ്രകാരംകാര്യങ്ങൾ നടന്നു വരവേ പ്രസിദ്ധമായ ശാബാനു കേസിൽ പരമോന്നത കോടതിയില്‍ നിന്നുമുണ്ടയവിധിയാൽ മുസ്ലിം പുരുഷനും വിവാഹ മുക്തക്കു ചെലവിനു കൊടുക്കാൻ ബാദ്ധ്യസ്തനായി.

ഇസ്ലാമിക ജീവിതത്തിലെ നിയമ വശങ്ങൾ പ്രതിപാദിക്കുന്ന ശരീ അത്ത്‌ നിയമങ്ങൾ കൂട്ടുകുടുംബവ്യവസ്തയിൽ അധിഷ്ടിതമാണു.കൂട്ടുകുടുംബ വ്യവസ്തയിൽ ഒരു വ്യക്തി ആരെ എങ്ങിനെഎന്തുകൊണ്ടു ആശ്രയിച്ചിരിക്കുനു എന്നു സൂക്ഷമമായി നിരീക്ഷിച്ചാൽ വ്യക്തമാകും. ഇവിടെവിവാഹമുക്ത അവളുടെ കുടുംബത്തിലേക്കു തിരിച്ചു വരികയാണു. പിരിച്ചയച്ച ഭർത്താവിൽ നിന്നുംഭാവികാല ജീവിതചെലവു ഖുർ ആനിക കാഴ്ചപ്പാടും പ്രകാരം ഒരുമിച്ചു കൈപറ്റുകയുംചെയ്തിട്ടുള്ളതിനാൽ അന്യനായ അയാളുടെ നേരെ ഭാവിയിൽ കൈ നീട്ടി യാചിക്കേണ്ടകാര്യവുമില്ല.ഭാവിയിൽ ജീവിക്കാനാവശ്യമായ വിഭവങ്ങൾ നൽകിയതിനാലും വിവാഹ മോചനത്തോടെ സ്ത്രീ അന്യ ആയതിനാലും ചെലവിനു കൊടുക്കേണ്ട ബാദ്ധ്യത അയാൾക്കുമില്ല.( സ്ത്രീമരിച്ചാൽ അവളുടെ സ്വത്തിൽ മുൻ ഭർത്താവിനു യാതൊരു അവകാശവുമില്ല) മറ്റൊരുവിവാഹത്തിലേർപ്പെടുന്നതു വരെയോ അഥവാ മരണം വരെയോ വിവാഹമുക്തയുടെ സംരക്ഷണചെലവു വഹിക്കേണ്ടതു അവൾ മരിച്ചാൽ ആരാണോ അവളുടെ സ്വത്തുക്കൾക്കു അവകാശികളായിതീരുന്നതു ആളാണു.അതു പിതാവു, സഹോദരൻ, പിതൃവ്യൻ, പിതാമഹൻ, ആരുമാകാം. നടേപറഞ്ഞ ബന്ധുക്കളുടെ അഭാവത്തിൽ സ്റ്റേറ്റാണു വിവാഹമുക്തക്ക്‌ ചെലവിനു കൊടുക്കേണ്ടതു.ഇതാണുമുസ്ലിം ലോകത്തിൽ നടപ്പിൽ വന്നിരുന്നതോ വന്നിട്ടുള്ളതോ ഇപ്പോൾ ചില രാഷ്ട്രങ്ങളിൽനടപ്പുള്ളതോ ആയ വിവാഹ മുക്തയെ സംബന്ധിച്ച ശരീ അത്തു നിയമത്തിന്റെ കരടു രൂപം. നിയമത്തിന്റെ എല്ലാ ഭാഗങ്ങളും ഒരേ പോലെ പാലിച്ചാൽ മാത്രമേ നീതി നടക്കുകയുള്ളൂ.മേൽപറഞ്ഞപ്രകാരം എല്ലാ ഭാഗങ്ങളും ക്രമത്തിൽ യോജിപ്പിക്കപ്പെട്ട ഒരു വീടു പോലെ നിന്നിരുന്ന ശരീ അത്തുനിയമത്തിൽ "വിവാഹ മുക്തക്ക്‌ മുന്‍ ഭര്‍ത്താവു
ചെലവിനു കൊടുക്കേണ്ട" എന്ന കഴുക്കോല്‍ മാത്രംഊരിയെടുത്തു ഇതാണു ശരീ അത്തു നിയമം എന്നു പറഞ്ഞു വിവാഹമുക്തക്കു ചെലവിനു കൊടുക്കാതെനിന്ന മുസ്ലിം പുരുഷനാണു ശാബാനു കേസ്‌ വിധിയിലൂടെ വിവാഹമുക്തക്കു ചെലവിനു കൊടുക്കാൻബാദ്ധ്യസ്തനായതു.

ത്വലാക്കു ചൊല്ലുമ്പോൾ ഖുർ ആനിക നിർദ്ദേശാനുസരണം ഉള്ളതും ശരീ അത്തിൽപ്രതിപാദിച്ചിട്ടുള്ളതുമായ വിവാഹ മുക്തക്കു അവകാശപ്പെട്ട മതിയായ വിഭവങ്ങൾ നൽകുന്നതിൽനിന്നും ഇന്ത്യൻ മുസ്ലിം പുരുഷൻ വ്യക്തി നിയമത്തിന്റെ സംരക്ഷണത്താൽ ഒഴിവാക്കപ്പെട്ടിരുന്നു.

വൃദ്ധയും അശരണയുമായ ശാബനു ബീഗത്തിനു വിവാഹ മോചന സമയം യാതൊരു വിധ വിഭവങ്ങളുംനൽകിയിരുന്നില്ല. അവരെ സംബന്ധിച്ച ചെലവിനു കിട്ടാൻ അർഹയാണെന്നുള്ള വിധി പൂര്‍ണമായും
ന്യായം തന്നെ ആയിരുന്നു.പക്ഷേ ഒരു വ്യക്തിയുടെ ദു:ഖ പരിഹാരം മാത്രം ലക്ഷ്യമാക്കിയുള്ള വിധി ഒരു സമുദായത്തിനെ മൊത്തം ബാധിക്കപ്പെട്ട നിയമം ആയി മാറിയപ്പോൾ അതു മത വിശ്വാസത്തെ ചോദ്യം ചെയ്യുന്നതായി നിരീക്ഷിക്കപ്പെടുകയും ഇന്ത്യയിൽ എമ്പാടും "ശരീ അത്ത്‌ നിയമം" സംഘർഷം സൃഷ്ടിക്കുകയും ചെയ്തു.ശരീ അത്തു എന്തെന്നു പഠിക്കാതെ തന്നെ രാഷ്ട്രീയ ആചാര്യന്മാരും (അവരിൽ പലരും പിൽക്കലത്തു ഞങ്ങൾ ശരീ അത്ത്‌ നിയമം എന്താണെന്നു പൂർണ്ണമായി അറിഞ്ഞിരുന്നില്ല എന്നു തുറന്നു സമ്മതിക്കുകയുണ്ടായി) ശുദ്ധ മതേതര വാദികളും ശരീ അത്തു എന്നാൽ പെണ്ണു കെട്ടലും ഒഴിയലും ആണെന്നു ധരിച്ചു ശരീ അത്തിനെ എതിർത്തിരുന്നു.
ഏതായാലും രാഷ്ട്രീയ കലക്കത്തീൽ പെട്ടു പ്രശ്നം നിയമ നിർമാണ സഭയുടെ മുമ്പിലെത്തുകയും ശാബാനു കേസ്‌ വിധി മറി കടക്കാനായി രാജീവു ഗാന്ധി സർക്കാർ "മുസ്ലിം വിമൻസ്‌ പ്രോട്ടക്ഷൻ (ഓൺ ഡൈവേർസ്‌ ) ആക്റ്റ്‌ ബില്ല് പാർലമന്റിൽ കൊണ്ടു വരുകയും ചെയ്തു. ഈ ബില്ല് രാജീവു ഗാന്ധിയുടെ ഉറ്റ സുഹൃത്തുക്കളായിരുന്ന അരുൺ നെഹ്രു, ആരിഫ്‌ ഖാൻ തുടങ്ങിയവർ കോൺഗ്രസ്സിൽ നിന്നും പിണങ്ങി പിരിയാൻ കാരണമാക്കുകയും ചെയ്തു എന്നു ചരിത്രം.

വിവാഹ മുക്തക്കു ചെലവിനു കൊടുക്കേണ്ട എന്ന നിയമം വണ്ടിയുടെ പുറകിൽ കുതിരയെ കെട്ടുകയാണെന്നും പതിനെട്ടാം നൂറ്റാണ്ടിലേക്ക്‌ രാജ്യം പോവുകയാണെന്നും ഇന്ത്യയിലെമ്പാടും ആക്രോശങ്ങൾ ഉണ്ടായി. ഏതായാലും ബില്ല് പാസ്സാവുകയും"മുസ്ലിം വിമന്‍സ് പ്രോട്ടക്ഷൻ (ഓൺ ഡൈവേർസ്‌) ആക്റ്റ്‌ പ്രാബല്യത്തിൽ വരുകയും വിവാഹ മുക്തക്ക്‌ മുസ്ലിം പുരുഷൻ ചെലവിനു കൊടുക്കേണ്ടതില്ല എന്ന ശാബാനു കേസിനു മുമ്പുള്ള അവസ്ഥ പുന:സ്താപിക്കപ്പെടുകയും ചെയ്തു.

പക്ഷേ ആക്റ്റിനു എതിരെ ബഹളം വെച്ചവരും ബിൽ പാസ്സായതിൽ സന്തോഷിച്ചവരും ഒരു വസ്തുത കാണാതെ പോയി, അഥവാ ആ വസ്തുതയുടെ പ്രസക്തി ആരും കണക്കിലെടുത്തതേയില്ല. ശരീ അത്തു നിയമത്തിലെ ഒരു പ്രധാന പോയിന്റ്‌ പുതിയ ആക്റ്റിൽ സെക്ഷൻ 3 എന്ന പേരിൽ ഉൾക്കൊള്ളിച്ചിരുന്നു. വിവാഹ മോചന സമയം സ്ത്രീയെ വിഭവങ്ങൾ നൽകി നല്ല നിലയിൽ പിരിച്ചയക്കണമെന്ന ഖുർ ആനിക നിർദ്ദേശം പുതിയ നിയമത്തിലെ മൂന്നാം സെക്ഷനിൽ ഉൾക്കൊള്ളിച്ചിരുന്നു.ഇദ്ദാ കാല ചെലവു, ഭാവി ജീവിത ചെലവു, മഹർ തുടങ്ങിയവക്ക്‌ വിവാഹ മുക്ത അർഹ ആണെന്നു സെക്ഷൻ 3 പറയുന്നു. ഇതെല്ലാം വിവാഹ മോചന സമയം ഒരുമിച്ചു കൊടുക്കുകയും വേണം. ഇതു നൽകാതെ ത്വലാക്കു ചെയ്താൽ സ്ത്രീക്ക്‌ കോടതിയെ സമീപിക്കാം പുരുഷനിൽ നിന്നു ഈടാക്കി എടുക്കുകയും ചെയ്യാം.

ത്വലാക്കു വീരന്മാർക്ക്‌ തലക്കു അടി കൊടുക്കുന്ന സെക്ഷണായി മാറി പ്രസ്തുത നിയമത്തിലെ മൂന്നാം വകുപ്പു.

പ്രസ്തുത ആക്റ്റ്‌ നിലവിൽ വന്നതിനു ശേഷം വിവാഹ മുക്തക്കു മാസം തോറും ചെലവിനു അർഹത ഇല്ലെങ്കിലും ഭാവി ജീവിത ചെലവിനു വേണ്ടിയുള്ള തുകയും ഇദ്ദാ കാലത്തെ ജീവിത ചെലവും വാഗ്ദാനം ചെയ്യപ്പെട്ട മഹറും എല്ലാം കൂടി ഒന്നായി വൻ തുകയാണു ഇന്നു സെക്ഷൻ 3 പ്രകാരം മുസ്ലിം വിവാഹ മുക്തക്കു കോടതികൾ വിധിക്കുന്നതു. വിവാഹ സമയത്തും അതിനു ശേഷവും സ്ത്രീയിൽ നിന്നും വാങ്ങിയ സ്വർണ്ണം, സ്ത്രീധനം ഉൾപടെയുള്ള സംഭാവനകൾ വേറെ തിരികെ കൊടുക്കുകയും വേണം.

കോടതിയിൽ പോകാതെ മഹല്ലു കമ്മിറ്റികളുടെ മദ്ധ്യസ്ഥതയിൽ തീരുന്ന വിവാഹ മോചന കേസുകളിലും ഇപ്രകാരം സെക്ഷൻ 3 പരിഗണിക്കപ്പെടുന്നു.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലെ കോടതികളിൽ ഈ തുക (അതു ലക്ഷങ്ങൾ വരും) ഭിന്ന തരത്തിലാണു വിധിക്കുന്നതു.കുറച്ചു കാലങ്ങൾക്കു മുമ്പു ചെന്നൈ കോടതി ഒരു എൻ ജിനീയർ ഭർത്താവു ത്വലാക്കിനാൽ വേർപ്പെടുത്തപ്പെട്ട മുൻ ഭാര്യക്കു 15 ലക്ഷം രൂപ സെക്ഷൻ 3 പ്രകാരം കൊടുക്കുവാൻ വിധിച്ചതായി പത്രത്തിൽ വായിച്ചിരുന്നതു ഓർമയിൽ വരുന്നു.

ഈ കുറിപ്പുകാരന്റെ മുമ്പിൽ ദാമ്പത്യ ബന്ധ പൊരുത്തക്കേടുകൾ പരിഹരിക്കാനായി മദ്ധ്യസ്ഥതക്കു വരുന്ന കേസുകളിൽ ഏക പക്ഷീയമായ ത്വലാക്കിനാൽ വിവാഹ ബന്ധം വേർപ്പെടുത്താൻ മുതിരുന്ന ഭർത്താക്കന്മാരെ സെക്ഷൻ 3 ചൂണ്ടിക്കാട്ടി ത്വലാക്കിൽ നിന്നും പിൻ തിരിപ്പിക്കാറുണ്ടു.കുറച്ചു കാലം കഴിയുമ്പോൾ കടന്നു പോയകാലം അവരുടെ പൊരുത്തക്കേടുകൾ പരിഹരിച്ചു വിവാഹ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഇടയാക്കിയിട്ടുമുണ്ടു. എടുത്തു ചാടി ത്വലാക്കിനു മുതിരുന്ന പ്രവണത തടയാൻ സധിക്കുന്നു എന്നാണു ഞാൻ സൂചിപ്പിച്ചതു. ഏതായാലും എന്റെ നിരീക്ഷണത്തിൽ സെക്ഷൻ 3 പ്രാബല്യത്തിൽ വന്നതിനു ശേഷം അനാവശ്യമായ, എടുത്തു ചാട്ടത്തിനാൽ ചെയ്യുന്ന,ത്വലാക്കുകൾ ഒരു പരിധിവരെ കേരളത്തിലെ തെക്കൻ ജില്ലകളിൽ കുറഞ്ഞിട്ടുണ്ടു. ത്വലാക്കു വീരന്മാർ ത്വലാക്കു ചൊല്ലാൻ ഇപ്പോൾ രണ്ടു തവണ ആലോചിക്കാറുമുണ്ടു.

സെക്ഷൻ 3 പ്രകാരമുള്ള തുക വിവാഹ മോചന സമയത്തു നൽകിയില്ലെങ്കിൽ വിവാഹ മുക്തക്കു കോടതിമുഖേനെ വിധി സമ്പാദിച്ചു പുരുഷനിൽ നിന്നും അവന്റെ സ്വത്തിൽ നിന്നും വിധിക്കപ്പെട്ട തുക ഈടാക്കാൻ കഴിയും. സ്വത്തില്ലെങ്കിൽ അയാൾ തടവിൽ കഴിയേണ്ടി വരും.
അതിനാൽ ത്വലാക്കു കാരേ! നിങ്ങൾ സൂക്ഷിക്കുക.സ്ത്രീക്ക്‌ ഭാവി ജീവിത ചെലവിനു ഒരുമിച്ചു ലക്ഷങ്ങൾ നൽകാൻ വേണ്ടി വരുന്ന തുക കയ്യിൽ കരുതി വെച്ചിട്ടു വേണം നിങ്ങൾ ത്വലാക്കു ചൊല്ലാൻ.


7 comments:

 1. എന്തോ എനിക്കീ തലാക്കിനോട് ഒരഭിപ്രായവും ഇല്ല

  ReplyDelete
 2. വളരെയേറെ അറിവു പകരുന്ന പോസ്റ്റ്. എല്ലാരും ഇതൊക്കെ ഒന്നു മനസ്സിലാക്കിയിരുന്നെങ്കില്‍..!

  (ഇക്ക ഒന്നു കോള്‍ ചെയ്യണേ... നമ്പര്‍ മിസ്സായി)

  ReplyDelete
 3. I couldn't find your email id anywhere. Can you please send me your email id/blank email to my id ?
  sabumh@rediffmail.com.

  I apologize to write about this in you comment box :(

  ReplyDelete
 4. എന്തെങ്കിലും കാണുമ്പോഴേക്കും കേള്‍ക്കുമ്പോഴേക്കും ഒന്നും അറിയാതെ എടുത്ത്‌ ചാടുന്നവരാണു ഇന്നധികവും. വളരെ ശ്രദ്ധയോടെ മനസ്സിരുത്തി വായിക്കേണ്ട ഒരു നല്ല ലേഖനം.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 5. ഒഴാക്കന്‍, കൊട്ടോടിക്കാരന്‍, സാബു. എം.എച്.,പട്ടേപ്പാടം റാംജി,
  പ്രിയപ്പെട്ടവരേ! ഇവിടെ വന്നതില്‍ നന്ദി.

  ReplyDelete
 6. ആദ്യ ഘട്ടമായി പുരുഷൻ സ്ത്രീയെ ഗുണദോഷിക്കുകയും ഉപദേശിക്കുകയും ചെയ്യണമെന്നും അതുകൊണ്ടു ഫലമില്ലാതെ വരുമ്പോൾ രണ്ടാം ഘട്ടമായി അവളിൽ നിന്നുമുള്ള തെറ്റുകളോടുള്ള പ്രതിഷേധമെന്ന നിലയിൽ അവളുമായുള്ള സഹശയനം ഒഴിവാക്കണമെന്നും എന്നിട്ടും ഫലമില്ലാതെ ഒരുമിച്ചു കഴിയാനാവാത്ത വിധം ഭിന്നത രൂക്ഷമായി തുടരുകയും ചെയ്താൽ അവളുടെയും അവന്റെയും ബന്ധുക്കൾ അടങ്ങിയ ഒരു മദ്ധ്യസ്ത സമിതി രൂപീകരിച്ചു പ്രശ്നങ്ങൾ അവരുടെ മുമ്പിൽ സമർപ്പിച്ചു പരിഹാരം തേടാനും കൽപ്പിക്കുന്നു. മദ്ധ്യസ്ത സമിതിയുടെ ശ്രമങ്ങൾ പരാജയപ്പെടുകയും കാര്യങ്ങൾ അശുഭകരമായി തന്നെ നീങ്ങുകയും വിവാഹ മോചനം മാത്രം പരിഹാരമായി അവശേഷിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു എങ്കിൽ ആദ്യം ഒരു ത്വലാക്ക്‌ മാത്രം ചൊല്ലി ബന്ധം വേർപ്പെടുത്താൻ ഖുർ ആൻ അനുശാസിച്ചു

  ഇക്കാ കാര്യങ്ങള്‍ ഇങ്ങനയൊക്കെ ആണെങ്കിലും . ഇതിനെല്ലാം പുല്ലു വില കൽപ്പിച്ചാണ് പല ത്വലാഖുകളും നടക്കുന്നത് ...

  വായിക്കുകയും കൂടെ പഠിച്ചിരിക്കുകയും കൂടി ചെയ്യേണ്ട പോസ്റ്റാണു ഇത് ...

  ReplyDelete
 7. ശരിയാണു.സ്വാർത്ഥതക്കു വേണ്ടി ദൈവ വചനങ്ങൾ കൂടി ചിലർ അവഗണിക്കുന്നു.
  ഇവിടെ സന്ദർശിച്ചതിൽ നന്ദി.

  ReplyDelete