Wednesday, February 17, 2010

ആല്‍മാവും തങ്ങള്‍ ഉപ്പുപ്പയും


ഈ ചിത്രത്തിൽ ഒരു ആൽമരവും സമീപം ഒരുമിനാറവും മാത്രം എന്നു കരുതി അവഗണിക്കാൻ ഒരുമ്പെടരുതു; അൽപ്പം ചരിത്രം കൂടി കേൾക്കൂ!.
ആലപ്പുഴ പടിഞ്ഞാറേ പള്ളിയിലെ മസ്ജിദ്‌ കോമ്പൗണ്ടിന്റെ പടിഞ്ഞാറേ ഗേറ്റിനു സമീപമാണു ഇവ രണ്ടും സ്ഥിതിചെയ്യുന്നതു.
വളരെ വർഷങ്ങൾക്കു മുമ്പു ഈ ആൽമരം ഒരു തേന്മാവു ആയിരുന്നു. മുത്തലിബു തങ്ങൾ എന്ന ദിവ്യന്റെ മഖ്ബറയാണു സമീപം കാണുന്നതു.പണ്ടു വളരെ പണ്ടു ഇപ്പോൾ കാണുന്ന ആഡംബര നിർമിതിയിൽ അല്ലായിരുന്നു ഈ മഖ്ബറ.അന്നു കേവലം ഒരു കുടീരം. ചെറിയ ചുറ്റുമതിൽ.വല്ലപ്പോഴും വിശ്വാസികൾ വന്നു തിരി കത്തിച്ചു വെച്ചു പ്രാർത്ഥിക്കും ഇപ്പോഴുള്ള നേർച്ചയും ആഘോഷങ്ങളും ഒന്നുമില്ലാതിരുന്ന പ്രശാന്തമായ അന്തരീക്ഷം. അതിനു കാരണവുമുണ്ടു. അൻപതുകളിലും അറുപതുകളിലും ആലപ്പുഴയിൽ പട്ടിണി കൊടികുത്തി വാണിരുന്നു. നേരത്തോടു നേരമായാലും അടുപ്പിൽ തീകത്തിക്കാൻ വകയില്ലാത്ത കഷ്ടപ്പാടിന്റെ കാലഘട്ടത്തിൽ അന്നന്നത്തെ അരിക്കു വേണ്ടി ഉള്ള നെട്ടോട്ടത്തിൽ ഏതു ആഘോഷങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ സമയവും ധനവും കണ്ടെത്താൻ മനുഷ്യനു കഴിയുക. അതു കൊണ്ടൂതന്നെ മഖ്ബറകളും ചെറിയ അമ്പലങ്ങളും കുരിശടികളും സുഷുപ്തിയിലാണ്ടു കിടന്നു. വല്ലപോഴും ആരെങ്കിലും വന്നു പ്രാർത്ഥിച്ചെങ്കിലായി.
വരുമാനം ഇല്ലാത്തതു കൊണ്ടു മഹല്ലു കമ്മിറ്റികളോ കരയോഗങ്ങളോ സഭകളോ ഊർജസ്വലരായി കാണപ്പെട്ടതുമില്ല.എന്റെ വളരെ ചെറുപ്പത്തിൽ ആലപ്പുഴയിലും കേരളത്തിൽ പൊതുവെയും ഇതായിരുന്നു സ്ഥിതി.
ചെറുപ്പത്തിൽ ഞാൻ കാണുമ്പോൾ മഖ്ബറക്കു നാലുചുറ്റും ഒരു ചെറുചുറ്റുമതിലും പച്ചക്കൊടിയും ചുറ്റുമതിലിനുള്ളിൽ ഭൂമിയിൽ നിന്നും പൊങ്ങി നിൽക്കുന്ന മീസ്സാൻ കല്ലും(മറമാടിയിരിക്കുന്നതു എവിടെ എന്നു അടയാളപ്പെടുത്തുന്ന സ്മാരകശിലകൾ). അതിനു അരികിൽ ചെറു കാറ്റത്തും ഇലകൾ പൊഴിഞ്ഞിരുന്ന ഒരു ആൽമരവും മാത്രം.
"പണ്ടു അതു ഒരു തേന്മാവു ആയിരുന്നു " എന്റെ അപ്പച്ചി (പിതൃസഹോദരി) പറഞ്ഞു തന്നു."കുട്ടികൾ മാങ്ങക്കായി എപ്പോഴും കല്ലെറിയുമായിരുന്നു. ഈ കല്ലുകൾ ഉന്നം തെറ്റി കബറിൽ(ശവകുടീരം) തുരുതുരാ വീണു കൊണ്ടിരുന്നപ്പോൾ തങ്ങൾ ഉപ്പുപ്പ കബറിൽ കിടന്നു പ്രാർത്ഥിച്ചു;"റബ്ബേ ഈ ശല്യം ഒഴിവാക്കി തരണേ!" പടച്ച തമ്പുരാൻ ആ പ്രാർത്ഥന കേട്ടു എന്തതിശയം!!! പിന്നെ ആൾക്കാർ കാണുന്നതു മാവിന്റെ സ്ഥാനത്തു ഒരു ആൽമരമാണു. അതാണിപ്പോൾ അവിടെ കാണുന്ന ആൽമരം."
ഈ കഥ കേട്ടുകൊണ്ടിരുന്ന ഞങ്ങൾ കുട്ടികൾ പിന്നീടു മഖ്ബറക്കു സമീപം കൂടി പോകുമ്പോൾ നിശ്ശബ്ദത പാലിച്ചു. തങ്ങൾ ഉപ്പുപ്പ ഉറങ്ങുന്നു ഉണർത്തരുതു. പക്ഷേ എന്റെ ഉമ്മയുടെ അമ്മവൻ പറഞ്ഞു തന്നതു മറ്റൊരു കഥയാണു.
"എടാ പിള്ളാരേ, ആൽമരത്തിനു സമീപം മാവല്ല ഏതു മരം നിന്നാലും ആൽമരം അതിനെ വേടുകൾ കൊണ്ടു ചുറ്റിവളച്ചു തന്റെ ഉള്ളിലേക്കു ആവാഹിച്ചു അവസാനം അതിനെ ഇല്ലാതാക്കും അതു പലയിടത്തും സംഭവിച്ചിട്ടുണ്ടു. അപ്പോൾ ആൾക്കാർ അതിനെ ആൽമാവു എന്നു വിളികും.ആൽമാവു ഉണ്ടായതെങ്ങിനെയെന്നു പുടികിട്ടിയോ?"
ഞാൻ പറഞ്ഞു "പുടി കിട്ടി അങ്ങിനെയാണു ആത്മാവു ഉണ്ടായതു"
കുറച്ചു കാലങ്ങൾക്കു ശേഷം ഒരു നാൾ അതിശയകരമായ ഒരു വാർത്ത ആലപ്പുഴയിൽ പരന്നു."മുത്തലിബു തങ്ങളുടെ ഖബറിനു സമീപം നിന്നിരുന്ന ആൽമരത്തിൽനിന്നും തീയും പുകയും വരുന്നു പുകക്കു സാമ്പ്രാണിയുടെ മണം. തങ്ങൾ ഉപ്പുപ്പാ കബറിൽകിടന്നു പിന്നെയും കിറാമത്തു(അതിശയങ്ങൾ)കാണിക്കുന്നു. "
ഞങ്ങൾ സ്കൂളിൽ നിന്നും പടിഞ്ഞാറേ പള്ളി ലക്ഷ്യമാക്കി പാഞ്ഞു.
പള്ളിക്കു സമീപത്തു ചെന്നപ്പോൾ കണ്ടതു ജനസമുദ്രത്തെയാണു. ആൾക്കാർ കൂട്ടം കൂട്ടമായി നിന്നു കാര്യം ചർച്ച ചെയ്യുന്നു.
വാർത്ത സത്യമാണെന്നു എനിക്കു ബോദ്ധ്യമായി.വൃക്ഷത്തിന്റെ തലപ്പത്തു നിന്നും കാറ്റടിക്കുമ്പോൾ വലിയ തീക്കട്ടകളും ചാരവും പുറത്തേക്കു വരുന്നു. പക്ഷേ സാമ്പ്രാണി മണമൊന്നും അനുഭവപ്പെട്ടില്ല. ആൾബഹളത്തിനിടയിലൂടെ ഞാൻ നുഴഞ്ഞു കയറി.അവിടെ കുറേ പേരോടു കബർ വെട്ടി ഇക്കാ(മൃതദേഹം അടക്കുന്ന കുഴി വെട്ടാൻ പള്ളി ഭാരവാഹികൾ ചുമതലപ്പെടുത്തിയ ആൾ) സം സാരിക്കുകയാണു" "ഇതെന്താ ഹലാക്കെന്നു അറിയാമെന്നു കരുതി ഞാൻ മരത്തുമ്മേൽ വലിഞ്ഞു കയറി മുകളിൽ ചെന്നു; അപ്പോ അവിടെ ഇരിക്കുന്നു വേറൊരുത്തൻ പത്തീം പൊക്കി പിടിച്ചോണ്ടു;ഒരു സർപ്പം!!! എന്നെ കണ്ട ഉടൻ പത്തി ആട്ടി കാട്ടി;ഹെന്റള്ളോ!! ഞാൻ ചാടി ഇറങ്ങി ഓടി"
"തന്നെക്കാളും വിഷമുള്ള ഒരുത്തനോ എന്നു കണ്ടു അവൻ തലകുലുക്കിയതാ" ആരോ പതുക്കെ പറഞ്ഞതു കബർ വെട്ടി ഇക്കാ കേട്ടതുകൊണ്ടാവണം അയാൾ അങ്ങോട്ടു നോക്കി പറഞ്ഞു;
"വേണ്ടാ...വേണ്ടാ അതീ പിടിച്ചു കളിക്കണ്ടാ...."
"അതിനു നീ മരത്തേൽ കേറാൻ നോക്കിയപ്പോൾ മരം ബേക്കറിയിലെ ബോർമ്മ പോലെ ചൂടായിരിക്കുന്നു എന്നു പറഞ്ഞു മാറി നിന്നല്ലോ പിന്നെന്തിനു ഇപ്പോൾ ഈ അമിട്ടു പൊട്ടിക്കുന്നു" അതു പറഞ്ഞതു മൂസക്കുട്ടി ഇക്കാ ആയിരുന്നു. കബർ വെട്ടി സ്ഥലം കാലി ആക്കാൻ നോക്കി.
അപ്പോൾ അദ്രമാനിക്കാ പറഞ്ഞു" ഹാ!!! മൂസ്സാകുട്ടീ നീ വഹാബി ആണു നീ അങ്ങിനെയേ പറയൂ, നിനക്കിതിൽ വിശ്വാസം വരില്ലാ, കണ്ടാലും കൊണ്ടാലും വിശ്വസിക്കൂലാ."
തനിക്കു പിൻ തുണ കിട്ടിയെന്നു കണ്ടപ്പോൾ കബർ വെട്ടി തിരിഞ്ഞു നിന്നു പറഞ്ഞു"ശരിയാ"
"എന്തു ശരിയാ? മൂസ്സകുട്ടി ഇക്കാ വീണ്ടും പറഞ്ഞു"പണ്ടു ഉണ്ടായിരുന്ന മാവിന്റെ ജീർണ്ണിച്ച ഭാഗങ്ങൾ ഇപ്പോഴും ആലിന്റെ വേടിനുള്ളിൽ അവശേഷിക്കുന്നുണ്ടു.മഖ്ബറക്കു സമീപം കത്തിച്ചുവെച്ച തിരി കാക്കയോ എലിയോ എടുത്തു മരത്തിനു മുകളിൽ മാവിന്റെ ജീർണ്ണിച്ച ഭാഗത്തുകൊണ്ടുവെച്ചു കാണും .അതു അവിടെ ഇരുന്നു നീറി നീറി കത്തി പിടിച്ചു അവസ്ഥയിൽ ആയതാണു"
"മൂസക്കുട്ടി അങ്ങിനെ വിശ്വസിച്ചാൽ മതി ഞങ്ങൾ ഇങ്ങ്നേം വിശ്വസിക്കാം" തർക്കം തുടരുന്നതിനിടയിൽ ഫയർ എൻ ജിൻ വന്നു മരത്തിനു മുകളിലേക്കു വെള്ളം ചീറ്റിച്ചു. തീ അണഞ്ഞു.
"കിറാമത്തു അവസാനിച്ച്‌" മൂസാകുട്ടി ഇക്കാ പരിഹസിച്ചു. അദ്രമാനിക്ക അതു ഏറ്റു പിടിച്ചു വഴക്കു ആരംഭിക്കും എന്ന മട്ടായപ്പോൽ ഞങ്ങൾ അവിടെ നിന്നു തടി സലാമത്താക്കി.
ഈ സംഭവങ്ങളെല്ലാം കഴിഞ്ഞു വർഷങ്ങൾ എത്രയോ കടന്നു പോയി.
നാട്ടിൽ പട്ടിണിയും ദാരിദ്യവും പഴങ്കഥകളായി.ആഹാരത്തിനായി വിശന്നു കരയുന്ന കുഞ്ഞുങ്ങൾക്കു പകരം ആഹാരം കഴിക്കാൻ നിർബന്ധികുമ്പോൾ കരയുന്ന കുഞ്ഞുങ്ങൾക്കു പിറകേ ആഹാരവുമായി അമ്മമാർ നടക്കേണ്ട അവസ്ഥയായി.ചോറു വെക്കാൻ അരി വീട്ടിൽ സ്റ്റോക്കു ഉള്ളതിനാൽ അരി അന്വേഷിച്ചു നടന്നിരുന്ന സമയം മിച്ചം വന്നതു പഞ്ചായത്തു കമ്മിറ്റീ, മഹല്ലു കമ്മിറ്റീ, കരയോഗം തുടങ്ങിയവയിൽ ഭാരവാഹികളാകാൻ ഉപയോഗപ്പെടുത്തി. സ്ഥാനങ്ങൾ കുറവാകയാൽ അവ ലഭിക്കുന്നതിനായി മഖ്ബറ കമ്മിറ്റികളും അമ്പല പുനരുദ്ധാരണ കമ്മിറ്റികളും ക്യൂശടി ആഘോഷ കമ്മിറ്റികളും കൂണു പോലെ മുളച്ചു പൊന്താൻ തുടങ്ങി.മഖ്ബറകളും അമ്പലങ്ങളും കുരിശടികളും എലൂമിനേഷൻ ലൈറ്റുകളാൽ വെട്ടിതിളങ്ങി.ജനങ്ങൾ ദൈവങ്ങളെ ആഘോഷിച്ചേ അടങ്ങൂ എന്ന അവസ്ഥയിലെത്തിച്ചേർന്നിരിക്കുന്നു ഇപ്പോൾ.
ഇങ്ങിനെ മാറിയ ഈ കാലഘട്ടത്തിലൊരുദിവസം ഞാൻ ആലപ്പുഴയിലെത്തി മുത്തലിബു തങ്ങളുടെ കബറിനരികിലൂടെ നടന്നു പോയപ്പോൾ ബാല്യകാല സ്മരണകൾ മനസ്സിലേകു കടന്നുവന്നു. അന്നത്തെ മഖ്ബറക്കു എത്രയോ മാറ്റം വന്നിരിക്കുന്നു.
ഇപ്പോൾ അടിപൊളി മഖ്ബറ!!! പുതിയ എടുപ്പുകൾ, മിനാറം, മഖ്ബറ ഡ്യൂട്ടിക്കു മാത്രമായി ഒരാൾ!
സ്ത്രീകളുടെ പ്രവാഹം!വെള്ളിയാഴ്ച്ച രാവും തിങ്കളാഴ്ച്ച രാവുമാണു തിരകു എന്നറിഞ്ഞു. അവിടെ നിന്നും നേർച്ച വകയായി നൽകുന്ന എണ്ണ ഉപയോഗിച്ചാൽ ഏതു രോഗവും ഭേദമാകുമത്രേ!.
മഖ്ബറക്കു സമീപമുള്ള ഗേറ്റിനു വെളിയിൽ ഒരു മുസലിയാരും ഒരു ചെറുപ്പക്കാരനും വാദപ്രതിവാദത്തിലേർപ്പെട്ടിരിക്കുന്നതു കണ്ടപ്പോൾ കൗതകത്താൽ ഞാൻ അതു ശ്രദ്ധിച്ചു. അപ്പോൾ കേട്ട സംഭാഷണത്തിൽ ചിലതു താഴെ ചേർക്കുന്നു.
"നമുടെ പെണ്ണുങ്ങൾ മഖ്ബറയിൽ വന്നു പ്രാർത്ഥിക്കുന്നതിൽ എന്തു തെറ്റാണു നിങ്ങൾ കാണുന്നതു, കബർ സിയാറത്തു അനുവദനീയമല്ലേ?"
" അനുവദനീയമാണു മക്ബറയിൽ വരാമെങ്കിൽ പള്ളിയിൽ കയറ്റി നമസ്ക്കരിപ്പിച്ചൂടേ"
"അതു നിങ്ങളു ജമാതേ ഇസ്ലാമിക്കാരും മുജഹിദീങ്ങളും പള്ളി പണിഞ്ഞു കൊട്‌, ഞങ്ങടെ പള്ളി പെണ്ണുങ്ങളെ കേറ്റൂലാ"
"അഞ്ചു നേരോം ഈ പള്ളീന്നു വാങ്കിൽ കൂടി വിളിച്ചു പറയുന്നതു ഏകനായ ദൈവം അല്ലാതെ വേറൊരു ദൈവം ഇല്ലന്നല്ലേ, എന്നിട്ടു ഇവിടെ ഈ പെണ്ണുങ്ങളെ വരുത്തീട്ടു തങ്ങളേ രക്ഷിക്കണേ എന്നു പറയുന്നതു ശരിയാണോ?
" തങ്ങളെ ബർക്കത്തു കൊണ്ടു കാത്തു രക്ഷിക്ക്ണേ എന്നാണു പറയുന്നതു, ഏതു കോടതിയിലും ഒരു വക്കീലു വേണ്ടേ മോനേ?"
"അള്ളാടെ കോടതീ വേണ്ടാ ഉസ്താദേ, ദാ ഈ കരണ ഞരമ്പിനടുത്താ പടച്ചോൻ സ്ഥിതി ചെയ്യുന്നേന്ന ഖുറാനിൽ പറഞ്ഞിരികുന്ന്ന്നു നിങ്ങകും അറിയാലോ. അതിരിക്കട്ടെ, ഈ മഖ്ബറയിലെ എണ്ണ കൊടുത്ത്‌ എല്ലാ അസുഖവും മാറുമെങ്കിൽ അതു കുറച്ചു കുപ്പീലാക്കീ സർക്കാർ അശുപത്രിയിൽ എത്തിച്ചൂടേ? പാവത്തുങ്ങൾ രക്ഷപെടെട്ടേന്നു ഡോക്റ്ററന്മാർക്കും എളുപ്പമാകൂലോ."
" വേണ്ടാ....വേണ്ടാ...തങ്ങൾ ഉപ്പുപ്പാ ആണിവിടെ കിടക്കുന്നതു....തീ കൊള്ളി കൊണ്ടു തല ചോറിയണ്ടാ മോനേ...."
"പടച്ചോനെ പേടിച്ചാൽ പോരേ...."
"നിങ്ങൽ തർക്കിക്കാതെ സ്ഥലം കാലിയാക്കു....ഇവിടെ ഇങ്ങിനത്തെ തർക്കമൊന്നും വേണ്ടാ.. നിങ്ങളോടു സം സാരിച്ചതു തന്നെ അബദ്ധായീന്നാ തോന്നണേ...."
അതേ! വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും മൂസ്സാ കുട്ടിക്കയും അദ്രമാനിക്കായും പിൻ ഗാമികളിലൂടെ ഇപ്പോഴും തർക്കം തുടരുനു.
ജീവിച്ചിരിക്കുകയാണെങ്കിൽ ഒരിക്കൽ പോലും ഈ വക ആഘോഷങ്ങൾ അനുവദിക്കാത്ത ഉപ്പാപ്പ മഖ്ബറയിൽ സുഷുപ്തിയിലാണു, അന്ത്യ കാഹളം കേൾക്കുന്നതു വരെ.

8 comments:

  1. "ഏതു കോടതിയിലും ഒരു വക്കീലു വേണ്ടേ മോനേ?"

    "അള്ളാടെ കോടതീ വേണ്ടാ ഉസ്താദേ"

    ഇതിനടിയില്‍ ഒരൊപ്പ്

    ReplyDelete
  2. ബലഹീന മനസ്സുകള്‍ക്ക് ഇത്തരം ഊന്നുവടികള്‍ ആവശ്യമാണ്.

    black background ഉം നീല അക്ഷരങ്ങളും പോസ്റ്റ് വായിക്കാന്‍ പ്രയാസമുണ്ടാക്കി. കമെന്റ് ബോക്സിലെത്തി ‘ അസ്സല്‍ പോസ്റ്റ് കാണുക’ എന്നതില്‍ നിന്നാ ഞാന്‍ വായിച്ചത്.

    ReplyDelete
  3. ഒന്നുകില്‍ ബാക്ക്ഗ്രൌണ്ട് കളര്‍ വെള്ളയാക്കുക.
    അല്ലെങ്കില്‍ ഫോണ്ട് വെള്ളയാക്കുക.
    ഇല്ലേല്‍ എല്ലാരും കണ്ണട വെക്കേണ്ടി വരും

    ReplyDelete
  4. ആലിമീങ്ങൾ(പണ്ഡിതന്മാർ) പറയുന്നതു അനുസരിക്കണം. ദാ!ഞാൻ അനുസരിക്കുന്നു. നിറവും മാറ്റി രൂപവും മാറ്റി. ഗുണം മാത്രം മാറ്റിയില്ല. ആൽമാവിനെ സന്ദർശിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവർക്കും നന്ദി.

    ReplyDelete
  5. ആല്‍ മരം വേടുകള്‍ കൊണ്ട് മാവിനെ വിഴുങ്ങിയപ്പോള്‍ ആല്‍മാവ് ( ആത്മാവ് ) ഉണ്ടായി. നല്ല രചന.
    Palakkattettan.

    ReplyDelete
  6. നമ്മുടെ ആധുനിക മതപണ്ഡിതന്മാര്‍ പടച്ചോനെ വെല്ലുന്നവിധത്തില്‍ പടച്ചുണ്ടാക്കിയ കണ്ടുപിടുത്തങ്ങളും ആശയങ്ങളും ഇസ്ലാം മതത്തെയും മുസ്ലീങ്ങളെയും മറ്റുമതസ്ഥരിലും ഇസ്ലാം മതത്തിനുള്ളില്‍ത്തന്നെയും തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്.ശരിയ്ക്കുപറഞ്ഞാല്‍ ഈ പണ്ഡിതന്മാരെ തല്ലിക്കൊല്ലേണ്ട കാലം കഴിഞ്ഞു.

    ReplyDelete
  7. കേരളദാസ്സനുണ്ണി, ആൽമാവിനെ സന്ദർശിച്ചതിനു നന്ദി
    കൊട്ടോടീ, എല്ലാത്തരത്തിലും എല്ലാവിധത്തിലും ഇസ്ലാമും പ്രാവാചകനും തെറ്റിദ്ധരിക്കപ്പെടാനും കരിവാരി തേക്കപെടാനും കാരണങ്ങളിൽ ഈ മതപണ്ഡിതന്മാരുടെ ചില ഫത്വാകളും ചിലകാര്യത്തിൽ അവരുടെ നിസ്സംഗതയും കാരണമാകുന്നുണ്ടു.

    ReplyDelete
  8. ദീപസ്തംഭം മഹാശ്ചര്യം.................!!!

    ReplyDelete