Thursday, April 8, 2010

കറിയാ വക്കീലും പാന്റും

കറിയാ വക്കീലിന്റെ വേഷം പണ്ടും ഇങ്ങിനെ തന്നെ ആയിരുന്നു.
കണങ്കാലു വരെ എത്തുന്ന പാന്റ്‌;അഴുക്കു പിടിച്ച വെള്ള ഷർട്ട്‌.പാന്റിനു ഉള്ളിലേക്കു ഷർട്ട്‌ പൂർണ്ണമായി തിരുകി കയറ്റാത്ത അവസ്ഥ. ചിലപ്പോൾ ഷർട്ടിന്റെ മുൻ ഭാഗം പാന്റിനു ഉള്ളിലും പുറകു ഭാഗം പുറത്തുമായിരിക്കും.
ഇതൊന്നും വക്കീലിനു പ്രശ്നമല്ല. ആരെങ്കിലും ചൂണ്ടി കാണിച്ചാൽ ഒന്നു ചരിഞ്ഞു നോക്കും. എന്നിട്ടു മറുപടി പതുക്കെ ഉരുവിടും.
"എന്റെ പാന്റ്‌, എന്റെ ഷർട്ട്‌, അതു ഉള്ളിലോ പുറത്തോ എന്റെ ഇഷ്ടം പോലെ കടത്തും. അതിനു നിനക്കെന്തു വേണം.?"
നമ്മൾ ഉത്തരം മുട്ടി തിരിഞ്ഞു നടക്കുമ്പോൾ വക്കീൽ ചുണ്ടിനു കീഴിൽ പിറു പിറുക്കുന്നതു പച്ച തെറിയാണെന്നു ഉറപ്പു.
പാന്റ്‌ ഇൻ ചെയ്താലും ബെൽറ്റ്‌ ഉപയോഗിക്കില്ല.പാന്റിനു മുൻ വശം സിബ്ബല്ല ഉള്ളതു, ബട്ടൻസ്സ്‌ ആണു.പാന്റിനു ഹൂക്ക്‌ കാണില്ല ;ബട്ടൻസ്‌ ഇല്ലാത്ത നിക്കർ കുട്ടികൾ വലിച്ചു കുത്തി ഉടുക്കുന്നതു പോലെ വക്കീൽ ഹൂക്കില്ലാത്ത പാന്റ്‌ വലിച്ചു കുത്തിയാണു ഉപയോഗിക്കുന്നതു.
കറിയാച്ചൻ കോളേജിൽ പഠിക്കുന്ന കാലത്തും ഇതായിരുന്നു ശൈലിയെന്നു സഹ പാഠികൾ പറഞ്ഞറിഞ്ഞു.പെൺകുട്ടികൾ ഇതിനെ പറ്റി കളിയാക്കിയാൽ അവരെ "പോടീ ....മോളേ എന്നു വിളിക്കും .പക്ഷേ മോളേ എന്നതിനു മുമ്പു ഒരു വാക്കു പ്രീ ഫിക്സ്‌ ചെയ്യുമെന്നതു മറ്റൊരു സത്യം. അതു പതുക്കെ മൂന്നാമതു ഒരാൾ കേൾക്കാതെയാണു പറയുന്നതു.അപ്പോഴേക്കും പെൺകുട്ടികൾ സ്ഥലം വിട്ടിരിക്കും.
ഇതെല്ലാമാണെങ്കിലും വക്കീലിനു കേസ്സുകൾ കുറവില്ല.ഒരു ദളിത്‌ കോളനിക്കു സമീപമായിരുന്നു വക്കീലിന്റെ വീടു.അവരുടെ അടിപിടിയും വസ്തു തർക്കവും വക്കീലായിരുന്നു കൈ കാര്യം ചെയ്തിരുന്നതു.അവർ മുഖേനെ വേറെയും കേസ്സുകളും വക്കീലിനു ലഭിച്ചിരുന്നു.
വേഷത്തിലേയും പെരുമാറ്റത്തിലേയും കുഴപ്പങ്ങൾ അല്ലാതെ വക്കീലിനു മറ്റു തകരാറുകൾ ഒനുമില്ലായിരുന്നു.പെരുമാറ്റത്തിലെ കുഴപ്പങ്ങൾ എന്നു പറഞ്ഞതു ഒന്നു പറഞ്ഞ്‌നു രണ്ടിനു വക്കീൽ അടി പറ്റിച്ചിരിക്കും.അതും എതിരാളിയുടെ കരണത്തു തന്നെ.
ഒരു ദിവസം വൈകുന്നേരം കോടതിയിൽ നിന്നും തിരികെ വരുമ്പോൾ വകീലിന്റെ വയലിൽ നിന്നും പുലയ സമുദായത്തിലെ ഒരു സ്ത്രീ പുല്ലു പറിച്ചു കുട്ടയിൽ വെയ്ക്കുന്നതു വക്കീൽ കണ്ടു. നാട്ടുമ്പുറങ്ങളിൽ ഇതു സാധാരണ നടക്കുന്ന സംഭവമാണു.പക്ഷേ വക്കീൽ നേരെ ചെന്നു ആ സ്ത്രീയുടെ കരണത്തു ഒന്നു പൊട്ടിച്ചു.
"എന്റെ വയൽ, എന്റെ നെല്ലു അതിനിടയിൽ പിടിച്ചതു എന്റെ പുല്ലു അതു നീ എന്തിനു പിഴുതു എടുത്തു?" ഇതായിരുന്നു വക്കീലിന്റെ ലാ പോയിന്റ്‌.
സ്ത്രീ അലറി വിളിച്ചു കരഞ്ഞു ബന്ധുക്കളെ കൂട്ടി.
നിമിഷ നേരത്തിനുള്ളിൽ സ്ത്രീയുടെ ബന്ധുക്കൾ വന്നു വക്കീലിനു മുതുകിൽ ഇടി കൊടുത്തു കമഴ്ത്തി ഇട്ടു. മുതുകിൽ നാലു തൊഴിയും പാസ്സാക്കിയിട്ടാണു അവർ പിരിഞ്ഞു പോയതു.

ബഹളം കേട്ടു നാട്ടുകാർ ഓടി കൂടിയപ്പോൾ സൈക്കിളിൽ നിന്നു വീണു എഴുന്നേൽക്കുമ്പോഴുള്ള ചിരിയുമായി വക്കീൽ എഴുന്നേറ്റിരുന്നു ഇങ്ങിനെ പറഞ്ഞു.
"പെണ്ണിന്റെ കരണത്താണു ഞാൻ പൊട്ടിച്ചതു,അവന്മാർ എത്ര പണിഞ്ഞിട്ടും എന്റെ നെഞ്ചിൽ ഇടിച്ചില്ല,മുഖത്തു അടിച്ചില്ല,ചന്തിയിലാണു ചവിട്ടിയതു, എന്നെ ചവിട്ടിയതു കൊണ്ടു അവളെ അടിച്ച കേസ്സുമില്ല ഹരിജന മർദ്ദനവുമില്ല;അവന്റെയെല്ലാം ബുദ്ധി അത്രയേ ഉള്ളൂ...പോയിനെടാ നാറികളേ......"
വക്കീൽ ജൂനിയറായി ഒരു സീനിയറിന്റെ കീഴിൽ പ്രാക്റ്റീസ്സ്‌ ചെയ്തിരുന്നപ്പോഴുള്ള ഒരു സംഭവവും ഈ സന്ദർഭത്തിൽ പറയേണ്ടിയിരിക്കുന്നു.
അന്നു ഫോൺ സർവ്വ സാധാരണമായിട്ടില്ല.കറിയാ വക്കീൽ ജൂനിയറായിരുന്നെങ്കിലും കാർന്നോന്മാർ സമ്പാദിച്ച സ്വത്തു ഉണ്ടായിരുന്നതിനാൽ കാറും ഫോണും സ്വന്തമാക്കിയിരുന്നു.
ഒരു ദിവസം വക്കീലിനു ഒരു ഫോൺ കാൾ.സ്ത്രീ സ്വരമാണു.
"ഹലോ ഇതു പോലീസ്സ്‌ സ്റ്റേഷനാണോ..."
"അല്ല ഇതു വക്കീൽ ആഫീസ്സു" വക്കീൽ ഫോൺ കട്ട്‌ ചെയ്തു.
വീണ്ടും ബെൽ അടിച്ചു.വക്കീൽ ഫോൺ എടുത്തു. പഴയ സ്ത്രീ സ്വരം.
"ഹലോ ഇതു ഉടുമ്പന്നൂർ പഞ്ചായത്ത്‌ സെക്രട്ടറിയാണു,അതു പോലീസ്സ്‌ സ്റ്റേഷനാണോ?"
"അല്ല, ഇതു അഡ്വൊക്കേറ്റ്‌ കറിയായുടെ വക്കീൽ ആഫീസാണു." വക്കീൽ ശാന്ത സ്വരത്തിൽ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.
വീണ്ടും ഫോൺ കാൾ, അതേ സ്ത്രീ സ്വരം.
"ഇതു പോലീസ്സ്‌ സ്റ്റേഷനാണോ?"
"അല്ല നിന്റെ അമ്മായി അമ്മയുടെ പ്രസവം നടന്ന സ്ഥലമാണു....ഫ! വെയ്യെടീ ....മോളേ... ഫോൺ താഴെ...കഴ്‌വേറീടെ മോളേ....ഇനി നീ ഈ നമ്പറിൽ വിളിച്ചാൽ നിന്റെ മൂക്കും മുലയും ഞാൻ ചെത്തും....."
അപ്പുറത്തു ഫോൺ കിടുക്കോ എന്നു വൈക്കുന്ന ശബ്ദം.ഉടനെ തന്നെ
ജീപ്പില്‍ പഞ്ചായത്തു സെക്രട്ടറി മൈലുകള്‍ താണ്ടി പാഞ്ഞെത്തി.വക്കീലിന്റെ പേരു പറഞ്ഞിരുന്നതിനാൽ സെക്രട്ടറിക്കു സ്ഥലത്തെത്തി ആളെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല.ആളെ കണ്ടു എങ്കിലും ആരുടെയോ ഉപദേശാനുസരണം വക്കീലിനോടു നേരിൽ സം സാരിക്കാൻ നിൽക്കാതെ കറിയായുടെ സീനിയർ വക്കീലുമായി ബന്ധപ്പെട്ടു.
സീനിയർ പ്രസിദ്ധനും എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ആളുമാണു.അദ്ദേഹം സരസനുമാണു. അദ്ദേഹം ആ മാന്യ വനിതയോടു പറഞ്ഞു.
"മാഡം ഞാനെന്തു ചെയ്യാനാണു?!വക്കീലാണെങ്കിലും കറിയാക്കു ലേശം വട്ടുണ്ടു.ഇന്നു ഗുളിക കഴിച്ചു കാണില്ല...അതായിരിക്കും ഇങ്ങിനെ സംഭവിച്ചതു..ക്ഷമിക്കുക..."
പഞ്ചായത്തു സെക്രട്ടറി വിരണ്ടു.
"വട്ടുണ്ടോ?...എനിക്കും തോന്നി അയാൾക്കു വട്ടാണെന്നു നേരിൽ കണ്ടു രണ്ടു പറയാമെന്നു കരുതി ഞാൻ വന്നതാ....ഇനി ഞാൻ കാണുന്നില്ല ഈ വട്ടന്മാരോടു എന്തു സം സാരിക്കാനാണു..."
"അതാണു നല്ലതു നേരിൽ കണ്ടാൽ അയാൾക്കു ഒന്നു കൂടി വട്ടു കൂടിയേക്കാം.."സീനിയർ അഭിപ്രായപ്പെട്ടു.
പഞ്ചായത്തു സെക്രട്ടറി കുറേ നേരം കേസു കാര്യങ്ങളുമായി കോടതി കാമ്പൗണ്ടിൽ കയറി ഇറങ്ങിയതിനു ശേഷം തൊഴിൽ കരം സംബന്ധമായ കേസിനായി മജിസ്ട്രെട്റ്റ് കോടതി ഹാളിൽ ചെന്നു.അതാ! അവിടെ അപ്പോൾ കറിയാ വക്കീൽ തന്മയത്വമായി കേസ്സ്‌ വാദിക്കുന്നു.നിയമ പുസ്തകങ്ങൾ മറിച്ചു മറിച്ചു വായിക്കുന്നു.മജിസ്ട്രെട്റ്റ് ശ്രദ്ധയോടെ കറിയായുടെ വാദം കേട്ടു കൊണ്ടിരിക്കുന്നു....
സെക്രട്ടറി ഉടനെ തന്നെ കോടതിയിൽ നിന്നും ഇറങ്ങി ഓടി സീനിയർ വക്കീലിനു അരികിലെത്തി.
"സാറല്ലേ പറഞ്ഞതു അയാൾക്കു വട്ടാണെന്നു, ദാ, ആ കോടതിയിൽ അയാളു ഒരു കുഴപ്പവുമില്ലാതെ കേസ്സ്‌ വാദിക്കുന്നു......"
"മാഡം ,അയാൾ ഇപ്പോൾ ഗുളിക കഴിച്ചു കാണണം ഗുളിക കഴിക്കാത്തപ്പഴാണു കുഴപ്പമെന്നേ ഞാൻ പറഞ്ഞിരുന്നുള്ളൂ"സീനിയറിന്റെ മറുപടിക്കു ഒട്ടും താമസം ഉണ്ടായിരുന്നില്ല.
കറിയാ വക്കീൽ പാന്റ്‌ ധരിക്കുന്ന വിധം മുകളിൽ പറഞ്ഞിരുന്നുവല്ലോ.മുണ്ടു അരയിൽ കുത്തി ഉടുക്കുന്നതു പോലെയാണു കറിയാ ഹൂക്കില്ലാത്ത പാന്റ്‌ അരയിൽ ഉറപ്പിക്കുന്നതു.
അന്നു കോടതിയിൽ വക്കീൽ ആംഗ്യവിക്ഷേപത്തോടെ ഗംഭീരമായി കേസ്സ്‌ വാദിക്കുകയായിരുന്നു.മജിസ്ട്രേറ്റ് ഒരു യുവതിയാണു.കോടതി ഹാൾ നിറയെ പലവിധ കേസ്സുകൾക്കു വന്ന കക്ഷികളും അഭിഭാഷകരും നിറഞ്ഞിട്ടുണ്ടു.കറിയാ വക്കീൽ മജിസ്റ്റ്രേട്ടു ഇരിക്കുന്ന ഡയസിനു നേരെ മുമ്പിൽ ബഞ്ച്‌ ക്ലാർക്കിന്റെ മേശക്കു സമീപം നിന്നാണു വാദിച്ചതു. ബെഞ്ചു ക്ലാർക്കും ഒരു സ്ത്രീയാണു.വക്കീൽ തകർപ്പൻ വാദത്തിനിടയിൽ രണ്ടു കയ്യും പെട്ടെന്നു പൊക്കി "നെവർ.....യുവർ ഓണർ, നെവർ....എന്റെ കക്ഷി ഒരിക്കലും അങ്ങിനെ..... എന്നു പറഞ്ഞു തീരുമ്പോഴേക്കും കൈ രണ്ടും ശക്തിയായി ഉയർത്തിയ ഊക്കിൽ പാന്റ്‌ കുത്തഴിഞ്ഞു താഴേക്കു ഊരി വീണു.
ബെഞ്ചു ക്ലാർക്കു സ്ത്രീ "അയ്യോ.." എന്നു കൂവി.മജിസ്ട്രെട്റ്റ് പുസ്തകം മുഖത്തിനു നേരെ നിവർത്തി പിടിച്ചു പുറകിലേക്കു ചാഞ്ഞിരുന്നു.അവരുടെ ശരീരം കുലുങ്ങുന്നതിൽ നിന്നും അവർ പുസ്തകം കൊണ്ടു മുഖം മറച്ചു ചിരിക്കുക ആയിരുന്നു എന്നു വ്യക്തം.കോടതിയിലാകെ കൂട്ട ചിരി.കൂട്ടത്തിൽ കറിയാ വക്കീലിന്റെ ഗുമസ്ഥൻ പയ്യനും പൊട്ടി പൊട്ടി ചിരിച്ചു.
കറിയാ പാന്റു സാവകാശത്തിൽ ഉയർത്തി അരയിൽ കുത്തി ഉടുത്തു.കോടതി ഹാൾ സമൂലം ഒന്നു വീക്ഷിച്ചു; സാവകാശം കോടതി വരാന്തയിലേകുനടന്നു. അവിടെ നിന്നു കൊണ്ടു ഗുമസ്തൻ പയ്യനെ കൈ കാട്ടി വിളിച്ചു.അവൻ ചിരി അമർത്തി ഓടി ചെന്നു.വക്കീ ലിന്റെ മുമ്പിൽ അവൻ ചെന്നു നിന്നതും അവന്റെ മുഖത്തു കറിയാ വക്കീലിന്റെ അടി വീണതും ഒപ്പം.
"എടാ ആരു ചിരിച്ചാലും നീ ചിരിക്കാൻ പാടില്ലായിരുന്നു. അടി ചിരിക്കു തന്നതാണൂ..."വക്കീൽ പറഞ്ഞു.
പിന്നീടു കറിയാ വക്കീലിനെ കാണൂമ്പോൽ മറ്റു അഭിഭാഷകർ പതുക്കെ പറയും"എന്റെ പാന്റ്‌....എന്റെ അരക്കെട്ടു....പാന്റു കീഴോട്ടു പോയതിനു നിങ്ങക്കെന്താ മജിസ്ട്രെട്ടെ ...!!!
"































4 comments:

  1. കറിയാ വക്കീല്‍ ആളൊരു രസികനാണല്ലോ.

    ReplyDelete
  2. ടൈപിസ്റ്റ്‌/എഴുത്തുകാരി, ഒഴാക്കൻ, കറിയാ വക്കീലിനെ കാണാൻ വന്നതിനു നന്ദി.

    ReplyDelete
  3. കഴ്‌വേറീടെ മോളേ....ഇനി നീ ഈ നമ്പറിൽ വിളിച്ചാൽ നിന്റെ മൂക്കും മുലയും ഞാൻ ചെത്തും....."
    അത്രയും വേണോ?

    ReplyDelete