Monday, September 28, 2009

ഒരു മെഡിക്കല്‍ കോളേജു ഡയറി ഭാഗമൊന്നു

(26.9.09ൽ ഞാൻ പോസ്റ്റ്‌ ചെയ്തിരുന്ന ആമുഖത്തിൽ സൂചിപ്പിച്ചതു പോലെ "മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" എന്ന എന്റെ പുസ്തകത്തിലെ ആദ്യ ഭാഗം ഇന്നു പ്രസിദ്ധീകരിക്കുന്നു)
27-10-1997
തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഒന്നാം വാർഡിലെ ഒന്നാംനമ്പർ ബെഡ്ഡിൽ ഇരുന്നു ഞാൻ ഈ കുറിപ്പുകൾ എഴുതുന്നു. സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു.മെനൈഞ്ചൈറ്റിസ്‌ രോഗിയായ എന്റെ മകൻ സൈഫു അരികിൽ മയങ്ങുകയാണു.ഇന്നു തിങ്കളാഴ്ച്ച ഒന്നാം വാർഡിലെ ഓ.പി ദിവസമായതിനാൽ കട്ടിലുകൾ ഒന്നും ഒഴിവില്ല. രണ്ടു കട്ടിലുകൾക്കിടയിൽ തറയിലും രോഗികളുണ്ടു.എന്റെ മകന്റെ കട്ടിലിനു സമീപം തറയിൽ ഒരു ശവശരീരം കിടക്കുന്നു.ഒരു മണിക്കൂർ മുമ്പു മരിച്ച അയാളെ എപ്പോൾ അവിടെ നിന്നും എടുത്തു മാറ്റുമെന്നു അറിയില്ല. മകന്റെ കട്ടിലും മൃതദേഹവും വേർ തിരിക്കാൻ പേരിനു ഒരുസ്ക്രീൻ മാത്രം.സ്ക്രീനിന്റെ അടിവശത്തുകൂടി മൃതദേഹത്തിന്റെ വിറങ്ങലിച്ച കാലുകൾ പുറത്തേക്കു നീണ്ടിരിക്കുന്നു.മരിച്ച ആളുടെ മകൾ ഭിത്തിയിൽ ചാരി ഇരുന്നു തേങ്ങുകയാണു. കുറച്ചു മുമ്പു അവർ അലമുറയിടുകയും പിതാവു കഴിഞ്ഞ കാലങ്ങളിൽ തന്നോടു കാണിച്ചിരുന്ന വാൽസല്യം എണ്ണീ എണ്ണീ പറയുകയും ഇനി അപ്രകരം തന്നോടു ദയ കാണിക്കാൻ ഈ ലോകത്തു ആരുണ്ടു എന്നു പരിതപിക്കുകയും ചെയ്തിരുനു.ബന്ധുക്കൾ അടുത്തു വരുമ്പോൾ ഈ പരിദേവനം ഒരു വിലാപഗാനത്തിന്റെ രൂപം പ്രാപിച്ചു.വാർഡിലെ എല്ലാ രോഗികളുടെയും ശ്രദ്ധ മരിച്ച ആളിലും കരയുന്ന മകളിലും തങ്ങി നിന്നു. മരണം എപ്പോഴും ഭയം ഉളവാക്കുന്നതിനാൽ പല മുഖങ്ങളിലും സംഭ്രമം തെളീഞ്ഞു നിന്നിരുന്നു.ഏതോ നടപടിക്രമങ്ങളുടെ പേരിൽ ശവശരീരം ഇപ്രകാരം രോഗികളുടെ സമീപം കിടത്തിയിരിക്കുന്നതിൽ എല്ലാവർക്കും അമർഷം ഉണ്ടെന്നു വ്യക്തം. ഒരു മണിക്കൂറിനു മുമ്പു ഭാര്യയും ഞാനും അൽപ്പം ദൂരെയുള്ള മൂത്രപ്പുരയിൽ പ്രാഥമിക ആവശ്യം നിർവ്വഹിക്കാൻ പകുതി ദൂരം താണ്ടിക്കഴിഞ്ഞപ്പോഴാണു മകന്റെ കട്ടിലിന്റെ ഭാഗത്തു നിന്നും അലമുറ കേട്ടതു.മകനു എന്തോ സംഭവിച്ചെന്ന ഭയത്തോടെ പാഞ്ഞെത്തിയ ഞങ്ങൾ തറയിലേക്കു നോക്കുന്നതിനു തല ഉയർത്താൻ കഠിന യത്നം നടത്തുന്ന മകനെയാണു കണ്ടതു. തറയിൽ അൽപ്പം മുമ്പു അഡ്മിറ്റ്‌ ചെയ്യപ്പെട്ട രോഗിയുടെ ചലനമറ്റ ശരീരം കിടന്നിരുന്നു. ആ ശവശരീരത്തിൽ തലതല്ലിക്കരയുന്ന സ്ത്രീയുടെനിലവിളിയാണു ഞങ്ങൾ കേട്ടതു.മകന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നിരുന്നു.
മെഡിക്കൽ കോളേജു ആശുപത്രിയിൽ ഞങ്ങളുടെ ആദ്യ രാത്രിയിൽ ഉണ്ടായ ഈ സംഭവം അവനും ഞങ്ങള്‍ക്കും പുതിയ അനുഭവമായിരുന്നു. മകന്റെ തോളിൽ തട്ടി അവനെ സമാധാനപ്പെടുത്തി ഭിത്തിയുടെ വശത്തേക്കു ചരിച്ചു കിടത്തുമ്പോൾ അലമുറയിടുന്ന സ്ത്രീയോട്‌ അതിയായ ദേഷ്യം തോന്നി.മരണം സാധരണമാണെന്നും അതിനു ഈ രീതിയിൽ ബഹളം വെയ്ക്കണമോ എന്നും മനസ്സിൽ തോന്നിയെങ്കിലും മരിച്ചു കിടക്കുന്ന ആൾ എന്റെ ബന്ധു ആണെങ്കിൽ ഞാൻ എങ്ങിനെ പ്രതികരിക്കും എന്ന ആലോചന മനസ്സിൽ കടന്നപ്പോൾ മകന്റെ രോഗ കാഠിന്യത്തെപ്പറ്റി ഓർമ്മ വന്നു. അവനു എന്തെങ്കിലും സംഭവിച്ചാൽ എന്റെ പ്രതികരണം എന്തായിരിക്കും എന്ന ചിന്ത മനസ്സിൽ ഞെട്ടൽ ഉളവാക്കിയപ്പോൾ അറിയാതെ മകന്റെ തലയിൽ തലോടി ഉള്ളുരുകി പ്രാർത്ഥിച്ചു."ദൈവമേ എന്റെ മോൻ....എന്റെ മോൻ.... അപ്പോൾ മുതൽ മനസ്സിന്റെ തിങ്ങൽ ഒഴിവാക്കാനായി ഈ കുറിപ്പുകൾ എഴുതുന്നു. അവന്റെ അമ്മ അവന്റെ കട്ടിലിനു താഴെ വെറും തറയിൽ ഉറങ്ങുകയാണു. തൊട്ടടുത്തു ഒരു ശവശരീരം കിടന്നിട്ടും ഉറങ്ങിപ്പോകും വിധം കഴിഞ്ഞ ദിവസങ്ങളിൽ അവൾക്കു ഉറക്കം നഷ്ടപ്പെട്ടിരുന്നല്ലോ!.
2-10-1997ൽ വെറുമൊരു പനിയായി തുടങ്ങിയ അവന്റെ രോഗം ഈ തരത്തിൽ മൂർച്ഛിക്കുമെന്നു കരുതിയില്ല. ഇളയമ്മയുടെ വീട്ടിൽ കഴിഞ്ഞ ഓണ അവധിക്കു അവൻ പോയപ്പോൾ കനാലിൽ മുങ്ങിക്കുളിച്ചു എന്നതായിരുന്നു കാരണം.സാധാരണ നൽകുന്ന ഹോമിയോ മരുന്നുകൾ കൊണ്ടു പനി ഒട്ടും കുറയാതിരുന്നതിനാലും അവൻ അതിയായി ക്ഷീണിച്ചിരുന്നതിനാലും അലോപ്പതി ചികിൽസയിലേക്കു കടന്നു വിവിധ ടെസ്റ്റുകൾക്ക്‌ ശേഷം ആദ്യം വൈറൽ ഫീവറെന്ന നിഗമനത്തിൽ ചികിൽസ തുടങ്ങി.പനി ഒട്ടും കുറഞ്ഞില്ലെന്നു മാത്രമല്ല നിരീക്ഷണത്തിൽ അവന്റെ കഴുത്തു വളയുന്നില്ലെന്നും കഴുത്തിനു മുറുക്കം അനുഭവപ്പെടുന്നുവെന്നും കണ്ടെത്തിയതോടെ മെനൈഞ്ചൈറ്റിസ്‌ ആണോ എന്ന സംശയത്താൽ ഉടൻ തന്നെ കൊല്ലം നഗരത്തിലെ പ്രൈവറ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നട്ടെലിൽ നിന്നും ഫ്ലൂയിഡ്‌ കുത്തിയെടുത്തു പരിശോധിച്ചപ്പോൾ സംശയം യാഥാർത്ഥ്യമായി. ക്രോണീക്‌ മെനൈഞ്ചൈറ്റിസ്‌ തന്നെയാണു രോഗം. നാലു ദിവസത്തെ ചികിൽസയ്ക്കു ശേഷവും രോഗം കുറവു കണ്ടില്ല. തലവേദന ശക്തിയായി. രാത്രിയിൽ തലവേദനയാൽ അലറിവിളിച്ചു കരയുന്ന മകന്റെ മുമ്പിൽ ഞങ്ങൾ നിസ്സഹായതയോടെ നിന്നു.അവന്റെ വേദന കുറയുവാൻ ഭിത്തിയിൽ തലചായ്ച്ചു നിന്നു പരമ കാരുണികന്റെ ദയയ്ക്കായി കെഞ്ചി. ചെയ്തു പോയ എല്ലാ പാപങ്ങളും എണ്ണി എണ്ണി പറഞ്ഞു മാപ്പു ചോദിച്ചു. നട്ടെല്ലിൽ നിന്നും ഫ്ലൂയിഡ്‌ കുത്തി എടുക്കാൻ 15 വയസ്സു തികയാത്ത അവനെ പന്തു പോലെ ചുരുട്ടി എന്നറിഞ്ഞപ്പോൾ എന്തിനിങ്ങിനെ മനുഷ്യനു ജന്മം നൽകി എന്നു അരോടെല്ലാമോ ദേഷ്യത്തിൽ ചോദിച്ചു. സ്കാൻ റിപ്പോർട്ടിൽ തലയുടെ മുൻഭാഗം ഇടതു വശത്തു പഴുപ്പു ഉണ്ടായതായി കണ്ടെത്തിയപ്പോൾ ആകാശത്തേക്കു കൈകൾ ഉയർത്തി ഞാൻ കരഞ്ഞു. ബ്രൈൻ ആബ്സസ്സ്‌ ഗുരുതരമായ രോഗമാണെന്നും ഉടൻ തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിൽ കൊണ്ടു പോകണം എന്നും അറിഞ്ഞപ്പോൾ ഭയം വർദ്ധിച്ചു. ഇന്നു പുലർ കാല വെളിച്ചത്തിൽ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട ടാക്സി കാറിന്റെ പിൻസീറ്റിൽ എന്റെ മടിയിൽ തലവെച്ചു കിടന്നിരുന്ന സൈഫു കണ്ണു തുറന്നപ്പോൾ അവനെ തിരുവനന്തപുരത്തു വിദഗ്ദ്ധ ചികിൽസക്കായി കൊണ്ടു പോകുകയാണെന്നും രോഗം ഉടനെ മാറുമെന്നു ആശ്വസിപ്പിച്ചെങ്കിലും മനസ്സിൽ അനിശ്ചിതത്വത്തിന്റെ കരിനിഴൽ പരന്നിരുന്നു. ഹ്രുദയം മാറ്റിവെയ്ക്കാൻ ഭിഷഗ്വരന്മാർക്കു കഴിയുമെങ്കിലും മസ്തിഷ്ക രോഗങ്ങൾ പൂർണ്ണമായും ചികിൽസയ്ക്കു കീഴ്പ്പെട്ടതായി അറിവില്ല.ബ്രൈൻ ആബ്സസ്സ്‌ ഇൻ ലെഫ്റ്റ്‌ ഫ്രോണ്ടൽ ഏരിയാ എന്നാണു സ്കാൻ റിപ്പോർട്ടിൽ കണ്ടതു. തലച്ചോർ കഫനീർപ്പാടക്ക്‌ ഉണ്ടായ നീർ (മെനൈഞ്ചൈറ്റിസ്‌) പഴുപ്പായി രൂപാന്തരപ്പെട്ടു എന്നാണു അതിന്റെ ഏകദേശ അർത്ഥമെന്നു ഡ്യൂട്ടി നഴ്സ്സ്‌ പറഞ്ഞു.
പഴുപ്പു ഉണ്ടായഭാഗത്തു സ്ഥിതിചെയ്യപ്പെടുന്ന ഞരമ്പുകൾ ശരീരത്തിൽ ഏതെല്ലാം ഭാഗത്തെ ജോലികൾ നിർവ്വഹിക്കുന്നുവോ ആ ജോലികൾ തടസ്സപ്പെടാം.കാഴ്ച, കേൾവി, ചലനം എന്തും തകരാറിലാകാം.
പുലർ കാലത്തെ ഈ യാത്ര മറ്റൊരു സന്ദർഭത്തിലണെങ്കിൽ മകനും ആസ്വാദ്യകരമായേനെ. ചിത്ര രചനയിൽ താൽപര്യം ഉള്ള അവനു വീടിന്റെ മുൻ വശം അരമതിലിൽ ഇരുന്നു ഇടവത്തിൽ മഴ പെയ്യുന്നതു കാണാനും ധനുമസത്തിൽ ഉദിച്ചു വരുന്ന പൂർണ ചന്ദ്രനെ നോക്കി നിൽക്കാനും ഇഷ്ടമായിരുന്നല്ലോ
രാവിലെ എട്ടര മണിക്കു ശ്രീ ചിത്രായിൽ എത്തി.
(പുസ്തകത്തിന്റെ രണ്ടര പേജു ഞാൻ ഇവിടെ പോസ്റ്റു ചെയ്തു കഴിഞ്ഞു. ആദ്യഭാഗം ഇവിടെ നിർത്തുന്നു. അടുത്ത ഭാഗം ബുധനാഴ്ച്ചയിൽ)

9 comments:

  1. എന്നിട്ട് ഇപ്പോള്‍ എന്തായി? അസുഖം ഭേദമായോ?

    ReplyDelete
  2. ശിവയുടെ സംശയം എനിക്കുമുണ്ട്.
    കുട്ടികള്‍ക്ക് അസുഖം വരുമ്പോളാണ് നമ്മള്‍ നിസ്സഹായരാവുക...
    തുടരട്ടെ

    ReplyDelete
  3. മക്കളുടെ അസുഖം ഭയകര പരീക്ഷണം തന്നെ...സര്‍വ്വശക്തന്‍ കാത്തുരക്ഷിക്കട്ടെ...

    ReplyDelete
  4. ഈശ്വരോ... രക്ഷതി.... പ്രാര്‍ത്ഥിക്കൂ!!!


    എന്റെ പേജുകളും സന്ദര്‍ശിക്കൂ...

    http://keralaperuma.blogspot.com/

    http://neervilakan.blogspot.com/

    ReplyDelete
  5. ഒരു കഥ വായിക്കുന്ന ലാഘവത്തോടെ ഇത് വായിക്കാനാവില്ല.അനുഭവത്തിന്റെ തീഷ്ണത വായനയില്‍ നിന്നും കിട്ടുന്നു.
    മകന്റെ അസുഖം എന്തായി ഇക്കാ??

    ReplyDelete
  6. ശിവാ, കുഞ്ഞായീ, നീർ വിളാകൻ, അരീക്കോടൻ മാഷ്‌, വാഴക്കോടൻ,, എന്റെ ജീവിതത്തിൽ ഞാൻ എഴുതിക്കൂട്ടിയ രചനകളിൽ ഹ്രുദയത്തിൽ നിന്നും വന്ന വാക്കുകളാണു ഈ പുസ്തകത്തിൽ ഉള്ളതു . പുസ്തകം ഭാഗങ്ങളായി പോസ്റ്റ്‌ ചെയ്യാൻ ആഗ്രഹിക്കുന്നു. പൂർണ്ണമായി വായിക്കുവാനും അഭിപ്രായം പറയുവാനും വിനയ പുരസ്സരം അപേക്ഷിക്കുന്നു.

    ReplyDelete
  7. ഷരീഫിന്റെ കഥകളെക്കാള്‍ എനിക്കിഷ്ടം അനുഭവക്കുറിപ്പുകളാണ്.

    മുമ്പ് സംഭവിച്ച കാര്യങ്ങള്‍ എന്നതിനാല്‍ ഒരു ശുഭപര്യവസാനിയാകുമെന്ന പ്രതീക്ഷയോടെ

    ReplyDelete
  8. തീക്ഷ്ണമായ ജീവിതനിമിഷങ്ങള്‍...

    ReplyDelete
  9. കാട്ടിപ്പരുത്തി ,കമന്റിനു നന്ദി. പരമകാരുണികന്റെ അനുഗ്രഹത്താൽ മെഡിക്കൽ കോളേജിൽ നിന്നും പുറത്തുവന്നു.പക്ഷേ........പോസ്റ്റ്‌ അവസാനിക്കുന്നിടം വരെ വായിക്കുമല്ലോ.
    ഷിഹാബ്‌, കമന്റിനു നന്ദി.

    ReplyDelete