Friday, July 10, 2009
പൊട്ടന്‍
പൊട്ടന്‍ കരുണന്‍. അവനു ചെവി കേള്‍ക്കാം. അവന്‍ നല്ലതു പോലെ വര്‍ത്തമാനം പറയും. എങ്കിലും ഞങ്ങള്‍ നാട്ടുകാര്‍ അവനെ പൊട്ടനെന്നാണു വിളിക്കുന്നതു. കാരണം ഇരുപതു വയസ്സുള്ള അവനു പ്രായത്തിനു അനുസരിച്ചുള്ള ബുദ്ധിയില്ല!. ഞങ്ങളുടെ നാണി തള്ള പറയും "അവന്‍ ഒരു നൊസ്സനാ". പരമ ശാന്തനായ പൊട്ടന്‍ കരുണന്‍!അവനു ആരോടും പകയില്ല; അവന്റെ അച്ചനോടല്ലാതെ. അവന്റെ അച്ചന്‍ നഗരത്തിലെ ജോലി സ്ഥലത്തു നിന്നും ആഴ്ച്ചയില്‍ ഒരിക്കലുള്ള അവധി ദിവസം വീട്ടിലെത്തും. കുട്ടികള്‍ക്കുള്ള പലഹാരപ്പൊതിയുമായി. ഇളയ കുട്ടികള്‍ പലഹാരം കഴിക്കുമ്പോള്‍ നോക്കി നില്‍ക്കുന്ന കരുണന്റെ പുറകെ കമ്പുമായി അച്ചന്‍ പായും. "പൊട്ടാ ....പൊയ്ക്കോ അവിടന്നു". നിമിഷനേരത്തിനുള്ളീല്‍ ഇടവഴിക്കു അങ്ങേ തലക്കല്‍ പൊട്ടന്‍ മറഞ്ഞു കഴിഞ്ഞിരിക്കും.പക്ഷേ അവന്‍ കരയില്ല.മായാത്ത വിഡ്ഡിച്ചിരിയുമായി അവന്‍ നാട്ടുകാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും. ഞങ്ങള്‍ പറഞ്ഞില്ലേ അവന്‍ പൊട്ടനാണെന്നു! പൊട്ടന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതു മാധവന്‍ നായരെയാണു.കയ്യാലപ്പുറത്തു വീട്ടില്‍ മാധവന്‍ നായര്‍ എന്നും അവനെ അടുത്തു ചേര്‍ത്തു നിര്‍ത്തി തലയില്‍ തലോടും. പോറ്റി ഹോട്ടലില്‍ നിന്നും ദോശയും സാമ്പാറും വാങ്ങി കൊടുക്കും. അവന്റെ അച്ചന്‍ അവനെ അകാരണമായി തല്ലുമ്പോള്‍, പുറകെ വരുന്ന അവനെ ആട്ടി ഓടിച്ചതിനു ശേഷംഇളയ കുട്ടികളെ ചേര്‍ത്തു പിടിച്ചു അ വരെ അയാള്‍ ഉല്‍സവത്തിനു കൊണ്ടു പോകുമ്പോള്‍, അവനു അല്പ്പം പോലും കൊടുക്കാതെ പലഹാരം മുഴുവന്‍ ഇളയ കുട്ടികളെ കൊണ്ടു തീറ്റിക്കുമ്പോള്‍, ഇതെല്ലാം കണ്ടു കൊണ്ടു കണ്ണീരൊലിപ്പിച്ചു ഒരക്ഷരം സംസാരിക്കാതെ അവന്റെ അമ്മ നെടുവീര്‍പ്പിടുമ്പോള്‍ ,എന്തുകൊണ്ടു അവനു ഈ ഗതി വന്നുവെന്നു അവന്‍ ചിന്തിച്ചിരുന്നില്ല; അവന്റെ വിഡ്ഡി ചിരി മാഞ്ഞിരുന്നില്ല.ഞങ്ങള്‍ പറഞ്ഞിരുന്നില്ലേ അവന്‍ പൊട്ടനാണെന്നു! അന്നും അച്ചന്‍ അവനെ പൊതിരെ തല്ലി.കയ്യില്‍ കിട്ടിയ കമ്പുകള്‍ ഒടിയുന്നതു വരെ തല്ലി. അച്ചന്‍ നഗരത്തില്‍ പോകുമ്പോള്‍ ഉപയോഗിക്കാനായി വെച്ചിരുന്ന ഷര്‍ട്ടും ധരിച്ചു പോത്തിന്റെ മുകളില്‍ ഇരുന്ന കരുണനെ വലിച്ചു നിലത്തിട്ടു പൊതിരെ ചാര്‍ത്തി. അന്നു ആദ്യമായി അവന്റെ അമ്മ തടസ്സം പിടിക്കാനായി വന്നു. "അവനെ തല്ലാതെ ...അവനു ബുദ്ധി ഇല്ലാത്തതു കൊണ്ടല്ലെ....."അവന്റെ അമ്മ കേണു. അച്ചന്‍ അമ്മയുടെ നേരെ തിരിഞ്ഞു. "എടീ കയ്യാലപ്പുറത്തു മാധവന്‍ നായരുടെ നാലു മാസം ഗര്‍ഭം എന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നിനക്കും അയാള്‍ക്കും ഉണ്ടായ ബുദ്ധി ഈ കഴുതയ്ക്കുണ്ടാകാത്തതെന്തെടീ...."അച്ചന്‍ അമ്മയെ പൊതിരെ തല്ലി.പൊട്ടന്‍ കരുണന്‍ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു. പക്ഷെ അവന്റെ മുഖത്തു വിഡ്ഡി ചിരി ഇല്ലായിരുന്നു. ഏതോ ശത്രുവിനെ നേരിടാനെന്നവണ്ണം അവന്റെ കൈകള്‍ ത്രസിച്ചു. അവന്‍ അടുക്കളയിലേക്കു പാഞ്ഞു. ഇറങ്ങി വരുമ്പോള്‍ അവന്റെ കയ്യില്‍ മൂര്‍ച്ച ഉള്ള വെട്ടുകത്തി ഉണ്ടായിരുന്നു. "മോനേ...കരുണാ..." അവന്റെ മുഖ ഭാവം കണ്ടു അമ്മ കരഞ്ഞു. അച്ചന്‍ പുറകിലേക്കു മാറിക്കൊണ്ടിരുന്നു........ പൊട്ടന്‍ കരുണന്‍ അവന്റെ ശത്രുവിനെ വകവരുത്തി. ഐ.പി.സി. മുന്നൂറ്റി രണ്ടാം വകുപ്പിലെ പ്രതി ആയി നഗരത്തിലെ പോലീസു സ്റ്റേഷനിലെ ലോക്കപ്പില്‍ പൊട്ടന്‍ കരുണന്‍ അടക്കപ്പെട്ടപ്പോള്‍ അവന്‍ കൊലപ്പെടുത്തിയ കയ്യാലപ്പുറത്തു മാധവന്‍ നായരുടെ ശവം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ വീട്ടിലേക്കു കൊണ്ടു പോയി. ഞങ്ങള്‍ പറഞ്ഞില്ലേ അവന്‍ പൊട്ടനാണെന്നു; അതു ഞങ്ങള്‍ പിന്‍ വലിക്കുന്നു.കാരണം അവന്‍ ബുദ്ധിയുള്ളവനാണു. അവന്റെ ശത്രുവിനെ അവന്‍ തിരിച്ചറിഞ്ഞു. ---൦--- ( ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി രണ്ടു മാര്‍ച്ചില്‍ എന്റെ ഈ മിനി കഥ ജനയുഗം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്റെര്‍നെറ്റോ ബ്ലോഗോ മലയാളത്തിനു പരിചിതമല്ലായിരുന്ന ആ കാലത്തിനുശേഷം പൊട്ടന്‍ എന്റെ പഴയ ഫയലുകളില്‍ സുഖമായി ഉറങ്ങി. ഇന്നലെ പഴയ ഫയലുകള്‍ മറ്റൊരു കാര്യത്തിനായി പരതിയപ്പോള്‍ പൊട്ടന്‍ കണ്ണില്‍ പെട്ടു. അവനെ പാടുപെട്ടു ഉണര്‍ത്തി ബ്ലോഗില്‍ കയറ്റി വിടുകയാണു. ഇരുപത്തി ഏഴു കൊല്ലത്തിനു ശേഷവും ഒരു മാറ്റവും വരുത്താതെ.)
Subscribe to:
Post Comments (Atom)
ഇരുപത്തേഴു കൊല്ലങ്ങൾക്കു ശേഷം ഇത് ബ്ലോഗിനായ് തന്നതിനു നന്ദി.
ReplyDeleteപൊട്ടൻ ഒരു വേദനയായി..
നന്നായിരിക്കുന്നു കഥ
ReplyDeletekollam
ReplyDeletejj
ReplyDelete