വിളക്കു മാടത്തിനു ലൈറ്റ് ഹൗസ്സ് എന്നു ആംഗലേയം.
കിഴക്കൻ വെ നീസ്സിലെ വിളക്കുമാടം പ്രഭാത വെളിച്ചത്തിൽ ഞാൻ കണ്ടപ്പോൾ അതിനു എന്നോടു പലതും പറയാനുണ്ടു എന്നു തോന്നി. ഞാൻ ചെവിയോർത്തു.
ആലപ്പുഴ തുറമുഖത്തെ അഭിമുഖീകരിച്ചു നിൽക്കുന്ന വിളക്കു മാടമാണു ഞാൻ..40 സെക്കന്റിൽ ഒരു പ്രദിക്ഷണം പൂർത്തീകരിക്കുന്ന പ്രകാശ രശ്മികളുമായി ഉപയോഗശൂന്യമായി ഇപ്പോഴും ഞാൻ ജീവിക്കുന്നു.അറബിക്കടലിലൂടെ പോകുന്ന യാനങ്ങൾക്കു പണ്ടു ഞാൻ വഴികാട്ടി ആയിരുന്നു.അന്നു ഈ തുറമുഖത്തിന്റെ പുറംകടലിൽ ധാരാളം കപ്പലുകൾ നങ്കൂരമിട്ടു മലഞ്ചരക്കുകളും കയർ ഉൽ പ്പന്നങ്ങളും കയറ്റിയിരുന്നു. അരിയും ഗോതമ്പും മറ്റു ധാന്യങ്ങളും ഇറക്കുമതിയും ഉണ്ടായിരുന്നു.
എല്ലാം ഞാൻ കണ്ടു കൊണ്ടിരുന്നു.
പണ്ടു തിരുവിതാംകൂറിന്റെ തലസ്ഥാനത്തു ഒരു പീടികതിണ്ണയിൽ ഒരു പയ്യൻ ഉറങ്ങിയപ്പോൾ അവന്റെ പൃഷ്ടഭാഗത്തെ തുണി മാറി പോയതിനാൽ ഈ നഗരം ഉണ്ടായി എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?! ഉറക്കത്തിലായിരുന്ന കേശവദാസനെന്ന ആ ബാലന്റെ പൃഷ്ടം പുലർച്ച കണി കണ്ടതിനാൽ അരിശപ്പെട്ട രാജാവു അവനെ ജെയിലിൽ അടച്ചു. പക്ഷേ വളരെ നാളുകളായി നാട്ടിൽ ലഭ്യമല്ലാതിരുന്ന പഞ്ചസ്സാരയുമായി ഒരു കപ്പൽ തലസ്ഥാന നഗരിക്കു സമീപം തുറമുഖത്തു അന്നേദിവസം നങ്കൂരമിട്ടു എന്ന ശുഭ വാർത്ത അറിഞ്ഞു സന്തോഷിച്ച രാജാവു മെച്ചമായ കണിയാണു താൻ അന്നു കണ്ടതെന്നു തിരിച്ചറിഞ്ഞു ബാലനെ ജെയിലിൽ നിന്നും മോചിപ്പിച്ചു കൊട്ടാരത്തിൽ ജോലി നൽകി.കേസവദാസ്സൻ രാജാ കേശവദാസനായി.തിരുവിതാംകൂർ ദിവാനായി.ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ കൂട്ടത്തിൽ മണലാരണ്യമായി കിടന്ന ആലപ്പുഴ ഭാഗത്തു നഗരവും തുറമുഖവും സ്ഥപിച്ചു.നഗരത്തിലേക്കു ഗുജറാത്തികളെയും, വൊഹ്രമാരെയും ,നവറോജികളെയും ,സേട്ടുമാരെയും പഠാണികളെയും, സായിപ്പന്മാരെയും ക്ഷണിച്ചു കൊണ്ടു വന്നു.നഗരത്തിന്റെ പുഷ്കര കാലമായിരുന്നു പിന്നീടുള്ള വർഷങ്ങൾ.നഗരം മദ്ധ്യത്തിൽ കീറി വരയപ്പെട്ടു രണ്ടു കനാലുകളും കനാലുകൾക്കു കുറുകെ ധാരാളം പാലങ്ങളും നിർമ്മിക്കപ്പെട്ടു. കനാലുകളിലൂടെ കെട്ടുവള്ളങ്ങൾ കയർ കെട്ടുകളും കുരുമുളകു ചാക്കുകളുമായി തുഴ ഊന്നി നീങ്ങി. കനാലുകൾക്കിരുവശവും ഫാക്റ്ററികൾ ഉയർന്നു.തൊഴിൽ ശാലകളിൽ നിന്നും രാവിലെ 8നും 8.15നും 8.30നും 8.45നും വൈകുന്നേരം 3.30നും 3.45നും, 4നും സൈറണുകൾ മുഴങ്ങി നഗരവാസികൾക്കു ഘടികാരത്തിന്റെ ആവശ്യം ഇല്ലാതാക്കി.വൈകുന്നേരങ്ങളിൽ ഫാക്റ്ററികൾ വിട്ടു തൊഴിലാളികൾ കൂട്ടം കൂട്ടമായി നിരത്തുകളിൽകൂടി ഒഴുകി.തുറമുഖവും കനാലുകളും പാലങ്ങളും കണ്ടു പാശ്ചാത്യർ ആലപ്പുഴയെ കിഴക്കൻ വെ നീസ്സ് എന്നു വിളിച്ചു.
ഫാക്റ്ററികൾ വന്നപ്പോൾ മുതലാളിമാർ ഉണ്ടായി. കൂട്ടത്തിൽ ഫാക്റ്ററി മൂപ്പന്മാരും ജന്മമെടുത്തു.തൊഴിൽ പീഢനങ്ങളും അതിനെ ചെറുക്കാൻ തൊഴിൽ സമരങ്ങളും ഉണ്ടായി.കമ്മ്യൂണിസ്സവും വന്നു.പിന്നീടു നാടു ഭരിച്ചിരുന്നതും ഇപ്പോൾ നാടു ഭരിക്കുന്നതുമായ മന്ത്രിമാർ ആ ഫാക്റ്ററികളിൽ ജോലി എടുത്തിരുന്നു.അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനു സംഘടിതശേഷി കൈവന്നു.ഡാറാസ്മെയിൽ സായിപ്പിന്റെ കരണത്തു തൊഴിലാളിയുടെ കൈ പതിഞ്ഞു.അടിയും തിരിച്ചടിയും പതിവു സംഭവങ്ങളായി.പുന്നപ്ര-വയലർ വെടിവെപ്പും നടന്നു. തുടർന്നു ആലപ്പുഴ നല്ലവണ്ണം ചുവന്നു.കമ്മ്യൂണിസ്റ്റു എം.എൽ.എയും മന്ത്രിയും ഉണ്ടായി. തൊഴിലാളികൾക്കു ശമ്പള വർദ്ധനവു, ബോണസ്, ലീവു ഗ്രാറ്റുവിറ്റി, എല്ലാമെല്ലാം ലഭ്യമായി..പക്ഷേ..... തൊഴിലുടമകളുടെ പ്രയാണത്തെ പിടിച്ചു നിർത്താനോ തൊഴിൽ ഉറപ്പു വരുത്താനോ സാദ്ധ്യമായില്ല.
നിസ്സാരകാര്യങ്ങൾ ഊതി വലുതാക്കിപ്രശ്നങ്ങൾ സൃഷ്ടിച്ചു മുതലാളിമാർ ഫാക്റ്ററികൾ പൂട്ടി.ദോഷം പറയരുതല്ലോ തൊഴിലാളികൾക്കു മതിയായ കോമ്പൻസേഷൻ അവർ നൽകിയാണു ഫാക്റ്ററികൾ പൂട്ടിയതു.സ്വാതന്തൃയാനന്തരം വൊഹ്രമാരിൽ പലരും സേട്ടുമാരും പാക്കിസ്ഥാനിലേക്കും സായിപ്പന്മാർ ശീമയിലേകും കുടിയേറി.നാടൻ മുതലാളിമാർ മാത്രം അവശേഷിച്ചു. അവരിൽ ഭൂരിഭാഗവും പിന്നീടു തൊഴിൽ രംഗത്തു നിന്നും അപ്രത്യക്ഷരാകുന്നതാണു പിന്നീടു കണ്ടതു.
കിട്ടിയ കോമ്പൻസേഷൻ തൊഴിലാളികൾ അടിച്ചു പൊളിച്ചു ജീവിച്ചു.അദ്ധ്വാനിക്കുന്ന വിഭാഗം പിന്നെ തൊഴിലിനു അലയാൻ തുടങ്ങി.തൊഴിലില്ല. ശ്മശാന ഭൂമിയിലെ സ്മാരകശിലകൾ പോലെ കനാലിരുവശവും തൊഴിൽ ഇല്ലാത്ത തൊഴിൽ ശാലകൾ മൂക സാക്ഷികളായി നിലകൊണ്ടു.ഉടമകൾ ആ കെട്ടിടങ്ങളിൽ പലതും പൊളിച്ചു വിൽക്കുന്നതാണു നഗരം പിന്നീടു കണ്ടതു. കൂട്ടത്തിൽ തുറമുഖവും നശിച്ചു. കടൽപ്പാലം പോളിഞ്ഞു.ഗോഡൗണുകൾ നിലമ്പൊത്തി. കപ്പലുകൾ ഏഴു അയൽപക്കത്തു പോലും അടുക്കാതായി.
കണ്ണിൽ ചോര ഇല്ലാത്ത ജനപ്രതിനിധികൾ തൻ കാര്യങ്ങൾ നോക്കിയതല്ലതെ കാലാകാലങ്ങളായി വന്നു കൊണ്ടിരുന്ന ഈ നാശങ്ങൾ കണ്ടിലെന്നു നടിച്ചു.ഇന്നു തുറമുഖമില്ല. അങ്ങിനെ ഒരു നഗരത്തിന്റെ നാശം പൂർണ്ണമാണു.
ഇന്നു ഇവിടെ ടൂറിസ്സമാണു പ്രധന തൊഴിൽ.ദേശാടനം ചെയ്തു വരുന്ന സായിപ്പിനെ വീട്ടിൽ അതിഥിയായി താമസിപ്പിക്കുക, കെട്ടുവള്ളത്തിനു ഹൗസ്ബോട്ടു എന്നു പേരിട്ടു സായിപിനെ അതിൽ കയറ്റി കിഴക്കു വട്ടക്കായലും വേമ്പനാട്ടു കായലും കാണിച്ചു അവന്റെ മാലിന്യങ്ങൾ ഈ കായലുകളിൽ കലർത്തുക, എളുപ്പമുള്ളതും മാന്യവുമായ പണി! അങ്ങിനെ നഗരം കിഴക്കോട്ടു ശൃദ്ധതിരിച്ചപ്പോൾ പടിഞ്ഞാറ് ഭാഗം തുറമുഖം അടക്കം നശിച്ചു നാനാവിധമായി.
ഇന്നു തുറമുഖമില്ല. എന്നെ കൊണ്ടു ആവശ്യമില്ലെങ്കിലും ഞാൻ ഇപ്പോഴും വിളക്കു തെളിക്കുന്നു, ഒരിക്കലും വരാത്ത കപ്പലിനു വേണ്ടി.........
വിളക്കുമാടത്തിന്‍റെ ചിത്രത്തോടൊപ്പം ഒരു നഗരത്തിന്‍റെ ചരിത്രം കൂടി കാണാന്‍ കഴിഞ്ഞു.
ReplyDeletePalakkattettan.
This comment has been removed by the author.
ReplyDeleteഈ വിളക്ക് കേടാതിരിക്കട്ടെ.....
ReplyDelete