റോഡിനു എതിര്‍വശം സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍മിച്ചു ;ഇന്നു മോന്‍ റ്റാ റ്റാ പറഞ്ഞില്ല.ഓഫീസ്സില്‍ പോകുന്നേരം മുത്തശിയുടെ എളിയില്‍ ഇരുന്നു പകുതി കരച്ചിലോടും പകുതി ചിരിയോടും അവന്‍ റ്റാ റ്റാ പറയാറുണ്ട്. രാവിലെ അമ്മ പോയാല്‍ വയ്കുന്നെരമേ തിരികെ വരുകയുള്ളൂ എന്ന് രണ്ടു വയസ്സുകാരനായ അവന്‍ മനസിലാക്കി കഴിഞ്ഞിരുന്നു.തിരിച്ചറിവ് തുടങ്ങിയതില്‍ പിന്നെ അവന്റെ മുമ്പിലൂടെ ആഫീസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.ആരംഭത്തിലുള്ള പൊട്ടിക്കരച്ചില്‍ ഇപ്പോള്‍ വിമ്മലായി കുറഞ്ഞിരിക്കുന്നു.
ബസിന്റെ മുമ്പോട്ടുള്ള പോക്കിലും അവന്റെ കരച്ചില്‍ ആദിവസങ്ങളില്‍ അവളെ പിന്തുടര്‍ന്ന് എത്തുമായിരുന്നു . ആഫീസ് ഫയല്‍ കൂമ്പാരങ്ങളില്‍ തല പൂഴ്ത്തുമ്പോള്‍ തന്റെ നേരെ കൈ നീട്ടി കരയുന്ന മകന്റെ ചിത്രമായിരുന്നു മനസ്സില്‍.ഓരോ നിമിഷവും ചിന്തിക്കും അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാണ്. വീട്ടില്‍ അമ്മ( അവന്റെ മുത്തശ്ശി) മാത്രമേയുള്ളൂ. വാര്‍ദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ സഹിച്ചു കൊണ്ടാണെങ്കിലും അമ്മ അവനെ എടുത്തു മുറ്റത്ത് ചുറ്റി നടക്കും. കരയുമ്പോള്‍ കുപ്പിയില്‍ പാല്‍ നിറച്ചു വായില്‍ വെച്ചു കൊടുക്കും. മുറുമലോട് കൂടിയാണെങ്കിലും നാദസ്വരം വായിക്കുന്നത് പോലെ രണ്ടു കൈ കൊണ്ടു കുപ്പി താങ്ങി പിടിച്ചു അവന്‍ വലിച്ചു കുടിക്കും.
മുലയൂട്ടല്‍ നിര്‍ത്തുന്നതിനു മുമ്പ് വൈകുന്നേരം ആഫീസ്സില്‍ നിന്നു വരുമ്പോള്‍ സാരി മാറാന്‍ പോലും സമ്മതിക്കാതെ അവന്‍ നിര്‍ബന്ധം പിടിക്കുകയും തല നെഞ്ചത്ത് വെച്ചു മുരളുകയും ചെയ്യുമായിരുന്നു.ബ്ലവ്സിന്റെ പിന്‍ അഴിക്കുവാനോ ബ്രേസിയര്‍ ഉയര്‍തുവാനോ സമയം കൂടുതല്‍ എടുത്താല്‍ അവന്‍ അലറി കരയും. ആ വെപ്രാളം കാണുമ്പോള്‍ ഉള്ളില്‍ വേദനയാണ് തോന്നുക.പലപ്പോഴും ഭര്‍ത്താവിനോട് പറയാറുണ്ടായിരുന്നു;"ചേട്ടന്റെ ജോലിയുടെ വരുമാനം കൊണ്ടുമാത്രം നമുക്കു കഴിയാം.ഞാന്‍ ഉദ്യോഗം രാജി വെയ്ക്കാം,നമുക്കു നമ്മുടെ കുട്ടിയല്ലേ വലുത്."
പക്ഷെ അവളുടെ വാക്കുകള്‍ അയാള്‍ തമാശയായി കരുതുകയാണ് പതിവു."മോളെ , നമ്മള്‍ നാശ ഗര്‍ത്തത്തിലേക്ക് ഓടുന്നവര്‍ ആണ്. അതിന്റെ ചുരുക്ക പേരാണ് എന്‍ (നാശ ) ജി (ഗര്‍ത്ത) ഓ (ഓടു). അതിനാല്‍ ഈ കാലത്തു ജോലിക്ക് പോയാലെ കുടുംബം പുലരൂ". എന്നിട്ടും അവളുടെ മുഖം തെളിഞ്ഞില്ലെന്കില്‍ ചോദിക്കും " നമുക്ക് ടീവീ , ഫ്രിഡ്ജ് , വീട് ഇതൊന്നും വേണ്ടെ അതിന്റെ എല്ലാം കടം തിരിച്ചു അടക്കണമല്ലോ. ടീവീയും ഫ്രിഡ്ജും ഇല്ലെങ്കിലും ഉള്ള ജീവിത സവ്കര്യ ത്തില്‍ മോനും ചേട്ടനുമായി ചേട്ടന്റെ ജോലി സ്ഥലത്ത് വാടക വീട്ടില്‍ കഴിയുന്നതാണ് സുഖമെന്ന് അവള്‍ കരുതി. അയാള്‍ അത് കേള്‍ക്കുമ്പോള്‍ പൊട്ടി ചിരിക്കും "നീ നൂറു കൊല്ലം മുമ്പ് ജനിക്കേണ്ടത് ആണെന്ന് "പറയും. ചേട്ടന് എല്ലാ കാര്യത്തിലും തര്‍ക്കുത്തരം ആണ്. പക്ഷെ പുള്ളിക്കാരന് ആഴ്ചയില്‍ ഒരു ദിവസം ജോലി സ്ഥലത്തു നിന്നും വീട്ടില്‍ വന്നാല്‍ മതിയല്ലോ.
മോന് എട്ടു മാസമേ മുലപ്പാല്‍ കൊടുത്തുള്ളൂ.ആഫീസ് സമയങ്ങളില്‍ മുലകളില്‍ പാല്‍ നിറഞ്ഞു നെഞ്ചു വേദന അസഹ്യമാകുമ്പോള്‍ ബാത് റൂമില്‍ പോയി പാല്‍ പിഴിഞ്ഞ് പുറത്തു കളയുമായിരുന്നു.നിലത്തു തെറിച്ചു വീഴുന്ന പാല്‍ തുള്ളികള്‍ കാണുമ്പോള്‍ മോന്റെ കരയുന്ന മുഖമായിരുന്നു മനസ്സില്‍. പകല്‍ സമയത്തെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൂട്ടുകാരികളുടെ ഉപദേശ പ്രകാരം മോന്റെ മുലയൂട്ടല്‍ നിര്‍ത്തി. മുലയില്‍ പാല്‍ വറ്റാന്‍ പച്ചമരുന്നു അരച്ച് പുരട്ടി.ആ രാത്രികളില്‍ എന്ത് മാത്രം പ്രയാസം അനുഭവിച്ചു. ഉറക്കത്തില്‍ അവന്റെ ചുണ്ടുകള്‍ പാല്‍ കുടിക്കാന്‍ മുല ഞെട്ടുകളെ തേടി വരുമ്പോള്‍ അതില്‍ പുരട്ടിയിരിക്കുന്ന ചെന്യായത്തിന്റെ കയര്‍പ്പു രുചി അവനെ വിറളി പിടിപ്പിക്കും.അലറി വിളിക്കുന്ന അവനെ കുപ്പിപ്പാല്‍ കുടിപ്പിക്കാന്‍ എത്രമാത്രം പാടു പെട്ടിരുന്നു.പകലും രാത്രിയും ഞാന്‍ കുപ്പി കുടിക്കണോ എന്നായിരിക്കും അവന്റെ കരച്ചിലിന്റെ സാരം. പിന്നീട് എല്ലാം പരിചിതമായി.താനും അവനുമായി അല്‍പ്പം അകല്‍ച്ച വന്നോ എന്നവള്‍ അന്ന് സംശയിച്ചു.അവന്റെ കുരുന്നു മനസ്സില്‍ തന്റെ നേരെ അമര്‍ഷം അലയടിചിരിക്കാം. രാത്രിയില്‍ അവന്റെ ചുരുണ്ട തല മുടിയില്‍ കയ്യോടിച്ചു കിടക്കുമ്പോള്‍ മനസ്സു തേങ്ങി. അമ്മയോട് ക്ഷമിക്കു മോനേ...
ബസ്സ് ഇനിയും വന്നില്ല. മകനെ വീടിന്റെ മുന്‍വശം കാണാതിരുന്നതിനാല്‍ അവള്‍ക്കു വിഷമവും ആകാംക്ഷയും അനുഭവപ്പെട്ടു. റോഡു കുറുകെ കടന്നു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ അകത്തെ മുറിയില്‍ പത്രം വായിക്കുന്നതായി കണ്ടു.മോന്‍ തറയില്‍ ചടഞ്ഞിരുന്നു മുറിയുടെ മൂലയില്‍ ശ്രദ്ധിക്കുകയാണ്. അവിടെ ചക്കിപ്പൂച്ച പകുതി മലര്‍ന്നു കിടന്നു കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കുന്നു.നാല്കുഞ്ഞുങ്ങള്‍ തല തള്ളയുടെ വയറില്‍ ഇടിച്ചു മടിച്ചു കുടിക്കുകയാണ്. മോന്‍ അതില്‍ ലയിചിരിക്കുകയുമാണ്.. "അമ്മക്ക് റ്റാ റ്റാ താടാ മോനേ"എന്ന് അവള്‍ പറഞ്ഞപ്പോഴും അവന്‍ അവളുടെ നേരെ നോക്കാതെ കുഞ്ഞി കൈകള്‍ വീശി കാണിച്ചു.അപ്പോഴും അവന്റെ ശ്രദ്ധ തള്ളപ്പൂച്ചയിലും കുഞ്ഞുങ്ങളിലുമായിരുന്നു ."അവന്‍ ഇവിടെ ഇരിക്കും നീ പൊയ്ക്കോ" എന്ന് അവളുടെ അമ്മ പറഞ്ഞപ്പോള്‍ കാലുകള്‍ മുമ്പോട്ട് നീങ്ങി എങ്കിലും അവള്‍ക്കു മനസ്സില്‍ വല്ലായ്മ തോന്നി.താന്‍ പൂച്ച ആയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു.
ആഫീസില്‍ ഒന്നിലും അവള്‍ക്കു താത്പര്യം തോന്നിയില്ല. അകാരണമായി ദേഷ്യം തോന്നി. തലച്ചോറില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കുന്ന തള്ളപ്പൂച്ചയും അത് നോക്കി ഇരിക്കുന്ന മോനുമായിരുന്നു.ഉച്ചകഴിഞ്ഞ് അവധിക്കു അപേക്ഷ കൊടുത്തു ബസില്‍ ചാടി കയറുമ്പോള്‍ മനസ്സു വീട് എത്താന്‍ വെമ്പുകയായിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്നും എല്ലാം തകരുകയാണെന്നും അവള്‍ ഭയന്ന് വിറച്ചു. അടഞ്ഞു കിടന്ന വാതില്‍ തള്ളി തുറന്നു അകത്തു കയറിയപ്പോള്‍ അമ്മ കട്ടിലില്‍ ഉറങ്ങുന്നതു കണ്ടു. മോനേ അവിടെ കണ്ടില്ല.അവള്‍ പരിഭ്രമത്തോടെ നാല് പാടും നോക്കി. അവിടെ തളത്തില്‍ മൂലയില്‍ ചക്കിപ്പൂച്ച പകുതി മലര്‍ന്നു കിടക്കുന്നു.കുഞ്ഞുങ്ങള്‍ അരികില്‍ ഉണ്ട്. പൂച്ചയുടെ രോമാവൃതമായ മാറിനോട്ചേര്‍ന്ന് കിടക്കുന്നത് തന്റെ മകനാണെന്നും അവന്‍ സുഖമായി ഉറങ്ങുകയാണെന്നും അവള്‍ ഞെട്ടലോടെ കണ്ടു. വിമ്മലോടെ അവള്‍ കുഞ്ഞിനെ വാരി എടുത്തു മാറോടുചേര്‍ത്ത് പിടിച്ചു ഭ്രാന്തമായ ആവേശത്തോടെ ബ്ലവ്സിന്റെ പിന്‍ അഴിച്ചു ബ്രേസിയര്‍ ഉയര്‍ത്തി മുല ഞെട്ടുകള്‍ മോന്റെ വായില്‍ തിരുകി.ഞെട്ടി ഉണര്‍ന്ന അവന്‍ പരിഭ്രമത്തോടെ അമ്മയെ നോക്കുകയും പിന്നീട് ഒട്ടും പാലില്ലാത്ത മുലകളില്‍ തന്റെ മുഖം അമര്‍ത്തി ഉറങ്ങാന്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ അവളുടെ കണ്ണുകളില്‍ നിര്‍വൃതി തെളിഞ്ഞു നിന്നു.
തൊണ്ണൂറ്റി ഏഴു മെയ് മുപ്പത്തി ഒന്നാം തീയതിയിലെ മലയള മനോരമ വാരികയില്‍ എന്റെ ഈ കഥ പ്രസിദ്ധീകരിച്ചിരുന്നു.
ReplyDeleteഒരു മിഡില്‍ ക്ലാസ്സ് ഫാമിലിയില്‍ സ്ത്രീ അനുഭവിക്കുന്ന ദുഃഖം ശരിക്കും വരച്ചു കാട്ടിയിരിക്കുന്നു
ReplyDeleteപോസ്റ്റ് മനോഹരം!
എന്റെ പാട്ട് ആസ്വദിച്ചതിനു നന്ദി !
ReplyDeleteഈ കഥയില്‍ പറഞ്ഞിരിക്കുന്നത് പലതും എനിക്ക് നല്ല പരിചയ മുല്ല കാര്യങ്ങള് ആണല്ലോ !
istaayi
ReplyDeleteനല്ല കഥ...
ReplyDeleteഅഭിനന്ദനങ്ങള്‍
സ്ത്രീ അനുഭവിക്കുന്ന ദുഃഖം ശരിക്കും വരച്ചു കാട്ടിയിരിക്കുന്നു
ReplyDeleteരമണിക, തഹ്സിന്‍, ദി മാന്‍ റ്റൂ വാക് വിത്ത്, കുഞ്ഞായി, അരീക്കോടന്‍, കഥ വായിച്ചതിനു നന്ദി . പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു ഈ കഥ മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചതു വായിച്ചു എന്റെ വനിതാ സഹപ്രവര്‍ത്തകര്‍ പറഞ്ഞു "സാറു ഞങ്ങളുടെ കഥ യാണു എഴുതിയതു " പക്ഷേ അവര്‍ അറിഞ്ഞില്ലല്ലോ ഇതു സത്യത്തില്‍ ഒരു അനുഭവ കഥയാണെന്നു.
ReplyDelete;0)
ReplyDelete"പൂച്ചക്കുഞ്ഞു" kalakkki
ReplyDelete