Tuesday, June 1, 2010

വിദ്യാലയ കവർച്ചക്കാർ

ഭാര്യ മകന്റെ കുട്ടിയുമായി സ്കൂളിൽ നിന്നും തിരികെ വന്നതിനു ശേഷം ഒരു തുണ്ടു കടലാസ്സിൽ നോക്കി കൂട്ടി കിഴിക്കൽ നടത്തുകയും ഏതോ ഉത്തരം കണ്ടു പിടിക്കാനെന്നവണ്ണം തല ചൊറിയുന്നതും കണ്ടപ്പോൾ ഞാൻ വിവരം തിരക്കി.
"ഈ.എഫ്‌. എന്നാലെന്താണു" അവൾ എന്നോടു ചോദിച്ചു.
"ഈ.എഫോ?! "ഇതിന്റെ ഫലം" എന്നോ മറ്റോ ആണോ?" ഞാൻ മറു ചോദ്യം ഉയർത്തിയപ്പോൾ അവൾ അരിശപ്പെട്ടു.
"തമാശ വേണ്ടാ. ഐ.ഡി. എന്നാലെന്താണൂ?" അവളുടെ അടുത്ത ചോദ്യം.
"ഐ.ഡി. എന്നാൽ സി.ഐ.ഡി. എന്നാകാം ഐഡിന്റിറ്റി എന്നാകാം...."
"ഹാ! അതു തന്നെ.ഐഡിന്റിറ്റി കാർഡു ഹോ! അതിനു നൂറു രൂപയോ?!" അവൾ അതിശയപ്പെട്ടപ്പോൾ ഇവൾ എന്തു ഭ്രാന്തു പറയുകയാണു എന്ന ചോദ്യം മുഖത്തു വരുത്തി അവളുടെ കയ്യിലിരുന്ന കടലാസ്സു ഞാൻ പിടിച്ചെടുത്തു.
2151 രൂപയുടെ ഒരു രസീതാണതു.സ്കൂളിൽ നിന്നും നൽകിയതു.
മുസ്ലിം സമുദായത്തിലെ പ്രശസ്തമായ സംഘടന നടത്തുന്ന സ്കൂൾ. അവിടെ എൽ.കെ.ജി.യിൽ കുട്ടിയെ ചേർക്കാൻ കൊണ്ടു പോയപ്പോൾ അടക്കേണ്ടി വന്ന തുകക്കു നൽകിയ രസീതു ആണു ഭാര്യ വായിച്ചു കൊണ്ടിരുന്നതു. ഞാൻ അതിൽ കാണിച്ച ഇനങ്ങൾ ഓടിച്ചു നോക്കി.
പുസ്തകം
ബാഗ്‌
യൂണി ഫോം (ഗള കൗപീനം ഉൾപ്പടെ)
ഷൂസ്സ്‌
സോക്സ്‌
ട്യൂഷൻ ഫീസ്സ്‌
കെട്ടിട നിർമാണ സംഭാവന
തുടങ്ങിയ ഇനങ്ങൾക്കൊപ്പം ഒരു ഈ.എഫും ഐ.ഡി.യും.
ഐ.ഡി. 100 രൂപ.ഈ.എഫ്‌. 300 രൂപാ.
ഐ.ഡി. ഐഡിന്റിറ്റി കാർഡാണെന്നു മനസ്സിലായി.ഈ.എഫ്‌. എന്താണു?.
സ്കൂൾ വീടിനു തൊട്ടടുത്തായിരുന്നതിനാൽ ഞാൻ രസീതുമായി ഈ.എഫ്‌. എന്തെന്നു പഠിക്കാൻ അവിടേക്കു പോയി.
ഹേഡ്‌ മാഷിന്റെ മുൻപിൽ ഞാൻ വിനയാന്വിതനായി നിന്നു ഈ.എഫ്‌. ആരാണെന്നു തിരക്കി.
"ഈ.എഫ്‌.? യൂ ഡോണ്ട്‌ നോ ഈ.എഫ്‌.?!! ഹേഡ്‌ മാഷിന്റെ മുഖത്തു എന്റെ അജ്ഞതയിൽ പുച്ഛം പ്രകടമായി.എവന്റെ വിചാരം നമ്മൾ ഈ.എഫ്‌. നിർബന്ധമായി പഠിച്ചിരിക്കണമെന്നായിരിക്കും.
"ഒന്നു പറഞ്ഞു താ വാദ്ധ്യാരേ." ഞാൻ ആവശ്യപ്പെട്ടു.
"ഈ.എഫ്‌. മീൻസ്‌, എക്സാമിനേഷൻ ഫീ.ഒരു ടേമിനു 100 രൂപാ പ്രകാരം മൂന്നു ടേമിനു 300രൂപ..." ഹേഡ്‌ മാഷ്‌ എന്നെ അങ്ക ഗണിതം പഠിപ്പിച്ചു.
" അതിനു പരീക്ഷ അങ്ങു ഐസ്രാ കോണത്തു കിടക്കുന്നതല്ലേയുള്ളൂ, ഇങ്ങു എത്തിയില്ലല്ലോ, അതിനു മുമ്പു പരീക്ഷാ ഫീസ്സ്‌ വേണോ? ഞാൻ എന്റെ സംശയം പ്രകടിപ്പിച്ചു.
"ത്രീ ഹണ്ട്രഡ്‌ റുപ്പീസ്സ്‌ മുൻ കൂറായി വാങ്ങണമെന്നാണു സ്കൂൾ കമ്മിറ്റിയുടെ ഡിസിഷൻ."
ഇനി അവിടെ നിന്നാൽ സ്കൂൾ കമ്മിറ്റിയെ ഞാൻ ചീത്ത വിളിച്ചാലോ എന്ന എന്റെ ആത്മ ഭയം നിമിത്തം ഞാൻ വിജയ പൂർവ്വം പിന്മാറി.
ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ ഈ.എഫ്‌.ം മറ്റേ എഫ്‌.ം അടക്കാൻ കുട്ടികൾ ഇംഗ്ലീഷിൽ സം സാരിക്കാൻ ഇഷ്ടപ്പെടുന്ന മാക്രിയെ ഫ്രോഗെന്നു വിളിക്കുന്നതിൽ അഭിമാനം കൊള്ളുന്ന നാടൻ സായിപ്പുമാരും മദാമ്മമാരും ക്യൂവിൽ നിൽക്കുന്നതു കണ്ടു.
അങ്ങാടിയിൽ തോറ്റതിനു ഭാര്യയോടു പിണങ്ങാനായി തീരുമാനിച്ചു ഞാൻ അവളോടു കയർത്തു.
" ഈ ലോകത്തു മറ്റു സ്കൂളുകളൊന്നുമില്ലേ നിന്റെ കുഞ്ഞു മോനെ പഠിപ്പിക്കാൻ...."
"മറ്റു സ്കൂളുകളിൽ ഇതിനേക്കാളും ഫീസിനങ്ങൾ കൂടുതലാണു,ടോയിലറ്റ്‌ ക്ലീനിങ്ങ്‌ ചാർജു കൂടി അടക്കണം......" ഭാര്യയുടെ മറുപടി.
" ദാണ്ടേ! മറ്റേ സൂത്രം എന്തോന്നാ... മാഗിയോ...അതു കെട്ടി വിട്ടാൽ മതി .അതിൽ കിടന്നോളും സാധനം. ടോയ്‌ലറ്റിൽ പോകണ്ടാ.....ഹും...ഒരു നഴ്സറിക്കാരന്റെ വിദ്യാഭ്യാസ ചിലവു 2150 രൂപായോ....?" ആ പ്രശ്നം എന്റെ മനസ്സിൽ കലാപം സൃഷ്ടിച്ചു.
"കുട്ടികൾ കളിക്കാനുള്ള പ്രായത്തിൽ അവരെ നഴ്സറി ജയിലിൽ ഇടുക...എന്നിട്ടു ഈ.എഫ്‌.ം ഐ.ഡി.യും അടക്കുക...എന്റെ അമർഷം അടക്കാൻ സാധിച്ചില്ല.
"അതിനു കളിക്കാൻ അയൽപക്കത്തു കുട്ടികൾ വേണ്ടേ..? ഭാര്യയുടെ കമന്റ്‌.
"എന്താ കുട്ടികളെല്ലാം നാടു വിട്ടോ..?
"എല്ലാറ്റിനേം നഴ്സറിയിൽ ചേർത്തു അവരുടെ രക്ഷിതാക്കൾ...അവരാരും നിങ്ങളെപ്പോലെ ബൂജികളല്ല.നമ്മുടെ കുഞ്ഞു വീട്ടിൽ നിന്നു ഒറ്റക്കു കളിക്കണോ? ഭാര്യയുടെ എതിർ വാദത്തിൽ അൽപ്പം പരിഹാസം പുരണ്ടിരുന്നോ?
"നമ്മുടെ കുഞ്ഞു പ്രകൃതിയെ കണ്ടു വളരട്ടെ.കാടും മരവും മലയും...."
"കാടെവിടെ മക്കളേ...? എന്നല്ലേ നിങ്ങളുടെ കവി പാടിയതു...പിന്നെ നമ്മുടെ നാലു ചുറ്റും നോക്കിയാൽ കോൺക്രീറ്റ്‌ വനങ്ങളാണുള്ളതു......" കോടതിക്കാരനായ എന്റെ കൂടെ ജീവിച്ചതിനാൽ എതിർ വാദം നടത്തൽ ഭാര്യക്കു നിഷ്പ്രയാസമാണു.
"എങ്കിൽ നമ്മുടെ കുട്ടിയെ നഴ്സറിയിൽ വിടാതെ എഴുത്താശാന്മാരുടെ കുടി പള്ളിക്കൂടത്തിൽ നിലത്തെഴുത്തു പഠിപ്പിക്കാൻ വിടാം" ഞാൻ അഭിപ്രായപ്പെട്ടു.
"കുടി പള്ളികൂടം എല്ലാം ഇല്ലാതായി ...ആശാന്മാർ മരിച്ചും പോയി..."
"അപ്പോൾ ഒരു മാർഗവും ഇല്ല...?"
"ഇല്ല"
"അപ്പോൾ നഴ്സറി സ്കൂളിൽ ചേർക്കാൻ 2150 രൂപാ...."
"അതേ.. അഡ്മിഷൻ വേണമെങ്കിൽ കൊടുക്കണം.."
"എന്നാലും എന്റെ പ്രിയപ്പെട്ട ഭാര്യേ! ഈ, എ.എഫ്‌. എന്നു പറയുന്ന പരീക്ഷാ ഫീസ്സ്‌ 300 രൂപാ ....അതും ഈ കുഞ്ഞു പിള്ളാർക്കു എന്തെരു പരീക്ഷ.... ഇതൊരു സാക്ഷാൽ പിടിച്ചു പറിക്കൽ തന്നെ അല്ലേ..?"
"നാടേ ഓടുമ്പോൾ നടുവേ ഓടുക എന്റെ ഭർത്താവേ! ഇത്തിരി പോന്ന പയ്യന്റെ കഴുത്തിൽ ഇത്തിരി പോന്ന ഒരു ഫോട്ടോ ചരടിൽ കോർത്തിടുന്ന ആ ഐഡിന്റിറ്റി കാർഡിനു 100 രൂപാ കൊടുക്കുന്നതും പിടിച്ചു പറിക്കൽ തന്നെ ആണു."
"അതേ! സാക്ഷാൽ കവർച്ച!!!വിദ്യാഭ്യാസ കവർച്ച!!!.

10 comments:

 1. വളരെ ശരിയാ. ഇന്നത്തേത് വിദ്യാ- ആഭാസമാ.
  കഴുത്തറപ്പന്‍ ഫീസുവാങ്ങി ഒരു തൊഴില്‍ ലഭിക്കാന്‍ പരുവത്തില്‍ ആക്കിവിടും . പിന്നെ മുന്‍പ്‌ ചെലവാക്കിയ പണം പലിശ സഹിതം കിട്ടാന്‍ അവന്‍ 'വേല' ചെയ്യും. അതില്‍ മനുഷ്യത്വം എന്ന ഒന്ന് ഇല്ല..
  ഒക്കെ കച്ച-കവടം !!

  ReplyDelete
 2. അതേ! സാക്ഷാൽ കവർച്ച!!!വിദ്യാഭ്യാസ കവർച്ച...

  ReplyDelete
 3. ഞാനൊരു പാവം സ്കൂള്‍ മാഷാണ് കേട്ടോ

  ReplyDelete
 4. കവര്‍ച്ചക്കാരെ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 5. മാഷെ ഇവരെ പഠിപ്പിക്കാന്‍ പോകുന്ന വാദ്യാ‍ന്മാര്‍ക്ക് എങ്ങനെ ശംബളം കൊടുക്കണു? അല്ലാ ചുമ്മാ അറിയാന്‍ ചോദിച്ചതാ... ആരേലും ഫ്രീയായി പഠിപ്പിക്കാനുണ്ടേല്‍ ഒന്ന് പറയണേ!

  ReplyDelete
 6. ഇതു അഡ്മിഷന്‍ ഫീസ്സാണു. ഇനി മാസം തോറുമുള്ള ഫീസ് വേറെയുണ്ടു.വാദ്യാന്മാര്‍ക്ക്കൊടുക്കുന്നതു അതില്‍ നിന്നാണെന്നാണു അറിവു.

  ReplyDelete
 7. ഗളകൌപീനത്തിന്റെ വീതികുറഞ്ഞവാലില്‍ ഒന്നു വലിച്ചു മുറുക്കിപ്പിടിയ്ക്കുന്നതാ ഇതിലും നല്ലത്....

  ReplyDelete
 8. thaangalude bloginte font sizilum stylilum maatam varuthiyaal vaayanakkaarkku vaayana kurachukoodi aaswadyakaramaakaan kazhiyum.........

  ReplyDelete
 9. അജ്ഞാത,അതിനു വേണ്ടി ശ്രമിക്കുന്നു.

  ReplyDelete
 10. “അവരാരും നിങ്ങളെപ്പോലെ ബൂജികളല്ല”

  ഭാര്യ പറഞ്ഞതാണ്‌ ശരി...


  ----

  "കുട്ടികൾ ജീവിച്ചുപഠിക്കുവാൻ ഏറ്റവും നല്ല വിദ്യാലയം സർക്കാർ വിദ്യലയങ്ങൾ തന്നെ (ഇന്നത്തെ?)... പക്ഷെ അവിടെ പഠിപ്പിക്കുന്നവർപോലും സ്വന്തം കുട്ടികളെ അവിടെ പഠിപ്പിക്കുന്നില്ല... സ്വന്തം മക്കൾ അങ്ങനെ ജീവിച്ച് പഠിക്കണ്ട! ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ട്‌ ജീവിച്ചാൽ മതി... മൂന്ന്‌ നേരത്തെ അന്നത്തിന്‌ ബുദ്ധിമുട്ടുള്ളവർ സർക്കാർ വിദ്യാലയത്തിൽ ചേർന്ന്‌ ജീവിച്ച്‌ പഠിക്കട്ടെ... അദ്ധ്യാപകർക്ക്‌ മുടക്കമില്ലാതെ ശബളവും കിട്ടട്ടെ..."

  ReplyDelete