Monday, July 13, 2009

വിഷം കഴിക്കുന്നവര്‍

പഴക്കച്ചവടക്കാരനു എന്നെ പരിചയം ഉള്ളതു കൊണ്ടാവാം ഞാന്‍ ഒരു കിലൊ മുന്തിരി വാങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു"നല്ലവണ്ണം കഴുകണേ സാറേ" വീട്ടില്‍ കൊണ്ടു വന്നു ഞാന്‍ മുന്തിരി പരിശോധിച്ചു.ഒരു വെളുത്ത പൊടി അതില്‍ പറ്റിപ്പിടിച്ചിരിക്കുന്നു.അറിയാനുള്ള ആഗ്രഹത്താല്‍ പരിചയമുള്ള പഴക്കച്ചവടക്കാരോടു ഞാന്‍ ഈ മേഖലയിലെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു. ആ അന്വേഷണം സമാന്തര മേഖലകളിലേക്കും വ്യാപിപ്പിച്ചു. എന്റെ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന പരമാര്‍ത്ഥങ്ങളാണു അറിയാന്‍ കഴിഞ്ഞതു. മുന്തിരി കേടാകാതിരിക്കാന്‍ ഒരു രാസവസ്തു അതില്‍ സ്പ്രേ ചെയ്യപ്പെടുന്നുവെന്നു അവര്‍ വെളിപ്പെടുത്തി.ആ രാസവസ്തുവിന്റെ പൊടിയാണു അതില്‍ പറ്റിപ്പിടിച്ചിരിക്കുന്നതു. ആപ്പിള്‍ കാശ്മീര്‍ പോലുള്ള വിദൂര സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടു വരുന്നു.കടയിലെത്തി നം വിലക്കു വാങ്ങുന്നതുവരെ അതു കേടാകുന്നില്ല. കാശ്മീര്‍ മുതല്‍ കട വരെ കേടാകാതിരുന്ന ആപ്പിള്‍ നാം വിലക്കുവാങ്ങി വീട്ടില്‍ കൊണ്ടു വന്നു മൂന്നാ ദിവസം ചീയാന്‍ തുടങ്ങുന്നു.കടയിലെത്തുന്നതു വരെ അതു കേടാകാതിരിക്കാന്‍ അതിലും രാസവസ്തുക്കാള്‍ പ്രയോഗിക്കുന്നുണ്ടു എന്നാണു അറിയാന്‍ കഴിഞ്ഞതു.ആപ്പിള്‍ ഞെട്ടിന്റെ ചുറ്റുമുള്ള കുഴിയില്‍ പച്ച നിറത്തിലുള്ള ഒരു പദാര്‍ഥം ഞെട്ടിനു ചുറ്റും ചിലപ്പോള്‍ കാണാന്‍ കഴിയും. കെമിക്കല്‍ പ്രയോഗത്തിന്റെ അവശിഷ്ടമാണു അതെന്നാണു കച്ചവടക്കാര്‍ പറഞ്ഞതു. സ്വര്‍ണ നിറത്തിലുള്ള പഴുത്ത മാങ്ങ നമ്മളെ കൊതിപ്പിക്കും. പക്ഷേ ആ നിറം കിട്ടുന്നതു കറുത്ത നിറമുള്ള ഒരു കല്ലു (ഒരു കാര്‍ബണ്‍ വകഭേദം) പച്ച മാങ്ങ കൂടകളില്‍ നിക്ഷേപിച്ചിട്ടാണു."കല്ലിട്ടു പഴുപ്പിക്കുക" എന്നാണു ആ പ്രയോഗത്തിന്റെ പേരു. കടയില്‍ നിന്നും വാങ്ങുന്ന പഴവര്‍ഗങ്ങള്‍ ഇപ്രകാരം രാസവിഷങ്ങളെ വഹിക്കുമ്പോള്‍ പച്ചക്കറികളുടെ കാര്യവും അതേ വഴിയില്‍ തന്നെ. രാസവള ഉപയോഗവും കായ് ഉണ്ടായാല്‍ അതിനു വണ്ണം വെപ്പിക്കുന്നതിനും തൂക്കം കൂട്ടുന്നതിനും അമോണിയാ പ്രയോഗവും കഴിഞ്ഞു ഒരു വിഷക്കറി ആയാണു അതു നമ്മുടെ ഉദരത്തിലേക്കു പോകുന്നതു. പഴവും വേണ്ടാ പച്ചക്കറിയും വേണ്ടാ നമുക്കു മല്‍സ്യം ഉപയോഗിക്കാം എന്നു കരുതുക. പ്രക്രിതിയില്‍ നിന്നും നേരിട്ടാണല്ലൊ മല്‍സ്യം ലഭിക്കുന്നതു എന്നു കരുതിയാല്‍ അതു അബദ്ധമാണു.പണ്ടു മല്‍സ്യം മിച്ചം വന്നാല്‍ കച്ചവടക്കാര്‍ അതു ഉണക്കി ഉണക്ക മല്‍സ്യമാക്കി വില്പ്പന നടത്തും. പക്ഷെ ഇപ്പോള്‍ ഒരു തരം പൊടി ഉപ്പു മല്‍സ്യപ്പെട്ടിയില്‍ വിതറി മല്‍സ്യം ചീയുന്നതിനെ തടഞ്ഞു പിറ്റേന്നു പുതുമല്‍സ്യം എന്ന മട്ടില്‍ വില്‍ക്കുന്നു. അന്നു കിട്ടിയ മല്‍സ്യവും ഈ പൊടിയുപ്പു മല്‍സ്യവും കലര്‍ത്തിയാണു പിറ്റേദിവസം വ്യാപാരം. അന്നും മല്‍സ്യംമുഴുവന്‍ ചിലവായില്ലെങ്കില്‍ ഈ പ്രക്രിയ തുടരും .നാം വാങ്ങുമ്പോള്‍ എത്രാം ദിവസത്തെയാണു ആ മീനെന്നു ഉടയതമ്പുരാനു മാത്രമേ പറയാന്‍ കഴിയൂ. പക്ഷെ ഒന്നുണ്ടു; പൊടിഉപ്പു മീന്‍ അടുപ്പില്‍ വെച്ചു വെന്തു തുടങ്ങുമ്പോഴേക്കും മുള്ളു വേറെ മാംസം വേറെ ആയി തിരിഞ്ഞിരിക്കും, രുചിയും ആ മീനു കാണില്ല. ഇപ്പോള്‍ കോഴിയിറച്ചി മലയാളിയുടെ പ്രധാന തീന്‍ വിഭവമാണല്ലോ.നാടന്‍ കോഴിയെ കിട്ടാനില്ല.പകരം ഇറച്ചിക്കോഴിയാണു എല്ലായിടത്തും ലഭ്യമാകുന്നതു. കശാപ്പു ചെയ്യപ്പെടാനായി മാത്രം ജനിക്കപ്പെട്ട ഈ തരം കോഴികളെ ഒനു രണ്ടു മാസം പ്രായം ആകുമ്പോള്‍ ഹാര്‍മോണ്‍ കുത്തിവെച്ചു തൂക്കവും വലുപ്പവും വര്‍ദ്ധിപ്പിക്കുന്നു. ആ ഹര്‍മോണ്‍ അലിഞ്ഞു ചേര്‍ന്ന കോഴിയുടെ മാംസവും എല്ലും കാര്‍ന്നു തിന്നുമ്പോളെന്തു മാരണമാണു ഉള്ളിലേക്കു ആവാഹിക്കുന്നതെന്നു നാം അറിയുന്നില്ല. ആടുമാടു വളര്‍ത്തല്‍ പഴംകഥ.പാല്‍ കവര്‍ രൂപത്തില്‍ കിട്ടുന്നു. സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ഇവയില്‍ പല ട്രേഡുകളും നിരോധിക്കപ്പെടേണ്ടവയാണു. സര്‍ക്കാര്‍ വിലാസം കവര്‍ പാലില്‍ പേരിനു മാത്രമെ പാല്‍ ചീത്തയാകാതിരിക്കാനുള്ള രാസവസ്തു ചേര്‍ക്കുന്നുള്ളൂവെന്നു ആശ്വസിപ്പിക്കുന്നുവെങ്കിലും പതിവായി ഈ "അല്പ്പം" ഉള്ളില്‍ ചെന്നാല്‍ അതു നമ്മുടെ കോശങ്ങളില്‍ പ്രതിപ്രവര്‍ത്തനം നടത്തില്ല എന്നു എന്താണു ഉറപ്പു. തമിഴു നാട്ടില്‍ വരുന്നവയില്‍ ഈ രാസവസ്തു ധാരാളമായി ചേര്‍ക്കുന്നുണ്ട് എന്നു കണ്ടു പിടിക്കപ്പെട്ടു കഴിഞ്ഞു. കവറില്‍ കിട്ടുന്ന കറിക്കൂട്ടുകള്‍ കേടാകാതിരിക്കാന്‍ അതില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ നമ്മുടെ ശരീരത്തില്‍ നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെടേണ്ടവയാണു. മല്ലിപ്പൊടിയിലും മഞ്ഞള്‍പ്പൊടിയിലും മുളകുപൊടിയിലും നിറം കിട്ടാന്‍ ചേര്‍ക്കുന്ന കെമിക്കല്‍സ് എങ്ങിനെയെല്ലാം പ്രതികരിക്കുന്നു എന്നു ആര്‍ക്കറിയാം. എന്തായാലും ആ വകയൊന്നും നമ്മുടെ ശരീരത്തിനു ആവശ്യമില്ലാത്തവയണെന്നു നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മുളകും മല്ലിയും മഞ്ഞളും ഉരലില്‍ കുത്തി പൊടിയാക്കിയിരുന്ന കാലം കഴിഞ്ഞു. ഉരലെന്താണെന്നു അറിയാത്ത തലമുറ പാക്കറ്റുകള്‍ വാങ്ങി ഉപയോഗിക്കുന്നതു ഫാഷനായി കാണുന്നു . എല്ലാറ്റിനും അവര്‍ക്കു മാത്രക റ്റീവീ പരസ്യങ്ങളാണല്ലോ! (ജോലി സമയ ലാഭം എന്നൊരു ഒഴിവുകഴിവുമുണ്ടു) ഉപദ്രവകരങ്ങള്‍ ആയ നിറങ്ങള്‍ ആമാശയത്തേയും കരളിനെയും എങ്ങിനെ ബാധിക്കുന്നു എന്ന കാര്യം അവര്‍ അവഗണിക്കുന്നു.ഒരു മുളകു വ്യാപാരി പറഞ്ഞ കഥ ഓര്‍മ്മ വരുന്നു.ആന്ധ്രാ പ്രദേശാണു മുളകു വ്യാപാരത്തിന്റെ ദക്ഷിണേന്ത്യന്‍ കേന്ദ്രം. അവിടെ കവര്‍ മുളകുപൊടി കമ്പനിക്കാര്‍ ഇടിച്ചു കയറി വാങ്ങുന്ന ഒരു സാധനം ഉണ്ടു.പൂപ്പല്‍ പിടിച്ചു കേടായതിനാല്‍ മുളകു കര്‍ഷകര്‍ ഉപേക്ഷിച്ചു കൂന ആയി മഴയും വെയിലും ഏറ്റു കിടക്കുന്ന ചീത്ത ആയ മുളകു കൂമ്പാരങ്ങള്‍! അതു തു ഛമായ വിലക്കു കര്‍ഷകരില്‍ നിന്നും വാങ്ങി ഈ പൊടി കമ്പനിക്കാര്‍ കൊണ്ടു പോകും. അതു പൊടിച്ചു ആവശ്യത്തിനു നിറവും ചേര്‍ത്തു കവറിലാക്കി റ്റീ വീ യില്‍ സുന്ദരി ആയ ഒരു സ്ത്രീ അതു ഉപയോഗിക്കുന്ന പരസ്യവും കൊടുത്തു കമ്പോളത്തില്‍ ഇറക്കുന്ന സാധനമാണു പ്രസാദം പോലെ നമ്മുടെ വീട്ടമ്മമാര്‍ വാങ്ങിക്കൂട്ടുന്ന പാക്കറ്റു മുളകുപൊടി!. വീട്ടില്‍ നെല്ലുകുത്തി അരിയാക്കി കഞ്ഞി വെച്ചു കഴിഞ്ഞ കാലം പറഞ്ഞറിവു മാത്രം.ഇന്നും കുത്തരി കിട്ടും പാക്കറ്റുകളിലായി. തവിടിന്റെ നിരമുള്ള നല്ല ചുവന്ന അരി. അതില്‍ ചില ബ്രാന്‍ഡുകളെ വെള്ളത്തിലിട്ടു കഴുകി നോക്കൂ. കഴുകുന്ന വെള്ളം ചുവപ്പു നിറമായി മാറും. കരളിനു ദ്വാരം ഇടുന്ന നിറങ്ങള്‍. വാഴപ്പഴങ്ങള്‍ മലയാളിയുടെ ഇഷ്ട ഭോജനം. വാഴവിത്തു നടുമ്പോള്‍ കൂമ്പടയല്‍ രോഗം തടയാന്‍ ഉപയോഗിക്കുന്ന കുര്‍ടാന്‍ വിഷംമുതല്‍ കുടം വരുമ്പോള്‍ കാ വലുപ്പം വെയ്കാന്‍ അതില്‍ കെട്ടി വെക്കുന്ന അമോണിയാ വരെ വിഷപ്രയോഗങ്ങള്‍ കഴിഞ്ഞാണു നമുക്കു വാഴപ്പഴം തിന്നാന്‍കിട്ടുന്നതു. തേങ്ങയിലും തേങ്ങാ വെള്ളത്തിലും ക്രിത്രിമം ചേര്‍ക്കാന്‍ കഴിയില്ല.പക്ഷെ വെളിച്ചെണ്ണയില്‍ റബ്ബര്‍ കുരു ആട്ടിയ എണ്ണ കലര്‍ത്തി വില്പ്പന നടത്തും.ഇനി പ്യൂരിഫൈ ചെയ്ത എണ്ണ വാങ്ങാമെന്നു വെച്ചാലോ;അതാണു ഏറ്റവും മാരകം.പ്യൂരിഫിക്കേഷനു വേണ്ടിയുള്ള രാസപ്രയോഗം! ക്രിത്രിമം ഇല്ലാത്ത മുലപ്പാലിനു പകരം പലതരം ബേബി ഫുഡുകള്‍.ശിശു പരുവത്തിലെ കുഞ്ഞിനെ രോഗിയാക്കം. എങ്കിലല്ലേ മെഡിക്കല്‍ സ്റ്റോറുകള്‍ നിലനില്‍ക്കൂ.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്ള സംസ്ഥാനം കേരളം ആണെന്നു പറഞ്ഞതിനോടൊപ്പം എല്ലാ ഗ്രാമങ്ങളിലും നിറയ ബേക്കറികള്‍ ഉള്ള നാടും കേരളം ആണെന്നു പറയാതിരുന്നതെന്തേ? നിറമുള്ള ലഡ്ഡു ,നിറമുള്ള ഹലുവാ, പിന്നെ പലതരത്തിലുള്ള ഐസ്ക്രീമും. ബേക്കറികളുടെ എണ്ണം കൂടുമ്പോള്‍ മെഡിക്കല്‍ സ്റ്റോറിന്റെ എണ്ണവും കൂടും. ഫ്ലവര്‍ മില്ലില്‍ നില്‍ക്കുമ്പോള്‍ കണ്ട കാഴ്ച്ച ഒരു പുതിയ അറിവായിരുന്നു.പഴയ ബിസ്ക്കറ്റുകളും റൊട്ടികളും കേക്കുകളും പൊടിക്കാന്‍ ബേക്കറിക്കാരന്‍ കൊണ്ടു വന്നിരിക്കുന്നു.അതു പൊടിച്ചു മിച്ച്ചറില്‍ ചേര്‍ക്കുമെന്നു മില്ലുകാരന്‍ രഹസ്യമായി എന്നോടു പറഞ്ഞു. പഴകിയ സാധനം രൂപം മാറി പുതിയ വേഷത്തില്‍! ഇതു കൂടാതെ സ്വയം നമ്മള്‍ വിഷം തയാറാക്കുന്നുണ്ടു. നമ്മുടെ വീടുകളിലെ റഫ്രിജേറ്റര്‍! ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ പുറത്തെടുക്കുക,അതു വീണ്ടും ചൂടാക്കുക, കഴിക്കുക ബാക്കിവരുന്നതു പിന്നെയും ഫ്രിഡ്ജിലേക്കു തിരികെ കയറ്റി വിടുക അടുത്ത ദിവസത്തേക്കു ചൂടാക്കി കഴിക്കുന്നതിനു വേണ്ടി. ഫ്രിഡ്ജില്‍ നിന്നു ഇപ്രകാരം എടുത്ത സാധനങ്ങള്‍ ഇതര ജീവജാലങ്ങള്‍ക്കു കൊടുത്താല്‍ അവ ആ സാധനങ്ങളെ തിരിഞ്ഞു നോക്കില്ല. ആ ജീവജാലങ്ങള്‍ പോലും കഴിക്കാത്ത സാധനങ്ങള്‍ കഴിക്കാന്‍ നമുക്കു മടിയേതുമില്ല. ഒരു തവണ ചൂടാക്കിയ ആഹാര സാധനങ്ങള്‍ വീണ്ടും ചൂടക്കുമ്പോള്‍ ഉണ്ടാകുന്ന ഓക്സയിഡുകള്‍ എത്ര മാരകങ്ങള്‍ ആണെന്നു നമ്മള്‍ അറിഞ്ഞിരുന്നെങ്കില്‍!!! ഇവിടെ ഒരു പ്രസക്തമായ ചോദ്യം ഉടലെടുക്കാം. നമ്മള്‍ പിന്നെന്താണു കഴിക്കേണ്ടതു? ഒരു മറു ചോദ്യം അപ്പോള്‍ ഉടലെടുക്കുന്നു. നമ്മള്‍ പണ്ടു എന്താണു കഴിച്ചിരുന്നതു.? അതോടൊപ്പം മറ്റൊരു ചോദ്യം കൂടി. ഇപ്പോള്‍ പരക്കെ കാണപ്പെടുന്ന ക്യാന്‍സര്‍ ,പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ വര്‍ദ്ധനവിനു കാരണമെന്തു? നമ്മള്‍ കഴിക്കുന്ന നടേ പറഞ്ഞ വിഷങ്ങളും ഒരു കാരണമല്ലേ? നമുക്കു പ്രതികരിക്കാനുള്ള സമയം വൈകിയില്ലേ!

8 comments:

  1. എനിക്ക് വിശക്കുന്നേ.........
    കഴിക്കാന്‍ പേടിയാണേ........

    ReplyDelete
  2. valare upakaara pradamaya lekhanam. nandi.

    manushyan bhoomikku valare bharamayi. engineyum kulam modinju shudhamaye theeroo!!

    ReplyDelete
  3. താങ്കള്‍ എഴുതിയത് മിക്കവാറും അസംബന്ധമാണ്.വെറും scare mongering.മുന്തിരിയില്‍ കാണുന്ന വെളുത്തപൊടി കീടനാശീയൊന്നുമല്ല.അത് ചെടിതന്നെ നിര്‍മ്മിക്കുന്ന ഒരുതരം മെഴുകാണ്,അതിന്റെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍വേണ്ടി.ആപ്പിളില്‍ കാണുന്നതും അതുതന്നെ.പിന്നെ ഇറക്കുമതി ചെയ്യുന്ന പഴങ്ങളില്‍ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍വേണ്ടിത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള മെഴുകുകള്‍,പലതും സസ്യജന്യമായതുതന്നെ,ഉപയോഗിക്കുന്നുണ്ട്.ഇതൊന്നും അര്യോഗ്യത്തിന് ഒട്ടും ഹാനികരമല്ല.പിന്നെ അറിവുണ്ടാക്കാന്‍ പഴക്കച്ചവടക്കാരേനക്കാള്‍ നല്ല മാര്‍ഗ്ഗങ്ങളുണ്ടല്ലോ,അതുപയോഗിക്കുക ,പ്രത്യേകിച്ചും ആ അറിവുകള്‍ ബ്ലോഗ്‌ വഴി മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുമ്പോള്‍.

    ഇനി മാങ്ങ പഴുപ്പിക്കാനുപയോഗിക്കുന്ന ആ കല്ല്‌.അത് calcium carbide ആണ്.(cac2)ഇത് വെള്ളവുമായി ചേരുമ്പോള്‍ അസറ്റിലീന്‍ വാതകമുണ്ടാകുന്നു.ഈ വാതകതിന് പഴങ്ങള്‍ പഴുക്കാന്‍ തെയ്യാറാകുമ്പോള്‍ പുറപ്പെടുപ്പിക്കുന്ന ഒരു പ്ലാന്റ്‌ ഹോര്‍മോണ്‍ ആയ എത്തിലീനുമായി സാമ്യമുള്ളതുകൊണ്ട് പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്.എത്തിലീന്‍ ഉപയോഗിച്ച് പഴുപ്പിക്കല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു മാര്‍ഗ്ഗമാണ്.

    Commercial fruit/vegetable producers often gas large amounts of bananas/tomatoes with ethylene to ripen it after shipping. For ease of shipping, underripe (hard) tomatoes are shipped to their destination city. There, at a produce wholesaler, the tomatoes (or bananas or whatever) is placed in a chamber, which is filled with synthetic ethylene gas, which quickly "ripens" the produce, which is then sold.

    നമ്മള്‍ വൈക്കോലില്‍ പൊതിഞ്ഞും പുകയേല്‍പ്പിച്ചും മറ്റും പഴുപ്പിക്കുമ്പോഴും സംഭവിക്കുന്നത്‌ ഇത് തന്നെയാണ്.calcium carbide ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതിനു കാരണം calcium carbide ഒരു വിഷ വസ്തുവാണ് എന്നതുകൊണ്ടാണ്.അല്ലാതെ അതുപയോഗിച്ച പഴങ്ങള്‍ വിഷവസ്തുവാകുന്നതുകൊണ്ടല്ല.

    (Early signs of poisoning : vomiting, diarrhoea (sometimes with bleeding), burning sensation in the chest and abdomen, thirst, weakness and difficulty in swallowing and speech.)

    നമ്മളൊന്നും പഴങ്ങളുടെ കൂടെ calcium carbide കൂടി കഴിക്കാത്തതുകൊണ്ട് ആ പേടിയും അസ്ഥാനത്താണ്.പിന്നെ കഴുകിയതിനു ശേഷം കഴിക്കുന്നതാണല്ലോ ശരിയായ രീതി,കാര്‍ബൈഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും.മാര്‍ക്കറ്റില്‍ കിട്ടുന്ന പഴങ്ങള്‍ കഴിച്ചു എന്നുവച്ച് പരിഭ്രമിക്കാനൊന്നുമില്ല എന്നു സാരം.

    ബാക്കി ഞാന്‍ വായിച്ചില്ല.പോസ്റ്റിനേക്കാള്‍ വലിയ മറുപടി ഇടേണ്ടേ വരും.

    ReplyDelete
  4. ജീവന്‍ കയ്യില്‍ പിടിച്ച ഇപ്പൊ വെങിടബ്ലെസ് പോലും കഴിക്കുന്നത്‌. പിന്നെ എങ്ങനെയാ രോഗങ്ങള്‍ വരാതിരിക്യ..

    ReplyDelete
  5. നാട്ടുകാരന്‍, ബിജു എലിക്കാട്ടൂര്‍, ബ്രൈറ്റ് ,കണ്ണനുണ്ണി കമന്റിട്ടതിനു നന്ദി.
    പ്രിയ ബ്രൈറ്റ്, കച്ചവടക്കാരോടു മാത്രം അന്വേഷിച്ചിട്ടാണു ഞാന്‍ ഈ പോസ്റ്റിട്ടതെന്നു പറഞ്ഞാല്‍ പൂര്‍ണമായും ശരിയല്ല. ഈ വിഷയം പഠിക്കുന്നതിനു ഞാന്‍ ഏറെ ദിവസങ്ങള്‍ ചിലവഴിച്ചു. അന്വേഷണം കച്ചവടക്കാരില്‍ നിന്നും ആരംഭിച്ചു എന്നു പറയുന്നതാണു ശരി. അതു വിവിധ മേഖലകളിലേക്കു വ്യാപിപ്പിച്ചു. പുസ്റ്റകങ്ങള്‍ പരതി.താങ്കളുടെ മേഖലയിലെ എന്റെ ചില സ്നേഹിതന്മാരോടും തിരക്കി.ചിലര്‍ താങ്കള്‍ പറഞ്ഞ അഭിപ്രായം തന്നെ പറഞ്ഞു. മറ്റു ചിലര്‍ ഭാഗികമായി ശരിയെന്നു സമ്മതിച്ചു. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവരെ കണ്ടു പിടിക്കാന്‍ നടക്കുന്ന ഒരു വകുപ്പും നമുക്കു ഉണ്ടല്ലോ. ജോലിയില്‍ ഇരുന്നപ്പോള്‍ അവരില്‍ ചിലരെ പരിചയമുണ്ടായിരുന്നു . അവരുമായും സംസാരിച്ചു. ഇവരില്‍ നിന്നെല്ലാം കിട്ടിയ അറിവും നേരില്‍കണ്ടതും അനുഭവപ്പെട്ടതുമായ ചില കാര്യങ്ങളും എല്ലാം ചേര്‍ത്താണു ആ പോസ്റ്റിട്ടതു. അതു വെറും "ഭയപ്പെടുത്തല്‍ തന്ത്രമായി(വ്യാപാരമായി)" ാല്ലെങ്കില്‍ അസംബന്ധമായി കണ്ടതില്‍ അല്പ്പം നിരാശ ഇല്ലാതില്ല.. പക്ഷെ ഇപ്പോഴും ചില സംശയങ്ങള്‍ ബാക്കി. ഡോക്ടര്‍ തന്നെ സമ്മതിക്കുന്നു മാങ്ങ പഴുപ്പിക്കാന്‍ കാര്‍ബണിന്റെ വകഭേദം ഉപയോഗിക്കുന്നുണ്ടു എന്നും ആ രാസവസ്തു അപകടകരം ആണെന്നുംകഴുകി കളഞ്ഞാല്‍ മതിയെന്നും. മാങ്ങ പഴുപ്പിക്കാന്‍ അപകടകരം ആയ രാസവസ്തു ഉപയോഗിക്കുന്നു എന്നാണു എന്റെ വാദവും. കഴുകി കളയുന്നതിന്റെ പ്രായോഗികത ഉപയോഗിക്കുന്ന ആളുടെ തലയില്‍ നമ്മള്‍ കയറി ഇരുന്നു ചിന്തിച്ചാല്‍ പോരല്ലോ. ഡോക്റ്ററും ഞാനും കഴുകി ഉപയോഗിക്കും. മൂന്നാമന്‍ അങ്ങിനെ ചെയ്യുമെന്നു നമുക്കു പറയാനൊക്കുമോ.പിന്നെ മുന്തിരിങ്ങായിലും ആപ്പിളിലും ഉപയോഗിക്കുന്ന മെഴുകു. അങ്ങിനെ ഒരു വസ്തു ഉപയോഗിക്കുന്നു എന്നതും ഡോക്റ്റര്‍ സമ്മതിക്കുന്നു. അതു ഉപദ്രവകരമോ നിരുപദ്രവകരമോ എന്നതു മറ്റൊരു കാര്യം. മല്‍സ്യത്തിന്റെയും, മുളകുപൊടിക്കു വേണ്ടി ആന്ധ്രായില്‍ പോയി കേടായ മുളകു വാങ്ങി കൊണ്ടു വരുന്നതും, ബേക്കറിക്കാരന്‍ പഴയസാധനങ്ങള്‍ (പഴയ ബിസ്കറ്റ്,റൊട്ടി കേക്കു തുടങ്ങിയവ) പൊടിപ്പിക്കാന്‍ ഫ്ലവര്‍ മില്ലില്‍ കൊണ്ടു വരുന്നതും നേരിലുള്ള അനുഭവങ്ങളാണു. അതു അപ്പോഴപ്പോള്‍ ബന്ധപ്പെട്ട വകുപ്പിലെ സ്നേഹിതന്മാരെ അറിയിച്ചിട്ടുമുണ്ടു. മാരകങ്ങളായ രോഗങ്ങള്‍ കേരളത്തില്‍ വലിയ തോതില്‍ കാണപ്പെടുന്നതെന്തു എന്ന ചിന്തയാണു ഈ വക നിരീക്ഷണതിനു പ്രേരിപ്പിച്ചതു. എങ്കിലും വിജ്ഞാനപ്രദമായ ഒരു കമന്റു ഇട്ടതിനു ബ്രൈറ്റിനു ഏറെ നന്ദി.

    ReplyDelete
  6. അല്ല ....ഇനി നാമെന്തു കഴിക്കും?
    മതി ജീവിച്ചത് . മരിക്കുക തന്നെ ഭേദം .
    അല്പം വിഷം വാങ്ങി കഴിച്ചു ജീവനോടുക്കാംഎന്നു കരുതിയാലും രക്ഷയില്ല. അതിലും കാണും " മായം"
    മായത്തിലും മായം ചേര്‍ക്കുന്ന കലികാലത്തില്‍ കാലനെ കാത്തിരിക്കുക നാം.
    ഫ്ലാസ്കുമായ് ഹോസ്പിറ്റലിലേക്ക് വരിവരിയായി നടക്കുന്ന ഒരു ജനത കേരളത്തില്‍ മാത്രം!!!. ഫ്ലാസ്കുകള്‍ പ്രത്യക കിഴിവില്‍ ഗവര്‍മെന്റ് വിതരണം ചെയ്യണം . പക്ഷെ അതും മായമായാല്‍ ?????

    ഏതായാലും മായമില്ലാത്ത ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു .. നന്ദി

    www.shaisma.blogspot.com

    ReplyDelete
  7. ഷെരിഫ്,
    വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഇതൊക്കെ തുടങ്ങിയതാണ്. ഇന്നും ഇത് തുടരുന്നു!!!!

    പെസ്റ്റിസൈഡ് മുന്തിരിയിലും, ആപ്പിളിലും എന്തിന് പച്ചക്കറീകളിലും, കുപ്പി വെള്ളത്തിലും പോലും ഉണ്ട് എന്ന് ഒരു 10-12 കൊല്ലം മുന്‍പേ റിപ്പോര്‍ട്ടു വന്നതാണ്.

    കടയില്‍ നിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും വെറുതെ കഴുകി കഴിക്കുന്നത് കൊണ്ട് മാത്രം പ്രയോജനമില്ല എന്ന് എത്ര ഡോക്ടര്‍മാര്‍ നമുക്ക് പറഞ്ഞ് തരുന്നുണ്ട്? ഉപ്പിട്ട ചെറുചൂട് വെള്ളത്തില്‍ കുറച്ച് നേരം വെച്ചതിന് ശേഷം കഴുകിയാലേ ഈ പെസ്റ്റിസൈഡുകള്‍ കഴുകി പോവുകയുള്ളൂ എന്ന് എത്ര ഡാകിട്ടര്‍മാര്‍ക്ക് പറഞ്ഞ് തരുവാന്‍ അറിയാം?

    പലഹാരങ്ങളില്‍ ചേര്‍ക്കുന്ന കളറുകളില്‍ പലതും ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരെങ്കിലും പറയാറുണ്ടോ? ഹോട്ടലുകളില്‍ ലഭിക്കുന്ന ചില്ലി ചിക്കനിലും, മറ്റും കളര്‍ ചേര്‍ക്കരുതെന്ന് പറയുവാന്‍ കഴിയുന്ന എത്ര കസ്റ്റമേഴ്സ് കേരളത്തിലുണ്ട്? കളര്‍ ചേര്‍ത്തില്ലെങ്കില്‍ രസം കിട്ടില്ല എന്ന് പറയുന്ന വേയിറ്റേഴ്സിനോട് എന്നാല്‍ ആ ഭക്ഷണം വേണ്ട എന്ന് എത്ര പേര്‍ പറയും?

    ബ്രൈറ്റ്, താങ്കള്‍ ഒരു ഭിഷഗ്വരനാണോ എന്ന് അറിയില്ല. ആണെങ്കില്‍ താങ്കള്‍ ചെയ്തത് മഹാ അപരാധമാണ്. ഷെരിഫ് പറഞ്ഞതിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ക്കപ്പുറം നമ്മള്‍ക്ക് കിട്ടുന്ന ഭക്ഷണങ്ങളില്‍ പെസ്റ്റിസൈഡും, ആരോഗ്യത്തിന് ഹാനികരമായ മറ്റ് കെമിക്കത്സും ഇല്ല എന്ന് തറപ്പിച്ച് പറയുവാന്‍ കഴിയുമോ? “മാര്‍ക്കറ്റില്‍ കിട്ടുന്ന പഴങ്ങള്‍ കഴിച്ചു എന്നുവച്ച് പരിഭ്രമിക്കാനൊന്നുമില്ല എന്നു സാരം” എന്ന് താങ്കള്‍ തറപ്പിച്ച് പറയുന്നതാണ് യഥാര്‍ത്ഥത്തില്‍ അസംബന്ധം. ഇന്ന് കേരളത്തില്‍ ലഭിക്കുന്ന എന്തും വിശ്വസ്തതയോടെ കഴിക്കുവാന്‍ സാധിക്കില്ല എന്നത് മറച്ച് വെയ്ക്കുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുവാനേ സഹായിക്കൂ.

    കാസര്‍ഗോഡുള്ള പെട്രയീലെ കശുവണ്ടി തോട്ടത്തില്‍ താമസിക്കുന്ന നിര്‍ഭാഗ്യരായവരെ ഇനിയും മറക്കുവാന്‍ നമുക്ക് കഴിയുമോ?

    ReplyDelete
  8. വളരെ വിജ്ഞാനപ്രദം ഇക്കാ... ആശംസകൾ.

    ReplyDelete