Sunday, April 11, 2010

പെണ്‍ വാണിഭം

പാസഞ്ചർ ട്രെയിനില്‍ ജോലി സ്ഥലത്തേക്കു പോകുമ്പോള്‍ അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.
ഭാര്യയുമായി വെറുതെ വഴക്കടിച്ചു.

രണ്ടു കുട്ടികളുടെ അമ്മയായി കഴിഞ്ഞാൽ ഭർത്താവിനല്ല രണ്ടു കുട്ടികളുടെ അച്ചനാണു മുൻ തൂക്കംകൊടുക്കേണ്ടതെന്ന ഭാര്യയുടെ അഭിപ്രായം അവളുടെ വാക്കിലും പ്രവർത്തിയിലും പ്രകടമായികണ്ടപ്പോൾ അതു ആദ്യം തമാശയിലും പിന്നീടു സൗന്ദര്യ പിണക്കത്തിലും അതും കഴിഞ്ഞു ഇന്നത്തേതുപോലുള്ള സംഘർഷത്തിലും എത്തി ചേർന്നു.
"പ്രസവം നിർത്തുന്ന ഓപറേഷനോടൊപ്പം നിന്റെ ശാരീരിക വികാരങ്ങളും നിർത്താനുള്ളഓപറേഷനും നടന്നോ" എന്നു താൻ ചോദിച്ചതു തനിക്കു സഹികെട്ടപ്പോഴാണു.
മാസത്തില്‍ രണ്ടു തവണ മാത്രമാണു ജോലിസ്ഥലത്തു നിന്നും വീട്ടിലെത്തുന്നതെന്നും അപ്പോഴെങ്കിലുംഅവൾ കുട്ടികളുടെ അമ്മയിൽ നിന്നും തന്റെ ഭാര്യയായി കൂടുമാറ്റം നടത്തണമെന്നുള്ള തന്റെ ആവശ്യംപുശ്ചം നിറഞ്ഞ ചിരിയാൽ തള്ളിക്കളയുകയും തന്നെ സ്പർശിക്കുക പോലും ചെയ്യാതെ കിടക്കയിൽതനിക്കു പുറം തിരിഞ്ഞു കിടക്കുകയും ചെയ്തപ്പോൾ "എന്റെ ആവശ്യത്തിനു ഞാൻ മറ്റാരെയെങ്കിലുംകണ്ടെത്തി കൊള്ളാം" എന്നു താൻ പറഞ്ഞതു മന:പൂർവ്വമായിരുന്നില്ലല്ലോ.
ഇത്രയും സംഘർഷത്തിനു കാരണമാകുമെന്നും കരുതിയില്ല.ജോലി സ്ഥലത്തേകു ബാഗുമെടുത്തു വീട്ടിൽ നിന്നുമിറങ്ങുമ്പോഴും അവളുടെ മുഖത്തെ കാറു പെയ്തൊഴിയാതിരുന്നതു കണ്ടപ്പോൾ മനസ്സിലുണ്ടായ ഈർഷ്യ "പോട്ടെ മക്കളേ" എന്നു കുട്ടികളോടു മാത്രം യാത്ര പറയുന്നതിലൂടെ പ്രകടമാക്കി.
എങ്കിലും അവളോടു യാത്ര പറയാതിരുന്നതിനാലുണ്ടായ അസ്വസ്ഥതയാൽ അയാൾ ട്രെയിനിലിരുന്നു മൊബെയിൽ ഫോണിലൂടെ ഭാര്യയെ വിളിച്ചു.
ബെൽ അടിക്കുന്നു എങ്കിലും തന്റെ നമ്പർ തിരിച്ചറിഞ്ഞു അവൾ ഫോൺ അറ്റന്റു ചെയ്യാത്തതു ആണെന്നു മനസ്സിലായപ്പോൾ അയാളിൽ ഭാര്യയോടുള്ള ഈർഷ്യ വീണ്ടും തിരിച്ചു വന്നു.
ഫോൺ പോക്കറ്റിലേക്കു തിരികെ വെക്കാൻ ഭാവിച്ചപ്പോഴാണു തൊട്ടടുത്തു നിന്നും ഒരു പെൺകുട്ടി "സാർ പ്ലീസ്‌"എന്നു പറഞ്ഞതു അയാൾ കേട്ടതു.
പതിനേഴു വയസ്സോളം പ്രായമുള്ള പെൺകുട്ടിയും ഒരു ചെറുപ്പക്കാരനും തന്റെ എതിർ വശം സീറ്റിൽ കെട്ടിപ്പിടിച്ചിരുന്നതും അവർ അടക്കം പറയുന്നതും അൽപം മുമ്പു അവ്യക്തമായി അയാളുടെ ശ്രദ്ധയിൽ പെട്ടിരുന്നു .ആ പെൺകുട്ടിയാണു ഇപ്പോൾ അയാളുടെ മുമ്പിൽ നിൽക്കുന്നതു.
അവളുടെ കയ്യിലിരുന്ന മൊബെയിൽ ഫോണിൽ ചൂണ്ടി കാണിച്ചു "സാർ, എന്റെ മൊബെയിലിന്റെ ബാറ്ററി ചാർജു തീർന്നു അത്യാവശ്യമായി ഒരു കാൾ വിളിക്കാൻ സഹായിക്കാമോ?" എന്നു ചോദിച്ചപ്പോൾ നിരസിക്കാൻ മനസ്സ്‌ അനുവദിക്കാത്തതിനാൽ അയാൾ തന്റെ മൊബെയിൽ അവളുടെ നേരെ നീട്ടി.
ട്രെയിനിന്റെ വാതിലിനു സമീപം പോയി നിന്നു ഓടുന്ന ട്രെയിനിന്റെ കുലുക്കത്തോടൊപ്പം അവളും തലകുലുക്കി ആരോടോ ഫോണിൽ സംസാരിക്കുന്നത് അയാൾ ശ്രദ്ധിച്ചു.
മൊബെയിൽ തിരികെ ഏൽപ്പിക്കുമ്പോൾ "താങ്ക്സ്‌" എന്നു അയാളോടു പാൽപുഞ്ചിരിയിലൂടെ അവൾ പറഞ്ഞപ്പോൾ ഭാര്യ തന്റെ നേരെ ഇപ്രകാരം ഒന്നു പുഞ്ചിരിച്ചിട്ടു കാലമെത്ര ആയെന്നു അയാൾ മനസ്സിൽ പരിഭവപ്പെടുകയും ഇനി ഭാര്യ വിളിക്കാതെ അവൾക്കു താൻ ഫോൺ ചെയ്യുകയില്ല എന്നു തീർച്ചപ്പെടുത്തുകയും ചെയ്തു.
ഭാര്യ അയാളെ വിളിക്കുകയോ അയാൾ ഭാര്യയെ വിളിക്കുകയോ ചെയ്യാതെ കടന്നു പോയ രണ്ടു ദിവസത്തെ മൗനത്തിനു ശേഷം ഒരു സായാഹ്നത്തിൽ താമസ സ്ഥലത്തു കൂട്ടുകാരോടു ഭർത്താക്കന്മാരുടെ യൗവനം നില നിൽക്കുമ്പോൾ ഭാര്യമാർക്കു മരവിപ്പു ബാധിച്ചാൽ എന്തു ചെയ്യുമെന്നുള്ള വിഷയം ചർച്ചാ വിഷയമാക്കുകയും ഒരു "ചിന്നവീടിന്റെ" പ്രസക്തി തമാശ രൂപത്തിൽ ഊന്നി പറയുകയും ചെയ്തപ്പോൾ കൂട്ടുകാർ ആർത്തു ചിരിക്കുകയും ഭാരതത്തിലെ പുരാതന ദേവ ദാസ്സീ സമ്പ്രദായം തിരികെ കൊണ്ടു വരണമെന്നു അഭിപ്രായപെടുകയും ചെയ്തു.
"എവിടെയെങ്കിലും ലക്ഷ്യം വെച്ചിട്ടുണ്ടൊ" എന്നു ഒരു കൂട്ടുകാരൻ കളിയാക്കി ചോദിച്ചതിനു മറുപടി പറയാൻ ഒരുങ്ങുമ്പോഴാണു ഗേറ്റിനു മുൻ വശം പോലീസ്സ്‌ ജീപ്പ്‌ വന്നു നില്‍ക്കുന്നത്
കണ്ടതു.
ജീപ്പിൽ നിന്നിറങ്ങിയ മീശ ഇല്ലാത്ത പോലീസ്സ്‌ ആഫീസ്സർ തന്റെ പേരു പറഞ്ഞു ആൾ ആരാണെന്നു അന്വേഷിച്ചപ്പോൾ എന്താണു കാര്യമെന്നു മനസ്സിലാകാത്തതിനാലുള്ള അമ്പരപ്പിനാൽ ഞാനാണു എന്നു പറയാൻ പോലും കഴിയാതെ പാവയെ പോലെ അയാൾ ഇറങ്ങി ചെന്നു.
"എവിടെടാ ആ പെൺകുട്ടി"എന്ന അലർച്ചയും കണ്ണിൽകൂടി പൊന്നീച്ച പറക്കുന്ന അടിയും അയാളെ ബോധ രഹിതനാക്കി.
ഓടുന്ന് ജീപ്പിനുള്ളിൽ പോലീസ്സു കാരുടെ ബൂട്ടിനു കീഴിൽ അമർന്നിരുന്നപ്പോൾ ഇനി വരുന്ന നിമിഷങ്ങളിൽ താൻ നേരിടാൻ പോകുന്ന പീഢനങ്ങൾ എന്തെല്ലാമാണെന്നു അയാൾ അറിഞ്ഞില്ലല്ലോ.
ലോക്കപ്പു മുറിയിൽ അടി വസ്ത്രം മാത്രം ധരിച്ചു കുനിച്ചു നിർത്തപ്പെട്ടു മുതുകിൽ ഇടി വാങ്ങുമ്പോഴും അവർ അന്വേഷിക്കുന്ന പെൺകുട്ടി ഏതെന്നു അയാൾക്കു മനസ്സിലായില്ല.ജനനേന്ദ്രിയത്തിൽ മുളകു അരച്ചതു പുരട്ടിയപ്പോഴും കാലിന്റെ പാദത്തിൽ ചൂരലിനാലുള്ള അടി വാങ്ങുമ്പോഴും പെൺകുട്ടിയെ എവിടെ ഒളിപ്പിച്ചു എന്ന ചോദ്യത്തിനു "എനിക്കു അറിയില്ലേ" എന്നു വിളിച്ചു കൂവാനേ അയൾക്കു കഴിഞ്ഞുള്ളൂ.തന്റെ കീഴിൽ പ്രവർത്തിക്കുന്ന പെൺ വാണിഭ സംഘത്തിന്റെ ആസ്ഥാന കേന്ദ്രം എവിടെയാണെന്നു പറഞ്ഞു കൊടുക്കനാവാത്ത അയാളെ അവർ ഗരുഡൻ തൂക്കം തൂക്കി.അയാളുടെ മൊബെയിൽ നമ്പർ പറഞ്ഞിട്ടു അതു അയാളുടേതാണൊ എന്ന ചോദ്യത്തിനു "അതേ" എന്നു അയാൾ സത്യസന്ധമായി മറുപടി പറയുമ്പോൾ "എങ്കിൽ പെൺകുട്ടി എവിടെടാ" എന്നു ചോദിച്ചുള്ള മർദ്ദനം പുനരാരംഭിക്കും.
യാതൊരു രേഖയിലും പെടാതെ ലോക്കപ്പിൽ രണ്ടു ദിവസം കഴിയുന്നതിനിടയിൽ നിയമപാലകരിൽ നിന്നും പലപ്പോഴായി കിട്ടിയ വാക്കുകള്‍ യോജിപ്പിച്ചപ്പോൾ അവർ തന്റെ ഭാര്യയെ ചോദ്യം ചെയ്തതും "തന്റെ ആവശ്യത്തിനു മറ്റു ആരെയെങ്കിലും കണ്ടെത്തിക്കോളാം" എന്നു താൻ അവളോടു അരിശത്തിൽ പറഞ്ഞിട്ടാണു വീട്ടിൽ നിന്നും പോയതെന്നും ആ വാക്കുകൾ പ്രാവർത്തികമാക്കുമെന്നു അവൾ സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും അവൾ പറഞ്ഞതായും അയാൾക്കു മനസ്സിലാക്കാൻ കഴിഞ്ഞു.
കൂട്ടുകാരോടു "ചിന്നവീടിന്റെ" പ്രസക്തിയെപ്പറ്റി താൻ പറഞ്ഞതു അവർ പോലീസ്സിൽ മൊഴി കൊടുത്തു എന്നറിഞ്ഞപ്പോൾ തന്റെ അവയവം തന്നെ തിരിഞ്ഞു കടിക്കുന്നതുപോലെ അയാൾക്കു അനുഭവപ്പെട്ടു.തന്റെ നാവിന്റെ ദുരുപയോഗം അയാൾ തിരിച്ചറിയുകയും ചെയ്തു.
ഭാര്യാ പിതാവു ഭാര്യയും താനുമായുള്ള വിവാഹ മോചനത്തിനായി വക്കീലാഫീസ്സിൽ പോയിട്ടുണ്ടു എന്നു പറഞ്ഞതു എപ്പോഴും നെറ്റിയിൽ ചന്ദന കുറി ഇടുന്ന ഒരു പോലീസ്സുകാരനായിരുന്നു.കൂട്ടത്തിൽ" എന്തിനാണ് മോനേ ഇതിനോക്കെ പോയതെന്നു അയാൾ സഹതാപസ്വരത്തിൽ ചോദിക്കുകയും ചെയ്തു.
ബോധക്കേടിന്റെയും ബോധത്തിന്റെയും ഇരുളും വെളിച്ചവും നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ പോലീസ്സ്‌ സ്റ്റേഷനിൽ ബഹളം വർദ്ധിക്കുന്നതും ഒരു പെൺകുട്ടിയുടെ തേങ്ങലുകൾക്കിടയിലുള്ള സം സാരവും അയാൾ ശ്രദ്ധിച്ചു.
ലോക്കപ്പ്‌ തുറന്നു അടിവസ്ത്രം മാത്രം ധരിച്ച തന്നെ മീശ ഇല്ലാത്ത പോലീസ്സ്‌ ആഫീസ്സർ ഇരിക്കുന്ന മുറിയിൽ എത്തിച്ചപ്പോൾ അവിടെ അയാളെ അന്തം വിട്ടു നോക്കി നിന്ന പെൺകുട്ടി ദിവസങ്ങൾക്കു മുമ്പു ട്രെയിനിൽ വെച്ചു തന്റെ മൊബയിൽ വാങ്ങി ഉപയോഗിച്ച പാൽ പുഞ്ചിരിക്കാരിയാണെന്നു ഒരു ഞെട്ടലോടെ അയാൾ തിരിച്ചറിഞ്ഞു.ആ പെൺകുട്ടി തന്നെ ചൂണ്ടി തലയാട്ടി നിഷേധ സ്വരത്തിൽ സം സാരിക്കുന്നതു എന്താണെന്നു മനസ്സിലാകുന്നതിനു മുമ്പു അയാളെ വീണ്ടും ലോക്കപ്പിനുള്ളിലേക്കു മാറ്റി.
കാമുകനുമായി ഒളിച്ചോടിയ ആ പെൺകുട്ടി അയാളുടെ മൊബയിൽ ഉപയോഗിച്ചു ആരെയോ വിളിച്ചു സം സാരിച്ചതും അവൾ വിളിച്ച ആളിന്റെ മൊബയിലിൽ പതിഞ്ഞ അയാളുടെ മൊബയിൽ നമ്പറാണു പോലീസ്സിനെ ആദ്യം അയാളുടെ വീട്ടു മേൽ വിലാസത്തിലും തുടർന്നു ജോലി സ്ഥലത്തും എത്തിച്ചതെന്നും തിരിച്ചറിയാനുള്ള ബോധം അപ്പോഴും അയാളിൽ അവശേഷിച്ചിരുന്നു.
കുറേ സമയം കഴിഞ്ഞു മീശ ഇല്ലാത്ത പോലീസ്സു ആഫീസറുടെ മുമ്പിൽ വസ്ത്രം ധരിച്ചു കസേരയിൽ ഇരിക്കുമ്പോൾ തന്റെ കൈ പിടിച്ചു "സോറീ മിസ്റ്റർ" എന്നു അദ്ദേഹം പറഞ്ഞതെന്തെന്നു മനസ്സിലാകാത്തവിധം അയാൾ ക്ഷീണിതനായിരുന്നല്ലോ.കഴിഞ്ഞ ദിവസം തന്റെ ജനനേന്ദ്രിയത്തിൽ മുളകു പുരട്ടി പച്ച തെറിയാൽ തന്നെ അഭിഷേകംചെയ്തതും അദ്ദേഹമായിരുന്നല്ലോ എന്നു അതിശയിക്കാനും കഴിയാത്ത വിധം അയാൾ നിസ്സംഗനുമായിരുന്നു.
എല്ലാം ഒരു പേക്കിനാവാണെന്നു വിശ്വസിക്കാൻ അയാൾ ശ്രമം തുടങ്ങിയെങ്കിലും തന്നെ പെൺ വാണിഭ സംഘത്തിന്റെ നേതാവായി ചിത്രീകരിച്ചു തന്റെ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ച പത്ര-ചാനൽ-മാധ്യമങ്ങൾ പേക്കിനാവിനെക്കാളും ഭീകര സത്വങ്ങളാണെന്നു നിരത്തിലേക്കിറങ്ങിയപ്പോൾ അയാൾക്കു ബോദ്ധ്യമായി.
വീടിന്റെ അടഞ്ഞ വാതിലും അയല്‍വാസികളുടെ ദുർമുഖവും തന്റെ ഭാവിയെന്തെന്നു മനസ്സിലാക്കി കൊടുത്തതിനാലായിരിക്കാം നിലത്തിരുന്നു അയാൾ ഏങ്ങി ഏങ്ങി കരഞ്ഞതു.

7 comments:

 1. ഇപ്പോഴത്തെ കാലത്ത് സംഭവിച്ചേക്കാവുന്ന കഥ.

  ഒരു സഹായം ചെയ്യാന്‍ പോലും പല ആവര്‍ത്തി ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു.

  ReplyDelete
 2. ഒരു സഹായം ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥ. ആരേയും വിശ്വസിക്കാനും...

  ReplyDelete
 3. ശ്രീ,ടൈപിസ്റ്റ്‌/എഴുത്തുകാരീ, ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിനു നന്ദി.

  ReplyDelete
 4. ഒരു ഉപകാരവും ഇക്കാലത്ത് മനസ്സറിഞ്ഞ് ചെയ്യരുതെന്ന് ഉദ്ഘോഷിക്കുന്നു ഈ കഥ...!!

  ഈ കാലഘട്ടത്തിൽ സംഭവിക്കാൻ സാദ്ധ്യത ഏറെയുള്ള ഒരു കഥാതന്തു....!!

  അഭിനന്ദനങ്ങൾ മാഷെ...

  ReplyDelete
 5. എങ്ങാനും ആരെയെങ്കിലും വിശ്വസിച്ചു പോയാല്‍ നമ്മള്‍ തന്നെ മുന്‍പ്‌ പറഞ്ഞ വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥവും വ്യാഖ്യാനങ്ങളും കൈവരുന്നത് ഏതെല്ലാം
  വഴിക്കാണ്.
  കൊള്ളാം.നന്നായി.

  ReplyDelete
 6. seems to be too exaggragated story. Thses kind of fictions will help only to create unnecessary worry and aversion to help our fellow beings.
  Sorry for using English

  ReplyDelete