Thursday, February 4, 2010

പിതാവിനെ തേടി ...

രാവിലെ മുതൽ കഠിനമായി ജോലി ചെയ്തതിന്റെ ക്ഷീണം, മടുപ്പു ഇവ അനുഭവപ്പെട്ടപ്പോൾ വീട്ടിൽ പോകാനായി കസേരയിൽ നിന്നും എഴുന്നേറ്റു.
മതി....ഇന്നു ഇത്രയും മതി. ഞാൻ മനസ്സിൽ കരുതി.
നാളെ ബലി പെരുന്നാൾ അവധിയാണു. ഇപ്പോൾ വരുന്ന ട്രെയിനിൽ പോയാൽ വീട്ടിൽ നേരത്തെ എത്താം.
പിതൃ-പുതൃ ബന്ധത്തിന്റെയും അനുസരണത്തിന്റെയും ഓർമ്മ പുതുക്കലും കൂടിയാണല്ലോ ബലി പെരുന്നാൾ. സഹസ്രാബ്ദങ്ങൾക്കു മുമ്പു മാതാപിതാക്കളും മക്കളും തമ്മിലുണ്ടായിരുന്ന അഭേദ്യമായ ബന്ധത്തിന്റെ കഥയാണു ഈ പെരുന്നാളിനു പറയാനുള്ളതു. അന്നു വൃദ്ധ സദനങ്ങൾ ഇല്ലായിരുന്നു.മാതാപിതാക്കളെ അനുസരിക്കുന്ന സന്തതികളും ഉണ്ടായിരുന്നു. പ്രിയ സന്തതിയോടുള്ള സ്നേഹം തന്റെ ആശയ പ്രചാരണത്തിനും പ്രവർത്തനങ്ങൾക്കും പ്രതി ബന്ധമായി വന്നാൽ പൊന്നുണ്ണിയെയും ത്യജിക്കാൻ തയാറാകുന്ന മാനസികാവസ്ഥയുടെ കഥ കൊച്ചു മക്കളോടു പറഞ്ഞു കൊടുക്കണം. അതിനു സമയം കണ്ടെത്തണം.
ഉടനെ വരുന്ന ട്രെയിനിൽ പോകാനുള്ള തിരക്കിൽ ഞാൻ ബാഗിൽ പേനയും കണ്ണടയും എടുത്തു വെച്ചു.അപ്പോഴാണു ബെഞ്ചു ക്ലാർക്കു ചേമ്പറിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടതു.
"ഒരു സ്ത്രീ കാണാൻ വന്നിരിക്കുന്നു."
"ആരായാലും ഇന്നു ഇനി വയ്യ, മറ്റന്നാൾ വരാൻ പറയുക" എന്റെ സ്വരത്തിൽ ഈർഷ്യ പ്രകടമായിരുന്നു .
"ജെയിലിലേക്കു പറഞ്ഞയച്ച ഹുസ്സൈന്റെ ഉമ്മയാണു.....കാസർഗോഡ്‌ നിന്നാണു വരുന്നതു.....എന്റെ ഈർഷ്യ കണ്ടു മടിച്ച ബഞ്ചുക്ലാർക്കു പതുക്കെ പറഞ്ഞു.
ഹുസ്സൈന്റെ കേസ്സു എനിക്കു ഓർമ്മ വന്നു. ......
ട്രൈനിലെ ഒരു പോക്കറ്റടി സംഘത്തെ അഞ്ചു ദിവസം മുമ്പു റെയിൽ വേ പ്രോട്ടക്ഷൻ ഫോഴ്സ്സു(ആർ.പി.എഫ്‌.) പിടിച്ചു കൊണ്ടു വന്നിരുന്നു.
ട്രയിനിൽ ആൾക്കാർ കയറും നേരം തിക്കും തിരക്കും ഉണ്ടാക്കി ആ ബഹളത്തിൽ പോക്കറ്റടിക്കുന്നവരും, പെട്ടി മോഷ്ടാക്കളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. സ്ഥിരം കുറ്റവാളികൾ ആണു ഇവർ. റെയിൽ വേ കോടതിയിൽ ഹാജരാക്കിയാൽ ഈ വർഗക്കാർ ഉടനെ കുറ്റം സമ്മതിക്കുമായിരുന്നു.തൊണ്ടി കണ്ടെടുക്കാത്തതിനാലും പോക്കറ്റടി ശ്രമം സംശയിച്ചു മാത്രം കസ്റ്റഡിയിലെടുക്കുന്നതിനാലും മിക്കവാറും പെറ്റി ചാർജുകൾ ചുമത്തിയാണു ഈ മഹാന്മാരെ കൊണ്ടു വന്നിരുന്നതു.
കുറ്റം സമ്മതിച്ചു പിഴ ഒടുക്കി പോകാനുള്ള ത്വര അവരിൽ പ്രകടമായിരുന്നതു ആദ്യ കാലങ്ങളിൽ ഞാൻ നിരീക്ഷിച്ചു. പിഴ ശിക്ഷ വിധിച്ചാൽ പലപ്പോഴും പുറത്തുള്ള കൂട്ടുകാർ ഉടനെ തന്നെ പിഴ ഒടുക്കി അവരെ ഇറക്കി കൊണ്ടു പോകും.അവർ അടുത്ത ട്രൈനിൽ കയറി ഓപറേഷൻ നടത്തി അടച്ച പിഴ ഫൈൻ സഹിതം ജനങ്ങളിൽ നിന്നും ഈടാക്കുകയും ചെയ്യും. ഈ പ്രവണത മനസ്സിലായപ്പോൾ ഈ വക കേസുകളിൽ നിയമത്തിൽ അനുശാസിക്കുന്ന പരമാവധിതടവു ശിക്ഷ നൽകാൻ തുടങ്ങിയതോടെ പല സംഘങ്ങളും ട്രെയിനിലെ മോഷണത്തിൽ നിന്നും പിന്മാറി.
ഇപ്പോൾ പിടിച്ചു കൊണ്ടു വന്നതു അവശേഷിക്കുന്ന ഒരു സംഘത്തെ ആയിരുന്നു.ആ കൂട്ടത്തിൽ കാലു തളർന്ന ഒരു ചെറുപ്പക്കാരനെയും കണ്ടപ്പോൾ വിശദ വിവരങ്ങൾ അറിയാൻ അവന്റെ ചാർജു ഷീറ്റ്‌ നോക്കി.
മുഹമ്മദ്‌ ഹുസ്സൈൻ 20 വയസ്സു.കാസ്സർഗോഡ്‌.
ചെയ്ത കുറ്റം:- അനധികൃതമായി ട്രെയിനിൽ കയറി ഭിക്ഷാടനം, പൊതു ശല്യം തുടങ്ങിയവ. ഈ കുറ്റങ്ങൾക്കു 2000 രൂപ വരെ പിഴയോ 6 മാസ്സം തടവോ അഥവാ പിഴയും തടവും ഒരുമിച്ചോ ശിക്ഷ ലഭിക്കാം.
കൂട്ടത്തിൽ ഹാജരാക്കിയ കേസ്സിലെ ഒന്നാം പ്രതി മൈതീൻ കുട്ടി മുതൽ അഞ്ചാം പ്രതി നാരായണൻ വരെയുള്ളവർ മുൻ കുറ്റവാളികളാണു.ട്രെയിനിൽ അക്രമം കാണിച്ചതിനും മറ്റുമാണു ഇപ്പോൾ പിടിച്ചു കൊണ്ടു വന്നതു.അവർ കുറ്റം സമ്മതിച്ചു.അകത്തു പോയാൽ മട്ടൻ കറി കൂട്ടി ആഹാരം കിട്ടുമെന്നു അവർക്കു അറിയാം.
തടവും പിഴയും ശിക്ഷ അവർക്കു വിധിച്ചതിനു ശേഷം ഹുസ്സൈന്റെ കേസ്സു വിളിച്ചു.
അവൻ മുൻ കുറ്റവാളിയല്ല.വിക ലാംഗനുമാണു.അടുത്തു വരാൻ പറഞ്ഞപ്പോൾ കോർട്ടു ഹാളിലൂടെ ഡയസ്സിനു സമീപത്തേക്കു അവൻ കൈകുത്തി ഇഴഞ്ഞു വന്നു.
എന്നിൽ നിന്നും അവനു അനുകമ്പ ലഭിക്കുമെന്നു ശങ്കിച്ചതു കൊണ്ടാവാം ആർ.പി.എഫ്‌. ഓഫീസ്സർ പ്രോസക്യൂട്ടറുടെ ചെവിയിൽ എന്തോ പിറു പിറുത്തതും പ്രോസക്യൂട്ടർ എഴുന്നേറ്റു നിന്നതും.
" ഈ പ്രതി പോക്കറ്റടിക്കാരുടെ ഇൻഫോർമറാണു സർ;" പോസക്യൂട്ടർ ആരംഭിച്ചു.
"ഇയാൾ റിസർവ്വേഡ്‌ ക്ലാസ്സിൽ അനധികൃതമായി പ്രവേശിച്ചു ആദ്യം കമ്പാർട്ടുമന്റിന്റെ തറയും സീറ്റുകളുടെ അടിഭാഗവും തുണി കൊണ്ടു തുടച്ചു ചവറുകൾ നീക്കം ചെയ്യും.അതിനു ശേഷം ആൾക്കാരോടു കൈ നീട്ടി നിർബന്ധമായി കൂലി എന്ന വ്യാജേന പൈസ്സാ വാങ്ങി സ്ഥലം വിടും.ഇതിനിടയിൽ പെട്ടികൾ, ബാഗുകൾ, മുതലായവ എവിടെയെല്ലം ഇരിക്കുന്നു എന്നും മറ്റും മനസ്സിലാക്കി ട്രെയിനിലെ സ്ഥിരം മോഷ്ടാക്കൾകു അറിവു കൊടുക്കും.അവർ ഏതെങ്കിലും ഇരയെ ലക്ഷ്യം വെച്ചു അതു അടിച്ചു മാറ്റും. ഇവനാണു പോക്കറ്റടിക്കാരുടെ ഇൻഫോർമർ." പ്രോസക്യൂട്ടർ അവസാനിപ്പിച്ചു.
" ഈ പറഞ്ഞതൊന്നും ചാർജിൽ ഇല്ലല്ലോ"ഞാൻ പറഞ്ഞു.
പ്രോസക്യൂട്ടർ തപ്പി തടഞ്ഞു"....അതു ....യഥാർത്ഥ വസ്തുത അറിയിച്ചെന്നേ ഉള്ളൂ....."
ഞാൻ പ്രതിയോടു തിരക്കി."ടിക്കറ്റു എടുക്കാതെ ട്രെയിനിൽ പ്രവേശിച്ചു ഭിക്ഷാടനം നടത്തുകയും പൊതു ശല്യം ഉണ്ടക്കുകയും ചെയ്തു എന്നു നിങ്ങൾക്കു എതിരെ കേസുണ്ടു.അങ്ങിനെ ഉള്ള കുറ്റം ചെയ്തുവോ?"
" ടിക്കറ്റു എടുത്തില്ല എന്നതു ശരിയാണു...തറ തുടച്ചു വൃത്തിയാക്കി കൈ നീട്ടി ചില്ലറ വാങ്ങിയതും ശരിയാണു....വിശന്നിട്ടാ സാറേ..."
"നിങ്ങൾ ചെയ്തതു നിയമത്തിന്റെ ദൃഷ്ടിയിൽ കുറ്റമാണു.തടവു ശിക്ഷ വരെ ലഭിക്കാം" ഞാൻ പറഞ്ഞു.
അവൻ പെട്ടെന്നു പറഞ്ഞു"വലിയപെരുന്നാൾ വരുന്നു.എനിക്കു ജെയിലിൽ പോകാൻ വയ്യാ, എനിക്കു ഉമ്മായെ കാണാൻ പോകണം...."
അവൻ പറഞ്ഞതു കേട്ടു കോടതിയിൽ ഉണ്ടയിരുന്നവർ ചിരി അമർത്തുന്നതു ഞാൻ കണ്ടു.
പ്രതി കുറ്റം സമ്മതിച്ചതിനാൽ,ട്രെയിനിൽ ടിക്കറ്റു എടുക്കാതെ പ്രവേശിച്ചതിനും ഭിക്ഷാടനത്തിനും മറ്റും മുഹമ്മദ്‌ ഹുസ്സൈനെ ആയിരം രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവിൽ പാർപ്പിക്കാനും വിധിച്ചു.പിഴ ഒടുക്കാത്തതിനാൽ അവനെ ജെയിലിൽ അയക്കേണ്ടി വന്നു.ആർ.പി.എഫ്‌.കാരെ വിളിച്ചു അവന്റെ അടുത്ത ബന്ധുക്കളെ വിവരം അറിയിക്കാൻ ഏർപ്പാടുമാക്കി.
ഇപ്പോൾ ഇതെല്ലാം പെട്ടെന്നു ഓർമ്മയിൽ വന്നതിനാൽ ഞാൻ തിരികെ കസേരയിൽ ഇരുന്നു, ആ സ്ത്രീയെ വരാൻ അനുവദിച്ചു.
45 വയസ്സോളം പ്രായമുള്ള ഒരു പാവപ്പെട്ട സ്ത്രീ തൊഴു കയ്യോടെ ചേമ്പറിൽ കയറി വന്നു. മുഷിഞ്ഞ വേഷം.
"എന്താണു കാര്യം" ഞാൻ തിരകി.
"പോലീസ്സു കാരുടെ കത്തു കിട്ടി, ....ന്റ മോൻ ജേലിൽ ആണെന്നു..." അവർ വിമ്മലോടെ പറഞ്ഞു.
"അതിനു ഞങ്ങൾ ഇനി എന്തു ചെയണമെന്നാണു നിങ്ങൾ പറയുന്നതു...."എനിക്കു പോകാനുള്ള ട്രെയിൻ കടന്നു പോകുമെന്നുള്ള ഈർഷ്യയിൽ ഞാൻ കയർത്തു.
"പുലർച്ചക്കു വീട്ടീ ന്നിറങ്ങീതാ...ഓന്റെ ഇളേതിന്റെ കാതേൽ കിടന്ന ഒരു പൊട്ടു കമ്മലു ഊരി വിറ്റു ഇത്തിരി കാശുണ്ടാക്കി പെഴ ഒടുക്കാൻ കൊണ്ട്വന്നിട്ടിണ്ട്‌...കോടതി സമയം കഴിഞ്ഞെന്നു സാറമ്മാരു പറഞ്ഞീ...നാളെ ഞമ്മടെ പെരുന്നാളാ സാറേ...എബിടെ ആയിരുന്നാലും ഓൻ പെരുന്നളിനു വീട്ടീൽ വരും..ഈ പെരുന്നാളിനു ഓൻ ജേലിൽ കിടക്കുമ്പോ....ഞമ്മളെങ്ങിനെ" അവർ വിമ്മിവിമ്മി കരഞ്ഞു...."അതോർക്കുമ്പോനെഞ്ചു നീറുന്നു....അതാണു സാറിനെ കാണാമ്പന്നതു...പിഴ കൊണ്ടോമ്പന്നിട്ടുണ്ടു...അതു ബാങ്ങി പിഴ ഒടുക്കീന്നു ജേലിലേക്കു കത്തു തരണം....അവർ രണ്ടു കയ്യും കൂപ്പി എന്റെ നേരെ തല കുനിച്ചു.
മനസ്സിന്റെ മൂലയിൽ എവിടെയോ സഹതാപത്തിന്റെ ഉറവ പൊട്ടിയോ?!!!
ട്രെയിൻ പോകുന്നെങ്കിൽ പോകട്ടെ.ഞാൻ ബെഞ്ചു ക്ലാർക്കിനെ നോക്കി."കണക്കു ക്ലോസ്സു ചെയ്തോ"?
"ക്ലോസ്സ്‌ ചെയ്തു സർ"
"ലേറ്റ്‌ രസീതു എന്നെഴുതി പണം സ്വീകരിച്ചു ജെയിലിലേക്കു റിലീസ്‌ ഓർഡർ കൊടുത്തു വിടുക" വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കഴിഞ്ഞു ഞാൻ ആ സ്ത്രീയോട് ചോദിച്ചു.
"മകനെ വീട്ടിലിരുത്തിക്കൂടേ, അവന്റെ കാലു തളർന്നതാണല്ലോ"
"ഓന്റെ ബാപ്പാ കൊറച്ചു കാലത്തിനു മുമ്പു പൊറപ്പെട്ടു പോയീ സാറേ....ബാപ്പേം തിരക്കി ട്രെയിനായ ട്രെയിനോക്കെ അവൻ ഇഴഞ്ഞു നടക്ക്വാ.... ഉമ്മാ വിതുമ്പി.
ഞാൻ ഒന്നും പറഞ്ഞില്ല.അഥവാ എനിക്കു എന്താണു പറയാനുള്ളതു?!!!
കുറച്ചു സമയത്തിനുള്ളിൽ ആവശ്യമായുള്ള കടലാസ്സുകൾ ഒപ്പിടാനായി കൊണ്ടു വന്നു,ഒപ്പിട്ടു കൊടുത്തു;ആ സ്ത്രീ കോടതിയിലെ ശിപായിയോടൊപ്പം കത്തുമായി ജെയിലിലേക്കു പാഞ്ഞു പോയി.
എന്റെ ട്രെയിൻ കടന്നു പോയിരുന്നു.
പെരുന്നാൾ തലേ ദിവസമായ അന്നു ഏറെ വൈകിയാണു ഞാൻ വീട്ടിലെത്തിയതു.വീടിനു മുൻ വശം മുഖം വീർപ്പിച്ചിരിക്കുന്ന ഭാര്യയേയോ കുഞ്ഞു മക്കളേയേയോ ശ്രദ്ധിക്കാതെ അകത്തേക്കു കടന്നപ്പോൾ ആ ഉമ്മായും പിതാവിനെ അന്വേഷിക്കുന്ന മകനുമായുമായിരുന്നു മനസ്സിൽ.
വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ബലി പെരുന്നാൾ ദിവസം ഞാൻ ഹുസ്സൈനെ വീണ്ടും ഓർമ്മിച്ചു.
അവൻ ഇപ്പോഴും ട്രെയിനിൽ ചവറുകള്‍ തുടച്ചു മാറ്റിയും കമ്പാർട്ടുമന്റിൽ ഇരിക്കുന്ന ഓരോ മുഖത്തും അവന്റെ ബാപ്പായെ തിരക്കിയും ഇഴഞ്ഞു നടക്കുകയായിരിക്കുമോ?!!!!
(ഇതിലെ പേരുകള്‍ സാങ്കല്‍പ്പികമാണ് )

3 comments:

  1. നമ്മള്‍ അറിയാത്ത, നമ്മള്‍ സങ്കല്പിക്കുകപോലും ചെയ്യാത്ത തരത്തിലുള്ള എത്രയെത്ര ജീവിതങ്ങള്‍ നമുക്കു ചുറ്റും!

    ReplyDelete
  2. പലപ്പോഴും ഇത്തരം നിസ്സഹായരായവരെ ആരും 
    ഗൌനിക്കാറില്ല. സ്വന്തം താല്‍പ്പര്യങ്ങള്‍ മാറ്റി വെച്ച് അത്തരത്തില്‍ ഒരുവനോട് കാട്ടിയ കാരുണ്യം ഈശ്വരന്ന് പ്രിയങ്കരമായിരിക്കും. അതിനുള്ള ദൈവത്തിന്‍റെ സമ്മാനമാണ് മനസ്സമാധാനം.
    Palakkattettan.

    ReplyDelete
  3. ടൈപ്പിസ്റ്റ്‌/എഴുത്തുകാരീ,
    വർഷങ്ങൾക്കു മുമ്പു ഈ സത്യം തിരിച്ചറിയുന്നതിനു മുമ്പു അകത്തളങ്ങളിൽ ഞാൻ എന്ന ഭാവവും, എന്റെ സാമ്രാജ്യവുമായി കഴിഞ്ഞു കൂടി.പിന്നീടാണു നാം കാണുന്ന ഓരോ വ്യക്തികളുടെയും മടിയിൽ ഓരോ പൊതിയുണ്ടെന്നു മനസ്സിലായതു.ദുഃഖത്തിന്റെയും സംഘർഷത്തിന്റെയും പൊതികൾ. അഴിച്ചു കാണാൻ കഴിയുമെങ്കിൽ നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്ന പൊതികൾ!.
    കേരള ദാസൻ ഉണ്ണി,
    അതേ!ലോകത്തു ഏറ്റവും വിലപിടിപ്പുള്ള ഒന്നാണു മനസ്സമാധാനം.എത്ര സമ്പത്തു ഉണ്ടെങ്കിലും മനസ്സമാധാനം ഇല്ലെങ്കിൽ ഫലമെന്തു? അതു ദൈവ കാരുണ്യമുണ്ടെങ്കിൽ മാത്രമേ ലഭ്യമാകൂ.എല്ലാവർക്കും അതു ലഭ്യമാകട്ടെ എന്നാണു എപ്പോഴും പ്രാർത്ഥന.

    ReplyDelete