Sunday, December 6, 2009

പഴുത്തില

കുളത്തിനക്കരെ അമ്പലമുറ്റത്തു തല ഉയർത്തി നിൽക്കുന്ന സ്വർണ്ണക്കൊടിമരത്തിൽ പോക്കു വെയിൽ പൊന്നുരുക്ക്യൂ വീഴ്ത്തുന്നതു വൃദ്ധൻ പാതി അടഞ്ഞ കണ്ണുകളോടെ നോക്കി ഇരുന്നു.
വെയിലിന്റെ അവസാന നാളവും കത്തി അമർന്നു സന്ധ്യയും തുടർന്നു രാത്രിയും ഉടൻ എത്തിച്ചേരും.
വൃദ്ധൻ രാത്രികളെ വെറുക്കുകയും ഭയക്കുകയും ചെയ്തു.
നേരം പുലരാൻ കൊതിച്ചു തിരിഞ്ഞും മറിഞ്ഞും കഴിച്ചു കൂട്ടുന്ന ഉറക്കം വരാത്ത രാത്രികൾ!
രാവിന്റെ അന്ത്യ യാമങ്ങളിൽ, അർദ്ധമയക്കത്തിൽ, വിജനമായ പാതയും പാതയിൽ വടികുത്തി നടന്നു പോകുന്ന പഥികനെയും വൃദ്ധൻ സ്വപ്നം കണ്ടിരുന്നു. പാതയിലെ അരണ്ട വെളിച്ചത്തിൽ പഥികൻ താൻ തന്നെയെന്നു തിരിച്ചറിയുന്നതോടെ ഞെട്ടി ഉണരും. വീണ്ടും മയക്കം. അവ്യക്തമായ സ്വപ്നങ്ങൾ....വൃദ്ധൻ പകൽ വെളിച്ചത്തിനായി ദാഹിച്ചു.
അരയാലിൽ നിന്നും വീണിരുന്ന പഴുത്തിലകളാൽ മൂടപ്പെട്ട കുളപ്പടവിൽ പകൽ വെളിച്ചത്തിൽ വെറുതെ ഇരിക്കുന്നതിൽ അയാൾ സുഖം കണ്ടെത്തി. മറ്റൊരു ജോലിയും ചെയ്യാനില്ലാത്ത തനിക്കു വെറുതെ ഇരിക്കാനേ കഴിയുള്ളൂ എന്നും അതു കൊണ്ടു വെറുതെ ഇരിക്കലാണു തന്റെ ജോലി എന്നുമുള്ള ബോധം വൃദ്ധനിൽ എന്നേ വേരൂന്നിക്കഴിഞ്ഞി​‍ൂന്നു.
ഗണപതി ക്ഷേത്രത്തിലെ നേർച്ച വെടി ശബ്ദം ചിന്തയെ കീറി എറിഞ്ഞപ്പോൾ അയാൾ നാലു പാടും കണ്ണോടിച്ചു.
ചേക്കേറാൻ ഇനിയും സമയം ബാക്കി.
താൻ എന്തിനെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നതു? തന്നെ പറ്റിയോ? സ്വപ്നങ്ങളെപ്പറ്റിയോ? അതോ യാന്ത്രികമായി പെരുമാറുന്ന മകനെയും പേരക്കിടാങ്ങളെയും കുറിച്ചോ?
എന്നോ നഷ്ടപ്പെട്ട ഏകാഗ്രതയോടൊപ്പം ഓർമ്മശക്തിയും ഇല്ലാതായി എന്ന ബോധം ഉള്ളതിനാൽ കഴിഞ്ഞ നിമിഷങ്ങളിലെ ചിന്തകളെന്തെന്നു ചിന്തിക്കാൻ ശ്രമിക്കാതെ താഴെ കുളത്തിന്റെ പടവിലിരിക്കുന്ന പെൺകുട്ടിയെയും അവളുടെ കൂട്ടുകാരനെയും അയാൾ ശ്രദ്ധിച്ചു. ഇനിയും പരിപൂർണ്ണമായി നഷ്ടപ്പെടാത്ത കാഴ്ചശക്തിയെപ്പറ്റി വൃദ്ധനു അഭിമാനം തോന്നി. കുളത്തിന്റെ പടിയോടു ചേർന്നു കുത്തി മറിയുന്ന മൽസ്യം തള്ള വരാലാണെന്നും അതിനു തൊട്ടു പുറകിൽ കാണുന്ന ചുവന്ന പൊട്ടുകൾ വരാൽ കുഞ്ഞുങ്ങളാണെന്നും അയാൾ തിരിച്ചറിഞ്ഞു. താഴെ കുളക്കടവിൽ ഇരിക്കുന്ന പെൺകുട്ടി തെക്കേതിലെ ജാനകിയുടെ കൊച്ചുമകളാണെന്നും വൃദ്ധൻ കണ്ടെത്തി.പെൺകുട്ടിയോടു ചേർന്നിരുന്നു ചെവിയിൽ അടക്കം പറയുന്ന പയ്യൻ ആരാണെന്നു അറിയാൻ അകാംക്ഷ തോന്നിയതിനാൽ അവർ ഇരിക്കുന്ന ഭാഗത്തേക്കു അയാൾ സൂക്ഷിച്ചു നോക്കി. പെൺകുട്ടി മുകളിലേക്കു തിരിഞ്ഞു തന്റെ നേരെ കൈ ചൂണ്ടുന്നതും പിന്നീടു രണ്ടു പേരും എഴുന്നേൽക്കുകയും പടികളിൽ ചവിട്ടി മുകളിൽ വന്നു തന്നെ കടന്നു പോവുകയും ചെയ്തപ്പോൾ പയ്യന്റെ കണ്ണിൽ കോപമാണു കത്തി നിന്നിരുന്നതെന്നും വൃദ്ധൻ കണ്ടറിഞ്ഞു.
അയാൾക്കു ചിരി വന്നു. അമ്പലക്കുളത്തിലേക്കു കുതിച്ചുചാടാനും കൈ കാലിട്ടടിച്ചു ആർത്തു ഉല്ലസിക്കാനും പെൺകുകുട്ടിയോടൊപ്പം ഉണ്ടായിരുന്ന പയ്യനെപ്പോലെ നെഞ്ചു വിരിച്ചു നടക്കാനും അയാൾ കൊതിച്ചു. വിഫലമാണു തന്റെ ആഗ്രഹം എന്ന തിരിച്ചറിവും തുടർന്നുണ്ടായ നിരാശയും മനസ്സിൽ കത്തി പടർന്നപ്പോൾ അയാൾ ക്ഷേത്രത്തിന്റെ മേൽകൂരയിലേക്കു കണ്ണുകൾ പായിച്ചു മനപ്രയാസം മാറ്റുന്നതിനായി മറ്റൊരു ചിന്തയുടെ തുരുത്തിൽ തുഴഞ്ഞെത്താൻ ശ്രമം തുടങ്ങി.
മഹാഗണപതി തന്റെ സമീപം പ്രത്യക്ഷപ്പെട്ടു ചോദിക്കുന്നു.
" അനവധി കാലങ്ങളായി ഗോവിന്ദാ! നീ ഈ ആൽത്തറയിൽ വരുന്നതും കുളപ്പടവിൽ ഇരിക്കുന്നതും ഞാൻ ക്ഷേത്രത്തിൽ നിന്നും കാണുന്നു. നിനക്കെന്തു വരമാണു മകനേ വേണ്ടതു...?"
"പ്രഭോ! യയാതിയുടെ സന്തതിയെപ്പോലെ എന്റെ വാർദ്ധക്യം ഏറ്റെടുക്കാൻ ആരുമില്ല. അതിനാൽ എന്റെ യൗവ്വനം തിരിച്ചു തന്നാലും......"
ഭഗവാൻ തുമ്പി കൈ ഉയർത്തി അനുഗ്രഹിക്കുന്നു. വിശ്വസിക്കാൻ കഴിയുന്നില്ല. ഇതാ ഞാൻ ചെറുപ്പമായിരിക്കുന്നു. ഇനി രാത്രികൾ തന്നെ ഭയപ്പെടുത്തില്ല. തന്റെ മകനും പേരക്കിടാങ്ങളും അവരുടെ തീൻ മേശയിൽ തന്നെ കൂടെ ഇരുത്തുകയും തന്നോടു തമാശകൾ പറയുകയും ചെയ്യും. താൻ വീട്ടിൽ ഒഴിവാക്കപ്പെടേണ്ട വസ്തു വല്ലെന്നും ഒഴിച്ചു കൂടാനാവാത്ത അംഗമാണെന്നും എല്ലാവരും കരുതും. വീട്ടുകാര്യങ്ങൾ തന്നോടു ചർച്ച ചെയ്യും.വരാന്തയിൽ ചാരുകസേരയിൽ വിശ്രമിക്കുന്ന തന്നോടു പുറത്തേക്കു പോകുന്ന മകനും ഭാര്യയും പേരക്കുട്ടികളും ഇനി യാത്രാനുവാദം ചോദിക്കും. കല്ലു മൂക്കുത്തി അണിഞ്ഞ ഭാര്യയുടെ കവിളിൽ നുള്ളിക്കൊണ്ടു "എങ്ങിനെയുണ്ടു ഞാനിപ്പോൾ" എന്നു ചോദിക്കുമ്പോൾ അവളുടെ മുഖത്തെ നാണം...... ഭഗവാനേ! അവൾ മരിച്ചു പോയല്ലോ.എന്റെ കല്യാണി.....പിന്നെങ്ങിനെ......."
വൃദ്ധൻ ഞെട്ടി ഉണർന്നു. ഭഗവാനില്ല......യുവാവായ താനില്ല.....ദുഃഖത്തിന്റെ മൂളൽ പോലെ സന്ധ്യാ നേരം ഗണപതി ക്ഷേത്രത്തിൽ നിന്നും ശംഖ്‌ നാദം മുഴങ്ങി.
അയാളുടെ മനസ്സിൽ ഭാര്യ നിറഞ്ഞു നിന്നു. വാർദ്ധക്യത്തിലേക്കു കാലൂന്നിയതിനു ശേഷം താനുമായി അവൾ എപ്പോഴും ശണ്ഠ കൂടുമായിരുന്നെങ്കിലും ഉള്ളിൽ താൻ അവൾക്കു ജീവനായിരുന്നു. അവളോടു തനിക്കു സ്നേഹം കൂടുമ്പോഴെല്ലാം താൻ കലഹത്തിനു മുതിർന്നു.കലഹ ശേഷമുള്ള ഗാഢമായ സ്നേഹ പ്രകടനത്തിനായി കലഹം വേണമല്ലോ.!
വാർദ്ധക്യം ഭാര്യാ ഭർത്താക്കന്മാരെ രാത്രിയിൽ രണ്ടിടങ്ങളിലായി ശയിപ്പിക്കുന്നു. എങ്കിലും ഉറങ്ങാൻ കിടക്കുന്ന തനിക്കു മാറികിടക്കുന്ന അവളുടെ ശരീരഭാഗത്തെവിടെയെങ്കിലും കയ്യെത്തി സ്പർശിക്കാതെ ഉറങ്ങാൻ സാധിക്കില്ലായിരുന്നു. തന്റെ കൈ കുസ്രുതി കാട്ടുമ്പോൾ വാർദ്ധക്യത്തെ തോൽപ്പികുന്ന നാണത്തോടെ അവൾ ചിരിക്കുകയും "മുതു കൂത്തെന്നു" പറയുകയും ചെയ്യും.
ഭാര്യ മരിച്ചു പോയി എന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അയാൾക്കു കാലങ്ങൾ വേണ്ടി വന്നു. തന്നെ തനിച്ചാക്കി ഭാര്യ എന്നെന്നേക്കുമായി പോയി എന്ന സത്യം മനസ്സിൽ അരിച്ചു കയറുമ്പോൾ അയാൾ ഇരുട്ടിൽ ഞെട്ടി വിറച്ചു. തന്നെ തനിച്ചാക്കി പോയ ഭാര്യയോടു പരിഭവം കലർന്ന നീരസം തോന്നുകയും ചെയ്തു.
താൻ വയസ്സായ പക്ഷി ആണെന്നും നിശ്ചിത സമയങ്ങളിൽ ആഹാരവും വെള്ളവും കൂട്ടിനരികിൽ എത്തിച്ചു തരുന്നതോടെ കടമകൾ അവസാനിക്കുന്നതായി കുടുംബാംഗങ്ങൾ കരുതുന്നതായും വൃദ്ധനു തോന്നി. മകനും ഭാര്യയും" അസുഖമൊന്നും ഇല്ലല്ലോ അച്ഛാ" എന്നു മാത്രം ചോദിച്ചാൽ പോരെന്നും വീട്ടിലെ എല്ലാ കാര്യങ്ങളെയും പറ്റി തന്നോടു ഉപദേശങ്ങൾ ആരായണമെന്നും അയാൾ ആഗ്രഹിച്ചു. പേരക്കുട്ടികൾ കോളേജിലെ വിശേഷങ്ങൾ വളഞ്ഞിരുന്നു സം സാരികുമ്പോൾ അടുത്തു ചെല്ലുന്ന തന്നെ കണ്ടു സംഭാഷണം നിർത്തരുതെന്നും അവർ പറഞ്ഞു രസിച്ചിരുന്ന കാര്യങ്ങൾ തന്നോടും പറയണമെന്നും അയാൾ കൊതിച്ചു.
ഇതൊന്നും സംഭവിക്കാതിരിക്കുകയും മാറിവന്ന രാവും പക ലും ഏകാന്ത തയിലൂടെ തള്ളി നീക്കുകയും ചെയ്തപ്പോൾ ജീവിതത്തിന്റെ അർത്ഥമെന്തെന്നു വൃദ്ധൻ അതിശയിച്ചു. ഒരിക്കൽ ജനിക്കുന്നു വളരുന്നു....വിവാഹം കഴിക്കുന്നു....സന്താനോൽപ്പാദനം നടത്തുന്നു....വയസ്സനാകുന്നു....മരിക്കുന്നു...നൂറു കൊല്ലം കഴിഞ്ഞു ഇങ്ങിനെയൊരു വ്യക്തിയെ ആരും അറിയില്ല....ഇതെല്ലം ആർക്കു വേണ്ടി....?
അമ്പലത്തിലെ നേർച്ച വെടി ശബ്ദത്താൽ ചിന്തകൾ ചിതറിയപ്പോൾ അയാൾ മാനത്തേക്കു നോക്കി. ദൂരെ ആകാശത്തു സന്ധ്യയുടെ ചെന്തുടിപ്പു. കുളത്തിനു മുകളിലൂടെ ചേക്കേറാൻ പോകുന്ന കാക്കകളുടെ കരച്ചിൽ.
വൃദ്ധൻ വീട്ടിലേക്കു പോകാൻ എഴുന്നേറ്റു; മറ്റൊരു രാത്രിയിലെ ഏകാന്ത തയുടെ പീഢനത്തിനായി.
നിലത്തു വീണു കിടക്കുന്ന പഴുത്തിലകളിൽ ചവിട്ടി തന്റെ കൂടിലേക്കുള്ള വഴിയിലൂടെ ഏകനായി നടക്കവേ അയാൾ മനസ്സിൽ പറഞ്ഞു.
"ഞാനുമൊരു പഴുത്തിലയാണു"

7 comments:

  1. ഒരിക്കൽ ജനിക്കുന്നു വളരുന്നു....വിവാഹം കഴിക്കുന്നു....സന്താനോൽപ്പാദനം നടത്തുന്നു....വയസ്സനാകുന്നു....മരിക്കുന്നു
    ആ വൃദ്ധൻ അങ്ങനെ ഒക്കെ ചിന്തിക്കുന്നതിൽ എന്താ തെറ്റ്.നമ്മളും ആ വൃദ്ധന്റെ ആവതാരങ്ങളാണ്

    ReplyDelete
  2. അല്‍പ്പം നീളം കൂടിയെങ്കിലും വായനയ്ക്ക് സുഖമുണ്ടായിരുന്നു...

    ReplyDelete
  3. അനൂപ്കോതനെല്ലൂർ, കൊട്ടോടിക്കാരൻ, അരീകോടൻ മാഷ്‌,
    "പഴുത്തില"വായിച്ചു എന്നറിഞ്ഞതിൽ സന്തോഷവും നന്ദിയും അറിയിക്കട്ടെ.

    ReplyDelete
  4. ഒരു വൃദ്ധമനസ്സിന്റെ നിസ്സഹായതകളും, ഉത്കണ്ഠകളും നന്നായി അവതരിപ്പിച്ചു.

    ReplyDelete
  5. Shereef ji
    You have shared his feelings...
    I feel he is no one but me!!!

    ReplyDelete
  6. അനില്‍ കുമാര്‍, പാവം-ഞാന്‍, പഴുത്തില കാണാന്‍ വന്നതിനു നന്ദി.

    ReplyDelete